Friday, June 16, 2017

We are trying even more...

[കാലം ചെല്ലുംതോറും രക്തത്തിലെ പഞ്ചസാരയുടെ സ്വീകാര്യമായ അളവു് കുറച്ചുകുറച്ചുകൊണ്ടുവരുന്നതു്, ഡോക്ടർമാരെല്ലാം കൂടി നടത്തുന്ന ഒരു അന്താരാഷ്ട്രഗൂഡതന്ത്രത്തിന്റെ ഭാഗമാണെന്നു് ചില ഡാം സ്റ്റുപ്പിഡ് ഇഡിയറ്റുകൾ പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നു...]

എന്റെയൊക്കെ കുട്ടിക്കാലത്തു് പിങ്കു നിറമുള്ള ഒരു പൊടി വെള്ളത്തിൽ കലക്കിയതാണു് എല്ലാ രോഗങ്ങൾക്കും ലഭിക്കുന്ന സർവ്വരോഗസംഹാരി. സർക്കാർ വക ഡിസ്പെൻസറിയിൽ ഒരു കുപ്പിയും കൊണ്ടുപോയാൽ അതു് സൗജന്യമായി ലഭിക്കും.

പനി, തലവേദന, വയറുവേദന തുടങ്ങി രക്താർബ്ബുദത്തിനുവരെ അതു മതി.
അഥവാ അർബ്ബുദം ബാധിച്ചിരിക്കുന്നതു് ശരീരത്തിനു പുറത്താണെങ്കിൽ, അല്ലെങ്കിൽ കാറപകടത്തിൽ തല കഴുത്തിൽനിന്നു് വേർപ്പെട്ടിരിക്കുകയാണെങ്കിൽ, ജെൻഷ്യൻ വയലറ്റ്. വേണമെങ്കിൽ കുറച്ചു് ടിങ്‌ചർ അയോഡിനും. തീപ്പൊള്ളലാണെങ്കിലും അതു മതി.
ഡോക്ടറും ഹാപ്പി. രോഗിയും ഹാപ്പി.
ഇപ്പഴൊക്കെ എന്തു ചികിത്സ? എന്തു മരുന്നു്! എത്ര വലിയ അസുഖമുണ്ടെങ്കിലും ഒരു കുഞ്ഞുപൊതിയിൽ കണ്ണിൽ പെടാൻ പോലും വലിപ്പമില്ലാത്ത നാലോ അഞ്ചോ ഗുളികകൾ! ച്ഛായ്!

വെറും നാല്പതുവർഷത്തിനുള്ളിൽ എത്ര വലിയ മാറ്റമാണു് നമ്മുടെ ആരോഗ്യപദ്ധതികളിൽ സംഭവിച്ചതെന്നറിയണമെങ്കിൽ ആ പഴയ കാലത്തിലും ജീവിച്ചിരുന്നിരിക്കണം. രോഗികൾക്കും അപകടങ്ങൾക്കിരയായവർക്കും ആകെ ലഭ്യമായ രക്ഷാമാർഗ്ഗങ്ങൾ എത്ര പ്രാകൃതമായിരുന്നു എന്നു് ഇന്നു ചിന്തിക്കാൻ പോലുമാവില്ല.

ഇക്കാലത്തു്, ഏറ്റവും ലാഭത്തിൽ കൊള്ളചെയ്യാൻ വേണ്ടി ആരെങ്കിലുമൊക്കെക്കൂടി ഷുഗർ ലെവൽ കൂടെക്കൂടെ താഴേക്കു സെറ്റ് ചെയ്തു് ശരീരം പ്രോഗ്രാം ചെയ്തുവെയ്ക്കുന്നൊന്നുമില്ല. ജീവിതത്തിന്റെ ഗുണമേന്മയും ദൈർഘ്യവും കൂടുന്നതിനനുസരിച്ചു്, കൂടുതൽ ശോഭനവും സുഖസ്ഥായിയുമായ ഭാവി പ്രതീക്ഷിക്കുമ്പോൾ നമ്മുടെ പല 'റീഡിങ്ങു'കളും പുതുക്കിയെന്നു വരും. ഒരു കാലത്തു് സാധാ ഹവായ് ചെരുപ്പുപോലും ഉപയോഗിക്കാതിരുന്ന നമ്മൾക്കിപ്പോൾ ബാറ്റയുടെ ഷൂസെങ്കിലും നിർബന്ധമായതുപോലെത്തന്നെ.

തിമിരം, അസ്ഥിക്ഷയം, ശ്വാസഭംഗം, പ്രമേഹം, അർബ്ബുദം, ഹൃദയസ്തംഭനം, മസ്തിഷ്കാഘാതം, മഹോദരം, അൾഷിമേഴ്'സ് തുടങ്ങിയ രോഗങ്ങളൊക്കെ ഒരാളൊഴിയാതെ എല്ലാർക്കും നിശ്ചയമായും വരും. ഭാഗ്യവും ആരോഗ്യവുമുള്ള ഒരാൾക്കു് അങ്ങനെയൊക്കെ വരാൻ പത്തിരുനൂറു വർഷം വരെ ജീവിച്ചിരിക്കേണ്ടിവന്നേക്കാം. പക്ഷേ അതിനുമുമ്പേ അയാൾ കാറിടിച്ചോ ഇടിമിന്നലേറ്റോ മരിച്ചിരിക്കും. It is only a matter of how long you live before one or other part of your body complex stops functioning in its wonderful and meticulous normal way.
മുമ്പൊക്കെ, ഏതാണു രോഗമെന്നുപോലും നാം തിരിച്ചറിയാറില്ല. ഡിസ്പെൻസറിയിലെ മരുന്നു് സർവ്വരോഗസംഹാരിയായിരുന്നതു് ആ ഗതികേടുകൊണ്ടാണു്. മൂത്ത അർബ്ബുദം വന്നാലും, 'വയറ്റിലൊരു മുഴ വന്നു പഴുത്തു നീരുകെട്ടി. അയാൾ അങ്ങനെ കാഞ്ഞുപോയി' എന്ന ഒരൊറ്റ വാചക പോസ്റ്റ്-മോർട്ടം ഡയഗ്നോസിസിൽ മിക്കപ്പോഴും ഓരോ കഥയും കഴിയും. 50 വയസ്സായ വൃദ്ധൻ മരിച്ചുപോയി എന്നു സ്വ.ലേ.കൾ പത്രവാർത്തയെഴുതും. വയസ്സു 35 കഴിഞ്ഞാൽ നിങ്ങൾ ചുരുങ്ങിയ പക്ഷം മദ്ധ്യവയസ്കനെങ്കിലുമാവും.

കിഡ്നിയോ ഹാർട്ടോ ബ്രെയിനോ ഒക്കെ ഒറിജിനൽ പീസുതന്നെ നന്നായി വർക്കു ചെയ്യുന്നുണ്ടെങ്കിൽ അതുതന്നെയാണു് എപ്പോഴും നല്ലതു്. അങ്ങനെ വർക്കു ചെയ്യാൻ ഇട വരട്ടെ എന്ന ഉദ്ദേശത്തിലാണു് ഷുഗറും പ്രഷറും കൊളസ്റ്ററോളും ഒക്കെ ഇത്രത്തോളം മതിയെന്നു് ഭിഷഗ്വരന്മാർ പറഞ്ഞുതരാൻ ശ്രമിക്കുന്നതു്.

