Tuesday, April 19, 2005

തിരനോട്ടം (നിഴലുകളുടെ ഉത്സവം-2)

മൂടല്‍മഞ്ഞില്‍ കൊച്ചുകൊച്ചു സുഷിരങ്ങള്‍ ചൂഴ്ന്നെടുത്ത്‌ അവയ്ക്കുള്ളിലൂടെ കാറ്റു വന്നു.
ആദ്യം വെറുമൊരു കൊച്ചലയായി...
പിന്നെ മധുരമുള്ള, ലഹരിയുള്ള നീരാളമായി...

നാലു ദിക്കിലേക്കും പ്രണവമായി അതു പടര്‍ന്നൊലിച്ചു....

മുറിഞ്ഞുപോയ അച്ചുതണ്ടിന്റെ നോവ്‌ ഊറിയൂറിവന്ന് ഒടുവില്‍ ചെളിക്കുണ്ടുകള്‍ക്കിടയില്‍ വീണ്ടും ബ്രഹ്മമായി, പത്മമായി ഉദിക്കുകയാണ്‌....

മുകളില്‍ കര്‍മ്മപാശങ്ങളുടെ ജടകളിലേക്കും കീഴെ ഭവസാഗരങ്ങളുടെ നിരൃതിയിലേക്കും ആദ്യവും അന്തവും അറിയാതെ ജീവന്‍ അന്ധമായി മൂഢമായി നീന്തിത്തുടിച്ചു...

അണ്ഠകടാഹത്തിന്റെ ഓരോരോ ചെറുകോശങ്ങളിലേക്കും ഇനിയും ഉറയൊഴിക്കേണ്ട പരശ്ശതം ജന്മങ്ങളിലേക്കും അവന്‍ സഹസ്രപാദാക്ഷിശിരോരുബാഹുക്കളായി അലിഞ്ഞിറങ്ങി.

അനന്തരം ഭീകരമായ ഒരു മഹാനാദത്തോടെ കാറ്റ്‌, പുറത്ത്‌ സ്വച്ഛമായി വിശ്രമിക്കുന്ന നൈരന്തര്യത്തിലേക്ക്‌ ഉള്‍വലിഞ്ഞു.

വീണ്ടും പടര്‍ന്നുകയറാന്‍
പുതുതായി ഇന്ധനം നേടിയ അഗ്നിയുടെ വിജയകാഹളമായിരുന്നോ അത്‌?

അതോ വൈതരണിയിലൂടെ പൂഴ്ന്നിറങ്ങി വീഴുമ്പോഴും കയ്യകലത്തൊന്നും പിടിവള്ളികളില്ലെന്ന് നിരാശയോടെ തിരിച്ചറിഞ്ഞ്‌ ദീനദീനം നാം വിലപിച്ചതോ?


*******

താമരയുടെ മുറിഞ്ഞ ഞെട്ടില്‍നിന്നും രണ്ടു തുള്ളി ചുവപ്പ്‌ താഴെ അക്കല്‍ദാമായിലേക്ക്‌ ഇറ്റു വീണു....

താനുരുട്ടിയെടുത്ത പുത്തന്‍മണ്‍പാത്രത്തിന്റെ സ്വര്‍ണ്ണശോഭയിലേക്ക്‌ വിശ്വകര്‍മ്മാവ്‌ സാകൂതം നോക്കിയിരുന്നു...

പിന്നെ അതിനുള്ളിലേക്ക്‌ മുപ്പതു വെള്ളിക്കാശുകളിട്ട്‌ കറുത്ത തുണികൊണ്ട്‌ ഭദ്രമായി അതിന്റെ വാ മൂടിക്കെട്ടി.

കറുപ്പിനുള്ളില്‍ സത്യം സ്വാതന്ത്ര്യമായി അമൃതമായി മഥനം കാത്തുകിടന്നു...

മെല്ലെ, ലജ്ജയോടെ വര്‍ണ്ണരാജികള്‍ തിരനോട്ടം നടത്തുകയായിരുന്നു... സ്പന്ദനതാളം സ്വയം ഉരുക്കഴിച്ചുപഠിച്ചുകൊണ്ട്‌ വിശ്വം മറ്റൊരു കൊച്ചുറക്കത്തിലേക്കു വീണുപോയി....
*******

ഉണരുമ്പോള്‍ ആകെ ശബ്ദഘോഷമായിരുന്നു...

മുനിഞ്ഞുകത്തുന്ന തിരിവിളക്കുകള്‍ക്കിടയില്‍ സൂര്യനായി അച്ഛന്‍!

ക്ഷമയുടെ കരയില്ലാക്കടലായി, ഭൂമിയായി അമ്മ!

