Tuesday, May 29, 2007

കാറ്ററിയാതെ..., കാടുണരാതെ...

(പിന്മൊഴിയല്ല;

എനിക്കു മുന്‍പേ കാലം കയ്യിലൊരു പൂക്കുലക്കൂട് വ്യര്‍ത്ഥതൃഷ്ണകള്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നു.
എന്നെ കബളിപ്പിച്ചുകൊണ്ടേ ഇരിക്കാന്‍, ഞാന്‍ എന്നെന്നും പിന്‍പറ്റിക്കൊണ്ടേ ചെന്നുകൂടാന്‍, പാതയെമ്പാടും....

അതാണ്, ആ മുന്മൊഴിയാണിത്.
അതുകൊണ്ട് ഒരു പുതിയ പോസ്റ്റായിത്തന്നെ കിടക്കട്ടെ എന്നു കരുതി...)

**************


വെറുതെ നടക്കുകയായിരുന്നു...

പിന്നില്‍ ജന്മജന്മാന്തരങ്ങളുടെ ഭാണ്ഡങ്ങള്‍ ....

ഒരു പൂ വിളിച്ചു: “ഓര്‍മ്മയില്ലേ?”

തികട്ടിവന്ന ഓര്‍മ്മകളില്‍ തിരഞ്ഞുകൊണ്ടിരുന്നു....

ഉവ്വ്....

നിന്നെ...,
വ്യാഴവട്ടങ്ങള്‍ക്കുമുന്‍പേ കണ്ടുകണ്മറഞ്ഞ ബിംബങ്ങളില്‍ നിന്നൊരു ശലാക എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നു...

“നീയതായിരുന്നോ? പിന്നെന്തേ നമുക്കിത്ര വൈകി?”

“നാം എഴുതിവെയ്ക്കപ്പെട്ട സ്വന്തം ഭ്രമണപഥങ്ങളില്‍ കുടുങ്ങിയിരിക്കുന്നു....
വ്യാഴവട്ടങ്ങളിലേ നമുക്കൊത്തുചേരാനാവൂ...“

“നമ്മുടെ സമയം പക്ഷേ വിധിയെടുത്തുകഴിഞ്ഞിരിക്കുന്നു...!“

“എങ്കിലും നിനക്കോര്‍മ്മയുണ്ടാവണം...ഞാനിപ്പോഴും നിന്നെക്കുറിച്ചു ഭ്രമിച്ചുകൊണ്ടേയിരിക്കുന്നു....“

*** *** ***

നീണ്ട കൈകള്‍ക്കറ്റത്ത് ചിതയില്‍ നിന്നൊരു പെണ്‍കുട്ടി പിടി മുറുക്കി.

ഗുരുത്വത്തിന്നെതിരെ ഞാനെന്റെ ഹൃദയത്തെ എന്നോടുതന്നെ ചേര്‍ത്ത് വലിച്ചടുപ്പിക്കാന്‍ ശ്രമിച്ചു....

മഴ വീണ ഊടുവഴികളില്‍ പോയ വേനലിന്റെ പായല്‍ വഴുക്കുകള്‍....

ആത്മഹത്യാമുനമ്പുകളില്‍ തിരിച്ചലയടിക്കുന്ന എന്റെ സ്വന്തം പ്രതിബിംബങ്ങള്‍...

ദേവീ, വരൂ... ഉയിര്‍ത്തെഴുന്നേല്‍ക്കൂ‍....

കോടമഞ്ഞുപോലെ ഒരു തേങ്ങല്‍ മനസ്സിനെ കടന്നുപോയി....

*** *** ***

ഹുതാശനശ്ചന്ദനപങ്കശീതളമായിരുന്നു മനസ്സ്.
എവിടെനിന്നാണിപ്പോള്‍ ഈ ഉഷ്ണമേഘങ്ങള്‍ പാറിവരുന്നത്?
തുടുത്ത പ്രഭാതത്തിനുമീതെ അവ അഗ്നിയായി തപിച്ചു...തപിപ്പിച്ചു...
വയ്യ.
ഇവയ്ക്കപ്പുറം എന്റെ പതിവുള്ള ദിവസങ്ങളിലേക്കു കയറിപ്പോകാനാവുന്നില്ല...

ഉഷസ്സെണീല്‍ക്കുന്നതിനുമുന്നേ അവ ആകാശം മുഴുവന്‍ മൂടിനില്‍ക്കുന്നു....

പെയ്തൊഴിയുകയെങ്കിലും ചെയ്തിരുന്നെങ്കില്‍...

അഥവാ ഇവ വെറും ഉഷ്ണമേഘങ്ങള്‍ തന്നെയോ?

