Friday, June 16, 2017

കോഴിക്കക്കൂസയിലെ ടെലിവിഷൻ

ഭാവി എത്ര കണ്ടു് അതിശയപ്പെടുത്തുന്നതാവുമെന്നു് ഒരിക്കലും മുൻകൂട്ടിപ്പറയാൻ പറ്റില്ല.
പൊതുവേ നാമൊക്കെ ദുരന്താശങ്കകളാണു് ഭൂമിയെപ്പറ്റി പങ്കുവെക്കാറുള്ളതെങ്കിലും എനിക്കു തോന്നുന്നതു് നമ്മുടേതിനേക്കാൾ ഭാസുരമായ ഒരു ലോകം തന്നെയാണു് ഇനിയുമിനിയും രൂപപ്പെട്ടുകൊണ്ടിരിക്കുന്നതെന്നു തന്നെയാണു്.



മൊബൈൽ ഫോണിന്റെ അവതാരമാണു് ഒരു ഉദാഹരണം.

20 കൊല്ലം മുമ്പ് നമ്മുടെ നാട്ടിൽ ഇങ്ങനെയൊരു ലോകം പ്രതീക്ഷിച്ചിരുന്നോ?

1993ൽ ഒരു ദിവസം ഗർവ്വിഷ്ഠനായ ഒരു അറബി എന്റെ ഓഫീസിലെ ഒരു തഞ്ചാവൂർക്കാരൻ ചായ്ബോയിയെ ചീത്ത പറഞ്ഞു. മേശപ്പുറത്തുവെച്ചിരുന്ന, ശവപ്പെട്ടിയുടെ വലിപ്പമുള്ള മൊബൈൽ ഫോണിൽ ആ പാവം കൗതുകം കൊണ്ടു് ഒന്നു തൊട്ടുനോക്കിയതായിരുന്നു. അയിനാണു്.

എനിക്കും വല്ലാതെ ദേഷ്യവും സങ്കടവും വന്നു. പാടില്ലാത്ത ഒരു ധിക്കാരത്തോടെ, ആ അറബിയോടു ഞാൻ പറഞ്ഞു, "പത്തേ പത്തുകൊല്ലത്തിനുള്ളിൽ, ഈ പയ്യൻ ഇതിനേക്കാൾ മിടുക്കും റേഞ്ചുമുള്ള ഒരു കാർ ഫോൺ (അന്നു് കാർ ഫോൺ എന്നാണു വിളിച്ചിരുന്നതു്) അവന്റെ പോക്കറ്റിലിട്ടുകൊണ്ടു നടക്കും. നിങ്ങളുടെ കയ്യിലിരിക്കുന്ന ആ സിഗരറ്റ് ലൈറ്ററിന്റെ അത്ര പോലും വില വേണ്ടിവരില്ല അതിനു്!"
എന്റെ ശാപം ഫലിക്കാൻ അഞ്ചുകൊല്ലം പോലും വേണ്ടി വന്നില്ല!

അഞ്ചിൽ പഠിക്കുന്ന കാലത്തു് ഏതോ ക്വിസ് പരീക്ഷയിൽ സമ്മാനം കിട്ടിയ ഒരു ഇംഗ്ലീഷ് സചിത്ര-വർണ്ണപ്പുസ്തകം അന്നത്തെ അമേരിക്കൻ ആധുനികലോകം ഉപയോഗിച്ചുകൊണ്ടിരുന്ന വീട്ടുപകരണങ്ങളേയും വാഹനങ്ങളേയും പറ്റിയായിരുന്നു. അതിലാണു് ടെലിവിഷൻ എന്ന മാന്ത്രികപ്പെട്ടിയുടെ ഒരു ചിത്രം ആദ്യമായി കാണുന്നതു്.

