Thursday, March 01, 2018

സംശയം:

മഴ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ അതെല്ലാം? അന്തരീക്ഷത്തിലെ പൊടിയല്ലാതെ? മഴവെള്ളം കടലിൽ എത്തിയാൽ ഉടനെ കടൽ വെള്ളവുമായി യോജിക്കുമോ? അതോ വേറെ കിടക്കുമോ? കടലിലെ ഐസ് കട്ടയിൽ ഉപ്പിന്റെ അഥവാ ലവണങ്ങളുടെ അംശം എത്ര?

ഉത്തരം:

(മനുഷ്യജീവനുമായി ബന്ധപ്പെട്ട് എല്ലായ്പോഴും പദാർത്ഥങ്ങളെ (മാലിന്യം/ അശുദ്ധി) മൂന്നായി തിരിക്കാം. ഭൗതികം (physical), രാസം (chemical), ജൈവികം (biological). അവയുടെ അടിസ്ഥാനഗുണങ്ങളും പ്രവർത്തനങ്ങളും ചുറ്റുപാടുകളെ എങ്ങനെ ബാധിക്കും എന്നതിനെ അടിസ്ഥാനമാക്കിയാണു് ഈ തരം തിരിവു്.

ജലം: ജീവന്റെ അമൃതം

മാനത്തുനിന്നും വീണുതുടങ്ങുമ്പോഴുള്ള മഴവെള്ളം പ്രകൃതിയിൽ ലഭിക്കുന്നതിൽ വെച്ച് ഏറ്റവും ശുദ്ധമായതാണെന്നു് ഏകദേശം പറയാം. (അതിലും ശുദ്ധമായതു് വളരെ ഉയർന്ന മലകളുടെ മുകളിൽ സീസണലായി ഉറഞ്ഞുകൂടി അതേ സീസണിലെ വേനലിൽ ഉരുകിയൊലിച്ചുതുടങ്ങുന്ന വെള്ളമാണു്.)

എന്നാൽ, താഴെ എത്തുമ്പോഴേക്കും മഴത്തുള്ളികളിൽ മൂന്നുവിധത്തിലുള്ള മാലിന്യങ്ങളും കലരുന്നുണ്ടു്.

ഭൗതികം(ഖരം):

നാം താഴെനിന്നും കത്തിച്ചുവിടുന്ന കാർബൺ, ഹൈഡ്രോകാർബൺ, കാർബോഹൈഡ്രേറ്റ് ഇന്ധനങ്ങളിലെ പൂർണ്ണമായും കത്തിക്കഴിഞ്ഞിട്ടില്ലാത്ത, പുകയായി കാണുന്ന, കാർബണും ഫോസ്ഫറസ്, സൾഫർ (ഗന്ധകം), കാൽഷ്യം തുടങ്ങിയവയുടെ ഓക്സൈഡുകളും ലവണങ്ങളും(soot & fly ash) ആസ്ബസ്റ്റോസ്, സിലിക്കാവൂൾ തുടങ്ങിയ നാരുകളും.

ഇവ കൂടാതെ, അഗ്നിപർവ്വതങ്ങളിൽനിന്നും കാട്ടുതീയിൽ നിന്നും വൻ‌തോതിൽ പുറത്തുവരുന്ന ഗന്ധകം അടക്കമുള്ള പല പദാർത്ഥങ്ങളും ചേർന്ന പുക, മരുഭൂമിയിൽനിന്നും മറ്റ് ഊഷരപ്രദേശങ്ങളിൽനിന്നും ഉയർന്നു പൊങ്ങി വായുവിൽ സ്ഥിരമായി തങ്ങിനിൽക്കുന്ന പൊടി (സിലിക്കേറ്റുകളും മറ്റു കളിമൺധാതുക്കളും).(ഗൾഫ് രാജ്യങ്ങളിൽ വർഷങ്ങൾ കൂടി വല്ലപ്പോഴും മഴ പെയ്യുമ്പോഴുള്ള ഭീകരമായ ചെളി പ്രശ്നത്തിനു കാരണം ഇത്തരം മൺപൊടികളാണു്).

ഇതിൽ നല്ലൊരു ഭാഗം വെള്ളത്തിൽ ലയിച്ചുചേരാത്ത ഖരകണികകളാണു്. ബാൿടീരിയയുടെ വലിപ്പം മുതൽ തലമുടിനാരിന്റെ വലിപ്പം വരെയുള്ള ഇവ മഴത്തുള്ളികളോടൊപ്പം താഴേക്കെത്തുന്നു.

