Friday, June 16, 2017

പറ്റുപുസ്തകം

കഥ എഴുതാറില്ല. ഭ്രാന്തുപിടിച്ച എന്റെ എഴുത്തിൽ അതിനും മാത്രം കഥയുണ്ടെന്നു തോന്നാറുമില്ല.
ഫേ‌സ്ബുക്കിലെ ഒരു കൂട്ടത്തിൽ, ഇടയ്ക്കൊരിടത്തു് സന്ദർഭവശാൽ ഇട്ട ഒരു കമന്റ് പതിവുപോലെ നീണ്ടുപരന്നു. അതു കഴിഞ്ഞു് മഴക്കാലം രണ്ടെങ്കിലും മാറിപ്പോയെങ്കിലും ഇപ്പോഴും ചിലർ ആ കുറിപ്പ് വെളുപ്പാക്കണമെന്നു് വാശി പിടിക്കുന്നു.

എങ്കിൽ അതിവിടെയാട്ടെ എന്നു വിചാരിച്ചു. വെളുക്കാൻ തേച്ചതു പാണ്ടെങ്കിലുമായിക്കോട്ടെ.
കഥയല്ല; ജീവിതം തന്നെയായിരുന്നു....

**** **** ****

എന്റെ ദിവസപ്പറ്റായിരുന്നു 35 പൈസ. ഇപ്പഴത്ത്യൊക്കെ ആൾക്കാരടെ ഭാഷേല് ഡെയ്‌ലി ക്വോട്ട.

ആദ്യമാദ്യമൊക്കെ, അഞ്ചിലും ആറിലും ഒക്കെ പഠിക്കുമ്പോ, അച്ഛനെ പെട്ടിക്കടയിൽ എന്തെങ്കിലും സഹായിച്ചാൽ, അല്ലെങ്കിൽ സ്കൂളിൽ വല്ല നല്ല കാര്യോം സംഭവിപ്പിച്ചാൽ, അതു കിട്ടും.

മാധവൻ നായരുടെ ചായക്ലബ്ബീന്നു് ഒരു ഉണ്ട (ബോണ്ട), ഒരു പാലുംവെള്ളം - ഇതാണു 35 പൈസയ്ക്കു കിട്ടുക. (ചൂടുവെള്ളം 5 പൈസ, പാൽ 5 പൈസ, പഞ്ചസാര 5 പൈസ, ചായ/കാപ്പി 5 പൈസ - ഇതാണു് മാധവൻനായരുടെ വിലകളുടെ അനാറ്റമി. ഉദാ: പാലും പഞ്ചസാരയുമില്ലാത്ത ചായ / കാപ്പി - 10 പൈസ, പാൽ + പഞ്ചസാര + വെള്ളം =15 പൈസ...)

അച്ഛന്റെ ആത്മസുഹൃത്തായിരുന്നു മാധവൻ നായർ. അപ്പുറത്തും ഇപ്പുറത്തുമുള്ള പീടികക്കാർ. എന്നെ അവിടെ അയച്ചിരുന്നതു് പാലുംവെള്ളം കുടിപ്പിക്കാനായിരുന്നു എന്നു ഞാൻ കരുതി. പക്ഷേ, ചായക്ലബ്ബെന്ന ആത്മവിദ്യാലയത്തിലെ അമൂല്യമായ ക്ലാസ്സുകളും ചർച്ചാപാഠങ്ങളും ഞാൻ സ്വയമറിയാതെത്തന്നെ കേട്ടുപഠിച്ചോട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉള്ളിലിരുപ്പെന്നു മനസ്സിലായതു് ഏറെ വർഷങ്ങൾ കഴിഞ്ഞാണു്.

ചായക്ലബ്ബിൽ ഞാൻ കയറിയാൽ, മാധവൻനായർ, വേറെ ആരെങ്കിലും തപ്പിപ്പിടിച്ചു വായിച്ചുകൊണ്ടിരുന്ന ദിനപ്പത്രത്താളുകളൊക്കെ അവരുടെ കയ്യിൽ നിന്നും തട്ടിപ്പറിച്ച് എനിക്കു തരും. ഏറ്റവും ഒടുവിലത്തെ ഇരുട്ടുമൂലയിൽ എന്റെ സ്ഥിരം ഇടത്തുചെന്നിരുന്നു ഞാൻ മൗനമായി വായന തുടങ്ങും. ആദ്യത്തെ പേജിലെ ആദ്യത്തെ അക്ഷരം മുതൽ (എക്സ്പ്രസ്സ് ദിനപ്പത്രം) അവസാനത്തെ പേജിലെ അവസാനവരി (Printed at Sreekrishna Press, Thrissur) വരെ ആർത്തിയോടെ വായിച്ചുതീർക്കും. അപ്പോഴേക്കും ചൂടുള്ള പാലുംവെള്ളവും പെരുപെരുത്തു കറുമുറുത്തുരുണ്ട, ഇടയ്ക്കു വറുത്തുചുവന്ന നാളികേരക്കൊത്തുകളുള്ള, ബോണ്ടയും അലിഞ്ഞിറങ്ങിയിട്ടുണ്ടാവും.

