Friday, December 23, 2005

മലയിറങ്ങി വരുന്നൂ മലയാളം ബ്ലോഗുകൾ .....

ഭൂമിയുടെ ഗർഭഗൃഹങ്ങളിൽ കുളിരിന്റെ കൊച്ചുകൊച്ചുമൊട്ടുകൾ വിരിയാറുണ്ട്.

പുറത്തേക്കുള്ള വഴികളൊക്കെ കൊട്ടിയടച്ചാലും അവയ്ക്കു പുഷ്പിച്ചേ അടങ്ങൂ.

ഒന്നല്ലെങ്കിൽ മറ്റൊന്ന്. എങ്ങനെയായാലും, ഏതു വഴിക്കായാലും, അവർ പൊട്ടിയൊഴുകും.

ഒരുനാൾ കിഴക്ക് കതിരവൻ തലതോർത്തിയെത്തുന്നതിനു തൊട്ടുമുൻപ്, കാടുണരും മുൻപ്, മലയനങ്ങുന്നതിനുമുൻപ്, അവ കൊച്ചുകൊച്ചുചാലുകളായി ഹർഷാശ്രുമാലികകളായി ചിനപൊട്ടും.

പ്രാലേയജാലങ്ങളിൽ സ്നേഹം വിതച്ചുരുക്കി, അവ കൺ‌മിഴിക്കും.

പിന്നെ താഴ്വാരങ്ങളെ നീരാട്ടി കീഴോട്ടൊഴുകും.

അന്യോന്യം തമ്മിൽ കൈകോർത്ത് ചാലുകൾ ആറുകളാവും.

പൊട്ടിപ്പൊട്ടിച്ചിരിച്ചും, ഇടയ്ക്കൊക്കെ തലതല്ലിക്കരഞ്ഞും മലയമാരുതമേറ്റുപാടും.

സമഷ്ടിയിൽ ലയിക്കാൻ, പിന്നീടവ, പതിതാളത്തിൽ സമതലങ്ങളിലൂടെയൊഴുകിവരും....

**********

ബൂലോഗങ്ങളിൽ ( Malayalam Blogs) ഇതു സമാചയനകാലമാണ്. തന്നെത്തന്നെയും കൂട്ടാളികളേയും അടുത്തറിഞ്ഞും അളന്നറിഞ്ഞും അവ സമതലങ്ങളിലേക്കിറങ്ങിവരികയാണിപ്പോൾ. ഇത്രയ്ക്കും എഴുതണം, ഇത്രയേ എഴുതാവൂ, ഇങ്ങനെയെഴുതിയാലേ ഇതു നന്നായെന്നു എനിക്കുതന്നെ തോന്നൂ എന്നൊരു ബോധം, സ്വപ്രാഡ്വിവാകത , ഇപ്പോൾ ഓരോ ബൂലോഗകാരനും കാത്തുസൂക്ഷിക്കുന്നപോലെയുണ്ട്. അളന്നും മുറിച്ചും സ്വയമറിഞ്ഞുമാണവരിപ്പോൾ ഒഴുക്കുതുടരുന്നത്.

ഇത് ആശ്ചര്യമാണ്. അതിനേക്കാൾ ആനന്ദദായകവുമാണ്. കാരണം യമവും നിയമവും സ്വയം നിശ്ചയിക്കാനുള്ള അതിരില്ലാത്ത സ്വാതന്ത്ര്യവും കയ്യിൽ വെച്ചാണ് ഈ പുതിയ സംസ്കാരം ഇവിടെ, ബ്ലോഗുകളിൽ, സുന്ദരമായി പൊട്ടിവളരുന്നത്. എഡിറ്ററുടെ കത്രികപ്പൂട്ടുകൾക്കുള്ളിൽ കിടന്നു മുറിഞ്ഞുചാവാനുള്ള മനസ്സില്ലാത്തതുകൊണ്ടു മാത്രം ജനിക്കാതെപോയ ഒട്ടനേകം കൈക്കുറിപ്പാടുകൾ ഞങ്ങളുടെ മണ്ണിൽ വീണടിഞ്ഞിട്ടുണ്ടിന്നലെ. അവയുടെ നന്നങ്ങാടികളിൽനിന്നുമാണ് പുതിയ ബൂലോഗങ്ങൾ ഇപ്പോൾ ഉറപൊട്ടുന്നത്.

അതുകൊണ്ടാണ് വാക്കുകളുടെ സാമ്രാജ്യത്തിൽ ബൂലോഗങ്ങൾ പുതിയ അശ്വമേധയാഗം ഒരുക്കുന്നുവെന്ന് നമുക്ക് നിസ്സംശയം പറയാവുന്നത്.

********

മുൻ‌വിധികളില്ലാതെ മാറിയിരുന്ന്, എഴുത്തുകാരന്റെ മനോധർമ്മങ്ങളിലിടപെടാതെ, അവനറിയാതെ, ഒളിച്ചിരുന്നു വായിക്കുമ്പോളും ആരാധന തോന്നിപ്പിക്കുന്ന ശക്തിവിശേഷമാണ് നല്ല എഴുത്തിന്റെ ലക്ഷണങ്ങളിലൊന്ന്. അവാർഡുകളുടേയൊ ആളനക്കത്തിന്റെയോ പേരിൽ പോലും ഒരു മുന്നഭിപ്രായം സ്വരൂപിക്കാതെ, നേരെ എഴുത്തിന്റെ കുഞ്ഞാഴത്തിലേക്കു മുങ്ങാംകുഴിയിടുവാൻ ബൂലോഗം പോലൊരിടമില്ല വേറെ. (പരിചയം എന്ന പരിചയുടെ അപ്പുറത്തേക്ക് നിരൂപണത്തിന്റെ ചുരിക താഴ്ത്താൻ കഴിയാതിരിക്കുക എന്ന നിസ്സഹായത പക്ഷേ പാടില്ലെങ്കിലും ഇവിടെയും പതിവുണ്ട്.)

******

അങ്ങനെ ഒളിച്ചിരുന്നു വായിക്കാൻ തെരഞ്ഞെടുത്ത ഒരു പറ്റം ബൂലോഗങ്ങൾ ഇവിടെന്റെ കലവറക്കൂട്ടത്തിൽ മാറ്റിവെച്ചിട്ടുണ്ട്. ഗൂഡമായി അവ വായിച്ച് ആ വായനയുടെ അനുഭവത്തെക്കുറിച്ച് ഒരഭിപ്രായം പോലുമെഴുതി ആരെയും ശ്രദ്ധ ക്ഷണിക്കാതെ ഇങ്ങനെ മാറിയിരിക്കുമ്പോൾ പലഹാരം കട്ടുതിന്നുന്ന കുട്ടിയെപ്പോലെ ഒരു സുഖവും തോന്നുന്നുണ്ട്.

അതിലൊന്നാണ് ദേവരാഗവാന്റെ “കൂമൻപള്ളി”. (മറ്റുള്ളോരുടേത് പിന്നൊരിക്കൽ...)

ഈ ദേവരാഗൻപിള്ളയെ ഞാനറിയില്ല. അറിയണമെങ്കിൽ ആവാമായിരുന്നു. പക്ഷേ അറിയാതിരിക്കുന്നതിന്റെ ആ മഹാരസം ഒട്ടും കളയാൻ തോന്നിയില്ല.

പക്ഷേ ദേവരാഗത്തിന്റെ എഴുത്തിനെ ഞാനറിഞ്ഞുവരുന്നു ഈയിടെയായി!

നായക്കാശിയിലോ നായരാമേശ്വരത്തോ ഇപ്പോഴും അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടാവുന്നൊരു ആശാനാണ് ആദ്യം ഓർമ്മയിൽ വരുന്നത്. കണ്ണടയും കൊമ്പന്മീശയും വെച്ച എട്ടടിമൂർഖന്മാരുടെ നാട്ടുപറമ്പിൽ ആശാന്റെ ഭൂതകാലം എന്നിലെ കുറുമ്പൻ ബാല്യവുമായി കുഞ്ഞുകുഞ്ഞുവെച്ചു കളിക്കുകയാണിപ്പൊഴും.

വംശചരിത്രമെന്ന മഹാപ്രഹേളിക കെട്ടഴിക്കൽ മലയാളിനായന്മാർക്കു വെച്ചിട്ടുള്ളതല്ല. ഒന്നാമതായി അതിനുള്ള കോപ്പുകൾ അവർ ഒരിക്കലും സ്വരുക്കൂട്ടിവെക്കാറില്ല. അശ്രദ്ധയാണോ അതോ അങ്ങനെയൊരു കഥയില്ലായ്മയിലുള്ള അസാംഗത്യബോധമാണോ ഈ ഒരു ‘കുറവി’നു കാരണമെന്നറിയില്ല. ചോരയ്ക്കുള്ളിൽ ഇപ്പോഴും തിളച്ചുമറിയുന്ന ഒരു ‘പടനായകത്ത’ത്തിൽ DNA ടെസ്റ്റു നടത്തിയാൽ വീരശൌര്യം മാത്രമേ കണ്ടെടുക്കാനുണ്ടാവൂ. ഒറ്റയ്ക്കൊറ്റയ്ക്കു പേരിട്ടു പറയാൻ കഴിയാത്ത ഒരുപാടു കുളപ്പുറത്തു ഭീമന്മാരും മറ്റച്ഛനമ്മാവന്മാരും ഉടുത്തും ഉടുക്കാതെയും ഒരുങ്ങിയും പുറപ്പെട്ടുമുള്ള നൂറുകണക്കിനു കെട്ടിലമ്മമാരും കൂടി ആ DNA യ്ക്കുള്ളിൽ ഇപ്പോഴും ഭാഗംവെപ്പും കുതികാൽ‌വെട്ടും നടത്തുന്നുണ്ടാവും. പക്ഷേ ആ സിഗ്നേച്ചറുകൾ കണ്ടുമനസ്സിലാക്കാൻ ജിനോം റിസർച്ചിന് ഇനിയുമാണ്ടൊരുനൂറു മറിയണം.

