ഭൂമിയുടെ ഗർഭഗൃഹങ്ങളിൽ കുളിരിന്റെ കൊച്ചുകൊച്ചുമൊട്ടുകൾ വിരിയാറുണ്ട്.
പുറത്തേക്കുള്ള വഴികളൊക്കെ കൊട്ടിയടച്ചാലും അവയ്ക്കു പുഷ്പിച്ചേ അടങ്ങൂ.
ഒന്നല്ലെങ്കിൽ മറ്റൊന്ന്. എങ്ങനെയായാലും, ഏതു വഴിക്കായാലും, അവർ പൊട്ടിയൊഴുകും.
ഒരുനാൾ കിഴക്ക് കതിരവൻ തലതോർത്തിയെത്തുന്നതിനു തൊട്ടുമുൻപ്, കാടുണരും മുൻപ്, മലയനങ്ങുന്നതിനുമുൻപ്, അവ കൊച്ചുകൊച്ചുചാലുകളായി ഹർഷാശ്രുമാലികകളായി ചിനപൊട്ടും.
പ്രാലേയജാലങ്ങളിൽ സ്നേഹം വിതച്ചുരുക്കി, അവ കൺമിഴിക്കും.
പിന്നെ താഴ്വാരങ്ങളെ നീരാട്ടി കീഴോട്ടൊഴുകും.
അന്യോന്യം തമ്മിൽ കൈകോർത്ത് ചാലുകൾ ആറുകളാവും.
പൊട്ടിപ്പൊട്ടിച്ചിരിച്ചും, ഇടയ്ക്കൊക്കെ തലതല്ലിക്കരഞ്ഞും മലയമാരുതമേറ്റുപാടും.
സമഷ്ടിയിൽ ലയിക്കാൻ, പിന്നീടവ, പതിതാളത്തിൽ സമതലങ്ങളിലൂടെയൊഴുകിവരും....
**********
ബൂലോഗങ്ങളിൽ ( Malayalam Blogs) ഇതു സമാചയനകാലമാണ്. തന്നെത്തന്നെയും കൂട്ടാളികളേയും അടുത്തറിഞ്ഞും അളന്നറിഞ്ഞും അവ സമതലങ്ങളിലേക്കിറങ്ങിവരികയാണിപ്പോൾ. ഇത്രയ്ക്കും എഴുതണം, ഇത്രയേ എഴുതാവൂ, ഇങ്ങനെയെഴുതിയാലേ ഇതു നന്നായെന്നു എനിക്കുതന്നെ തോന്നൂ എന്നൊരു ബോധം, സ്വപ്രാഡ്വിവാകത , ഇപ്പോൾ ഓരോ ബൂലോഗകാരനും കാത്തുസൂക്ഷിക്കുന്നപോലെയുണ്ട്. അളന്നും മുറിച്ചും സ്വയമറിഞ്ഞുമാണവരിപ്പോൾ ഒഴുക്കുതുടരുന്നത്.
ഇത് ആശ്ചര്യമാണ്. അതിനേക്കാൾ ആനന്ദദായകവുമാണ്. കാരണം യമവും നിയമവും സ്വയം നിശ്ചയിക്കാനുള്ള അതിരില്ലാത്ത സ്വാതന്ത്ര്യവും കയ്യിൽ വെച്ചാണ് ഈ പുതിയ സംസ്കാരം ഇവിടെ, ബ്ലോഗുകളിൽ, സുന്ദരമായി പൊട്ടിവളരുന്നത്. എഡിറ്ററുടെ കത്രികപ്പൂട്ടുകൾക്കുള്ളിൽ കിടന്നു മുറിഞ്ഞുചാവാനുള്ള മനസ്സില്ലാത്തതുകൊണ്ടു മാത്രം ജനിക്കാതെപോയ ഒട്ടനേകം കൈക്കുറിപ്പാടുകൾ ഞങ്ങളുടെ മണ്ണിൽ വീണടിഞ്ഞിട്ടുണ്ടിന്നലെ. അവയുടെ നന്നങ്ങാടികളിൽനിന്നുമാണ് പുതിയ ബൂലോഗങ്ങൾ ഇപ്പോൾ ഉറപൊട്ടുന്നത്.
