Monday, September 11, 2006

നേതി...നേതി...

ജ്യോതീ, ഡാലീ

തമോഗര്‍ത്തം അവസാനമല്ല, ഇല്ലായ്മയല്ല! അതു കാണുന്ന നമുക്കല്ലേ അപ്പുറം ഇരുട്ടായും ഉണ്മയുടെ മുങ്ങിപ്പോവലായും തോന്നുന്നത്?

അതിനക്കരെ പ്രപഞ്ചങ്ങളുണ്ടായിരിക്കാം. അവിടെ നിന്നും, ആ കൊച്ചുപൊത്തിനപ്പുറത്തുനിന്നും നമ്മെപ്പോലെത്തന്നെയുള്ള പിഞ്ചുകുഞ്ഞുങ്ങള്‍ ഇപ്പുറത്തേക്ക്, നമുക്കെതിരെ, ഇരുളിലേക്കു സാകൂതം നോക്കിക്കൊണ്ടു നില്‍ക്കുന്നുണ്ടാവാം. ഒരു പക്ഷേ നമുക്കു കേള്‍ക്കില്ലെങ്കിലും, അവര്‍ നമ്മെ നോക്കി, നമ്മുടെ ഇതികർത്തവ്യതാമൗഢ്യങ്ങളെ നോക്കി,  പറയുന്നുണ്ടാവാം:

“നോക്കൂ, ഇരുട്ട്! ഉറങ്ങിയെണീൽക്കുന്ന വെളിച്ചം നിത്യവും പായചുരുട്ടി വെക്കുന്ന പൊത്ത്! കണ്ടില്ലേ, നമ്മുടെ വാക്കു പോലും ഒരു പ്രതിദ്ധ്വനിപോലുമില്ലാതെ ഈ അന്ധകൂപത്തിലേക്കു മുങ്ങിപ്പോകുന്നത്! തൊടണ്ട, അറിയുക പോലും ചെയ്യണ്ട! നമ്മെക്കൂടി നമുക്കു നഷ്ടപ്പെടണ്ട!”

ഇരുട്ടു ചുരത്തുന്ന ദ്വാരങ്ങള്‍ക്കപ്പുറവുമിപ്പുറവും നിന്ന്, കേള്‍ക്കുന്ന ചെവിയേയും തേടി വാക്കു തെണ്ടുന്നു... കാണുന്ന കണ്ണുകളും തിരഞ്ഞ് വെളിച്ചം അലയുന്നു...

*** *** ***


"The opposite of a correct statement is a false statement. But the opposite of a profound truth may well be another profound truth." —Niels Bohr


ഒരു ദിവസം ഞാന്‍ ആ കിണറ്റില്‍ വീണു.

നേരങ്ങളും അകലങ്ങളും എന്നില്‍നിന്നും വഴുതിക്കയറിപ്പോയി. വെളിച്ചം എനിക്കു പിന്നില്‍ എന്നെ ഉപേക്ഷിച്ചു പിന്‍‌വാങ്ങി.

തലക്കുമുകളില്‍ വൃത്താകാരത്തില്‍ ഇരുട്ട് അങ്ങുയരെ എനിക്കൊരു‍ കൂടാരം പണിഞ്ഞു.
പ്രപഞ്ചം മുഴുവന്‍ ആ കൂടാരത്തിന്റെ ഉച്ചിയില്‍ ഒറ്റയൊരു ചെറുവട്ടമായി, വെളിച്ചത്തിന്റെ ഒരു ദ്വാരമായി മാറി.

ദ്വാരകേന്ദ്രത്തിനുചുറ്റും ഫോട്ടോണുകള്‍ ഭീഷണമായ വേഗത്തില്‍ ഭ്രമണം ചെയ്തുചുരുങ്ങിക്കൊണ്ടിരുന്നു. അവയുടെ അപകേന്ദ്രബലം കൂടിക്കൂടിവന്ന് ഒടുവില്‍ സമസ്തലോകങ്ങളും ഒരു ത്രുടിക്കുള്ളില്‍ പൊട്ടിച്ചുരുങ്ങി! ....

മറ്റൊരു ത്രുടിപോലുമായില്ല, വീണ്ടും ഭ്രമം!

വിഭ്രമം!

ഇപ്പോള്‍ ശ്രീകോവിലിലാണ്‌! വിഗ്രഹത്തിനുള്ളില്‍...
 

സംപൂജ്യം! നിര്‍ഗുണം!നിരാമയം!

അഖിലവുമുള്ളിലേക്കു വലിച്ചെടുക്കുന്ന ഒരൊറ്റ വിലയബിന്ദു! ഞാന്‍ അതിലാണ്.

അതുതന്നെയാണ് ഞാന്‍!

 

അഹം തദ് സത്! അന്യതയുള്ള ഒന്നുമില്ല ഇപ്പോള്‍... 

ഉള്ളതു ഞാന്‍ മാത്രം! 

മറ്റൊന്നില്ലാത്തപ്പോള്‍ ഞാനെവിടെ?

 

ബോധചക്രവാളത്തിനുമപ്പുറത്തെത്തിയപ്പോള്‍ ആ അഹംകാരവുമില്ലാതായി. 

ഇരുട്ടില്ല! വെളിച്ചം മാത്രം! അതെനിക്കുചുറ്റും അലകളുയര്‍ത്തിക്കൊണ്ടു നാലുപാടുനിന്നും വീശി! അവയ്ക്കുള്ളിലൂടെ ഞാന്‍ കണ്ടു, സ്വര്‍ഗ്ഗലോകങ്ങള്‍... ഒന്നിനുള്ളിലൊന്നായി ഈരേഴുപതിനാലോ? 

അല്ല.. കണ്ണെത്താത്തിടത്തോളം പ്രകാശവലയങ്ങള്‍...

സ്വര്‍ഗ്ഗകൂപങ്ങള്‍... സമയസോപാനങ്ങള്‍... 

ആറെണ്ണമോ? അല്ല, ജഠരകാരാഗൃഹങ്ങള്‍..ഗര്‍ഭപാത്രത്തിനുള്ളില്‍ ഗര്‍ഭപാത്രങ്ങളായി ഓര്‍മ്മയെത്താത്തിടത്തോളം നീളെ ജന്മജന്മാന്തരങ്ങള്‍... 

അവയ്ക്കെല്ലാം മുകളിലൂടെ സദ്ചിദാനന്ദമായ നീലനീലംതുടുത്ത ആകാശത്തിലൂടെ വാക്കുകള്‍, ജ്ഞാനസ്നാനം കഴിഞ്ഞ ഹംസങ്ങള്‍ ബീജാക്ഷരങ്ങളുരുക്കഴിച്ച്, നിരനിരയായി ശാന്തമായി പറന്നുനീങ്ങി...

അവയുടെ ഉച്ഛ്വാസനിശ്വാസങ്ങള്‍ പിന്നെയും ചുറ്റുപാടും ജീവസ്വരങ്ങളായി, കര്‍മ്മസംഗീതമായി പടര്‍ന്നിറങ്ങി... 

“സോഹം...”

 

"...ആയിരത്താണ്ടുകളായി ഹൂഹു എന്റ്റെ കാലില്‍ കടിച്ചുപിടിച്ചിരിക്കുന്നു, അമ്മേ ഒരു വാക്ക്, ഒരൊറ്റ വാക്കു തരൂ, എനിക്കിന്ദ്രദ്യുമ്നനാകാം..."

 "...മയക്കത്തിലാണ്, ഉണര്‍ത്തേണ്ട..”

"...in search of the great universal single equation..."

"...മോനേ, എന്റെ പൊന്നുമോനേ, എന്റെ പുന്നാരമുത്തേ....”

"...everything attrraacts....."

"...oh my gosh! arrhythmia... again!..."

"...നേതി, നേതി!..."

"അയ്യോ...എന്റെ കുട്ടി...”

"...സ്വര്‍ഗ്ഗസ്ഥനായ അങ്ങയുടെ രാജ്യം വരേണമേ...”

 “I told you! gravity is just geometry!"

"പരമകാരുണികനും സര്‍വ്വശക്തനും...”

".... .... ...." "..."

".."

""

 

ഈ കുഴിയില്‍ വീണുകിടന്ന് ഉയരത്തില്‍ നിന്നും ഞാനിപ്പോളൊരു രഹസ്യം പറയാം:

എനിക്കീ സുവിശേഷം നിങ്ങളെ അറിയിക്കാന്‍ പറ്റില്ലയിനി. വാക്ക്, നമുക്കിടയിലെ പൊക്കിള്‍ക്കൊടി, അറ്റുപോയിരിക്കുന്നു ഇപ്പോള്‍! ഇവിടെനിന്നും പുറത്തേക്ക് സന്ദേശങ്ങള്‍ പോവില്ല!