*** *** ***

ഗുരുത്വം വഴുതലിനു കീഴടങ്ങി...

ദേശത്തിലും കാലത്തിലും പിടിച്ചുനില്‍ക്കാനാവാതെ നീലക്കുറിഞ്ഞിപ്പൂക്കള്‍ കീഴെ അഗാധതയിലേക്കു പടിയിറങ്ങിപ്പോയി പിന്നെയും...

********* *********

(മുന്‍പൊരിക്കല്‍ ഈ വരികള്‍ കത്തിയമര്‍ന്നുകൊണ്ടിരുന്ന ഏതോ മഴക്കാടുകളില്‍ കോറിവരച്ചിട്ടിരുന്നു എന്നിട്ടും ഒരായിരത്തിയൊന്നാമതുതവണയും ചിതപ്പക്ഷികളായി ഉയിര്‍ത്തെഴുന്നേറ്റ് ഈ നീലക്കുറിഞ്ഞിപ്പൂക്കള്‍ എന്നെ വേട്ടയാടിക്കൊണ്ടേ ഇരിക്കുന്നു... ഒട്ടും ആവര്‍ത്തനവിരസത തോന്നാതെ Conspiracy of Silence-ലെ കുഞ്ഞുവേദനത്തുണ്ടിനുകൂടി പിന്മൊഴിയാക്കി ഇവിടെ ചേര്‍ക്കട്ടെ.)

*****************

എന്തിനെന്നറിയില്ല, ബൂലോഗത്ത് അവളെക്കുറിച്ച് ഒരു പോസ്റ്റ് വന്നിട്ടുണ്ടെന്ന് അറിയാതെത്തന്നെ, ഇന്നലെമുതല്‍ ആ ഗാനം ലാസ്യനിലാവായി എനിക്കു മേലെ പെയ്തുകൊണ്ടിരുന്നു. ആരോ ചാരത്തുവരുമല്ലോ എന്ന ആശ, ആരും വന്നില്ലല്ലോ എന്ന നിരാശ...
ഇന്നു പകല്‍ മുഴുവന്‍ നഗരമാകെ അലഞ്ഞുനടന്നു, ശ്രുതിയുടെ പഴമ്പാട്ടിന്‍ ഭാണ്ഡങ്ങള്‍ക്കുള്ളിലെവിടെയോ നഷ്ടപ്പെട്ടുപോയ ഈ കുറിഞ്ഞിപ്പൂക്കളും തിരഞ്ഞുകൊണ്ട്।


ഇല്ല, ആരും ഒന്ന് ഓര്‍ക്കുകപോലും ചെയ്യാതെ ഒരു വരിപോലുമില്ലാതെ എന്റെ പൂക്കുലക്കൂടപ്പാടെ കരിഞ്ഞുണങ്ങിപ്പോയിരിക്കുന്നു...

നിരാശയോടെ രാത്രി തിരിച്ചുവന്നുകയറിയപ്പോള്‍, അപ്പോളാണ് നിശ്ശബ്ദതയുടെ ഗൂഢാലോചനക്കൂടാരത്തില്‍ അവള്‍ വീണ്ടും...! ഇന്നീ അന്തിവരേയ്ക്കും അങ്ങിനെയൊരുവള്‍ എന്നെയും കാത്തിവിടെ ഇരിപ്പുണ്ടെന്നു് ഒരിക്കലും അറിഞ്ഞിരുന്നില്ല.

കളിയാക്കുകയാവണം...
കുണുങ്ങിച്ചിരിക്കുന്നു...
പിന്നെ തേങ്ങിത്തേങ്ങി...


പരതിത്തിരഞ്ഞ കൈവിരലുകള്‍ ഒടുവില്‍ അവളെ കണ്ടുപിടിച്ചു...
കാറ്ററിയാതെ, കാടുണരാതെ, ഇവിടെ എന്റെ തൊട്ടുചാരത്ത് തന്നെ അവള്‍ ചേര്‍ന്നിരിക്കുന്നു...
പച്ചാളക്കുട്ടന്‍ പണ്ടെന്നോ അയച്ചുതന്ന തേരിനുള്ളില്‍, എന്റെ, എന്റെ മാത്രം, പാട്ട്:

ഈ തിരിച്ചുകിട്ടലിന്റെ സൌഭാഗ്യം ഓര്‍മ്മിക്കാന്‍, ബൈജുവിനും കൂട്ടുകാര്‍ക്കും വേണ്ടി ഇവിടെ ഒരു പോഡ്‌കാസ്റ്റായിട്ട് , അല്ലെങ്കില്‍ ഇവിടെ നിന്നും നേരെ ഡൌണ്‍ലോഡ് ചെയ്യാം.