ഭൂമി പരന്നൊഴുകിയൊരു പാലാഴിയായി മാറി. ചുരന്നുവന്ന അമൃതം ദാഹത്തിനും ആലസ്യത്തിനും ഇടയ്ക്കുള്ള കുഞ്ഞുകുഞ്ഞുപഴുതിലൂടെ കിനിഞ്ഞിറങ്ങി.....

ഇളംചൂടുള്ള ഈ മധുരമാണോ നിറം?

ജ്വാലാമുഖിയായി കത്തിജ്ജ്വലിക്കാന്‍ പോകുന്ന ഈ തിരിവിളക്കുകളിലെ വെളുപ്പാണോ നിറം?

സ്ഫടികഗോളജാലകങ്ങള്‍ ഒരിട ആയാസപ്പെട്ട്‌ തിരനോട്ടം നടത്തി.

അങ്ങുയരത്തില്‍ ആകാശനീലിമയാര്‍ന്ന കയങ്ങള്‍!
ഇന്ദ്രനീലം...!

ശാന്തസുന്ദരമായ സ്നേഹകൂപങ്ങളുടെ നടുവില്‍നിന്നും സായൂജ്യം ഇന്ദ്രചാപമായി ഏഴായിരം കോടി വര്‍ണ്ണങ്ങളായി തന്നെ ലോലമായി ഉറ്റുനോക്കുന്നു...

ഹേ മഹാപിതാവേ, അങ്ങാണോ നിഴലുകളില്‍ വെളിച്ചത്തിന്റെ പൂത്തിരിവിത്തുകള്‍ പാകി സഹസ്രസൂര്യന്മാരെ സൃഷ്ടിക്കുന്ന വിവസ്വാന്‍?

സിന്ദൂരാരുണവിഗ്രഹയായി, ശക്തിയായി, ക്ഷമയായി, കാരുണ്യമായി എന്നെ അദ്വൈതമായി ഇങ്ങനെ പുണര്‍ന്നുകിടക്കുന്ന അമ്മേ, നീയാണോ നിറങ്ങളുടെ ദേവത?

എങ്കില്‍, ഇതുതന്നെയാണോ എന്റെ പുത്തരി വര്‍ണ്ണോത്സവം?

14 comments:

  1. ano anonnu chodicha ippo arkkariyam anonnu? swayam angu kantupidikkunnathalle nallathu? allel enikku neram kittuvanel njan anweshichu nokkam. hehe.

    Su.

    ReplyDelete
  2. വളരെ ഭംഗിയായി എഴുതിയിട്ടുണ്ടെങ്കിലും, എനിക്കൊന്നും മനസ്സിലായില്ല വിശ്വം; വിശ്വം കാര്യമായെന്തോ പറയാന്‍ ശ്രമിക്കുന്നുണ്ടെന്നല്ലാതെ... ആരെങ്കിലും ഇതിനൊരു commentry എഴുതിയാല്‍ വലിയ അനുഗ്രഹമായിരുന്നു.

    ReplyDelete
  3. സിബു,

    താങ്കള്‍ ഒറ്റയ്ക്കല്ല. എനിക്കും ഒന്നും മനസ്സിലായില്ല. ഇനി വിശ്വം തന്നിട്ടുള്ള കണ്ണിക (links) ളിലൂടെ ഒന്നു പോയിനോക്കണം, വല്ലതും മനസ്സിലാകുമോ എന്നു്‌.

    ഉമേഷ്‌

    ReplyDelete
  4. ഇനിയും വലിയ നിശ്ചയമില്ല, എന്നെങ്കിലും ആര്‍ക്കെങ്കിലും എന്നെ മനസ്സിലാവുമോ എന്ന്‌.

    പണ്ടൊക്കെ ഏറെ ദുഃഖിക്കാറുണ്ടായിരുന്നു.

    വാര്‍ട്രൌസറിട്ട മൂക്കൊലിയന്‍ ചെക്കന്‍ തന്റെ വാക്കുകള്‍ക്കിടയില്‍ ഗോപ്യമായി അര്‍ത്ഥങ്ങള്‍ തിരുകിവിടുമ്പോളൊക്കെയും...

    അവയൊക്കെ, പൂരപ്പിറ്റേന്നു പെറുക്കിയെടുക്കാറുണ്ടായിരുന്ന പടക്കങ്ങളിലെ പതിരു പോലെ എവിടൊക്കെയോ വെറുതെ ചീറ്റിത്തെറിച്ചു.

    "ചങ്കു"
    "കടുപ്പൊട്ടന്‍!"

    അകത്ത്‌ കിളിയുടെ ഉള്ളിലൊരു പാട്ട്‌ പകുതി ചാപ്പിള്ളയായി തേങ്ങി.