ഇനി, ഇതൊക്കെ ചെയ്താലും, ദൗർഭാഗ്യവശാൽ, അവയ്ക്കും കേടു സംഭവിക്കാം. വഴിയിൽ വെച്ചു് പഞ്ചർ ആയിപ്പോകുന്ന ടയർ പോലെ.

അപ്പോൾ രണ്ടു് ഓപ്ഷനുണ്ടു്. മറ്റൊരാൾക്കു് ആവശ്യമില്ലാത്തതോ അത്യാവശ്യമില്ലാത്തതോ ആയ സ്റ്റെപ്പിനി ടയർ ഉണ്ടെങ്കിൽ, അയാൾ അതു കടം തരാൻ തയ്യാറാണെങ്കിൽ, യാത്ര കുറേക്കൂടി നീട്ടാം. അല്ലെങ്കിൽ യാത്ര അവിടെവെച്ചുനിർത്താം.
സ്വന്തം ജീവനു് ഒരു ആൾട്ടർനേറ്റീവ് ഓപ്ഷൻ ഒരിക്കലുമില്ല. ഒന്നുകിൽ നിങ്ങൾക്കു് ജീവിക്കാം.

അല്ലെങ്കിൽ?
അല്ലെങ്കിൽ ഒന്നുമില്ല. ഈ ലോകം തന്നെയില്ല. ജീവിയെസംബന്ധിച്ചു്, ജീവന്റെ അവസാനം ഈ പ്രപഞ്ചത്തിന്റെ അവസാനം തന്നെയാണു്. ഒരു വയ്ക്കോൽത്തുരുമ്പിലെങ്കിലും ഞാന്നുവലിച്ചുപിടിച്ചുനിന്നു് ഒരു നിമിഷമെങ്കിലും കൂടുതൽ ജീവിക്കാമെന്നു് പ്രത്യാശിച്ചുകൊണ്ടാണു് പുഴുക്കൾ പോലും അവയുടെ സനാതനസമരം ചെയ്യുന്നതു്. താൻ ചത്തു മീൻ പിടിച്ചാൽ ഒരു തത്ത്വശാസ്ത്രവും തങ്ങളെ സഹായിക്കാനുണ്ടാവില്ല എന്നു് അവയ്ക്കുപോലും അറിയാം.
ഒരു കാലത്തു് സ്വന്തം ടയറിലെ കാറ്റുപോയാൽ അവിടെവെച്ചു് യാത്ര നിർത്തിക്കോളണം എന്ന ഒരൊറ്റ ഓപ്ഷനേ ഉണ്ടായിരുന്നുള്ളൂ. ഇന്നു് മറ്റു പോംവഴികൾ കൂടി ലഭ്യമാണു്. ചുരുങ്ങിയ പക്ഷം, അടുത്ത ഓട്ടോറിക്ഷാ സ്റ്റാൻഡ് വരെയെങ്കിലും ഓടിയെത്താം. അത്രത്തോളം, നാം മോഡേൺ മെഡിസിനും (വേണമെങ്കിൽ ദൈവത്തിനും) നന്ദി പറയുക.

വൈദ്യശാസ്ത്രലോകവും ഔഷധലോകവും പരിപൂർണ്ണസുന്ദരമാണെന്നും നിഷ്കളങ്കമാണെന്നും അർത്ഥമാക്കുന്നില്ല. മറ്റെല്ലാ രംഗത്തിലുമെന്നപോലെ, കൊള്ളലാഭത്തിനോടുള്ള ഭ്രമം, പിടിപ്പുകേടു്, അശ്രദ്ധ, പിഴയ്ക്കുന്ന കൈക്രിയകളും അനുമാനങ്ങളും ഒക്കെ അവിടെയും ഇഷ്ടം പോലെയുണ്ടു്. പക്ഷേ, അതു് പുതിയ ചികിത്സാരീതികളെ അവമതിക്കാനുള്ള ഒഴികഴിവുകളല്ല.
തെറ്റായി രോഗനിർണ്ണയം നടക്കുന്നതും അണുബാധ മൂലം മരിക്കുന്നതും പ്രിസ്ക്രിപ്ഷൻ പിഴച്ചുപോകുന്നതും ഒന്നും ശാസ്ത്രത്തിന്റെ കുറ്റമല്ല. അതു പ്രയോഗിക്കുന്നവരുടെ അറിവുകേടോ അശ്രദ്ധയോ, പ്രയോഗത്തിൽ വരുത്തേണ്ട ഭരണസംവിധാനങ്ങളുടെ ഉത്തരവാദിത്തമില്ലായ്മയോ മൂലമാണു്. യുദ്ധം ചെയ്യേണ്ടതു് നാമൊക്കെ സ്വതേ ശീലമാക്കിവെച്ചിരിക്കുന്ന ആ 'കൊയപ്പല്യാ'സംസ്കാരത്തിനോടാണു്. അല്ലാതെ, സ്റ്റെപ്പിനി ടയർ നൽകാൻ തയ്യാറാവുന്ന സുഹൃത്തിനോടല്ല.

ആത്യന്തികമായി, ജീവൻ ജീവനോടും മനുഷ്യൻ മനുഷ്യനോടും എല്ലാക്കാലത്തും പറഞ്ഞുകൊണ്ടിരിക്കുന്ന ലളിതമായ വാചകം ഇതാണു്:
"We are trying..
We hope we will accomplish..
We are trying even more..
And we will continue trying until we accomplish or perish completely".

കോഴിക്കക്കൂസയിലെ ടെലിവിഷൻ

ഭാവി എത്ര കണ്ടു് അതിശയപ്പെടുത്തുന്നതാവുമെന്നു് ഒരിക്കലും മുൻകൂട്ടിപ്പറയാൻ പറ്റില്ല.
പൊതുവേ നാമൊക്കെ ദുരന്താശങ്കകളാണു് ഭൂമിയെപ്പറ്റി പങ്കുവെക്കാറുള്ളതെങ്കിലും എനിക്കു തോന്നുന്നതു് നമ്മുടേതിനേക്കാൾ ഭാസുരമായ ഒരു ലോകം തന്നെയാണു് ഇനിയുമിനിയും രൂപപ്പെട്ടുകൊണ്ടിരിക്കുന്നതെന്നു തന്നെയാണു്.



മൊബൈൽ ഫോണിന്റെ അവതാരമാണു് ഒരു ഉദാഹരണം.

20 കൊല്ലം മുമ്പ് നമ്മുടെ നാട്ടിൽ ഇങ്ങനെയൊരു ലോകം പ്രതീക്ഷിച്ചിരുന്നോ?