രാസികം:

ഇടിമിന്നലിന്റെ ഉയർന്ന ചൂടിൽ മാത്രം പരസ്പരം യോജിക്കുന്ന നൈട്രജൻ, ഓക്സിജൻ, +നീരാവി ഇവയിൽ നിന്നുണ്ടാവുന്ന നൈട്രിൿ ആസിഡ് ബാഷ്പം.
ഭൂമിയിലെ ജീർണ്ണപദാർത്ഥങ്ങളിൽ നിന്നുണ്ടാവുന്ന ഹൈഡ്രജൻ സൾഫൈഡ്, സൾഫർ ഡയോക്സൈഡ് ഇവ ഉയർന്നു പൊങ്ങി മഴയുമായി പ്രവർത്തിച്ചുണ്ടാവുന്ന സൽഫ്യൂറിൿ ആസിഡ് ബാഷ്പം.

വായുവിൽ തന്നെയുള്ള വളരെ നേരിയ അംശം (0.04%) കാർബൺ ഡയോക്സൈഡുമായി ജലം യോജിക്കുമ്പോൾ ഉണ്ടാവുന്ന കാർബോണിൿ ആസിഡ് (സോഡാവെള്ളം).
മഴവെള്ളവുമായി ഒത്തുനോക്കുമ്പോൾ സാധാരണ ഇത്തരം ആസിഡുകൾ വളരെ നേരിയ അംശം മാത്രമേ കാണൂ. എന്നാൽ സജീവമായ അഗ്നീപർവ്വതപ്രദേശങ്ങൾക്കടുത്തു് അപകടകരമായ ഗാഢതയുള്ള ആസിഡ് മഴകൾ പതിവാണു്.

ജൈവികം:

ബാൿടീരിയകളും വൈറസുകളും മറ്റു സൂക്ഷ്മജീവികളും.
വ്യാപ്തിയിലും എണ്ണത്തിലും നാം കരുതുന്നതിലും വളരെക്കൂടുതലാണു് ഭൂമിയിലേയും അന്തരീക്ഷത്തിലേയും ജീവാണുക്കളുടെ സാന്നിദ്ധ്യം. നമ്മുടെ ശരീരത്തിന്റെതന്നെ 3-4 ശതമാനം ഭാരം നമുക്കുള്ളിൽ ജീവിക്കുന്ന നല്ലതും മോശമായതുമായ ബാൿടീരിയകളാണു്. വായുവും ഇക്കാര്യത്തിൽ മോശമല്ല. വളരെ ഉയർന്ന തലങ്ങളിൽപ്പോലും വൈറസുകളും ബാൿടീരിയകളും കാണാം.

മഴ പെയ്യുമ്പോൾ അതിനോടൊപ്പം ഇവയെല്ലാം കുറെയെങ്കിലും താഴെയെത്തുന്നു.

ɐɥqɐɹdɐʍsıʌ/ɯoɔ˙ʞooqǝɔɐɟ

എങ്കിൽപ്പോലും നമ്മുടെ ആവശ്യങ്ങൾക്കനുസരിച്ച്, മഴവെള്ളം ഏറെക്കുറെ ശുദ്ധമാണെന്നു സമ്മതിക്കാം. മുകളിലെ മൊത്തം മാലിന്യങ്ങൾ ഏകദേശം 5 മുതൽ 10 ppm വരെ (ഒരു ലിറ്ററിൽ 5-10 മില്ലിഗ്രാം) ഉണ്ടാകാം.

താഴെയെത്തുന്ന മഴവെള്ളത്തിലെ നല്ലൊരു ഭാഗം കടലിലേക്കാണല്ലോ ഒഴുകിയെത്തുന്നതു്. ആ നീണ്ട യാത്രയിൽ ഇനിയും മൂന്നുനാലുഘട്ടങ്ങൾ കൂടിയുണ്ടു്:
  • മലമ്പ്രദേശങ്ങളിൽനിന്നോ പരന്ന കരഭൂമികളിൽനിന്നോ അരുവികളിലേക്കും പുഴകളിലേക്കുമുള്ള പ്രയാണം.
  • പുഴയിലൂടെയുള്ള ഒഴുക്കു്
  • തുടർന്നു് കായൽ, ചതുപ്പ്, കണ്ടൽപ്രദേശങ്ങൾ തുടങ്ങിയ നീർത്തടങ്ങളിലൂടെ തീരക്കടൽ വരെ.
  • തീരക്കടലിൽനിന്നു് പുറം കടലിലേക്കുള്ള വ്യാപനം.