വായന ഏതാണ്ടു മുഴുവനാവുമ്പോഴേക്കും, മാധവൻ നായരും സ്ഥലത്തെ ദിവ്യന്മാരായ രാഷ്ട്രീയസാമൂഹ്യനിരീക്ഷകരും ചുറ്റും കൂടിയിട്ടുണ്ടാവും. അന്നത്തെ ന്യൂസ് ഹവർ തുടങ്ങുന്നു. വിശകലനവിദഗ്ദൻ ആണെന്റെ റോൾ.

"ഇരുപതിനപരിപാടി നമുക്കു വല്ല ഗുണവും ചെയ്യുമോ?", "ഈ കോഫെപോസ" ഇംഗ്ലീഷ് വാക്കാണോ?" "ബ്രഷ്ണേവ് ചന്ദ്രനിൽ പോണില്യാന്നു തീരുമാനിച്ചൂലേ? അതെന്താ സോവിയറ്റ് യൂണിയൻ അപ്പോ അമേരിക്കേടെ അത്ര പോര,ല്ലേ?, ശ്രീധരാ, ങ്ങടെ നാട്ടുകാര്ക്കു് വീരവാദം അടിക്കാനേ അറിയൂ. ആങ്കുട്ട്യോള് ആര്യഭട്ട വിട്ടതു കണ്ടില്യേ?" ഇങ്ങനെയൊക്കെയാവും ചർച്ച. അവരെസംബന്ധിച്ചിടത്തോളം ഞാൻ എന്തോ ഒരു തരം സഞ്ചാരവായനശാലയായിരുന്നു....
അപ്പൊഴേക്കും ഒരുമണിക്കൂറോളം കഴിഞ്ഞിട്ടുണ്ടാവും...

കാലം മാറി വന്നു. അടിയന്തിരാവസ്ഥ പിൻവലിച്ചു. പ്രധാനമന്ത്രി എന്നതും ഇന്ദിരാഗാന്ധി എന്നതും ഒരേ ആളുടെ പേരിന്റെ രണ്ടു കഷ്ണങ്ങളല്ലെന്നു് ആകാശവാണിയിലെ വാർത്തവായനക്കാർ പയ്യെപ്പയ്യെ പറഞ്ഞുശീലിച്ചുവന്നു. വാർത്തയിൽ 20-ഇനപരിപാടികൾക്കും ഇടുക്കിഡാമിനും പകരം രാജനും പുലിക്കോടനും ജിമ്മി കാർട്ടറും കയറിവന്നു.
എന്റെ പഠിപ്പു് പട്ടണത്തിലെ ഇമ്മിണി ബല്യ സ്കൂളിലേക്കു മാറി.
അപ്പോഴും പകുതിമയക്കത്തിലാണ്ടുപോവുന്ന ഉച്ചതിരിഞ്ഞ ക്ലാസ്സ് പിരീയഡുകൾക്കിടയിലൂടെ മാധവൻനായരുടെ ഉണ്ടയുടെ മണവും പാലും വെള്ളത്തിന്റെ മധുരവും എന്നെ നോക്കി കൊതിപിടിപ്പിച്ചു കണ്ണിറുക്കിക്കൊണ്ടിരുന്നു....

ബസ്സുകൂലി വകയിൽ കാലത്തു നാല്പതുപൈസ. (20 അങ്ങോട്ടും 20 ഇങ്ങോട്ടും). ചെമ്പൂക്കാവിലിറങ്ങി അരക്കിലോമീറ്റർ നടന്നാൽ 15 മതി. 5 പൈസ ലാഭം. അതിനു് ഉച്ചയ്ക്കു് ഒരു ഐസ് ഫ്രൂട്ട് തരമാക്കാം.
ഉണ്ട,പാലുംവെള്ളം വകയിൽ വൈകീട്ട് 35 പൈസ....

