Thursday, March 01, 2018

നമുക്കൊരു ചീറ്റപ്പുലിയെ ഡിസൈൻ ചെയ്താലോ?

നമുക്കൊരു ചീറ്റപ്പുലിയെ ഡിസൈൻ ചെയ്താലോ?


സംശയം:
 “ചീറ്റപ്പുലിക്കെന്തേ ഇത്രയും വേഗം?”

നിവാരണം:

(ഇതൊരു സീരിയസ് എഞ്ചിനീയറിങ്ങ് ഡിസൈൻ ആയതുകൊണ്ടു് ഈറ്റപ്പുലിയുടെ വാലുപോലെത്തന്നെ, ഒത്തിരി നീളക്കൂടുതലുണ്ടാവും. അതുകൊണ്ട് വായിക്കാൻ ക്ഷമ വേണം. ക്ഷമയാണു് സൂപ്പർഎഞ്ചിനുകളുടെ ഡിസൈനിന്റെ രഹസ്യം!)

ആദ്യം തന്നെ പറയാം. ചീറ്റപ്പുലിയുടേതു് ഒരു കദനകഥയാണു് :'(

കോർവെറ്റ് എന്നൊരു കാറുണ്ടു്. ഫെറാറി എന്നു വേറൊന്നും. മനുഷ്യൻ ഇന്നേവരെ കണ്ടുപിടിച്ചതിൽ നിലത്തുകൂടെ പോകുന്ന യന്ത്രങ്ങളിൽ വെച്ചു് ഏറ്റവും വേഗമുള്ള ഇനത്തിൽ പെടും ഇവ രണ്ടും. അതിനേക്കാൾ വേഗത്തിൽ പുറപ്പെടാൻ പറ്റുന്ന (accelerate from stationary position) ഒരൊറ്റ മൃഗമേ ലോകത്തിലുള്ളൂ. ചീറ്റപ്പുലി.


പക്ഷേ, ഒരു ഫെറാറിയ്ക്കു് ഒരൊറ്റ ഓട്ടത്തിൽ രണ്ടായിരമോ നാലായിരമോ കിലോമീറ്റർ മറികടക്കാൻ പറ്റിയെന്നിരിക്കും. (ഇടയ്ക്കു് ഇന്ധനം നിറയ്ക്കേണ്ടിവരുമെങ്കിലും). എന്നാൽ ചീറ്റപ്പുലിക്കു് കൂടിവന്നാൽ അരക്കിലോമീറ്റർ ദൂരമേ ഒറ്റയോട്ടത്തിനു് എത്തിപ്പെടാനാവൂ. അതായതു് ഒരു സ്റ്റേഡിയത്തിലെ 400 മീറ്റർ ട്രാക്കിൽ ഒരു ചുറ്റ് ഓട്ടം. അത്രയും എത്തിപ്പെട്ടാൽ തന്നെ, ആ സമയത്തു് അതിനു നിർബന്ധമായും വിശ്രമം വേണം. അവിടെനിന്നും ഒരു കുതിപ്പു പോയിട്ടു് ഒന്നു് ഏങ്ങിവലിച്ചുനടക്കാൻ പോലും അതിനാവില്ല. അര മണിക്കൂറെങ്കിലും നേരം അതു ചെന്നെത്തിയിടത്തു കുത്തിയിരുന്നു വിശ്രമിച്ചിട്ടുവേണം അതു കീഴ്പ്പെടുത്തിയ ഇരയെ ഒന്നു രുചിച്ചുനോക്കാൻ പോലും!

ഒരു ആഫ്രിക്കൻ മഹാപ്രതിസന്ധി

 

നമുക്കു വീണ്ടും ആഫ്രിക്കയിലെ സാവന്നകളിലേക്കു പോവാം.

ഭൂമിയ്ക്കു ചൂടുകൂടിയ പണ്ടൊരു കാലത്തു് ആഫ്രിക്കയിലെ കൊടുംവനങ്ങൾ ഇല്ലാതായപ്പോൾ ആൾക്കുരങ്ങന്മാരും ലെമൂറുകളുമെല്ലാം മണ്ണിലിറങ്ങി ഇരുകാലുകളിൽ നടക്കാൻ തുടങ്ങിയ കഥ മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ഒട്ടും ആഹാരം ഇല്ലാത്ത അവസ്ഥ, നീണ്ടുപരന്നു തുറസ്സായി കിടക്കുന്ന പുൽമേടുകൾ, ചുറ്റുപാടും ഹിംസ്രമൃഗങ്ങൾ ഇത്തരം വെല്ലുവിളികളെ മനുഷ്യനെപ്പോലെത്തന്നെ മറ്റു മൃഗങ്ങളും അവയുടേതായ വഴികളിൽ നേരിടാൻ ശ്രമിച്ചു. ആനകൾ മൊപ്പാനി എന്നുപേരായ ഒരു വൃക്ഷവും എമ്പറർ എന്ന ശലഭവുമായി എല്ലാ കൊല്ലവും പുതുക്കിക്കൊണ്ടിരിക്കുന്ന ഒരു കരാർ ഉണ്ടാക്കി. കൂടാതെ ഇനിമുതൽ എല്ലായിടവും ഒരുമിച്ചു സംഘം ചേർന്നുതന്നെ നടക്കാനും തീരുമാനിച്ചു. എരുമകളെപ്പോലുള്ള ചില ജന്തുക്കൾ (Wildebeest / gnu) എല്ലാ കൊല്ലവും വടക്കോട്ടൊരു ഒരു തീർത്ഥയാത്രക്കു പോവാനും ആ ഉത്തരായനത്തിനിടയിൽ ആകാവുന്നത്ര പെറ്റുകൂട്ടാനുമാണു് പരിപാടിയിട്ടതു്. ചില പക്ഷികളാവട്ടെ മദ്ധ്യവേനലവധിക്കു് വിദേശസഞ്ചാരവും ശീലംആക്കി.

ഒട്ടകപ്പക്ഷി ഇനി മുതൽ പറക്കണ്ട, നല്ല വേഗത്തിൽ ഓടിയാൽ മതി എന്നുതീരുമാനിച്ചു. ഒട്ടകമോ, വെള്ളത്തിന്റെ ചെലവുചുരുക്കി ആഴ്ച്ചകളോളം ഉണങ്ങിയ പുല്ലും മറ്റും തിന്നു് അലഞ്ഞുനടക്കാമെന്നു് കണക്കാക്കി.

ചീറ്റപ്പുലി തെരഞ്ഞെടുത്തതു് സ്പ്രിന്റ് ഇനത്തിൽ പെടുന്ന 100 മീറ്റർ ഓട്ടം ആയിരുന്നു. ഒടുവിൽ അവൻ അതിൽ ലോകറെക്കോർഡും കൈക്കലാക്കി.

വേഗം, ശക്തി, ഊർജ്ജം

 

വേഗത്തിൽ ഓടാൻ, അല്ലെങ്കിൽ എന്തുകാര്യവും ചെയ്യാൻ, വേണ്ടതു് എന്താണു്? ശക്തി.
ശക്തിക്കു് ഇംഗ്ലീഷിൽ Power എന്നു പറയും.
ശക്തിയല്ല ഊർജ്ജം. ഊർജ്ജം എന്നാൽ പ്രവൃത്തി ചെയ്യാനുള്ള കഴിവാണു്. (ഇംഗ്ലീഷിൽ energy). ഒരു നിശ്ചിതസമയത്തിനുള്ളിൽ ഊർജ്ജം ചെലവഴിക്കാനുള്ള കഴിവാണു് ശക്തി. കുറേ ഊർജ്ജമുണ്ടായിട്ടു കാര്യമില്ല. ആവശ്യമുള്ള സമയത്തു് ഒറ്റയടിക്കു് അതു പെട്ടെന്നു ചെലവഴിക്കാനുള്ള മിടുക്കുവേണം. ആ മിടുക്കുള്ളവരാണു് ശക്തിമാന്മാർ. അല്ലാത്തവർ വെറും തടിമാടന്മാർ

അതായതു് Power = Energy / Time

ഒറ്റയടിക്കു് ഊർജ്ജം ചെലവാക്കാൻ കഴിയുക എന്നതു് അത്ര എളുപ്പമല്ല. കാരണം അതു് ചെലവഴിക്കപ്പെടുന്ന മാദ്ധ്യമത്തിനു് അത്രയും ഊർജ്ജം കുറഞ്ഞ സമയം കൊണ്ടു് സഹിക്കാനോ കടത്തിവിടാനോ സാധിക്കണം. അതു പറ്റില്ലയെങ്കിൽ ആ മാദ്ധ്യമത്തിനുതന്നെ കേടു വരും. ഒന്നുകിൽ അതു ചൂടുപിടിച്ചു നശിക്കും. അല്ലെങ്കിൽ പൊട്ടിപ്പോകും. അതുമല്ലെങ്കിൽ രണ്ടു കാരണവും കൊണ്ടു് വളയുകയോ ചളുങ്ങുകയോ ചെയ്യും. ജീവകോശങ്ങളാണെങ്കിൽ അവ ചത്തും പോവും.