(നായർ എന്നത് സ്വയമേവ ഒരു മതം തന്നെയാണെന്ന് പണ്ട് നാരായണപ്പിള്ള പറഞ്ഞിട്ടുണ്ട്. ശരിയാണെന്നും തോന്നാറുണ്ട്.)

കൂമ്പള്ളിയുടെ geneology അന്വേഷിച്ചാണ് ദേവരാഗം അടുത്ത കട്ടയിൽ വിരൽ വെച്ചത്. പടയ്ക്കിങ്ങനെയും പുറപ്പെടാൻ ഒരു നായർ കച്ചകെട്ടുന്നതു കണ്ടപ്പോൾ മനസ്സിലായി, കൂമൻപള്ളിയുടെ കൂമ്പു് ഇനിയും വിടരാനാണു ഭാവമെന്ന്‌. എല്ലാ നായർപ്രതിഭാസങ്ങളേയും പോലെ വിരിഞ്ഞും പൂത്തും ഒടിഞ്ഞും തൂങ്ങിയും പിന്നെയും വിടർന്നും കൂമ്പള്ളിയുടെ ചരിത്രം പടർന്നുപന്തലിക്കുമെന്നു നമുക്കാശിക്കാം.

പിന്നീടാണു പാണപ്പണിക്കൻ വന്നത്. പുറപ്പെട്ടുപോയ നായന്മാരുടെ ഉള്ളിലൊക്കെയിപ്പോഴും കെട്ടിമുഴങ്ങുന്ന “ഓ” എന്ന ഏകാക്ഷരി...

അതില്പിന്നെ ദേവരാഗത്തിന്റെ എഴുത്തുകാത്തിരിക്കുക എന്ന ശീലം തുടങ്ങിവെച്ചു.

*****

ഓരോ ലേഖനവും പേർത്തും പേർത്തും എഴുതേണ്ടതില്ല. എന്താണു ദേവരാഗത്തിന്റെ എഴുത്തിലെ (കമന്റുകളിലേയും) പ്രത്യേകത, എന്താണിത്രയ്ക്കു സ്വാരസ്യം എന്നു മാത്രം ആലോച്ചിച്ചുപോകാറുണ്ട്.

വാക്കുകളിൽ നിന്നും വാക്കുകളിലേക്കും ആശയങ്ങളിൽനിന്നും ആശയങ്ങളിലേക്കും ചാടിയും മറിഞ്ഞും പോകാനുള്ള ആ ധിഷണ! ആ വാനരത്തം - അതു വളരെ മൌലികമായി തോന്നിയിട്ടുണ്ട്.

ഈ പിള്ളയ്ക്കുള്ളിൽ കുറേ കരവിരുതൊളിച്ചിരിപ്പുണ്ട്. മാതൃഭൂമിയ്ക്കും മറ്റു കൌമുദികൾക്കും വിറ്റുകാശാക്കാനാവാതെ അതൊക്കെ ആദ്യം നമുക്കും പിന്നെ ഭൂമിമലയാളമാകെയും ഇങ്ങനെ തുളുമ്പിയൊഴുകുമ്പോൾ പുണർതപ്പൂമഴയത്തു നിൽക്കുന്ന സുഖം!

*****

ദേവരാഗമേ... ഈ സ്വരം നന്നായിക്കൊണ്ടേ ഇരുന്നോട്ടെ... പാട്ടു നിർത്തുകയേ വേണ്ട!

Monday, October 31, 2005

ലീലേച്ചി പോയി!

ലീലേച്ചി പോയി.....

ഉറക്കത്തിലേക്കു പിന്നെയും പിന്നെയും വീണുപോകുന്ന യാമങ്ങളിൽ കളിപ്പന്തലിന്റെ വക്കത്തെവിടെയോ തിരിഞ്ഞുകിടന്നു മയങ്ങാൻ ശ്രമിക്കുമ്പോളാണ് ലീലേച്ചി വിളിച്ചുണർത്താറ്.
രാവിലെ മൂന്നുമണിക്ക് കിളികളും കാറ്റും ഉണരുന്നതിനു മുൻപ്, നിർമാല്യത്തിനും മുൻപ്, അവർ ഒരു ഗാനസുധയായി ഒഴുകി ഇറങ്ങി വരും.

“സാന്ദ്രാനന്ദാവബോധാത്മക....”



ഉണ്ണിക്കണ്ണനുചുറ്റും നിരന്നുനിന്ന് ആലവട്ടം വീശുന്ന ഉപനിഷദ്സുന്ദരികളിലൊരാളായി ആചന്ദ്രസൂര്യാന്തകാലത്തോളം വിരാജിക്കാൻ അവരിപ്പോൾ വൈകുണ്ഠത്തിനു പോയിരിക്കുന്നു...

ഹരിനാമകീർത്തനത്തിന്റെ, ജ്ഞാനപ്പാനയുടെ, നാരായണീയത്തിന്റെ...
വരികൾക്കിടയിൽ ഇനിയെന്റെ ഇത്തിരി ഗദ്ഗദപ്പൊട്ടുകൾ നിസ്വനമായ താളപ്പാടുകളിടും....

എന്റെ ലീലേച്ചി പോയി....!

Monday, August 08, 2005

സാന്തിയാഗോ, പോവുക...

(കുമാറിന്റെ തോന്ന്യാക്ഷരങ്ങൾക്കു പിൻപറ്റിക്കൊണ്ട്....)


വഴിവിട്ടുനടക്കുവാനുള്ള പ്രേരണയിലാണ് പ്രകൃതിയുടെ ഉയിരും ഉള്ളും ഉൺമയും.

**** **** ****

പൂമ്പൊടി ശലഭത്തിനു കൈമാറുമ്പോൾ ചെടി വിതുമ്പലോടെ മന്ത്രിച്ചു:
“മെല്ലെ!... സൂക്ഷിച്ച്! ...അകലെ ഏഴു മലകൾക്കുമപ്പുറത്തൊരു താഴ്വരയിലേക്ക് എന്റെയീ സ്വത്വം നീ പറത്തിക്കൊണ്ടു പോവുക. അവിടെ ഞാനിനിയും കാണാഞ്ഞ എന്റെ സ്വപ്നകാമുകന് നീയിതു മുതൽക്കൂട്ടാക്കുക!"


വിത്തിനെ മലങ്കാറ്റിന്റെ തോളത്തേക്ക് സശ്രദ്ധം ചേർത്തുകൊണ്ട് മരം മൊഴിഞ്ഞു:
“ബാഹുകാ,
അകലെ ഏഴുകടലുകൾക്കുമപ്പുറത്ത് നീ ഇവനെ ചാഞ്ചാട്ടിയിറക്കിവെക്കുക. അവിടെ ഇവന്റെ ജനത പത്തും നൂറും മേനിയായി വളരട്ടെ. അവരുടെ സുവിശേഷത്തിലൂടെ ഭൂമിയും സ്വർഗ്ഗവും അതലവും വിതലവും പാതാലവും എന്റെ പേരോർത്തോർത്തിരുന്നോട്ടെ”

**** **** ****

കാഴ്ച്കയിൽ നിന്നും മറയവേ അങ്ങകലെ ഒരു പ്രകാശഗോപുരമായി മാറിനിന്ന് അച്ഛൻ ഉണ്ണിയെ ഇത്രമാത്രം ഉപദേശിച്ചു:“ പോവുക! അകലെ ലോകത്തിന്റെ അറ്റത്തെത്തുവോളം, ഒടുവിൽ, നീ ഉറഞ്ഞു വന്ന നമ്മുടെ ഈ കൊട്ടാരം തന്നെയാണ് ഏറ്റവും ഉദാത്തമെന്നും നീ വിട്ടുപേക്ഷിച്ചുപോയ നമ്മുടെ ഈ പെൺകിടാങ്ങൾ തന്നെയാണ് ത്രൈലോക്യസുന്ദരികളെന്നും തിരിച്ചറിയുന്നതുവരേയ്ക്കും, പോയിക്കൊണ്ടേ ഇരിക്കുക!“

കാൽ‌പ്പാടുകളും കൈവഴികളുമില്ലാത്ത പുതിയ പാതകളും താണ്ടി സ്വപ്നത്തിൽ കണ്ട നിധികളും തേടിക്കൊണ്ട് സാന്തിയാഗോ വഴിപിഴച്ചുപോയ ഒരുകുഞ്ഞുറുമ്പിനെപ്പോലെ ഇപ്പോഴും അലയുകയാണ്...

നിധികളുറങ്ങുന്ന അവന്റെ സ്വന്തം ഹൃദയം തേടി അവൻ പിതൃക്കളുടെ പിൻപറ്റൊഴിയുകയാണ്...


(സാന്തിയാഗോ : from The Alchemist:)
( Paulo Coelho)

Tuesday, May 17, 2005

ഒരുങ്ങിയിരുന്നോളൂ!

മനോരമേ, മാതൃഭൂമീ, മറ്റു ചിറ്റമ്മമാരേ,

ഒരുങ്ങിയിരുന്നോളൂ!

ഇവിടെ യുണികോഡ്‌ ബൂലോഗങ്ങളുടെ ഒരു സൌരയൂഥം തന്നെ നിങ്ങളിലേക്ക്‌ ഇടിച്ചിറങ്ങാൻ വേണ്ടി ഒരുങ്ങിവരുന്നുണ്ട്‌!

