പഠിക്കാൻ ഇംഗ്ലീഷു വേണോ മലയാളം വേണോ?
എന്തായാലും എനിക്കറിയില്ല.
പണ്ടു പലതും പറഞ്ഞു നടന്നിരുന്നു ഈ ഞാൻ.പക്ഷേ ഈയിടെയായി ഒന്നും പറയാൻ തോന്നുന്നില്ല; അറിയില്ല.
****
യാതൊരു തരത്തിലും ആരെക്കൊണ്ടും ഒരു പേരുദോഷവും വരുത്താതെ ദാരിദ്ര്യരേഖക്കു കീഴിൽ നിശ്ശബ്ദം അള്ളിപ്പിടിച്ചുകിടന്നു പത്തുമുപ്പതു കുടുംബങ്ങളുടെ പൈദാഹവും പ്രതിവർഷം പത്തഞ്ഞൂറു കുഞ്ഞുങ്ങളുടെ അക്ഷരദാഹവും നിവർത്തിച്ചിരുന്ന ഒരു പാവം കുഗ്രാമൻ എയ്ഡെഡ് management ഷ്കൂളിലായിരുന്നു ഈയുള്ളവന്റെ വിദ്യാരംഭം.
ഒന്നാം ഗ്ലാസ്സിൽ നാലു ഡിവിഷനിൽ പരന്നു കിടക്കുന്ന വിദ്യാസാമ്രാജ്യം ഏഴിലെത്തുമ്പോഴേക്കും രണ്ടു കുഞ്ഞുഡിവിഷനിലേക്ക് ഉണങ്ങിച്ചുരുങ്ങുകയായിരുന്നു പതിവ്.
തന്റെ പഴയ സഹപാഠികൾ പാടത്തുപണിക്കു പോകുന്നതും കണ്ടുകൊണ്ടാണ് നിത്യവും ഞാൻ ഏഴാം ഗ്ലാസിലേക്കു പോവാറുണ്ടായിരുന്നത്.
പിന്നെ എട്ടിലെത്തുമ്പോളാണ് അറിയുന്നത്, പഠിക്കാൻ ഇംഗ്ലീഷിലും ഒരു മീഡിയം ഉണ്ടെന്നു തന്നെ!
എന്തായാലും സാമാന്യം തരക്കേടില്ലാതെ ആംഗലവും ഒട്ടൊക്കെ മല്യാലവും എഴുതാനും വായിക്കാനും പറയാനും കശിയാമെന്ന ഒരു ഗർവ്വിലാണ് ഈയിടെയായി.
എന്നിട്ടും മകളെ വീണ്ടും താൻ പഠിച്ച ഷ്കൂളിൽ തന്നെ വിട്ടുകൂടേ എന്നാരെങ്കിലും ചോദിച്ചാൽ ഉത്തരം മുട്ടിപ്പോകുന്നു...
വയ്യ.അറിയില്ല.എത്ര വാശി പിടിച്ചിട്ടും ഓടുന്ന നാടിന്റെ നടുവിലിടുങ്ങാതെ വയ്യ!
*********
ഹരിശ്രീ വിദേശത്താണ്. അതുകൊണ്ടു തന്നെ അച്ഛന്റെ ഷ്കൂളിൽ പഠിക്കാതിരിക്കാനുള്ള ന്യായമുണ്ട്.എങ്കിലും ഒരു സന്തോഷം: അവൾ ഭംഗിയായി മലയാളം പറയുന്നുണ്ട്. അത്യാവശ്യം എഴുതുകയും വായിക്കുകയും ചെയ്യുന്നു. പുറത്തെ സദസ്സുകളിൽ അപകർഷമില്ലാതെ ഇംഗ്ലീഷും ഹിന്ദിയും സംസാരിച്ചോളും. തമിൾ കേട്ടാൽ ഒരു ഭാഷയെന്ന നിലയിൽ അവൾക്കു തിരിച്ചറിയാം. അത്യാവശ്യം സംസ്കൃതഗന്ധവും ആയിട്ടുണ്ട്.രണ്ടു മാസത്തിനുള്ളിൽ (സാഹചര്യസമ്മർദ്ദം മൂലം) അറബിയും പഠിച്ചു തുടങ്ങും.
ആറര വയസ്സിൽ ആറു ഭാഷകൾ !
ഒന്നും നിർബന്ധമായി ചെലുത്തുന്നതല്ല. വളരെ ആയാസരഹിതമായി അവളിലേക്ക് അലിഞ്ഞിറങ്ങുകയാണ്.
കുട്ടിക്ക് ഒട്ടും സങ്കടം വരുന്നില്ല. പ്രത്യുത, അവളിപ്പോൾ ഏതു പുതിയ വാക്കു കേട്ടാലും അഞ്ചു ഭാഷകളിലും അതിന്റെ സമാനപദങ്ങൾ ചോദിച്ചു അച്ഛനമ്മമാരെ ബുദ്ധിമുട്ടിക്കുകയും ചെയ്യും.കുറെ കഴിയുമ്പോൾ അവളുടെ പ്രഥമഭാഷ സ്വന്തം ഇഷ്ടപ്രകാരം ഇംഗ്ലീഷ് ആയി മാറുമായിരിക്കാം.
എങ്കിലും മലയാളം അറിയാമെന്ന അഭിമാനം അവളോടൊപ്പം ജീവിക്കുകയും മരിക്കുകയും ചെയ്യുമെന്നാണെന്റെ പ്രതീക്ഷ!
*****
ഇനി ഷ്കൂളിൽ ചേരേണ്ട യഥായുജ്യമായ വയസ്സിനെ ക്കുറിച്ച്:
മൂന്നര വയസ്സിൽ LKG യിൽ പോകണമെന്നത് ഈ നാട്ടിലെ നിയമം. അതിനാൽ പോകാതെ വയ്യ.പക്ഷേ ഇഷ്ടം പോലെ ഉഴപ്പാൻ അവസരം കൊടുത്തിരുന്നു. ആദ്യവർഷം ആകെ അറ്റൻഡൻസ് 50 ശതമാനം മാത്രം. മാർക്കു കിട്ടിയാലും ഇല്ലെങ്കിലും ഒരു പരാതിയുമില്ല. പോവാനിഷ്ടമില്ലാത്ത ദിവസം പോവണ്ട അത്ര തന്നെ.
പിന്നെ കുറേശ്ശെക്കുറേശ്ശെ സ്കൂളിപ്പോക്ക് ഗൌരവമായ ഒരു ജോലിയാണെന്നു് അവൾക്കു തന്നെ തോന്നിത്തുടങ്ങി.
ഇടക്കൊരു അവധിക്കാലത്ത് ഒരു മൂന്നു മാസം നാട്ടിലെ പഴയ ഷ്കൂളിൽ കൊണ്ടുപോയി ചേർത്തു.
ചുമ്മാ ഒരു രസം.
പക്ഷേ സത്യമായും അവൾ അവിടെനിന്നും ഇവിടെക്കിട്ടാത്ത പല പുതിയ പാഠങ്ങളും പഠിച്ചു.
അത്ര്യൊക്കേ ഈ ഒറ്റയാൾ പട്ടാളത്തിനു ചെയ്യാൻ വെയ്ക്ക്യൂ.
******(പോളിന്റെ
ചിന്തകളിലേക്ക് കടന്നുകയറിയത്.)