പിന്നെയും കാലം മാറി. ഒരു ദിവസം ചായക്കടയിൽ ഒരു ബോർഡു പ്രത്യക്ഷപ്പെട്ടു. "അടുക്കളച്ചെലവുകൂടിയതിനാൽ ഈ വരുന്ന കുംഭം 1ആം തീയതി മുതൽ വിലകൾ മാറ്റി നിശ്ചയിച്ചിരിക്കുന്നു. എല്ലാരും സഹകരിക്കണം"

ചൂടുവെള്ളത്തിന്റെ വിലയാണു് കൂടിയതു്. ആദ്യത്തെ 5 പൈസയിൽ നിന്നു് അതു് 10ഉം പിന്നെയും കുറേക്കാലം കഴിഞ്ഞപ്പോൾ 15ഉം ആയി കൂടി. ബോണ്ടയ്ക്കും കൂടി 5ഉം പത്തും പൈസ വെച്ച്. ബ്രൂ കോഫി 35ൽ നിന്നു് ഒറ്റയടിക്കു് 75 ആയി ഉയർന്നതായിരുന്നു എല്ലാവരേയും വിസ്മയിപ്പിച്ചതു്.

"അതെന്താ മാധ്വൻ നായരേ, അതിനെ മാത്രം ഇങ്ങനെ ദ്രോഹിച്ചതു്?" എന്നായിരുന്നു പലരുടേയും ക്വസ്റ്റീൻ.

ശ്രീധരൻ മാത്രം സമാധാനിച്ചു:" ബ്രൂ കോഫി ബൂർഷ്വാകൾ കുടിക്കുന്നതാണു്. അസ്സലായി മാധ്വൻനായരേ" അയാൾ പറഞ്ഞു.

മാധവൻനായരുടെ കടയിൽ ഒരു ചെറിയ കുപ്പി ബ്രൂകോഫിയേ ഉണ്ടായിരുന്നുള്ളൂ. ബ്രൂ കോഫി തന്നെ വേണം‌ന്നു് നിർബന്ധം പിടിച്ചു വരുന്നവർ കൊല്ലത്തിൽ നാലോ അഞ്ചോ. ഉറപ്പായും ബ്രൂ കോഫി ലഭിച്ചിരുന്ന ഒരാളേ ഓർമ്മയിലുള്ളൂ. സ്കൂൾ ഇൻസ്പെക്ടർ. രാഘവൻ സാർ ഇൻസ്പെക്ഷനു വന്നപ്പോൾ രണ്ടു കൊല്ലവും എന്നെയായിരുന്നു ബ്രൂ കാഫി വാങ്ങാൻ പറഞ്ഞുവിട്ടതു്.

 ശ്രീധരന്റെ ഊഹം തെറ്റിയിരുന്നില്ല. ആ ഭാഗത്തൊക്കെ ഒരു ബൂർഷ്വാ ആയി ചൂണ്ടിക്കാണിക്കാൻ പറ്റിയ ഒരാൾ സ്കൂൾ ഇൻസ്പേട്ട്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഗ്രാമത്തിലെ അത്ഭുതബാലനായ, എന്റെ അച്ചന്റെ മ്വോൻ ആയ, എനിക്കു മാത്രമൊരു രഹസ്യ ഇളവു്: എനിക്കുള്ള പാലുംവെള്ളത്തിനും ഉണ്ടക്കും അതേ പഴയ വില തന്നെ.

മീശ മുളച്ചുതുടങ്ങിയിരുന്നു. ബുദ്ധിജീവികളുടെ കുട്ടിസംഘത്തിന്റെ കൂടെ കൂട്ടംകൂടി തെരുപ്രങ്ങി നടപ്പും തുടങ്ങിയിരുന്നു. പോളണ്ടിലെ ലേ വലേസയോട് സോളിഡാരിറ്റി പ്രഖ്യാപിച്ചുകൊണ്ട് പലപ്പോഴും നടന്നുകയറിയിരുന്നതു് മാധവൻ നായരുടെ കടയിലേക്കായിരുന്നു.

ബാക്കിയെല്ലാർക്കും ചായ, കടി. എനിക്കെന്റെ പാലുംവെള്ളവും ഉണ്ടയും.

അച്ഛന്റെ അടുത്തുചെന്നു് റൊക്കം ക്യാഷായി വെറും മുപ്പത്തഞ്ചു പൈസയ്ക്കു കൈനീട്ടാൻ നാണവും തുടങ്ങിയിരുന്നു.