അതുകൊണ്ടാണ് വാക്കുകളുടെ സാമ്രാജ്യത്തിൽ ബൂലോഗങ്ങൾ പുതിയ അശ്വമേധയാഗം ഒരുക്കുന്നുവെന്ന് നമുക്ക് നിസ്സംശയം പറയാവുന്നത്.
********
മുൻവിധികളില്ലാതെ മാറിയിരുന്ന്, എഴുത്തുകാരന്റെ മനോധർമ്മങ്ങളിലിടപെടാതെ, അവനറിയാതെ, ഒളിച്ചിരുന്നു വായിക്കുമ്പോളും ആരാധന തോന്നിപ്പിക്കുന്ന ശക്തിവിശേഷമാണ് നല്ല എഴുത്തിന്റെ ലക്ഷണങ്ങളിലൊന്ന്. അവാർഡുകളുടേയൊ ആളനക്കത്തിന്റെയോ പേരിൽ പോലും ഒരു മുന്നഭിപ്രായം സ്വരൂപിക്കാതെ, നേരെ എഴുത്തിന്റെ കുഞ്ഞാഴത്തിലേക്കു മുങ്ങാംകുഴിയിടുവാൻ ബൂലോഗം പോലൊരിടമില്ല വേറെ. (പരിചയം എന്ന പരിചയുടെ അപ്പുറത്തേക്ക് നിരൂപണത്തിന്റെ ചുരിക താഴ്ത്താൻ കഴിയാതിരിക്കുക എന്ന നിസ്സഹായത പക്ഷേ പാടില്ലെങ്കിലും ഇവിടെയും പതിവുണ്ട്.)
******
അങ്ങനെ ഒളിച്ചിരുന്നു വായിക്കാൻ തെരഞ്ഞെടുത്ത ഒരു പറ്റം ബൂലോഗങ്ങൾ ഇവിടെന്റെ കലവറക്കൂട്ടത്തിൽ മാറ്റിവെച്ചിട്ടുണ്ട്. ഗൂഡമായി അവ വായിച്ച് ആ വായനയുടെ അനുഭവത്തെക്കുറിച്ച് ഒരഭിപ്രായം പോലുമെഴുതി ആരെയും ശ്രദ്ധ ക്ഷണിക്കാതെ ഇങ്ങനെ മാറിയിരിക്കുമ്പോൾ പലഹാരം കട്ടുതിന്നുന്ന കുട്ടിയെപ്പോലെ ഒരു സുഖവും തോന്നുന്നുണ്ട്.
അതിലൊന്നാണ് ദേവരാഗവാന്റെ “കൂമൻപള്ളി”. (മറ്റുള്ളോരുടേത് പിന്നൊരിക്കൽ...)
ഈ ദേവരാഗൻപിള്ളയെ ഞാനറിയില്ല. അറിയണമെങ്കിൽ ആവാമായിരുന്നു. പക്ഷേ അറിയാതിരിക്കുന്നതിന്റെ ആ മഹാരസം ഒട്ടും കളയാൻ തോന്നിയില്ല.
പക്ഷേ ദേവരാഗത്തിന്റെ എഴുത്തിനെ ഞാനറിഞ്ഞുവരുന്നു ഈയിടെയായി!
നായക്കാശിയിലോ നായരാമേശ്വരത്തോ ഇപ്പോഴും അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടാവുന്നൊരു ആശാനാണ് ആദ്യം ഓർമ്മയിൽ വരുന്നത്. കണ്ണടയും കൊമ്പന്മീശയും വെച്ച എട്ടടിമൂർഖന്മാരുടെ നാട്ടുപറമ്പിൽ ആശാന്റെ ഭൂതകാലം എന്നിലെ കുറുമ്പൻ ബാല്യവുമായി കുഞ്ഞുകുഞ്ഞുവെച്ചു കളിക്കുകയാണിപ്പൊഴും.