ഒരു തിരി ദീപമായി,
ഒരു പൊട്ട്‌ ഹൈഡ്രജനായി,
ധൂളിയായി,
സ്വയം എരിഞ്ഞൊടുങ്ങുന്ന ഉൽക്കാശകലമായി,
പിന്നെ ശിലയും ക്ഷുദ്രഗ്രഹവുമായി,
ഭ്രമണപഥങ്ങളില്ലാത്ത ധൂമകേതുവായി,
പത്മവ്യൂഹം ചമക്കുന്ന ഉപഗ്രഹജാലമായി,
രസമായി (Mercury),
സൌന്ദര്യമായി (Venus),
മന്ദമായി (Saturn),
സമസ്യയായി (Mars),
മഹാതേജസ്സാർന്ന വെള്ളക്കുള്ളനായി (white dwarf),
സമയം ജനിച്ചതും മരിച്ചതും കണ്ടുനിന്ന രൌദ്രഭീമൻ ചോന്നാടിയായി (Red Giant),
നിണമായി
ഞങ്ങൾ ഇത്തിരിക്കുഞ്ഞന്മാർ പാഞ്ഞടുക്കുമ്പോൾ,
നിങ്ങടെ ഒളിച്ചുവെച്ച ദുരാർത്തിയും മഞ്ഞവെളിച്ചവും
ഞങ്ങടെ മഹാബൂഗുരുത്വത്തിന്റെ ഉണ്മകളിലേക്ക്‌
‍പിന്നൊരിക്കലും തിരിച്ചുപോവാൻ കഴിയാത്ത വണ്ണം
വിഴുങ്ങിവിസ്മൃതമായിപ്പോകും!

ഒരുങ്ങിയിരുന്നോളൂ!

A call to all MalluBloggers....

Dear Mallu Blogger,
You are cordially and politely invited to start creating PURE MALAYALAM (UNICODE) Blogs and thus join the MalluBloggers Club out there...!

ശുദ്ധമലയാളത്തില്‍ ബ്ലോഗു ചെയ്യൂ... യുണികോഡ്‌ മലയാളം പ്രചരിപ്പിക്കൂ...
If you can read the above words in perfect malayalam (without any apparent spelling mistakes,) then you are almost ready!

If not,
1.Get anjaliOldLipi font and install.(http://www.chintha.com/fonts/anjali.exe)
2. In your browser, set Encoding to UTF-8
3. In your browser, Use AnjaliOldLipi as the preferred font for viewing Malayalam Web pages.


If you use a Windows PC,
1. Use preferrably WinXP SP2 and IE 6+.
2. In IE menu, (:View:Encoding:) Select UTF-8
3. For setting your preferred font for Malayalam language as AnjaliOldLipi ,
inside IE Menu:(: Tools:Internet Options:General Tab:Fonts Button: Language Script: Pick Malayalam and choose AnjaliOldLipi.

Now you must be able to read pure (and universal) Malayalam text on your PC!

Once you are ready with this, think of creating your own Malayalam Text.

Use 'Varamozhi' from http://varamozhi.sourceforge.net/
You can type in malayalam words in english letters (like 'amma', 'malayaaLam' etc.). The program will simultaneously show you the equivalent Malayalam words in the other window!

And then use UTF-8 Export to convert the Malayalam text to Unicode.
You can clip-copy-paste this text to your new Malayalam Blog!

If you face difficulty, just post a comment in any of the MalluBoggers (See a list at http://www.cs.princeton.edu/~mp/malayalam/blogs/ ). Someone will be glad to help you!


Come on!
We are all waiting there for you!

Sunday, May 15, 2005

ഇരുൾമുനകൾ

എവൂരാൻ ഒരു കഥ എഴുതി.

ക്രൂരമായ കഥ! അതിക്രൂരമായ ഒരു ഓർമ്മ പോലെത്തന്നെ ...
******** ***** *****

അവധിക്കാലത്തിനു നാട്ടിൽ പോകാനുള്ള സമയമായിരുന്നു. അവിടെ ചെന്നാൽ ചെറുകുറുമ്പന്മാരുടെ കൂടെ അവരിലൊരാളായി
കൂക്കിവിളിച്ചും കുന്നിക്കുരു പെറുക്കിയും ഉണങ്ങിയ കമുകിൻപാളയിൽ പെരുമ്പറയടിച്ചും കളിച്ചുനടക്കലാണ്‌ പ്രധാന പരിപാടി.
കുടുക്കൊക്കെയൂരിപ്പോയ വാർസൌസറിനു പകരം കഷ്ടി കണങ്കാലെത്തുന്ന ഒരു കാവിമുണ്ട്‌. അത്രയേ അവരുമായി വ്യത്യാസമുള്ളൂ. (മുതിർന്നവർക്കത്ഭുതം ഈ വട്ടൻ എങ്ങനെയാണ്‌ പുറംലോകത്തു ചെന്നൊരു ഉദ്യോഗം വഹിക്കുന്നതെന്നാണ്‌ ).

ആയിടെ എന്നും നാട്ടിലേക്കു കൊണ്ടുപോകേണ്ട സാധനങ്ങളും തെരഞ്ഞ്‌ അങ്ങാടിയിൽ പോയി ചുറ്റിയടിക്കും.

കറുത്ത പാമ്പിന്റെ അങ്ങേത്തലയ്ക്കെത്തുമ്പോൾ ചുങ്കവും കൈനീട്ടവുമടച്ചു വീട്ടിലേക്കെത്തിക്കേണ്ട വലിയ പെട്ടിയ്ക്കു പതുക്കെപ്പതുക്കെ മാസം തികഞ്ഞുകൊണ്ടിരുന്നു.

അങ്ങനെയൊരുദിവസമാണ്‌ അതു കണ്ടത്‌-
കൃത്യം സാക്ഷാൽ കൈത്തോക്കുപോലുള്ളൊരു കളിത്തോക്കു്‌! അതേ അളവുകൾ . പേരുപോലും!
അതിൽ നിറയ്ക്കാൻ ചെറിയ ചെറിയ മഞ്ഞ പ്ലാസ്റ്റിക്‌ ബൂഗോളങ്ങൾ !
ഒരു അറബിക്കരുമാടിക്കുട്ടൻ യന്ത്രം പരീക്ഷിച്ചുനോക്കുന്നു...
തെറിച്ചുചെന്ന ഒരു മഞ്ഞയുണ്ട അടുത്തുള്ള പ്ലൈവുഡ്‌ ചുമരിൽ തരക്കേടില്ലാത്ത ഒരു കുഴിയുണ്ടാക്കി എവിടെയോ ചെന്നു വീണു.

ഐഡിയാ!
നാട്ടിലെ കുഞ്ഞിക്കള്ളക്കൂട്ടത്തിന്‌ ഈ തോക്ക്‌ ഇഷ്ടമാവും! പണ്ട്‌ കല്ലായ കല്ലൊക്കെ എറിഞ്ഞുതീർത്തിട്ടും ഓടിപ്പോവാതെ തിരിഞ്ഞുനിന്നു കുരച്ച നായ്ക്കളുടെ പിന്മുറക്കാരോടെങ്കിലും
പ്രതികാരം തീർക്കുകയുമാവാം!
തിരിച്ചുവരുമ്പോൾ പെങ്ങളുടെ മോൾ പത്തുവയസ്സുകാരി അഞ്ജലിയ്ക്കു സമ്മാനമായി കൊടുക്കുകയും ചെയ്യാം.

അങ്ങിനെയാണ്‌ കൂട്ടത്തിൽ കിട്ടാവുന്നതിൽ ഏറ്റവും നല്ലതു നോക്കി വാങ്ങിയത്‌.

രാത്രി കൂട്ടിൽ തിരിച്ചുവരുമ്പോൾ വാതിൽ‌പ്പടിയിൽ പതിവുപോലെ മാതൃഭൂമി ദിനപ്പത്രം കിടക്കുന്നു.
മുൻപേജിലൊരു പെൺകുട്ടിയുടെ ചിത്രം.
വാർത്ത:
"അച്ഛന്റെ കളിത്തോക്കു വെടിയേറ്റ്‌ പെൺകുട്ടി മരിച്ചു"
കൊച്ചിയിലാണ്‌ നടന്നത്‌. കുട്ടിയുടെ പേര്‌ അഞ്ജലി. വയസ്സ്‌ പത്ത്‌. അളിയൻ കൊണ്ടുവന്ന ഗൾഫ് തോക്കുകൊണ്ട്‌ അച്ഛൻ തമാശയ്ക്ക്‌ ഒരു കോഴിയെ വെടിവെച്ചുനോക്കിയതായിരുന്നു. കുട്ടി കരുണയോടെ കോഴിക്കു തട നിന്നു. അങ്ങനെയാണ്‌ വെടികൊണ്ടത്‌.
മർമ്മത്തിൽ തന്നെ ഏറ്റുകാണണം, അഞ്ജലി തൽക്ഷണം മരിച്ചു....

തരിച്ചിരുന്നു പോയി!

ഇതു സങ്കല്പമല്ല. നടന്ന കഥയാണ്‌.
2002 ജൂലൈയിലാണ്‌ ഇതു സംഭവിച്ചത്‌.

**** ***** *****

ആ കളിത്തോക്ക്‌ നാട്ടിലേക്കുള്ള പെട്ടിയിൽ കേറിയില്ല. ഒരിക്കൽ പോലും ഒരു തമാശക്കുവേണ്ടിപ്പോലും ഉപയോഗിക്കപ്പെടാതെ അതിപ്പോഴും ഇവിടെ എന്റെ മുറിയിലെ ചാക്കുകെട്ടുകൾക്കിടയിലുണ്ട്‌.
കൊച്ചുകുഞ്ഞുങ്ങൾക്കൊന്നും കയ്യെത്താത്തത്ര അങ്ങുമോളിൽ ....

വലിച്ചെറിഞ്ഞുകളയാൻ പോ‍ലുമാവാതെ..
ചവറുകുട്ടയിൽനിന്നും എങ്ങാനും
ഏതെങ്കിലും കുട്ടിക്കുറുമ്പനോ കാവിചുറ്റിയ വട്ടനോ അതു പെറുക്കിയെടുത്താലോ...