[ഊർജ്ജം പെട്ടെന്നുചെലവാക്കാൻ കഴിയാത്തതുകൊണ്ടുണ്ടാകുന്ന പ്രധാന പ്രശ്നം 'ചൂടാകൽ' തന്നെയാണു്. അങ്ങനെ അമിതമായ ചൂടുകൊണ്ടാണു് ഓവർ വോൾട്ടേജിൽ ബൾബുകളും കമ്പ്യൂട്ടറുകളും മറ്റും ‘എരിഞ്ഞു’പോകുന്നതു്. ചൂടുകൊണ്ടുള്ള ക്രമരഹിതമായ വികാസത്താൽ വാഹനങ്ങളുടെ എഞ്ചിനുകൾ, കമ്പ്യൂട്ടറിലെ CPU പോലുള്ള ഇലക്ട്രോണിക്ക് ഘടകങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവയൊക്കെ കേടുവന്നുപോവാം. പ്ലാസ്റ്റിൿ, ഗ്ലാസ്സ് , പെയിന്റ് തുടങ്ങിയവ ചൂടാകുമ്പോൾ ഞളുങ്ങുന്നതും വിണ്ടുകീറുന്നതും പൊട്ടിപ്പിളരുന്നതും ഇക്കാരണം കൊണ്ടുതന്നെ. ഒരു പരിധിവരെ നമ്മുടെ കോശങ്ങൾക്കും ഇത്തരം ചൂടാകൽ ഒരു വലിയ പ്രശ്നമാണു്. (പനിയെക്കുറിച്ചുള്ള ലേഖനം നോക്കുമല്ലോ)]

പെട്ടെന്നു് ഊർജ്ജം ചെലവാക്കാൻ മറ്റു പ്രശ്നങ്ങളുമുണ്ടു്. logistics ആണു് അടുത്ത പ്രശ്നം. കോശങ്ങളിൽ അതിവേഗം ഊർജ്ജം ഉല്പാദിപ്പിക്കണമെങ്കിൽ അതിനുവേണ്ട ഇന്ധനവും വായുവും പെട്ടെന്നുതന്നെ അവിടെ എത്തിച്ചുകൊണ്ടിരിക്കുകയും വേണം.
10,000 പേർക്കുള്ള ഒരു സദ്യ നമ്മുടെ വീട്ടിലെ അടുക്കളയിലെ അടുപ്പുപയോഗിച്ചു് തയ്യാറാക്കണമെന്നു കരുതൂ. പ്രധാന പ്രശ്നം എന്തായിരിക്കും? ഒരൊറ്റ ഗ്യാസുകുറ്റിയും അതിന്റെ ബർണറും വെച്ച് അത്രയും പേർക്കുള്ള ഭക്ഷണം തയ്യാറാക്കാൻ പറ്റുമോ? പത്തിരുപതു ദിവസം കൊണ്ടുമതിയെങ്കിൽ പറ്റും. പക്ഷേ രണ്ടുമണിക്കൂർ പോലും കാത്തിരിക്കാൻ നമ്മുടെ അതിഥികൾ തയ്യാറാവില്ല. അതുപോലെയാണു് ശരീരപേശികളിലെ കാര്യവും. അവിടേക്കുള്ള അന്നജവും വായുവും എത്തുന്നതു് രക്തചംക്രമണം എന്ന റെയിൽവേ സംവിധാനം വഴിയാണു്. ആ റെയിൽവേ നമ്മുടെ കേരളത്തിലെ റെയിൽവേ പോലെത്തന്നെയാണു്. ആകാവുന്നതിലധികം ഗതാഗതഭാരം ഇപ്പോൾ തന്നെയുണ്ടു്. വല്ലപ്പോഴും ട്രാക്കുകൾ വിണ്ടുകീറിയിട്ടുണ്ടോ എന്നു പരിശോധിച്ചുനോക്കാൻ പോലും ഒരു ഇടവേള കിട്ടുന്നില്ല. അതുകൊണ്ടു തന്നെ, വേണ്ടത്ര സ്പീഡിൽ വണ്ടിയോട്ടാനും പറ്റുന്നില്ല. വല്ല അപകടവുമുണ്ടായാലോ!
ഇനി വേഗത്തിൽ ഓടുക എന്നതിലെ 'പ്രവൃത്തി' എന്താണെന്നു നോക്കാം.
പ്രവൃത്തി = ബലം x സ്ഥാനാന്തരണം എന്നു പഠിച്ചിട്ടുണ്ടാവുമല്ലോ. എന്നാൽ പല സ്കൂളുകളിലും ഊർജ്ജതന്ത്രം പഠിപ്പിക്കുമ്പോൾ ഇതിനു് തെറ്റായ ഒരു ഉദാഹരണം പറഞ്ഞുകൊടുക്കുന്നുണ്ടു് എന്നു തോന്നുന്നു.
50 കിലോഗ്രാം ഭാരം എടുത്തുകൊണ്ടു് 100 മീറ്റർ നടക്കുന്ന ഒരാൾ എത്ര പ്രവൃത്തിചെയ്തു?
50 x 100 = 5000 കിലോഗ്രാം മീറ്റർ എന്നാണുത്തരമെങ്കിൽ അതു തെറ്റാണു്.


ഫിസിക്സിന്റെ വഴിയിൽ ആ ഉത്തരം കണക്കാക്കുന്നതു് അത്ര എളുപ്പമല്ല. കാരണം അയാൾ യഥാർത്ഥത്തിൽ മൂന്നുതരത്തിൽ ഊർജ്ജം ചെലവാക്കുന്നുണ്ടു്.
  1. നിലത്തുനിന്നും 50 കിലോഗ്രാം ഭാരം ഭൂഗുരുത്വത്തിനെതിരായി തലയിലേക്കു് രണ്ടു മീറ്ററോളം ഉയർത്തുക. (ഇതിനു ചെലവാവുന്ന യഥാർത്ഥ ഊർജ്ജം 50 x 9.8 x 2 = 9800 ന്യൂട്ടൺ മീറ്റർ
  2. ഭാരവും തലയിൽ വെച്ചുകൊണ്ടു് "കുത്തിച്ചാടി" നടക്കുക.
  3. അയാൾക്കെതിരേയുള്ള വായുവിന്റെ ഘർഷണബലത്തെ കീഴ്പ്പെടുത്തുക.
വേഗത്തിൽ ഓടണമെങ്കിൽ ഈ മൂന്നു തരത്തിലുള്ള തടസ്സങ്ങളും ചുരുക്കണം.
അതിനാൽ ഇനി നമുക്കൊരു ചീറ്റപ്പുലിയെ ഡിസൈൻ ചെയ്യാം.

ലോഡ് കുറയ്ക്കാം


ഏതെങ്കിലും ഒരു ലക്ഷ്യം നാം തെരഞ്ഞെടുത്തുകഴിഞ്ഞാൽ പിന്നെ ആ ലക്ഷ്യപ്രാപ്തി എന്ന വിജയം കണ്ടെത്താൻ താരതമ്യേന പ്രാധാന്യം കുറഞ്ഞ മറ്റെല്ലാം ഉപേക്ഷിക്കാനും തയ്യാറാവണം.

ആദ്യം വേണ്ടതു് ഭാരം കുറയ്ക്കുക എന്നതാണു്.

വലിയ ഒരു ശരീരം ഉണ്ടാവുന്നതുകൊണ്ടുള്ള ഗുണം മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ടല്ലോ. (ഉറുമ്പിന്റേയും ആനയുടേയും ഹൃദയങ്ങളുടെ കഥ). എന്നാൽ വലിയ ശരീരം എന്നാൽ കൂടുതൽ ഭാരം എന്നു കൂടിയാണർത്ഥം. വേഗത്തിലോടാൻ അത്രയ്ക്കൊന്നും ഭാരം പാടില്ല.
അതുകൊണ്ടു് നമ്മുടെ ചീറ്റപ്പുലിക്കു് പ്രായപൂർത്തിയെത്തുമ്പോൾ പരമാവധി 50 കിലോ തൂക്കമേ പാടുള്ളൂ.
(കഴുതപ്പുലി എന്നു പേരുള്ള, പുലികളുടെ കൂട്ടത്തിൽ പെടുത്തണോ എന്നു പോലും സംശയമുള്ള ഹയ്നാ എന്ന മൃഗത്തിനുപോലും 55 മുതൽ 80 വരെ കിലോ തൂക്കം കാണും. പുള്ളിപ്പുലിക്കു് 100, പുലിക്കു് 150 മുതൽ 300 വരെ, സിംഹത്തിനു് 200 മുതൽ 300 വരെ എന്നൊക്കെയാണു് കിലോക്കണക്കിനു് തൂക്കം. ആനച്ചാരുടെ കാര്യം പറയ്യ്യേ വേണ്ട.).

ഭാരം വെറും 50 കിലോ ആക്കിയാൽ ഒരു ദോഷവുമുണ്ടു്. അതിവേഗത്തിൽ പോകാമെങ്കിലും ഇന്ധനസംഭരണശേഷി തീരെ കുറയും. കുറച്ചുദൂരം കഴിയുമ്പോഴേക്കും തളർന്നുപോകും. സ്റ്റാമിന തീരെ മതിയാകാതെ വരും.

എങ്കിലും സാരമില്ല. ലോകറെക്കോർഡ് തലത്തിലുള്ള വേഗം ആണല്ലോ നമ്മുടെ ഡിസൈൻ ലക്ഷ്യം.

ഷോക്ക് അബ്സോർബറും സസ്പെൻഷനും

 

ഇനി കുത്തിച്ചാടിയോട്ടം എങ്ങനെ നന്നാക്കിയെടുക്കാമെന്നു നോക്കാം.

Gait locomotion എന്നാണു് കാലുകളുപയോഗിച്ചു് (ശരിക്കും പറഞ്ഞാൽ കാലും കയ്യും ഇടുപ്പും വാലും ഉപയോഗിച്ചു്) ഓടുന്ന 'കുത്തിച്ചാടിയോട്ടത്തിനു് പേരു്. (Gait എന്നാൽ നമ്മുടെ ‘ഗതി‘ തന്നെ. ഇംഗ്ലീഷിലേയും മലയാളത്തിലേയും മിക്കവാറും വാക്കുകളൊക്കെ വകയിൽ പണ്ടുകാലം മുതലേയുള്ള അളിയന്മാരും നാത്തൂന്മാരുമൊക്കെയായി വരും).
നാം നടക്കുമ്പോഴും ഓടുമ്പോഴും ഓരോ ചുവടും ശരിക്കും മുന്നിലേക്കുള്ള ഒരു വീഴ്ച്ചയും അതിൽനിന്നുള്ള 'ഉയിർത്തെഴുന്നേൽപ്പു'മാണു്.

