Tuesday, March 20, 2007

ഈ ദിവസത്തിനു നന്ദിയോടെ...

വല്ലപ്പോഴും ചിലപ്പോള്‍, വളരെ അപൂര്‍വ്വമായിത്തന്നെയെന്നുപറയാം, ചില ദിവസങ്ങളില്‍ നമുക്ക് ആനന്ദക്കണ്ണീര്‍ വരും.
ഇന്ന് എനിക്ക് അങ്ങനെയൊരു ദിവസമാണ്!


കുറച്ചുനാളായി നമ്മുടെ കൂടെയുള്ള ഒരു ബ്ലോഗര്‍ അദ്ദേഹത്തിന്റെ തന്നെ അനുഭവങ്ങളിലൂടെയുണ്ടായ ചില തെറ്റിദ്ധാരണകള്‍ മൂലം വേറിട്ട സ്വന്തമായ ഒരു വഴിയിലൂടെ നടക്കുകയായിരുന്നു. മറ്റെല്ലാ ബ്ലോഗര്‍മാരെയും അനിഷ്ടപ്പെടുത്തുന്ന ദൂരം വരെ അദ്ദേഹം ഒറ്റയ്ക്കു നടന്നുപോയ്ക്കൊണ്ടിരുന്നു...

ഇന്ന് അദ്ദേഹത്തിന്റെ ഉള്ളിലെ നന്മയെ നമുക്ക്, ബൂലോഗര്‍ക്ക്, തിരിച്ചുകിട്ടിയിരിക്കുന്നു!

:-)

ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് ചിത്രകാരന്‍ എന്ന ബ്ലോഗര്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ആരോ അദ്ദേഹത്തിനെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി എന്ന്‌ അതില്‍ പരാമര്‍ശിച്ചിരുന്നു. ഒട്ടും ആശാസ്യമല്ലാത്ത വിധത്തില്‍ ഇത്തരമൊരു സംഭവമുണ്ടായതില്‍ ഞാനും ഉള്‍പ്പെട്ടിരിക്കാം എന്ന് പരോക്ഷമായ സൂചനയുമുണ്ടായിരുന്നു അതില്‍. അതുകൊണ്ടു തന്നെ എന്റെ ഒരു മറുപടിയും ആ പോസ്റ്റിനു കീഴില്‍ കമന്റായി ഇട്ടിരുന്നു.

പല കഴിവുകളുമുള്ള ഒരു മലയാളം എഴുത്തുകാരന്‍ എന്ന നിലയില്‍ ചിത്രകാരന്‍ എന്ന ഈ ബ്ലോഗറെ നമുക്ക് സാവധാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതില്‍ വളരെ വേദന തോന്നിയിരുന്നു എനിക്കിത്രയും നാള്‍. ബ്ലോഗ് എന്ന വ്യത്യസ്തപ്രപഞ്ചത്തിന്റെ ഊടും പാവും അറിയാഞ്ഞതായിരി‍ക്കാം, അദ്ദേഹത്തിന്റെ ഭാഷ പലപ്പോഴും സാധാരണ ബ്ലോഗുവായനക്കാര്‍ക്ക് രസിക്കത്തക്കതായിരുന്നില്ല. അതുകൊണ്ടു തന്നെ തീര്‍ത്തും ദുഷ്ക്രമമായ ഒരു വിനിമയബന്ധം അദ്ദേഹത്തിനും ഞാനടക്കമുള്ള മറ്റു മിക്ക ബ്ലോഗേര്‍സിനും തമ്മില്‍ ഉടലെടുത്തുപോയി.

എന്തായാലും ഇന്നത്തെ ആ പോസ്റ്റിനുശേഷം അദ്ദേഹവുമായി നേരിട്ട് ആശയബന്ധം സ്ഥാപിക്കാന്‍ ഞാന്‍ ശ്രമിച്ചു. ഒട്ടൊരു ആശങ്കയോടെയാണ് ഞങ്ങള്‍ പരസ്പരം തുടങ്ങിവെച്ചതെങ്കിലും ഏതാനും നിമിഷങ്ങള്‍ക്കകം ഞങ്ങളുടെ ഇടയില്‍ രൂപം കൊണ്ടിരുന്ന വലിയ മഞ്ഞുമലകളൊക്കെ ഒരു പൊടിപോലും ബാക്കിയില്ലാതെ അലിഞ്ഞുപോയി!

ചിത്രകാരന്‍ എന്ന കൂട്ടുകാരന്‍ ഇനി മുതല്‍ നമുക്കിടയില്‍ നമ്മെയൊക്കെ അര്‍ഹിക്കുന്ന വിധത്തില്‍ മാനിച്ചുകൊണ്ടു തന്നെ സഹവര്‍ത്തിക്കാമെന്ന് ഉറപ്പു തന്നിട്ടുണ്ട്. അതുപോലെ അദ്ദേഹത്തിന്റെ വികാരവിചാരങ്ങളില്‍‍ അവയ്ക്കൊത്തനിലയില്‍ മറ്റുള്ളവരും പങ്കെടുക്കുമെന്ന് ഞാനും പ്രത്യാശ നല്‍കിയിട്ടുണ്ട്.

അദ്ദേഹത്തിന് നമ്മോടും നമ്മുടെ സമൂഹത്തിനോടും ധാരാളം തുറന്നു സംസാരിക്കാനുണ്ട്. അതെല്ലാം ക്ഷമാപൂര്‍വ്വം കേള്‍ക്കാനും സ്വതന്ത്രമായി പരസ്പരം ചര്‍ച്ച ചെയ്യാനും ഇനി നമുക്ക് ശ്രമിക്കാം. അതേ സമയം ബ്ലോഗില്‍ തന്നെയുള്ള ഏതെങ്കിലും പ്രത്യേകവ്യക്തികളിലും വ്യക്തിബന്ധങ്ങളിലും ഊന്നിയുള്ള വേദനാജനകമായ പരാമര്‍ശങ്ങള്‍ അദ്ദേഹം സ്വന്തം ലേഖനങ്ങളിലും കമന്റുകളിലും ഉള്‍പ്പെടുത്തില്ലെന്ന് നമുക്ക് പ്രതീക്ഷിക്കുകയും ചെയ്യാം!

ഭാവിയിലെ ബ്ലോഗുകളുടെ സാമൂഹ്യ ഉപയുക്തതയെക്കുറിച്ച് ചിത്രകാരന് നല്ല അവബോധമുണ്ടെന്നു് കുറഞ്ഞ സമയത്തെ ഞങ്ങളുടെ സംഭാഷണത്തിലൂടെ മനസ്സിലായി. ഉദാഹരണത്തിന് കേരളത്തിലെ എല്ലാ ഇന്റെര്‍നെറ്റ് കഫേകളിലുംമലയാളം യുണികോഡ് ഫോണ്ടുകളും ഉപകരണങ്ങളും ശീലമാക്കാന്‍ നാം ഉത്സാഹിക്കണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു!

ആ കൂട്ടുകാരന്റെ മനസ്സിനെ വിഷമിക്കുന്ന തരത്തില്‍ ഞാനായിട്ടോ എന്റെ സുഹൃത്തുക്കളായ മറ്റു മലയാളം ബ്ലോഗര്‍മാര്‍ ആയിട്ടോ എന്തെങ്കിലും തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെല്ലാം വേണ്ടി മാപ്പുചോദിക്കാനുള്ള സ്വാതന്ത്ര്യം ഞാന്‍ ഇവിടെ എടുത്തോട്ടെ?

ഞങ്ങളുടെ സംസാരം കഴിയുന്നതിനിടയില്‍ തന്നെ അദ്ദേഹം നേരത്തെ സൂചിപ്പിച്ച ബ്ലോഗ് പോസ്റ്റും ഡീലിറ്റു ചെയ്തു കളഞ്ഞു!! അതിന് ചിത്രകാരനോട് പ്രത്യേക നന്ദി!

കൃത്യമായി തിരിച്ചറിയാതെ പരസ്പരം വഴിപിരിഞ്ഞു പോയ ഒരു നല്ല സഹജീവിയെ നമുക്കു തിരിച്ചു തന്നതിന് ഈ ദിവസത്തിനോട് എനിക്കു വളരെ നന്ദിയുണ്ട്....!

73 comments:

  1. നല്ല വാര്‍ത്ത. എല്ലാം നല്ലതിനാവട്ടെ.

    പലരും മറന്നുപോയതും പലര്‍ക്കും അറിയാന്‍ വയ്യാത്തതുമായ നന്മകളും നല്ല രീതികളും ബ്ലോഗില്‍ കാണുമ്പോള്‍ സന്തോഷം തോന്നുന്നു. മനസ്സ് തുറന്ന് സംസാരിക്കാനും സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാനും മനസ്സിലായില്ലെങ്കില്‍ ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോഴെങ്കിലും മനസ്സിലാക്കാനും തെറ്റാണെന്ന് ബോധ്യമായാല്‍ അത് അംഗീകരിക്കാനും ക്ഷമ ചോദിക്കാനും ക്ഷമിക്കാനുമൊക്കെയുള്ള മനസ്സും രീതികളും ബ്ലോഗില്‍ കൂടിയെങ്കിലും തിരിച്ച് കിട്ടട്ടെ നമുക്കെല്ലാവര്‍ക്കും.

    നമ്മള്‍ പല മലയാളികള്‍ക്കും അപകടകരമാം വണ്ണം ഇതെല്ലാം കൈമോശം വന്നുകൊണ്ടിരിക്കുന്നു.

    ഒരുപാട് നന്ദി. ആശംസകള്‍.

    വക്കാരി

    ReplyDelete
  2. ബൂലോഗം ആ പഴയ ഊഷ്മളതയിലേക്ക് തിരിച്ചുവരുന്നുവോ!

    സന്തോഷം...

    ReplyDelete
  3. നന്നായി. ബെര്‍ലിയേയും പിന്മൊഴിയിലേയ്ക്ക് തിരികേ കൊണ്ടുവരണം എന്നാണ് എന്റെ ആഗ്രഹം. (ബെര്‍ലിക്ക്‌ താത്പര്യമുണ്ടെങ്കില്‍).

    ഇവിടെ നിന്നും പുറത്താക്കപ്പേടാനുള്ള കണ്ടീഷന്‍സ് പോലെ ഏതുസന്ദര്‍ഭത്തില്‍ ഒരാളെ തിരിച്ചെടുക്കാന്‍ സാധിക്കും എന്നതിനുള്ള പൊതുധാരണയും നമുക്ക്‌ വേണം.

    ബെര്‍ലിയുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ എല്ലാ കൃതികളും ‘ഫാമിലി’ ഓറിയന്റഡായ പിന്മൊഴിക്കും തനിമലയാളത്തിനും യോജിച്ചവയല്ല. അതുകൊണ്ട്‌ ഞാന്‍ ബെര്‍ലിയോടഭ്യര്‍ഥിക്കുക ഇതാണ്: തന്റെ ബ്ലോഗിനെ രണ്ടാക്കി ഒന്ന്‌ ഫാമിലിക്ക്‌ വിരോധമില്ലാത്തതും മറ്റേത്‌ അഡള്ട്ട് ഓണ്‌ലിയും ആക്കണം.