മകനെ നന്നായി മനസ്സിലാക്കിയിരുന്ന അച്ഛൻ ഒരുപായം ചെയ്തു: അദ്ദേഹം മാധവൻനായരോടു പറഞ്ഞുവെച്ചു. ഇനി തൊട്ട് ചെക്കൻ വന്നു കഴിക്കുന്ന പറ്റൊക്കെ മാധവൻ എഴുതിവെച്ചോളൂ. കുറേക്കാലം കഴിയുമ്പോൾ, പഠിച്ചുവലുതായി ജോലിയൊക്കെ കിട്ടുമ്പോൾ അവൻ തന്നെ അതൊക്കെ തിരിച്ചുതരട്ടെ. എന്തേ?

ഒരു വിസമ്മതവുമില്ലാത്ത മാധവന്നായർക്കു് അച്ഛൻ സമ്മാനമായി ഒന്നു കൂടി നൽകി. എന്റെ കണക്കെഴുതാൻ വേണ്ടി മാത്രം ഒരു കാലി ലെഡ്ജർ ബുക്ക്!

പിന്നൊരു പത്തുകൊല്ലത്തോളം ആ ലെഡ്ജർ ബുക്ക് എഴുതപ്പെട്ടുകൊണ്ടിരുന്നു. പക്ഷേ, 35 പൈസയ്ക്കു പകരം, കൂടെയുള്ള ബുദ്ധിജീവിപ്പട്ടിണിവർഗ്ഗത്തിന്റെ ചർച്ചാചെലവുകൾ കൂടി പലപ്പോഴും അവയ്ക്കിടയിൽ വരികൾ നിറച്ചു....

മാധവൻനായർ നിശ്ശബ്ദമായി കണക്കുകൾ എഴുതി വെച്ചുകൊണ്ടിരുന്നു...

ബല്യ എഞ്ചിനീയറൊക്കെയായിത്തീർന്നു ചെക്കൻ. മേപ്പാടം ബാലൻ പൂരപ്പിരിവിനു പോവുമ്പോൾ സ്ഥിരമായി ചെയ്യുന്ന ഒരു കാര്യമുണ്ട്: മാധവൻനായരുടെ കയ്യിൽ നിന്നും ഒരു ഒരുരൂപാ തുട്ട് 'കയ്യട്ടം' വാങ്ങിക്കും. അതുമായി ചെന്നാൽ പിരിവു് കുശാലാകുമത്രേ!

 വെടിപ്പടക്കവും ബോംബും ചീറിക്കളിക്കുന്ന പഞ്ചാബിലേക്കാണു് ചെക്കനെഞ്ചിനീയറുടെ ഉത്തരായണം. ബസ്സു കയറുന്നതിനു മുമ്പ് മാധവൻനായരുടെ കടയിൽ കയറി. "ഒരു പാലുംവെള്ളം, ഒരു ഉണ്ട, പിന്നെ, ഒരു രൂപയും വേണം...."
ഒരു നല്ല നാടു വിട്ടുപോവുകയായിരുന്നു. പിന്നൊരിക്കലും പൂഴാൻ പറ്റാത്ത ഒരു കുതിർമണ്ണിൽനിന്നു് ഒരു തൃത്താച്ചെടി ആരൊക്കെയോ കടപുഴക്കി അകലെ മരുപ്പറമ്പുകളിലേക്കു് വലിച്ചെറിയുകയായിരുന്നു...

മാധവന്നായരുടെ കയ്യട്ടം ഒട്ടും മോശമായില്ല. നാടായ നാടും ലോകമായ ലോകമൊക്കെയും ചുറ്റിക്കറങ്ങി പിരിവെടുത്തു. ഒട്ടും മോശായില്യാ.

കൃത്യം ഒന്നരവർഷമെടുത്തു അവധിയ്ക്കു തിരിച്ചു നാട്ടിൽ വരാൻ. വൈകീട്ട് കവലയിലേക്കിറങ്ങി ആദ്യം കയറിയതു് മാധ്വൻനായരുടെ ചായക്ലബ്ബിലേക്കായിരുന്നു.

"ഒരു പാലുംവെള്ളം, ഒരുണ്ട.."

മാധവൻ നായർക്കു വയസ്സായിത്തുടങ്ങിയ പോലെ. ഇപ്പോളും പാലുംവെള്ളം ചോദിക്കുന്നതു് ഒരു പക്ഷേ പരിഹാസമായിട്ടാവുമോ എന്നൊരു ഭാവമുണ്ടോ അങ്ങേരുടെ കണ്ണിൽ? പണ്ടത്തെ പ്രസാദമധുരമായ പുഞ്ചിരി എന്തേ ഇല്ലാത്തൂ?