വംശചരിത്രമെന്ന മഹാപ്രഹേളിക കെട്ടഴിക്കൽ മലയാളിനായന്മാർക്കു വെച്ചിട്ടുള്ളതല്ല. ഒന്നാമതായി അതിനുള്ള കോപ്പുകൾ അവർ ഒരിക്കലും സ്വരുക്കൂട്ടിവെക്കാറില്ല. അശ്രദ്ധയാണോ അതോ അങ്ങനെയൊരു കഥയില്ലായ്മയിലുള്ള അസാംഗത്യബോധമാണോ ഈ ഒരു ‘കുറവി’നു കാരണമെന്നറിയില്ല. ചോരയ്ക്കുള്ളിൽ ഇപ്പോഴും തിളച്ചുമറിയുന്ന ഒരു ‘പടനായകത്ത’ത്തിൽ DNA ടെസ്റ്റു നടത്തിയാൽ വീരശൌര്യം മാത്രമേ കണ്ടെടുക്കാനുണ്ടാവൂ. ഒറ്റയ്ക്കൊറ്റയ്ക്കു പേരിട്ടു പറയാൻ കഴിയാത്ത ഒരുപാടു കുളപ്പുറത്തു ഭീമന്മാരും മറ്റച്ഛനമ്മാവന്മാരും ഉടുത്തും ഉടുക്കാതെയും ഒരുങ്ങിയും പുറപ്പെട്ടുമുള്ള നൂറുകണക്കിനു കെട്ടിലമ്മമാരും കൂടി ആ DNA യ്ക്കുള്ളിൽ ഇപ്പോഴും ഭാഗംവെപ്പും കുതികാൽവെട്ടും നടത്തുന്നുണ്ടാവും. പക്ഷേ ആ സിഗ്നേച്ചറുകൾ കണ്ടുമനസ്സിലാക്കാൻ ജിനോം റിസർച്ചിന് ഇനിയുമാണ്ടൊരുനൂറു മറിയണം.
(നായർ എന്നത് സ്വയമേവ ഒരു മതം തന്നെയാണെന്ന് പണ്ട് നാരായണപ്പിള്ള പറഞ്ഞിട്ടുണ്ട്. ശരിയാണെന്നും തോന്നാറുണ്ട്.)
കൂമ്പള്ളിയുടെ geneology അന്വേഷിച്ചാണ് ദേവരാഗം അടുത്ത കട്ടയിൽ വിരൽ വെച്ചത്. പടയ്ക്കിങ്ങനെയും പുറപ്പെടാൻ ഒരു നായർ കച്ചകെട്ടുന്നതു കണ്ടപ്പോൾ മനസ്സിലായി, കൂമൻപള്ളിയുടെ കൂമ്പു് ഇനിയും വിടരാനാണു ഭാവമെന്ന്. എല്ലാ നായർപ്രതിഭാസങ്ങളേയും പോലെ വിരിഞ്ഞും പൂത്തും ഒടിഞ്ഞും തൂങ്ങിയും പിന്നെയും വിടർന്നും കൂമ്പള്ളിയുടെ ചരിത്രം പടർന്നുപന്തലിക്കുമെന്നു നമുക്കാശിക്കാം.
പിന്നീടാണു പാണപ്പണിക്കൻ വന്നത്. പുറപ്പെട്ടുപോയ നായന്മാരുടെ ഉള്ളിലൊക്കെയിപ്പോഴും കെട്ടിമുഴങ്ങുന്ന “ഓ” എന്ന ഏകാക്ഷരി...
അതില്പിന്നെ ദേവരാഗത്തിന്റെ എഴുത്തുകാത്തിരിക്കുക എന്ന ശീലം തുടങ്ങിവെച്ചു.
*****
ഓരോ ലേഖനവും പേർത്തും പേർത്തും എഴുതേണ്ടതില്ല. എന്താണു ദേവരാഗത്തിന്റെ എഴുത്തിലെ (കമന്റുകളിലേയും) പ്രത്യേകത, എന്താണിത്രയ്ക്കു സ്വാരസ്യം എന്നു മാത്രം ആലോച്ചിച്ചുപോകാറുണ്ട്.
വാക്കുകളിൽ നിന്നും വാക്കുകളിലേക്കും ആശയങ്ങളിൽനിന്നും ആശയങ്ങളിലേക്കും ചാടിയും മറിഞ്ഞും പോകാനുള്ള ആ ധിഷണ! ആ വാനരത്തം - അതു വളരെ മൌലികമായി തോന്നിയിട്ടുണ്ട്.