**** **** ****
വിടരുമ്പോൾ തന്നെ ചില കുരുത്തോലത്തുമ്പുകളിൽ ഏതോ ഒരു കണ്ണിലേക്കുള്ള ഇരുൾ എഴുതിവെച്ചിരിക്കുന്നു.

ഉരുണ്ടുകൂടുമ്പോൾ തന്നെ ചില ഈയക്കട്ടകളിൽ ഏതോ ഒരു ആത്മാവിലേക്കുള്ള മുൾമുനകൾ കോർത്തുവെച്ചിരിക്കുന്നു...

വിൽക്സ് ബൂത്തിന്റെ കൈവിരലുകളിലൂടെ,
ഗോഡ്‌‍സേയുടെ മനസ്സിലൂടെ,
ബിയാന്തിന്റെയും സത്വന്തിന്റേയും തലപ്പാവുകൾക്കുള്ളിലൂടെ,
ധനുവിന്റെ അരക്കെട്ടു ചുറ്റി,
ലാഡന്റെ അങ്ക(അംഗ)വസ്ത്രങ്ങളിലൂടെ
ആ ഇരുൾമുനകൾ കയറിയിറങ്ങുന്നു...

പിന്നെ വല്ലപ്പോഴും നിന്റെയും എന്റെയും മുറ്റത്തൂടെ അവ ഊരുചുറ്റിനടക്കുന്നു...

Tuesday, May 03, 2005

കെവിനറിയാൻ വേണ്ടി...

എന്റെ കെവിൻ‌കുട്ടാ,

മറ്റുള്ളിടങ്ങളിൽ എങ്ങനെയെന്നറിയില്ല. പക്ഷേ നാം തൃശ്ശൂർക്കാർക്കും പാലക്കാട്ടുകാർക്കും വേണ്ടിയെങ്കിലും,

തുലാം പിറക്കുമ്പോൾ , രാവിരുളുമ്പോൾ ,
അകലെ പാടത്തിൻകരകളിലെ പണിയക്കുടിലുകളിൽ പേടിച്ചുവിറച്ചു മിന്നിച്ചിമ്മുന്ന കൊച്ചുചിമ്മിണിവിളക്കുകളുടെ ഉള്ളു കിടുക്കി, ദിക്കായ ദിക്കിനെയൊക്കെ വെട്ടിമുറിച്ചലറിയട്ടഹസിക്കാറുള്ള ഇടിമുത്തപ്പന്മാരെ മറന്നുപോയോ നീ?

കുടയെടുത്ത ദിവസം പെയ്യാതെയും എടുക്കാഞ്ഞന്ന്‌ പെയ്തുമറിച്ചും നിന്റെ അഹന്തയും തൻപോരിമയും തകർക്കാറുള്ള ചതിയൻ തുലാമഴയേയും മറന്നേ
പോയോ നീ?

മലനിരങ്ങി കുന്നിറങ്ങി മേടു ചുറ്റി കാടിളക്കി ആറ്റിലും തോട്ടിലും ചാടിവീണ്‌ കൂലം കുത്തിക്കുതിച്ചുമറിഞ്ഞ്‌ നാടായ നാടൊക്കെ നീന്തിത്തുടിച്ച്‌ ഒടുക്കം പുഴയ്ക്കലേയും ചേറ്റുവയിലേയും കായലും കോളും കുതിർത്തിപ്പരത്തിച്ചത്തുപോവാറുള്ള ചെമന്ന മലവെള്ളം നിനക്കോർമ്മയില്ലേ?

അനുസരണയില്ലാത്ത ആ മൂരിക്കുട്ടന്മാരെ ആട്ടിത്തെളിച്ചുകൊണ്ടുപോവാൻ പാണ്ടിനാട്ടിൽ നിന്നും പറന്നുവരാറുള്ള പേറടുത്ത കരിമേഘക്കൂട്ടങ്ങളെപ്പറ്റി ഇടശ്ശേരി നിന്നോടു പറഞ്ഞുതന്നില്ലേ?

പിന്നെ പെട്ടെന്നൊരു ദിവസം ആരെയോ പേടിച്ചെന്ന പോലെ ആ ബഹളജാലം എവിടെയൊക്കെയോ പോയിമറയാറുള്ളതും രംഗവേദിയിൽ വൃശ്ചികത്തിന്റെ മാസ്മരദിനങ്ങൾ ശാന്തസുന്ദരമായി തിരയടിക്കാറുള്ളതും ഓർമ്മ വരാറുണ്ടോ?

അന്നൊക്കെ, സഹ്യന്റെ കാമുകി വെള്ളിക്കൊലുസും പച്ചപ്പട്ടുചേലയും ചന്ദനച്ചാന്തുമണിഞ്ഞ്‌ മോഹിനിയാട്ടമാടി നിന്നെ മയക്കാറുള്ളതോർമ്മയുണ്ടോ?
അവൾ പോലുമറിയാതെ, അവളുടെ പച്ചപ്പട്ടുത്തരീയത്തിന്റെ ഇത്തിരിത്തുമ്പ്‌ കൌശലത്തിൽ വീശിയെടുത്ത്‌, അതു നിന്റെ കവിളത്തുഴിഞ്ഞ്‌ നിന്നെ രാഗലോലവിവശനാക്കി വിനോദിക്കാറുള്ള വൃശ്ചികത്തകരക്കുട്ടന്റെ കുഞ്ഞിക്കുറുമ്പുകൾ ഇപ്പോൾ നിന്റെ സ്വപ്നങ്ങളിൽ ഒട്ടും കടന്നുവരാറില്ലേ

പരന്നുതൂവുന്ന മാനത്ത്‌ ഊഞ്ഞാലാടിനടക്കാറുള്ള ഇത്തിരിക്കുഞ്ഞൻ
പഞ്ഞിമേഘങ്ങളുടെ നരച്ച താടിക്കൂട്ടിൽ തലപൂഴ്തിയൊളിക്കാറുള്ള രഥങ്ങളും ആനകളും കുതിരകളും കാലാൾപ്പറ്റവും പിന്നൊരുപാടൊരുപാടു ഭൂതത്താന്മാരും നിന്റെ മനോരാജ്യത്തിന്റെ അക്ഷൌഹിണികളിൽനിന്നും വേറിട്ടുപോയോ?

***************

എന്റെ ഉണ്ണീ,

കിഴക്കുനിന്നും നീണ്ടുകിടക്കുന്ന ഈ കറുത്ത രാജവെമ്പാലയെ കണ്ടോ?
ഇരവിഴുങ്ങി നിശ്ചേഷ്ടമായി കിടക്കുകയാണവൾ .

അവൾക്കുമേലേക്കൂടി നമ്മുടെ വർത്തമാനം സ്വർഗ്ഗത്തിനും നരകത്തിനുമിടക്ക്‌ പാലം തീർത്തിരിക്കുന്നു.

കിഴക്കോട്ട്‌ പോകുന്ന വരി കണ്ടോ? പഠി‍ച്ചും പശിച്ചും മടുത്ത്‌ സ്വർഗ്ഗം തേടിയിറങ്ങിയവരാണവർ!

കറുത്ത സർപ്പത്തിന്റെ അങ്ങേത്തലക്കൽ എത്തിയാൽ അവരുടെ വിയർപ്പ് ഭൂമിയുടെ ഉപ്പായിത്തീരും.

അവിടെ അവരുടെ വിയർപ്പു കറന്നുറയൊഴിച്ചു തേനും വെണ്ണയും പുളിപ്പില്ലാത്ത അപ്പവും ഉണ്ടാക്കുന്ന പണിശാലകൾ .....
അതിനുമപ്പുറത്ത്‌ സ്വർഗ്ഗത്തിന്റെ ദ്വാരപാലകന്മാർ....
മുക്തിഗുപ്തമായ മഥുര...
എഴുപതപ്സരസ്സുകളും ഏഴായിരം പൂങ്കാവനങ്ങളുമായി വൃന്ദാവനം....
യമുനയുടെ കാരുണ്യനീലിമ...
അവൾക്കുമേലേ, കാളിയന്റെ വിഷം മുഴുവൻ വാലിലാവാഹിച്ച്‌ ആ കരിന്തേൾ !

******

ഒഴുക്കും മുറിച്ച്‌ പടിഞ്ഞാട്ടു വരുന്ന ഇക്കൂട്ടത്തെ കണ്ടോ?

വൃന്ദാവനത്തിൽനിന്നും വരുന്ന കാലിക്കൂട്ടം!
അപ്പത്തിൽ നിന്നും ഊറ്റിക്കളഞ്ഞ പുളിപ്പ്‌!

കറന്നെടുക്കാനില്ലാതെ വിയർപ്പു വറ്റിയവരുടെ മടക്കയാത്ര!

കറുത്ത സർപ്പത്തിന്റെ ഇങ്ങേത്തലക്കൽ എത്തിയാൽ ഇവരുടെ രക്തം ദൈവത്തിന്റെ നാട്ടിലെ വീഞ്ഞാകും.

ശബ്ബത്തിന്നാളിൽ അവർ മുക്തിയുടെ കടലിലേക്ക്‌ പരന്നൊഴുകും.

ഒരൊറ്റ കർമ്മപാശം കൊണ്ടാണവറ്റയെ കൂട്ടിക്കെട്ടിയിരിക്കുന്നത്‌.
ഇപ്പോൾ അവർക്കറിയാം എല്ലാ വീഞ്ഞിനും ഒരൊറ്റ രുചിയാണെന്ന്‌.

തിരുവത്താഴത്തിനു ചുറ്റും കൂടിയിരിക്കുന്ന മക്കളേ,

ഇതു ഞങ്ങളുടെ മാംസമാണ്‌.
ചുങ്കവും കൈനീട്ടവും അടച്ചുതീർത്ത പരിശുദ്ധമായ ദേവാംശം...
പോയ രാത്രികളിലെ ചൂഴുന്ന തണുപ്പിലും പകലുകളിലെ തീഷ്ണമായ ചൂടിലും ഞങ്ങളുടെ ദുർമ്മേദസ്സുരുകിപ്പോയിരിക്കുന്നു...
ഇതു ഭക്ഷിക്കൂ...