 

47 comments:

  1. ഇതു വായിയ്ക്കാന്‍ കിട്ടിയ ഞാന്‍ ധന്യയായീ...
    ഇപ്പോള്‍ ഒരു ഹൂഹൂ കാലില്‍, അതിനെ ഒന്നു മാറ്റി(ക്കെട്ടി), ഒരു അഞ്ചാറുമണിക്കൂറെടുക്കും, എന്നിട്ടു വേണം സ്വസ്ഥമായി ഈ വായനാനുഭവത്തിലൂടെ ശരിയ്ക്കും ഒന്നു കടന്നുപോകാന്‍...
    നന്ദി, വിശ്വംജി, ശരിയ്ക്കുള്ള കമന്റ്‌, പിന്നീട്‌.

    ReplyDelete
  2. ഇത് മൊത്തം വായിച്ചിട്ട് ഒരു ഹീഹ്ര്‌ളാദം (ഇതിന്റെ സ്പെല്ലിങ്ങ് ഇതു തന്നെ ആണോ?) ഫ്രീയായി കേട്ടതു പോലെ. തല കറങ്ങുന്നു.

    (വിശ്വ്വേട്ടാ ഞാന്‍ ഓടീ ;))

    ReplyDelete
  3. കുറച്ചുദിവസമായി ഇരുട്ടായിരുന്നു സംസാരവിഷയം. സുനില്‍ കൃഷ്നനുമുണ്ട്‌ കൂട്ടിന്. മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ഇരുട്ടിനെപറ്റി ഒരു ലേഖനം കണ്ടില്ലേ? ഇരുട്ടാണ് സത്യം! അക്കിത്തം കീ ജയ്. നമ്മുടെ പണ്ടത്തെ വിചാരങളില്ലേ കാലത്തിനെപ്പറ്റിയും മറ്റും.. അതിന്റെ ഒരു തുടര്‍ച്ചയായിരുന്നു ഇരുട്ടിനെപറ്റിയുള്ള സംസാരവും. അങിനെയിരിക്കുന്ന സമയത്ത്‌ ഇവിടെ ഇതുകണ്ടതില്‍ സന്തോഷം. -സു-

    ReplyDelete
  4. രാവിലേ സുലൈമാനിക്കുമുകളില്‍ പിന്മൊഴിയില്‍ തുടിച്ചു കുളിക്കാനിറങ്ങിയ ഞാന്‍ arrhythmia മോഹിനിയെക്കണ്ട്‌ ഭ്രമിച്ച്‌ ഇങ്ങോട്ടു കയറി വന്നുപോയി. [ഒടുക്കം വിശ്വം മാഷ്‌ ഞാന്‍ പറഞ്ഞ വഴിയില്‍ തിരിച്ചെന്ന് ഒരു മാത്ര വെറുതേ നിനച്ചു പോയി.]

    അവതാളത്തില്‍ വിദ്യുത്‌ സ്ഫുലിംഗങ്ങള്‍ തൊടുക്കുന്ന ഒരു കഷണം ഇറച്ചി കാണാനെത്തിയ എന്നെക്കാത്ത്‌ തമോ (അതാരാണ്ടും മഹായാനസന്യാസി അല്ല്യോ) ഗര്‍ത്തമാണ്‌ ഇരിക്കുന്നതെന്ന് സ്വപ്നേപി വിചാരിച്ചില്ല. [റാംകോ സിമന്റിന്റെ ഒരു ചാക്ക്‌ എടുപ്പിച്ച തുമ്പിയെപ്പോലെ പിരുന്നു പോയണ്ണോ, പിരുന്നു പോയി.]

    ഇല്ലാതായിക്കഴിഞ്ഞ വിശ്വവും ഉണ്ടാകാന്‍ പോകുന്ന വിശ്വവും വാക്കിന്റെ ഇരുവശങ്ങളിലാണ്‌. അതാണ്‌ പ്രണവബീജമെന്നും ആദിവചനമെന്നുമൊക്കെ വിശ്വപ്രഭയെക്കുറിച്ചു പറയാറ്‌. തമോഗര്‍ത്തങ്ങള്‍ ആ വിശ്വത്തിലെവിടെയോ ഇടക്കു പിഴച്ച സ്ഫുലിങ്ങംഗളാല്‍ വന്നുപെട്ടുപോയ ഇന്‍ഫാര്‍ക്റ്റുകള്‍ - മൃതകോശങ്ങള്‍. വാഗ്ജ്യോതിയില്ലാതെയാകുന്ന കോശങ്ങള്‍ അതിന്റെ നിര്‍ഗ്ഗുണപ്പരബ്രഹ്മാവസ്ഥയിലേക്ക്‌ തിരിച്ചു പോകുന്നു.

    പ്രചണ്ഡ വചനങ്ങള്‍ നിര്‍മ്മിക്കുന്ന ടാച്ചിക്കാര്‍ഡിയകളും നൈരാശ്യത്തിന്റെ നിശബ്ദത തീര്‍ക്കുന്ന ബ്രാഡിക്കാര്‍ഡിയകളും ഉലക്കാത്ത, മൃതവും അതേ സമയം ജീര്‍ണ്ണിക്കാത്തതുമായ ഒരു തുണ്ട്‌ ഹൃദയം- തമോഗര്‍ത്തം.

    ReplyDelete
  5. എന്തരോ സംഭവമാണെന്ന് മനസിലായി.
    --
    ഒറ്റ മിനിറ്റേ...
    ദാ ഇപ്പ വരാം. വായിച്ചിടത്തോളം തമോ ഗര്‍ത്തത്തില്‍ വീണുപോയി. കുക്കീസൊക്കെ ഒന്നു മായിച്ചിട്ടിപ്പ വരാം.
    --
    ദേവന്റെ രണ്ട് അവസാന പാരകളും വടക്കുന്നാഥന്റെ തിരക്കഥയില്‍ ഉണ്ടായിരുന്നതും പിന്നെ യേതോ അസി.ഡയറക്റ്റര്‍ വെട്ടി തൂരെക്കളഞ്ഞതുമായ ഡയലോഗല്ലേ?

    ReplyDelete
  6. തമോഗര്‍ത്തത്തില്‍ നിന്നും വാക്കുകള്‍ ഉയര്‍ത്തിക്കൊണ്ടു വന്ന് ഈ വിശ്വലോകത്തിട്ട് അമ്മാനമാടുന്ന വിശ്വേട്ടന്റ വരികള്‍ക്ക് കമന്റെഴുതാന്‍ ഞാനില്ലേ...

    ReplyDelete
  7. ഹല ഹലോ

    ഇതു ഔഷധത്തിനു ശേഷമുള്ള ഒരു ഭ്രാന്തന്‍ മ്യൂസിക്‌ വീഡിയോ ആണല്ലൊ..

    എല്ലാം കഴിയുമ്പോള്‍,
    "മയക്കത്തിലാണ്‌ ഉണര്‍ത്തേണ്ട" തുടങ്ങി ക്വൊട്ട്‌സില്‍ ഇട്ടവ മുഴുവന്‍, ഗുിറ്റാറുമായി സോഫയില്‍ നിന്നെഴുന്നെറ്റു പോവുമ്പോള്‍ സ്ക്രീനില്‍ വായിക്കുന്നതിനു മുന്‍പെ പതിഞ്ഞു മറയുന്ന.. ഒച്ചകള്‍ക്കിടയില്‍ കിണറില്‍ നിന്നുള്ള മുഴക്കവുമായി അമ്മ വിളിക്കുന്ന.. കുഞ്ഞ്‌ ഇരുള്‍ നിറഞ്ഞ ഇടനാഴിയിലൂടെ പിച്ച വെക്കുന്ന. അവസാനത്തെ ആണി അഴിഞ്ഞു വീണു പ്രതിദ്ധ്വ്‌നിക്കുന്ന..