കരിങ്കല്ല്: ജീവന്റെ കരള്

ഭൂമിയുടെ പുറന്തോടിൽ ഏറ്റവും സമൃദ്ധമായുള്ള ധാതുവാണു് ഫെൽഡ്സ്പാർ. എല്ലാ തരം പാറകളിലും അവ പൊടിഞ്ഞുണ്ടാകുന്ന മണ്ണുകളിലും ഇവ കാണാം. ഭൂമിയുടെ പുറന്തോടിലെ 41% വരെ ഇവയാണെന്നു് കണക്കാക്കപ്പെട്ടിരിക്കുന്നു. NaAlSi₃O₈, KAlSi₃O₈, CaAl₂Si₂O₈ (സോഡിയം, പൊട്ടാസ്യം, കാൽഷ്യം എന്നിവയുടെ അലുമിനിയം സിലിക്കേറ്റുകൾ) - ടെൿടോസിലിക്കേറ്റ് ധാതുക്കൾ എന്നറിയപ്പെടുന്ന ഇവയിൽനിന്നാണു് കരയിലും കടലിലുമുള്ള എല്ലാ തരം ഉപ്പുകളും ചുണ്ണാമ്പുതരങ്ങളും ഉണ്ടായതു്.
മഴവെള്ളവും ബാൿറ്റീരിയകളും ഈ പാറപ്പൊടികളും കൂടിയുള്ള ഒരു മാമാങ്കമാണു് ഭൂമിയിൽ കോടിക്കണക്കിനുവർഷങ്ങളായി ബഹുകോശജീവികൾ ആഘോഷിച്ചുകൊണ്ടിരിക്കുന്ന ജീവോത്സവത്തിലെ ആദ്യരംഗം.