    ആദ്യത്തേത്‌ പിന്മൊഴിയിലും തനിമലയാളത്തിലും വരണം. രണ്ടാമത്തേത്‌ ആള്‍ട്ട്മൊഴിയിലും. ദേവന്റെ നേതൃത്വത്തില്‍ നടക്കുന്ന ‘മലയാളഭാഷാപുനരുദ്ധാരണവും‘ ഇങ്ങനെ തന്നെ :)

    ReplyDelete
  4. എനിക്കു വിശ്വസിക്കാനാവുന്നില്ല!
    വിശ്വം.
    എല്ലാം നല്ലതിനാവട്ടെ!
    നന്മ മാത്രം പ്രതീക്ഷിക്കാം.
    നന്മ മാത്രം പ്രചരിപ്പിക്കാം.
    ഒരു കുന്നോളം കൊടുത്താല്‍ ഒരു കുന്നിക്കുരുവോളം
    എവിടെ നിന്നെങ്കിലും തറ്റിച്ചു കിട്ടും
    അപ്രതീക്ഷിതമാകുമ്പോള്‍ അതിനു വല്ലാത്തൊരു സംതൃപ്തിയുണ്ടാവും.
    വിശ്വത്തിന്റെ സദുദ്യമങ്ങള്‍ക്കു കൂട്ടായി എന്നും ഈ കൂട്ടയ്മയുണ്ടാവും
    ഭാവുകങ്ങള്‍

    ReplyDelete
  5. എനിക്കു വിശ്വസിക്കാനാവുന്നില്ല!
    വിശ്വം.
    എല്ലാം നല്ലതിനാവട്ടെ!
    നന്മ മാത്രം പ്രതീക്ഷിക്കാം.
    നന്മ മാത്രം പ്രചരിപ്പിക്കാം.
    ഒരു കുന്നോളം കൊടുത്താല്‍ ഒരു കുന്നിക്കുരുവോളം
    എവിടെ നിന്നെങ്കിലും തിരിച്ചു കിട്ടും
    അപ്രതീക്ഷിതമാകുമ്പോള്‍ അതിനു വല്ലാത്തൊരു സംതൃപ്തിയുണ്ടാവും.
    വിശ്വത്തിന്റെ സദുദ്യമങ്ങള്‍ക്കു കൂട്ടായി എന്നും ഈ കൂട്ടയ്മയുണ്ടാവും
    ഭാവുകങ്ങള്‍

    ReplyDelete
  6. ഒരു കൂട്ടായ്മയെ സംബന്ധിച്ച് നല്ല വാര്‍ത്ത.

    ReplyDelete
  7. ഈയടുത്ത്‌ കേട്ടതില്‍ വെച്ച്‌ ഏറ്റവും നല്ല വാര്‍ത്ത, നമ്മളില്‍ അവശേഷിക്കുന്ന നന്മകളില്‍ ചിലതെങ്കിലും തിരിച്ചു പിടിക്കാനാകുന്നുവെങ്കില്‍ അതിലപ്പുറം പിന്നെന്തുവേണം..വിശ്വേട്ടന്‍, നന്ദി. ഈ പോസ്റ്റിനടിയില്‍ വന്ന് ഒരു കമന്റിട്ട്‌ ഇരുന്നൂറോ മുന്നൂറോ അടിച്ച്‌ ഒന്ന് ആഘോഷിക്കൂ കൂട്ടരേ..

    ReplyDelete
  8. മലയാളത്തില്‍ ബ്ലോഗെഴുതുന്നവര്‍ക്ക് എന്തുകൊണ്ടും അഭിമാനിക്കാവുന്ന ഒന്നായി ഞാന്‍ ഇതിനെ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. കൂട്ടം തെറ്റിയ കുഞ്ഞാടിനെ മുള്ളുവടികൊണ്ടടിച്ച് മുറിവേല്‍പ്പിക്കാതെ കൈപിടിച്ച് കൂട്ടത്തിലെത്തിച്ച വിശ്വേട്ടന്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. വരൂ ചിത്രകാരാ, നമുക്ക് അനീതിക്കെതിരെ പ്രതികരിക്കാം, നന്മയെയും നീതിയെയും വാഴ്ത്തിപ്പാടാം.

    ReplyDelete
  9. എല്ലാം നല്ലതിനു്.‍ നന്മകള്‍‍ക്കായി പ്രാര്‍ഥിക്കുന്നു.

    ReplyDelete
  10. ഉരുകാന്‍ അറച്ച്, വല്ലപ്പോഴും അടര്‍ന്നു വീഴാന്‍ മാത്രം ശീലമുള്ള മറ്റനേകം ബൂലോഗ മഞ്ഞുമലകളേയും ഉരുക്കാന്‍ എല്ലാ നല്ല മനസുകളും ഒരുമ്പെടട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  11. വളരെ സന്തോഷം..

    ReplyDelete
  12. ഒരുപാട് സന്തോഷം:)

    ReplyDelete
  13. സന്തോഷം! നല്ല വാര്‍ത്ത!!

    ReplyDelete
  14. വിശ്വേട്ടാ നല്ല വാര്‍ത്ത... തെറ്റുകള്‍ പരസ്പരം തിരുത്തി പരസ്പരം അറിയുന്ന പുതിയൊരു തുടക്കം.

    ചിത്രകാരന്‍ മഷേ ഒരു പാട് നന്ദി. ഒത്തിരി ആശംസകള്‍.

    ReplyDelete
  15. ബ്ലോഗാന്‍ പാടില്ലാത്തൊരിടത്താണ്‌ ഞാന്‍ ഇരിക്കുന്നത്‌. എങ്കിലും ഇത്‌ വായിച്ച്‌ മിണ്ടാതെ പോകുന്നതെങ്ങനെ?

    അഭിനന്ദാവനങ്ങള്‍ വിശ്വം മാഷേ, ചിത്രകാരാ. ഇന്നലെ രാത്രി ഈ പോസ്റ്റ്‌ മിന്നായം പോലെ ഒന്നു കണ്ടെങ്കിലും വായിച്ചില്ല. ഇപ്പോഴാണു സംഭവം മനസ്സിലാക്കിയത്‌.

    നീട്ടിയെഴുതാനുള്ള സാവകാശമില്ല. ഒരുപാട്‌ സന്തോഷമായെന്നു പറഞ്ഞിട്ടു പോകട്ടെ.

    ReplyDelete
  16. എന്‍റെ സന്തോഷം ഞാന്‍ എങ്ങനെ പങ്കുവെയ്ക്കുമെന്നറിയാതെ ആനന്ദ കണ്ണീര്‍ എന്നിലും പൊഴിഞ്ഞു വളരെ വളരെ വളരെ സന്തോഷം ഉണ്ടാക്കിയ വാര്‍ത്ത

    ചിത്രക്കാരാ ..
    നോക്കൂ ആരെങ്കിലും ചെറിയ എതിര്‍പ്പെങ്കിലും ഉന്നയിക്കുന്നുണ്ടോ എന്ന് ഇതാണ് സ്നേഹ ബൂലോകം എന്നെല്ലാം പറയുന്നത് ഇനി അഥവാ ആരെങ്കിലും അനോണിയായി വന്ന് എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ അവര്‍ ബൂലോക കൂട്ടായ്മയില്‍ നിന്നകലെയുള്ളവരായിരിക്കും തീര്‍ച്ച

    വിശ്വേട്ടാ ആരെങ്കിലും അനോണിയായി വന്ന് ഇനിയും കുളം കലക്കുന്നുവെങ്കില്‍ ചെവിക്ക് പിടിച്ച് പുറത്ത് തള്ളണം ( വിശ്വേട്ടന്‍റെ പോസ്റ്റില്‍ അനാവശ്യമായി അനോണി കമന്‍റുകള്‍ വരിലാന്ന് ബൂലോകര്‍ക്ക് ഏവര്‍ക്കും അറിയാം എങ്കിലും)

    ഈ സന്തോഷം ബൂലോകര്‍ ഏവരും പങ്കുവെയ്ക്കുക
    സസ്നേഹം
    ഫാറൂഖ് ബക്കര്‍ പൊന്നാനി

    ReplyDelete
  17. വളരെ വളരെ സന്തോഷം... :)

    ഇന്നലെ തന്നെ എനിക്കുറപ്പ് തോന്നിയിരുന്നു, ഇങ്ങിനെ ഒരു പോസ്റ്റ് ചിത്രകാരന്‍റെ ഭാഗത്ത് നിന്നോ അല്ലെങ്കില്‍ വിശ്വേട്ടന്‍റെ ഭാഗത്ത് നിന്നോ ഇന്നു കാണാം എന്ന്... ദൈവത്തിനു നന്ദി.

    ചിത്രകാരനില്‍ വളരെ നല്ലൊരു എഴുത്തുകാരന്‍ ഉണ്ട്, അത് ബൂലോഗത്തിന് മുതല്‍ക്കൂട്ടാവട്ടെ.

    ഭാവുകങ്ങള്‍...

    പല തെറ്റിദ്ധാരണകളേയും ഇല്ലായ്മ ചെയ്ത് ഈ മാര്‍ച്ച് മാസം ബ്ലോഗില്‍ പഴയ ആവേശം തിരിച്ചെത്തിച്ചിരിക്കുന്നു.

    എല്ലാവര്‍ക്കും നന്ദി

    - അഗ്രജന്‍ -

    സ്വന്തം ഐഡിയില്‍ ഇന്നാവാനാവുന്നില്ല

    ReplyDelete
  18. എന്‍റെ സന്തോഷം ഞാന്‍ എങ്ങനെ പങ്കുവെയ്ക്കുമെന്നറിയാതെ ആനന്ദ കണ്ണീര്‍ എന്നിലും പൊഴിഞ്ഞു വളരെ വളരെ വളരെ സന്തോഷം ഉണ്ടാക്കിയ വാര്‍ത്ത

    ചിത്രക്കാരാ ..
    നോക്കൂ ആരെങ്കിലും ചെറിയ എതിര്‍പ്പെങ്കിലും ഉന്നയിക്കുന്നുണ്ടോ എന്ന് ഇതാണ് സ്നേഹ ബൂലോകം എന്നെല്ലാം പറയുന്നത് ഇനി അഥവാ ആരെങ്കിലും അനോണിയായി വന്ന് എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ അവര്‍ ബൂലോക കൂട്ടായ്മയില്‍ നിന്നകലെയുള്ളവരായിരിക്കും തീര്‍ച്ച

    വിശ്വേട്ടാ ആരെങ്കിലും അനോണിയായി വന്ന് ഇനിയും കുളം കലക്കുന്നുവെങ്കില്‍ ചെവിക്ക് പിടിച്ച് പുറത്ത് തള്ളണം ( വിശ്വേട്ടന്‍റെ പോസ്റ്റില്‍ അനാവശ്യമായി അനോണി കമന്‍റുകള്‍ വരിലാന്ന് ബൂലോകര്‍ക്ക് ഏവര്‍ക്കും അറിയാം എങ്കിലും)

    ഈ സന്തോഷം ബൂലോകര്‍ ഏവരും പങ്കുവെയ്ക്കുക
    സസ്നേഹം
    ഫാറൂഖ് ബക്കര്‍ പൊന്നാനി

    ReplyDelete
  19. നന്നായിരിക്കട്ടെ!