നാലുകാലുകൾ ഉപയോഗിച്ച് പലതരത്തിലും ഓടാൻ കഴിയും. പൂച്ചകൾ ഓടുന്നതും നായ്ക്കൾ ഓടുന്നതും ശ്രദ്ധിച്ചുനോക്കണം. കംഗാരുവും കുതിരയും ഓടുന്നതും എങ്ങനെയെന്നു് വീഡിയോകൾ കണ്ടും പഠിക്കാം. ഓരോന്നിന്റെയും ഗതി ഓരോ വഹയാണു്.

കംഗാരുവും കുതിരയും ഓടുന്നതുകാണാനാണു് രസം. കംഗാരുവിന്റെ മുന്നിലേക്കുള്ള കുതിപ്പുകണ്ടാൽ അവ ഏതോ സ്പ്രിങ്ങിൻമേലാണു പിൻകാലുകൾ കുത്തി നിൽക്കുന്നതെന്നു തോന്നും. കുതിരയാവട്ടെ, ആവശ്യമനുസരിച്ചു് പല തരത്തിൽ ചുവടു വെക്കും. പട്ടാളക്കാർ പോകുന്നതുപോലെ ലെഫ്റ്റ്ബാക്ക്, ലെഫ്റ്റ് ഫ്രണ്ട്, റൈറ്റ് ബാക്ക്, റൈറ്റ് ഫ്രണ്ട് എന്ന താളത്തിൽ ചുവടുവെച്ചുകൊണ്ടാണു് കുതിരയുടെ ഏറ്റവും അലസമായ നടപ്പുതന്നെ. Walk എന്നാണിതിനുപേർ. അതിലും സ്വല്പം കൂടി വേഗത്തിലാണു് Trot. കുതിരകളുടെ സാധാരണ യാത്രയുടെ ഭൂരിഭാഗവും Trot മോഡിലാണു്. Canter, Gallop ഇവ കൂടുതൽ ഝടുതിയിലുള്ള ഓട്ടങ്ങളാണു്. സിനിമയിലും മറ്റും നാം കാണാറുള്ള സൂപ്പർസ്റ്റാർ കുതിരയോട്ടങ്ങൾ ഇവയിൽ പെടും. എന്നാൽ സത്യത്തിൽ ഏതാനും മിനുട്ടുകളേ ഇത്തരത്തിൽ (അതിവേഗത്തിൽ) കുതിരയ്ക്കും ഓടാൻ കഴിയൂ. ഇതും കൂടാതെ, pace, ravaal, fox trot, rack തുടങ്ങി മറ്റു പലവിധത്തിലും കുതിരകൾക്കു് ഓടാനറിയാം!

നമ്മുടെ ചീറ്റപ്പുലിയ്ക്കു് ഇതിൽനിന്നും ഒരെണ്ണം തന്നെ തെരഞ്ഞെടുക്കാം. Rotatory gallop, Double Suspension Gallop, Jumping gallop എന്നെല്ലാമാണു് ഈ സ്റ്റൈലിന്റെ പേരു്. മനുഷ്യർക്കിടയിലെ 100 മീറ്റർ ഓട്ടത്തിന്റെ ചാമ്പ്യന്മാരും ഇതേ രീതിയിൽ തന്നെയാണു് ഓടുക. പക്ഷേ, മുൻ‌കാലുകൾക്കുപകരം കൈകളാണു് ഉപയോഗിക്കുന്നതെന്നുമാത്രം. മനുഷ്യരുടെ കാര്യത്തിൽ, കൈകളുടെ ചലനം ബാലൻസ് ക്രമീകരിക്കാനും വായുവിനെ തുഴഞ്ഞുമുന്നേറാനും സഹായിക്കുന്നു.

ചീറ്റപ്പുലിയ്ക്കു് ശരാശരി 15 സെക്കന്റ് മാത്രമേ ഇങ്ങനെ ഗാലപ്പ് ചെയ്യാൻ കഴിയൂ. ഒരു പക്ഷേ, ചീറ്റയെക്കാൾ ഇക്കാര്യത്തിൽ മിടുക്കന്മാരാണു് കലമാനുകൾ. അവയ്ക്കു് പരമാവധി 60 കിലോമീറ്റർ/ മണിക്കൂർ വേഗമേ എത്താൻ കഴിയൂ എങ്കിലും 45 കിലോമീറ്റർ സ്പീഡിൽ ഏതാനും മിനിട്ടുകൾ വരെ സഞ്ചരിക്കാൻ കഴിയും. ഗ്രേ ഹൗണ്ട് എന്നയിനം നായ്ക്കളും ഇക്കാര്യത്തിൽ ചീറ്റയേക്കാളും മിടുക്കന്മാരാണു്.
പക്ഷേ, നമ്മുടെ ലക്ഷ്യം ലോകറെക്കോർഡ് തലത്തിലുള്ള ഹ്രസ്വദൂരചാമ്പ്യൺഷിപ് അല്ലേ? സ്പീഡാണു താരം. അതുകൊണ്ടു് എത്ര സമയം, എത്രത്തോളം ദൂരം എന്നതു് തൽക്കാലം ഒരു പ്രശ്നമാക്കണ്ട.


ഇനി, ചീറ്റക്കുതിപ്പ് എന്നു പേരിടാവുന്ന നമ്മുടെ double suspension ഗ്യാലപ്പിനു വേണ്ടി ഡിസൈനിൽ എന്തുചെയ്യാൻ‌കഴിയും എന്നു നോക്കാം.
ആദ്യം തന്നെ വേണ്ടതു് നീളമുള്ള കാലുകളാണു്. ഒറ്റക്കുതിപ്പിനു് പരമാവധി നീളം താണ്ടിയെത്താൻ കഴിയണം. മുളയേറിച്ചാട്ടം (പോൾ വോൾട്ട്) എന്നു കേട്ടിട്ടും കണ്ടിട്ടുമില്ലേ? നാലു മുളകളിൽ ഏറിയൊരു ചാട്ടം പോലെയാണു് ചീറ്റയുടെ ഓട്ടം എന്നു വിചാരിക്കാം.

വളയ്ക്കാം, ഒടിക്കരുതു്!

 

അതുകൊണ്ടു് നമുക്കു് ഇനി മുളകളെപ്പറ്റിയും പഠിക്കേണ്ടിവരും!

മനുഷ്യചരിത്രത്തിലും പുരോഗതിയിലും മുളയുടെ പങ്കുതന്നെ വലിയൊരു കഥയാണു്!

വളയുകയേ ചെയ്യൂ, ഒടിയില്ല എന്നാണു് സിനിമാനടൻ ജനാർദ്ദനൻ ഒരു സിനിമയിൽ (മാന്നാർ മത്തായി ആണെന്നു തോന്നുന്നു) ആളുടെ നയത്തെപ്പറ്റി പറഞ്ഞതു്. അതുപോലൊരു അത്ഭുതവസ്തുവാണു് മുള. തീരെ കനം കുറവു്. എന്നാലോ അതൊരു പ്രശ്നമേ അല്ലാത്ത വിധത്തിലുള്ള ഉറപ്പു്. മാത്രമല്ല, കുറഞ്ഞ കനം മൂലം അത്രയ്ക്കും കൂടി ഭാരധാരിത. എത്ര ഉയരത്തിൽ പോയാലും ഒടിഞ്ഞുവീഴുന്ന പ്രശ്നമേ ഇല്ല. അകത്തു പൊള്ളയായതിനാൽ പെട്ടെന്നു വളരുകയും ചെയ്യും. ഈ അത്ഭുതസസ്യത്തെ കണ്ടെത്തിയ നാൾ മുതലാണു് വാനരന്മാർ നരന്മാരായിത്തീർന്നതു്. ഹിമാലയത്തോളം നീളുന്ന ആ കഥ പിന്നൊരിക്കൽ പറയാം.

നെടുനീളത്തിൽ എന്നാൽ വീതികുറഞ്ഞ് ഒരുമിച്ചടുക്കിയതുപോലെയാണു് മുളയുടെ കോശങ്ങൾ. അവയെ നമുക്കു് ഫൈബർ (നാരുകൾ - തന്തുക്കൾ) എന്നുവിളിക്കാം. അളവറ്റ ഇലാസ്തികതയാണു് അവയുടെ പ്രത്യേകത. ഓരോ കോശത്തിനും മറ്റൊന്നിനുമേൽഅങ്ങോട്ടുമിങ്ങോട്ടും വഴുതിക്കൊണ്ടിരിക്കാനാവും. അതേ സമയത്തു് കുത്തനേയുള്ള ബലങ്ങൾക്കെതിരേ അവയ്ക്കു് ഒരുമിച്ചു് പ്രതിരോധിക്കാനുമാവും.
നമ്മുടെ ചീറ്റപ്പുലിക്കും ഇത്തരം കാലുകളാണാവശ്യം. വായുവിൽ ഒരു ചരടുപോലെ അതിവേഗം ചുഴറ്റിയെറിയാൻ പറ്റണം. അതേ സമയം നിലത്തു് അതിശക്തമായി കുത്താനും അങ്ങനെ കുത്തുമ്പോൾ ബാക്കിവരുന്ന ഊർജ്ജം ഒരു സ്പ്രിങ്ങ് പോലെ ശേഖരിച്ച് തിരിച്ചെടുക്കാനും പറ്റണം.
അതുകൊണ്ടു് നമ്മുടെ ചീറ്റമോനുവേണ്ടി നമുക്കു നാലു മുളങ്കാലുകൾ ഓർഡർ ചെയ്യാം. ചീറ്റപ്പുലിയുടെ തുടയെല്ലുകളും കണങ്കാലെല്ലുകളും നീണ്ടു മെലിഞ്ഞും ബലവത്തായും എന്നാൽ സ്വല്പം ഇലാസ്തികമായുമിരിക്കും. അവയുടെ പേശീകലകളും അങ്ങനെത്തന്നെ. പെട്ടെന്നു വലിഞ്ഞുമുറുകാനും അഴിഞ്ഞുപിരിയാനും അവയ്ക്കാവും.