    വിശ്വം സത്യം പറ.
    g string 'ഉടുത്ത' പെണ്‍കൊടിയുടെ നെറുകയില്‍ രാസ്‌നാദി തൂവിയതാരാണ്‌..? ;-D

    -മറിയം-

    ReplyDelete
  8. വിശ്വം...ഗംഭീരം. ആ തമോഗര്‍ത്തത്തില്‍ നിന്നു പുറത്തേക്ക് വരാത്ത വാക്കുകള്‍, അതിന്റെ നൊമ്പരങ്ങള്‍(?), സന്താപ സന്തോഷങ്ങള്‍ ഞാന്‍ അനുഭവിക്കുന്നു. ഈ കൃതി മനോഹരമായിരിക്കുന്നു.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  9. വിശ്വേട്ടാ, സന്തോഷം.
    പെരിങ്ങോടരുടേയും, ജ്യോതിയുടേയും തമോഗര്‍ത്തം വായിച്ചപ്പോള്‍ അതിനെ കുറിച്ച് ഒരു പോസ്റ്റ് എഴുതണം എന്നു കരുതിയിരിക്കുകയായിരുന്നു. അതിന് മുന്നോടിയായി എഴുതിയ അദ്വൈതവും പദാര്‍ത്ഥങ്ങളുടെ ദ്വന്ദ സ്വഭാവവും വായിച്ചീട്ടാണ് വിശ്വേട്ടന്റെ ഈ പോസ്റ്റ് എന്ന് തോന്നുന്നു. ഇല്ലെങ്കില്‍ വിശ്വേട്ടനെ പോലൊരാള്‍ വായിക്കണം എന്ന് ഞാനഗ്രഹിക്കുന്ന പോസ്റ്റ് ഇതാണ് (http://chittayillathachinthakal.blogspot.com/2006/09/blog-post.html)

    പക്ഷേ ഞാന്‍ ജ്യോതിയോട് പറഞ്ഞത് ഇവിടെയും പറയുന്നു. തമോഗര്‍ത്തത്തില്‍ നിന്നും ഒരു രക്ഷപ്പെടല്‍ ഒരു കണികയ്ക്ക് പോലും സാദ്ധ്യമല്ല. (ഒരു സ്വര്‍ഗ്ഗം, നരകം ആശയം പോലെ തോന്നാം) അപ്പോള്‍ അവിടെ എന്തുണ്ടായാലും ഭൂമിയിലിരിക്കുന്ന നമുക്ക് എന്തു കാര്യം. (നമ്മള്‍ അവിടെ ചെന്നെത്താന്‍ ആഗ്രഹിക്കത്തിടത്തോളം?) ഒരു പോസ്റ്റ് എഴുതാന്‍ ശ്രമിക്കാം വിശ്വേട്ടാ.

    ReplyDelete
  10. വിശ്വേട്ടാ, സത്യമായും എനിക്കൊന്നും മനസ്സിലായില്ല. എന്താ ശരിക്കും പറയാനുദ്ദേശിച്ചത്?

    ReplyDelete
  11. ജ്യോതിയ്ക്കും ഡാലിക്കും വേണ്ടി എഴുതിയ ഈ പോസ്റ്റ് വായിച്ചു. ജ്യോതിയും ഡാലിയും വായിച്ചിട്ട് സമയം ഉള്ളപ്പോള്‍ (ഹേയ്... വിലപ്പെട്ട നിങ്ങളുടെ സമയം എനിക്കുവേണ്ടി പാഴാക്കുകയൊന്നും വേണ്ട. എപ്പോഴെങ്കിലും സമയം കിട്ടുകയാണെങ്കില്‍) ഒന്ന് ഇതിന്റെ അര്‍ത്ഥം മനസ്സിലാക്കിത്തന്നാല്‍ വളരെ ഉപകാരമായിരുന്നു.

    ReplyDelete
  12. ആദീ, ഏതു വഴിക്കാ ഓടുന്നത്? മറ്റേ വഴിക്ക് ഞാനും ഓടിയേക്കാം. നോക്കീം കണ്ടുമൊക്കെ ഓടണേ. ഇല്ലെങ്കില്‍ ഏതെങ്കിലും തമോഗര്‍ത്തത്തില്‍ വീഴും ;)

    ReplyDelete
  13. സു,
    ജ്യോതിയും ഡാലിയും അയച്ചത് വായിച്ചിട്ട് സമയം ഉള്ളപ്പോള്‍ (ഹേയ്... വിലപ്പെട്ട നിങ്ങളുടെ സമയം എനിക്കുവേണ്ടി പാഴാക്കുകയൊന്നും വേണ്ട. എപ്പോഴെങ്കിലും സമയം കിട്ടുകയാണെങ്കില്‍) ഒന്ന് ഇതിന്റെ അര്‍ത്ഥം എനിക്കും മനസ്സിലാക്കിത്തന്നാല്‍ വളരെ ഉപകാരമായിരുന്നു.

    (അപ്പോള്‍ ഞാന്‍ മാത്രമല്ല അല്ലേ തമോഗര്‍ത്തത്തില്‍ വീണുപോയത്. ഭാഗ്യം ഗര്‍ത്തത്തില്‍ കൂട്ടിനാളുണ്ട്. നമുക്ക് മിണ്ടിയ്യും പറഞ്ഞും ഇരിക്കാം. ആദിത്യന്‍ കൂടെ ഉള്ളതുകൊണ്ട് ഓഫടിച്ചെങ്കിലും നടക്കും)

    ReplyDelete
  14. ഞാനിത് വായിച്ച് കമന്റാതിരിക്കുകയായിരുന്നു.ഇതൊക്കെ എഴുതാനും അതൊക്കെ വായിച്ചു മനസ്സിലാക്കാനും ഒരുപാട് ജ്ഞാനം വേണം.ഞാനൊക്കെ എന്നാണാവോ ആ നിലയിലേക്കുയരുക.

    തമസോമാ ജ്യോതിര്‍ഗമയാ

    പ്രീഡിഗ്രി ഓട്ടോഗ്രാഫില്‍ കൂട്ടുകാരി ഷാഹിന സാര്‍ത്ര്^ ന്റെ വാക്കുകള്‍ എഴിതിയിരുന്നു:ഇവിടെ മാത്രമേ വെളുപ്പുള്ളൂ .കുറച്ച് കഴിഞ്ഞാല്‍ എല്ലാം കറുപ്പാണെന്ന്.

    തമോഗര്ത്തവും കഴിഞ്ഞുള്ള ആ വെളിച്ചം താങ്ങാനുള്ള കഴിവു സാധാരണ മനുഷ്യന്റെ കണ്ണുകള്‍ക്കുണ്ടാവില്ലല്ലോ

    ReplyDelete
  15. നന്നായിരിക്കുന്നു. മുന്‍പ്‌ തമോഗര്‍ത്തതില്‍ പോയ പ്രതീതിയുളവാക്കി.

    ReplyDelete
  16. തമോഗര്‍ത്തത്തിന്റെ അങ്ങേത്തലയ്ക്ക് ഗര്‍ത്താശ്രയം,ഗഭസ്തിയും പ്രതീക്ഷിച്ച് ഇരുന്നു.

    നിരഞ്ജ്നം നല്‍കാന്‍, രക്ഷി , ജവനവേഗതയില്‍ , നിര്‍‌ഗമിക്കുന്നതും കാത്ത്...

    നിയതാപ്തി തേടി, ആഗ്രഹായണിയില്‍ , ചൊരിമഴയത്ത്, ജഗജ്ജയി, ആഗമിച്ചു.

    പ്രണയത്തിന്റെ വര്‍ണോജ്ജ്വലതയില്‍ തമസ്സ് വിട വാങ്ങി.

    ഉപഭോഗ്യമായ പ്രകാശത്തില്‍ പ്രമുദിതയായ ഗര്‍ത്താശ്രയം, രക്ഷിയുടെ മുന്നില്‍ പ്രണിപതിച്ചു.

    (ഇതൊക്കെ എന്താണെന്ന് ആരും ചോദിക്കരുത്. ചോദിച്ചാലും എനിക്കൊന്നുമില്ല. ;))

    ReplyDelete
  17. ഈ തമോഗര്‍ത്തം ഒരു അഗാധ ഗര്‍ത്തം തന്നെയോ ?
    ഇവിടെ ഒരു കൂട്ട ഓട്ടം നടക്കുന്നൊ?ഞാനും...

    ഓണ്‍ ടോ: ശരിക്കും ഒന്നു വായിക്കണം.

    ReplyDelete
  18. വിശ്വേട്ടാ
    ഈ വാക്കിന്റെ ഒക്കെ അര്‍ത്ഥം എന്താണ്?

    ത്രുടി - നിമിഷം ആണൊ?
    നേതി ?