എന്റെ ആത്മാവിനെ എന്നെന്നേക്കുമായി തൊട്ടുചാരിയിരിക്കുന്ന ആ ഗാനത്തിന്റെ വരികള്‍:

നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍ നിന്നെ പ്രതീക്ഷിച്ചു നിന്നൂ
ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാനിന്നും പ്രതീക്ഷിച്ചു നിന്നൂ
നീയിതുകാണാതെ പോകയോ? നീയിതു ചൂടാതെ പോകയോ?
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍...

ആഷാഢമാസ നിശീഥിനി തന്‍ വനസീമയിലൂടെ നീ
ആരും കാണാതെ.. ആരും കേള്‍ക്കാതെ..
എന്നിലേക്കെന്നും വരുന്നൂ എന്‍മണ്‍കുടില്‍ തേടി വരുന്നൂ
നീയിതുകാണാതെ പോകയോ? നീയിതു ചൂടാതെ പോകയോ?
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍...

ലാസ്യനിലാവിന്റെ ലാളനമേറ്റു ഞാന്നൊന്നുമയങ്ങീ
കാറ്റും കാണാതെ.. കാടും ഉണരാതെ..
എന്റെ ചാരത്തുവന്നൂ എന്‍ പ്രേമനൈവേദ്യമണിഞ്ഞൂ
നീയിതുകാണാതെ പോകയോ? നീയിതു ചൂടാതെ പോകയോ?
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍ നിന്നെ പ്രതീക്ഷിച്ചു നിന്നൂ
നീയിതുകാണാതെ പോകയോ? നീയിതു ചൂടാതെ പോകയോ?
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍...

22 comments:

  1. “എങ്കിലും നിനക്കോര്‍മ്മയുണ്ടാവണം...ഞാനിപ്പോഴും നിന്നെക്കുറിച്ചു ഭ്രമിച്ചുകൊണ്ടേയിരിക്കുന്നു....“
    വ്ണ്ടും ആ ഗാനം ആസ്വദിച്ചു. നന്ദി.:)

    ReplyDelete
  2. നീലക്കുറിഞ്ഞി പൂക്കുന്നത്‌ ഒരു സംഭവമാണ്‌.
    മലയായ മലയെല്ലാം പരവതാനി വിരിക്കുന്ന ഈ കാഴ്ച്ചയുടെ മാസ്മരികതയില്‍ ഏത്‌ ഗന്ധര്‍വനും ഷേക്സ്പിയറാകും.
    പക്ഷെ പൂക്കുന്നത്‌ ഒരു വ്യാഴവട്ടത്തില്‍.

    ഇല്ലിക്കാട്‌ പൂക്കുന്നത്‌ മൂന്ന്‌ ദശകത്തിലൊരിക്കല്‍. ലോക പുല്ലന്മാരില്‍ ഏറ്റവും വലിയവനായ ഇവന്‍ പൂത്ത്‌ കിട്ടുന്ന അരിപുട്ട്‌ ഏത്‌ ഗന്ധര്‍വന്റേയും ആര്‍ത്തിപിടിപ്പിക്കും.

    വിശ്വം മാഷ്‌ ബ്ലോഗെഴുതുന്നത്‌ നാഴികമണികള്‍ പലവട്ടം അടിച്ച്‌ നിശ്ശബ്ദമായതിന്‌ ശേഷം, അനേകം സൂര്യോദയങ്ങള്‍ക്കൊടുവില്‍.
    പക്ഷെ അതൊരു സംഭവമായിരിക്കും എന്ന്‌ ഈ ബ്ലോഗും തെളിയിക്കുന്നു.

    നീലക്കുറിഞ്ഞി പൂത്തു ഇല്ലിക്കാടും പൂവിട്ടു
    വിശ്വബൂലോഗമാകെ.

    ReplyDelete
  3. എന്തെല്ലാമോ ഓര്‍മ്മകള്‍ തിരിച്ചു തരുന്ന പോസ്റ്റ്.
    നന്ദി
    -സുല്‍

    ReplyDelete
  4. ഇന്നലെ അവള്‍ വിളിച്ചു, രണ്ടു വര്‍ഷത്തേ തീവ്ര പ്രണയത്തിനും ആറേയു മാസത്തേ ദാംബത്യതിനു തിരശ്ശീല വീയ്താന്‍. എല്ലാം അവളുടെ ഭര്‍താവും വീട്ടുകരും അറിഞു, വലിയ പ്രശ്നം ആയി, ഇനി ഞാന്‍ വിളിക്കില്ല, എന്നെയും വിളിക്കരുത്..എല്ലാറ്റിനും മാപ്പ്..ഒരക്ഷരം ഉരിയിടാനാവാതെ കേട്ടിരുന്നു..ഇനി എന്ത്? കാത്തിരിക്കും...ഇനിയും ആ വിളി കേള്‍ക്കാന്‍..എന്റെ മരണം വരെ...