ബാൿടീരിയ: ജീവന്റെ ശില്പി

ബാൿടീരിയകൾ രണ്ടുവിധം. വായവശ്വസനം (oxygen breathing) നടത്തുന്നവയും അല്ലാത്തവയും (anaerobic).
[വാസ്തവത്തിൽ ബാൿറ്റീരിയകൾ ഓക്സിജൻ ഉപയോഗിക്കാൻ തുടങ്ങിയതു് ഏറെക്കഴിഞ്ഞിട്ടാണു്. ആദ്യമൊക്കെ മീഥെയ്നും ഹൈഡ്രജൻ സൾഫൈഡും ഒക്കെയായിരുന്നു അവരുടെ ഊർജ്ജദഹനഇന്ധനങ്ങൾ (anoxic). അന്നത്തെ ശീലമനുസരിച്ച് ഓക്സിജൻ അവയ്ക്കു വിഷവാതകം പോലുമായിരുന്നു. പക്ഷേ, 200 കോടി കൊല്ലം മുമ്പ് ചില ഫ്രീക്കൻ ബാൿടീരിയകൾ ജീവിതം കയിച്ചിലാക്കാൻ ഓക്സിജനാണു് നല്ലതെന്നു് എങ്ങനെയോ തിരിച്ചറിഞ്ഞു. പച്ചവിറക് ഊതിയൂതി കണ്ണുപുകഞ്ഞിരിക്കുമ്പോൾ LPG ഗ്യാസ് സ്റ്റൗ കിട്ടിയതുപോലെയായിരുന്നു അപ്പോൾ അവറ്റകളുടെ സന്തോഷം. മുമ്പത്തേതിനേക്കാൾ 16 ഇരട്ടി മൈലേജ് ആണു് അവർക്കു് ഒറ്റയടിക്കു ലഭിച്ചതു്.
ഇന്നു മനുഷ്യൻ ജീവിച്ചിരിക്കുന്നതും ഓക്സിജൻ ശ്വസിച്ചിട്ടുതന്നെ. പക്ഷേ സത്യത്തിൽ, നമ്മുടെ കോശങ്ങൾക്കു് ഓക്സിജൻ ഉപയോഗിക്കാൻ അറിയില്ല! ഒരു കണക്കിൽ പറഞ്ഞാൽ, അന്നത്തെ ഫ്രീക്കൻ ബാൿടീരിയകൾ തന്നെയാണു് വേറൊരു വേഷം കെട്ടി, നമ്മുടെയൊക്കെ കോശങ്ങളിലിരുന്നു് നമുക്കുവേണ്ടി ഇപ്പോഴും ശ്വസിച്ചുകൊണ്ടിരിക്കുന്നതു്! അവ തന്നെയാണു് സസ്യങ്ങളുടെ വേഷത്തിൽ നമുക്കുവേണ്ട ആഹാരം പാകം ചെയ്തെടുക്കുന്നതും! അക്കഥ വേറൊരു പോസ്റ്റായി പിന്നെ എഴുതാം].
എന്തായാലും ഈ രണ്ടുതരത്തിലുമുള്ള ബാൿടീരിയകൾ ചുറ്റുപാടുമുള്ള ജൈവാവശിഷ്ടങ്ങൾ ജീർണ്ണിപ്പിച്ച് CO₂ ഉണ്ടാക്കുന്നു എന്നു തൽക്കാലം ധരിക്കാം.
ഈ CO₂, മാനത്തുനിന്നെത്തിയ മഴവെള്ളവുമായി യോജിച്ച് കൂടുതൽ ഷോഡാവെള്ളം (കാർബോണിൿ ആസിഡ്) സൃഷ്ടിക്കും.
കാർബോണിൿ ആസിഡ് (H₂CO₃) അത്ര ദൃഢമായ ഒരു ആസിഡൊന്നുമല്ല. അതിലെ ഹൈഡ്രജൻ ആറ്റങ്ങൾ ബാക്കിയുള്ള ആറ്റങ്ങളോടു് എപ്പോഴും തല്ലിയും പിണങ്ങിയും പിന്നെ തലോടിയുമൊക്കെയാണു് കഴിഞ്ഞുപോവുന്നതു്. തൊമ്മൻ അയഞ്ഞാൽ ചാണ്ടി മുറുകും എന്നപോലെയാണു് അവർ രണ്ടുപേരും പരസ്പരം.
തരം കിട്ടിയാൽ അവരിൽ ആരെങ്കിലുമൊരാൾ വീടുമാറിപ്പോവാൻ ശ്രമിക്കും.
കെമിസ്ട്രി ഫോർമുലകൾ കണ്ടു് തലവേദന വരില്ലെങ്കിൽ ഇങ്ങനെയാണു സംഭവം:
(CH₂O)ₙ + O₂ ---> CO₂ + H₂O
CO₂ + H₂O ---> H₂CO₃
H₂CO₃ ---> H⁺ + HCO₃⁻
ഈ കുടുംബവഴക്കിനുള്ളിലേക്കാണു് ഫെൽഡ്സ്പാർ എത്തിപ്പെടുന്നതു്. ഇഷ്ടം‌പോലെ വെള്ളം! കാലുമാറാൻ റെഡിയായി നിൽക്കുന്ന ഒരു ഹൈഡ്രജൻ അയോണും. അങ്ങനെയാണു് അടുത്ത രാസപ്രവർത്തനം തുടങ്ങിവെക്കുന്നതു്.
