Friday, March 02, 2018

കാർബൺ ഡൈ ഓക്സൈഡ് ഒരു പാവമാണു്!

ഒരു പുതിയ കാർ എഞ്ചിനായിരിക്കും അതേ ദൂരം അത്രതന്നെ വേഗത്തിൽ പോവുന്ന ഒരു പഴയ കാർ എഞ്ചിനേക്കാൾ കൂടുതൽ കാർബൺ ഡയോക്സൈഡ് സൃഷ്ടിക്കുക !
അഥവാ,
കാർബൺ ഡയോക്സൈഡ് ഒരു പാവമാണു്!
=================================
ധാരാളമായി കാർബൺ ഡയോക്സൈഡ് ഉണ്ടാവുന്നതു് പരിസരമലിനീകരണമാണെന്ന ഒരു ധാരണ പലർക്കുമുണ്ടു്. അതു ശരിയല്ല. കാർബൺ ഡയോക്സൈഡ് നിങ്ങളുടെ അയല്പക്കത്തെ ഒരു ശത്രുവൊന്നുമല്ല!
ഇതെങ്ങനെയെന്നു മൂന്നു വാക്യത്തിൽ പറയാം:
ഒന്നാം വാക്യം:
===========
"വായുമലിനീകരണവും കാർബൺ ഡയോക്സൈഡ് വമനവും ഒന്നല്ല".
വിറകു്, കൽക്കരി, ഡീസൽ, പെട്രോൾ, LPG തുടങ്ങിയ ഇന്ധനങ്ങൾ കത്തിക്കുമ്പോൾ ധാരാളമായി CO2 ഉണ്ടാകുന്നതിനെ നാമിപ്പോൾ ഉദ്ദേശിക്കുന്ന അർത്ഥത്തിൽ പരിസരമലിനീകരണം ആയി കണക്കാക്കാൻ പാടില്ല.
നിലവിലുള്ള അന്തരീക്ഷഗാഢതയിൽ CO2 ഒരു വിഷപദാർത്ഥമല്ല. അന്തരീക്ഷത്തിലെ CO2 അളവു് ഇനിയെങ്ങാനും അഞ്ചോ പത്തോ മടങ്ങുതന്നെ കൂടിയാലും ഒരു രാസവസ്തു എന്ന നിലയിൽ നമ്മുടെ ആരോഗ്യത്തെ ഉടൻ തന്നെ ബാധിക്കത്തക്ക ഗുരുതരമാവുന്ന സാഹചര്യം ഇപ്പോൾ ഇല്ല. അതിനാൽ പരിസരമലിനീകരണത്തെ സംബന്ധിച്ചു് CO2 ഒരു 'അടിയന്തിര'പ്രശ്നമേയല്ല. ഇതേ നിരക്കിൽ പോയാൽ ഇനിയും ഒരു പതിനായിരം കൊല്ലത്തേക്കെങ്കിലും!
എന്നാൽ, CO2വിന്റെ വർദ്ധിച്ച ഉല്പാദനം ഏറെത്താമസിയാതെ ഭൂമിയുടെ കാലാവസ്ഥയെ വിനാശകരമായി ബാധിച്ചേക്കും എന്നാണു് ചില ശാസ്ത്രജ്ഞന്മാർ പറയുന്നതു്.
കാര്യം ശരിയാണു്. കഴിഞ്ഞ 50 വർഷങ്ങൾക്കുള്ളിൽ മനുഷ്യപ്രേരിതമായ CO2 വ്യാപനം അഭൂതപൂർവ്വമായി വർദ്ധിച്ചിട്ടുണ്ടു്. ഏതാണ്ട് ഒരു നൂറുകൊല്ലം മുമ്പുവരെ അഗ്നിപർവ്വതങ്ങളും ജന്തുക്കളുടെ ജീവനപ്രക്രിയകളും പ്രകൃത്യാ ഉണ്ടാകുന്ന കാട്ടുതീയും മറ്റും വഴി അന്തരീക്ഷത്തിലുണ്ടായ മൊത്തം CO2 ആകെ 300ppm മാത്രമായിരുന്നു. പക്ഷേ മനുഷ്യന്റെ വ്യവസായവൃത്തികളും വണ്ടിയോട്ടവും തുടങ്ങിയതോടെ അതു് വെറും നൂറുകൊല്ലത്തിനുള്ളിൽ 400 ppm ആയി മാറി. അതായതു് മുമ്പുണ്ടായിരുന്നതിന്റെ മൂന്നിലൊന്നും കൂടിയായി വർദ്ധിച്ചു!