ഇതു ഞങ്ങളുടെ തെളിഞ്ഞൂറിയ ജീവരസമാണ്‌.
വഴിയിലെ വെന്തുരുകുന്ന താർപ്പുഴകളിൽ ഞങ്ങളുടെ കർമ്മപാപകളങ്കങ്ങളെല്ലാം അലിഞ്ഞുപോയിരിക്കുന്നു...
ഇതു പാനം ചെയ്യൂ...

*********

പർജ്ജന്യന്റെ പടിഞ്ഞാട്ടെഴുന്നള്ളത്തിനെക്കുറിച്ച്‌ ഇനി പിന്നൊരിക്കലാകട്ടെ...

Monday, May 02, 2005

ജാതകം - ( നിഴലുകളുടെ ഉത്സവം - III )

തുലാം യാത്ര പറഞ്ഞു പടിയിറങ്ങാറായി.

പര്‍ജ്ജന്യന്റെ
തേരോട്ടമാണിനി.
പാടുന്നവന്‍ വിശ്വാവസു. ആടുന്നവള്‍ വിശ്വശ്രീ.

കല്ലടിക്കോടന്‍ മലകള്‍ക്കു കിഴക്കുനിന്നും ചുരം കടന്ന് അവര്‍ വന്നു...
അകമ്പടിക്ക്‌
കറുത്ത ചെട്ടിച്ചികളുടെ ഘോഷയാത്ര...
നേര്‍ത്തുനേര്‍ത്ത്‌ ഇടയ്ക്കൊക്കെ മുറിഞ്ഞും തിരിഞ്ഞും അവരുടെ ഓളപ്പാടുകള്‍ ഇല്ലാതായിത്തീരുന്നു.
മുറുക്കിച്ചുവന്ന തൊള്ളകളില്‍ കാര്‍ക്കശ്യവും ബഹളവും മാഞ്ഞുമാഞ്ഞുപോയി. വല്ലപ്പോഴും ഊര്‍ന്നുവീഴുന്ന ഗദ്ഗദബിന്ദുക്കള്‍ മാത്രം പുഷ്കരത്തിന്റെ നാലുവശത്തും തെറിച്ചുവീണു.

മുക്രയിട്ടു പോരുവിളിച്ചുനടന്ന ചെമ്പന്‍ മൂരിക്കുട്ടന്മാര്‍ തളര്‍ന്നൊതുങ്ങുകയാണ്‌.
വരിവരിയായി നടന്നുകൊണ്ടിരുന്ന അവയുടെ കുളമ്പുകള്‍ക്കു കീഴെ
ചുട്ടുരുകുന്ന ഗതകാലസ്മൃതികള്‍ ലാവയായി കറുത്തൊഴുകി.

ചക്കിലും ചുഴിയിലും തിരിഞ്ഞമര്‍ന്ന് നഷ്ടപ്രാണമായ ചെളിക്കൂറ്റുകളില്‍ ജരയുടെ ജീവരസങ്ങള്‍ ചേര്‍ന്നുകൂടി...
ക്രമേണ നിര്‍മ്മമനിരാമയമായ കണ്ണുനീര്‍പ്പുഴകളായി ശാന്തമായി നിര്‍വ്വികാരമായി വേഗത കുറച്ച്‌ അവയുടെ ആത്മാവുകള്‍ അന്യോന്യം അലിഞ്ഞുചേര്‍ന്ന് ഒരൊറ്റ പരപ്പായി അസ്തകാംബുധി തേടി പടിഞ്ഞാറോട്ടൊഴുകി.

ആസന്നമായ സ്വൈരഗതിയെക്കുറിച്ച്‌ ഇപ്പോളവര്‍ ഊഹിച്ചുതുടങ്ങിയിരിക്കുന്നു...

പ്രതീക്ഷയില്‍ ഇനി വ്രതങ്ങളുടേയും യാഗങ്ങളുടേയും
സമഷ്ടിസായൂജ്യം മാത്രം ശേഷിക്കുന്നു....

അലഞ്ഞുതിരിയുന്ന ജീവനൌകകള്‍ക്കു വഴികാട്ടാനെന്നപോലെ, ഉത്തരാഷാഢം മാത്രം ഒരു
ദീപസ്തംഭമായി അങ്ങുമുകളിലൊരിടത്ത്‌ മിന്നിയും മറഞ്ഞും തൂങ്ങിനിന്നു.

വാലറ്റത്തു കാളകൂടവും നിറച്ച്‌ താഴെ ഒരു കരിന്തേളായി
ഭവിഷ്യം ഉണ്ണിയെ കാത്തുകിടന്നു.....

Tuesday, April 19, 2005

തിരനോട്ടം (നിഴലുകളുടെ ഉത്സവം-2)

മൂടല്‍മഞ്ഞില്‍ കൊച്ചുകൊച്ചു സുഷിരങ്ങള്‍ ചൂഴ്ന്നെടുത്ത്‌ അവയ്ക്കുള്ളിലൂടെ കാറ്റു വന്നു.
ആദ്യം വെറുമൊരു കൊച്ചലയായി...
പിന്നെ മധുരമുള്ള, ലഹരിയുള്ള നീരാളമായി...

നാലു ദിക്കിലേക്കും പ്രണവമായി അതു പടര്‍ന്നൊലിച്ചു....

മുറിഞ്ഞുപോയ അച്ചുതണ്ടിന്റെ നോവ്‌ ഊറിയൂറിവന്ന് ഒടുവില്‍ ചെളിക്കുണ്ടുകള്‍ക്കിടയില്‍ വീണ്ടും ബ്രഹ്മമായി, പത്മമായി ഉദിക്കുകയാണ്‌....

മുകളില്‍ കര്‍മ്മപാശങ്ങളുടെ ജടകളിലേക്കും കീഴെ ഭവസാഗരങ്ങളുടെ നിരൃതിയിലേക്കും ആദ്യവും അന്തവും അറിയാതെ ജീവന്‍ അന്ധമായി മൂഢമായി നീന്തിത്തുടിച്ചു...

അണ്ഠകടാഹത്തിന്റെ ഓരോരോ ചെറുകോശങ്ങളിലേക്കും ഇനിയും ഉറയൊഴിക്കേണ്ട പരശ്ശതം ജന്മങ്ങളിലേക്കും അവന്‍ സഹസ്രപാദാക്ഷിശിരോരുബാഹുക്കളായി അലിഞ്ഞിറങ്ങി.

അനന്തരം ഭീകരമായ ഒരു മഹാനാദത്തോടെ കാറ്റ്‌, പുറത്ത്‌ സ്വച്ഛമായി വിശ്രമിക്കുന്ന നൈരന്തര്യത്തിലേക്ക്‌ ഉള്‍വലിഞ്ഞു.

വീണ്ടും പടര്‍ന്നുകയറാന്‍
പുതുതായി ഇന്ധനം നേടിയ അഗ്നിയുടെ വിജയകാഹളമായിരുന്നോ അത്‌?

അതോ വൈതരണിയിലൂടെ പൂഴ്ന്നിറങ്ങി വീഴുമ്പോഴും കയ്യകലത്തൊന്നും പിടിവള്ളികളില്ലെന്ന് നിരാശയോടെ തിരിച്ചറിഞ്ഞ്‌ ദീനദീനം നാം വിലപിച്ചതോ?


*******

താമരയുടെ മുറിഞ്ഞ ഞെട്ടില്‍നിന്നും രണ്ടു തുള്ളി ചുവപ്പ്‌ താഴെ അക്കല്‍ദാമായിലേക്ക്‌ ഇറ്റു വീണു....

താനുരുട്ടിയെടുത്ത പുത്തന്‍മണ്‍പാത്രത്തിന്റെ സ്വര്‍ണ്ണശോഭയിലേക്ക്‌ വിശ്വകര്‍മ്മാവ്‌ സാകൂതം നോക്കിയിരുന്നു...

പിന്നെ അതിനുള്ളിലേക്ക്‌ മുപ്പതു വെള്ളിക്കാശുകളിട്ട്‌ കറുത്ത തുണികൊണ്ട്‌ ഭദ്രമായി അതിന്റെ വാ മൂടിക്കെട്ടി.

കറുപ്പിനുള്ളില്‍ സത്യം സ്വാതന്ത്ര്യമായി അമൃതമായി മഥനം കാത്തുകിടന്നു...

മെല്ലെ, ലജ്ജയോടെ വര്‍ണ്ണരാജികള്‍ തിരനോട്ടം നടത്തുകയായിരുന്നു... സ്പന്ദനതാളം സ്വയം ഉരുക്കഴിച്ചുപഠിച്ചുകൊണ്ട്‌ വിശ്വം മറ്റൊരു കൊച്ചുറക്കത്തിലേക്കു വീണുപോയി....
*******

ഉണരുമ്പോള്‍ ആകെ ശബ്ദഘോഷമായിരുന്നു...

മുനിഞ്ഞുകത്തുന്ന തിരിവിളക്കുകള്‍ക്കിടയില്‍ സൂര്യനായി അച്ഛന്‍!

ക്ഷമയുടെ കരയില്ലാക്കടലായി, ഭൂമിയായി അമ്മ!

ഭൂമി പരന്നൊഴുകിയൊരു പാലാഴിയായി മാറി. ചുരന്നുവന്ന അമൃതം ദാഹത്തിനും ആലസ്യത്തിനും ഇടയ്ക്കുള്ള കുഞ്ഞുകുഞ്ഞുപഴുതിലൂടെ കിനിഞ്ഞിറങ്ങി.....

ഇളംചൂടുള്ള ഈ മധുരമാണോ നിറം?

ജ്വാലാമുഖിയായി കത്തിജ്ജ്വലിക്കാന്‍ പോകുന്ന ഈ തിരിവിളക്കുകളിലെ വെളുപ്പാണോ നിറം?