ഒലക്ക!

 

കാലുമാത്രമുണ്ടായിട്ടു കാര്യമില്ലല്ലോ, ഇനി നമുക്കുവേണ്ടതു് നല്ലൊരു 'ഉലക്ക'യാണു്.
ഉലക്കയോ? അതെന്തിനാ?

ബസ്സിന്റേയും ലോറിയുടേയും ഒക്കെ അടിയിൽ നോക്കിയാൽ നെടുനീളത്തിൽ ഉലക്ക പോലെ ഒരു ഇരുമ്പുദണ്ഡുകാണാം. എഞ്ചിനിൽനിന്നും ചക്രങ്ങളിലേക്കു് ശക്തി പകരുന്നതു് ആ
ഉലക്ക വഴിയാണു്. അത്തരമൊരു ഉലക്കയാണു നമുക്കാവശ്യം.

പരിണാമവഴിയിൽ ഉയർന്ന സ്ഥാനത്തുനിൽക്കുന്ന ജന്തുക്കളെ സംബന്ധിച്ചിടത്തോളം ആ ഉലക്കയാണു് നട്ടെല്ലു്. ശരീരം ആവശ്യംപോലെ അങ്ങോട്ടുമിങ്ങോട്ടും വഴങ്ങാനും
ആവശ്യമില്ലാത്തപ്പോൾ വഴങ്ങാതിരിക്കാനും നമ്മെ സഹായിക്കുന്നതു് നട്ടെല്ലാണു്. ഏറ്റ ഒരു വാക്കോ ആദർശമോ കാത്തുസൂക്ഷിക്കാനാവാത്തവരെ നട്ടെല്ലില്ലാത്ത ആളുകൾ എന്നു പറയാറില്ലേ?

ചാട്ടുളി പോലൊരു പൂമേനി

 

സ്പീഡ് ആണു് നമ്മുടെ ലക്ഷ്യം. അല്ലാതെ, ഒരിടത്തു് ബലം പിടിച്ചു് ചുമ്മാ ഇരിക്കുകയല്ല. അതുകൊണ്ടു് ചീറ്റപ്പുലിക്കു വേണ്ടതു് വഴക്കം കൂടുതലുള്ള നട്ടെല്ലാണു്. അതോടൊപ്പം അതിന്റെകൂടെ സമരസപ്പെട്ടുപോകുന്ന ശരീരവും. അതൊരു ചാട്ടുളി പോലെ ഇരിക്കണം.
ചാട്ടുളി എന്നു കേട്ടിട്ടില്ലേ? തിമിംഗലങ്ങളെ വേട്ടയാടാൻ മോബി ഡിക്ക് എന്ന പ്രശസ്ത നോവലിലെ നായകൻ അഹാബ് ഉപയോഗിച്ചിരുന്നതു് ചാട്ടുളിയാണു് (harpoon). നാവികയുദ്ധത്തിൽ അന്തർവാഹിനികൾക്കെതിരെയുള്ള മുഖ്യ ആയുധങ്ങളും അവ തന്നെ.
കുന്തം, റോക്കറ്റ്, ചാട്ടുളി ഇവയുടെയൊക്കെ മുൻഭാഗം കൂർത്തും ഉടൽ ഉരുണ്ടും ഇരിക്കും.ചിലപ്പോൾ പിന്നിലൊരു നീണ്ട വാലും ഉണ്ടാവും.

ശീലം കൊണ്ടു് നമുക്കു് നമ്മുടെ ചുറ്റുമുള്ള വായു ഒരു വലിയ തടസ്സമായി തോന്നുന്നില്ലെങ്കിലും അത്ര മോശമൊന്നുമല്ല വായു നമുക്കേൽപ്പിക്കുന്ന തടസ്സം. പ്രത്യേകിച്ച് അതിവേഗം
സഞ്ചരിക്കേണ്ട അവസ്ഥയിൽ. വേഗം കൂടുംതോറും വായുവിലെ തന്മാത്രക്കുട്ടികൾ നമ്മെ ഇടിക്കുന്നതിന്റെ (അല്ലെങ്കിൽ നാം അവയെ ചെന്നു് കൂട്ടിയിടിക്കുന്നതിന്റെ) ശക്തി കൂടും. 

അതുകൊണ്ടു് മൂന്നുണ്ടു് പ്രശ്നം.
  1. ഏറ്റവും വിലപിടിച്ച കുറേ ഊർജ്ജം നമുക്കു് ആ വഴിതന്നെ നഷ്ടപ്പെട്ടുപോവും.
  2. അത്തരം കൂട്ടിയിടി മൂലം നമ്മുടെ വേഗം കുറയും.
  3. അങ്ങനെ നഷ്ടപ്പെടുന്ന ഊർജ്ജത്തിൽ ഒരു ഭാഗം ചൂടിന്റെ രൂപത്തിൽ നമ്മുടെത്തന്നെ ശരീരത്തെ ചൂടാക്കിക്കൊണ്ടിരിക്കും.
ഇതിൽ മൂന്നാമത്തേതു് ഒരു വലിയ പ്രശ്നമല്ല. അതിഭയങ്കരമായ വേഗത്തിൽ പോകുന്ന റോക്കറ്റുകൾ, ഉൽക്കകൾ തുടങ്ങിയവക്കാണു് ഈ പ്രശ്നം ബാധിക്കുക. (അമേരിക്കയുടെ
കൊളമ്പിയ എന്ന സ്പേസ് ഷട്ടിൽ തിരിച്ചുവരുമ്പോൾ തകരാൻ കാരണം എന്തായിരുന്നു എന്നു വായിച്ചുനോക്കുക. ആ അപകടത്തിൽ നഷ്ടപ്പെട്ടുപോയ, നമ്മുടേതുകൂടിയായിരുന്ന കല്പനാ ചൗളയുടെ ഒരു മുഖ്യഗവേഷണവിഷയവും
അതുതന്നെയായിരുന്നു!)
വായുവുമായുള്ള ഈ കൂട്ടിമുട്ടൽ ഒഴിവാക്കാൻ എഞ്ചിനീയറിങ്ങിൽ ചില കുറുക്കുവഴികളുണ്ടു്:
  1. അനുലോമഗതികാകൃതി. (ഗതി+അനുലോമ+ആകൃതി - ഗതിയുടെ അതേ ദിശയ്ക്കു് അനുയോജ്യമായ ആകൃതി - aerodynamic form)
  2. laminar flow control അല്ലെങ്കിൽ p-factor control. (പാളിയൊഴുക്കു്).
ഇതിൽ ആവശ്യംപോലെ ഇടക്കിടെ മാാറ്റിക്കൊണ്ടിരിക്കാനാവാത്തതാണു് ആകൃതി. അതു മുൻ‌കൂട്ടി (ഡിസൈൻ സമയത്തുതന്നെ) നിജപ്പെടുത്തിയിരിക്കണം.
എന്നാൽ ഓടുമ്പോൾ ആ ആകൃതിയിൽ വായുവിന്റെ ഒഴുക്കിനനുകൂലമായി വേണ്ടപോലെ
ചില ചെറിയ മാറ്റങ്ങൾ വരുത്താൻ സാധിക്കും. അതാണു് പാളിയൊഴുക്കുനിയന്ത്രണം.
ക്രിക്കറ്റിൽ സ്പിൻ ബൗളിങ്ങ് എന്നു കേട്ടിട്ടില്ലേ? അതുപോലെ ബൂമെറാങ്ങ് എന്നൊരു അത്ഭുതവടിയെപ്പറ്റിയും? അവയൊക്കെപ്പോലെത്തന്നെ സ്വന്തം ശരീരവും ആവശ്യം പോലെ വളച്ചും നീട്ടിയും ഓടാമെങ്കിൽ ഗ്യാസ് ട്രബിൾ (വായുവിന്റെ ശല്യം) സ്വല്പം കുറയ്ക്കാം.
അങ്ങനെ വളയാനും പുളയാനും കഴിയുന്നതാവണം നമ്മുടെ ചീറ്റപ്പുലിക്കുട്ടന്റെ നട്ടെല്ലും ശരീരവും.
acrobatics എന്നൊരു തരം കായികാഭ്യാസപ്രകടനമുണ്ടു്. ജിംനാസ്റ്റിൿസ് എന്നും അറിയപ്പെടും. കണ്ടിരിക്കാൻ നല്ല രസമാണു്. റഷ്യക്കാരും അവരുടെ ചുറ്റുവട്ടത്തുള്ളവരുമാണു് ഇതിൽ ഏറെ മിടുക്കു കാണിക്കുന്നവർ.

ഓട്ടത്തിന്റെ കാര്യത്തിൽ ചീറ്റപ്പുലികൾ നല്ല ആക്രോബാറ്റുകളാണു്. വാസ്തവത്തിൽ നമ്മുടെ ഓട്ടക്കാരും അതിൽ മോശമല്ല. ഒരിക്കൽ സെക്കൻഡിന്റെ നൂറിലൊരംശത്തിനു് ഒളിമ്പിൿ മെഡൽ നഷ്ടപ്പെട്ട ഒരു മലയാളിവനിതയുണ്ടു്. ആരാണെന്നറിയാമോ? സ്വല്പം ആക്രോബാറ്റിക്സ് കൂടി പഠിച്ചിരുന്നെങ്കിൽ ഒരു പക്ഷേ പി.ടി. ഉഷ ആ മെഡൽ നേടുമായിരുന്നു.

