Monday, August 08, 2005

സാന്തിയാഗോ, പോവുക...

(കുമാറിന്റെ തോന്ന്യാക്ഷരങ്ങൾക്കു പിൻപറ്റിക്കൊണ്ട്....)


വഴിവിട്ടുനടക്കുവാനുള്ള പ്രേരണയിലാണ് പ്രകൃതിയുടെ ഉയിരും ഉള്ളും ഉൺമയും.

**** **** ****

പൂമ്പൊടി ശലഭത്തിനു കൈമാറുമ്പോൾ ചെടി വിതുമ്പലോടെ മന്ത്രിച്ചു:
“മെല്ലെ!... സൂക്ഷിച്ച്! ...അകലെ ഏഴു മലകൾക്കുമപ്പുറത്തൊരു താഴ്വരയിലേക്ക് എന്റെയീ സ്വത്വം നീ പറത്തിക്കൊണ്ടു പോവുക. അവിടെ ഞാനിനിയും കാണാഞ്ഞ എന്റെ സ്വപ്നകാമുകന് നീയിതു മുതൽക്കൂട്ടാക്കുക!"


വിത്തിനെ മലങ്കാറ്റിന്റെ തോളത്തേക്ക് സശ്രദ്ധം ചേർത്തുകൊണ്ട് മരം മൊഴിഞ്ഞു:
“ബാഹുകാ,
അകലെ ഏഴുകടലുകൾക്കുമപ്പുറത്ത് നീ ഇവനെ ചാഞ്ചാട്ടിയിറക്കിവെക്കുക. അവിടെ ഇവന്റെ ജനത പത്തും നൂറും മേനിയായി വളരട്ടെ. അവരുടെ സുവിശേഷത്തിലൂടെ ഭൂമിയും സ്വർഗ്ഗവും അതലവും വിതലവും പാതാലവും എന്റെ പേരോർത്തോർത്തിരുന്നോട്ടെ”

**** **** ****

കാഴ്ച്കയിൽ നിന്നും മറയവേ അങ്ങകലെ ഒരു പ്രകാശഗോപുരമായി മാറിനിന്ന് അച്ഛൻ ഉണ്ണിയെ ഇത്രമാത്രം ഉപദേശിച്ചു:“ പോവുക! അകലെ ലോകത്തിന്റെ അറ്റത്തെത്തുവോളം, ഒടുവിൽ, നീ ഉറഞ്ഞു വന്ന നമ്മുടെ ഈ കൊട്ടാരം തന്നെയാണ് ഏറ്റവും ഉദാത്തമെന്നും നീ വിട്ടുപേക്ഷിച്ചുപോയ നമ്മുടെ ഈ പെൺകിടാങ്ങൾ തന്നെയാണ് ത്രൈലോക്യസുന്ദരികളെന്നും തിരിച്ചറിയുന്നതുവരേയ്ക്കും, പോയിക്കൊണ്ടേ ഇരിക്കുക!“

കാൽ‌പ്പാടുകളും കൈവഴികളുമില്ലാത്ത പുതിയ പാതകളും താണ്ടി സ്വപ്നത്തിൽ കണ്ട നിധികളും തേടിക്കൊണ്ട് സാന്തിയാഗോ വഴിപിഴച്ചുപോയ ഒരുകുഞ്ഞുറുമ്പിനെപ്പോലെ ഇപ്പോഴും അലയുകയാണ്...

നിധികളുറങ്ങുന്ന അവന്റെ സ്വന്തം ഹൃദയം തേടി അവൻ പിതൃക്കളുടെ പിൻപറ്റൊഴിയുകയാണ്...


(സാന്തിയാഗോ : from The Alchemist:)
( Paulo Coelho)

13 comments:

  1. Alchemist മുഴുവൻ മലയാളത്തിൽ ഇവിടെ എഴുതിവെച്ചിരുന്നേൽ നന്നായേനെ. ആ ബുക്ക് വാങ്ങിവെച്ചിട്ട് ഒന്നു തൊട്ട് നോക്കിയില്ല ഇതുവരെ. (മടിച്ചിക്കോത)

    ഈ ചിത്രം സ്വയം വരച്ചതാണോ? ആണെങ്കിലും അല്ലെങ്കിലും നന്നായിട്ടുണ്ട്.

    ReplyDelete
  2. ചിത്രാമുദാത്തം, കരളി,ലസ്ത്രപ്പെരുമഴ.
    പിഴച്ചവനൊഴുകിപ്പോം വഴികളിൽ
    ഞാനും കുഴങ്ങി നിന്നിട്ടുണ്ടെന്നാരോ....
    ഉരുകുമൊരു ഹൃദയവും പ്രാണനും
    എനിക്കായി കരുതു നീ...

    ReplyDelete
  3. അതു കവിതയാണോ? അല്ലെന്നാണെന്റെ തോന്നൽ...

    ReplyDelete
  4. പടം കാണാൻ വയ്യാ...

    ReplyDelete
  5. പോസ്റ്റ് നന്നായി.
    ചിത്രമെന്നും നന്നായെന്നും ഉദാത്തമെന്നുമൊക്കെ വായിക്കാൻ മാത്രമേ ഞങ്ങൾക്ക് കണ്ണുകൾ തന്നിട്ടുള്ളൂ.
    (http://photos1.blogger.com/blogger/7588/415/1600/Journey-July1998.jpg)
    പടം കാണണമെങ്കിൽ എറ്റിസലാറ്റ് കനിയണം. അല്ലെങ്കിൽ വിശ്വപ്രഭ :)

    ReplyDelete
  6. സൂ ആൽക്കെമിസ്റ്റ് മലയാളം തർജ്ജമയാണോ? വായിക്കുന്നില്ലെങ്കിൽ വി.പി.പി ആയി ഇങ്ങോട്ടയച്ചോള്ളൂ, ഇവിടെ കിട്ടുവാനില്ല... ഞാൻ വായിച്ചിട്ടുമില്ല :(

    പോൾ ആ വരികൾ വളരെ മനോഹരമായിരിക്കുന്നു.