    ReplyDelete
  20. നല്ലത്.
    എല്ലാവര്‍ക്കും.

    -സുല്‍

    ReplyDelete
  21. അയാം ദ ഹാപ്പി

    പല വിഷയങ്ങളിലും എതിര്‍പ്പുണ്ടായിരുന്നെങ്കിലും മറ്റു പല കാര്യങ്ങളിലും പേഴ്സണലായി (ലാലു അലക്സ് സ്റ്റൈലില്‍) എനിക്ക് ബഹുമാനം തോന്നിയ ഒരാളായിരുന്നു ചിത്രകാരന്‍. തെറ്റിദ്ധാരണകള്‍ കൊണ്ടും അഭിപ്രായ വിത്യാസങ്ങള്‍ കൊണ്ടും ഇവിടെ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ വിഷമം തോന്നി. വീണ്ടും തിരിച്ചു വരുന്നെന്നറിഞ്ഞപ്പോള്‍ പെരുത്തു സന്തോഷം. മുന്‍‌കൈയ്യെടുത്ത വിശ്വേട്ടന് അഭിനന്ദങ്ങള്‍

    ReplyDelete
  22. Hi Chithrakaran,
    Good to know that you have cleared out the differences. You have some god talents and please use teh Blogs to enlighten them.

    Welcome Back !!

    I agree with Cibu's views on Berli.. He shd be allowed in Pinmozhikal

    Happy to see those recent black clouds of Groupism, Rebelism Etc are moving away from the Mal Blogs

    Regards to All

    ReplyDelete
  23. Hi Chithrakaran,
    Good to know that you have cleared out the differences. You have some good talents and please use the Blogs to enlighten them.

    Welcome Back !!

    I agree with Cibu's views on Berli.. He shd be allowed in Pinmozhikal

    Happy to see those recent black clouds of Groupism, Rebelism Etc are moving away from the Mal Blogs

    Regards to All

    ReplyDelete
  24. ചിത്രകാരനണ്ണാ,
    ചുമ്മാ ബാ. നമ്മള്‍ക്ക് തമര്‍ത്താം. :-)

    വിശ്വേട്ടാ,
    കൊട് കൈ! :-)

    ReplyDelete
  25. നല്ല വാര്‍ത്ത. എല്ലാം നല്ലതിനാവട്ടെ. -സു-

    ReplyDelete
  26. അതു ജോര്‍......ചിത്രകാരാ......ഇനി ഒരു അടിപൊളി പോസ്റ്റ്‌ ഇങ്ങട്‌ പോരട്ടേ.......നമക്ക്‌ ഇവിടെ കിടന്ന് അര്‍മാദിക്കാന്നേ......

    വിശ്വേട്ടാ......കലക്കി...ദിതിനു കൊടുക്കണം കാശ്‌....

    ReplyDelete
  27. വിശ്വേട്ടാ, വളരെ നല്ല കാര്യം.

    ചിത്രകാരാ, കൊടുകൈ. താങ്കള്‍ വളരെ കഴിവുള്ള ഒരു ചിത്രക്കാരനും, കാര്‍ട്ടൂണിസ്റ്റും, എഴുത്തുകാരനുമാണെന്നുള്ളതിനു സംശയമില്ല. ബ്ലോഗാണ്, ബ്ലോഗാണ്, ബ്ലോഗാണ്, മടിച്ചു നില്‍ക്കാതെ കടന്നു വരൂ (നാളെയാ‍ണ്, കേരള ഭാഗ്യക്കുറി സ്റ്റൈലില്‍.

    സിബു പറഞ്ഞതുപോലെ ബെര്‍ളിയേയും ബൂലോകത്തിലേക്ക് കൊണ്ടു വരണം.

    ReplyDelete
  28. ചിത്രകാരന്‍ ചേട്ടോയ്യ്‌... അപ്പോ, ഇപ്പോ ഞാന്‍ ആരായി?

    പ്രതിഷേധം പ്രതിഷേധം. ഞാന്‍ പിന്മൊഴിയിലെ മുക്കിലു ധര്‍ണ്ണ നടത്തും....

    ReplyDelete
  29. ഇന്നത്തെ ഈ വാര്‍ത്ത നല്ലതുതന്നെ.

    ചില തെറ്റിധാരണകള്‍ മൂലം പരസ്പരം അകലുന്നതിലും നല്ലത് സൌഹൃദസംഭാഷണങ്ങളിലൂടെ ആ തെറ്റിധാരണകള്‍ മാറ്റുന്നതാണ്.

    ഇതൊരു നല്ല തുടക്കമാവട്ടെ.

    ReplyDelete
  30. മലയാളം ബൂലോകത്തിന്, ഇത് നന്മയുടെ ദിനം.

    കുഞ്ഞു വലിയ അഭിപ്രായവ്യത്യാസങ്ങള്‍ക്കൊടുവില്‍, ചൂണ്ടിക്കാണിക്കാന്‍ വലിയൊരു നന്മ.

    ചിത്രകാരാ സ്വാഗതം.
    വിശ്വേട്ടാ നന്ദി.

    ReplyDelete
  31. നല്ല വാര്‍ത്ത. നന്ദി ചിത്രകാരാ, നന്ദി വിശ്വേട്ടാ

    ചിത്രകാരോ, ദ്വേഷ്യം വരുമ്പോള്‍ നമ്മളൊക്കെ തമ്മില്‍ തല്ലാറുണ്ട്. നമുക്കതൊക്കെ മറക്കാം. നിങ്ങളെ ഞാന്‍ ചീത്ത വിളിച്ചതെല്ലാം പൊറുക്കുക.

    സിബു പറഞ്ഞ പോലെ, ബെര്‍ളിയും വരട്ടെ. ലോനപ്പനും അജ്ഞാതവാസത്തില്‍ നിന്ന് പുറത്തുവരട്ടെ.

    അഗ്രഗേറ്ററുകള്‍ (കമന്റ് അഗ്രഗേറ്ററായാലും ബ്ലോഗ് അഗ്രഗേറ്ററായാലും) ബ്ലോഗര്‍മാരെ മൊത്തം പ്രതിനിധീകരിക്കുന്ന സ്ഥാപനങ്ങളായി കാണുന്ന പ്രവണത മാറണം. അധികാരസ്ഥാപനങ്ങളായി അഗ്രഗേറ്ററുകള്‍ വളരുന്നത് ആശ്വാസകരമായ പ്രവണതയല്ല.

    തനിമലയാളം, മലയാളം‌ബ്ലോഗ്സ് പോലുള്ള അഗ്രഗേറ്ററുകള്‍ മനോരമ പോലെ, മാതൃഭൂമി പോലെ സ്വകാര്യ സ്ഥാപനങ്ങളാവുന്നതാണ് നല്ലത്.

    “പുറത്താക്കലും തിരിച്ചെടുക്കലും” അധികാരവുമായി ബന്ധപ്പെട്ട വാക്കുകളാണ്. തനിമലയാളത്തിനോ മലയാളം‌ബ്ലോഗ്സിനോ മൊത്ത മലയാളി ബ്ലോഗര്‍മാരുടെ പേരില്‍, ബ്ലോഗര്‍മാരെ പുറത്താക്കാനും തിരിച്ചെടുക്കാനും അവകാശമില്ല.

    തീര്‍ച്ചയായും “പുറത്താക്കലും തിരിച്ചെടുക്കലും” അവര്‍ക്ക് ചെയ്യാം, എന്നാല്‍ അങ്ങനെയൊരു നീക്കത്തിന് മുമ്പ് തനിമലയാളവും മലയാളം‌ബ്ലോഗ്സും ബ്ലോഗര്‍മാര്‍ക്ക് മുമ്പില്‍ സ്വയം നിര്‍വചിക്കേണ്ടതുണ്ട്.

    ഓരോ അഗ്രഗേറ്ററിനും വ്യക്തമായ രാഷ്ട്രീയമുണ്ട്. അഗ്രഗേറ്റര്‍ ആര്‍ക്കും തുടങ്ങാം, കോണ്‍‌ഗ്രസ്സ് അഗ്രഗേറ്ററും കമ്യൂണിസ്റ്റ് അഗ്രഗേറ്ററും ക്രിസ്ത്യന്‍ അഗ്രഗേറ്ററും ഹിന്ദു അഗ്രഗേറ്ററും വരെ നമുക്ക് വേണം. ലോക്കലൈസേഷന്‍ റിലേറ്റഡ് വിഷയങ്ങള്‍ക്കായി ഞാന്‍ നോക്കുന്ന അഗ്രഗേറ്റര്‍ ഇതാണ് - http://inttranews.inttra.net ഇതില്‍ ലോക്കലൈസേഷന്‍ മേഖലയില്‍ അന്നാന്ന് നടക്കുന്നത് അഗ്രഗേറ്റ് ചെയ്യുന്നുണ്ട്. ഇതാണ് അഗ്രഗേറ്ററിന്റെ കോന്‍സെപ്റ്റും ലക്‌ഷ്യവും.

    നെറ്റിലെ മലയാളം ഉള്ളടക്കം പുഷ്ടിപ്പെടുത്തുന്നതില്‍ പിന്മൊഴികള്‍ നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍ ഈ പിന്മൊഴികള്‍ തന്നെയാണ് പല വഴക്കുകള്‍ക്കും കാരണമായിട്ടുള്ളത്. മന്‍‌ജിത്ത് പറഞ്ഞതേ പിന്മൊഴിയുടെ കാര്യത്തില്‍ എനിക്കും പറയാനുള്ളൂ.

    കമന്റ് നോട്ടിഫിക്കേഷന്‍ അയയ്ക്കാന്‍, ബ്ലോഗറുടെ ഇ-മെയില്‍ വിലാസം നല്‍‌കേണ്ട പെട്ടിയില്‍ “പിന്മൊഴികള്‍ അറ്റ് ദ റേറ്റ് ഓഫ് ജിമെയില്‍” എന്ന് കൊടുക്കണമെന്ന് ഒരു അലിഖിത നിയമമാണ് ഇപ്പോള്‍. ബ്ലോഗിത്തുടങ്ങുന്നവര്‍ ഇത് ലിഖിത നിയമമായി വിശ്വസിക്കുകയും ചെയ്യുന്നു. സത്യത്തില്‍ ബ്ലോഗ് പ്രൊവൈഡര്‍മാര്‍ നല്‍കുന്ന ഒരു സംവിധാനം സബോട്ടേജ് ചെയ്യുകയല്ലേ നമ്മള്‍? നമുക്കിത് അവസാനിപ്പിച്ചുകൂടേ?

    ഇനി ഐപി ട്രാക്ക് ചെയ്യുന്നതിനെ പറ്റി - ഐപിയെന്നും ട്രാക്കിംഗെന്നും കേട്ട് പേടിക്കേണ്ട ഒരു കാര്യവുമില്ല. ദയവുചെയ്ത് അനോണിമസ് ഐപി ഉപയോഗിക്കുന്നത് ഒരു ശീലമാക്കുക. ഓഫീസില്‍ നിന്ന് ബ്ലോഗുകളില്‍ യുദ്ധം നടത്താതിരിക്കുക. ദേശീയ സുരക്ഷയ്ക്ക് അപകടകരമാവുന്നില്ലെങ്കില്‍, ഏതൊരാള്‍ക്കും അനോണിമസ് ഐപി ഉപയോഗിക്കാവുന്നതാണ്. അനോണിമസ് ഐപി ഉപയോഗിക്കുന്നത് എങ്ങനെ എന്നതിനെ പറ്റി ആരെങ്കിലും ഒരു ലേഖനം പ്രസിദ്ധീകരിക്കുമോ?