സ്ഫടികഗോളജാലകങ്ങള്‍ ഒരിട ആയാസപ്പെട്ട്‌ തിരനോട്ടം നടത്തി.

അങ്ങുയരത്തില്‍ ആകാശനീലിമയാര്‍ന്ന കയങ്ങള്‍!
ഇന്ദ്രനീലം...!

ശാന്തസുന്ദരമായ സ്നേഹകൂപങ്ങളുടെ നടുവില്‍നിന്നും സായൂജ്യം ഇന്ദ്രചാപമായി ഏഴായിരം കോടി വര്‍ണ്ണങ്ങളായി തന്നെ ലോലമായി ഉറ്റുനോക്കുന്നു...

ഹേ മഹാപിതാവേ, അങ്ങാണോ നിഴലുകളില്‍ വെളിച്ചത്തിന്റെ പൂത്തിരിവിത്തുകള്‍ പാകി സഹസ്രസൂര്യന്മാരെ സൃഷ്ടിക്കുന്ന വിവസ്വാന്‍?

സിന്ദൂരാരുണവിഗ്രഹയായി, ശക്തിയായി, ക്ഷമയായി, കാരുണ്യമായി എന്നെ അദ്വൈതമായി ഇങ്ങനെ പുണര്‍ന്നുകിടക്കുന്ന അമ്മേ, നീയാണോ നിറങ്ങളുടെ ദേവത?

എങ്കില്‍, ഇതുതന്നെയാണോ എന്റെ പുത്തരി വര്‍ണ്ണോത്സവം?

Thursday, March 31, 2005

മഹാപഥത്തിലേക്കുള്ള ബസ്സ്‍

(ആരോടും, അപ്പുക്കിളിയോടുപോലും, യാത്ര ചോദിക്കാതെ, മേഷ്ടരേട്ട ഖസാക്കില്‍
നിന്നും തിരിച്ചിറങ്ങിപ്പോയിരിക്കുന്നു!)

*** *** *** *** *** ***
ഉറങ്ങാന്‍ കിടന്നു.ജനാലയിലൂടെ ആകാശം.
മിന്നുന്നു, തുടിക്കുന്നു.
ഈശ്വരാ, ഒന്നുമറിയരുത്‌.
ഉറങ്ങിയാല്‍ മതി.
ജന്മത്തില്‍നിന്നു ജന്മത്തിലേക്കു തല ചായ്ക്കുക.

കാടായി,
നിഴലായി,
മണ്ണായി,
ആകാശമായി

വിശ്രമം കൊള്ളുക.

അറിവിന്റെ കണ്ണുകള്‍ പതുക്കെ പൂടി.
മിന്നിത്തുടിക്കുന്ന ബഹിരാകാശം കയ്തപ്പൊന്തകളിലേക്കിറങ്ങിവന്ന്‌
ഖസാക്കിലെ മിന്നാമിനുങ്ങുകളായി.
ആ അനന്തരാശിയില്‍ നിന്ന് ഏതോ സാന്ദ്രതയുടെ കിനിവുകള്‍ അയാളുടെ
നിദ്രയിലിറ്റുവീണു.
അവ ആ മനുഷ്യനെ സ്നാനപ്പെടുത്തി.

*** *** *** *** *** ***

പിന്നെ സ്വച്ഛമായ കാറ്റും മഴയും.

സ്നേഹവും പാപവും തേഞ്ഞുതേഞ്ഞില്ലാതാവുന്ന
വര്‍ഷങ്ങള്‍, അനന്തമായ കാലത്തിന്റെ അനാസക്തി.
അതിന്റെ ശാന്തിയില്‍ അവരുടെ കലവറകളില്‍ ഖസാക്കിന്റെ പിതൃക്കള്‍ കിടന്നു.
പൌര്‍ണ്ണമി നിറയുമ്പോള്‍ അവര്‍ കലവറവാതിലുകള്‍ തുറന്നുവെച്ചു.
സംക്രാന്തിരാത്രികളില്‍,
സാംബ്രാണിയുടെ സുഖഗന്ധത്തില്‍,
ശ്രാദ്ധം കൊള്ളാനിറങ്ങി.

Thursday, March 24, 2005

Lawsonia Inermis എന്തുകൊണ്ടാണ്‌ ഉണങ്ങിപ്പോവാത്തത്‌?


(രേഷ്മ അവളുടെ മൈലാഞ്ചിപ്പടങ്ങള്‍ക്കുള്ളില്‍ നനച്ചുചേര്‍ത്ത കണ്ണീരിനു തുണ പോവാന്‍...)

ജനിക്കുക.
അതും മനുഷ്യനായി..
അതും ഒരു പെണ്ണായി...
അതും കേരളത്തില്‍....
അതും ചങ്ങലക്കൂട്ടങ്ങള്‍ അരക്കും തലക്കും കാവല്‍ നില്‍ക്കുന്ന ഒരു സമൂഹത്തില്‍....


ഒരുപക്ഷേ എന്നെപ്പോലൊരുത്തനൊന്നും ഒരിക്കലും അറിഞ്ഞനുഭവിക്കാനാവാത്തത്ര പെരുത്ത ദുര്യോഗം !

എങ്കിലും വല്ലപ്പോഴുമെങ്കിലും ഈ വിങ്ങിവിങ്ങിവിങ്ങുന്ന ദുര്യോഗത്തിനിടയില്‍ എവിടൊക്കെയോ ഞങ്ങളുടെ ഹൃദയങ്ങളും കൊളുത്തിപ്പിടിച്ചുപോകുന്നു.

മീനച്ചൂടിന്റെ വരണ്ട അസഹ്യതയില്‍ മറ്റെല്ലാ പച്ചപ്പുകളും വേനലവധിക്കു വിട്ടകന്നു പോവുമ്പോഴും മുറ്റത്തൊരു മൈലാഞ്ചി ഗൂഢമധുരമായി നൃത്തം ചെയ്യുന്നതു കാണാറുണ്ട്‌.

ഒരിക്കലുമറിഞ്ഞില്ല അവള്‍ക്കുള്ളിലാകെ മഴവില്ലു മുഴുവന്‍ പിഴിഞ്ഞെടുത്ത നിറങ്ങള്‍ പൂത്തുലയുന്നുണ്ടെന്ന്‌!

ഇപ്പോള്‍ കറുത്ത മൂടല്‍മഞ്ഞിന്റെ തിരശ്ശീലകള്‍ക്കിപ്പുറത്തുനിന്നും ഞങ്ങള്‍ തിരിച്ചറിയുന്നു, നിന്റെ കയ്യിലും കാലിലും പടരുന്ന ഈ ശീതളരക്തച്ഛവിയുടെ വിഷാദം!


Saturday, March 19, 2005

പഠി‍ക്കാൻ ഇംഗ്ലീഷു വേണോ മലയാളം വേണോ?

പഠി‍ക്കാൻ ഇംഗ്ലീഷു വേണോ മലയാളം വേണോ?

എന്തായാലും എനിക്കറിയില്ല.

പണ്ടു പലതും പറഞ്ഞു നടന്നിരുന്നു ഈ ഞാൻ.പക്ഷേ ഈയിടെയായി ഒന്നും പറയാൻ തോന്നുന്നില്ല; അറിയില്ല.

****
യാതൊരു തരത്തിലും ആരെക്കൊണ്ടും ഒരു പേരുദോഷവും വരുത്താതെ ദാരിദ്ര്യരേഖക്കു കീഴിൽ നിശ്ശബ്ദം അള്ളിപ്പിടിച്ചുകിടന്നു പത്തുമുപ്പതു കുടുംബങ്ങളുടെ പൈദാഹവും പ്രതിവർഷം പത്തഞ്ഞൂറു കുഞ്ഞുങ്ങളുടെ അക്ഷരദാഹവും നിവർത്തിച്ചിരുന്ന ഒരു പാവം കുഗ്രാമൻ എയ്ഡെഡ്‌ management ഷ്കൂളിലായിരുന്നു ഈയുള്ളവന്റെ വിദ്യാരംഭം.

ഒന്നാം ഗ്ലാസ്സിൽ നാലു ഡിവിഷനിൽ പരന്നു കിടക്കുന്ന വിദ്യാസാമ്രാജ്യം ഏഴിലെത്തുമ്പോഴേക്കും രണ്ടു കുഞ്ഞുഡിവിഷനിലേക്ക്‌ ഉണങ്ങിച്ചുരുങ്ങുകയായിരുന്നു പതിവ്‌.
തന്റെ പഴയ സഹപാഠി‍കൾ പാടത്തുപണിക്കു പോകുന്നതും കണ്ടുകൊണ്ടാണ്‌ നിത്യവും ഞാൻ ഏഴാം ഗ്ലാസിലേക്കു പോവാറുണ്ടായിരുന്നത്‌.

പിന്നെ എട്ടിലെത്തുമ്പോളാണ്‌ അറിയുന്നത്‌, പഠി‍ക്കാൻ ഇംഗ്ലീഷിലും ഒരു മീഡിയം ഉണ്ടെന്നു തന്നെ!
എന്തായാലും സാമാന്യം തരക്കേടില്ലാതെ ആംഗലവും ഒട്ടൊക്കെ മല്യാലവും എഴുതാനും വായിക്കാനും പറയാനും കശിയാമെന്ന ഒരു ഗർവ്വിലാണ്‌ ഈയിടെയായി.