NaAlSi₃O₈ + 7 H₂O + H₂CO₃ ---> Al(OH)₃ + Na⁺ + HCO₃⁻ + 3 H₄SiO₄
പക്ഷേ അതോടെ മൊത്തം പ്രശ്നമായി. ദശലക്ഷക്കണക്കിനു കൊല്ലം പാറപോലെ ഉറച്ചുനിന്നിരുന്ന ഫെൽഡ്സ്പാർ തന്നെ പൊട്ടിപ്പിളരുകയായി.
ɒʜdɒɿqɒwꙅiV
അതിൽ നിന്നും ഉണ്ടാവുന്നതു് അലുമിനിയം ഹൈഡ്രോക്സൈഡ് (Al(OH)₃), സോഡിയം, സിലിസിൿ ആസിഡ് (H₄SiO₄) എന്നിങ്ങനെ മൂന്നുല്പന്നങ്ങളാണു്. ഇവയിൽ ആദ്യത്തേതു് വെള്ളത്തിൽ ലയിക്കില്ല. സോഡിയത്തിനും മറ്റും വെള്ളത്തോടുള്ള പ്രേമം മുമ്പേ അറിയാമല്ലോ. സിലിസിൿ ആസിഡും വെള്ളം കണ്ടാൽ അതിൽ ചാടാതെ മാറിനിൽക്കില്ല.
ഭൂമിയുടെ ഉൾഭാഗത്തുനിന്നും തള്ളിത്തുറിച്ചുവന്നു് ഉറഞ്ഞുകിടക്കുന്ന മഹാപർവ്വതങ്ങൾ പൊടിഞ്ഞു് ജീവലോകത്തിന്റെ വളവും ഭക്ഷണവുമാകുന്ന വലിയ സംഭവപരമ്പരകളുടെ തുടക്കം ഈ ഭാഗം വെച്ചുപിരിയലോടെയാണു്.
എവിടേയ്ക്കും ഒഴുകിപ്പോവാതെ കെട്ടിനിൽക്കുന്ന വെള്ളമാണെന്നിരിക്കട്ടെ. ആ വെള്ളം വേനൽക്കാലത്തു വറ്റുന്നതോടെ സിലിസിൿ ആസിഡ് താഴെ അടിഞ്ഞുകിടക്കുന്ന അലുമിനിയം ഹൈഡ്രോക്സൈഡുമായി പ്രതിപ്രവർത്തിക്കും. എന്നിട്ട് കാവോലിനൈറ്റ് എന്നൊരു കളിമൺ ധാതുവായിമാറും.
2 Al(OH)₃ + 2 H₄SiO₄ --->> 2 Al₂Si₂O₅(OH)₄ + 5 H₂O
നമ്മുടേതുപോലുള്ള ഉഷ്ണമേഖലാപ്രദേശങ്ങളിൽ ധാരാളം മഴ ലഭിക്കും. ആ വെള്ളം മുഴുവൻ തുടർച്ചയായി കടലിലേക്കൊഴുകിപ്പോവുകയും ചെയ്യും. അതോടൊപ്പം സോഡിയം, കാൽഷ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, സിലിസിൿ ആസിഡ് ഇവയും. ബാക്കിവരുന്നതു് അലുമിനിയം ഹൈഡ്രോക്സൈഡ് മാത്രം. ജിബ്സൈറ്റ് (Gibbsite). ഈ ജിബ്സൈറ്റാണു് പിന്നീട് ബോക്സൈറ്റ് എന്നതരം അലുമിനിയം ധാതുവാകുന്നതു്.
അതിദൃഢമായ പാറകൾ പൊടിച്ച് മണ്ണുണ്ടാക്കുന്നതും ആ മണ്ണിൽ നിന്നു് അലുമിനിയത്തെ മാറ്റിവെച്ച് സോഡിയം, കാൽഷ്യം, പൊട്ടാസ്യം തുടങ്ങിയവയെ കടലിലേയ്ക്കയക്കുന്നതും അവയെയെല്ലാം ഉപ്പും ഇന്തുപ്പും ചുണ്ണാമ്പും കാരവും വിരേചിനിയുപ്പുമൊക്കെയാക്കി മാറ്റുന്ന വലിയ ശക്തി മഴവെള്ളമാണെന്നു മനസ്സിലായില്ലേ?
കെമിസ്ട്രിയുടെ ഈ ഭാഗം നമ്മെ സ്കൂളിലും കോളേജിലുമൊന്നും അധികം പഠിപ്പിക്കാറുണ്ടെന്നു തോന്നുന്നില്ല. പക്ഷേ, ബയോളജിക്കാരും പരിസ്ഥിതിസ്നേഹികളുമെങ്കിലും ഇതൊക്കെ ഒന്നറിഞ്ഞിരിക്കുന്നതു നല്ലതാണു്.