    കൂടുതല്‍ പിന്നീടെഴുതാം.

    ReplyDelete
  32. നല്ല ഒരു വാര്‍ത്ത കേട്ട സുഖത്തിലെന്‍റെ ദിനം തുടങ്ങുന്നു. മഞ്ഞുമലകള്‍ ഒക്കെ ഉരുകുന്നു, നന്ന്. ഈ മഞ്ഞൊക്കെ ഉരുകി ഉരുകി ഇനി വെള്ളപൊക്കമോ മറ്റോ ആകുമോ..? എന്നാലു വേണ്ടിയില്ല, നല്ല വാര്‍ത്തകള്‍ ഇനിയും വരട്ടെ.
    ചിത്രകാരനും വിശ്വേട്ടനും ആശംസകള്‍

    ReplyDelete
  33. പ്രിയ വിശ്വപ്രഭ,
    താങ്കളുടെ നല്ല മനസ്സിനു നന്ദി. പോസ്റ്റ്‌ വായിച്ചു. ചിത്രകാരന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ബൂലൊകത്തും ആരും തെറ്റു ചെയ്തതായി വ്യക്തമായ തെളിവ്‌ ചിത്രകാരനു ലഭിച്ചിട്ടില്ല.
    അതിനാല്‍ ആരും ആരോടും കുംബസാരിക്കേണ്ട ആവശ്യമില്ലെന്നു തോന്നുന്നു.
    ആകെ ചിത്രകാരനു ബോധ്യപ്പെട്ട പ്രശ്നം മലയാള ബൂലൊകത്തിനു വിസ്താരക്കുറവുള്ളതിനാല്‍ അനുഭവപ്പെട്ട തിക്കും തിരക്കുമാണ്‌. അല്ലാതെ വര്‍ഗശത്രുക്കളെയൊന്നും ബൂലൊകത്ത്‌ ചിത്രകാരന്‌ നേരിടേണ്ടി വന്നിട്ടില്ല. സ്ഥലപരിമിതി, വിശാലത എന്നിവയൊക്കെ വികസനത്തിന്റെ പേറ്റുനോവായി മാത്രം മനസ്സിലാക്കുന്ന ചിത്രകാരന്‌ ആരോടും പരാതിയില്ലെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടതായി അഭിപ്രായമില്ല. എന്നാല്‍ ആ പ്രശ്നം പരിഹരിക്കാനായി നല്ല മനസുമായി വിശ്വപ്രഭ ചിത്രകാരന്റെ മനസിലെക്ക്‌ അതിഥിയായെത്തിയതില്‍ വളരെ ശുഭകരമായ ഒരു തുടക്കം ഞാന്‍ കാണുന്നു.
    മലയാള കൂട്ടായ്മക്കു വേണ്ടിയും വിശാല മാനവികതക്കുവേണ്ടിയും നിസ്വാര്‍ത്ഥനായ സേവനത്തില്‍ മുഴുകിയിരിക്കുന്ന വിശ്വപ്രഭയുടെ സഹകരണം ബൂലൊക നവീകരണത്തിന്‌ ഉണ്ടാകുമെന്ന് എനിക്കു പ്രതീക്ഷയുണ്ട്‌.

    ചിത്രകാരന്‌ വ്യക്തിപരമായ പ്രശ്നങ്ങളൊന്നും ബൂലൊകത്തില്ല.
    ബൂലൊകത്തെ ചില അടിയന്തിര പ്രശ്നങ്ങളെ ഏവരുടെയും ശ്രദ്ധയിലേക്കായി താഴെ കൊടുക്കട്ടെ :
    മലയാള ബൂലൊകം അഞ്ഞൂറില്‍ നിന്നും അംബതിനായിരമോ, അഞ്ചുലക്ഷമോ അംഗ സഖ്യയുള്ള വിശാലതയേക്കു വളരാന്‍ വര്‍ഷങ്ങളെടുക്കുമായിരിക്കും. പക്ഷെ അതിന്‌ ഇപ്പൊഴെ തയ്യാറെടുപ്പ്‌ തുടങ്ങാത്തപക്ഷം നിരന്തര പ്രശ്നങ്ങള്‍ ബൂലൊകത്തുണ്ടാകും.
    പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഇന്നത്തെ രീതി വളരെ അപര്യാപ്തമാണെന്ന് നാം കണ്ടുകഴിഞ്ഞ നിലക്ക്‌ ചില പരിഹാര മാര്‍ഗങ്ങള്‍ കണ്ടത്തേണ്ടതുണ്ടെന്ന് അഭ്യര്‍ത്ഥിക്കുന്നു.അതിലേക്ക്‌ ചിത്രകാരനു തോന്നിയ ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നു.
    1)പിന്മൊഴിയെ മലയാളത്തിന്റെ സംബൂര്‍ണമായ കമന്റ്‌ സമുദ്രമായി വളര്‍ത്തുക.2)കഥക്കും, കവിതക്കും, ചര്‍ച്ചക്കും, ചിത്രത്തിനും, തമാശക്കും, പാട്ടുകള്‍ക്കും,ബൂലൊക നവീകരണത്തിനും പ്രത്യേകം സ്വതന്ത്ര ഗ്രൂപ്‌ പിന്മൊഴികള്‍ വ്യത്യസ്ഥ മനെജുമെന്റുകള്‍ക്കു കീഴില്‍ ഉണ്ടാക്കി ഇപ്പൊഴത്തെ പിന്മൊഴിയിലേക്ക്‌ കമന്റുകള്‍ അയക്കാന്‍ ഏര്‍പ്പാടുണ്ടാക്കുക.
    ഇതൊരു അവകാശ പ്രഖ്യാപനമായി ആരും കാണരുതേ എന്ന് പ്രാര്‍ഥിക്കുന്നു.ചിത്രകാരന്റെ ചില സ്വപ്നങ്ങള്‍ പങ്കുവച്ചെന്നുമാത്രം.

    ചിത്രകാരന്‌ ബൂലൊകത്തെ മലയാളി സുഹൃത്തുക്കളുമായി സ്നേഹപൂര്‍വം ഇടപഴകാന്‍ നിമിത്തമായ എല്ലാ ബ്ലൊഗ്‌ സുഹൃത്തുക്കള്‍ക്കും ചിത്രകാരന്റെ അകൈതവമായ നന്ദി !!!
    (മാര്‍ച്ചുമാസമായതിനാല്‍ സ്വന്തം ബിസിനസ്‌ തിരക്കുകളില്‍ നിന്നും ഒഴിയാനാകില്ല. അതിനാല്‍, കമന്റുകള്‍ വായിക്കാനോ, ബ്ലൊഗ്‌ സുഹൃത്തുക്കളോട്‌ നീതിപൂര്‍വം പെരുമാറാനൊ, സമയം ലഭിക്കില്ല. ഏവരും ചിത്രകാരനോട്‌ പൊറുക്കുക.)
    nalla manassulla kure blogers enne bandappetaan sramicchirunnu avarutekooti kriyaathmaka pravartthanatthinte vijayamaayi viswaprabhayute ee nallapravartthiye njaan viseshippikkate. nandi ellaavarkkum....!!!!!!!!

    ReplyDelete
  34. അല്ല, എന്നെ ആരേലും പിന്മൊഴീന്ന് പുറത്താക്കിയതാണോ?
    -ഒരു ശങ്ക! അല്ലെങ്കി പിന്നെ പിന്മൊഴിയില്‍ പഴേപോലെ കെറിപ്പറ്റാനെന്താ വിദ്യ?

    അറിയാവുന്നവര്‍ സദയം അറിയിക്കൂ!

    ReplyDelete
  35. കഴിവുള്ള ഒരാളും ബൂലോകത്തിന്‍ നഷ്ടപ്പെടാന്‍ പാടില്ല. ഒരു പഴയ ബ്ലോഗറല്ലെങ്കിലും 1999 മുതല്‍

    ഇന്ററ്നെറ്റിലെത്താന്‍ എനിക്കു കഴിഞ്ഞിരുന്നു. അന്നും മലയാളം ഇങ്ലിഷിലാക്കി, കേള്‍ക്കാനിഷ്ടപ്പെടാത്ത തെറികളും

    അശ്ലീലവും പരസ്പരം എഴുതി സംതൃപ്തിയടയുന്ന ചെറിയ ചാറ്റ് സമൂഹങ്ങളുണ്ടായിരുന്നു. (ഇപ്പോളും ഉണ്ടാകാം.)

    എന്നാല്‍ 2006ല്‍ മാത്രമാണ് ഇത്തരമൊരു മലയാളം കൂട്ടായ്മ ഉണ്ടെന്ന് വളരെ യാദൃശ്ചികമായി മനസിലാക്കാന്‍

    കഴിഞ്ഞത്. ബ്ലൊഗിങ് എന്താണെന്ന് മനസിലാക്കി മലയാളത്തില്‍ സ്വന്തം ഗ്രാമത്തെ പ്പറ്റി ഒന്നു രണ്ട് വരി

    എഴുതിയിട്ടപ്പോഴാണ്‍ തനി മലയാളവും പിന്ന്മൊഴി യും എന്നതിനെ പറ്റി ഒക്കെ അറിയുന്നതു തന്നെ. ഞാന്‍ ഒരു എഴുത്തു കാരനേയല്ല. (വായനക്ക് വേണ്ടി മാത്രമാണ്‍ എന്റെ ബ്ലോഗ് ഐഡി നിലനിര്‍ത്തുന്നതും) എന്നാലും ഇതിലൂടെ നാട് വിട്ടതിന്‍ ശേഷം നഷ്ടപ്പെട്ട വായനയുടെ അനുഭവം വീണ്ടും

    എനിക്ക് ലഭിക്കും എന്ന് മനസിലായി.

    സുഹൃത്തുക്കളെ പിന്മൊഴികളുടെ ഇന്നത്തെ നിലയിലുള്ള ഫില്ടറിങ്ങ് എനിക്ക് ആകര്‍ഷകമായി ആണ്‍ തോന്നിയിട്ടുള്ളത്‍.