ഒരു ‘കടുകിട’ നേരം പോലും ചരിത്രം തന്നെ മാറ്റിക്കുറിക്കാവുന്ന അത്തരം സന്ദർഭങ്ങളിൽ നമ്മുടെ ഓരോ ചലനവും ആംഗ്യവും വാക്കും അത്യന്തം പ്രാധാന്യമുള്ളതാണു്. പ്രത്യേകിച്ച് നമുക്കു് സ്വന്തം പേരിൽ പുതിയൊരു ലോകറെക്കോർഡ് സൃഷ്ടിക്കണമെങ്കിൽ. ഒരൊറ്റ വാക്കു പിഴച്ചാൽ മതി ഒരു രാഷ്ട്രത്തലവന്റെ ഭാവിപോലും സുയിപ്പാവാൻ.

നമ്മുടെ ചീറ്റപ്പുലിയുടെ കാര്യത്തിൽ, നട്ടെല്ലുപോലും ഓട്ടത്തിൽ ചാമ്പ്യനാവാൻ വേണ്ടി പ്രത്യേകം പറഞ്ഞുണ്ടാക്കിയതാണു്. അതുകൂടാതെ, ഓരോ ചുവടിലും എങ്ങനെ വളയണം, എങ്ങനെ തിരിയണം, എങ്ങനെ തുഴയണം എന്നുവരെ അവർ അങ്കൻവാടിക്ലാസ്സു മുതലേ ശീലിച്ചുവെച്ചിട്ടുണ്ടു്.
aerodynamic ആവാൻ ഇനി കുറച്ചുകൂടി കാര്യങ്ങൾ ബാക്കിയുണ്ടു്.

സ്റ്റിയറിങ്ങ് വീൽ

ഇനി നല്ലൊരു വാലു വേണം!
വാലോ! വാലുകൊണ്ടെന്തുകാര്യം?
അതറിയണമെങ്കിൽ ഒരു വാൽനരൻ ആയി ജനിക്കണം!

'വദനമപി കരചരണമല്ല ശൗര്യാസ്പദം
വാനരന്മാർക്കു വാൽമേൽ ശൗര്യമാകുന്നു' എന്നാണു് വിഭീഷണൻ രാവണനോടു പറഞ്ഞതു്. 

(അതെന്തു കഥ എന്നറിയാൻ എഴുത്തച്ഛന്റെ രാമായണത്തിലെ സുന്ദരകാണ്ഡം വായിച്ചുനോക്കണം. ശരിക്കും സുന്ദരമായ ഒരു കവിതകൂടിയാണു് അതു്.)
ജന്തുക്കളുടെ വാലിനു് പല ഉപയോഗങ്ങളുമുണ്ടു്. ഈച്ചയെ ഓടിക്കുന്നതുമുതൽ ശരീരോഷ്മാവു നിയന്ത്രിക്കുന്നതിനുവരെ അവ ആവശ്യമുണ്ടു്. നമുക്കു് നാവുപോലെത്തന്നെ പ്രധാനപ്പെട്ട ഒരു ആശയവിനിമയോപാധി കൂടിയാണു് പൂച്ചകൾക്കും നായ്ക്കൾക്കും വാൽ . മൃഗങ്ങളെ മെരുക്കിയെടുക്കാൻ ആഗ്രഹമുണ്ടോ? വാലിന്റെ ഭാഷ കൂടി പഠിച്ചെടുത്താൽ കൂടുതൽ എളുപ്പമാണു്. പൂച്ച വാലുപൊക്കിയാൽ ഒന്നുകിൽ നമ്മെ സോപ്പിടാനാവാം. അല്ലെങ്കിൽ ഒരു ‘പുരുഷു‘ സ്റ്റൈൽ യുദ്ധത്തിനുള്ള പുറപ്പാടാവാം. (ഇവിടെ യോദ്ധാ എന്ന ചിത്രത്തിലെ ജഗതിയെ ധ്യാനിക്കണം).

നമ്മുടെ ചീറ്റപ്പുലിക്കു് വാലിന്റെ ഉപയോഗം ഇതൊന്നുമല്ല. 'അതിവേഗം ചെറുദൂരം പുരോഗമിക്കുക' (പുരോ-മുന്നിലേക്കു് ഗമിക്കുക- പോവുക) എന്നതാണല്ലോ നമ്മുടെ തെരഞ്ഞെടുപ്പുവാഗ്ദാനം. വാലിന്റെ ഡിസൈനിലും അതുതന്നെയാണു് പ്രധാന ശ്രദ്ധാഘടകം. എല്ലാം ശരിയാവാൻ പിന്നണിയിലുള്ള വാലും ശരിയാവണം.

വിഷുവിനും മറ്റും ചൈനീസ് പടക്കം വാങ്ങിക്കുമ്പോൾ 'വാണം' (Rocket) എന്നൊരു തരം കരിമരുന്നുസൂത്രം കണ്ടിരിക്കും. ഞങ്ങളുടെ കുട്ടിക്കാലത്തു് ഉത്സവങ്ങൾക്കും മറ്റും നാടൻ വെടിക്കെട്ടുകാർ മുളകൊണ്ടാണു് വാണം ഉണ്ടാക്കാറു്. പത്തുമുപ്പതു സെന്റിമീമീറ്റർ നീളമുള്ള ചെറിയൊരു മുളങ്കുറ്റിയിൽ വെടിമരുന്നുനിറയ്ക്കും. എന്നിട്ട് അതിന്റെ മൂട്ടിൽ ഒരു തിരിയും അതു കൂടാതെ ഒരു മീറ്ററോളം നീളമുള്ള കനം കുറഞ്ഞ ഒരു മുളവടിയും ഘടിപ്പിച്ചിരിക്കും. കത്തിച്ചുവിട്ടാൽ നല്ല ഉയരത്തിലേക്കെത്തും അതു്. ഇപ്പോൾ ഉത്സവങ്ങൾക്കു് വാണം അധികം ഉപയോഗിക്കാറില്ല എന്നു തോന്നുന്നു. അതിനു പകരം അമിട്ടുകളും ഗുണ്ടുകളുമാണു്. എങ്കിലും ചെറിയ ചൈനീസ് വാണങ്ങൾ ഇപ്പോൾ കടകളിൽ വാങ്ങാൻ കിട്ടും.
എന്തിനാണു് ആ വാൽ?

ഹെലികോപ്റ്ററിനും കാണാം വാലുപോലെ നീണ്ട ഒരു പിൻഭാഗം. അതിന്റെ അറ്റത്തു് ഒരു ചെറിയ പങ്കയും. വിമാനത്തിന്റെ ഉടലും വാലുപോലെ നീണ്ടിട്ടുതന്നെയാണു്.
പിന്നെന്താ, നമ്മുടെ തുമ്പിപ്പെണ്ണുങ്ങളും (dragon fly) മോശമാണോ? അവ പൂച്ചെടികളിൽനിന്നും പൂച്ചെടികളിലേക്കു് തത്തിക്കളിക്കുമ്പോൾ വാലുകൊണ്ടു് ബാലൻസ് ചെയ്യുന്നതു കണ്ടിട്ടില്ലേ?
വിമാനത്തിലും കപ്പലുകളിലും മറ്റും വാലുപോലെത്തന്നെയുള്ള ഒരു ചെറിയ ഭാഗം ഉണ്ടു്. റഡ്ഡർ എന്നാണു് ഇത്തരം വാലുകൾക്കു പറയുക.

ചീറ്റപ്പുലി തുഴഞ്ഞുമാറ്റിയ വായുപഥത്തിൽ ഈ വാലു കൊണ്ടു് ചെറിയ മാറ്റങ്ങൾ ഉണ്ടാക്കാനാവും. ചീറ്റയുടെ മൊത്തത്തിലുള്ള മുമ്പോട്ടുകുതിയ്ക്കലിൽ ദിശ നിയന്ത്രിക്കാൻ ഈ ചെറിയ മാറ്റം പോലും വലിയ സഹായമാവും. ഒരു വിധത്തിൽ ചീറ്റപ്പുലിയുടെ സ്റ്റിയറിങ്ങ് വീൽ ആണു് അതിന്റെ വാൽ.

അതിരിക്കട്ടെ, ചീറ്റപ്പുലിയുടെ വാലിനെത്ര വരും നീളം?

ചീറ്റപ്പുലിക്കു് ശരാശരി ഏതാണ്ടു് ഒരു മീറ്റർ ഉയരവും ഒന്നരമീറ്റർ നീളവുമുണ്ടു്. ഉയരത്തിൽ പാതിലധികവും കാലിനും നീളത്തിൽ പാതിയിലധികം വാലിനും മാത്രമാണു്.

എഞ്ചിൻ ഡിസൈൻ

 

ഡിസൈനിൽ ഇനി ബാക്കിയുള്ളതു് എഞ്ചിനാണു്.
വിശാലമായ നാസാദ്വാരങ്ങൾ, വലിയ ശ്വാസകോശം, വലിയ ഹൃദയം ഇവയാണു് എഞ്ചിൻ പ്രത്യേകതകൾ. കുതിക്കുന്ന സമയത്തു് ഒരു മിനിട്ടിൽ 60 മുതൽ 200 വരെ പ്രാവശ്യം ശ്വാസോച്ഛ്വാസം ചെയ്യുമത്രേ ചീറ്റകൾ. ഉറങ്ങുന്ന സമയത്തു് മനുഷ്യരുടെ ശ്വാസോച്ഛ്വാസനിരക്കു് എത്രയാണു്?

ഹൃദയനിരക്കാണു് അടുത്തതും ഏറ്റവും പ്രധാനപ്പെട്ടതും. ഇത്രയും വലിയ വേഗത്തിൽ (ശക്തിയിൽ) കുതിക്കണമെങ്കിൽ പേശികളിൽ എത്ര ഊർജ്ജം കുത്തിച്ചെലുത്തണം! അതിനർത്ഥം അത്രയും വേഗത്തിൽ രക്തചംക്രമണം നടക്കണമെന്നാണു്. അതുവേണമെങ്കിൽ രക്തം ഓട്ടുന്ന പമ്പ് (ഹൃദയം) അതിവേഗത്തിൽ മിടിക്കണം.