1993ൽ ഒരു ദിവസം ഗർവ്വിഷ്ഠനായ ഒരു അറബി എന്റെ ഓഫീസിലെ ഒരു തഞ്ചാവൂർക്കാരൻ ചായ്ബോയിയെ ചീത്ത പറഞ്ഞു. മേശപ്പുറത്തുവെച്ചിരുന്ന, ശവപ്പെട്ടിയുടെ വലിപ്പമുള്ള മൊബൈൽ ഫോണിൽ ആ പാവം കൗതുകം കൊണ്ടു് ഒന്നു തൊട്ടുനോക്കിയതായിരുന്നു. അയിനാണു്.

എനിക്കും വല്ലാതെ ദേഷ്യവും സങ്കടവും വന്നു. പാടില്ലാത്ത ഒരു ധിക്കാരത്തോടെ, ആ അറബിയോടു ഞാൻ പറഞ്ഞു, "പത്തേ പത്തുകൊല്ലത്തിനുള്ളിൽ, ഈ പയ്യൻ ഇതിനേക്കാൾ മിടുക്കും റേഞ്ചുമുള്ള ഒരു കാർ ഫോൺ (അന്നു് കാർ ഫോൺ എന്നാണു വിളിച്ചിരുന്നതു്) അവന്റെ പോക്കറ്റിലിട്ടുകൊണ്ടു നടക്കും. നിങ്ങളുടെ കയ്യിലിരിക്കുന്ന ആ സിഗരറ്റ് ലൈറ്ററിന്റെ അത്ര പോലും വില വേണ്ടിവരില്ല അതിനു്!"
എന്റെ ശാപം ഫലിക്കാൻ അഞ്ചുകൊല്ലം പോലും വേണ്ടി വന്നില്ല!

അഞ്ചിൽ പഠിക്കുന്ന കാലത്തു് ഏതോ ക്വിസ് പരീക്ഷയിൽ സമ്മാനം കിട്ടിയ ഒരു ഇംഗ്ലീഷ് സചിത്ര-വർണ്ണപ്പുസ്തകം അന്നത്തെ അമേരിക്കൻ ആധുനികലോകം ഉപയോഗിച്ചുകൊണ്ടിരുന്ന വീട്ടുപകരണങ്ങളേയും വാഹനങ്ങളേയും പറ്റിയായിരുന്നു. അതിലാണു് ടെലിവിഷൻ എന്ന മാന്ത്രികപ്പെട്ടിയുടെ ഒരു ചിത്രം ആദ്യമായി കാണുന്നതു്.

ഏതാനും മാസങ്ങൾക്കുള്ളിൽ തൃശ്ശൂർ നെഹ്രു പാർക്കിൽ വെച്ച് ഒരു യഥാർത്ഥ വിദൂരചിത്രദർശിനി കാണാൻ ഭാഗ്യമുണ്ടായി. ATS-6 എന്ന നാസയുടെ പരീക്ഷണ ഉപഗ്രഹത്തിന്റെ സഹായത്തോടെ ദൂരദർശൻ തുടങ്ങിവെച്ച Satellite Instructional Television Experiment SITE (1975-76) എന്ന പദ്ധതിയുടെ ഭാഗമായി തൃശ്ശൂക്കാർക്കു ലഭിച്ച സമ്മാനമായിരുന്നു ആ ബ്ലാക്ക് ആൻഡ് വൈറ്റ് അത്ഭുതപ്പെട്ടി.

അതു കണ്ടതോടെ പൂർണ്ണബോദ്ധ്യം വന്ന ഞാൻ, വേലിക്കപ്പുറം പോയ തുണിപ്പന്തു് ഉമ്പാപ്പുവും ചന്ദ്രുട്ടിയും പെറുക്കിക്കൊണ്ടുവരുന്ന കൊച്ചിട നേരത്തു് ടീമിലെ കൂട്ടുകാരോടു സൊറ പറയുമ്പോൾ, ഇങ്ങനെയൊരു സാധനമുണ്ടെന്നും അതിൽ സിനിമ കാണാൻ പറ്റുമെന്നും പറഞ്ഞു. കുട്ടിക്കുറുമ്പുചങ്ങാതിമാരായിരുന്ന സത്യനും (Sathiaseelan Varadiyattil) മുകുന്ദനും ഭരതനും ഉണ്ണിക്കുട്ടനും രമേശനും ചീരാത്തനുമൊക്കെ അന്നു കളിയാക്കിച്ചിരിച്ചതിനു് കണക്കില്ല. അവരുടെ ഇടയിൽ, നാഗരികതയുടെ അവസാനത്തെ വാക്കായ 'ശ്ശൂർ' പട്ടണത്തിന്റെ ടെൿനോളജി അംബാസ്സഡറായിരുന്നു മാസത്തിൽ രണ്ടുതവണയെങ്കിലും തൃശ്ശൂരങ്ങാടി കാണാൻ യോഗമുള്ള ഞാൻ.

എനിക്കു ക്രോധം ഇരച്ചുവന്നു.

"സത്യമായും ഞാൻ വലുതാവുമ്പോൾ വലിയ പണക്കാരനായി അത്തരം ഒരു ടീവി എന്റെ കക്കൂസിൽ തന്നെ ഫിറ്റ് ചെയ്യും!" എന്നു ഞാൻ അവരോടു ദൃഢപ്രതിജ്ഞ ചെയ്തു.

 കുറച്ചുവർഷം മുമ്പുവരെ, അവധിക്കു വരുന്ന എന്നോടു് എല്ലാ പ്രാവശ്യവും അവരിലൊരുവൻ കളിയാക്കിച്ചോദിച്ചുകൊണ്ടിരുന്നു, കക്കൂസിൽ ടീവി വാങ്ങിവെക്കുന്നില്ലേ?"

തൊടിയുടെ അങ്ങാപ്പുറത്തു് രണ്ടടി വീതിയിൽ മൂന്നടി ആഴത്തിൽ നാലടി നീളത്തിൽ കുഴിവെട്ടി മുകളിലൊരു ജോഡി മുളന്തണ്ടുമിട്ടു് മൂന്നേമുക്കാൽ ദിക്കും ഓലമടലിട്ടു മറച്ച 'കോഴി'ക്കക്കൂസകൾ അക്കാലമായപ്പോഴേക്കും നാടുവിട്ടുപോയിരുന്നു.

എങ്കിലും,
കടലിനക്കരെയുള്ള വീട്ടിൽ, സ്വന്തമായി ലക്ഷണമൊത്ത ഒരു ഹോം തിയ്യറ്റർ നെറ്റ്‌വർക്ക് തന്നെ ഒരുക്കിവെച്ചിട്ടുള്ള ഞാൻ വെറുതെ പുഞ്ചിരിക്കുക മാത്രം ചെയ്തുകൊണ്ടുമിരുന്നു. അത്തരം പരിപാടികളെക്കുറിച്ചൊക്കെ അവനെ എങ്ങനെ പറഞ്ഞുമനസ്സിലാക്കാനാണു്!