    ReplyDelete
  5. വാരി വലിച്ച് എഴുതി ആ പാട്ട് കുളാക്കി ചുരുക്കത്തില്‍. ഇനി മേലാലു പാട്ടപേക്ഷ വിട്ടാ.. മര്യായ്ക് എഴുതാന്‍ നിങ്ങളു എന്നാണാവോ പഠിയ്കാ?

    ReplyDelete
  6. കുവൈറ്റില്‍ ചൂടു കൂടിതുടങ്ങി എന്നു മനസ്സിലായി ഇതു വായിച്ചപ്പോള്‍

    ReplyDelete
  7. ശരണ്യേ, എന്തു കറക്ടായിട്ടാണ് കാര്യം മനസിലാക്കിയത്? ശരിക്കും ഇവിടെ ചൂട് തുടങ്ങിയതേ ഉള്ളൂവെങ്കിലും തുടക്കം തന്നെ ഗംഭീരം.

    അതുല്യേച്ചിയുടെ കമന്റും ഉഗ്രന്‍. ഇനി വരുന്നവരുടെ കമന്റുകള്‍ വായിക്കാന്‍ ക്കാത്തിരിക്കുനു.

    ReplyDelete
  8. ഇത് പണ്ടെഴുതിയ കമന്റ് കുറച്ച് മിനുക്കി ഇട്ടതല്ലേ. കുറേ നാള്‍ പോസ്റ്റൊന്നും ഇടാതെ, അജ്ഞാതവാസം നടത്തിയിട്ട്, ഇതിട്ടത് ശരിയായില്ല എങ്കിലും ശരിയായി എന്ന് വിചാരിച്ചേക്കാം. വേറൊന്നും വിചാരിച്ചിട്ടും കാര്യമില്ലല്ലോ. ഗന്ധര്‍വ്വന്‍ ജി പറഞ്ഞതൊക്കെ ഞാനും ആവര്‍ത്തിക്കാം വേണമെങ്കില്‍.

    പാട്ടിന് നന്ദി. ഇവിടെ ഇല്ലായിരുന്നു.

    ReplyDelete
  9. വിശ്വം;
    “നീലക്കുറിഞ്ഞികള്‍....”ഓര്‍ക്കുന്ന ഒരാളെങ്കിലുമുണ്ടെന്നറിഞ്ഞതില്‍ സന്തോഷം. ചിത്രയുടെ ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയ പാട്ടാണിത്. അവരുടെ വളരെ നല്ലപാട്ടുകളിലൊന്നും. “നീലക്കടമ്പ്” സിനിമ റിലീസ് ചെയ്യാതെ പോയതിനാല്‍ പാട്ടും അധികമാരും കേട്ടില്ല.
    പാട്ടിനൊത്ത് പോകുന്ന ലിറിക്സും. ശില്പഭംഗിയും അതുപോലെ ലളിതം.

    “നീയിതു ചൂടാതെ പോകയോ....” പാട്ടുകേട്ടു വളരെക്കഴിഞ്ഞാലും മനസ്സില്‍ നില്‍ക്കും.

    ReplyDelete
  10. ഇന്നലെ ഈ പാട്ടു എത്രതവണ കേട്ടു എന്നറിയില്ല...പിന്നെ വീട്ടില്‍ പാചകത്തിനിടയില്‍ പാടി കൊന്നുകൊണ്ടിരുന്നു , hmm ..Of all mothers I got a singing mother ... എന്നു കുട്ടിമോള്‍ നെടുവീര്‍പ്പോടെ പറയുന്നതുവരെ :-)

    ഞാനിതു മറന്നിരിയ്ക്കുകയായിരുന്നു...നന്ദി


    ബൂലൊഗസമ്മര്‍ദം
    (പിന്നെ വിശ്വംജി ..കാത്തു നിന്ന സ്ഥലം ശരിയായില്ല എന്നു തോന്നുന്നു.നീലകുറിഞ്ഞി പൂകുന്ന വീഥിയില്‍...വരയാടുകള്‍ അല്ലെ അവിടെ വരുക..പെണ്‍കുട്ടിയ്ക്കുള്ള കൃഷ്ണ തുളസി പൂവുമായി അമ്പലനടയില്‍ അല്ലെ നില്‍ക്കേണ്ടിയിരുന്നതു..?:-)..)


    qw_er_ty

    ReplyDelete
  11. എന്റെ സന്ദേഹം.