പക്ഷേ, 400 ppm എന്നാൽ അത്ര വലിയൊരു അളവൊന്നുമല്ല.പത്തുലക്ഷം വായു കണികകളുണ്ടെങ്കിൽ അതിൽ 400 എണ്ണം CO2 എന്നർത്ഥം. അല്ലെങ്കിൽ, ഒരു ലിറ്റർ വെള്ളത്തിൽ ഒരു നുള്ള് (അര മില്ലി) പാൽ ചേർത്തതിനു സമം. അതേ സമയം അത്രതന്നെ വായുവിൽ 210 മില്ലി (അഞ്ചിലൊന്നു്) ഓക്സിജൻ ഉണ്ടെന്നോർക്കണം.
നാം ശ്വസിച്ചു പുറംതള്ളുന്ന വായുവിൽ കാർബൺ ഡയോക്സൈഡ് ഉണ്ടു്. അതിലെ അളവു് അത്ര മോശമൊന്നുമല്ല താനും. ശരാശരി 4% ( 40,000ppm) വരും നമ്മുടെ ഉച്ഛ്വാസവായുവിലെ കാർബൺ ഡയോക്സൈഡിന്റെ അളവ്. അതായതു് വായുവിലുള്ളതിന്റെ നൂറിരട്ടി. അത്രയും CO2 നമ്മുടെ ശ്വാസകോശത്തിൽ ഉല്പാദിപ്പിച്ചിട്ടും നമുക്കു് അപകടമൊന്നും വരുന്നില്ലല്ലോ. അതുകൊണ്ട് CO2 ഒരു വിഷവാതകമൊന്നുമല്ല. പ്രത്യേകിച്ച് വെറും 400ppm. ശ്ശെ. അതൊരു ഇശ്യൂ പോലും ആക്കാനില്ല!
രണ്ടാം വാക്യം:
==========
“കാർബൺ കത്തിക്കുന്നുണ്ടോ, ഊർജ്ജം വേണോ, CO2 നിശ്ചയമാവും ഉണ്ടാവുക തന്നെ ചെയ്യും”
ഹൈഡ്രോകാർബണുകളോ കാർബോഹൈഡ്രേകളോ കത്തിച്ച് നാം പാചകം ചെയ്യുകയോ വണ്ടിയോടിക്കുകയോ ചെയ്യുന്നിടത്തോളം കാലം CO2 ഉണ്ടാവുകതന്നെ ചെയ്യും.
യാതൊരു എഞ്ചിൻ പ്രശ്നങ്ങളോ കര്യും പുകയുമോ ഇല്ലാതെ 100% ഫലപ്രദമായി കത്തിത്തീരുന്ന പെട്രോൾ (അല്ലെങ്കിൽ ഡീസൽ, LPG, കൽക്കരി) എന്നാൽ അതിലെ ഓരോ കാർബൺ തന്മാത്രയും കാർബൺ ഡയോക്സൈഡ് തന്മാത്ര ആയി മാറുക എന്നാണർത്ഥം.
പെട്രോൾ ഒരു ഹൈഡ്രോകാർബൺ സംയുക്തമാണു്. അതായതു് ഹൈഡ്രജനും കാർബണും കൂടി ഒട്ടിനിൽക്കുന്ന തന്മാത്രകളാണു് ശുദ്ധമായ പെട്രോൾ. നാം പെട്രോൾ കത്തിക്കുമ്പോൾ അതിലെ ഓരോ കാർബൺ ആറ്റവും അതുവരെയുണ്ടായിരുന്ന ഹൈഡ്രജൻ-കാർബൺ ബന്ധനങ്ങൾ ഉപേക്ഷിച്ചു് വായുവിൽ നിന്നും കടമെടുത്ത ഈരണ്ടു് ഓക്സിജൻ ആറ്റങ്ങളുമായി പുതിയ ചങ്ങാത്തമുണ്ടാക്കുകയാണു് ചെയ്യുന്നതു്. അങ്ങനെ പുതിയൊരു സംബന്ധം നടന്നു് CO2 ആവുമ്പോൾ കുറേ ചൂട് ബാക്കിവരും.ആ ചൂട് - ഊർജ്ജം- ആണു് നാം ഓരോരോ കാര്യങ്ങൾക്കു് ഉപയോഗിക്കുന്നതു്.