    പിന്നെ ലാസ്റ്റ് പാരായില്‍ കുഴിയില്‍ വീണു കിടന്ന്
    ‘ഉയരത്തില്‍’ നിന്ന് ഒരു കാര്യം പറയാന്ന് എഴുതിയിരിക്കുന്നു? അതെങ്ങിനെയാ? അതോ അതാണൊ ഇതിന്റെ ഗുട്ടന്‍സ്?

    ReplyDelete
  19. ഇഞ്ച്യമ്മേ
    ത്രുടി = massive explosion ~ big bang

    ReplyDelete
  20. ശെഡ്ഡാ ബഡുവൈസര്‍ സമ്മതിക്കുന്നില്ല. ക്വസ്റ്റ്യന്‍ ഫുള്ളായി കണ്ടില്ല. നേതി. ന+ഇതി = ഇതൊന്നും അല്ല

    ReplyDelete
  21. ഈ തമോഗര്‍ത്തത്തില്‍ ആരൊക്കെയുണ്ടപ്പോള്‍? എനിക്കു കൂടി ഒരിത്തിരി സ്ഥലം കിട്ടുമോ എന്നറിയാണാണ്. :)

    ReplyDelete
  22. ഞാന്‍ ഉണ്ട്‌. എന്നെക്കൂടാതെ വേറാരുണ്ടെന്ന് അറിയാമ്മേല്ലാ ബിന്ദു, അപ്പിടി തമസ്സല്ലേ.

    ഇവിടെ വേറേതാണ്ടാണെന്നും കണ്ട്‌ വന്നതാ ഞാന്‍ ഗര്‍ത്തത്തേല്‍ വീണുപോയി.. അതിനാണ്‌ ആനപ്പുറത്തേറാന്‍ കൊതിച്ച്യ്‌ വന്നവനെ ശൂലം തറച്ചു വിട്ടു എന്നു പറയുന്നത്‌

    ReplyDelete
  23. ഇങ്ങിനെ ഒരു സജഷന്‍ പറയണമെന്നാലോച്ചിട്ട് അതു പറഞ്ഞാ എല്ലാരും കൂടി ചിരിച്ചാലൊ എന്ന് വിചാരിച്ചിട്ടാണ്..(അല്ല, അപ്പൊ ഇപ്പൊ ചിരിക്കണില്ലാന്നല്ല) :-).പക്ഷെ എന്നാലും...

    അതേ, ഇങ്ങിനെ കട്ടി കട്ടി മലയാളം വാക്കൊക്കെ എഴുതുമ്പൊ ബ്രാകറ്റിലോ അല്ലെങ്കില്‍ അവസാനമൊ, അല്ലെങ്കില്‍ കമന്റിലൊ ഒക്കെ അതിന്റെ ഇംഗ്ലീഷും കൂടി എഴുതിയാ എന്നെപ്പോലുള്ളവരൊക്കെ അത് വായിച്ച് വിവരം വെച്ച് ഗുരുക്കന്മാരുടെ നെഞ്ചത്ത് ഡാന്‍സ് കളിക്കാന്‍ പറ്റിയേനെ..
    (ഏതാണ് ഇഞ്ചിക്ക് കട്ടി മലയാളമല്ലാത്തെന്നും ചോദിച്ച് ഒരു മാഷിപ്പൊ വരും)

    താങ്ക്സ് ദേവേട്ടാ..അപ്പൊ ഇത് ഇനി ഒന്നും കൂടി വായിച്ചാല്‍ കമ്പ്ലീറ്റ് അര്‍ത്ഥം മാറുമല്ലൊ കര്‍ത്താവേ.

    ReplyDelete
  24. വിശ്വപ്രഭാവലയം ഉള്ളതുകൊണ്ടായിരിക്കും ഗര്‍ത്തത്തിലേക്കു വീഴുന്ന പുള്ളി കേട്ട വാക്കുകള്‍ക്കൊക്കെ ഒരു മാറ്റൊലി... :)

    ReplyDelete
  25. പ്രപഞ്ചരഹസ്യം തേടിയുള്ള ഈ ധ്യാനം നല്ലൊരനുഭവമായി.

    ശാസ്ത്രങ്ങളെയൊക്കെ കൂട്ടുപിടിച്ച്‌ ഈ യാത്രയുടെ വിഷമം കുറച്ചു ലഘൂകരിയ്ക്കാനായേക്കാം. എന്നാല്‍ സത്യത്തിന്റെ ശ്രീകോവിലില്‍ കയറാന്‍, കാലിലെ ചെരുപ്പെന്നപോലെ അവയെയെല്ലാം അഴിച്ചുവെയ്ക്കേണ്ടിവരും.സത്യത്തിന്റേതായ ആ ലോകം ശൂന്യമല്ല. നിറഞ്ഞ ഉണ്മയാണ്‌.

    വാക്കുപോലും അലിഞ്ഞില്ലാതാവുന്ന ആ ലയനാനുഭവം ഇഷ്ടമായി.

    ഗജേന്ദ്രമോക്ഷം കഥയും ശ്രീശങ്കരന്‍ അമ്മയോട്‌, സന്യാസത്തിന്‌ അനുമതിചോദിയ്ക്കുന്ന കഥയും വിളക്കിച്ചേര്‍ത്തതും... രസിച്ചു.

    എന്റെ കാല്‍ ഹൂഹുവിന്റെ വായിലാണെന്നത്‌ വെള്ളത്തില്‍ തന്നെ നില്‍ക്കുകയാല്‍,ആയിരത്താണ്ടുകാലം കഴിഞ്ഞാലും ഞാനറിയുന്നില്ലല്ലോ:-( ഒരിയ്ക്കലെങ്കിലും വെള്ളത്തില്‍ നിന്നു കയറാന്‍ ശ്രമം നടത്തിയാലേ മുതലവായിലാണ്‌ എന്റെ കാല്‌ എന്നതു ഞാനറിയൂ, അല്ലേ.

    [ ത്രുടി= നിമിഷം(വളരെക്കുറഞ്ഞസമയം) എന്നും പൊട്ടിത്തകരല്‍ എന്നും അര്‍ഥങ്ങളുണ്ട്‌. നിമിഷം എന്ന അര്‍ഥത്തിലാണ്‌ വിശ്വംജി ഉപയോഗിച്ചതെന്നു തോന്നുന്നു]

    ReplyDelete
  26. ഉവ്വു ടീച്ചറേ. തിരുത്തിനു നന്ദി. വിശ്വം മാഷ്‌ നിമിഷം എന്ന അര്‍ത്ഥത്തിലാണ്‌ ഉപയോഗിച്ചതെന്ന് എനിക്കും ഇപ്പോള്‍ തോന്നുന്നു. അതിന്റെ കോണ്ടെക്സ്റ്റ്‌ ഇഞ്ച്യാരുടെ നാട്ടുകാരനായ "വിവേകം കൂടിയ കൂട്ടുകാരന്‍" (bud-wiser എടുത്തു മാറ്റിയപ്പോള്‍ എനിക്ക്‌ സംഭവിച്ച തെറ്റ്‌. (ബാര്‍സ്റ്റൂളിലെ മൂട്ട എന്നെ കടിച്ചെന്നോ മറ്റോ ഒരു ശ്ലോകം ഗുരുകുലത്തില്‍ ഉണ്ട്‌).

    ഇഞ്ച്യാരേ, ബ്രാക്കറ്റ്‌ ഒന്നും തറച്ചു വയ്ക്കേണ്ടതില്ല, ഒരു ഓണ്‍ ലൈന്‍ ഡിക്ഷ്ണറി എവിടെയോ ഉണ്ട്‌. യു ആര്‍ എല്‍ ആരെങ്കിലും തരും.

    .ഓടോ. "അമ്മാ കാലേല്‍ നക്രംസ്‌, എന്നെ സന്യസിക്കാന്‍ വിട്ടാലേ അതു വിടൂ" എന്നകുട്ടി ശങ്കര്‍ജിയുടെ നമ്പരു കേട്ട്‌ "അന്റെ മായം തിരിയല്‌ എന്നോടു വേണ്ട്രാ ബലാലേ, കേറി വരുന്നോ ഞാന്‍ അങ്ങോട്ടു വരണോ" എന്നു ചോദിക്കാന്‍ മാത്രം ബുദ്ധിയുള്ള ഒരമ്മ ആയിരുന്നു അതെങ്കില്‍. മൂപ്പരു കാലടീല്‍ വല്ല ശാന്തിയും നടത്തിയോ മറ്റോ കാലം കഴിച്ചേനെ..