പുഴ: ഭൂമിയുടെ അന്നപഥം

പുഴകളിലേക്കു് ഒഴുകിയെത്തുമ്പൊഴേക്കും മഴവെള്ളത്തിൽ ലയിച്ചുചേർന്ന അന്യപദാർത്ഥങ്ങളുടെ അളവ് ഇരുപതു് ഇരട്ടിയായി (ഏകദേശം 100 മില്ലിഗ്രാം / ലിറ്റർ) വർദ്ധിക്കും. വെള്ളം ഒഴുക്കിക്കൊണ്ടുവരുന്ന താരതമേന വലിയ മണൽത്തരികളേയും കളിമൺ കണികകളേയും ഉൾപ്പെടുത്താതെയാണീ കണക്കു്.
നേരത്തെ പറഞ്ഞ ആസിഡ് ബാഷ്പങ്ങൾ കലരുന്നതിനാൽ മഴവെള്ളത്തിന്റെ pH മൂല്യം ശുദ്ധജലത്തിന്റെ സ്വതേ ഉള്ള 7 അല്ല. അതിനേക്കാൾ കുറഞ്ഞ ഒരു സംഖ്യയായിരിക്കും.
ചുരുക്കത്തിൽ മഴവെള്ളം പുളിക്കും! എത്ര കണ്ടു പുളിക്കുമെന്നതു് പല ഘടകങ്ങളുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും എന്നു മാത്രം.
കരഭൂമിയിലൂടെ പരന്നൊഴുകി പുഴയിലെത്തുന്നതോടെ, വെള്ളത്തിൽ കൂടുതൽ കൂടുതൽ രാസവസ്തുക്കൾ ചേരുകയായി. മുകളിൽ വിവരിച്ച സോഡിയം, പൊട്ടാസ്യം, കാൽഷ്യം, ബൈകാർബണേറ്റു് (HCO₃⁻), സിലിസിൿ ആസിഡ് എന്നിവയ്ക്കു പുറമേ മഗ്നീഷ്യം (Mg⁺⁺), ഇരുമ്പ്(Fe⁺⁺) എന്നീ പോസിറ്റീവ് അയോണുകളും (കാഷണുകൾ) ഇതിൽ പെടും. ഇതു കൂടാതെ, കാൽഷ്യം ഫോസ്ഫേറ്റ് അടങ്ങുന്ന അപ്പാറ്റൈറ്റ് (apatite) എന്ന ധാതുവിൽനിന്നു് ഫോസ്ഫറസും യാത്രയിൽ ചേരും.
CaCO₃ + H₂CO₃ ---> Ca⁺⁺ + 2 HCO₃⁻
ഈ കാൽഷ്യമാണു് കടലിലെത്തി ജീവന്റെ അടിസ്ഥാന ചേരുവകളിലൊന്നായി മാറുന്നതു്. ഒപ്പമുള്ള ബൈകാർബണേറ്റാണു് റൊട്ടിക്കാരവും സോപ്പുമൊക്കെയായി നമ്മുടെ വീടുകളിലേക്കെത്തുന്നതു്.
ഇരുമ്പിനു് ഒരു പ്രശ്നമുണ്ടു്. ധാരാളം ഓക്സിജൻ സാന്നിദ്ധ്യമുള്ള ജലത്തിൽ അതു കൂട്ടുചേരില്ല. പകരം ഓക്സിജനുമായി ചേർന്നു് തുരുമ്പായി മാറും. എന്നിട്ട് തവിട്ടുകലർന്ന ചുവപ്പുനിറത്തിൽ വെള്ളത്തിലെ പാറകളിലോ മണലിലോ പറ്റിപ്പിടിച്ചിരിക്കും.
ഇടയ്ക്കിടെ പുഴയിലോ മഴവെള്ളത്തിലോ മുങ്ങിക്കിടക്കുന്നതോ പാറക്കല്ലുകളിൽ കാണുന്ന ചുവന്ന നിറം തുരുമ്പിന്റെ ഈ അവക്ഷിപ്തമാണു്.
പുഴവെള്ളത്തോടൊപ്പം സാവധാനം ഉരുണ്ടുനീങ്ങുന്ന മണൽത്തരികളിലും ഇത്തരം തുരുമ്പു കോട്ടിങ്ങ് കാണാം. ചിലപ്പോൾ അവ മണലിൽനിന്നു വേർപ്പെട്ട് സ്വതന്ത്രമായും വെള്ളത്തോടൊപ്പം ഒഴുകും. ഇവയെല്ലാം കായലോ ചതുപ്പോ നിറഞ്ഞ താഴ്നിലത്തണ്ണീർത്തടങ്ങളിലേക്കാണു് എത്തുക. കൂടാതെ മണൽത്തരികളായിത്തന്നെ സിലിക്കൺ, അലുമിനിയം തുടങ്ങിയ ലോഹസംയുക്തങ്ങളും ഈ ഒഴുക്കിൽ പെടും. ഇതെല്ലാം അടുത്ത ഘട്ടത്തിൽ, തണ്ണീർത്തടങ്ങളിലും കടലിലും നടക്കാൻ പോവുന്ന നാടകത്തിൽ ആവശ്യമുള്ള കഥാപാത്രങ്ങളാണു്.
പ്രത്യേകിച്ച്, ഇരുമ്പിന്റെ ഈ തണ്ണീർത്തടശേഖരണം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണു്. തണ്ണീർത്തടങ്ങളിലെ ജൈവവൈവിദ്ധ്യത്തിനു് ഒരു പ്രധാനകാരണം എന്നതിനുപരി, ആദിമപ്രകൃതിയിൽ ബഹുകോശജീവികളുണ്ടാവാനും ജീവികളുടെ ശരീരത്തിനുള്ളിൽ ഓക്സിജൻ ചംക്രമണവ്യവസ്ഥയുണ്ടാവാനും ഈ ഇരുമ്പാണു് മൂലധനം.