എന്നിട്ടും മകളെ വീണ്ടും താൻ പഠി‍ച്ച ഷ്കൂളിൽ തന്നെ വിട്ടുകൂടേ എന്നാരെങ്കിലും ചോദിച്ചാൽ ഉത്തരം മുട്ടിപ്പോകുന്നു...
വയ്യ.അറിയില്ല.എത്ര വാശി പിടിച്ചിട്ടും ഓടുന്ന നാടിന്റെ നടുവിലിടുങ്ങാതെ വയ്യ!
*********
ഹരിശ്രീ വിദേശത്താണ്‌. അതുകൊണ്ടു തന്നെ അച്ഛന്റെ ഷ്കൂളിൽ പഠി‍ക്കാതിരിക്കാനുള്ള ന്യായമുണ്ട്‌.എങ്കിലും ഒരു സന്തോഷം: അവൾ ഭംഗിയായി മലയാളം പറയുന്നുണ്ട്‌. അത്യാവശ്യം എഴുതുകയും വായിക്കുകയും ചെയ്യുന്നു. പുറത്തെ സദസ്സുകളിൽ അപകർഷമില്ലാതെ ഇംഗ്ലീഷും ഹിന്ദിയും സംസാരിച്ചോളും. തമിൾ കേട്ടാൽ ഒരു ഭാഷയെന്ന നിലയിൽ അവൾക്കു തിരിച്ചറിയാം. അത്യാവശ്യം സംസ്കൃതഗന്ധവും ആയിട്ടുണ്ട്‌.രണ്ടു മാസത്തിനുള്ളിൽ (സാഹചര്യസമ്മർദ്ദം മൂലം) അറബിയും പഠി‍ച്ചു തുടങ്ങും.

ആറര വയസ്സിൽ ആറു ഭാഷകൾ !

ഒന്നും നിർബന്ധമായി ചെലുത്തുന്നതല്ല. വളരെ ആയാസരഹിതമായി അവളിലേക്ക്‌ അലിഞ്ഞിറങ്ങുകയാണ്‌.

കുട്ടിക്ക്‌ ഒട്ടും സങ്കടം വരുന്നില്ല. പ്രത്യുത, അവളിപ്പോൾ ഏതു പുതിയ വാക്കു കേട്ടാലും അഞ്ചു ഭാഷകളിലും അതിന്റെ സമാനപദങ്ങൾ ചോദിച്ചു അച്ഛനമ്മമാരെ ബുദ്ധിമുട്ടിക്കുകയും ചെയ്യും.കുറെ കഴിയുമ്പോൾ അവളുടെ പ്രഥമഭാഷ സ്വന്തം ഇഷ്ടപ്രകാരം ഇംഗ്ലീഷ്‌ ആയി മാറുമായിരിക്കാം.
എങ്കിലും മലയാളം അറിയാമെന്ന അഭിമാനം അവളോടൊപ്പം ജീവിക്കുകയും മരിക്കുകയും ചെയ്യുമെന്നാണെന്റെ പ്രതീക്ഷ!

*****
ഇനി ഷ്കൂളിൽ ചേരേണ്ട യഥായുജ്യമായ വയസ്സിനെ ക്കുറിച്ച്‌:

മൂന്നര വയസ്സിൽ LKG യിൽ പോകണമെന്നത്‌ ഈ നാട്ടിലെ നിയമം. അതിനാൽ പോകാതെ വയ്യ.പക്ഷേ ഇഷ്ടം പോലെ ഉഴപ്പാൻ അവസരം കൊടുത്തിരുന്നു. ആദ്യവർഷം ആകെ അറ്റൻഡൻസ് 50 ശതമാനം മാത്രം. മാർക്കു കിട്ടിയാലും ഇല്ലെങ്കിലും ഒരു പരാതിയുമില്ല. പോവാനിഷ്ടമില്ലാത്ത ദിവസം പോവണ്ട അത്ര തന്നെ.

പിന്നെ കുറേശ്ശെക്കുറേശ്ശെ സ്കൂളിപ്പോക്ക്‌ ഗൌരവമായ ഒരു ജോലിയാണെന്നു്‌ അവൾക്കു തന്നെ തോന്നിത്തുടങ്ങി.
ഇടക്കൊരു അവധിക്കാലത്ത്‌ ഒരു മൂന്നു മാസം നാട്ടിലെ പഴയ ഷ്കൂളിൽ കൊണ്ടുപോയി ചേർത്തു.
ചുമ്മാ ഒരു രസം.

പക്ഷേ സത്യമായും അവൾ അവിടെനിന്നും ഇവിടെക്കിട്ടാത്ത പല പുതിയ പാഠങ്ങളും പഠി‍ച്ചു.

അത്ര്യൊക്കേ ഈ ഒറ്റയാൾ പട്ടാളത്തിനു ചെയ്യാൻ വെയ്ക്ക്യൂ.

******(പോളിന്റെ ചിന്തകളിലേക്ക്‌ കടന്നുകയറിയത്‌.)

Monday, March 07, 2005

നിഴലുകളുടെ ഉത്സവം

ഏറ്റവും മുന്നേ, എന്നായിരുന്നു നാം നിറങ്ങളുടെ ഉത്സവം കണ്ടത്‌?

നിനക്കോര്‍മ്മയുണ്ടോ?

കറുപ്പായിരുന്നു മുഴുവനും....
വര്‍ണ്ണം എന്നൊരു സാദ്ധ്യതയെക്കുറിച്ചുപോലും തോന്നിയിരുന്നില്ല.

കുളുകുളിര്‍ത്ത പതുപതുത്ത ജഠരാന്ധകാരം!
ഉണര്‍വ്വിന്റെ താഴ്വരകളിലേക്കു വഴുതിയിറങ്ങുന്ന ബോധമേഘങ്ങള്‍...

ഒച്ചയായിരുന്നു പ്രപഞ്ചം.
ഓര്‍ത്തിരിക്കാത്തപ്പോള്‍ അവ ഇടിമിന്നലുകളായി വന്ന്‌ ആക്രമിച്ചു...
പേടിച്ചോ?
അറിയില്ല.
അസ്തിത്വദുഃഖം ഊറിവരുന്നതിനും മുന്‍പായിരുന്നു...അതിനാല്‍ പേടിച്ചിരിക്കാന്‍ ഇടയില്ല.

പിന്നെ ചിലപ്പോഴൊക്കെ നിനച്ചിരിക്കാതെ തന്നെ, കൊച്ചുകൊച്ചുസീല്‍ക്കാരക്കഷ്ണങ്ങളായി അവ ചുറ്റും വന്നുമ്മ വെച്ചു.

ഇക്കിളിയായോ?
ഓര്‍മ്മയില്ല. ആയിക്കാണണം.

അങ്ങനെയാണു നൃത്തം പഠിച്ചത്‌.
നിറങ്ങളേ ഇല്ലാത്ത നൃത്തം മെല്ലെ മെല്ലെ സത്യമായും ശിവമായും സൌന്ദര്യമായും ഗുരുത്വമില്ലാത്ത ഭൂമിക്കുള്ളില്‍ പാറിപ്പാറിക്കളിച്ചു.

ഞാറ്റുവേല മുറിയുന്ന ഒരു നാള്‍ അങ്ങനെ വര്‍ഷാദ്യശീതളവാതമായി ഇളകിയാടിയപ്പോള്‍ ഭൂമിക്കു നൊന്തു.

സ്നേഹം ആകാശഗംഗയായി, ആയിരം ആയിരം കൈവഴികളായി, അവള്‍ക്കുമേലെ പെയ്തിറങ്ങി.

ഹര്‍ഷരാഗത്തില്‍ കുതിര്‍ന്ന കരിമ്പാറക്കൂട്ടങ്ങള്‍ക്കു മുകളില്‍ വെളുപ്പിന്റെ പുകമഞ്ഞു വെണ്‍ചാമരമാടി.

കറുപ്പും വെളുപ്പും രാധയും കൃഷ്ണനുമെന്നോണം രാസലീലയാടി.

നിഴലുകളുടെ ആ ഉത്സവത്തിലേക്കായിരുന്നു വിശ്വം മിഴിയുണര്‍ന്നത്‌.

നിനക്കോര്‍മ്മയുണ്ടോ ഉല്‍പ്പത്തിപ്പുസ്തകത്തിലെ ആ അടിക്കുറിപ്പുകള്‍?

നിറങ്ങളുടെ കുടമാറ്റം തുടങ്ങുന്നതിനും ഏറെയേറെ മുന്നേ.....

നിനക്കോര്‍മ്മയുണ്ടോ? ......

Thursday, March 03, 2005

വിരാടപര്‍വ്വം

കൂട്ടത്തില്‍ ഒരു അര്‍ജ്ജുനന്‍ ഉണ്ടായിരുന്നു.
ജനം അവനെ '
കെവിന്‍' എന്നു പേര്‍ വിളിച്ചു.
സിജിയായിരുന്നു കഥയിലെ സുഭദ്ര.

തക്കതായ കാലം എത്തിയപ്പോള്‍ കിരീടി സുഭദ്രയേയും ഹരിച്ചു കൊണ്ടു ഏദന്‍ തോട്ടത്തില്‍ (Bahrain) താമസമാക്കി.
ആയിടെത്തന്നെയാണ്‌ ദത്തശ്രദ്ധനായ സവ്യസാചി ദ്രുപദദേശത്തു ചെന്നൊരു പാഞ്ചാലിയെ സ്വന്തമാക്കിയത്‌.

ബൂലോഗസുന്ദരിയായ 'അഞ്ജലി'!

കൊണ്ടന്ന സമ്മാനത്തിന്റെ വിലയറിഞ്ഞുകൊണ്ടു തന്നെ മലയാളത്തമ്മ കെവിനോടു പറഞ്ഞു, അഞ്ചല്ല, അയ്യായിരങ്ങള്‍ക്കവളെ പങ്കു വെച്ചുകൊടുക്കാന്‍.
അങ്ങനെയാണ്‌ നവോഢയായ അഞ്ജലി (pAnjali Beta) ഹസ്തിനപുരത്തെത്തിയത്‌.