ഈയിടെ സ്മാർട്ട്ഫോണിൽ യൂട്യൂബിലോ വാട്ട്സ്ആപ്പിലോ സിനിമ കണ്ടുകൊണ്ടിരുന്ന അവനോടു ഞാൻ ചോദിച്ചു:
"നിനക്കെപ്പൊഴും ഇതു കാണലെന്ന്യാ പരിപാടി"?
"ങ്ഹും. എന്തേ?"
"ടോയ്‌ലറ്റിലിരിക്കുമ്പോഴും?"
"ചിലപ്പൊഴൊക്കെ"
വിജയാഹ്ലാദത്തോടെ ഞാൻ പറഞ്ഞു: "ആഹാ! ഓർമ്മയുണ്ടോ ഈ മുഖം? ഇപ്പോൾ നീ തന്നെ കക്കൂസിലിരുന്നു ടീവി കാണാൻ തുടങ്ങി, അല്ലേ? ഞാനാണെങ്കിൽ ഇപ്പോൾ ടീവിയും സിനിമയും കാണാറേ ഇല്ല. അത്ര കണ്ടു മടുത്തു കഴിഞ്ഞു"


76-ൽ സ്വരാജ് റൗണ്ടിലെ സൗത്ത് ഇന്ത്യൻ ബാങ്കിൽ ഒരു ക്ലർക്കിന്റെ മേശപ്പുറത്താണു് ആദ്യമായി, മനുഷ്യരെപ്പോലെ ബുദ്ധിയുള്ള, കണക്കുകൂട്ടുന്ന ഒരു മിഷ്യൻ കാൽക്കുലേറ്റർ കണ്ടതു്. തിളങ്ങുന്ന പച്ചക്കഷ്ണങ്ങളിൽ മിന്നിക്കൊണ്ടിരുന്ന അതിന്റെ മുഖത്തോളം തന്നെ എനിക്കതിന്റെ പതുപതുത്ത മേനിയിലെ ബട്ടൻ‌കട്ടകളേയും ഇഷ്ടമായി.

അച്ഛനുമായി എന്തോ ലോണിന്റെ കാര്യത്തെപ്പറ്റി ഗൗരവമായി സംസാരിച്ചുകൊണ്ടിരുന്ന ആ മീശക്കാരനോടു് ധൈര്യമവലംബിച്ചു ചോദിച്ചു:"ഇതൊന്നു ഞെക്കിനോക്കട്ടെ?"
വളരെ ലാഘവത്തോടെ അദ്ദേഹം പുഞ്ചിരിച്ചു. എന്നിട്ട് വാത്സല്യപൂർവ്വം അതു തൊട്ടുനോക്കാൻ തന്നു. ഞാൻ അതിൽ എന്റെ ആദ്യത്തെ കണക്കും ചെയ്തു: ആദ്യം ഒന്നു്. പിന്നെ പ്ലസ് എന്ന ചിഹ്നം. അതുകഴിഞ്ഞ് രണ്ടു്. എന്നിട്ട് സമം എന്ന ബട്ടൺ.
അപ്പൊഴുണ്ടെടാ, പച്ചമുഖത്തു തെളിഞ്ഞുവരുന്നു, "മൂന്നു്!"

അന്നു തീരുമാനിച്ചു, ഈ ലോകത്തു് ഇനി കാര്യങ്ങളൊക്കെ മാറാൻ പോവുകയാണു്. എന്റെ ഭാവിയും ജോലിയും ജീവിതവും ഇനി ഇതിനോടൊപ്പം.

എഞ്ചിനീയറിങ്ങ് കോളേജിൽ വിവിധയിനം കാൽക്കുലേറ്ററുകളുടെ ചാകരയായിരുന്നു. പ്രസാദിന്റെ കയ്യിൽ LCD ഡിസ്പ്ലേ ഉള്ള ചെറുതൊരെണ്ണം: Casio FX-115. വിൽസൺ ഫ്രാൻസീസിന്റെ കൈയിലേതു് FX-120. Sali Kmന്റെ കാൽക്കു ഷാർപ്പ് EL-506 ആയിരുന്നുവെന്നു തോന്നുന്നു. ക്ലാസ്സിലെ ഏറ്റവും ചെറുതു്. Sebi Paul ആണു് അത്ഭുതപ്പെടുത്തിക്കളഞ്ഞതു്. അവന്റെ FX-700Pയിൽ ഫോർമുലകൾ വരെ സ്റ്റോർ ചെയ്തുവെക്കാം! എന്റേതാവട്ടെ ഒരു സാദാ Fx-82. എങ്കിലും നാട്ടിലെ സ്റ്റാൻഡാർഡ് സ്കൂട്ടർ ആയ ലാംബ്രട്ട പോലെ, വീട്ടിലെ സ്റ്റാൻഡാർഡ് സോപ്പായ 'ലൈബോയി' പോലെ, വലിയ അഹങ്കാരമൊന്നുമില്ലെങ്കിലും സ്വന്തം ജോലി മര്യാദയ്ക്കു ചെയ്യുന്നവൻ.

പിന്നീട് അന്ത്യസെമസ്റ്ററുകളിലൊന്നിൽ, സുമ (Suma Mukundan) എന്റെ ഓട്ടോഗ്രാഫിൽ എഴുതി: "എന്നു് എവിടെ ഒരു കാൽക്കുലേറ്റർ കാണുമ്പോഴും ഞാൻ വിശ്വത്തിനെ ഓർത്തോളാം". ഇപ്പൊഴും അവൾ കാൽക്കുലേറ്ററുകൾ പതിവായി കാണാറുണ്ടോ എന്നറിയില്ല. അതുകൊണ്ടാവാം, ഒരു പക്ഷേ, ഇപ്പോളവളെന്നെ ഓർക്കാറുമുണ്ടാവാറില്ല. :)

 ഈയിടെ, ഞാനും കാൽക്കുലേറ്ററുകൾ അപൂർവ്വമായാണു കാണുന്നതു്. എനിക്കുചെയ്യേണ്ട കണക്കുകൾ മിക്കപ്പോഴും ഏതോ ക്ലൗഡ് സർവ്വറിലെ ഗൂഗിൾ സ്പ്രെഡ് ഷീറ്റിലിരുന്നു് സ്വയം ചെയ്തുതീരപ്പെടുകയാണിന്നു്.