ഏതാനും മാസങ്ങൾക്കുള്ളിൽ തൃശ്ശൂർ നെഹ്രു പാർക്കിൽ വെച്ച് ഒരു യഥാർത്ഥ വിദൂരചിത്രദർശിനി കാണാൻ ഭാഗ്യമുണ്ടായി. ATS-6 എന്ന നാസയുടെ പരീക്ഷണ ഉപഗ്രഹത്തിന്റെ സഹായത്തോടെ ദൂരദർശൻ തുടങ്ങിവെച്ച Satellite Instructional Television Experiment SITE (1975-76) എന്ന പദ്ധതിയുടെ ഭാഗമായി തൃശ്ശൂക്കാർക്കു ലഭിച്ച സമ്മാനമായിരുന്നു ആ ബ്ലാക്ക് ആൻഡ് വൈറ്റ് അത്ഭുതപ്പെട്ടി.

അതു കണ്ടതോടെ പൂർണ്ണബോദ്ധ്യം വന്ന ഞാൻ, വേലിക്കപ്പുറം പോയ തുണിപ്പന്തു് ഉമ്പാപ്പുവും ചന്ദ്രുട്ടിയും പെറുക്കിക്കൊണ്ടുവരുന്ന കൊച്ചിട നേരത്തു് ടീമിലെ കൂട്ടുകാരോടു സൊറ പറയുമ്പോൾ, ഇങ്ങനെയൊരു സാധനമുണ്ടെന്നും അതിൽ സിനിമ കാണാൻ പറ്റുമെന്നും പറഞ്ഞു. കുട്ടിക്കുറുമ്പുചങ്ങാതിമാരായിരുന്ന സത്യനും (Sathiaseelan Varadiyattil) മുകുന്ദനും ഭരതനും ഉണ്ണിക്കുട്ടനും രമേശനും ചീരാത്തനുമൊക്കെ അന്നു കളിയാക്കിച്ചിരിച്ചതിനു് കണക്കില്ല. അവരുടെ ഇടയിൽ, നാഗരികതയുടെ അവസാനത്തെ വാക്കായ 'ശ്ശൂർ' പട്ടണത്തിന്റെ ടെൿനോളജി അംബാസ്സഡറായിരുന്നു മാസത്തിൽ രണ്ടുതവണയെങ്കിലും തൃശ്ശൂരങ്ങാടി കാണാൻ യോഗമുള്ള ഞാൻ.

എനിക്കു ക്രോധം ഇരച്ചുവന്നു.

"സത്യമായും ഞാൻ വലുതാവുമ്പോൾ വലിയ പണക്കാരനായി അത്തരം ഒരു ടീവി എന്റെ കക്കൂസിൽ തന്നെ ഫിറ്റ് ചെയ്യും!" എന്നു ഞാൻ അവരോടു ദൃഢപ്രതിജ്ഞ ചെയ്തു.

 കുറച്ചുവർഷം മുമ്പുവരെ, അവധിക്കു വരുന്ന എന്നോടു് എല്ലാ പ്രാവശ്യവും അവരിലൊരുവൻ കളിയാക്കിച്ചോദിച്ചുകൊണ്ടിരുന്നു, കക്കൂസിൽ ടീവി വാങ്ങിവെക്കുന്നില്ലേ?"

തൊടിയുടെ അങ്ങാപ്പുറത്തു് രണ്ടടി വീതിയിൽ മൂന്നടി ആഴത്തിൽ നാലടി നീളത്തിൽ കുഴിവെട്ടി മുകളിലൊരു ജോഡി മുളന്തണ്ടുമിട്ടു് മൂന്നേമുക്കാൽ ദിക്കും ഓലമടലിട്ടു മറച്ച 'കോഴി'ക്കക്കൂസകൾ അക്കാലമായപ്പോഴേക്കും നാടുവിട്ടുപോയിരുന്നു.

