ഗ്രാമത്തിലൊരു വായനശാലയുണ്ടായിരുന്നു. അക്ഷരം കൂട്ടിവായിക്കാൻ പഠിച്ച്, അക്ഷരമാണു ബ്രഹ്മമെന്നു തിരിച്ചറിഞ്ഞ നാൾ (രാധ കന്യാകുമാരി കാണാൻ പോയ രണ്ടാം ക്ലാസ്സ് മലയാളം പാഠത്തിലാണു് ആ ബോധോദയം ഉണ്ടായതു് - ആ ഒരു ദിവസം വരെ , അന്യഥാ ചവറ്റുകുട്ടയിൽ ചെന്നുവീഴുമായിരുന്ന ഒരു ഡിസ്‌ലെക്സിയൻ പരമമന്ദബുദ്ധി ആയിരുന്നു.) മുതൽ ആ വായനശാലയുടെ അടുത്തു് പറ്റിക്കൂടി. ഇച്ചെറുചെക്കന്റെ വായനക്കൊതി കണ്ടു് ഒരു കാരണവർ ഒരു ദിവസം അകത്തേക്കു വിളിച്ചു.
'അണ്ണാൻ കുഞ്ചുവും കീരൻ കുറുക്കനും' ആയിരുന്നു ആദ്യം അദ്ദേഹം വിളിച്ചുതന്ന പുസ്തകം. രണ്ടുവര കയ്യെഴുത്തുപുസ്തകം പോലെ നീണ്ടൊരു ഫോർമാറ്റിൽ വർണ്ണങ്ങളുടെ മായാപ്രപഞ്ചം. അതിൽ ആകെ ഒരു അണ്ണാനും ഒരു കുറുക്കനും.
'കുറുപ്പത്തെ മേനോൻ' എന്നായിരുന്നു അദ്ദേഹത്തിന്റെ പേരു്. വായനയുടെ, അറിവിന്റെ ആദ്യത്തെ തിരി കൊളുത്തിത്തന്നതു് അദ്ദേഹമായിരുന്നു.
നാഷണൽ ബുക്ക് ട്രസ്റ്റിന്റെ 'നെഹ്രു ബാലപുസ്തകാലയ' പംക്തിയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏതാനും ഡസൻ പുസ്തകങ്ങളുണ്ടായിരുന്നു. അതിലെ 'ബാപ്പു', 'നമ്മുടെ പക്ഷികൾ', 'നമ്മുടെ തീവണ്ടികൾ' എന്നീ പുസ്തകങ്ങളായിരുന്നു അടുത്തതു്. മൂന്നു മണിക്കൂറുകൊണ്ടു് അവ മൂന്നും തിന്നുതീർത്തു.
അങ്ങനെ തുടങ്ങിയ വായനയാത്രയിൽ അടുത്ത നാലഞ്ചുകൊല്ലം കൊണ്ടു് ആ വായനശാല മുഴുവൻ തിന്നുതീർത്തു.
അതിൽ ആരൊക്കെയുണ്ടായിരുന്നു?
പി. നരേന്ദ്രനാഥ്, സിസ്റ്റർ മേരി ബനീഞ്ജ, കേശവദേവ്, കാനം, മുട്ടത്തു വർക്കി, വല്ലച്ചിറ മാധവൻ, കോട്ടയം പുഷ്പനാഥ്, ടി. എൻ. ഗോപിനാഥൻ നായർ, ദുർഗാപ്രസാദ് ഖത്രി, കൈനിക്കര കുമാരപ്പിള്ള, ഉറൂബ്, മോപ്പസാങ്ങ്, മോഹനചന്ദ്രൻ, പമ്മൻ, എം.പി. പോൾ, ചങ്ങമ്പുഴ, ടാഗോർ, തകഴി, ആൻഡേഴ്സൺ, പൊറ്റേക്കാടു്, മേതിൽ രാധാകൃഷ്ണൻ, എഡ്ഗാർ അലൻ പോ, സി.വി. രാമൻ പിള്ള, മിഖായേൽ ഷോളഖോവ്, യൂഗോ, കാര്യങ്ങൾ എത്ര സിമ്പിളാണെന്നു് വാട്സണെ തിരിച്ചറിയിച്ചിരുന്ന ഒരു നിഷേധി, ഒരു നീർമാതളപ്പെണ്ണിന്റെ സ്വന്തം കഥ, ദസ്തയോവ്സ്കി, ജോൺ ഗ്ലെൻ, ദുഷ്പ്രഭുപ്പുലയാടിയായ ഒരു വല്യച്ഛൻ, ഹക്കിളിന്റേയും ടോമിന്റേയും തലതൊട്ടപ്പൻ, നീലകണ്ഠൻ പരമാര, കിറുക്കുപിടിച്ച തിരക്കിൽനിന്നും ഓടിയകലുന്ന ഒരു ഹാർഡി, മരുഭൂമിയിലൂടെ നിധി തേടി അലയുന്ന ഒരു റൈഡർ ഹഗാർഡ്, ആറാറുമാസം കാട്ടുജീവിയായി അലയുന്ന ഹംഫ്രി ഡേവിഡ് തോറാ, വീഞ്ഞുകോപ്പയും പിടിച്ചിരിക്കുന്ന ഒരു ലെബനോണി, നിങ്ങൾ പേരു പറഞ്ഞോളൂ, അവരൊക്കെ, ആ ലിസ്റ്റിലുണ്ടായിരുന്നു.
തീരെ കുട്ടിക്കാലത്തു്, ഹോർമോണുകൾ ദിനപര്യന്തങ്ങളായി പൂത്തുവിരിയാഞ്ഞൊരു കാലത്തു്, പ്രേമലേഖനങ്ങളെക്കുറിച്ചു്, മാനവമഹാതതിയുടെ ഉദ്വേഗങ്ങളെക്കുറിച്ചു്, ചോരയുടേയും നിലാവിന്റേയും നിറങ്ങളിലെ മാസ്മരികതകളെക്കുറിച്ചു് അറിയേണ്ടതുപോലെ അറിയാതെ, ഒറ്റവരവിന്റെ മലവെള്ളപ്പാച്ചിലിൽ മട്ടും മാലുമറിയാതെ, വായിച്ചുതള്ളിയ ഒരു കുട്ടിക്കാലത്തെക്കുറിച്ചാണിന്നെന്റെ ഖിന്നത.
മീശ മുളച്ചിരുന്നില്ല. അപ്പോഴേക്കും, വായിക്കാൻ ഇനിയൊരു പുസ്തകവും ബാക്കിയില്ലാതെ ആ വായനശാലപ്പെണ്ണു് എന്നെ നോക്കി വിഷണ്ണയായി നിന്നു.
എന്നിട്ടെന്തുണ്ടായി? ഒരു നാൾ, ആ വായന മുഴുവൻ മരിച്ചുപോയി... !
ഇന്നു് ഏതു പുസ്തകമാണു് എന്നെ ബാധയായിപ്പടർന്നതെന്നു് ആരെങ്കിലും ചോദിക്കുമ്പോൾ, എനിക്കറിയുന്നില്ല ആരാരെ, ഏതേതിനെ ഒരു പേരായിപ്പറയണമെന്നു്....
(ഫേസ്ബുക്ക് 24 ഒൿറ്റോബർ 2014)
എല്ലാം ചേർന്ന് ഒരൊറ്റ ചമ്മന്തിയായതാണ് നിങ്ങൾ. ഇടക്കു തൊട്ടുകൂട്ടാൻ ഞങ്ങൾക്കും കിട്ടുന്നു.
ReplyDelete