ഈ പിള്ളയ്ക്കുള്ളിൽ കുറേ കരവിരുതൊളിച്ചിരിപ്പുണ്ട്. മാതൃഭൂമിയ്ക്കും മറ്റു കൌമുദികൾക്കും വിറ്റുകാശാക്കാനാവാതെ അതൊക്കെ ആദ്യം നമുക്കും പിന്നെ ഭൂമിമലയാളമാകെയും ഇങ്ങനെ തുളുമ്പിയൊഴുകുമ്പോൾ പുണർതപ്പൂമഴയത്തു നിൽക്കുന്ന സുഖം!
*****
ദേവരാഗമേ... ഈ സ്വരം നന്നായിക്കൊണ്ടേ ഇരുന്നോട്ടെ... പാട്ടു നിർത്തുകയേ വേണ്ട!
Friday, December 23, 2005
Subscribe to:
Post Comments (Atom)
1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...
-
ഇങ്ങനെയൊരു പോസ്റ്റ് ഇവിടെ എഴുതേണ്ട ഗതികേട് വരാതിരിക്കാന്‍ കഴിഞ്ഞ ഒരു മാസമായി ഏറെ ശ്രമിച്ചതായിരുന്നു ഞാന്‍. എല്ലാ കോര്‍പ്പറേറ്റു മിഷനുകളിലും...
-
ജ്യോതീ , ഡാലീ , തമോഗര്‍ത്തം അവസാനമല്ല, ഇല്ലായ്മയല്ല! അതു കാണുന്ന നമുക്കല്ലേ അപ്പുറം ഇരുട്ടായും ഉണ്മയുടെ മുങ്ങിപ്പോവലായും തോന്നുന്നത്? അതിന...
-
വല്ലപ്പോഴും ചിലപ്പോള്‍, വളരെ അപൂര്‍വ്വമായിത്തന്നെയെന്നുപറയാം, ചില ദിവസങ്ങളില്‍ നമുക്ക് ആനന്ദക്കണ്ണീര് വരും. ഇന്ന് എനിക്ക് അങ്ങനെയൊരു ദിവസമാ...
ഉവ്വ് സാര്‍
ReplyDeleteനാളുകളേറെയായി മിണ്ടാതിരുന്നിട്ടും
ReplyDeleteഇങ്ങനെ ഒന്നു തന്നെ എഴുത്തിത്തുടങ്ങിയത് ഏറെ ഉചിതമായി. വന്ദനം, ദേവനും താങ്കള്‍ക്കും.
എന്തിനാ കാള പെടുത്ത പോലെ ഒരുപാട് എഴുതിക്കൂട്ടുന്നത്? വല്ലപ്പോഴും ദാ ഇതുപോലെ എന്തേലുമൊക്കെ എഴുതിയാൽ പോരേ?
ReplyDeleteനന്നായിട്ടുണ്ട് വിശ്വേട്ടാ...
എനിക്ക് ബൂലോഗമൊരു സ്‌നേഹക്കിളിക്കൂടാണ്.
ReplyDeleteപല വർണ്ണങ്ങളിലുമുള്ള, പരസ്പര സ്നേഹവും ബഹുമാനവുമുള്ള കിളികൾ. ഈ സ്‌നേഹക്കൂടിലെത്തിപ്പെട്ടതും ജീവിതത്തിലെ ഭാഗ്യങ്ങളിലൊന്നായി കരുതുന്നവനാണ് ഈ കാറാനും. (കാറാൻ എന്നുവിളിക്കുന്ന പക്ഷിയും കിളിയാണല്ലോ).
ദേവരാഗത്തെക്കുറിച്ചുള്ള വിശ്വത്തിന്റെ അഭിപ്രായം എനിക്കും തോന്നിയിട്ടുള്ളതാണ്. പക്ഷെ, പറഞ്ഞാൽ ആള് എന്നോട് ചൂടാവുമോ എന്നു കരുതി ഇതുവരെ പറഞ്ഞില്ലെന്നേള്ളൂ.!