    ReplyDelete
  27. ഹാവൂ..ഒരൊറ്റ വാക്കില്‍ ആണ്.അല്ലെങ്കില്‍ ഗമ്പ്ലീറ്റ് എല്ലാം മനസ്സിലായേനെ :-)
    ആ ത്രുടിയെ കണ്ടപ്പൊ നിമിഷം പോലെ ഒരു മുഖപരിചയം തോന്നി..

    ഓ, എന്നാ പറയാന ദേവേട്ടാ,ആ പരോപകാരി ചേട്ടന്‍ ലിങ്ക് തന്നേപ്പിന്നെ ഞാന്‍ എപ്പോഴും പോയി അതില്‍ ഒരൊരോ വാക്കിട്ടു നോക്കും. അതിനൊന്നും അറിയാന്‍ മേലാന്നെ.

    അല്ല ദേവേട്ടാ,അതു ശരി! ഇറച്ചി തിന്നാന്‍ പാടില്ല, എണ്ണ കുടിക്കാന്‍ പാടില്ല. കള്ളു കുടിക്കാമൊ? അതെവിടുത്തെ ന്യായം?

    നാട്ടില്‍ പോയിട്ട് വേണം ത്രുടിയില്‍ എനിക്കൊരു ഡിക്ഷണറി വാങ്ങിക്കാന്‍..എന്നിട്ട് വേണം ആരെങ്കിലും എന്തെങ്കിലും പറയുമ്പൊ നേതി നേതി എന്ന് പറയാന്‍ :-)

    ജ്യോതിചേച്ചിയെ താങ്ക്സ്. ജ്യോതി ടീച്ചറിന്റെ ബ്ലോഗില്‍ എനിക്ക് കമന്റ് ഇടാന്‍ പറ്റണില്ല്യ. ഈ ബ്ലോഗര്‍ ബീറ്റാ ആയതില്‍ പിന്നെ. :-(
    അല്ലെങ്കില്‍ അനോണിമസ്നിനും കമന്റിടാന്‍ ഓപ്ഷന്‍ വെച്ചാലെ പറ്റുളൂ..:(

    ReplyDelete
  28. ഓടോ 1.
    കള്ള്‌ നമ്മളു വിചാരിച്ചയത്ര ചീത്തയല്ലെന്ന് വേദകാലത്തെ ഭയങ്കര താടികള്‍, ലോകം മുഴുവന്‍ രോഗങ്ങള്‍ കൊണ്ട്‌ നരകിക്കുന്ന ഇക്കാലത്ത്‌ പരമ സുഖമായി സെഞ്ചുറി അടിക്കുന്ന ഹേനന്‍ ഐലറ്റിലെ ചീനന്‍ ആരോഗ്യപ്പുലികള്‍ മുതല്‍ സര്‍വ്വരും സാക്ഷ്യപ്പെടുത്തുന്നു. ലേറ്റസ്റ്റ്‌ പുലികള്‍പറയുന്നത്‌ ബീര്‍ സത്യത്തില്‍ ചീത്തയായിരിക്കാം പക്ഷേ അതിന്റെ ഹാപ്പിനെസ്സ്‌ ഫാക്റ്റര്‍ മനുഷ്യനെ സുഖപ്പെടുത്തുന്നത്‌ ഫൂഡ്‌ ഫാക്റ്റര്‍ അസുഖക്കാരനാക്കുന്നതില്‍ എത്രയോ മടങ്ങ്‌ വലുതാണെന്ന.

    അല്‍പ്പം വീഞ്ഞ്‌ എന്താണെന്നാ സത്യ വേദത്തില്‍ ? ഇഞ്ചി പറഞ്ഞേ? :)


    ഓടോ 2
    വെറും ഡിഷ്ക്‌ണറി വാങ്ങല്ലേ കേട്ടോ, ശബ്ദ താരാവലി തന്നെ വാങ്ങു. ഒരാട്ടുകല്ലിന്റെ വെയിറ്റുണ്ട്‌ ന്നാലും അതില്‍ ഒരു ലക്ഷം തവണ നോക്കിയാല്‍ ഏറിയാല്‍ നൂറു തവണയേ നിരാശ്പ്പെടേണ്ടി വരൂ എന്നാണൊരു ഊഹക്കണക്ക്‌ (എന്റെ ചുമ്മാ ഊഹംസ്‌)

    ReplyDelete
  29. viswetta, njaan maouna vrithathilayirunna kaalathu enthokkeyo mattangal undayirikkunnu... varamozhi il translitretion kanannilla..ini njaan engine blogum? help!

    ReplyDelete
  30. സൂവിനു ഇനിയും മനസ്സിലായില്ലെങ്കില്‍: (മനസ്സിലാവാത്ത ബാക്കിയുളളവര്‍ക്കും)
    ജ്യോതിയുടെ ഒരു പോസ്റ്റില്‍ തമോഗര്‍ത്തത്തെ കുറിച്ചുള്ള പരാമര്‍ശവും അതിനു ഞാന്‍ പറഞ്ഞ കമന്റും ആയിരുന്നു വിശ്വേട്ടന്റെ ഈ പോസ്റ്റിനു ആധാരം.

    ഞാന്‍ പറഞ്ഞതോ ജ്യോതി പറഞ്ഞതൊ അല്ല എന്നാണ് വിശ്വേട്ടന്‍ പറഞ്ഞു മനസ്സില്ലാക്കന്‍ ശ്രമിച്ചത്. നേതി, നേതി (അതിതല്ലാ, അതിതല്ലാ)
    ശാസ്ത്രീയമായി പറഞ്ഞാല്‍ പ്രകാശത്തിന്റെ വേഗതയില്‍ തന്നെ തമോഗര്‍ത്തത്തിനകത്ത് കണങ്ങള്‍ സഞ്ചരിക്കുന്നതിനാല്‍, പ്രകാശകണികകള്‍ക്കു പോലും അതില്‍ നിന്നും രക്ഷപ്പെടാന്‍ പറ്റില്ല. എന്നു വച്ച് അതില്‍ ഒന്നുമില്ല എന്നര്‍ത്ഥമില്ല. എല്ലാം ഉണ്ടാവം. നമുക്ക് കാണാനാകുന്നില്ല. അഥവാ ശ്രമിക്കാനായി, അതിനടുത്ത്, അല്ലെങ്കില്‍ അതിന്റെ പരിധിയില്‍ പോയല്‍ അത് തന്നിലേക്ക് ആകര്‍ഷിക്കും. പിന്നെ ഒരു രക്ഷപ്പെടല്‍ ഇതുവരെ സാദ്ധ്യമായിട്ടില്ല. ഈ ആകര്‍ഷണത്തിനു കാരണം ഇത്തിരി സ്ഥലത്ത് ഒരുപാട് പിണ്ഡം ഉണ്ടാകുന്ന gravitational collapse (ത്രുടി എന്നു വിശ്വേട്ടന്‍ പറഞ്ഞത് ഇതാവണം?)കൊണ്ടാണ്.
    ഇനി വിശ്വേട്ടന്റെ പോസ്റ്റ് വായിച്ചു നോക്കൂ.

    ആദ്യഭാഗം മനസ്സിലാക്കന്‍ ഒരു പാടുമില്ലല്ലോ? (ഇനി ഉണ്ടോ?)

    രണ്ടാം ഭാഗം: ഈ അവസ്ഥയിലുള്ള ഒരു സ്ഥലത്തേക്കു നമ്മള്‍ വീണാലൊ? ചിന്തിക്കാന്‍ പറ്റുന്നുണ്ടോ? ഒരുപക്ഷെ ഒന്നും അറിയത്ത ഒരു അവസ്ഥ. സ്ഥല, സമയ ബോധങ്ങളില്ലാത്ത അവസ്ഥ. വെളിച്ചത്തെ തിരിച്ചറിയാന്‍ പറ്റിയില്ലെങ്കില്‍ ഇരുട്ട് എന്നു സങ്കല്‍പ്പം. ഇനി ബാക്കി വായിച്ചാല്‍ മനസ്സിലാവില്ലെ? ഇല്ലെങ്കില്‍........

    ഞാനോടി.....
    വിശ്വേട്ടാ‍ാ ഞാനിവിടെ വന്നീട്ടേ ഇല്ല.........
    ഇപ്പോള്‍ വേറൊരു തമോഗര്‍ത്തതിലാ......
    ചുറ്റും...സൂ... ആദി...കുമാറേട്ടാ... ബിന്ദൂ...ദേവെട്ടാ‍ാ...ആരെങ്കിലും ഉണ്ടൊ അവിടെ........