    പിന്നെ നാളുകള്‍ക്കുശേഷം അരികത്തുവിളിച്ച്‌ ചെറ്റൊരു കുറ്റബോധത്തോടെ അരയാല്‍ സമാശ്വസിപ്പിക്കുമായിരുന്നു: "എനിക്കിപ്പോള്‍ മനസ്സിലായി നിന്റെ യുക്തി!"

    അകത്തെ കിളി ചെക്കനെയോര്‍ത്ത്‌ പരിഹാസത്തോടെ ചിലച്ചു:
    "ചങ്കു"
    "കടുപ്പൊട്ടന്‍"

    കേള്‍ക്കേണ്ട ചെവിക്കു തിരിയാത്ത ഒരു വാക്കും വാക്കല്ല!
    കാണേണ്ട കണ്ണിനു കാണാത്ത ഒരു വരയും വരയല്ല!

    ......
    .....

    ഇപ്പോള്‍ നിര്‍വ്വികാരതയാണ്‌.

    ഒരുപക്ഷേ ഇപ്പോഴും അന്വേഷണമാണ്‌...

    എന്റെ വാക്കിനൊരു ചെവിയെവിടെ?

    ReplyDelete
  5. വട്ടായെന്നാ തോന്നുന്നതു്‌. കഷ്ടം! നല്ല മനുഷ്യനായിരുന്നു...

    :-)

    ReplyDelete
  6. അല്പം ബധിരതയുള്ളൊരു ചെവി അതിന്റെ സഹവര്‍ത്തിയായ ജിഹ്വയ്ക്കുണ്ടൊരു ചോദ്യം:
    പുക്കിള്‍കൊടിയില്‍ നിന്ന്‍ വേറിടും മുന്പേ വിരുന്നുവന്ന വര്‍ണോത്സവത്തില്‍ ആദ്യം വിരിഞ്ഞ വര്‍ണ്ണമേതായിരുന്നു? പ്രശാന്തസുന്ദരമായ ധവളാഭയെന്ന്‍ ആരോ പറഞ്ഞുകേട്ടു, ഇവിടുത്തോടൊന്ന്‍ ചോദിച്ച് ഉറപ്പിയ്ക്കാമെന്ന്‍ കരുതി. മാധവന്‍ "കനകത്തില്‍" എഴുതിയിരുന്നു, സ്ത്രീകളുടെ എല്ലാ കര്‍മ്മങ്ങളും പ്രസവം പോലെയാണെന്ന്; സ്വന്തം ചോര കൊടുത്ത്, ചൂരു കൊടുത്ത്, ചിന്ത കൊടുത്ത്... സത്യത്തില്‍ പ്രസവം സ്ത്രീകളുടെ മാത്രം കുത്തകയല്ലെന്ന്‍ വിശ്വത്തിനെ വായിക്കുമ്പോഴറിയുന്നു... പക്ഷെ പിറന്നുവീഴുന്ന കുഞ്ഞില്‍ നിന്ന്‍ തിരികെയൊന്നും പ്രതീക്ഷിയ്ക്കരുത്... ഒരുനാള്‍ വളര്‍ന്നു നിന്ന്, ഇതാണെന്റെ പിതാവെന്ന്‍ പറയുമ്പോള്‍ മന്ദഹസിയ്ക്കുവാനും മറക്കരുത്!

    ReplyDelete
  7. entha njaan parayendathu? ariyilla.
    nissahayatha.
    Su.

    ReplyDelete
  8. Peringotar/Viswam,

    I had understood the last part - the birth, but got confused with the previous ones.

    It seems Viswam means the process of creating a baby, in different ways. From one side, the process of fertilization; from another side, the process of an "atmaavu~" going through multiple lives. Did I get it right?

    What is the significance of the second part about "akkaldaama" etc.? It is describing a fetus that just has been conceived. Do you mean that all the sins of the previous lives, and all the wickedness of mankind is thurst upon it (30 coins), before it is born?

    Making more and more sense, but still unclear. The language also is a little bit complex. What is the meaning of "nirR^thi" mentioned there?

    Thanks,

    - Umesh

    ReplyDelete
  9. Dear Umesh,

    First, I was thinking of adding little footnotes for EACH word in the text. Then it seemed rather too difficult and too exposing...

    Let me try giving Some clues....

    (it is essential to read the first part first)

    There are mainly three aspects or levels the series dwells upon...

    1. Creation of the universe, earth in particular.
    Hindu (particularly Geeta Govinda, Agnipuranam, Devibhagavatham, SMB) and Semitic mythology have been heavily imbibed. An attempt is made to depict the genesis and evolution of cosmos. The five elements, and their stimulations gradually causing five senses...
    In a particular domain, the time evolves and manifests in a periodic and linear rhythm.
    The climate and weather...
    An equilibrium that tries both to stabilize and get away from within itself...

    2. The fertilization, with a very hideous stress on the actual physical act of sex, it's foreplays and aftermath.

    3.The growth of fetus and ultimate birth.