    വീണ്ടും വീണ്ടും ഞാന്‍ ഇവിടെ എത്തുന്നത് അതിനാലാണ്‍. മലയാളം അറിയാവുന്ന എല്ലാവരും ഒരേ

    സ്വഭാവക്കാരാകണമെന്നില്ല. ഇതിലെ ഉള്ളടക്കം ശുദ്‌ധമാണെങ്കില്‍ പ്രായഭേതമന്യേ എല്ലാവറ്ക്കും അത്

    ആസ്വദിക്കാന്‍ പറ്റിയേക്കും. സ്വയം തിരുത്തുവാനും എഴുത്തുകാരോട് /വായനക്കാരോട്, ബഹുമാനമോ / അനുകമ്പയോ

    വച്ച് പുലറ്ത്താന്‍ ആഗ്രഹിക്കുന്നവരോ, എഴുത്തിനെ അര്‍ഹമായനിലയില്‍ വിമര്‍ശിക്കാഗ്രഹിക്കുന്നവരോ ആയ എല്ലാവരെയും ഈ സമൂഹത്തിന്റെ പങ്കാളികള്‍ ആക്കണം എന്നാണ്‍ എന്റെ

    അഭിപ്രായം. മാത്രമല്ല വ്യക്തികള്‍ക്ക് പ്രാധാന്യം കുറച്ച് സൃഷ്ടികള്ക്കും/കഥാകാരനും (തൂലികാനാമം) പ്രാധാന്യം

    കൊടുത്താല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകും. ഇതുകൊണ്ടാണ്‍ എന്നെ അറിയാ‍വുന്നവരുടെ

    ഇടയില്‍ ഒരു ബ്ലൊഗ്ഗറാണെന്ന് പരിചയപ്പെടുത്തുകയും അഭിമാനിക്കുകയും ചെയൂംപ്പോള്‍ ബ്ലോഗ്ഗിങ് ലോകത്തില്‍

    അജ്ഞാതനായി ഇരിക്കുവാന്‍ ഇഷ്ടപ്പെടുന്നതും.

    ഒരോ ബ്ലോഗറും വായനക്കാരന്‍ ഒരു പുതിയ അനുഭവമാണ്‍. മരണമൊഴിയെ ആരെങ്കിലും ഇപ്പോള്‍ ഓറ്ക്കുന്നുണ്ടോ?

    എഴുതിയതൊക്കെ ഭ്രാന്തമായ ചിന്തകളെങ്കിലും അയാളുടെ എഴുത്തിന്റെ ശൈലി അതൊന്നു വേറെ തന്നെയായിരുന്നു.

    ഇനിയും മറ്റൊരു വിഷയത്തില്‍ വീണ്ടും അയാള്‍ എഴുതിയിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്.

    ഈ സമൂഹം വളരട്ടെ. വീണ്ടും പല പുരാണങ്ങളും ഇവിടെ ഉടലെടുക്കട്ടെ.

    ReplyDelete
  36. വിശ്വപ്രഭാജീ, നല്ലനടപ്പിന്‌ കൊടിയ ശിക്ഷയൊന്നും നടപ്പിലാക്കാതെ ശാസിച്ച്‌ കളത്തിനു പുറത്തായിട്ടുള്ള സകലമാന മഹതീമഹാന്മാരേയും തിരികെയെത്തിക്കുമെന്ന്‌ ഒരു കിനാവു കണ്ടോട്ടെ.

    ReplyDelete
  37. :|
    എല്ലാവരും ഹാപ്പിയാണു്‌ എന്ന് കേട്ട് ഞാനും ഹാപ്പി ആകേണ്ടതായിരുന്നു...
    പക്ഷേ , വിശ്വേട്ടാ ഒരുതരം നിര്‍വികാരികതയാണിപ്പോള്‍ ഇതെല്ലാം വായിക്കുമ്പോള്‍ ..... (എന്റെ കുറ്റം തന്നെ!!!:)
    ചീത്തവിളിച്ചാല്‍ ഫെയിമസാകാം , ചങ്ങാതിയാകാം ..... എന്നലും എനിക്കു ചീത്തവിളിക്കാന്‍ തോന്നുന്നില്ല :((
    ഇല്ലാത്ത സമയം ഇക്കണ്ട പൊല്ലാപ്പിനൊക്കെ വേണ്ടി ചിലവഴിപ്പിച്ചവറ്ക്കു ആ സമയം തിരിച്ചു കിട്ടില്ലല്ലോ. കാരണം എന്തായാലും !!! .
    വിവിക്കും ചിത്രകാരനും ശേഷം നാളെ ദില്ബനോ പച്ചാളമോ ഇങ്ങനെയൊക്കെ തുടങ്ങുമോ എന്ന എന്റെ സംശയം !!!

    അസതോമാ സദ്ഗമയ
    തമസോമാ ജ്യൊതിര്‍ ഗമയ

    ഓ.ടോ (അതല്ലാത്തതെന്താ ഇതിലെന്നായിരിക്കും;-D ) കുവൈറ്റിലെ ചോക്ലേറ്റ് തിന്നാല്‍ മാപ്പ് കൊടുക്കാനും വീണ്ടും ഹാപ്പി ആകാനും പറ്റും എന്നാരോ പറയുന്നത് കേട്ടത് സത്യമോ?
    -Patteri
    qw_er_ty

    ReplyDelete
  38. മലയാളം4U,
    മരണമൊഴിയെ എതാണ്ട്‌ മറന്നിരിക്കുകയായിരുന്നു. ഇപ്പോള്‍ ആ ബ്ലോഗ്ഗില്‍ വീണ്ടും പോയി വായിച്ചു.

    നമ്മള്‍ ഉണ്ടെന്നു ധരിച്ച കൂട്ടായ്മയുടെ രക്തസാക്ഷിയാണ്‌ ആ മനുഷ്യന്‍. ഉള്‍ക്കൊള്ളാനാവാതെ അയാളെ നമ്മള്‍ ഭ്രാന്തനെന്നും രോഗം കാണിച്ച്‌ സാഹിത്യം വില്‍ക്കുന്ന ഇരപ്പാളിയെന്നും കള്ളനെന്നും വിളിച്ച്‌ ആട്ടിപ്പായിച്ചു. ആ ബ്ലോഗിലൊരു കമന്റിടാന്‍ ഭയന്ന് ഞാന്‍ മാറിനിന്നു.

    പിന്മൊഴിയില്‍ നിന്നും വിട്ടുമാറിയും തന്റെ ബ്ലോഗ്‌ ഇഷ്ടമല്ലാത്തവര്‍ അവിടെ വരരുതെന്നഭ്യര്‍ത്ഥിച്ചും മറ്റും ഓരോ തരത്തിലും കൂട്ടായ്മയില്‍ നിന്നും ഓടിയൊളിക്കാന്‍ ശ്രമിച്ച അയാളെ സംഘം ചേര്‍ന്ന് ഓടിച്ചിട്ടു തല്ലിക്കൊന്നു നമ്മള്‍. എത്ര ആവേശകരമായ സംഘടിത ശക്തി!

    അയാള്‍ക്ക്‌ മറ്റൊരു ബ്ലോഗ്‌ ഉണ്ടെന്നു തോന്നുന്നില്ല, അതുപോലെ എഴുതുന്ന ഒരാളെ ഈ ബ്ലോഗ്‌ റോളില്‍ കാണാനാവുന്നില്ല. അഥവാ ഉണ്ടെങ്കില്‍ അത്‌ ഇംഗ്ലീഷിലോ മറ്റോ ആയിരിക്കാം.

    ബ്ലോഗ്‌ വായിക്കുകയെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ മരണമൊഴീ, ഉപയോഗിച്ചു തേഞ്ഞ ഒരു വാക്ക്‌ ഞാന്‍ നിങ്ങള്‍ക്കു നീട്ടട്ടെ- മാപ്പ്‌.

    ReplyDelete
  39. വിശ്വേട്ടാ... നല്ല വാര്‍ത്ത. നന്ദി

    ബൂലോകത്തെ മഞ്ഞ് ഉരുകുന്നു...നല്ലത്! ഇനി സാന്ദര്‍ഭികമായി ചില കാര്യങ്ങള്‍ പറയട്ടെ! ആകെ അലമ്പായി കിടക്കുന്നേരം ഇതും കൂടെ ബൂലോഗത്തിന്റെ നടുമിറ്റത്ത് തട്ടണ്ട എന്നു വിചാരിച്ചിരുന്നതാണ്. (വ്യക്തിപരമായ ചില കാരണങ്ങള്‍ കൊണ്ട് കുറച്ചുകാലമായി ബ്ലോഗിങ്ങില്‍ സജീവമായി ഉണ്ടായിരുന്നില്ല...എങ്കിലും സംഭവഗതികള്‍ കുറച്ചൊക്കെ മനസ്സിലായിരുന്നു) മാഗ്നിഫയര്‍ എന്ന പേരില്‍ വെടിവട്ടം എന്നൊരു ബ്ലോഗ് ആണ് എനിക്കുള്ളത്. ഇത് ശരിക്കും ഒരു നേരം പോക്ക് എന്ന്ന നിലയില്‍ ചുമ്മാ എഴുതുന്നവയാണ്. കുറച്ചുകൂടെ സീരിയസ് ആയും സജീവമായും ഞാന്‍ കുറച്ചു കാലം മുന്നെ തന്നെ ബ്ലോഗില്‍ ഉണ്ട്! എന്റെ സ്വന്തം പേരില്‍. (മാഗ്നിഫയര്‍ എന്നത് ലോനപ്പന്റെ വി.വി. പോലെ ഒരു തമാ‍ശ, അത്രമാത്രം)സൂ എന്ന ബ്ലോഗറുടെയും അതു പോലെ മറ്റു ചിലരുടെ ബ്ലോഗില്‍ നിന്നുമുള്ള ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പുഴ.കോമില്‍ ഒരു കൊളാഷ് വന്നതു സംബന്ധിച്ച് സൂ എന്ന ബ്ലോഗ്ഗറുടെ ബ്ലോഗില്‍ നടന്ന സംവാദത്തില്‍ അതിലൊന്നും വലിയ കാര്യമില്ല എന്നൊരഭിപ്രായം ഞാന്‍ പറഞ്ഞിരുന്നു. (പെരിങ്ങോടര്‍, അതുല്യ തുടങ്ങിയവരും അതേ അഭിപ്രായം പറഞ്ഞിരുന്നു )ഏതായാലും അതിനു ശേഷം എന്റെ ബ്ലോഗില്‍ ഞാന്‍ രണ്ടു പോസ്റ്റുകള്‍ ഇട്ടിരുന്നു എന്നാണെന്റെ ഓര്‍മ്മ. പിന്നീട് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് ബ്ലോഗിങ്ങില്‍ സജീവമാവാനെനിക്കു കഴിഞ്ഞിരുന്നില്ല. യാഹൂ പോര്‍ട്ടലും ബ്ലോഗ് കൂട്ടായ്മയും തമ്മിലുണ്ടായ കോപ്പീറൈറ്റ് പ്രശ്നങ്ങള്‍ നടക്കുന്ന സമയം എനിക്കു ഒരീമെയില്‍ വന്നിരുന്നു. അതില്‍ അയക്കുന്നത് വിശ്വപ്രഭ ആണെന്ന വ്യക്തമായ സൂചനയും ഉണ്ടായിരുന്നു. വെടിവട്ടം എന്ന ബ്ലോഗ് ബ്ലോഗ് കൂട്ടയ്മയുടെ പൊതു താല്പര്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും ആ ബ്ലോഗ് ഡിലീറ്റ് ചെയ്യണമെന്നും അല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നും ആയിരുന്നു അതിന്റെ ഉള്ളടക്കം. ആരുടെയോ തമാശ എന്നു കരുതി ഞാനത് ഡിലീറ്റ് ചെയ്തു കളയുകയും ചെയ്തു. പക്ഷേ പിന്നീടാണ് ഞാന്‍ ചിലകാര്യങ്ങള്‍ ചിന്തിച്ചത്!