പാലുംവെള്ളം ആർത്തിയോടെ കുടിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ പറഞ്ഞു:'എന്റെ പറ്റുപുസ്തകം ഒന്നു നോക്കിപ്പറയ്വോ?'
മാധവൻ നായരുടെ കണ്ണുകൾ നിറഞ്ഞിരുന്നു."തന്റച്ഛൻ ശരിയ്ക്കും ഒരു ഭയങ്കരനാണുട്ടോ. എത്ര കാലം മുമ്പേ അയാൾ ഇതൊക്കെ മുൻകൂട്ടി കണ്ടിരിക്ക്ണു!"

മാധവൻനായർക്കു കഷ്ടകാലമായിരുന്നു. അതുവരെ ഒപ്പമുണ്ടായിരുന്ന നേരനിയൻ വാസുന്നായർ തൊട്ടപ്പുറത്തു വേറെ "ഹോട്ടൽ & ടീ സ്റ്റാൾ" തുടങ്ങി. ചില്ലും ബോർഡുമൊക്കെയുള്ള ഒരു ടെറസ്സ് വണ്ടർ!

ആളുകൾ തീരെക്കുറഞ്ഞു. പത്രം വായിക്കാൻ വരെ ആരും ഇപ്പോൾ വരാറില്ല.
കുടുംബം? പണ്ടേ അകലെ അയ്യന്തോൾ എവിടെയോ ആയിരുന്നു. സ്നേഹമില്ലാഞ്ഞിട്ടല്ല, എങ്കിലും ഹോട്ടൽ തിരക്കൊഴിഞ്ഞു വീട്ടിൽ പോകുന്നതു വല്ലപ്പോഴുമായിരുന്നു. ആകെ ഒരു ചെക്കനുണ്ടായിരുന്നതു് നാടു വിട്ടുപോയി. മകൾ തീപ്പൊള്ളി മരിച്ചു. ഭാര്യ കിടപ്പിൽ.
മാധവൻ നായർ കരിയും എണ്ണയും പിടിച്ച അലമാരിയുടെ മുകളറ്റത്തെവിടെയോ ഭദ്രമായി സൂക്ഷിച്ചിരുന്ന ഒരു വലിയ കണക്കുപുസ്തകം പതിയെ വലിച്ചെടുത്തു. ഇനിയും കുറേ പേജുകൾ എഴുതാതെ ബാക്കിവന്ന ഒരു പഴയ ലെഡ്ജർബുക്ക്.

ഓരോ മാസത്തേയും അവസാനം മൊത്തം തുക കണക്കാക്കിയെഴുതി അതെല്ലാം കൊല്ലക്കണക്കിൽ വേറൊരു പേജിൽ എഴുതിച്ചേർത്തു് അതും കൂട്ടി ഒറ്റത്തുകയാക്കി ഭദ്രമായി എഴുതിവെച്ച ഒരു പറ്റുപുസ്തകം.
വലിയ കുഴപ്പമില്ലാത്തൊരു തുകയുണ്ടായിരുന്നു അതിൽ. എഞ്ചിനീയർ ചെക്കനെ സംബന്ധിച്ചിടത്തോളം വെറും ഒരാഴ്ചത്തെ വട്ടച്ചെലവെന്നു പറയാം.
പക്ഷേ, മാധവൻനായർക്കു് ഒരു ജന്മത്തിന്റെ ഗ്രാറ്റ്വിറ്റിയോ ഇൻഷുറൻസോ ബാങ്ക് ബാലൻസോ ഒക്കെയായിരുന്നു അതു്.

കണക്കുകൾ തീർത്തു് ഞാൻ പടിയിറങ്ങി.
ഒരു പൊക്കിൾക്കൊടി മുറിഞ്ഞുവീണു.
ഒരു ഗ്രാമം അതിന്റെ പറ്റുപുസ്തകത്തിൽ നിന്നും എന്നെ എന്നെന്നേക്കുമായി പുറത്താക്കി.
എന്നിട്ടോടിപ്പോയി.

എന്നെന്നേയ്ക്കും എന്റെ മനസ്സിലും ഓർമ്മയിലും മാത്രമായി ഒളിച്ചിരിക്കാൻ, അതെന്റെ പടിയിറങ്ങിപ്പോയി....

No comments:

Post a Comment

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...