ദേവരാഗത്തിന്റെ ചില പ്രയോഗങ്ങളുടെ റേയ്ഞ്ചിലുള്ളവ 'കൊലകൊമ്പൻ' എഴുത്തുകാരുടെ നോവലിൽ പോലും കാണില്ല ( ചിലപ്പ്പ്പോ കഥകളിലും ലേഖനങ്ങളിലും കാണുമായിരിക്കും..:):))
പണ്ട്, ഡോ.ചന്ദ്രമോഹൻ സാർ പറഞ്ഞപോലെ, തോട്ടത്തിന് അകത്ത് വളരാത്തതുകൊണ്ട് മലയാളിക്ക് കുറെ നല്ല ചെടികളും പൂക്കളും നഷ്ടപ്പെട്ടുപോകുന്നുണ്ട്. അതുപോലെയൊരു പ്രീഷ്യസ് ചെടി തന്നെ, ദേവരാഗവും. ബൂലോഗത്തുള്ളവർ ഭാഗ്യവാന്മാർ.
വിശ്വത്തിനും ദേവരാഗത്തിനും മറ്റെല്ലാ ബൂലോഗ വൈകുണ്ഠ* പുര വാസർക്കും.. (ഗുരുവായൂർക്കാരെ മാത്രമല്ലാ..) എന്റെ സ്നേഹം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ.
എന്റെ എഴുത്തു നന്നായിട്ടുണ്ടെന്ന് എന്നോട് ഇതിനു മുന്നേ പറഞ്ഞിട്ടുള്ളത് എന്റെ ഭാര്യയാണ്. ഞാനെന്ന വ്യക്തിക്കുള്ള സകല കുറവുകളെയും നികത്തിക്കൊണ്ട് ലാവയേക്കാള്‍ തീഷ്ണമായ പ്രണയം ഉള്ളില്‍ നിറഞ്ഞ കാലത്താണ് ഞാനവള്‍ക്കെഴുതിയിരുന്നത്, അതിനാല്‍ അവള്‍ അംഗീകരിച്ച അക്ഷരത്തികവ് എന്റെ സ്ഥായിയായ സ്വത്തെന്നു വിചാരിച്ചിട്ടില്ല.
ReplyDeleteഇപ്പോള്‍ നിങ്ങളെല്ലാം പറയുന്നതും അവിശ്വസനീയമെങ്കിലും വിശ്വസിക്കാനാണ് എനിക്കിഷ്ടം. തൊഴില്‍പരമായ കാര്യങ്ങളിലല്ലാതെ പൊതുവേദികളില്‍ ഞാന്‍ അംഗീകരിക്കപ്പെട്ടിട്ടില്ല. ചുമ്മാ ഇന്റര്‍നെറ്റില്‍ അലഞ്ഞു മേഞ്ഞ എന്നെ കാലേല്‍ വാരിപ്പിടിച്ച് വലിച്ച് ഫോറത്തിലെത്തിച്ചവര്‍ക്കും അവിടെന്നും ആവാഹിച്ച് ബ്ലോഗ്ഗ്‌ദുനിയാവില്‍ ഫൂഡ്& അക്കാമ്മടെറേഷന്‍ തന്ന് ഇരുത്തിയവര്‍ക്കും ഫാസ്റ്റ് ഫോര്‍വേര്‍ഡ് അടിച്ച പാട്ടുപോലുള്ള ജീവിതത്തിനിടയിലും ഇവിടെ വന്നു കുത്തിയിരുന്ന് ഇതെല്ലാം വായിച്ച് അഭിപ്രായങ്ങളും വിമര്‍ശനങ്ങളും എഴുതുന്ന അന്‍പു ബ്ലോഗ്ഗര്‍ക്കും ക്രെഡിറ്റ് (രക്ഷസ്സു പ്രയോഗത്തിനു അഡീഷണല്‍ ക്രെഡിറ്റ് വിശാല മനസ്കന്)
ദേവരാഗം എഴുതിയാലും ദേവരാഗം എഴുതിയതിനെപ്പറ്റി എഴുതിയാലും, ദേവരാഗത്തിനെപ്പറ്റി എഴുതിയാലും എല്ലാം എങ്ങിനെയിങ്ങിനെയടിപൊളിയാകുന്നു? ബ്ലോഗന്മാർ ഭാഗ്യവാന്മാർ. വിശ്വം പറഞ്ഞതുപോലെ, ഇതെല്ലാം വിറ്റ് കാശാക്കാതെ ബ്ലോഗന്മാർക്കും ഭൂലോകവാസികൾക്കും ഫ്രീയായി കൊടുത്തിരിക്കുകയല്ലേ.. അതിനുള്ള നന്ദി.