മിനിട്ടിൽ 200 വരെയാണു് ഓടിത്തളർന്ന ഒരു ചീറ്റയുടെ ഹൃദയസ്പന്ദനനിരക്കു്. നമ്മുടെ വിശ്രമസ്പന്ദനനിരക്കിന്റെ രണ്ടര മടങ്ങോളം വരും അതു്. മൃദുഹൃദയമുള്ളവർക്കു സഹിക്കില്ല ആ നിരക്കു്! കാരണം അത്രത്തോളമൊക്കെ സ്പീഡിൽ ഹൃദയം മിടിച്ചാൽ എപ്പോൾ ചങ്കുപൊട്ടി എന്നു ചോദിച്ചാൽ മതി! ഓടാത്തോൻ ഓടുമ്പോൾ ഓട്ടം കൊണ്ടാറാട്ടു്! പതിവായി ശരീരമൊന്നും ഇളക്കാത്തവർ ഒറ്റയടിക്കു് ഭാരിച്ച പണിയെടുക്കാൻ പോവരുതു്. പലപ്പോഴും ഹൃദയസ്തംഭനം ഉണ്ടാവുന്നതു് അങ്ങനെയാണു്.

ഈറ്റപ്പുലിയുടെ ഹൃദയം സമാനമൃഗങ്ങളുടേതിനേക്കാൾ സ്വല്പം വലുതാണു്. എന്നുവെച്ചാൽ എഞ്ചിന്റെ സിലിണ്ടർ വ്യാപ്തം ഇത്തിരി കൂടുതലാണു്. ഹൃദയപേശീകോശങ്ങളാവട്ടെ ലേശം കൂടി ഉറച്ചതും.

എക്സ്ട്രാ ഫിറ്റിങ്ങുകൾ

 

ഇനിയുമുണ്ടു് ചീറ്റയുടെ സ്പെഷ്യൽ ഫീച്ചറുകൾ:

എക്സ്ട്രാ ഗ്രിപ് ടയറുകൾ:

ചീറ്റപ്പുലികൾക്കു് പൂച്ചയെപ്പോലെയും മറ്റും നഖങ്ങൾ ഉള്ളിലേക്കു വലിക്കാനാവില്ല. അതിനുപകരം അവയുടെ ഘടന കാലുകൾ അതിശക്തമായി നിലത്തു് 'ഊന്നിച്ചാടാൻ' സഹായിക്കുന്നു. സ്ഥിരമായി മുറുകിയിരിക്കുന്ന കാൽനഖങ്ങളാണവയ്ക്കു്.

വൈഡ് വിൻഡ്ഷീൽഡും റിയർ വ്യൂ ക്യാമറയും:

ചീറ്റയുടെ കണ്ണുകൾ ഫിഷ്-ഐ ലെൻസ് പോലെയാണു്. വീതി കൂടിയ ദൃശ്യകോൺ ആണു് അതിന്റെ പ്രത്യേകത. അതുമാത്രമല്ല ത്രിമാനദൃശ്യസംവേദനത്തിലും അവ മികച്ചുനിൽക്കുന്നു.
ഇനിയും ചില ചില്ലറ അലങ്കാരപ്പണികൾ ഒഴിച്ചുനിർത്തിയാൽ നമ്മുടെ "ചീറ്റപ്പുലിഡിസൈൻ" ഇതോടെ ഏതാണ്ടു പൂർണ്ണമായി.

നമുക്കു പകരം പ്രകൃതി തന്നെ ഈ ഡിസൈൻ മുമ്പേ പൂർത്തിയാക്കിയിട്ടുണ്ടു്. പക്ഷേ, ഏതൊരു ഡിസൈനും തീരെ നന്നായാലും കുഴപ്പമാണു്. "നരകാസുരനു വരം കൊടുത്ത പോലെ" എന്നു കേട്ടിട്ടില്ലേ? ചീറ്റപ്പുലിയുടെ കാര്യത്തിലും അതേ അബദ്ധം പറ്റിയിട്ടുണ്ടു്.
അതാണു് ഞാൻ പറഞ്ഞ കദനകഥ.

ചീറ്റപ്പുലി എന്ന ട്രാജഡി

 

ആഫ്രിക്കൻ പുൽമേടുകളിലാണല്ലോ നാം യാത്ര തുടങ്ങിയതു്. അങ്ങോട്ടുതന്നെ ഒന്നുകൂടി തിരിച്ചുചെല്ലാം.

കാലാവസ്ഥാമാറ്റത്തോടെ മരങ്ങളും നിബിഡവനങ്ങളും നശിച്ചു. പുൽമേടുകൾ മാത്രം ബാക്കിയായി. കൊടിയ ദാരിദ്ര്യം, ശത്രുക്കൾ നിറഞ്ഞ ചുറ്റുപാടുകൾ, തണൽ പോലുമില്ലാത്ത നീണ്ടുപരന്ന വരണ്ട പുൽക്കാടുകൾ. ഭാവിയുടെ വാഗ്ദാനങ്ങളായിരുന്ന സസ്തനികൾക്കു് വെല്ലുവിളി നിറഞ്ഞ കാലമായിരുന്നു അതു്.

ചില മൃഗങ്ങൾ മാറിയ പരിതസ്ഥിതികൾക്കനുസൃതമായി അവയുടെ ശരീരഘടന മാറ്റിയെടുത്തു. (എന്നു പറഞ്ഞാൽ അതിൽ വലിയൊരു തെറ്റുണ്ടു്. ബോധപൂർവ്വം സ്വയം പ്ലാൻ ചെയ്തു മാറ്റിയെടുക്കുകയല്ല ഉണ്ടായതു്. ഒരേ ജീവിയിനങ്ങളുടെ സന്തതികളിൽ തികച്ചും ആകസ്മികമായി വ്യത്യസ്തമായ പല ഘടനകളും ഉണ്ടായിത്തീരുകയും അവയിൽ പരിസ്ഥിതിക്കു് അനുകൂലമായവ മാത്രം നിലനിൽക്കുകയും മറ്റു താവഴികളൊക്കെ നശിച്ചുപോവുകയുമാണു് യഥാർത്ഥത്തിൽ സംഭവിച്ചതു്. പരിണാമം എന്നും പ്രകൃതിയുടെ രൂപകല്പന എന്നും പറയുമ്പോഴൊക്കെയും ഇക്കാര്യം നിർബന്ധമായും ഓർക്കണം.)

ഡിപ്ലോമയല്ല, ഡിപ്ലോമസിയാണു കാര്യം

 

ഇരുകാലിൽ നടന്നുശീലിച്ച ഹോമോ എറക്റ്റസ് എന്ന വംശത്തിൽനിന്നുതന്നെ പല താവഴികളുണ്ടായി. അവയിൽ ഏറ്റവും വിജയകരമായ രണ്ടു പരമ്പരകളായിരുന്നു ഹോമോ സാപ്പിയൻസും ഹോമോ നിയാണ്ടർതാലെൻസിസും. ആദ്യത്തേതിലാണു നാം ഉൾപ്പെടുന്നതു്. രണ്ടാമത്തേതിന്റെ പേർ നിയാണ്ടർതാൽ. അവരുടെ സ്വന്തം കഥയാണു് പരിണാമവഴിയിലെ സ്പെഷ്യലൈസേഷന്റെ ഒരു പ്രധാന കദനകഥ.
ഏതാണ്ടു് 50,000 കൊല്ലം മുമ്പ് ഭൂമിയിൽ കടുത്ത ഒരു മഞ്ഞുകാലമുണ്ടായി. മനുഷ്യവംശത്തിന്റെ രണ്ടു താവഴികളും (സാപ്പിയനുകളും നിയാണ്ടർതാലുകളും) അക്കാലത്തു് യൂറോപ്പിൽ സഹവസിച്ചിരുന്നു. അവർ തമ്മിൽ കടുത്ത ശത്രുതയിലായിരുന്നോ അതോ സാമാന്യം പരസ്പരപരിചയത്തിലായിരുന്നോ എന്നു നമുക്കറിയില്ല. എങ്കിലും മഞ്ഞുകാലം കഴിഞ്ഞുവന്നപ്പോഴേക്കും അവയിൽ ഒരു കൂട്ടർ - നിയാണ്ടർതാലുകൾ- ഈ ഭൂമുഖത്തുനിന്നുതന്നെ തുടച്ചുനീക്കപ്പെട്ടു.

സാപ്പിയനുകൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു് അതിനകം പടർന്നുകഴിഞ്ഞിരുന്നുവെങ്കിലും നിയാണ്ടറുകൾ യൂറോപ്പിൽ മാത്രമായി ഒതുങ്ങിയിരുന്നു. എന്നാൽ യൂറോപ്പിലെത്തന്നെ നിയാണ്ടറുകൾ നിശ്ശേഷം ഒടുങ്ങിപ്പോയിട്ടും സാപ്പിയനുകൾ അവശേഷിച്ചു.
നിയാണ്ടർതാലുകൾ ബുദ്ധിശക്തിയിലും സാങ്കേതികപുരോഗതിയിലും നമ്മേക്കാൾ മോശമൊന്നുമായിരുന്നില്ല. ചില കാര്യങ്ങളിൽ അവർ കൂടുതൽ മികച്ചവരുമായിരുന്നു.
എന്നിട്ടും എന്തുകൊണ്ടാണു് നിയാണ്ടർതാലുകൾ ഒടുങ്ങിപ്പോയതു്?
പുതിയ കാലാവസ്ഥാമാറ്റത്തെ നേരിടാൻ നിയാണ്ടർതാലുകളുടെ അതിബുദ്ധി സമ്മതിച്ചില്ല. ചെറിയ സമൂഹങ്ങളായാണു് അവർ ജീവിച്ചിരുന്നതു്. ഓരോ കൂട്ടത്തിനും എന്തെങ്കിലും അത്യാഹിതമുണ്ടാവുമ്പോൾ (തണുപ്പുമൂലമുള്ള മരണം, പകർച്ചവ്യാധി, ഭക്ഷണക്ഷാമം) അവ അങ്ങനെത്തന്നെ ചത്തൊടുങ്ങി.