എങ്കിലും,
കടലിനക്കരെയുള്ള വീട്ടിൽ, സ്വന്തമായി ലക്ഷണമൊത്ത ഒരു ഹോം തിയ്യറ്റർ നെറ്റ്‌വർക്ക് തന്നെ ഒരുക്കിവെച്ചിട്ടുള്ള ഞാൻ വെറുതെ പുഞ്ചിരിക്കുക മാത്രം ചെയ്തുകൊണ്ടുമിരുന്നു. അത്തരം പരിപാടികളെക്കുറിച്ചൊക്കെ അവനെ എങ്ങനെ പറഞ്ഞുമനസ്സിലാക്കാനാണു്!

ഈയിടെ സ്മാർട്ട്ഫോണിൽ യൂട്യൂബിലോ വാട്ട്സ്ആപ്പിലോ സിനിമ കണ്ടുകൊണ്ടിരുന്ന അവനോടു ഞാൻ ചോദിച്ചു:
"നിനക്കെപ്പൊഴും ഇതു കാണലെന്ന്യാ പരിപാടി"?
"ങ്ഹും. എന്തേ?"
"ടോയ്‌ലറ്റിലിരിക്കുമ്പോഴും?"
"ചിലപ്പൊഴൊക്കെ"
വിജയാഹ്ലാദത്തോടെ ഞാൻ പറഞ്ഞു: "ആഹാ! ഓർമ്മയുണ്ടോ ഈ മുഖം? ഇപ്പോൾ നീ തന്നെ കക്കൂസിലിരുന്നു ടീവി കാണാൻ തുടങ്ങി, അല്ലേ? ഞാനാണെങ്കിൽ ഇപ്പോൾ ടീവിയും സിനിമയും കാണാറേ ഇല്ല. അത്ര കണ്ടു മടുത്തു കഴിഞ്ഞു"


76-ൽ സ്വരാജ് റൗണ്ടിലെ സൗത്ത് ഇന്ത്യൻ ബാങ്കിൽ ഒരു ക്ലർക്കിന്റെ മേശപ്പുറത്താണു് ആദ്യമായി, മനുഷ്യരെപ്പോലെ ബുദ്ധിയുള്ള, കണക്കുകൂട്ടുന്ന ഒരു മിഷ്യൻ കാൽക്കുലേറ്റർ കണ്ടതു്. തിളങ്ങുന്ന പച്ചക്കഷ്ണങ്ങളിൽ മിന്നിക്കൊണ്ടിരുന്ന അതിന്റെ മുഖത്തോളം തന്നെ എനിക്കതിന്റെ പതുപതുത്ത മേനിയിലെ ബട്ടൻ‌കട്ടകളേയും ഇഷ്ടമായി.

അച്ഛനുമായി എന്തോ ലോണിന്റെ കാര്യത്തെപ്പറ്റി ഗൗരവമായി സംസാരിച്ചുകൊണ്ടിരുന്ന ആ മീശക്കാരനോടു് ധൈര്യമവലംബിച്ചു ചോദിച്ചു:"ഇതൊന്നു ഞെക്കിനോക്കട്ടെ?"
വളരെ ലാഘവത്തോടെ അദ്ദേഹം പുഞ്ചിരിച്ചു. എന്നിട്ട് വാത്സല്യപൂർവ്വം അതു തൊട്ടുനോക്കാൻ തന്നു. ഞാൻ അതിൽ എന്റെ ആദ്യത്തെ കണക്കും ചെയ്തു: ആദ്യം ഒന്നു്. പിന്നെ പ്ലസ് എന്ന ചിഹ്നം. അതുകഴിഞ്ഞ് രണ്ടു്. എന്നിട്ട് സമം എന്ന ബട്ടൺ.
അപ്പൊഴുണ്ടെടാ, പച്ചമുഖത്തു തെളിഞ്ഞുവരുന്നു, "മൂന്നു്!"