ഒന്നോർത്താൽ, എക്കാലവും കമ്പ്യൂട്ടറിനേക്കാൾ പ്രേമമുണ്ടായിരുന്നതു് റേഡിയോയോടായിരുന്നു. പക്ഷേ, അതേപ്പറ്റി വേറെത്തന്നെ ഒരു നീണ്ടകഥയെഴുതാനുണ്ടു്. അതു പിന്നെയാവാം.
ഇനിയും വരാൻ പോകുന്ന ഭാവിസങ്കേതങ്ങളെക്കുറിച്ചു് ഞാനിപ്പോഴും സ്വപ്നങ്ങൾ കാണാറുണ്ടു്. അവയെക്കുറിച്ചു കേട്ട് ആളുകൾ ഇപ്പോഴും പരിഹസിക്കാറുമുണ്ടു്. അതിൽ 'ബം ആന്റിന'മുതൽ ദേശീയ 'കേബിൾ കാർ നെറ്റ്‌വർക്കു് വരെ ഉൾപ്പെടും. തൃശ്ശൂർ നിന്നു കയറിയാൽ പെറുവിലോ സിഡ്നിയിലോ ചെന്നിറങ്ങാവുന്ന തീവണ്ടി മുതൽ വെറുമൊരു മൊബൈൽഫോട്ടോ വഴി ഒരു താളിയോലയുടെ പന ഏതു നാട്ടിൽ ഏതുകൊല്ലം ഉണ്ടായ ഏതു ജനുസ്സിന്റെ എത്രാമത്തെ തലമുറയാണെന്നുവരെ അറിയാവുന്ന റേഡിയോ ഇമ്മ്യൂണോഫ്ലൂറസെൻസ് മൊളിക്യുലർ എക്സ്പ്രെഷൻ മൈക്രോസ്കോപ്പി- പ്രോസസ്സിങ്ങ്, ഇവാലുവേഷൻ & റിവ്യൂ (RIMEMPER) വരെ ആ സ്വപ്നങ്ങളിൽ തെളിഞ്ഞുമായാറുണ്ടു്. പ്രോട്ടീൻ കമ്പ്യൂട്ടിങ്ങ്, അരിഫാക്ടറി ഒക്കെ വേറെ!
ഇനി വരാൻ പോകുന്ന പത്തുവർഷത്തിനുള്ളിൽ തന്നെ ടെൿനോളജിയുടെ ലോകത്തു് എന്തൊക്കെ സംഭവിക്കും എന്നു നമുക്കു് ഇപ്പോൾ കാര്യമായൊന്നും സ്വപ്നം കാണാനാവില്ല. ലോകം അത്ര കണ്ടു് പരസ്പരം തുറന്നുകഴിഞ്ഞു. ഇവിടെയിപ്പോൾ ജനിച്ചുവളർന്നുവരുന്ന ഓരോ തലച്ചോറുകളും ഐഡിയകളുടെ ഓരോ പവർ ഹൗസുകളാണു്. അതോരോന്നും പരസ്പരം കൊണ്ടും കൊടുത്തും പടർന്നുകയറുന്നതിന്റെ വരുമാനക്കണക്കെടുക്കേണ്ടതു് ഇനി, സങ്കലനപ്പട്ടിക കൊണ്ടല്ല ഗുണകോഷ്ഠം കൊണ്ടാണു്.

പൊതുവേ നാമൊക്കെ ദുരന്താശങ്കകളാണു് ഭൂമിയെപ്പറ്റി പങ്കുവെക്കാറുള്ളതെങ്കിലും എനിക്കു തോന്നുന്നതു് നമ്മുടേതിനേക്കാൾ ഭാസുരമായ ഒരു ലോകം തന്നെയാണു് ഇനിയുമിനിയും രൂപപ്പെട്ടുകൊണ്ടിരിക്കുന്നതെന്നു തന്നെയാണു്. ഇവിടെ ഉദിച്ചസ്തമിച്ചുപോയ പഴങ്കാലത്തലമുറകളെ മുൻവിധികളില്ലാതെ തിരിഞ്ഞുനോക്കുമ്പോഴും, അങ്ങനെത്തന്നെയായിരുന്നു താനും.

അനുനിമിഷം ചടുലമായിക്കൊണ്ടിരിക്കുന്ന ആ സംസാരനർത്തനത്തിനൊപ്പം താളം തെറ്റാതെ ചുവടുവെക്കാനുള്ള കഴിവു നമുക്കെപ്പോഴുമുണ്ടായിരിക്കണമെന്നു മാത്രം.

(ഫേസ്ബുക്ക് ജൂൺ2, 2016)

പറ്റുപുസ്തകം

കഥ എഴുതാറില്ല. ഭ്രാന്തുപിടിച്ച എന്റെ എഴുത്തിൽ അതിനും മാത്രം കഥയുണ്ടെന്നു തോന്നാറുമില്ല.
ഫേ‌സ്ബുക്കിലെ ഒരു കൂട്ടത്തിൽ, ഇടയ്ക്കൊരിടത്തു് സന്ദർഭവശാൽ ഇട്ട ഒരു കമന്റ് പതിവുപോലെ നീണ്ടുപരന്നു. അതു കഴിഞ്ഞു് മഴക്കാലം രണ്ടെങ്കിലും മാറിപ്പോയെങ്കിലും ഇപ്പോഴും ചിലർ ആ കുറിപ്പ് വെളുപ്പാക്കണമെന്നു് വാശി പിടിക്കുന്നു.

എങ്കിൽ അതിവിടെയാട്ടെ എന്നു വിചാരിച്ചു. വെളുക്കാൻ തേച്ചതു പാണ്ടെങ്കിലുമായിക്കോട്ടെ.
കഥയല്ല; ജീവിതം തന്നെയായിരുന്നു....

**** **** ****

എന്റെ ദിവസപ്പറ്റായിരുന്നു 35 പൈസ. ഇപ്പഴത്ത്യൊക്കെ ആൾക്കാരടെ ഭാഷേല് ഡെയ്‌ലി ക്വോട്ട.

ആദ്യമാദ്യമൊക്കെ, അഞ്ചിലും ആറിലും ഒക്കെ പഠിക്കുമ്പോ, അച്ഛനെ പെട്ടിക്കടയിൽ എന്തെങ്കിലും സഹായിച്ചാൽ, അല്ലെങ്കിൽ സ്കൂളിൽ വല്ല നല്ല കാര്യോം സംഭവിപ്പിച്ചാൽ, അതു കിട്ടും.

മാധവൻ നായരുടെ ചായക്ലബ്ബീന്നു് ഒരു ഉണ്ട (ബോണ്ട), ഒരു പാലുംവെള്ളം - ഇതാണു 35 പൈസയ്ക്കു കിട്ടുക. (ചൂടുവെള്ളം 5 പൈസ, പാൽ 5 പൈസ, പഞ്ചസാര 5 പൈസ, ചായ/കാപ്പി 5 പൈസ - ഇതാണു് മാധവൻനായരുടെ വിലകളുടെ അനാറ്റമി. ഉദാ: പാലും പഞ്ചസാരയുമില്ലാത്ത ചായ / കാപ്പി - 10 പൈസ, പാൽ + പഞ്ചസാര + വെള്ളം =15 പൈസ...)

അച്ഛന്റെ ആത്മസുഹൃത്തായിരുന്നു മാധവൻ നായർ. അപ്പുറത്തും ഇപ്പുറത്തുമുള്ള പീടികക്കാർ. എന്നെ അവിടെ അയച്ചിരുന്നതു് പാലുംവെള്ളം കുടിപ്പിക്കാനായിരുന്നു എന്നു ഞാൻ കരുതി. പക്ഷേ, ചായക്ലബ്ബെന്ന ആത്മവിദ്യാലയത്തിലെ അമൂല്യമായ ക്ലാസ്സുകളും ചർച്ചാപാഠങ്ങളും ഞാൻ സ്വയമറിയാതെത്തന്നെ കേട്ടുപഠിച്ചോട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉള്ളിലിരുപ്പെന്നു മനസ്സിലായതു് ഏറെ വർഷങ്ങൾ കഴിഞ്ഞാണു്.