    ആ ഈ മെയില്‍ വന്നത് എന്റെ ഒറിജിനല്‍ ഈ മെയില്‍ ഐഡിയിലായിരുന്നു. മാഗ്നിഫയര്‍ എന്ന പേരില്‍ ബ്ലോഗ് ചെയ്യുന്ന എന്റെ ഒറിജിനല്‍ പേര് അറിയുന്നത് ബൂലോഗത്തില്‍ രണ്ടുപേര്‍ക്കു മാത്രമാണെന്നാണ് എന്റെ വിശ്വാസം (എന്റെ വിശ്വാസം എന്നെ രക്ഷിക്കട്ടെ)അവര്‍ക്കു രണ്ടു പേര്‍ക്കും അതിന്റെ ആവശ്യവുമില്ല. അതുകൊണ്ടാണ് അതൊരു തമാശയായിരിക്കും എന്നു ഞാന്‍ കരുതാനും കാരണം. പിന്നെ ലോനപ്പന്‍ പ്രശ്നത്തില്‍ ഇടിവാളിന്റേയും ദേവേട്ടന്റെയും പോസ്റ്റും അതിനു വിശ്വേട്ടാന്റെ മറുപടിയും ബാക്കിയുള്ള കമന്റുകളും കൂടെ വായിച്ചപ്പോഴാണ് എവിടെയോ എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടെന്ന ഒരു തോന്നല്‍ വന്നത്. എന്താണീതിന്റ്റെയൊക്കെക അര്‍ത്ഥം? ആകപ്പാടെ ഒന്നും മനസ്സിലാവാത്ത സ്ഥിതിയാണിപ്പോള്‍. പിന്നെ ഓഫീസില്‍ മെയിലയച്ച്ചാലൊന്നും എനിക്കേശില്ല എന്നതൊരു സമാധാനം. ആകപ്പാടെ നോക്കുമ്പോള്‍ കുളം കലക്കി മീന്‍ പിടിക്കാന്‍ അരൊക്കെയോ നോക്കുന്നോ എന്നൊരു ശങ്ക ഇല്ലാണ്ടില്ലല്ലോ വിശ്വേട്ടാ? വേറേ ആര്‍ക്കെങ്കിലും ഈ അവസ്ഥ ഉണ്ടായിട്ടുണ്ടോ ആവോ? വിശ്വേട്ടാനെതിരെ ആരൊക്കെയോ കളിക്കുന്നു എന്നാണോ ഇതിന്റെയൊക്കെ ആന്തരാര്‍ഥം?

    ReplyDelete
  40. പ്രിയ മാഗ്നിഫയറേ,

    1. താങ്കള്‍ ആരാണെന്ന് അറിയുവാന്‍ ഞാന്‍ ഇതേ വരെ ശ്രമിച്ചിട്ടില്ല. ഒരു പക്ഷേ ശ്രമിച്ചാല്‍ അറിയുമായിരുന്നേനെ. പക്ഷേ നല്ല നിലയില്‍ ബ്ലോഗു ചെയ്യുന്ന ഒരാളുടെയും അനോണിമിറ്റിയെ ആക്രമിക്കാനോ അറിയാനോ എനിക്കാഗ്രഹമില്ല. കമന്റില്‍ നിന്നും പോസ്റ്റില്‍നിന്നും വായിച്ചിട്ടുള്ളതനുസരിച്ച് വളരെ ബഹുമാനത്തിലേ താങ്കളേ ഇതുവരെ കണ്ടിട്ടുള്ളൂ.

    2. ഇപ്പറയുന്ന തരത്തില്‍ എന്തെങ്കിലും ഒരു ഈ-മെയില്‍ ഞാന്‍ അയച്ചിട്ടേ ഇല്ല. ആ പ്രശ്നത്തില്‍ തന്നെ ഞാന്‍ ആര്‍ക്കെങ്കിലും അയച്ചിട്ടുള്ള ഈ-മെയിലുകള്‍ വളരെ ചുരുക്കമാണ്. താങ്കള്‍ അതില്‍ ഇല്ലേ ഇല്ല. മാത്രമല്ല, അത്തരമൊരു ആശയം എന്റെ ഒരു ഈ-മെയിലിലും ഉണ്ടാവില്ല.

    3. എന്റെ പേര്‍ From ഫീല്‍ഡില്‍ വെച്ച് താങ്കള്‍ക്കൊരു ഈമെയില്‍ കിട്ടിയെങ്കില്‍ അതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ എനിക്ക് കൌതുകമുണ്ട്. അമ്പട രാവണാ, അങ്ങനെയും കളിക്കാന്‍ തക്ക വിധം ഞാനിത്ര വലിയൊരു കൊമ്പനായോ!? എനിക്കിത്രയും ബ്രാന്‍ഡ് ഈക്വിറ്റിയോ!?:-)

    4. ഇനിയും താങ്കള്‍ ആരാണെന്ന് എനിക്കറിയണമെന്നില്ല. എങ്കിലും സ്വന്തം അനോണിമിറ്റി സൂക്ഷിക്കണം എന്ന് ആഗ്രഹവും എന്നിട്ടും സൂക്ഷിക്കാം എന്നുറപ്പും ഉണ്ടെങ്കില്‍ മാത്രം, താല്‍പ്പര്യമുണ്ടെങ്കില്‍ എന്നെ നേരിട്ട് ബന്ധപ്പെടാന്‍ ആഗ്രഹമുണ്ട്.(ഞാനായിട്ട് അത്തരം അനോണിമിറ്റി നശിപ്പിക്കാറുമില്ല)!
    viswaprabha എന്നാണ് പ്രചാരമുള്ള ദ്വിമൈനികളിലൊക്കെ എന്റെ ഐഡി എന്നറിയാമായിരിക്കുമല്ലോഅല്ലേ?

    5. പുഴ.കോമിന്റെ കാര്യത്തിലും യാഹുവിന്റെ കാര്യത്തിലും വ്യത്യസ്തമായ കാഴ്ചപ്പാടാണ് എനിക്കുണ്ടായിരുന്നത്. കോപ്പിയടിച്ചതിലും ഗുരുതരമായി എനിക്കു തോന്നിയത് അതൊരു തെറ്റാണ് എന്ന് സമ്മതിക്കാതെയുള്ള ദുര്‍വ്വാശിയും അത് ഏറ്റവും ന്യായമായ രീതിയില്‍ പരിഹരിക്കുന്നതിനു പകരം നടത്തിയ മിസ്‌മാനേജ്‌മെന്റുമാണ്. എന്തായാലും ആ തരം വിഷയങ്ങളെക്കുറിച്ച് ഈ പോസ്റ്റില്‍ ചര്‍ച്ച വേണ്ടെന്നു തോന്നുന്നു. സമയം കിട്ടുന്നതനുസരിച്ച് മറ്റൊരു പോസ്റ്റ് അതിനെക്കുറിച്ച് ഉടനെത്തന്നെ എഴുതാന്‍ പറ്റുമോ എന്നു നോക്കാം.

    ഈ പോസ്റ്റ് എനിക്കൊരാഘോഷമാണ്, നമ്മെ നാം തന്നെ വീണ്ടും കണ്ടെടുത്തതിന്റെ ആഘോഷം! നല്ല മനസ്സുകളുടെ ഉത്സവം!

    ReplyDelete
  41. എല്ലാം നന്നായി വരട്ടെ!
    :)

    ReplyDelete
  42. ബൂ..‘ലോകം മുഴുവന്‍ സുഖം പകരാനായ്
    സ്നേഹദീപമേ മിഴിതുറക്കൂ
    കദന നിവാരണ കനിവിന്നുറവേ
    കാട്ടിന്‍ നടുവില്‍ വഴിതെളിക്കൂ‘

    സുന്ദര ശബ്ദത്തില്‍ അതിവിടെ കേള്‍ക്കാം..!

    പറഞ്ഞു വന്നതന്നതെന്തെന്നു വച്ചാല്‍...ദാറ്റ്സ് വിശ്വപ്രഭച്ചേച്ചി :) ( ചാറ്റില്‍ പുതിയ തൈക്കിളവന്മാര്‍ കൊരുത്തുവാണേല്‍ ചിലവുണ്ടേ:)

    ReplyDelete
  43. ഏറെ ദിവസങ്ങളിലെ മടുപ്പിനു ശേഷം ബൂലോഗം അഹ്ലാദത്തിന്റെ നല്ല നാളുകളിലേക്ക് തിരിച്ചു വരുന്നു.
    ചിത്രകാരനെ ഞാനും വീമര്‍ശിച്ചിട്ടുണ്ട്.പക്ഷേ ഭീഷണിയോ മറ്റുകാരണത്താലോ അദ്ദേഹം ബ്ലോഗിംഗ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ സങ്കടത്തോടെ ഞാന്‍ ഇങ്ങനെ എഴുതി. ‘ചിത്രകാരനെ കൊന്നവരും ചേകന്നൂര്‍ മൌലവിയെ കൊന്നവരും ഒരുപോലെ...ചിത്രകാരന്റെ ആശയങ്ങളെ ഞാന്‍ വിമര്‍ശിച്ചിട്ടുണ്ടാവാം, എന്നാല്‍ നേരില്‍ക്കണ്ടാല്‍ കൈകൊടുത്ത് കുശലം പറഞ്ഞ് ഞങ്ങള്‍ സ്നേഹം പങ്കുവെക്കും”
    ഇന്ന് വല്ലാത്ത സന്തോഷം തോന്നുന്നു. വിശ്വേട്ടന് ഹൃദയം നിറഞ്ഞ നന്ദി. മനസ്സു തുറന്ന് ഒന്നു സംസാരിച്ചാല്‍ തീരുന്ന പ്രശ്നങ്ങളേ ഇവിടെ ഉണ്ടായിട്ടുള്ളൂ എന്ന് ബോധ്യപ്പെടുത്തിയത് വിശ്വേട്ടനാണ്. ചിത്രകാരനും ബെര്‍ളിയും പിന്‍മൊഴിയില്‍ വരണം. ആഹ്ലാദത്തോടെ ബൂലോഗം നീണാള്‍ വാഴണം. ചിത്രകാരാ, വീണ്ടും സ്വാഗതം.

    ReplyDelete
  44. നല്ല്ല വാര്‍ത്ത. ചിത്രകാരനെപ്പോലുള്ളവര്‍ നല്ല കാര്യങ്ങള്‍ക്കു തന്റെ കഴിവുകളെ ഉപയോഗിച്ചാല്‍ മലയാളത്തിനും ചിത്രകലയ്ക്കും അതൊരു മുതല്‍ക്കൂട്ടായിരിക്കും.

    വിശ്വത്തിനു നന്ദി. ഏവൂരാനും.

    ReplyDelete
  45. ദുരഭിമാനമില്ലാത്ത, മുന്‍‌വിധികളില്ലാത്ത, തുറന്ന മനസ്സുള്ളവര്‍ക്കേ ഇത്തരം കാര്യങ്ങള്‍ക്കു മുന്‍‌കൈ എടുക്കാന്‍ കഴിയൂ. വിശ്വത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാനുള്ള വിശാലമനസ്സുള്ളവര്‍ക്ക് എന്താണസാധ്യം!