    ഇഞ്ചീ... അവസാന പാരയുടെ ഗുട്ടന്‍സ്. തമോഗര്‍ത്തമൊക്കെ അങ്ങു സ്പേസ് ഇല്‍ അല്ലെ ഇഞ്ചിസ്... അതൊക്കെ നമുക്ക് ആകാശം അഥവാ ഉയരം അല്ലേ?

    ഇനി അതല്ല വിശേട്ടന്‍ വിചാരിച്ചതെങ്കില്‍ ഞാന്‍ തമോഗര്‍ത്തം ചാടി കേറി (അതൊക്കെ എനിക്കു പറ്റി) ഓടി........
    എന്തൊരു സമാധാനം വിശേട്ടന്റെ ബ്ലോഗ് കുളമാക്കി.
    പിന്മൊഴിവന്നണ്ടാവും. വിശ്വേട്ടന്‍ അപ്പോള്‍ ഇതു ഡിലീറ്റല്ലേ?

    ReplyDelete
  31. വിശ്വം: തമോഗര്‍ത്തത്തിനെപ്പറ്റി നല്ല വിവരണം. തമോഗര്‍ത്തത്തിനപ്പുറവും ഇപ്പുറവും സമാന്തരപ്രപഞ്ചങ്ങളെ സങ്കല്‍പ്പിച്ചതും അസലായി. തമോഗര്‍ത്തം പോലുള്ള സിന്‍ഗുലാരിറ്റികളിലൂടെയാവണം നമുക്ക് അന്യപ്രപഞ്ചങ്ങളെ രുചിച്ചു നോക്കാനാകുക അല്ലേ. അതോ മറ്റേതോ സ്ഥൂലപ്രപഞ്ചത്തിലെ വെറുമൊരു പാര്‍ട്ടിക്കിള്‍ മാത്രമോ നാമീ കാണുന്ന പ്രപഞ്ചമൊക്കെ?

    യൂറോപ്പിലെങ്ങാണ്ട് ഒരു ജഗമ്പന്‍ പാര്‍ട്ടിക്കിള്‍ ആക്സലറേറ്റര്‍ നിര്‍മ്മിച്ച് അതില്‍ കുഞ്ഞു കുഞ്ഞു തമോഗര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ പരിപാടിയുണ്ടത്രേ.

    ഇഞ്ചിച്ചേച്ചിയെപ്പോലെ ത്രുടി, ഹൂഹു എന്നീ വാക്കുകള്‍ക്ക് അര്‍ത്ഥം ഇന്നാണു പിടി കിട്ടിയത്.

    "അമ്മാ കാലേല്‍ നക്രംസ്‌, എന്നെ സന്യസിക്കാന്‍ വിട്ടാലേ അതു വിടൂ" എന്നകുട്ടി ശങ്കര്‍ജിയുടെ നമ്പരു കേട്ട്‌ "അന്റെ മായം തിരിയല്‌ എന്നോടു വേണ്ട്രാ ബലാലേ, കേറി വരുന്നോ ഞാന്‍ അങ്ങോട്ടു വരണോ" എന്നു ചോദിക്കാന്‍ മാത്രം ബുദ്ധിയുള്ള ഒരമ്മ ആയിരുന്നു അതെങ്കില്‍. മൂപ്പരു കാലടീല്‍ വല്ല ശാന്തിയും നടത്തിയോ മറ്റോ കാലം കഴിച്ചേനെ..“

    കമന്റെഴുതി ആള്‍ക്കാരെ ഓഫീസിലിരുത്തി ചിരിപ്പിക്കുന്ന ദേവ ഗുരുവേ..പ്രണാമം.

    ReplyDelete
  32. ഡാലീ എനിക്കൊന്നും മനസ്സിലായില്ല കേട്ടോ. പറഞ്ഞുതരാന്‍ ഭാവം ഇല്ലെങ്കില്‍പ്പിന്നെ മിണ്ടാണ്ടിരിക്ക്യേ പറ്റൂ. വിശ്വത്തോട് ചോദിച്ച് മനസ്സിലാക്കിയിട്ട് ഒന്ന് പറഞ്ഞ് തരൂ. ;)

    “എന്നു വച്ച് അതില്‍ ഒന്നുമില്ല എന്നര്‍ത്ഥമില്ല. എല്ലാം ഉണ്ടാവം. നമുക്ക് കാണാനാകുന്നില്ല. അഥവാ ശ്രമിക്കാനായി, അതിനടുത്ത്, അല്ലെങ്കില്‍ അതിന്റെ പരിധിയില്‍ പോയല്‍ അത് തന്നിലേക്ക് ആകര്‍ഷിക്കും. പിന്നെ ഒരു രക്ഷപ്പെടല്‍ ഇതുവരെ സാദ്ധ്യമായിട്ടില്ല.” ഡാലി ഇപ്പറഞ്ഞത് വെച്ചാണെങ്കില്‍ ഇതൊക്കെ പ്രണയത്തിനു ചേരും. ;)



    “രണ്ടാം ഭാഗം: ഈ അവസ്ഥയിലുള്ള ഒരു സ്ഥലത്തേക്കു നമ്മള്‍ വീണാലൊ? ചിന്തിക്കാന്‍ പറ്റുന്നുണ്ടോ? ഒരുപക്ഷെ ഒന്നും അറിയത്ത ഒരു അവസ്ഥ. സ്ഥല, സമയ ബോധങ്ങളില്ലാത്ത അവസ്ഥ. വെളിച്ചത്തെ തിരിച്ചറിയാന്‍ പറ്റിയില്ലെങ്കില്‍ ഇരുട്ട് എന്നു സങ്കല്‍പ്പം. ഇനി ബാക്കി വായിച്ചാല്‍ മനസ്സിലാവില്ലെ?”

    ഇനി ഇതാണെങ്കില്‍ ഈയൊരവസ്ഥയ്ക്ക് മതിഭ്രമം എന്നും പറയും. ;)

    ഇതൊക്കെയാണോ ഈ പോസ്റ്റിന്റെ അര്‍ത്ഥം? എന്നാല്‍ രണ്ട് വാക്കില്‍ പറഞ്ഞാല്‍പ്പോരേ ;)

    ReplyDelete
  33. പണ്ട്‌ അക്തറും രന്‍ജനും കൂടെ അരവിന്ദന്റെ ഒരിടത്ത്‌ കാണാന്‍ പോയ കാര്യമാ എനിക്ക്‌ ഓര്‍മ്മ വന്നത്‌.

    വെളിച്ചം ദു:ഖമാണുണ്ണീ
    തമസ്സല്ലോ സുഖപ്രദം

    എന്നത്‌ കേട്ടിട്ട്‌ തമിഴ്‌നാട്ടില്‍ ജനിച്ച്‌ വളര്‍ന്ന രന്‍ജന്‌ മനസ്സിലായില്ല. എന്താ അതിന്റെ meaning എന്ന് അക്തറിനോട്‌ ചോദിച്ചു. അപ്പോള്‍ ബഹുഭാഷാവിശാരദനായ അക്തര്‍ ഇങ്ങനെ വിശദീകരിച്ചു.

    എടൈ ഇന്ത വെളിച്ചം റൊമ്പ ശോകമാന വിഷയം
    തപസ്സ്‌ ആനാല്‍ റൊമ്പ സൌഖ്യമാന വിഷയം
    തപസ്സ്‌ എന്റാല്‍ എന്ന ? എന്നു ചോദിച്ചു രന്‍ജന്‍
    എടൈ തപസ്സ്‌ എന്റാല്‍ ഇന്ത മെഡിറ്റേഷന്‍ ഇല്ലിയാ അതുതാന്‍

    ReplyDelete
  34. കൊള്ളാം വിശ്വം അല്ല വിശ്വേട്ടാ (ഇനി മുതല്‍ അങ്ങനെ തന്ന വിളിക്കണമെന്ന് എന്റെ മനസു പറയുന്നു) ഓരോ ഗ്രഹങ്ങളുടെയും അന്ത്യവും തമോഗര്ത്തങ്ങളായിട്ടല്ലേ. മനുഷ്യരും അങ്ങനെ തന്നെയാണോ എനിക്കു മനസിലാകാത്ത കുറെ നല്ല മലയാളം വാക്കുകള്‍ ഇനി മുതല്‍ ഞാന്‍ ഇവിടം സന്ദര്ശിക്കും. കാരണം കുറെ നല്ല വാക്കുകളും കൂടി പഠിക്കാമല്ലോ

    ReplyDelete
  35. ആദ്യം വായിച്ചപ്പോള്‍ ഒന്നും മനസ്സിലായില്ല.ഡാലിയുടെ കമന്റ് വായിച്ചപ്പോള്‍ കുറച്ചൊക്കെ മനസ്സിലായി.പിന്നീട് ഒന്നൂടെ വായിച്ചു.ഏതായാലും സംഭവം നന്നായിട്ടുണ്ട്.