    ഈ കമന്റിനൊരു വേറിട്ട ഉദ്ദേശവുമുണ്ട്, വിശ്വംചേട്ടൻ ഇത് മെയിൽ നോട്ടിഫിക്കേഷൻ ഉള്ള ബ്ലോഗ് ആണെങ്കിൽ ഈ കമന്റ് ഒന്ന് എനിക്ക് ഫോർവേഡ് ചെയ്തു തരൂ!

    ReplyDelete
  7. പെരിങ്ങോടാ,
    ഇവിടെയുള്ളത് ഇംഗ്ലീഷ് ആണ് ആ ബുക്ക്. ഇനീം തുടങ്ങിയില്ല :( അതു വേണമെങ്കിൽ ഉടനെ അയക്കാം. എന്നാ ഞാൻ രക്ഷപ്പെട്ടു. അതു വായിച്ചോന്നു ചോദിച്ചാൽ അയ്യോ അതു പെരിങ്ങോടനു കൊടുത്തൂന്നു പറയാലോ. മഴ വന്നപ്പോൾ മടി കൂടെ വന്നു :(

    പിന്നെ എന്താ ഈ കമന്റിനു വേറെ ഉദ്ദേശം ഉണ്ടെന്നു പറഞ്ഞത്? വി.പി യെപ്പോലെ പെരിങ്ങോടനും പരീക്ഷണം തുടങ്ങിയോ?

    ReplyDelete
  8. സു ചേച്ചി പറഞ്ഞതു പോലെ Alchemist ഒരു സുഹൃത്തിന്റെ ശുപാർശയിൽ വാങ്ങി വച്ചു. ഇതു വരെ വായന തുടങ്ങിയിട്ടില്ല.

    ReplyDelete
  9. യു ഏ ഈ ക്കാരനായ ഒരു പഴയ സതീർത്ഥ്യൻറെ നിർ‍ബ്ബന്ധത്തിൽ ഞാനും വാങ്ങി വായിച്ചു രസതാന്ത്രികൻ. എന്റെ ബുദ്ധിരാഹിത്യമാകാം കാരണം, എന്തോ ഒരു സാധാരണ ഫേബ്‍ൾ എന്നതിൽക്കൂടുതൽ അതു മനസ്സിൽ തട്ടിയില്ല. ചിലപ്പോൾ രണ്ടാം തവണത്തെ കുളിയിലായിരിക്കും പുഴവെള്ളതിന്റെ സുഖം മുഴുവൻ കിട്ടുന്നത്. ഒന്നുകൂടി വായിച്ചു നോക്കട്ടെ.

    ReplyDelete
  10. Alchemist ഞാന്‍ വായിചിട്ടുല്ള്ളതാ.....എല്ലാര്‍ക്കും ഇത്ര്യും താല്പര്യം ആണെങ്കില്‍...ഞാന്‍ അതു malayalathil. പൊസ്റ്റ് ഇടാം...

    ReplyDelete
  11. alchemist ന്റെ കഥ പണ്ട്‌ വായിച്ച ഒരു കുട്ടിക്കഥ(polish?) യുടെതാണ്‌.

    സ്വപ്നം കണ്ടു നിധി അന്വേഷിച്ചു പൊകുന്നതും അവിടെ ചെല്ലുമ്പോല്‍ അതു സ്വന്തം സ്ഥലത്താണെന്നു തിരിച്ചറിയുന്നതുമായ outline..

    വെറെ ആര്‍ക്കെങ്കിലും അതു തോന്നിയൊ..?

    (തല്ലുകാരേ..
    നോവെലില്‍ അതു മാത്രമാണെന്ന് ഞാന്‍ പറഞ്ഞില്ല കെട്ടോ.. )

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. തനി മലയാളത്തില്‍ കുറേ നാളുകള്‍ക്ക് ശേഷം വിശ്വ പ്രഭയുടെ പോസ്റ്റ് കണ്ട് ആര്‍ത്തിയോടെ ലിങ്കില്‍ കുത്തിയപ്പൊ വണ്ടി ചെന്ന് നിന്നത് കുമാര്‍ ഭായീടെ പോസ്റ്റില്‍!!
    പിന്നെ അവിടെ താഴത്ത് കണ്ട ലിങ്കില്‍ കുത്തിയാ ഇവിടെ എത്തിയത്. മനുഷ്യനെ ചുറ്റിക്കാനുള്ള പരിപാടിയാണോ വിശ്വേട്ടാ? എന്നാല്‍ എടയ്ക്കൊരു സ്റ്റോപ്പ് എന്റെ ബ്ലോഗിലും കൊട്. അവിടേം കേറട്ടെ നാലാള്. (കുമാര്‍ ഭായീടെ പോസ്റ്റില്‍ ആളു കേറാത്തതുകൊണ്ടാ അവിടെ സ്റ്റോപ്പനുവദിച്ചതെന്ന് ഞാന്‍ പറഞ്ഞിട്ടില്ല)

    ReplyDelete

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...