ചായക്ലബ്ബിൽ ഞാൻ കയറിയാൽ, മാധവൻനായർ, വേറെ ആരെങ്കിലും തപ്പിപ്പിടിച്ചു വായിച്ചുകൊണ്ടിരുന്ന ദിനപ്പത്രത്താളുകളൊക്കെ അവരുടെ കയ്യിൽ നിന്നും തട്ടിപ്പറിച്ച് എനിക്കു തരും. ഏറ്റവും ഒടുവിലത്തെ ഇരുട്ടുമൂലയിൽ എന്റെ സ്ഥിരം ഇടത്തുചെന്നിരുന്നു ഞാൻ മൗനമായി വായന തുടങ്ങും. ആദ്യത്തെ പേജിലെ ആദ്യത്തെ അക്ഷരം മുതൽ (എക്സ്പ്രസ്സ് ദിനപ്പത്രം) അവസാനത്തെ പേജിലെ അവസാനവരി (Printed at Sreekrishna Press, Thrissur) വരെ ആർത്തിയോടെ വായിച്ചുതീർക്കും. അപ്പോഴേക്കും ചൂടുള്ള പാലുംവെള്ളവും പെരുപെരുത്തു കറുമുറുത്തുരുണ്ട, ഇടയ്ക്കു വറുത്തുചുവന്ന നാളികേരക്കൊത്തുകളുള്ള, ബോണ്ടയും അലിഞ്ഞിറങ്ങിയിട്ടുണ്ടാവും.

വായന ഏതാണ്ടു മുഴുവനാവുമ്പോഴേക്കും, മാധവൻ നായരും സ്ഥലത്തെ ദിവ്യന്മാരായ രാഷ്ട്രീയസാമൂഹ്യനിരീക്ഷകരും ചുറ്റും കൂടിയിട്ടുണ്ടാവും. അന്നത്തെ ന്യൂസ് ഹവർ തുടങ്ങുന്നു. വിശകലനവിദഗ്ദൻ ആണെന്റെ റോൾ.

"ഇരുപതിനപരിപാടി നമുക്കു വല്ല ഗുണവും ചെയ്യുമോ?", "ഈ കോഫെപോസ" ഇംഗ്ലീഷ് വാക്കാണോ?" "ബ്രഷ്ണേവ് ചന്ദ്രനിൽ പോണില്യാന്നു തീരുമാനിച്ചൂലേ? അതെന്താ സോവിയറ്റ് യൂണിയൻ അപ്പോ അമേരിക്കേടെ അത്ര പോര,ല്ലേ?, ശ്രീധരാ, ങ്ങടെ നാട്ടുകാര്ക്കു് വീരവാദം അടിക്കാനേ അറിയൂ. ആങ്കുട്ട്യോള് ആര്യഭട്ട വിട്ടതു കണ്ടില്യേ?" ഇങ്ങനെയൊക്കെയാവും ചർച്ച. അവരെസംബന്ധിച്ചിടത്തോളം ഞാൻ എന്തോ ഒരു തരം സഞ്ചാരവായനശാലയായിരുന്നു....
അപ്പൊഴേക്കും ഒരുമണിക്കൂറോളം കഴിഞ്ഞിട്ടുണ്ടാവും...

കാലം മാറി വന്നു. അടിയന്തിരാവസ്ഥ പിൻവലിച്ചു. പ്രധാനമന്ത്രി എന്നതും ഇന്ദിരാഗാന്ധി എന്നതും ഒരേ ആളുടെ പേരിന്റെ രണ്ടു കഷ്ണങ്ങളല്ലെന്നു് ആകാശവാണിയിലെ വാർത്തവായനക്കാർ പയ്യെപ്പയ്യെ പറഞ്ഞുശീലിച്ചുവന്നു. വാർത്തയിൽ 20-ഇനപരിപാടികൾക്കും ഇടുക്കിഡാമിനും പകരം രാജനും പുലിക്കോടനും ജിമ്മി കാർട്ടറും കയറിവന്നു.
എന്റെ പഠിപ്പു് പട്ടണത്തിലെ ഇമ്മിണി ബല്യ സ്കൂളിലേക്കു മാറി.
അപ്പോഴും പകുതിമയക്കത്തിലാണ്ടുപോവുന്ന ഉച്ചതിരിഞ്ഞ ക്ലാസ്സ് പിരീയഡുകൾക്കിടയിലൂടെ മാധവൻനായരുടെ ഉണ്ടയുടെ മണവും പാലും വെള്ളത്തിന്റെ മധുരവും എന്നെ നോക്കി കൊതിപിടിപ്പിച്ചു കണ്ണിറുക്കിക്കൊണ്ടിരുന്നു....

ബസ്സുകൂലി വകയിൽ കാലത്തു നാല്പതുപൈസ. (20 അങ്ങോട്ടും 20 ഇങ്ങോട്ടും). ചെമ്പൂക്കാവിലിറങ്ങി അരക്കിലോമീറ്റർ നടന്നാൽ 15 മതി. 5 പൈസ ലാഭം. അതിനു് ഉച്ചയ്ക്കു് ഒരു ഐസ് ഫ്രൂട്ട് തരമാക്കാം.
ഉണ്ട,പാലുംവെള്ളം വകയിൽ വൈകീട്ട് 35 പൈസ....

പിന്നെയും കാലം മാറി. ഒരു ദിവസം ചായക്കടയിൽ ഒരു ബോർഡു പ്രത്യക്ഷപ്പെട്ടു. "അടുക്കളച്ചെലവുകൂടിയതിനാൽ ഈ വരുന്ന കുംഭം 1ആം തീയതി മുതൽ വിലകൾ മാറ്റി നിശ്ചയിച്ചിരിക്കുന്നു. എല്ലാരും സഹകരിക്കണം"

ചൂടുവെള്ളത്തിന്റെ വിലയാണു് കൂടിയതു്. ആദ്യത്തെ 5 പൈസയിൽ നിന്നു് അതു് 10ഉം പിന്നെയും കുറേക്കാലം കഴിഞ്ഞപ്പോൾ 15ഉം ആയി കൂടി. ബോണ്ടയ്ക്കും കൂടി 5ഉം പത്തും പൈസ വെച്ച്. ബ്രൂ കോഫി 35ൽ നിന്നു് ഒറ്റയടിക്കു് 75 ആയി ഉയർന്നതായിരുന്നു എല്ലാവരേയും വിസ്മയിപ്പിച്ചതു്.

"അതെന്താ മാധ്വൻ നായരേ, അതിനെ മാത്രം ഇങ്ങനെ ദ്രോഹിച്ചതു്?" എന്നായിരുന്നു പലരുടേയും ക്വസ്റ്റീൻ.

ശ്രീധരൻ മാത്രം സമാധാനിച്ചു:" ബ്രൂ കോഫി ബൂർഷ്വാകൾ കുടിക്കുന്നതാണു്. അസ്സലായി മാധ്വൻനായരേ" അയാൾ പറഞ്ഞു.