ചൂതൊന്നും കളിക്കാതെത്തന്നെ ദുശ്ശാസനന്മാര്‍ അവളുടെ വസ്ത്രങ്ങളപ്പടി പിടിച്ചു വാങ്ങി.
ഖിന്നതയോടെ, എന്നിട്ടും വിനയം ഒട്ടും വിടാതെ, കെവിന്‍ ഇപ്പോള്‍ നഗ്നയായ അഞ്ജലിയെ വിരാടനഗരത്തില്‍ കൊണ്ടു പാര്‍പ്പിച്ചിരിക്കുകയാണ്‌.

രാജകീയമല്ലെങ്കിലും അന്തസ്സോടെ, കെവിന്‍ സ്വന്തമായി തുന്നിക്കൊടുത്ത വസ്ത്രാഞ്ചലവുമുടുത്ത്‌ സൈരന്ധ്രിയായി
അവളിവിടെയുണ്ട്‌.
ഇവിടെ പല പല വേഷത്തില്‍ അവനവന്റെ ബൂലോഗങ്ങളില്‍ ഒളിച്ചുകഴിയുന്ന ഞങ്ങള്‍ പാണ്ഡവന്മാര്‍ക്കെല്ലാം അവളിപ്പോളും പ്രാപ്യയാണ്‌.

വലലനായി നളപാകം ചെയ്കയും കൂട്ടത്തില്‍ 'അഞ്ജലികാവേധം' (ഇടഞ്ഞ ആനകളെ ചൊല്‍പ്പടിക്കുനിര്‍ത്തുന്ന വിദ്യ) ചെയ്യുകയുമാണ്‌
വരമൊഴിയന്‍ സിബു.


ഒരു നാള്‍ സൈരന്ധ്രി തിരിച്ചുവരും....
അഴിച്ചിട്ട അവളുടെ മുടിക്കനം ഒരു നാള്‍ വീണ്ടും ചമഞ്ഞൊരുങ്ങി ഇന്ദ്രപ്രസ്ഥത്തിലെത്തും....
അന്നേക്കു വേണ്ടി ഞങ്ങളൊക്കെ കാത്തു കാത്തിരിക്കയാണ്‌....

ഒരു എത്യോപ്യന്‍ പശു മേയാന്‍ വന്നിരിക്കുന്നു...


വീണ്ടും വര്‍ഷം വരികയാണ്‌.
അവിടവിടെ ഇത്തിരിപ്പോന്ന പച്ചപ്പുകള്‍ തലപൊക്കുന്നു...
പെരുമ്പട്ടിണിക്കു ശേഷം മൃഷ്ടാന്നം കാണുന്നതുപോലെ ഞാനിവിടെയൊക്കെ മേഞ്ഞുനടക്കാന്‍ വന്നിരിക്കയാണ്‌.


ഇവിടൊരു സു.
അപ്പുറത്തൊരു പെരിങ്ങോടന്‍..
പിന്നെയും അതിന്റപ്പുറത്തൊരു കെവിന്‍, ...അവന്റെ ഇണക്കുരുവിയായി ഒരു സിജി...
പോള്‍....
കുടിലനീതികള്‍.....
ഒരു നീലച്ച വിഷ്ണുഗോപാ‌‍ല്‍.....
ചുക്കിച്ചുളിഞ്ഞ ഒരു കടലാസുകെട്ടിനുള്ളില്‍ പുത്തനൊരു Inspiration.....


സ്വപ്നത്തില്‍ നിധി കണ്ടെത്തിയ പഴയ സ്കൂള്‍ച്ചെറുക്കനെപ്പോലെ ആര്‍ത്തിപിടിച്ചു തെരയുകയായിരുന്നു...
കാണെക്കാണെ ഇപ്പോള്‍ മുന്നില്‍ വിടര്‍ന്നു വരികയാണ്‌ ഇളംകറുകപ്പുല്‍വനങ്ങള്‍!

പെരുണ്ടുരുണ്ടൊരു തലയും എല്ലുന്തിയ നെഞ്ചിന്‍കൂടും കൊണ്ട്‌ ഞാനും ഇവിടെയൊക്കെ മേഞ്ഞു നടന്നോട്ടേ, കൂട്ടരേ?


(സൂര്യഗായത്രിയുടെ ഭൂലോഗം കണ്ടപ്പോള്‍ ആദ്യം ഒരു Comment ആയി എഴുതിയതായിരുന്നു. പിന്നെ തോന്നി, ഇവിടെ, എന്റെ ഇത്തിരിപ്പോന്ന ഈ കരിപ്പെട്ടിയില്‍ തന്നെ കിടന്നോട്ടെ എന്ന്‌.)

Friday, February 11, 2005

സ്വയം പ്രകാശം (Self-Introduction)

കത്തിയെരിഞ്ഞുണങ്ങിപ്പോയിട്ടും സ്വയം പ്രകാശിക്കാന്‍ വൃഥാ പെടാപ്പാടു പെടുന്നൊരു തമോഗര്‍ത്തം പോലെ,
വീണ്ടും വിശ്വം ഉത്തരത്തിലിരുന്നു ചിലക്കുകയാണ്‌:


ഞാന്‍ വിശ്വം. കുലം മുച്ചൂടും മുടിഞ്ഞ അശ്വത്ഥാമാവിനെപ്പോലെ മരുഭൂമിയിലെ കാറ്റായി ഇങ്ങനെ ഉഴറി നടക്കുകയാണിപ്പോള്‍.
ഉത്തരത്തിനു കീഴില്‍ ഒട്ടിപിടിച്ചിരിക്കുന്ന പല്ലിയെപ്പോലെയാണു വിശ്വം. ഈ ലോകം മുഴുവന്‍ തന്റെ തോളിലാണിരിക്കുന്നതെന്നാണു ധാരണ. വാസ്തവത്തില്‍ മറിച്ചൊന്നു തോന്നാന്‍ തക്ക ഇതുവരെ ലോകത്തിലൊന്നും കണ്ടുമില്ല.

ഒരു നാടുണ്ടായിരുന്നു. ആരോ അതു ദൈവത്തിനു പണയം കൊടുത്തു പെരുംവായ്പ വാങ്ങി. ഒത്തുപിടിച്ചാല്‍ മലയും പോക്കാവുന്ന വലിയൊരു കൂട്ടുകുടുംബത്തിലെ അമ്മാവന്മാരും മരുമക്കളും ചിറ്റമ്മമാരും കൂടി കടം വാങ്ങിയ പണമെല്ലാം പുളിശ്ശേരി വെച്ചുതീര്‍ത്തു. എന്നിട്ടും പോരാഞ്ഞ്‌ അവര്‍ തമ്മിലടിച്ച്‌, അടിയാന്മാര്‍ ആണ്ടറുതിയില്‍ കാണിക്ക വെക്കുന്ന സെന്റും വാസനസോപ്പും പാട്ടുപെട്ടികളും എല്ലാം തകര്‍ത്തെറിഞ്ഞു.

ഇപ്പോള്‍ എന്റെ ബന്ധുക്കളെല്ലാം കൂടി കൂട്ടംകൂട്ടമായി മാനവും പിന്നെ ജീവനും ത്യജിക്കയാണ്‌.
ഇറക്കിയ തുകയ്ക്കുപകരം ജപ്തി ചെയ്തെടുക്കാന്‍ ദൈവത്തിനുപോലും താല്‍പര്യമില്ലാതെ എന്റെ നാടുറങ്ങുകയാണിപ്പോള്‍.

കുറുനരികളും നരിച്ചീറുകളും ഞങ്ങളുടെ പുരയിടങ്ങള്‍ മോഹവിലക്കു തീറെഴുതുകയാണിപ്പോള്‍. ഇത്രയും നാള്‍ കണ്ണുകെട്ടി നടന്നിരുന്ന അമ്മമാര്‍ ശീല അഴിച്ച്‌ തങ്ങളുടെ നൂറ്റഞ്ചു മക്കളേയും കണ്ണുതുറന്നു കാണുകയാണിപ്പോള്‍.

ഓടുകളിളകുന്നു.
കൊടുംകാറ്റത്ത്‌ കഴുക്കോലുകള്‍ തങ്ങളുടെ മെലിഞ്ഞ കൈകള്‍ കൂട്ടിപ്പിണച്ച്‌ പരസ്പരം സഹിക്കുന്നുവെന്നേയുള്ളൂ.
അവിടവിടെ അമ്‌ളമഴ കിനിഞ്ഞിറങ്ങുന്നു. അമ്‌ളം വീണ്‌ ചുവരിലെ അരക്കെല്ലാം ഉരുകിപ്പുകഞ്ഞുപൊങ്ങുന്നു.

ഉത്തരം ചുറ്റി ചിതലുകള്‍ പുതിയ ചോദ്യങ്ങളുമായി നനവൊഴിഞ്ഞ കീഴിടങ്ങള്‍ തേടി വരുന്നു.
മുന്നില്‍ വന്നടിയുന്ന ചോദ്യങ്ങള്‍ക്കുമുന്നില്‍ പകച്ചങ്ങനെ
വിറങ്ങലിച്ചിരിക്കയാണു വിശ്വം.
പുളിയിറങ്ങാതെ ബാക്കിവന്ന തന്റെ ഒരംഗുലം ത്രിശങ്കു സ്വര്‍ഗത്തില്‍.
ഇപ്പോഴും ഭൂമി താനാണു ചുമക്കുന്നതെന്ന വിശ്വാസവും കൊണ്ടങ്ങിനെ ആ ഒരൊറ്റ ഉത്തരത്തില്‍ ചത്തിരിക്കുകയാണു വിശ്വം.


വാലവിടെ മുറിച്ചിട്ടിട്ട്‌ അവന്റെ ആത്മാവ്‌ ഗാന്ധാരദേശങ്ങളില്‍ അലഞ്ഞു നടക്കുകയാണിപ്പോള്‍.
കുലം മുച്ചൂടും മുടിഞ്ഞ അശ്വത്ഥാമാവിനെപ്പോലെ മരുഭൂമിയിലെ പൊടിക്കാറ്റായി ഉഴറിനടക്കുകയാണു വിശ്വമിപ്പോള്‍.

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...