    ReplyDelete
  36. ഈ പ്രപഞ്ച്ത്തെ കുറിച്ചുള്ള ചെറു ധ്യാനത്തിലേയ്ക്ക് അറിയാതെ വീണു പോയി.

    ReplyDelete
  37. മുഴുവനും വായിച്ചു. മനസ്സിലാക്കാനുള്ള ഭാവനവരുമ്പോള്‍ ഒന്നുകൂടി വന്നു വായിയ്ക്കണം.

    ReplyDelete
  38. പ്രപഞ്ചം മുഴുവന്‍ ആ കൂടാരത്തിന്റെ ഉച്ചിയില്‍ ഒറ്റയൊരു ചെറുവട്ടമായി, വെളിച്ചത്തിന്റെ ഒരു ദ്വാരമായി മാറി. ദ്വാരകേന്ദ്രത്തിനുചുറ്റും ഫോട്ടോണുകള്‍ ഭീഷണമായ വേഗത്തില്‍ ഭ്രമണം ചെയ്തുചുരുങ്ങിക്കൊണ്ടിരുന്നു. അവയുടെ അപകേന്ദ്രബലം കൂടിക്കൂടിവന്ന് ഒടുവില്‍ സമസ്തലോകങ്ങളും ഒരു ത്രുടിക്കുള്ളില്‍ പൊട്ടിച്ചുരുങ്ങി!

    വിശ്വംജി, ഹെരിറ്റേജിലെ കമന്റിൽ നിന്നാണ് ഇവിടെയെത്തിയത്. ആദ്യവായനയിൽ ഞാൻ ചെറുപ്പത്തിൽകണ്ടിരുന്ന വ്യാഖ്യാനിക്കൻ കഴിയാതിരുന്ന ഒരു സ്വപ്നത്തിനെ വാക്കുകളിലൂടെ എനിയ്ക്ക് കാണിച്ചു തന്നതായാണ് അനുഭവപ്പെട്ടത്‌.
    (ഒരു വസ്തുവിനെ വിഭജിച്ച് വിഭജിച്ച് ഇനിയും വിഭജിക്കാനാവത്തവരെ എത്തുക എന്നത് എന്റെ ബുദ്ധിക്ക് ചിന്തിക്കാവുന്നതിലും അകലെയായിരുന്നു. ചിലപ്പോൾസ്വപ്നത്തിൽ, ഒരു സാധനം ചെറുതാക്കി അരിഞ്ഞുകൊണ്ടേയിരിക്കും . ചിലപ്പോൾ ഞാനും യാത്രചെയ്യുന്ന വാഹനവും ദൂരവും കൂടി ചുരുങ്ങി ചുരുങ്ങി എന്റെ മുന്നിൽ ഉണ്ടാകും. പക്ഷെ ആസമയത്തും ഓരോ കണികയുടെ ദൂരം ഞാൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്നുണ്ടാവും. വളരെ കാലങ്ങൾക്കു ശേഷം തമോഗർത്തങ്ങളെക്കുറിച്ചു വായിച്ചതിനുശേഷമാണ് അതിൽനിന്നും മോചനമുണ്ടായത്.)
    ഇതിന്റെ സൂക്ഷ്മാ‍ർത്ഥങ്ങളിലേയ്ക്ക് എത്താൻ ഇനിയും പല വട്ടം വാ‍യിക്കണം. താത്ത്വികമായി തമോഗർത്തത്തിൽ നിന്നും രക്ഷിക്കാൻ അറിവിന്റെ വെളിച്ചത്തിനു കഴിയും എന്നു തന്നെയല്ലെ പറയുന്നത്. തമസ്സിൽ നിന്നും രക്ഷപ്പെടാനാവില്ല എന്നില്ലല്ലോ.

    ReplyDelete
  39. ഏതാണ്ട് 17 വയസ്സായപ്പോൾ ഞാനൊന്നു മരിച്ചുപോയി. ആ മരണത്തിനുമുൻപത്തെ രണ്ടുമൂന്നുമാസം വളരെ സംഭവബഹുലമായിരുന്നു.

    ആദ്ധ്യാത്മികതയ്ക്കും നിരീശ്വരവാദത്തിനും ശാസ്ത്രത്തിനും ഒക്കെയിടയിൽ‌പ്പെട്ട് ആകെ കൺഫ്യൂഷനിൽ‌പ്പെട്ട് നട്ടം തിരിയുകയായിരുന്നു ഞാനക്കാലത്ത്. എങ്ങനെയെങ്കിലും ഇവനൊന്നുനന്നായിക്കിട്ടിയിട്ടുവേണം ബാക്കിയുള്ള പെൺമക്കളേയും ഒരു വഴിയ്ക്കാക്കിയിട്ട് ഭാരമിറക്കിവെക്കാൻ എന്നും നിനച്ച് ദിനരാത്രം അദ്ധ്വാനിച്ചുതള്ളുകയായിരുന്നു അച്ഛനും അമ്മയും. അതിനിടയ്ക്ക് ഒരു ദിവസം ഞാൻ ‘സന്യാസം വരിക്കാൻ’ ഓടിപ്പോയി. ആരൊക്കെയോ അറിഞ്ഞുചെന്നു തിരിച്ചുപിടിച്ചുകൊണ്ടുവന്നു. കോളേജിൽ പഠിയ്ക്കാനുള്ളതു പഠിക്കാതെ (അതിലൊന്നും എന്തെങ്കിലും ‘ഭയങ്കര’ കാര്യമുള്ളതായി ഒട്ടും തോന്നിയില്ല) ഉള്ളനേരം മുഴുവൻ വല്ലിടത്തും തെണ്ടിനടന്നും ഇരന്നും കിട്ടാവുന്ന പുസ്തകങ്ങളൊക്കെ വായിച്ചൊടുക്കി. അങ്ങനെ കിറുങ്ങിക്കിറുങ്ങിനടക്കുന്നതിനിടയിൽ
    ഒരു ദിവസം റാഫേൽ സാർ വീട്ടിൽ വന്ന് ബലമായി കോളേജിലേക്ക് പിടിച്ചിറക്കിക്കൊണ്ടു പോയി. ഒട്ടും മനമില്ലാമനസ്സോടെ പ്രീഡിഗ്രിയുടെ ‘കൊച്ചുപുസ്തകങ്ങൾ’ വീണ്ടും കൂട്ടിനുവന്നു.

    പഠിച്ചിരുന്ന കോളേജിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റ് അസോസിയേഷന്റെ ആ വർഷത്തെ ഉൽഘാടനം നടത്താൻ ഒരു വിശിഷ്ടാതിഥി വന്നിരുന്നു. പേരു് പ്രൊഫ. ജോർജ്ജ് സുദർശൻ. പ്രസംഗം കഴിഞ്ഞപാടേ അദ്ദേഹവുമായി ഒരു ചെറിയ തർക്കമുണ്ടായി. പ്രധാനമായും എന്റെ വാദം “വളരെ ലഘുവായ, വിരലിലെണ്ണാവുന്ന ചില നിയമങ്ങളേ അടിസ്ഥാനമായുള്ളൂ, അതിന്റെ രൂപാന്തരങ്ങളാണ് പിന്നെക്കാണുന്ന എല്ലാ അവസ്ഥകളും പദാർത്ഥങ്ങളും”എന്നായിരുന്നു. സാങ്കേതികമായി പല വാക്കുകളും അറിയില്ലായിരുന്നു. പക്ഷേ വിശദീകരിച്ചുവരുമ്പോൾ അദ്ദേഹം പറയും:“‘ഓ, അതിനെ ‘എൻ‌ട്രോപ്പി’ എന്നാണു പറയുക, , അതിനെ ഞങ്ങൾ വിളിക്കുന്നത് യുണിഫിക്കേഷൻ തിയറി’ എന്നാണ്“ എന്നൊക്കെ. ഞങ്ങളുടെ സംസാരത്തിനിടയ്ക്ക് ചിലപ്പോൾ ഗായത്രിയും ഈശാവാസ്യവും ഒക്കെ കടന്നുവരും. ഞാൻ തേടിനടന്നിരുന്ന, എനിക്കുസംസാരിക്കേണ്ട ആൾ ഇദ്ദേഹം തന്നെയായിരുന്നു എന്നെനിക്കുബോദ്ധ്യമായി. മൂന്നുമൂന്നര മണിക്കൂർ നീണ്ടുനിന്നു ഞങ്ങളുടെ ‘സംസാരം’. നിശ്ചയിച്ചതിലും വളരെ വൈകി, ഒടുവിൽ രാത്രി പോകുന്നതിനുമുൻപ് അദ്ദേഹം എന്റെ വാദങ്ങളിൽ വളരെ താല്പര്യം കാണിച്ചിരുന്നതുപോലെയോ പ്രായേണ ഗൌരവമായി ആലോചിക്കണമെന്നുറച്ചതുപോലെയോ തോന്നി. പഠിച്ചുവലുതായി TIFRലും റോച്ചെസ്റ്റെറിലും വന്ന് പഠനം തുടരണമെന്നും ആരെങ്കിലുമൊക്കെയായിത്തീരണമെന്നും അദ്ദേഹം പറഞ്ഞു.