തണ്ണീർത്തടം എന്ന വൻകുടൽ

നമ്മുടെ ശരീരത്തിൽ അതിസങ്കീർണ്ണങ്ങളായ പല രാസപ്രവർത്തനങ്ങളും ഭൗതികപ്രവർത്തനങ്ങളും നടക്കുന്ന ഒരു സ്ഥലമാണു് വൻകുടൽ. നാം കഴിച്ച ഭക്ഷണത്തിലെ ആക്രി പെറുക്കി തരം തിരിക്കുന്ന സ്ഥലം. ചെറുകുടലിന്റെ വേല കഴിഞ്ഞിട്ടും ബാക്കിവരുന്ന പോഷകങ്ങളൊക്കെ പെറുക്കിമാറ്റിയെടുത്ത് ആ ചണ്ടിയിൽനിന്നും കഴിയുന്നത്ര ജലം കൂടി ഊറ്റിയെടുത്തു് അതിനെ കട്ടികൂടിയ മലമാക്കി മാറ്റുകയാണു് വൻകുടൽ ചെയ്യുന്നതു്).
പാറപൊടിഞ്ഞുണ്ടായി ജൈവപുഷ്ടി പ്രാപിക്കുന്ന മണ്ണു് ഒരു ശരീരമാണെങ്കിൽ, പുഴ ആ ശരീരത്തിന്റെ അന്നപഥമായിരുന്നെങ്കിൽ, കരഭൂമിയുടെ വൻകുടലാണു് അഴിപ്രദേശങ്ങൾ.
തുറന്ന കടലിലെ ഉപ്പിന്റെ അളവ് ഒരു ലിറ്ററിൽ 35 ഗ്രാം ഉണ്ടാവും. എന്നാൽ അഴിപ്രദേശത്തെത്തുന്ന പുതുവെള്ളത്തിലെ ലീനപദാർത്ഥങ്ങൾ അര ഗ്രാമിലും കുറവായിരിക്കും. ഈ രണ്ടുതരം ജലങ്ങളും തമ്മിൽ കലരുമ്പോൾ വീണ്ടും ഭൗതികമായും രാസികമായും രസകരമായ പ്രതിഭാസങ്ങളുണ്ടാവും.
ഓരുജലത്തിലെ ലവണത സോഡിയത്തിന്റെ ഒരു അരിപ്പ പോലെ പ്രവർത്തിക്കും. പോസിറ്റീവ് ചാർജ്ജുള്ള സോഡിയം അയോണുകൾ കായലിലെ ഉപ്പുകലർന്ന നെഗറ്റീവ് ചാർജ്ജുള്ള മാലിന്യകണികകളുമായി (ഉദാ: ക്ലോറിൻ റാഡിക്കലുകൾ) ചേർന്നു് താരതമ്യേന നിശ്ചലമായ വെള്ളത്തിന്റെ അടിത്തട്ടിലേക്കു് താഴും. ഓരുജലത്തിലെ ലവണാംശനില (solute gradient) 5% മുതൽ 15% വരെ കൂടിക്കൊണ്ടിരിക്കുന്ന മേഖലയിൽ സോഡിയത്തിന്റെ അവക്ഷേപണം (sedimentation) മിക്കവാറും പൂർത്തിയാവും.
നമ്മുടെ നാട്ടിലൊക്കെ, മഴക്കാലത്തു് കടൽവെള്ളം അടിഭാഗത്തുകൂടിയും പുഴവെള്ളം മേൽഭാഗത്തുകൂടിയുമാണു് കായലിൽ കലരുന്നതു്. ഇതിനുകാരണം അവയുടെ സന്ദ്രതയ്ക്കുള്ള വ്യത്യാസമാണു്. എന്നാൽ മരുഭൂമികളിലും, പൊതുവേ വേനൽക്കാലത്തും കരയിൽനിന്നും ഒഴുകിയെത്തുന്ന വെള്ളം കുറയുകയും അതിനേക്കാൾ കൂടുതൽ ബാഷ്പീകരണം നടക്കുകയും ചെയ്താൽ കാര്യം നേരേ തിരിച്ചാവും. കായലിൽ / ചതുപ്പിൽ അവശേഷിക്കുന്ന ജലത്തിനു മീതെക്കൂടി കടൽവെള്ളം മേൽത്തട്ടിലൂടെത്തന്നെ ഒഴുകിയെത്തും. ജീവികളുടെ വളർച്ചയേയും പ്രത്യുല്പാദനചക്രത്തേയും ഈ മാറ്റങ്ങൾ വലിയ തോതിൽ ബാധിക്കാം.