    The three mindscapes are not sequential or (at first,) inter-related. From the beginning to the end of the whole narration, one need to look through a fresh and different mindscape.

    vizwam - is essentially the material universe/ earth and it's little neighbourhood. It is also the manifestation of the present time-space continum, which, to me is one long single life through thousands of species and generations. it also is the self, the individual, first as a sperm and then as a neonate.


    Akkaldama:
    Think 1
    Think 2
    Think 3


    About the pot:
    Judas bought akkaldaama, the blood land, from a pot-maker, (kuzavan). Later, mad and self-comdemned, he threw these coins back in the same land, the priests picked them up and bought the land (again!) from the potmaker.

    I call the pot-maker, the viswakarma, the male in the play of creation, the father...

    Again
    Think 1
    Think2
    Think3

    (read a lot of erotism between the lines too..)

    Isavasya upanisat says: hiranmayena patrena satyasyapihitam mukham|
    tat tvam pusannapavrnu satyadharmaya drstaye||
    (#1. The absolute truth is hidden within a golden pot.....
    #2.An alternate meaning - The effulgent form of the Lord, who is present (even) in the solar orb and is of complete auspicious qualities, is concealed from my vision; O Complete One, I pray to thee that thou mayest disclose thine form (which I otherwise would never be able to see) to me, thy devotee.)

    Agnipuranam mentions about the creation of the cosmic seed as a golden orb.

    Nirr^thi:
    One of the 8 'vasu's-'dikpala's; his world.
    (='krishnanjana', the world/direction of south west, where 'tamas' is at it's maximum.

    Nirr^thi = JyeshTha (Goddess of darkness, unluck)(moozETTa), death, destruction, the abyss, the unknown, the bottom
    Nirr^thi has been quoted so very often and in so many different forms from early vedic sanskrit texts to the later classic ones but invariably meaning the negative qualities.
    (Some more: The mother of 'bhayam', 'mahaabhayam' and 'mr^thyu'; daughter of 'himsa'; wife of 'adharma','narakam' etc.)
    (Also the Deepest trench of the bhavam, the ocean of materialistic maya to which vaitharaNi flows. It is from this point, 'kundalini' should evolve through purification)
    ( Monier Williams)

    (Think some sex too..)


    The metaphors are mostly referred through a long-forgotten memory of early readings, hence accuracy may be in short supply.


    There are many hints to a prevailing evil too throughout these processes. From a vantage afar, one could not judge what is evil and sin and what is good and virtual.


    It is my humble feeling that it might take many readings with each aspect to find an inter-woven relation common to all.

    No more can I hint...!

    If time permits, I might continue my raving...

    ReplyDelete
  10. havoooooooo !!!! enikkippo manassilaayi. ithonnum enikku manassilaakoolaannu.
    Su.

    ReplyDelete
  11. This comment has been removed by a blog administrator.

    ReplyDelete
  12. asaaanee , namichuuuuu... :)
    This aint my cup of coffee :( My poor brain got saturated reading all these.

    ReplyDelete
  13. ചിന്തകള്‍ മൂളുന്ന തേനീച്ചകളായി
    ഉറക്കം കെടുത്തുന്ന അലാറമായി
    വാക്കുകളായി
    മന്ത്രങ്ങളായി
    മൂളുന്ന ശബ്ദങ്ങളായി
    അശരീരികളായി
    വിശ്വമായി
    വിശ്വപ്രഭയായി
    ബിംബങ്ങളായി
    വിശേഷാല്‍ ഗ്രഹിക്കേണ്ട വിഗ്രഹങ്ങളായി
    വിഗ്രഹങ്ങള്‍ ഭഞ്ചിയ്ക്കപ്പെട്ടു
    രൂപാന്തരം പ്രാപിയ്ക്കുന്ന മേഘങ്ങളായി
    പിന്നീട്‌
    കാണാത്ത മച്ചില്‍ തൂക്കികെട്ടിയ
    ബ്ലോഗ്‌ ലയിനില്‍ വവ്വാലുകളായി തൂങ്ങിക്കിടന്നു
    പിന്നീടവയ്ക്കു രക്ഷപ്പെടാന്‍ കഴിഞ്ഞില്ല!!!
    ചിന്തകളില്‍ നിന്നും വാക്കുകള്‍ക്കെന്നാണൊരു രക്ഷ?
    വിശ്വത്തില്‍നിന്നും ബിംബങ്ങള്‍ക്കെന്നാണൊരു രക്ഷ?

    viSwam kshamiykkooooo, please

    ReplyDelete
  14. എന്തെങ്കിലുമൊക്കെ ചെറുതെങ്കിലും എഴുതൂ ഗുരുജീ...

    ReplyDelete

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...