പെട്രോളായാലും ഡീസലായാലും വിറകായാലും, 100% ഊർജ്ജപരിവർത്തനം നടക്കുന്നുണ്ടെങ്കിൽ, ആ ഊർജ്ജം മുഴുവനും ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിൽ, അതിൽ നിന്നെല്ലാമുണ്ടാവുന്ന കാർബൺ ഡയോക്സൈഡിന്റെ അളവ് ഒന്നിനൊന്നു തുല്യമാണു്.
അതായതു്, നിങ്ങൾക്കു് ഫോസിൽ ഇന്ധനങ്ങളിൽനിന്നു് ഊർജ്ജം വേണോ? എങ്കിൽ നിശ്ചയമായും അതേ അളവിൽ CO2 ഉല്പാദിപ്പിച്ചേ പറ്റൂ.
CO2 കൂടുതൽ ഉല്പാദിപ്പിക്കപ്പെടുന്നതു് പെട്രോളിലാണോ ഡീസലിലാണോ എന്നതും ഒരു പ്രസക്തമായ ചോദ്യമല്ല. ഫോസിൽ ഫ്യൂവലാണോ, അതു CO2 ഉണ്ടാക്കിയിരിക്കും. കൂടുതൽ CO2 ഉണ്ടാക്കുന്നുണ്ടെങ്കിൽ, കൂടുതൽ ഊർജ്ജവും ഉല്പാദിപ്പിക്കുന്നുണ്ടു്.
എന്നാൽ, ആ ഊർജ്ജം മുഴുവൻ നമുക്കു് ഊറ്റിയെടുത്തു് ഉപയോഗിക്കാൻ പറ്റുന്നുണ്ടോ എന്നതു് വേറൊരു ചോദ്യമാണു്. വിറകു കത്തിക്കുമ്പോൾ കിട്ടുന്ന ഊർജ്ജത്തേക്കാൾ കൂടുതലാണ് അതേ തൂക്കം LPG കത്തിക്കുമ്പോൾ. കൽക്കരിയേക്കാൾ കൂടുതലാണു് ഡീസലിന്റെ ഊർജ്ജക്ഷമത. പക്ഷേ, അതിലെല്ലാം, ആകെ ലഭിക്കുന്ന ഊർജ്ജവും ഉല്പാദിപ്പിക്കുന്ന CO2വും ഒന്നിനൊന്നു സമമായിരിക്കും.
ഒരേ ദൂരം ഒരേ വേഗത്തിൽ പോവുന്ന ഒരു പഴയ കാർ എഞ്ചിനേക്കാൾ കൂടുതൽ CO2 സൃഷ്ടിക്കുക പുതിയ കാർ എഞ്ചിനായിരിക്കും!
അതെങ്ങനെയാണെന്നു് മൂന്നാം വാക്യത്തിൽ പറയാം:
മൂന്നാം വാക്യം:
===========
“ഇന്ധനത്തിലെ കാർബൺ മുഴുവൻ CO2 ആയി മാറാതിരിക്കുന്ന അവസ്ഥയിലാണു് പരിസരമലിനീകരണം ഉണ്ടാവുന്നതു്!“
നന്നായി പ്രവർത്തിക്കുന്ന ഒരു പുതിയ എഞ്ചിൻ, വിശേഷമായി മറ്റു കുഴപ്പങ്ങളൊന്നുമില്ലെങ്കിൽ, പരമാവധി ഭംഗിയായി പെട്രോൾ ഏറെക്കുറെ പൂർണ്ണമായും ജ്വലിപ്പിക്കും. നേരേ മറിച്ച് ശരിയായി ട്യൂൺ ചെയ്യാത്ത ഒരു പഴയ എഞ്ചിനിൽ പെട്രോൾ എന്ന ഹൈഡ്രോകാർബൺ മുഴുവനായി കത്തിക്കഴിയുന്നതിനുപകരം അതിലെ ഒരു ഭാഗം പുകയോ പൊടിയോ ദ്രാവകമോ അപൂരിതവാതകമോ ആയി മാറും.