മാധവൻനായരുടെ കടയിൽ ഒരു ചെറിയ കുപ്പി ബ്രൂകോഫിയേ ഉണ്ടായിരുന്നുള്ളൂ. ബ്രൂ കോഫി തന്നെ വേണം‌ന്നു് നിർബന്ധം പിടിച്ചു വരുന്നവർ കൊല്ലത്തിൽ നാലോ അഞ്ചോ. ഉറപ്പായും ബ്രൂ കോഫി ലഭിച്ചിരുന്ന ഒരാളേ ഓർമ്മയിലുള്ളൂ. സ്കൂൾ ഇൻസ്പെക്ടർ. രാഘവൻ സാർ ഇൻസ്പെക്ഷനു വന്നപ്പോൾ രണ്ടു കൊല്ലവും എന്നെയായിരുന്നു ബ്രൂ കാഫി വാങ്ങാൻ പറഞ്ഞുവിട്ടതു്.

 ശ്രീധരന്റെ ഊഹം തെറ്റിയിരുന്നില്ല. ആ ഭാഗത്തൊക്കെ ഒരു ബൂർഷ്വാ ആയി ചൂണ്ടിക്കാണിക്കാൻ പറ്റിയ ഒരാൾ സ്കൂൾ ഇൻസ്പേട്ട്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഗ്രാമത്തിലെ അത്ഭുതബാലനായ, എന്റെ അച്ചന്റെ മ്വോൻ ആയ, എനിക്കു മാത്രമൊരു രഹസ്യ ഇളവു്: എനിക്കുള്ള പാലുംവെള്ളത്തിനും ഉണ്ടക്കും അതേ പഴയ വില തന്നെ.

മീശ മുളച്ചുതുടങ്ങിയിരുന്നു. ബുദ്ധിജീവികളുടെ കുട്ടിസംഘത്തിന്റെ കൂടെ കൂട്ടംകൂടി തെരുപ്രങ്ങി നടപ്പും തുടങ്ങിയിരുന്നു. പോളണ്ടിലെ ലേ വലേസയോട് സോളിഡാരിറ്റി പ്രഖ്യാപിച്ചുകൊണ്ട് പലപ്പോഴും നടന്നുകയറിയിരുന്നതു് മാധവൻ നായരുടെ കടയിലേക്കായിരുന്നു.

ബാക്കിയെല്ലാർക്കും ചായ, കടി. എനിക്കെന്റെ പാലുംവെള്ളവും ഉണ്ടയും.

അച്ഛന്റെ അടുത്തുചെന്നു് റൊക്കം ക്യാഷായി വെറും മുപ്പത്തഞ്ചു പൈസയ്ക്കു കൈനീട്ടാൻ നാണവും തുടങ്ങിയിരുന്നു.

മകനെ നന്നായി മനസ്സിലാക്കിയിരുന്ന അച്ഛൻ ഒരുപായം ചെയ്തു: അദ്ദേഹം മാധവൻനായരോടു പറഞ്ഞുവെച്ചു. ഇനി തൊട്ട് ചെക്കൻ വന്നു കഴിക്കുന്ന പറ്റൊക്കെ മാധവൻ എഴുതിവെച്ചോളൂ. കുറേക്കാലം കഴിയുമ്പോൾ, പഠിച്ചുവലുതായി ജോലിയൊക്കെ കിട്ടുമ്പോൾ അവൻ തന്നെ അതൊക്കെ തിരിച്ചുതരട്ടെ. എന്തേ?

ഒരു വിസമ്മതവുമില്ലാത്ത മാധവന്നായർക്കു് അച്ഛൻ സമ്മാനമായി ഒന്നു കൂടി നൽകി. എന്റെ കണക്കെഴുതാൻ വേണ്ടി മാത്രം ഒരു കാലി ലെഡ്ജർ ബുക്ക്!

പിന്നൊരു പത്തുകൊല്ലത്തോളം ആ ലെഡ്ജർ ബുക്ക് എഴുതപ്പെട്ടുകൊണ്ടിരുന്നു. പക്ഷേ, 35 പൈസയ്ക്കു പകരം, കൂടെയുള്ള ബുദ്ധിജീവിപ്പട്ടിണിവർഗ്ഗത്തിന്റെ ചർച്ചാചെലവുകൾ കൂടി പലപ്പോഴും അവയ്ക്കിടയിൽ വരികൾ നിറച്ചു....

മാധവൻനായർ നിശ്ശബ്ദമായി കണക്കുകൾ എഴുതി വെച്ചുകൊണ്ടിരുന്നു...

ബല്യ എഞ്ചിനീയറൊക്കെയായിത്തീർന്നു ചെക്കൻ. മേപ്പാടം ബാലൻ പൂരപ്പിരിവിനു പോവുമ്പോൾ സ്ഥിരമായി ചെയ്യുന്ന ഒരു കാര്യമുണ്ട്: മാധവൻനായരുടെ കയ്യിൽ നിന്നും ഒരു ഒരുരൂപാ തുട്ട് 'കയ്യട്ടം' വാങ്ങിക്കും. അതുമായി ചെന്നാൽ പിരിവു് കുശാലാകുമത്രേ!

 വെടിപ്പടക്കവും ബോംബും ചീറിക്കളിക്കുന്ന പഞ്ചാബിലേക്കാണു് ചെക്കനെഞ്ചിനീയറുടെ ഉത്തരായണം. ബസ്സു കയറുന്നതിനു മുമ്പ് മാധവൻനായരുടെ കടയിൽ കയറി. "ഒരു പാലുംവെള്ളം, ഒരു ഉണ്ട, പിന്നെ, ഒരു രൂപയും വേണം...."
ഒരു നല്ല നാടു വിട്ടുപോവുകയായിരുന്നു. പിന്നൊരിക്കലും പൂഴാൻ പറ്റാത്ത ഒരു കുതിർമണ്ണിൽനിന്നു് ഒരു തൃത്താച്ചെടി ആരൊക്കെയോ കടപുഴക്കി അകലെ മരുപ്പറമ്പുകളിലേക്കു് വലിച്ചെറിയുകയായിരുന്നു...

മാധവന്നായരുടെ കയ്യട്ടം ഒട്ടും മോശമായില്ല. നാടായ നാടും ലോകമായ ലോകമൊക്കെയും ചുറ്റിക്കറങ്ങി പിരിവെടുത്തു. ഒട്ടും മോശായില്യാ.

കൃത്യം ഒന്നരവർഷമെടുത്തു അവധിയ്ക്കു തിരിച്ചു നാട്ടിൽ വരാൻ. വൈകീട്ട് കവലയിലേക്കിറങ്ങി ആദ്യം കയറിയതു് മാധ്വൻനായരുടെ ചായക്ലബ്ബിലേക്കായിരുന്നു.

"ഒരു പാലുംവെള്ളം, ഒരുണ്ട.."

മാധവൻ നായർക്കു വയസ്സായിത്തുടങ്ങിയ പോലെ. ഇപ്പോളും പാലുംവെള്ളം ചോദിക്കുന്നതു് ഒരു പക്ഷേ പരിഹാസമായിട്ടാവുമോ എന്നൊരു ഭാവമുണ്ടോ അങ്ങേരുടെ കണ്ണിൽ? പണ്ടത്തെ പ്രസാദമധുരമായ പുഞ്ചിരി എന്തേ ഇല്ലാത്തൂ?