    ചിത്രകാരന്‍‌ജിക്കും വിശ്വംജിയ്ക്കും നന്ദി!
    ജ്യോതിര്‍മയി

    ReplyDelete
  46. ചിത്രകാരന്റെ ബ്ലോഗ്‌ പോസ്റ്റ്‌ ഡിലീറ്റിയത്‌ ഞാന്‍ കണ്ടിരുന്നു. അതില്‍ ഞാനിട്ട കമെന്റ്‌ ചിത്രകാരനെ വേദനിപ്പിച്ചിടുണ്ടെങ്കില്‍ ക്ഷമിക്കുക. (നമ്മള്‍ ബൂലോഗര്‍ ഒന്ന്‌ കോപ്പിയടിച്ചിട്ട്‌ വരട്ടെ)“ഞങ്ങള്‍ ലോകത്തിന്റെ പല കോണുകളിലുമായി ജീവിയ്ക്കുന്ന ഒരു പറ്റം മലയാളികളാണ്. ഉദ്യോഗം, വിദ്യാഭ്യാസം തുടങ്ങിയ ജീവിതസാഹചര്യങ്ങള്‍ മൂലം കേരളത്തില്‍ നിന്നും വളരെ അകന്നു ജീവിക്കുന്നവരാണ് ഞങ്ങളില്‍ ഭൂരിഭാഗവും. എന്നിരുന്നാല്‍ തന്നെയും തങ്ങളുടെ സ്വന്തം നാടിനോട് മറ്റാരേക്കാളും ഒട്ടും കുറവില്ലാത്ത മമതയും വിധേയത്വവും വെച്ചുപുലര്‍ത്തുന്നവരാണ് മറുനാടന്‍ മലയാളികള്‍“

    ReplyDelete
  47. തെറ്റിദ്ധാരണകള്‍ പറഞ്ഞുതീര്‍ക്കാന്‍ മുന്‍‍കൈയെടുത്ത ചിത്രകാരനും അതില്‍ സഹകരിച്ച വിശ്വത്തിനും അഭിനന്ദനങ്ങള്‍.

    ReplyDelete
  48. ദേവന്‍‌ജീ,
    മരണമൊഴി എന്ന ബ്ലോഗറിന്റെ ബലിതര്‍പ്പണം നാം കൂട്ടായ്മയായ് നടത്തിയെന്ന നിരീക്ഷണത്തിനോട് 100% യോജിക്കുന്നു. വാക്കുകള്‍കൊണ്ട് ഒരിക്കലും നമ്മളിലാരെയും വ്യക്തിഹത്യ ചെയ്തിട്ടില്ലെങ്കിലും, സക്കീനക്കും, ചിത്രകാരനും, ലോനപ്പനും, ബെര്‍ളിക്കും മുമ്പേ നാം ആ നല്ല എഴുത്തുകാരനെ ഉന്മൂലനം ചെയ്തു. ഞാനെന്റെ ബലി
    ഇങ്ങിനെ അര്‍പ്പണം ചെയ്തു.

    ഇനിയും ശ്രാര്‍ദ്ധമുണ്ണുന്നതിന്റെ സന്തോഷം വേണ്ട.

    വിശ്വപ്രഭാ, ആഹ്ലാദത്തില്‍ പങ്ക് ചേരുന്നു.

    വളയം.

    ReplyDelete
  49. ചിത്രകാരന്‍ പറഞ്ഞതിനോട് യോജിച്ചുകൊണ്ട് ഞാനൊരു പോസ്റ്റ് ഇവിടെ ഇട്ടിട്ടുണ്ട്‌.

    ReplyDelete
  50. സത്യം പറഞ്ഞാല്‍, എന്തെഴുതണമെന്നറിയാതെ തരിച്ചിരിക്കുന്നു.

    വളയത്തിനോട്‌ നന്ദിയുണ്ട്‌, ലിങ്കിട്ടതിന്‌. മരണമൊഴിയുടെ ബ്ലോഗിലായിരുന്നു ഇത്രയും നേരം. അത്‌ കഴിഞ്ഞാണ്‌ ദേവന്റെയും മലയാളത്തിന്റെയും കമന്റുകള്‍ വായിച്ചതു പോലും.

    ആദരവും മണ്ണാങ്കട്ടയുമൊന്നുമില്ലെങ്കിലും ചെറിയൊരിഷ്ടവും സ്നേഹവുമൊക്കെ തോന്നിയിരുന്ന പലരോടും പരമപുച്ഛം തോന്നുന്നുണ്ടെന്നെഴുതിയില്ലെങ്കില്‍ ഈ കമന്റെഴുതുന്നത്‌ പരാജിതന്‍ എന്ന പേരില്‍ ബ്ലോഗെഴുതുന്ന ആളല്ലെന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നിയേക്കാം. അതു കൊണ്ട്‌ ആ 'കയ്‌പ്പ്‌' ഇവിടെ വയ്‌ക്കുന്നു.

    ReplyDelete
  51. വിശ്വപ്രഭേ, ചിത്രകാരാ,

    നിങ്ങള്‍ക്കു രണ്ടു പേര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍.കൂടാതെ,പരസ്പര സ്നേഹത്തിലൂടെ ഈ ബ്ലോഗു കൂട്ടായ്മയുടെ ഉദ്ധാരണം വളരെയധികം ആഗ്രഹിയ്ക്കുന്നു എന്നു വെളിപ്പെടിത്തിയ വരും വെളിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലാത്തവരുമായ എല്ലാ ബ്ലോഗര്‍മാര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍.

    ചിത്രകാരന്റ് എഴുത്തുകളില്‍ എന്നല്ല പലരുടെയും എഴുത്തുകളില്‍ അവരുള്‍ക്കൊള്ളിയ്ക്കുന്ന ആശയങ്ങള്‍ മറ്റുള്ളവര്‍ക്കു മനസിലകാന്‍ കഴിയാതെവരുന്നു, അല്ലെങ്കില്‍ അവരുടെ പ്രത്യയശാസ്ത്രങ്ങളുമായി ഘടകം നില്‍ക്കുന്നു എന്ന തോന്നല്‍ ഉണ്ടാവുക സ്വാഭാവികമാണ്. പക്ഷെ അതു സൃഷ്ടിപരവും ഭാവനാത്മകവുമായ ഒരു വെല്ലുവിളിയാണ് എന്നു മനസിലാക്കിയാല്‍ പ്രശ്നം തീരും. പക്ഷെ ആ വെല്ലുവിളീ ശത്രുവിന്റെ ശബ്ദമായി കണക്കാക്കുമ്പോള്‍ എഴുത്തിന്റെ അടിസ്ഥാന ലക്ഷ്യം തന്നെ ഇല്ലാതാകുന്നു.

    ബ്ലോഗിന് പലതരത്തിലുള്ള സാദ്ധ്യതകള്‍ ഉണ്ട്.പലതരത്തിലുള്ള സാക്ഷാത്ക്കാരത്തിനു വേണ്ടിയാണ് നമ്മള്‍ മലയാളികള്‍ ബ്ലോഗില്‍ വരുന്നത്. ഇതില്‍ എല്ലാവരും ഒരോരുത്തരുംപ്രാധാന്യമുള്ളവരാണ്.ആ ബോധം എല്ലവര്‍ക്കുമുണ്ടായാല്‍ അതാണേറ്റവും നല്ലത്.

    എന്നു വിചാരിച്ച് നമ്മള്‍ എല്ലാവരും ഇന്നു മുതല്‍ ഒരു പോലെ ചിന്തിയ്ക്കും എന്നു പ്രതീക്ഷിയ്ക്കരുത്. നമ്മുടെ വ്യത്യാസങ്ങളേയും കുറവുകളേയും പരസ്പരം മനസിലക്കാന്‍ ശ്രമിയ്ക്കണം എന്നേ നമുക്ക് ആശിയ്കാനുള്ളു.

    പല പല സര്‍ക്കിളുകള്‍ രൂപീകരിയ്ക്കുന്നതു ആശയങ്ങളുടെ ഏകീകൃത വികസനത്തിന് വളരെ സഹായിയ്ക്കും. പലപ്പോഴും മനസില്‍ കൂടി കടന്നു പോയ ഒരാശയ്മാണിത്. ഇപ്പോള്‍ അതൊരു യാത്ഥര്‍ധ്യമാകാന്‍ പോകുന്നതില്‍ സന്തോഷമുണ്ട്. പിന്നെ ഒരു ആശയം കൂടിയുണ്ട്. നമ്മളൊക്കെ മലയാളഭാഷയുടെ ഉന്നമനത്തെ ലക്ഷ്യമാക്കിയാണ് ഈ മലയാളം ബ്ലോഗില്‍ താല്പര്യം കാണിയ്ക്കുന്നത്. പക്ഷെ പലേ സ്ഥലങ്ങളില്‍ ജീവിയ്ക്കുന്ന നമ്മള്‍ക്ക് ഇംഗ്ലീഷ് ഇന്നു വേണ്ടപ്പെട്ട ഒരുഭാഷയായി എന്നു മാത്രമല്ല, നമ്മുടെ രണ്ടാം തലമുറയുടെ മാതൃഭാഷയുമാണത്. ഈ തലമുറയെ കണക്കാക്കി ഇങ്ലീഷ് ബ്ലോഗിന്റ് ഒരു സര്‍ക്കിളും തുടങ്ങുന്നതു നല്ലതല്ലേ എന്നുള്ളതാണ് ഈ ചിന്ത.
    അഭിപ്രായങ്ങള്‍ അറിയാന്‍ താല്പര്യപ്പെടുന്നു.

    ReplyDelete
  52. തെറ്റിദ്ധാരണകള്‍ മാറുന്നതും ബൂലോഗത്ത് നന്മകള്‍ നിറയുന്നതും കാണുമ്പോള്‍ സന്തോഷം തോന്നുന്നു.

    ReplyDelete
  53. “ഒരു പുഞ്ചിരി ഞാന്‍ മറ്റു‌-
    ള്ളവര്‍ക്കായ്‌ ചെലവാക്കവേ
    ഉദിയ്ക്കയാണെന്നാത്മാവി-
    ലായിരം സൌരമണ്ഡലം!“

    (ആരോടെങ്കിലും ശുണ്ഠിയെടുത്ത്‌ മുഖം വീര്‍പ്പിച്ചിരിക്കുമ്പോള്‍ വിങ്ങുന്ന ഹൃദയം, പരിഭവം തീര്‍ന്ന്‌ ഒന്നു പുഞ്ചിരിക്കുമ്പോള്‍ ഇത്തിരിയൊന്നു വികസിക്കുന്നതായി അനുഭവപ്പെടാറില്ലേ!)
    നന്ദി!

    ReplyDelete
  54. ആ വരികള്‍ ശരി തന്നെയാണ്‌ ജ്യോതിര്‍മയിര്‍ ജി..
    ഓ.ടോ ആപ്പോ സമ്മാനം കിട്ടാനാണ്‌ കമന്റിടുന്നത്‌ ല്ലേ.ആയിക്കോട്ടേ.