    ഞങ്ങളുടെ സംഭാഷണം കൊണ്ട് എനിക്കു വലിയ വ്യത്യാസമൊന്നും വന്നില്ല. എന്റെ ഭ്രാന്തൻശീലങ്ങളും സ്വന്തം ശരീരത്തിന്മേലുള്ള അതിസാഹസികമായ പരീക്ഷണങ്ങളും തുടർന്നുപോന്നു.

    പരീക്ഷ നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ ഒന്നുതലകറങ്ങിവീണു. പിന്നെ ഓർമ്മ വരുമ്പോൾ വീട്ടിൽ പായിൽ കിടക്കുകയായിരുന്നു. രണ്ടുമാസത്തോളം അങ്ങനെ കിടന്നിട്ടുണ്ടാവും. ഇടയ്ക്ക് ചിലപ്പോൾ ആശുപത്രിയിലാവും വാസം. അതിനിടയ്ക്ക് പലതവണ മരിച്ചുപോയി. ചാവുമ്പോളൊക്കെ ഒരു പ്രത്യേക സീക്വൻസിൽ ആ സ്വപ്നം കാണും. അതിനിടയ്ക്ക് എന്തൊക്കെയോ പിറുപിറുക്കും. ആ പിറുപിറുക്കലുകളാണ് മുകളിലെഴുതിയിരുന്നത്.

    അസുഖമെല്ലാം മാറി, എല്ലാം കഴിഞ്ഞ് രണ്ടുമൂന്നുമാസത്തെ ക്ലാസും നഷ്ടപ്പെടുത്തി പകുതിനേരം തൃശ്ശൂർച്ചന്തയിലും ബാക്കി കോളേജിലുമായി ഒരു വിധം പഠനം തുടർന്നു. അതിനിടയ്ക്ക്, അക്കൊല്ലം നവമ്പറിൽ അദ്ദേഹം വാഷിങ്ങ്ടൺ National Bureau of Standardsൽ വെച്ചു നടത്തിയ പ്രഭാഷണത്തിന്റെഒരു കോപ്പി എനിക്കു തരാനായി കോളേജിലേക്കയച്ചുതന്നു. അതുവായിച്ചപ്പോൾ വലിയ സന്തോഷം തോന്നി. എനിക്കു പറയാനുള്ളത് കേൾക്കേണ്ടിടത്ത് എത്തിയിട്ടുണ്ടെന്നൊരു തോന്നൽ.

    [ഋതുക്കളും ഹോർമ്മോണുകളും മാറിമാറിവന്നു.
    ഏന്തിവലിഞ്ഞ് പ്രീഡിഗ്രി പാസ്സായത് കഷ്ടിമുട്ടിയായാണ്. എല്ലാത്തിനും കൃത്യം ആവശ്യമുള്ള മാർക്ക്. എന്തോ ഭാഗ്യത്തിന് ആ കൊല്ലം എണ്ട്രൻസ് പരീക്ഷ തുടങ്ങിവെച്ചു. ആഗസ്റ്റ് 20ന് , രണ്ടുവർഷത്തെ പുസ്തകങ്ങളൊക്കെ അടുത്തുകൂട്ടി, അംബട്ടന്റെ കസേരയിൽ കയറിക്കൂടി. ഏഴുദിവസത്തെ തപസ്സ്. മലമൂത്രവിസർജ്ജനം ഒഴികെയുള്ള എല്ലാ കൃത്യങ്ങളും ആ കസേരയിൽ തന്നെ. ആഗസ്റ്റ് 27‌-‍ാം തീയതി കാലത്തുചെന്ന് എല്ലാം കൂടി പരീക്ഷപ്പേപ്പറിലേക്ക് ഛർദ്ദിച്ചുവെച്ചു. ദോഷം പറയരുതല്ലോ. ഏതാണ്ട് ഒന്നരലക്ഷം പേർ എഴുതിയിരുന്ന ആദ്യത്തെ എഞ്ചിനീയറിങ്ങ് എണ്ട്രൻസിൽ 60നോടടുത്ത് റാങ്കു കിട്ടി.]

    ആ സ്വപ്നങ്ങൾ പിന്നീടും ചിലപ്പോഴൊക്കെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നിട്ടുണ്ട്. Near Death Experience എന്നു വിളിക്കപ്പെടുന്ന സ്വപ്നങ്ങൾക്കൊക്കെ ഒരേ പാറ്റേൺ ആണെന്ന് പിന്നീട് വായിച്ചറിഞ്ഞു. എന്തായാലും എന്നിലെ അന്വേഷണകുതുകിയ്ക്ക് വളരെ സംതൃപ്തമായ മറുപടികൾ നൽകാനായി അവയ്ക്ക്.

    ഒരു ഘട്ടത്തിൽ അഭൌമമായ എന്തോ ഒരാനന്ദം തോന്നുമെങ്കിലും ആ വീഴ്ച്ച സഹിക്കാനാവില്ല. അതോർക്കുമ്പോൾ ഇനിയൊരിക്കലും അത്തരം സ്വപ്നങ്ങൾ കാണാൻ ഇട വരല്ലേ എന്നു മാത്രം പ്രാർത്ഥിയ്ക്കും.

    [അംബട്ടന്റെ കസേരയെക്കുറിച്ചും മറ്റും പിന്നീട് ഒരു പുസ്തകം തന്നെയെഴുതണമെന്നുണ്ട്. മടി ഭയങ്കരം. വിരക്തിശല്യവുമുണ്ട്. അതുകൊണ്ട് നടക്കുമോ എന്നറിയില്ല :( ]

    (ഇത്തരം തൻപോരിമയൊക്കെ ഇവിടെ എഴുതണമോ വേണ്ടയോ എന്നാലോചിച്ച് രണ്ടുവർഷം ഇരുന്നു. ഇന്ന് പാർത്ഥന്റെ സ്വപ്നാനുഭവം വായിച്ചപ്പോളാണ് ഈ സാഹസം ചെയ്യാൻ തോന്നുന്നത്.)

    ReplyDelete
  40. This comment has been removed by the author.

    ReplyDelete
  41. Very much a prompt reply :)

    ReplyDelete
  42. വിശ്വ...ഈ ഇരുട്ടുപൊത്തിന്റെ ഏതു വശത്തുകൂടിയാ തിരിച്ചു പോകേണ്ടത്? എന്റെ ദിശാബോധം നഷ്ടപ്പെട്ടു. അതിനിടെ എന്റെ പായും തലയണയും ആരാണ്ട് അടിച്ചു മാറ്റി. ഇരുട്ടുകാരണം ഏതു ഗൃഹജീവി ആണെന്ന് കാണാനും പറ്റിയില്ല.

    ReplyDelete
  43. http://abcnews.go.com/Health/neuroscientist-sees-proof-heaven-week-long-coma/story?id=17555207

    ReplyDelete
  44. Here is comprehensive rebuttal of Dr. Alexanders claims:

    http://www.samharris.org/blog/item/this-must-be-heaven

    ReplyDelete
  45. Thanks, Suraj, for the well balancing link.

    I had added that abc link, mostly as a bookmark for my own references for any more discussions later on the subject. I do not necessarily accept or agree with that 'evangelistic' God story per se. The video itself is more of a TV sop than convincing of any scientific foundation.

    Your adding the link to a rebuttal is very much in the right place. :)

    ReplyDelete
  46. നന്ദി വിശ്വേട്ടാ...

    ഏഴുവർഷം വെറുതേ പോയി.. തിന്നു തൂറി ഉറങ്ങിത്തീർത്തു... :(


    ReplyDelete

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...