അന്നു തീരുമാനിച്ചു, ഈ ലോകത്തു് ഇനി കാര്യങ്ങളൊക്കെ മാറാൻ പോവുകയാണു്. എന്റെ ഭാവിയും ജോലിയും ജീവിതവും ഇനി ഇതിനോടൊപ്പം.

എഞ്ചിനീയറിങ്ങ് കോളേജിൽ വിവിധയിനം കാൽക്കുലേറ്ററുകളുടെ ചാകരയായിരുന്നു. പ്രസാദിന്റെ കയ്യിൽ LCD ഡിസ്പ്ലേ ഉള്ള ചെറുതൊരെണ്ണം: Casio FX-115. വിൽസൺ ഫ്രാൻസീസിന്റെ കൈയിലേതു് FX-120. Sali Kmന്റെ കാൽക്കു ഷാർപ്പ് EL-506 ആയിരുന്നുവെന്നു തോന്നുന്നു. ക്ലാസ്സിലെ ഏറ്റവും ചെറുതു്. Sebi Paul ആണു് അത്ഭുതപ്പെടുത്തിക്കളഞ്ഞതു്. അവന്റെ FX-700Pയിൽ ഫോർമുലകൾ വരെ സ്റ്റോർ ചെയ്തുവെക്കാം! എന്റേതാവട്ടെ ഒരു സാദാ Fx-82. എങ്കിലും നാട്ടിലെ സ്റ്റാൻഡാർഡ് സ്കൂട്ടർ ആയ ലാംബ്രട്ട പോലെ, വീട്ടിലെ സ്റ്റാൻഡാർഡ് സോപ്പായ 'ലൈബോയി' പോലെ, വലിയ അഹങ്കാരമൊന്നുമില്ലെങ്കിലും സ്വന്തം ജോലി മര്യാദയ്ക്കു ചെയ്യുന്നവൻ.

പിന്നീട് അന്ത്യസെമസ്റ്ററുകളിലൊന്നിൽ, സുമ (Suma Mukundan) എന്റെ ഓട്ടോഗ്രാഫിൽ എഴുതി: "എന്നു് എവിടെ ഒരു കാൽക്കുലേറ്റർ കാണുമ്പോഴും ഞാൻ വിശ്വത്തിനെ ഓർത്തോളാം". ഇപ്പൊഴും അവൾ കാൽക്കുലേറ്ററുകൾ പതിവായി കാണാറുണ്ടോ എന്നറിയില്ല. അതുകൊണ്ടാവാം, ഒരു പക്ഷേ, ഇപ്പോളവളെന്നെ ഓർക്കാറുമുണ്ടാവാറില്ല. :)

 ഈയിടെ, ഞാനും കാൽക്കുലേറ്ററുകൾ അപൂർവ്വമായാണു കാണുന്നതു്. എനിക്കുചെയ്യേണ്ട കണക്കുകൾ മിക്കപ്പോഴും ഏതോ ക്ലൗഡ് സർവ്വറിലെ ഗൂഗിൾ സ്പ്രെഡ് ഷീറ്റിലിരുന്നു് സ്വയം ചെയ്തുതീരപ്പെടുകയാണിന്നു്.