നിയാണ്ടർതാലുകൾ ഇരപിടിച്ചിരുന്ന വിധം പോലും വളരെ സ്പെഷ്യലൈസ് ചെയ്തിരുന്നു. മഹാദന്തി ആനകളെപ്പോലുള്ള വന്മൃഗങ്ങളെ അവർ മലയിടുക്കുകളിൽനിന്നും പാറക്കല്ലുരുട്ടിയിട്ടു് കൊല്ലുമായിരുന്നത്രേ (sabotage). ചെറുമൃഗങ്ങളെ നേർക്കുനേരേ ചെന്നു് (ambush) നായാടും. അധികം ഊർജ്ജക്ഷമത ലഭിക്കുന്ന മാംസഭക്ഷണം മാത്രമായി അവരുടെ ശീലം. താരതമ്യേന ഊർജ്ജമൂല്യം കുറഞ്ഞ കിഴങ്ങുകളും കായ്കനികളും ധാന്യവും ഉപയോഗിക്കാൻ കാലക്രമത്തിൽ മറന്നുപോയി.
ഭക്ഷണമാക്കാൻ പറ്റിയ മിക്ക മൃഗങ്ങളും പെട്ടെന്നു പെട്ടെന്നു മാറിവരുന്ന കാലാവസ്ഥയിൽ വംശമറ്റു. പൊതുവേ ഊർജ്ജോപഭോഗം കൂടുതലായിരുന്ന നിയാണ്ടർതാലിന്റെ ശരീരഘടനയ്ക്കു് ഈ പട്ടിണിയിൽ പിടിച്ചുനിൽക്കാൻ പറ്റിയില്ല.

അതേ സമയം ഹോമോസാപ്പിയൻസ് ഏതു സാഹചര്യത്തിനും അനുയോജ്യമായ വിധത്തിൽ ആവശ്യത്തിനനുസരിച്ചു് അവരുടെ ശീലങ്ങളും മാറ്റി. ഒന്നാമതു് അവർ പരസ്പരം സഹകരിച്ച് വ്യാപകമായ സാമൂഹ്യശൃംഖലകളുണ്ടാക്കി. കൃഷി, മൃഗങ്ങളെ ഇണക്കിവളർത്തൽ തുടങ്ങിയവയുടെ ആദിമപാഠങ്ങൾ അന്യോന്യം പങ്കുവെച്ചു. മാറുന്ന കാലാവസ്ഥക്കനുസരിച്ച് വിളവുകളും ഭക്ഷണങ്ങളും മാറിമാറി പരീക്ഷിച്ചു. കുട്ടികൾ മരിച്ചുപോകാതിരിക്കാൻ അവരുടെ സുരക്ഷിതത്വവും ശുശ്രൂഷയും ഉറപ്പാക്കാൻ സ്ത്രീകളെ വീട്ടിൽ നിർത്തി പുരുഷന്മാർ വേട്ടയാടാനും ഇരതേടാനും പോയിത്തുടങ്ങി. പരസ്പരസഹകരണം മൂലം അറിവുകൾ കൂടുതൽ പങ്കുവെക്കപ്പെട്ടു. അവർക്കിടയിൽ അർത്ഥസ്പഷ്ടതയുള്ള ശബ്ദങ്ങളും വാക്കുകളും ഭാഷയും ആവിർഭവിച്ചു. അങ്ങനെ അവർ സ്പെഷലൈസേഷനുപകരം അഡാപ്റ്റേഷൻ എന്ന ഉപായം വഴി നിലനിൽപ്പും ജനപ്പെരുപ്പവും ഉറപ്പാക്കി.

വ്യക്തിയല്ല സമഷ്ടിയാണു ശക്തി

ഇന്നു് ലോകത്തിന്റെ ഒരു കോണിൽ ഒരു ദുരന്തമുണ്ടായാൽ മിനിട്ടുകൾക്കുള്ളിൽ മറ്റൊരു കോണിലുള്ള ജനതകൾക്കു വരെ ആ വിവരം ചെന്നെത്തും. യാതൊരു പരിചയവുമില്ലാത്ത നാട്ടുകാരാണെങ്കിലും നാമെല്ലാം അവർക്കു വേണ്ടി പിരിവെടുക്കുകയും ദുരിതാശ്വാസപ്രവൃത്തികളിലേർപ്പെടുകയും ചെയ്യും. അമേരിക്കയിൽ ഒരു ട്രമ്പ് ട്രമ്പുരാനായാൽ ഇന്ത്യയിലൊരാൾ ട്രംബുരു മീട്ടും.

“നാളെ വൈകീട്ട് ലോകവസാനമുണ്ടായാൽ ഞാനും എന്റെ കെട്ട്യോളും ഒരു തട്ടാനും മാത്രം ബാക്കി മതി” എന്നു് ഇന്നാരും ചിന്തിക്കാൻ ധൈര്യപ്പെടുകയില്ല. ഒരു സ്പീഷീസിലെ അംഗങ്ങൾ മുഴുവനും പരസ്പരം ആശയവിനിമയം നടത്താവുന്ന ഇത്തരം ഒരു സംവിധാനം മുമ്പൊരിക്കലും ഈ ഭൂമിയിൽ ഉണ്ടായിരുന്നിട്ടില്ല. മാനവസമഷ്ടി മുഴുവൻ ഭീമാകാരമായ ഒരു ഒറ്റത്തലച്ചോർ പോലെയാണിന്നു് പ്രവർത്തിക്കുന്നതു്. അതിന്റെ മഹാശക്തിയോളം പോന്ന മറ്റൊരു എഞ്ചിനും എഞ്ചിനീയറിങ്ങും ഇന്നേവരെ ഉണ്ടായിട്ടില്ല.

എങ്ങനെയാണു് നാം ഇത്രത്തോളം വിജയിച്ചതു്? തരാതരം പോലെ ഓരോ അവസരങ്ങളിലും സ്പെഷ്യലൈസ് ചെയ്യുകയും അഡാപ്റ്റ് ചെയ്യുകയും ചെയ്തുകൊണ്ടു്. വേണ്ടിടത്തു് മത്സരിക്കുക (compete), വേണ്ടിടത്തു് സഹകരിക്കുക (co-operate). സന്ദർഭം മികച്ചതെങ്കിൽ യുദ്ധം ചെയ്യുക (conquest) അല്ലെങ്കിൽ രമ്യതയിൽ നീങ്ങുക (collaborate). ഒരുകൂറ്റൻ ചിത്രപടപ്രഹേളിക പോലെ, ലോകത്തെ മൊത്തമായി തടുത്തുകൂട്ടി ഓരോരോ കഷ്ണങ്ങളായി അടുക്കിവിരിച്ചു് ഉത്തരമാക്കിയെടുക്കുക.

നിയാണ്ടർതാലുകളും ചീറ്റപ്പുലികളും അങ്ങനെയൊക്കെ ചെയ്യാൻ ഇടയ്ക്കുവെച്ച് മറന്നുപോയി. അവരിൽ ഒരു വംശം കാൽ ലക്ഷം കൊല്ലം മുമ്പ് നാമം പോലുമില്ലാതെ അവശേഷമായി. മറ്റേ കൂട്ടർ ഇന്നു് വംശനാശത്തിന്റെ ഭീഷണിയിലാണു്.

ഇന്നത്തേതുപോലെത്തന്നെയാവണമെന്നില്ല നാളെ. നാളുകൾ കഴിയുമ്പോൾ നമുക്കു പരിചയമുള്ള പല വിഭവങ്ങളും അവസരങ്ങളും മാറിമറിയും. അതിനൊത്തു മാറിക്കൊണ്ടിരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ബുദ്ധിയുള്ള (Sapiens) ആൾക്കുരങ്ങന്മാർ(Homo) എന്ന പദവിയുണ്ടായിട്ടും നമ്മളും ചീറ്റപ്പുലികളുടെ നരകത്തിലേക്കോ നിയാണ്ടർതാലുകളുടെ സ്വർഗ്ഗത്തിലേക്കോ മാർച്ചുചെയ്തു പോവും.

ജൈവവൈവിദ്ധ്യം

നാമൊക്കെ ജൈവവൈവിദ്ധ്യം എന്നു് എപ്പോഴും പറഞ്ഞുനടക്കാറില്ലേ? എല്ലാ തരത്തിലും സ്പീഷീസുകളിലുമുള്ള ജീവികളേയും നിലനിൽക്കാൻ അനുവദിക്കുകയും ആവശ്യമെങ്കിൽ സംരക്ഷിക്കുകയും ചെയ്യുക എന്നതാണു് ജൈവവൈവിദ്ധ്യത്തിന്റെ കാതൽ.
എന്തിനാണു് അങ്ങനെ ചെയ്യുന്നതു്? എന്താണു് അതിന്റെ മെച്ചം?
ഏറ്റവും മികച്ച (എന്നു നമുക്കുതോന്നുന്ന) വിത്തുകളും സ്പീഷീസുകളും മാത്രം നിലനിർത്തിയാൽ പോരേ? വിളഞ്ഞാൽ നൂറുമേനി കിട്ടുന്ന സങ്കരയിനം നെൽവിത്തുകളുള്ളപ്പോൾ എന്തിനാണു് പഴയ ചിറ്റേനിയും വട്ടനും ആര്യനും മറ്റും? കൈപൊക്കിയാൽ നാളികേരം പറിച്ചെടുക്കാവുന്ന പതിനെട്ടാം പട്ടയും ഗൗളിഗാത്രവുമുള്ളപ്പോൾ എന്തിനാണു് ആകാശത്തോളം ഉയരത്തിൽ വളരുന്ന മുത്തശ്ശൻ തെങ്ങുകൾ?