    എന്റെ കമന്റും ശാലിനിയുടെ കമന്റും വായിച്ചപ്പോള്‍ എനിക്കൊരു സന്ദേഹം, ഈ വിശ്വപ്രഭയും ശാലിനിയും ഒരാള്‍ തന്നെയോ എന്നു.ബ്ലോഗ്ഗു ലോകത്തു ഇങ്ങനെ പലരുമുണ്ടെന്നു കേട്ടു.
    അല്ല വെറുതെ ഒരു തോന്നല്‍ ആകാം...............

    ReplyDelete
  12. പാവം “ശരണ്യ”. ഒന്നും അറിയില്ല. വിശ്വപ്രഭയും ശാലിനിയും മാത്രമല്ല, ഇവിടെയുള്ള എല്ലാ ബ്ലോഗ്ഗേഴ്സും ഒന്നാണ്. ശരണ്യ മാത്രമേ വേറെയുള്ളൂ. ;)

    വിശ്വം ഓഫിന് മാപ്പ്.

    ReplyDelete
  13. എന്തിനാണ് കരിഞ്ഞ നീലകുറിഞ്ഞിപൂക്കളെ നോക്കി നെടുവീര്‍പ്പിടുന്നത്.അവ ഇനിയും പൂക്കുമല്ലോ.

    ഒരു മലമുഴുവന്‍ പൂത്ത നീലകുറിഞ്ഞികള്‍ തന്ന ജേക്കബിനെ ഓര്‍മ്മയില്ലെ?
    ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം ഇവിടെ
    അവിടേം ചോദിച്ച പാട്ട് ഇത് തന്നെ.

    ReplyDelete
  14. വിശ്വം, വായിച്ചിട്ടു അത്രക്കങ്ങു സുഖമായില്ല........മനസ്സിലാകാഞ്ഞിട്ടാണെന്നു തോന്നുന്നു.

    ReplyDelete
  15. വിശ്വബൂലോകത്തില്‍ കാറ്റിലുലഞ്ഞും കാടിനെ ഉണര്‍ത്തിയും നാടിനെ വിസ്മയം കൊള്ളിച്ചും നീലക്കുറിഞ്ഞിപ്പൂക്കളായി അക്ഷരപ്പൂക്കള്‍ വിടരട്ടെ...
    വിശ്വപ്രഭാകിരണങ്ങളേറ്റ്...ഓരോ ഉഷസ്സിലും അവ വിരിയട്ടെ...
    പന്ത്രണ്ടുകൊല്ലം കഴിഞ്ഞാല്‍ വസന്തോത്സവം കാണാന്‍ കൂടാം:)
    പ്രാര്‍ഥനയോടെ,

    ReplyDelete
  16. വിശ്വംജി,
    ഒരു ഗതകാലസ്മൃതി എന്ന നിലക്കു ഈ പോസ്റ്റു അതിന്റെ കര്‍മ്മം ഭംഗിയാക്കിട്ടുണ്ട്.പിന്നെ ലിങ്കുകളും എഴുത്തും എല്ലാം കൂടി ഒരു എഡിറ്റിങ്ങിന്റെ പോരായ്മ ഉള്ള പോലെ..

    ReplyDelete
  17. അല്ല വെറുതെ ഒരു തോന്നല്‍ ആകാം...............

    എന്റെ കര്‍ത്താവേ ഈ ശരണ്യ പറയുന്നെതെന്താണെന്ന് ആ കുട്ടിക്ക് തന്നെ അറിയില്ല.

    ReplyDelete
  18. എന്താ വിശ്വം, നീലക്കുറിഞ്ഞിയോടെരു പ്രണയം? നന്നായിട്ടുണ്ട് കേട്ടോ?

    ReplyDelete
  19. പ്രിയ വിശ്വപ്രഭാ... ഒന്നും മനസ്സിലാകുന്നില്ല. കഥയറിയാതേ ഞാന്‍ ആട്ടം കാണുകയായിരിക്കും !!!!
    ക്ഷേമാശംസകളോടെ ...
    :)

    ReplyDelete
  20. ഉള്ളിലും നീലക്കുറിഞ്ഞികൾ പൂത്തു.

    ReplyDelete
  21. ഈ പാട്ട് അനേകം പ്രാവശ്യം കേട്ടിട്ടുണ്ട്... എഴുതിയത് ഇനിയും വായിക്കണമെന്ന് മനസ്സിലായി...

    ReplyDelete

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...