ReplyDeleteഎല്ലാ ബ്ലോഗുവാസികൾക്കും അവരുടെ കുടുംബത്തിനും അവരുടെ വീട്ടുകാർക്കും നാട്ടുകാർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ്-പുതുവത്സരാശംസകൾ
കൂമന്‍പള്ളീ സമയമെടുത്തു വായിക്കാന്‍ മാറ്റിവച്ച ബ്ലോഗുകളില്‍ ഒരെണ്ണമായിരുന്നു. ഇപ്പോഴാണു സമയം കിട്ടിയതു് (ദേ കഴിഞ്ഞു).
ReplyDeleteപെരിങ്ങോടനോടാണ് നന്ദി പറയേണ്ടതു. ഇല്ലേല്‍ ഇതൊന്നും വായിക്കുവാനുള്ള ഭാഗ്യം ഉണ്ടാകുമായിരുന്നോ എന്നു സംശയം. ദേവോ, നിങ്ങള്‍ എത്തേണ്ടിടത്തെത്തി. ആട്ടം തുടങ്ങിയിട്ടേയുള്ളൂ, അത് നിലയ്ക്കാത്ത സംഗീതമായൊഴുകട്ടെ.
ദേവന്റെ കമന്റിന് പോലും ഒരു ശൈലിയുണ്ട്..!
ReplyDeleteചുമ്മാ വായിച്ചും വായിക്കാതെയും.."നന്നായിട്ടുണ്ട്" എന്ന് പുള്ളിക്കാരൻ പറയാറുള്ളതായി അറിവില്ല..
വായിച്ച്,അറിഞ്ഞ്, രസിച്ച്..
അതിനോട് സാദൃശ്യമുള്ള മറ്റൊരു അതിരസകരമായ കാര്യവും പറഞ്ഞ് ദേവനങ്ങനെ..വരും.. പോകും!
വിശ്വം ആദ്യമായി തിരഞ്ഞെടുത്ത ആൾ അനുയോജ്യൻ തന്നെ..!
മഞ്ഞപ്പട്ടിനൊരു സ്വര്‍ണ്ണക്കര!
ReplyDeleteഅർത്ഥരഹിതമായ സമയക്കെട്ടുകൾക്കിപ്പുറം നിന്നു കൊണ്ട്...
ReplyDeleteആശംസകളുടെ ഇടക്കു ഇതൊന്നു കൂടി...
ഏറ്റാനുള്ള ചുമടുകൾക്കേറ്റ ചുമലുകൾ ഉണ്ടാകട്ടെ,
വേദനകളുടെ ഇടയിലും അതൊക്കെ വേഗം പോകുന്നവയാണെന്ന തിരിച്ചറിവുണ്ടാവട്ടെ,
പൊന്നുമക്കളുടെ പാൽപ്പുഞ്ജിരിയിൽ അനുഭവങ്ങളുടെ നീലവിഷം തീണ്ടാതിരിക്കട്ടെ,
സ്നേഹവും, ശാന്തിയും , സമാധാനവും ...ഒരുപാട്...ഒരുപാടൊരുപാട്...
ബ്ലോഗ്ഗറിലെ comment notification ആയി ഒരേ സമയം രണ്ടു വിലാസം കൊടുക്കാന്‍ വഴിയുണ്ടോ? അതായത്, ഒന്ന് എന്റെയും മറ്റേത് പിന്മൊഴി വിലാസവും.
ReplyDeleteസീയെസ്, ഒരു ഉപായം ആ മെയില്‍ ഐഡിയുടെ സ്ഥാനത്ത് ഫോര്‍വേഡിങ് സര്‍വീസ് ഉപയോഗിക്കുകയാണ്‍. നേരെ രണ്ടെണ്ണം കൊടുക്കാമോ എന്നറിയില്ല.
ReplyDelete