അങ്ങനെ, CO2 ആവുന്നതിനു പകരം പകുതിമാത്രം കത്തി പുറത്തുവരുന്ന കാർബൺ മോണോക്സൈഡും മറ്റ് മാലിന്യവസ്തുക്കളുമാണു് വായുമലിനീകരണം അഥവാ പരിസരമലിനീകരണം ഉണ്ടാക്കുന്നതു്.
അല്ലാതെ, CO2 അല്ല!
ഇപ്പോൾ ജീവിച്ചിരിക്കുന്ന നമ്മുടെ ആരോഗ്യപ്രശ്നമാണു് പരിസരമലിനീകരണം.
എന്നാൽ CO2 വമനം, ഇനി വരുന്നൊരു തലമുറയ്ക്കിനിയിവിടെ വാസം സാദ്ധ്യമോ എന്ന ചോദ്യമാണുയർത്തുന്നതു്.
CO2 ഉദ്ഗമനം കൂടുന്നതു് നമ്മുടെ അതിലോലവും കൃത്യവുമായ കാലാവസ്ഥയേയും ജൈവാന്തരീക്ഷത്തേയും തകിടം മറിക്കും എന്ന അനുമാനമാണു് CO2 വ്യാപനത്തിനെതിരെ ശാസ്ത്രജ്ഞർ ഇപ്പോൾ മുറവിളി കൂട്ടുന്നതിന്റെ കാരണം. ആ മുറവിളി ഉടൻ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിസരമലിനീകരണത്തിനെതിരെയല്ല, ഇനി, മുപ്പതോ അമ്പതോ കൊല്ലംകഴിഞ്ഞ്, ഒന്നോ രണ്ടോ തലമുറയ്ക്കുള്ളിൽ വരാൻ പോകുന്ന 'അതിഭയങ്കരമായ', ലോകനാശകമായ കാലാവസ്ഥാമാറ്റത്തെക്കുറിച്ചാണു്.
അതിനാൽ വായുമലിനീകരണത്തിന്റെ ആ ഒരു കാര്യത്തിൽ, അതായതു്, CO2 എമിഷനെക്കുറിച്ചു്, തൽക്കാലം നമുക്കു് പരിഭ്രമിക്കേണ്ടതില്ല.
ഏതാണു ഭേദം?
നമുക്കു സുഖമായി ജീവിക്കണോ അതോ നമ്മുടെ കൊച്ചുമക്കൾ സുഖമായി ജീവിക്കണോ?
നാലും അഞ്ചും പിൻ‌തലമുറകൾക്കു വേണ്ടി സ്വത്തും പണവും സമ്പാദിച്ചുകൂട്ടുന്നതിൽ തിരക്കിലായ നിങ്ങൾ തന്നെ തീരുമാനിക്കുക, ഏതാണു് കൂടുതൽ നല്ല ചോയ്സ് എന്നു്.
നിങ്ങളുടെ ചോയ്സ് എന്താണു്?
[ഈ ലേഖനത്തിനു് തീർച്ചയായും ഒരു അനുബന്ധമുണ്ടാവും. അപ്പോൾ അതിന്റെ ലിങ്ക് ഇവിടെ ചേർക്കാം. അതുകൂടി വായിക്കാൻ മറക്കരുതു്. അതിനുമുമ്പ്, നിങ്ങളുടെ ചോയ്സ് എന്താണെന്നു് ഞാനും ഒന്നറിയട്ടെ].

#
FTScienceWeek
#VP14

Facebook Link: https://www.facebook.com/groups/ftkerala7/permalink/1484051591700101/

No comments:

Post a Comment

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...