ɐɥqɐɹdɐʍsıʌ/ɯoɔ˙ʞooqǝɔɐɟ
കാലവർഷദിനങ്ങളിൽ പെയ്യുന്ന മഴയെല്ലാം അപ്പോൾ തന്നെ കടലിലേക്കു് ഒഴുക്കിവിടുന്നതാണോ നല്ലതു് അതോ കഴിയാവുന്നത്ര, വർഷം മുഴുവൻ സമവിതരണം ചെയ്തു് പുഴകളെ നിത്യപുഷ്പിണികളാക്കി നിലനിർത്തുന്നതോ?
ചതുപ്പുകളിൽ ഒട്ടും മഴ പെയ്യുകയോ പുഴവെള്ളം എത്തുകയോ ചെയ്യാതെ, ഓരുജലം മാത്രം സ്ഥിരമായി ഒഴുകിയെത്തിയാൽ ഇനിയും മറ്റൊന്നുണ്ടാവുക. അവ പ്രകൃത്യാ ഉള്ള ഉപ്പളങ്ങളായി മാറും. അനേകായിരം വർഷങ്ങൾ കഴിയുമ്പോൾ അവ കരയുടെ ഭാഗമായി ഭൂമിയുടെ അകത്തേക്കു് പിൻവാങ്ങി പിന്നീട് ഉപ്പുപാറകളായും ഉപ്പുഖനികളായും മാറും.
ഗുജറാത്തിലെ കച്ച് ചതുപ്പുകൾ അങ്ങനെയുള്ളവയാണു്.
അപൂർവ്വമായി ഭൂമിയുടെ പുറന്തോടിൽ പ്ലേറ്റുകളുടെ ചലനം മൂലം വലിയ വിടവുകളുണ്ടാവുകയും അതിനുള്ളിലേക്കു് കടൽവെള്ളം ആഴ്ന്നിറങ്ങുകയും പിന്നീട് ചെളിയും മറ്റും ഊറിയടിഞ്ഞ് ആ വിടവുകൾ മൂടിപ്പോവുകയും ചെയ്യാം. അത്തരം സ്ഥലങ്ങളും പിന്നീട് ഉപ്പുപാറകളായി മാറും. മനുഷ്യകുലത്തിന്റെ വ്യവസായസംസ്കാരം തുടങ്ങിവെക്കുന്നതു് അത്തരം ഉപ്പുഖനിപ്പട്ടണങ്ങളിലാണു്. അതു വേറൊരു കഥ.
ഇപ്പോൾ കരവെള്ളത്തിന്റെ കാര്യം ഒരുവിധം തീരുമാനമായി. ഇനി കടൽവെള്ളത്തിന്റെ കാര്യമാണു് ബാക്കിയുള്ളതു്. തീരപ്രദേശത്തെ കടലിൽ വെള്ളത്തിന്റെ കെമിസ്ട്രിയും ഫിസിക്സും അതിസങ്കീർണ്ണമാവും. കാറ്റുകൾ, തീരത്തിന്റെ ഉയരം, അവിടത്തെ ഭൂപ്രകൃതി , സമുദ്രജലപ്രവാഹങ്ങൾ ഇവയൊക്കെ അനുസരിച്ച് ഈ സാഹചര്യങ്ങൾ മാറാം.
കടലിന്റെ കെമിസ്ട്രി മറ്റൊരു നീണ്ട പോസ്റ്റിനുള്ള വകയാണു്. അതും പിന്നൊരിക്കലാവാം.

(സംശയം: Jofeena Joseph)



No comments:

Post a Comment

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...