സ്പീഷീസ് എന്ന വാക്കുതന്നെ വന്നതു് സ്പെഷലൈസേഷൻ എന്ന പദത്തിൽ നിന്നാണു്. കൂടുതൽ മികച്ച സ്പീഷീസുകൾ എന്നാൽ ജീവിതമാർഗ്ഗങ്ങൾ കൂടുതൽ സ്പെഷ്യലൈസ് ചെയ്തുശീലമുള്ള ഇനങ്ങൾ എന്നുകരുതാം.

ഒരു പുരാതനഗ്രാമത്തിൽ കുറേ ആളുകൾ വസിച്ചിരുന്നു. അവരെല്ലാവരും സ്വന്തം കാര്യങ്ങൾ എല്ലാം തന്നെ സ്വയം ചെയ്തുവന്നു. അരി വെക്കുക, തുണി കഴുകുക, മൺകലവും ചെമ്പുതളികകളും ചെരിപ്പുമുണ്ടാക്കുക, ഏറുകല്ലും കത്തിയും മൂർച്ചകൂട്ടുക എല്ലാം അവരവർ തന്നെ ചെയ്യും. (ഇതിനെ നമുക്കു് ജനറൽ പ്രാക്ടീസ് എന്നുവിളിക്കാം)
പക്ഷേ, പയ്യെപ്പയ്യെ അവർ ഒരു കാര്യം മനസ്സിലാക്കി. എല്ലാവരും എല്ലാ കാര്യങ്ങളും ചെയ്യുന്നതിലും കൂടുതൽ ഫലവത്താണു് ഒരു പ്രത്യേക ജോലി ഒരാൾ എന്ന നിലയിൽ തൊഴിൽ പങ്കിട്ടെടുക്കുക എന്നു്. അതായതു് ഒരാൾ ചെരുപ്പുണ്ടാക്കുക മാത്രം ചെയ്യുക. മറ്റൊരാൾ കത്തി മൂർച്ച കൂട്ടും. ഇനിയുമൊരാൾ എല്ലാരുടേയും തുണി കഴുകും. വേറൊരാൾ മൺപാത്രങ്ങൾ മാത്രമുണ്ടാക്കും. അങ്ങനെയങ്ങനെ അതു് സ്പെഷ്യലിസ്റ്റുകൾ നിറഞ്ഞ ഒരു ഗ്രാമമായി മാറി. ചെരുപ്പുകുത്തി, കരുവാൻ, മൂശാരി, ആശാരി, ഹോട്ടലാരി, അലക്കുകാരൻ എന്നൊക്കെയായി അവരുടെ അപരനാമങ്ങൾ. അവരവർ ചെയ്യുന്ന ജോലിയൊഴികെ മറ്റെല്ലാ കരകൗശലവിദ്യകളും എല്ലാവരും മറന്നും പോയി.

ഒരു ദിവസം ചെരുപ്പുകുത്തി ഇടിമിന്നലേറ്റു മരിച്ചുപോയി. വേറെയാർക്കും ചെരിപ്പുണ്ടാക്കാനറിയുകയുമില്ല.

അങ്ങനെ ആ ഗ്രാമത്തിലുള്ളവരൊക്കെ ചെരിപ്പില്ലാതെ ജീവിക്കേണ്ടിവന്നു.
വിളവു കുറഞ്ഞതാണെങ്കിലും ഒരു പാവം നെൽവിത്തിനു് മറ്റു ചില കഴിവുകൾ കണ്ടേക്കാം. ഉദാഹരണത്തിനു് xyz എന്നൊരുതരം പുതിയ വൈറസ് ആക്രമണത്തിനെ പ്രതിരോധിക്കാൻ ആ ഒരു ഇനത്തിനേ കഴിവുള്ളൂ എന്നു വരാം. മറ്റെല്ലാ വിത്തിനങ്ങളും മുടിഞ്ഞുപോയാലും കൂട്ടത്തിൽ പിന്നാക്കമെന്നുകരുതിയ ആ ഒരു ഇനമാവാം നെല്ലുകളുടെ കുലം സംരക്ഷിക്കുവാൻ ഒടുവിൽ ബാക്കി വരിക.

അതുകൊണ്ടാണു് കഴിയാവുന്നിടത്തോളം എല്ലാ തരം ജീവിവർഗ്ഗങ്ങളേയും നാം നിലനിർത്താൻ ശ്രമിക്കണം എന്നു പറയുന്നതു്.

ഏറ്റവും വേഗമുള്ള മൃഗമായി ചീറ്റപ്പുലി മാറിയപ്പോൾ ഒരു പാടുകാര്യങ്ങളിൽ അതിനു പരിമിതികളുമുണ്ടായി. ഭാരം കുറഞ്ഞ ചെറിയ ശരീരം (അതോടൊപ്പം ഊർജ്ജക്ഷമതയും ഊർജ്ജസംഭരണശേഷിയും ആയുസ്സും കുറയും), ആ ശരീരവും വെച്ച് മറ്റു മൃഗങ്ങളോട് ഏറ്റുമുട്ടാനോ കീഴ്പ്പെടുത്താനോ വേണ്ടത്ര കഴിവില്ലായ്മ. എന്തിനു്, കാൽനഖങ്ങൾ ഉപയോഗിച്ച് ഇരകളെ ഒന്നു വരഞ്ഞുകോറാൻ പോലും വയ്യാത്ത അവസ്ഥ.

ചീറ്റപ്പുലിയുടെ ദുരിതം മനസ്സിലാക്കാൻ അതു് ഇരപിടിക്കുന്ന വിധം കൂടി അറിയണം. ഇരയുടെ 50-100 മീറ്ററോളം അടുത്തുവരെ പതുങ്ങിച്ചെന്നോ ഒളിച്ചുനിന്നോ ആണു് നായാട്ടിന്റെ തുടക്കം. ആ 50 മീറ്ററാണു് ചീറ്റപ്പുലിയുടെ യഥാർത്ഥ കുതിപ്പു്. ഇരയുടെ അടുത്തെത്തിയാൽ ഉടനെ അടിക്കഴുത്തിൽ കാലുകൊണ്ടു് അടിച്ചോ പിടിമുറുക്കിയോ ശ്വാസം മുട്ടിച്ചു് അതിനെ കൊല്ലുന്നു.
അപ്പൊഴേക്കും ചീറ്റപ്പുലി വല്ലാതെ തളർന്നിട്ടുണ്ടാവും. ഇരയെ അപ്പോൾ തന്നെ കടിച്ചുകീറി തിന്നാനുള്ള ശക്തിപോലുമുണ്ടാവില്ല അപ്പോൾ അതിനു്. നിർബന്ധമായും അരമണിക്കൂറെങ്കിലുമുള്ള വിശ്രമമാണു് അടുത്ത പടി. എന്നിട്ടുവേണം ഭക്ഷണം കഴിക്കാൻ.
എന്നാൽ അപ്പോഴും സമാധാനമായി ഒരിടത്തിരുന്നു് സ്വാദോടെ ഇരയെ അകത്താക്കാൻ പറ്റുമോ? ഇല്ല. വളരെ തിടുക്കത്തിലാണു് ആ ജീവി സ്വയം നായാടിക്കിട്ടിയ ഭക്ഷണം എങ്ങനെയെങ്കിലും അകത്താക്കുന്നതു്. അതിനിടയ്ക്കു് വേറൊരു വലിയ മൃഗം വന്നുപെട്ടാൽ, അതു് ഇരയേയും അതിന്റെ ഉടമയായ ചീറ്റപ്പുലിയേയും തിന്നെന്നുവരാം.
അഥവാ അങ്ങനെ ഒരു ക്രൂരനായ അതിഥി എത്തിപ്പെട്ടാൽചീറ്റപ്പുലിയ്ക്കു് വീണ്ടും അതിന്റെ ഓട്ടം തന്നെ രക്ഷ. ഓടിപ്പിടിച്ച ഭക്ഷണം പോലും മുഴുവനാക്കാതെ അവിടെത്തന്നെ ഉപേക്ഷിച്ച് അതിനു സ്ഥലം കാലിയാക്കേണ്ടി വരും.

വലിയ വലിയ സ്ഥാനമോ സിദ്ധിയോ ഉള്ള, നാം അസൂയയോടെ കാണുന്ന, പലരുടേയും അവസ്ഥയും ചീറ്റപ്പുലികളുടേതുതന്നെയാവാം. ഒറ്റ നോട്ടത്തിൽ അവർ ലോകചാമ്പ്യന്മാരാവാം. എന്നാൽ കൂടുതൽ അറിഞ്ഞുവരുമ്പൊഴേ അവരേക്കാളൊക്കെ ഭാഗ്യവാന്മാർ നാം തന്നെ എന്നു മനസ്സിലാവൂ.

ഹ്മ്! എന്റെ ഉത്തരം തീരെ നീണ്ടുനീണ്ടു് ഒരു ചീറ്റപ്പുലിവാൽ പോലെയായി അല്ലേ? ഇക്കണക്കിനു് ഇനി ആരും എന്നോട് എന്തെങ്കിലും ചോദിക്കും എന്നു തോന്നുന്നില്ല. അഥവാ ചോദിച്ചാലും ആ ചോദ്യവും അതിനു ഞാൻ നൽകിയേക്കാവുന്ന ഉത്തരവും വായിക്കാനോ ലൈക്കു ചെയ്യാനോ ആരും ഇവിടേക്കു വരുമെന്നും തോന്നുന്നില്ല.

അതെ! തെറ്റ് എന്റേതാണു്. ഡിപ്ലോമയോ ഡിപ്ലോമസിയോ സ്പെഷ്യലൈസേഷനോ ഇല്ലാത്ത എന്റെയീ കൈക്കുറ്റപ്പാടിന്റെയാണു്. :'(:'(



No comments:

Post a Comment

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...