    ReplyDelete
  55. ആ വരികള്‍ ശരി തന്നെയാണ്‌ ജ്യോതിര്‍മയിര്‍ ജി..
    ഓ.ടോ ആപ്പോ സമ്മാനം കിട്ടാനാണ്‌ കമന്റിടുന്നത്‌ ല്ലേ.ആയിക്കോട്ടേ.

    ReplyDelete
  56. നല്ല വാര്‍ത്ത.....

    വിശ്വേട്ടന്റെ നല്ല മനസിനു മലയാള ബൂലോകം കടപ്പെട്ടിരിക്കുന്നു... മനസില്‍ ഒത്തിരിയേറേ നന്മ നിറഞ്ഞു നിന്നാലേ, ഈങ്ങനെ മറ്റുള്ളവരിലേക്കു നന്മയായി ഒഴുകിയിറങ്ങാന്‍ പറ്റൂ....

    ബൂലോകമേ, നമ്മള്‍ക്കു വിശ്വേട്ടനെ കണ്ടു പടിക്കാം....ഈവിടെയെല്ലാം സ്നേഹം നിറയട്ടെ...നന്മ നിറയട്ടെ.....

    ചിത്രകാരാ, തിരിച്ചു വരവിന്റെ ആശംസകള്‍....

    ReplyDelete
  57. അയ്യോ ടീച്ചര്‍ എഴുതിച്ചോതിക്കുന്നതിനു മുമ്പ്‌ എന്റെ കമന്റു വന്നോ..പിന്നെ ടീച്ചറോട്‌ ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു. ടീച്ചര്‍ ബാംഗ്ലൂര്‍ കേന്ദ്രമായുള്ള 'സംസ്കൃത ഭാരതി' എന്ന കൂട്ടായ്മയില്‍ അംഗമാണോ. എന്റെ ഭര്‍ത്താവ്‌ അവരുടെ കീഴില്‍ സംസ്കൃതം പഠിക്കുന്നുണ്ട്‌. മാംഗ്ലൂരിലുള്ള ചില അംഗങ്ങള്‍ ഇവിടം സന്ദര്‍ശിക്കവേ ഈയാഴ്ച്ച വീട്ടില്‍ വരുന്നുണ്ട്‌. ജസ്റ്റ്‌ എ ക്യൂരിയോസിറ്റി ട്ടോ..
    വിശ്വേട്ടന്‍ പൊറുക്കുക.ഇവിടെ വന്ന് വിട്ടുകാര്യം വിളമ്പിയതിന്‌.

    ReplyDelete
  58. മഹാകവി അക്കിത്തം ഇങ്ങനെയാണെന്നുതോന്നുന്നു, പറഞ്ഞത്‌-

    “ഒരു കണ്ണീര്‍ക്കണം മറ്റു‌-
    ള്ളവര്‍ക്കായ് ഞാന്‍ പൊഴിയ്ക്കവേ
    ഉദിയ്ക്കയാണെന്നാത്മാവില്‍
    ആയിരം സൌരമണ്ഡലം!

    ഒരു പുഞ്ചിരി ഞാന്‍ മറ്റു-
    ള്ളവര്‍ക്കായ് ചെലവാക്കവേ
    ഹൃദയത്തിലുലാവുന്നൂ
    നിത്യനിര്‍മ്മല പൌര്‍ണ്ണമി!


    (ആരെങ്കിലും പറഞ്ഞുതരുമോ ഇങ്ങനെതന്നെയാണോ വരികള്‍ എന്ന്?)
    മുകളിലത്തെ അനോണി:-)

    ഓ.ടോ: ഇവിടെ അന്‍പതാം കമന്റിനും നൂറാം കമന്റിനും ആരോ സമ്മാനം കൊടുക്കുന്നുണ്ടെന്നു കേട്ടു, ഉവ്വോ സിജിച്ചേച്ചീ...?
    :-)

    ReplyDelete
  59. ഹായ്, സിജി ജി:-)

    ഏതുവരികള്‍ ശരിയാണെന്നാ? അനോണിയായി ആദ്യം പറഞ്ഞതോ അതോ ജ്യോതിര്‍മയിയായി രണ്ടാമതു പറഞ്ഞതോ?

    സത്യമായിട്ടും അനോണിയുടെ കുറിപ്പില്‍ പേരു ചേര്‍ക്കാന്‍ വിട്ടുപോയതാ. വിശ്വബൂലോഗത്തില്‍ കമന്റിടാന്‍ കടമ്പകളേറെ കടക്കേണ്ടിവരുന്നു... എന്താണാവോ?

    (ഓ.ടോയ്ക്കു മാപ്പ്, വിശ്വംജി)


    qw_er_ty

    ReplyDelete
  60. അല്ല ടീച്ചറെ ടീച്ചറുടെ വരികള്‍ക്കു താഴെത്തന്നെയാ ഞാന്‍ കമന്റിടുന്നത്‌ പക്ഷെ എന്തോ മുകളിലായി പബ്ലിഷു ചെയ്യുന്നു. എന്താണാവോ എന്തോ..അതെയതെ വിശ്വബൂലോഗത്തില്‍ കമന്റിടാന്‍ കടമ്പകടക്കണം.
    വിശ്വേട്ടാ വീണ്ടും ഓഫിനു മാപ്പ്‌. ;)

    ReplyDelete
  61. സിജി ജി
    വളരെയധികം നിസ്വാര്‍ഥരായ നിശ്ശബ്ദപ്രവര്‍ത്തകര്‍ സംസ്കൃതഭാരതി എന്ന സംഘടനയിലുണ്ട്. പലരേയും ഞാന്‍ ആദരവോടെ നോക്കിക്കാണുന്നു. ഞാനൊരു മടിച്ചിയായതുകൊണ്ട്, പ്രവര്‍ത്തനമൊന്നുമില്ല. എന്നാലും സംസ്കൃതം പഠിക്കാന്‍ ആഗ്രഹിക്കുന്ന, മുന്‍പ്‌ സാഹചര്യം ലഭിക്കാതിരുന്ന, ചിലര്‍ക്ക് സംസ്കൃതം പരിചയപ്പെടുത്തിക്കൊടുക്കാന്‍ ‍ കഴിഞ്ഞിട്ടുണ്ട്. പിന്നെ സംസ്കൃതം വളരെ ശുഷ്കാന്തിയോടെ പഠിക്കാന്‍ തയ്യാറായ ചില സ്ത്രീകള്‍ക്കും എന്നാലാവും വിധം പഠനത്തിനു കൂട്ടിരിക്കുന്നുമുണ്ട്.

    (വിശ്വം ജീ ഒരു മാപ്പുകൂടി. ഇനി ആവര്‍ത്തിക്കില്ല:-)
    qw_er_ty

    ReplyDelete
  62. സന്തോ‍ാ‍ാ‍ാ‍ാ‍ാ‍ാഷം!!!

    നന്ദി വിശ്വം, ചിത്രകാരന്‍!!!

    സസ്നേഹം
    ദൃശ്യന്‍

    ReplyDelete
  63. വൈകിയാണെങ്കിലും ഈ പൊസ്റ്റില്‍ ബൂലൊകത്തെ അഭ്യുദയകാംക്ഷികള്‍ക്ക്‌ ഒരു നന്ദി രേഖപ്പെടുത്തതിരിക്കുന്നത്‌ മനസ്സാക്ഷിക്കുമുന്നില്‍ കുറ്റകരമാകുമെന്നതിനാല്‍ പൊസ്റ്റിട്ട സുഹൃത്ത്‌ വിശ്വപ്രഭയോടും,കമന്റിട്ട
    വക്കാരി, പെരിങ്ങോടര്‍,സ്വാത്ഥന്‍,സിബു,കരീം മാഷ്‌,വിഷ്ണുപ്രസാദ്‌, സിജി, ഇക്കാസ്‌,വേണു, അനില്‍, സാരന്‍ഗി,പീലിക്കുട്ടി, അത്തിക്കുര്‍ശ്ശി,ദേവരാഗം, വിചാരം, അഗ്രജന്‍,കുമാര്‍,സുല്‍,സാക്ഷി,ഇടിവാള്‍, ദില്‍ബാസുരന്‍,പരാജിതന്‍, സന്‍ഡോസ്‌,കുറുമാന്‍,അതുല്യ, മഴത്തുള്ളി,മുല്ലപ്പൂ ,ബെന്നി, ആലിഫ്‌, കൈതമുള്ള്‌,മലയാളം4യു,ഏറനാടന്‍, പട്ടേരി,ദേവന്‍, മാഗ്നിഫയര്‍,സപ്തവര്‍ണങ്ങള്‍, കിരണ്‍സ്‌, സിയ, ചക്കര, ഉമേഷ്‌, ജ്യോതിര്‍മയി,കേരള ഫാര്‍മര്‍, സന്തോഷ്‌, ബിന്ദു, വളയം,മാവേലി കേരളം,സ്നേഹിതന്‍,തക്കുടു,ദൃശ്യന്‍ എന്നീ എല്ലാ ബ്ലൊഗ്‌ സുഹൃത്തുക്കള്‍ക്കും ചിത്രകാരന്റെ നന്ദി. ഇനി അറിയാതെ ആരേയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ അവര്‍ക്കും നന്ദി !!!

    ReplyDelete
  64. എല്ലാം കലങ്ങി തെളിയുമ്പോഴുള്ള തെളിമ അത് എന്നെയും വല്ലാതെ കൊതിപ്പിക്കുന്നു. പ്രശ്നങ്ങളെ നല്ല മനസ്സോടെ നോക്കി കാണുവാനും കൈകാര്യം ചെയ്യാനും തെറ്റിദ്ധാരണകള്‍ മാറ്റാന്‍ വിശ്വപ്രഭ മുന്‍ കൈയ്യെടുത്തതില്‍ നിറഞ്ഞ സന്തോഷം.

    കുറച്ചു നാളായി ഈ ബൂലോകത്ത് വരാന്‍ കഴിഞ്ഞില്ല. ഇനിമുതല്‍ പതിവുപോലെ നമുക്ക് കണ്ടുമുട്ടാം. ചിത്രകാരാ‍.. സുഖം തന്നെയെന്നു കരുതുന്നു.

    ReplyDelete
  65. i am prmchand came across your blog.i am residing at valathungal in the suburbs of kollam.i expect that you can remember our meeting at KANAV on behalf of THARJANI.
    thanking you for your commetable service in BULOKAM.
    Iam also having the tearsd of JOY while reading your BLOG

    PREMCHAND
    universal.premchand@gmail.com

    ReplyDelete
  66. മാഷേ: അജ്ഞാതവ്വാസം കഴിഞ്ഞ്‌ മടങ്ങിയെത്തിയൊ? മടങ്ങി വന്നതില്‍ സന്തോഷിക്കുന്നു.

    ReplyDelete
  67. ഞാന്‍ ജീവിച്ചിരിപ്പില്ലാതിരുന്ന ഒരു ബ്ലോഗ് കാലത്തെക്കുറിച്ചാണീ പോസ്റ്റ്.

    തെറ്റിദ്ധാരണകള്‍ ആര്‍ക്കും ഇല്ലാതിരിക്കട്ടെ എന്ന് തന്നെ എന്‍റെയും ആഗ്രഹം...

    ReplyDelete

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...