ഒന്നോർത്താൽ, എക്കാലവും കമ്പ്യൂട്ടറിനേക്കാൾ പ്രേമമുണ്ടായിരുന്നതു് റേഡിയോയോടായിരുന്നു. പക്ഷേ, അതേപ്പറ്റി വേറെത്തന്നെ ഒരു നീണ്ടകഥയെഴുതാനുണ്ടു്. അതു പിന്നെയാവാം.
ഇനിയും വരാൻ പോകുന്ന ഭാവിസങ്കേതങ്ങളെക്കുറിച്ചു് ഞാനിപ്പോഴും സ്വപ്നങ്ങൾ കാണാറുണ്ടു്. അവയെക്കുറിച്ചു കേട്ട് ആളുകൾ ഇപ്പോഴും പരിഹസിക്കാറുമുണ്ടു്. അതിൽ 'ബം ആന്റിന'മുതൽ ദേശീയ 'കേബിൾ കാർ നെറ്റ്‌വർക്കു് വരെ ഉൾപ്പെടും. തൃശ്ശൂർ നിന്നു കയറിയാൽ പെറുവിലോ സിഡ്നിയിലോ ചെന്നിറങ്ങാവുന്ന തീവണ്ടി മുതൽ വെറുമൊരു മൊബൈൽഫോട്ടോ വഴി ഒരു താളിയോലയുടെ പന ഏതു നാട്ടിൽ ഏതുകൊല്ലം ഉണ്ടായ ഏതു ജനുസ്സിന്റെ എത്രാമത്തെ തലമുറയാണെന്നുവരെ അറിയാവുന്ന റേഡിയോ ഇമ്മ്യൂണോഫ്ലൂറസെൻസ് മൊളിക്യുലർ എക്സ്പ്രെഷൻ മൈക്രോസ്കോപ്പി- പ്രോസസ്സിങ്ങ്, ഇവാലുവേഷൻ & റിവ്യൂ (RIMEMPER) വരെ ആ സ്വപ്നങ്ങളിൽ തെളിഞ്ഞുമായാറുണ്ടു്. പ്രോട്ടീൻ കമ്പ്യൂട്ടിങ്ങ്, അരിഫാക്ടറി ഒക്കെ വേറെ!
ഇനി വരാൻ പോകുന്ന പത്തുവർഷത്തിനുള്ളിൽ തന്നെ ടെൿനോളജിയുടെ ലോകത്തു് എന്തൊക്കെ സംഭവിക്കും എന്നു നമുക്കു് ഇപ്പോൾ കാര്യമായൊന്നും സ്വപ്നം കാണാനാവില്ല. ലോകം അത്ര കണ്ടു് പരസ്പരം തുറന്നുകഴിഞ്ഞു. ഇവിടെയിപ്പോൾ ജനിച്ചുവളർന്നുവരുന്ന ഓരോ തലച്ചോറുകളും ഐഡിയകളുടെ ഓരോ പവർ ഹൗസുകളാണു്. അതോരോന്നും പരസ്പരം കൊണ്ടും കൊടുത്തും പടർന്നുകയറുന്നതിന്റെ വരുമാനക്കണക്കെടുക്കേണ്ടതു് ഇനി, സങ്കലനപ്പട്ടിക കൊണ്ടല്ല ഗുണകോഷ്ഠം കൊണ്ടാണു്.

പൊതുവേ നാമൊക്കെ ദുരന്താശങ്കകളാണു് ഭൂമിയെപ്പറ്റി പങ്കുവെക്കാറുള്ളതെങ്കിലും എനിക്കു തോന്നുന്നതു് നമ്മുടേതിനേക്കാൾ ഭാസുരമായ ഒരു ലോകം തന്നെയാണു് ഇനിയുമിനിയും രൂപപ്പെട്ടുകൊണ്ടിരിക്കുന്നതെന്നു തന്നെയാണു്. ഇവിടെ ഉദിച്ചസ്തമിച്ചുപോയ പഴങ്കാലത്തലമുറകളെ മുൻവിധികളില്ലാതെ തിരിഞ്ഞുനോക്കുമ്പോഴും, അങ്ങനെത്തന്നെയായിരുന്നു താനും.

അനുനിമിഷം ചടുലമായിക്കൊണ്ടിരിക്കുന്ന ആ സംസാരനർത്തനത്തിനൊപ്പം താളം തെറ്റാതെ ചുവടുവെക്കാനുള്ള കഴിവു നമുക്കെപ്പോഴുമുണ്ടായിരിക്കണമെന്നു മാത്രം.

(ഫേസ്ബുക്ക് ജൂൺ2, 2016)

No comments:

Post a Comment

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...