പാലുംവെള്ളം ആർത്തിയോടെ കുടിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ പറഞ്ഞു:'എന്റെ പറ്റുപുസ്തകം ഒന്നു നോക്കിപ്പറയ്വോ?'
മാധവൻ നായരുടെ കണ്ണുകൾ നിറഞ്ഞിരുന്നു."തന്റച്ഛൻ ശരിയ്ക്കും ഒരു ഭയങ്കരനാണുട്ടോ. എത്ര കാലം മുമ്പേ അയാൾ ഇതൊക്കെ മുൻകൂട്ടി കണ്ടിരിക്ക്ണു!"

മാധവൻനായർക്കു കഷ്ടകാലമായിരുന്നു. അതുവരെ ഒപ്പമുണ്ടായിരുന്ന നേരനിയൻ വാസുന്നായർ തൊട്ടപ്പുറത്തു വേറെ "ഹോട്ടൽ & ടീ സ്റ്റാൾ" തുടങ്ങി. ചില്ലും ബോർഡുമൊക്കെയുള്ള ഒരു ടെറസ്സ് വണ്ടർ!

ആളുകൾ തീരെക്കുറഞ്ഞു. പത്രം വായിക്കാൻ വരെ ആരും ഇപ്പോൾ വരാറില്ല.
കുടുംബം? പണ്ടേ അകലെ അയ്യന്തോൾ എവിടെയോ ആയിരുന്നു. സ്നേഹമില്ലാഞ്ഞിട്ടല്ല, എങ്കിലും ഹോട്ടൽ തിരക്കൊഴിഞ്ഞു വീട്ടിൽ പോകുന്നതു വല്ലപ്പോഴുമായിരുന്നു. ആകെ ഒരു ചെക്കനുണ്ടായിരുന്നതു് നാടു വിട്ടുപോയി. മകൾ തീപ്പൊള്ളി മരിച്ചു. ഭാര്യ കിടപ്പിൽ.
മാധവൻ നായർ കരിയും എണ്ണയും പിടിച്ച അലമാരിയുടെ മുകളറ്റത്തെവിടെയോ ഭദ്രമായി സൂക്ഷിച്ചിരുന്ന ഒരു വലിയ കണക്കുപുസ്തകം പതിയെ വലിച്ചെടുത്തു. ഇനിയും കുറേ പേജുകൾ എഴുതാതെ ബാക്കിവന്ന ഒരു പഴയ ലെഡ്ജർബുക്ക്.

ഓരോ മാസത്തേയും അവസാനം മൊത്തം തുക കണക്കാക്കിയെഴുതി അതെല്ലാം കൊല്ലക്കണക്കിൽ വേറൊരു പേജിൽ എഴുതിച്ചേർത്തു് അതും കൂട്ടി ഒറ്റത്തുകയാക്കി ഭദ്രമായി എഴുതിവെച്ച ഒരു പറ്റുപുസ്തകം.
വലിയ കുഴപ്പമില്ലാത്തൊരു തുകയുണ്ടായിരുന്നു അതിൽ. എഞ്ചിനീയർ ചെക്കനെ സംബന്ധിച്ചിടത്തോളം വെറും ഒരാഴ്ചത്തെ വട്ടച്ചെലവെന്നു പറയാം.
പക്ഷേ, മാധവൻനായർക്കു് ഒരു ജന്മത്തിന്റെ ഗ്രാറ്റ്വിറ്റിയോ ഇൻഷുറൻസോ ബാങ്ക് ബാലൻസോ ഒക്കെയായിരുന്നു അതു്.

കണക്കുകൾ തീർത്തു് ഞാൻ പടിയിറങ്ങി.
ഒരു പൊക്കിൾക്കൊടി മുറിഞ്ഞുവീണു.
ഒരു ഗ്രാമം അതിന്റെ പറ്റുപുസ്തകത്തിൽ നിന്നും എന്നെ എന്നെന്നേക്കുമായി പുറത്താക്കി.
എന്നിട്ടോടിപ്പോയി.

എന്നെന്നേയ്ക്കും എന്റെ മനസ്സിലും ഓർമ്മയിലും മാത്രമായി ഒളിച്ചിരിക്കാൻ, അതെന്റെ പടിയിറങ്ങിപ്പോയി....

വായന(ാ)രതി


ഗ്രാമത്തിലൊരു വായനശാലയുണ്ടായിരുന്നു. അക്ഷരം കൂട്ടിവായിക്കാൻ പഠിച്ച്, അക്ഷരമാണു ബ്രഹ്മമെന്നു തിരിച്ചറിഞ്ഞ നാൾ (രാധ കന്യാകുമാരി കാണാൻ പോയ രണ്ടാം ക്ലാസ്സ് മലയാളം പാഠത്തിലാണു് ആ ബോധോദയം ഉണ്ടായതു് - ആ ഒരു ദിവസം വരെ , അന്യഥാ ചവറ്റുകുട്ടയിൽ ചെന്നുവീഴുമായിരുന്ന ഒരു ഡിസ്‌ലെക്സിയൻ പരമമന്ദബുദ്ധി ആയിരുന്നു.) മുതൽ ആ വായനശാലയുടെ അടുത്തു് പറ്റിക്കൂടി. ഇച്ചെറുചെക്കന്റെ വായനക്കൊതി കണ്ടു് ഒരു കാരണവർ ഒരു ദിവസം അകത്തേക്കു വിളിച്ചു.

'അണ്ണാൻ കുഞ്ചുവും കീരൻ കുറുക്കനും' ആയിരുന്നു ആദ്യം അദ്ദേഹം വിളിച്ചുതന്ന പുസ്തകം. രണ്ടുവര കയ്യെഴുത്തുപുസ്തകം പോലെ നീണ്ടൊരു ഫോർമാറ്റിൽ വർണ്ണങ്ങളുടെ മായാപ്രപഞ്ചം. അതിൽ ആകെ ഒരു അണ്ണാനും ഒരു കുറുക്കനും.

'കുറുപ്പത്തെ മേനോൻ' എന്നായിരുന്നു അദ്ദേഹത്തിന്റെ പേരു്. വായനയുടെ, അറിവിന്റെ ആദ്യത്തെ തിരി കൊളുത്തിത്തന്നതു് അദ്ദേഹമായിരുന്നു.
നാഷണൽ ബുക്ക് ട്രസ്റ്റിന്റെ 'നെഹ്രു ബാലപുസ്തകാലയ' പംക്തിയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏതാനും ഡസൻ പുസ്തകങ്ങളുണ്ടായിരുന്നു. അതിലെ 'ബാപ്പു', 'നമ്മുടെ പക്ഷികൾ', 'നമ്മുടെ തീവണ്ടികൾ' എന്നീ പുസ്തകങ്ങളായിരുന്നു അടുത്തതു്. മൂന്നു മണിക്കൂറുകൊണ്ടു് അവ മൂന്നും തിന്നുതീർത്തു.

അങ്ങനെ തുടങ്ങിയ വായനയാത്രയിൽ അടുത്ത നാലഞ്ചുകൊല്ലം കൊണ്ടു് ആ വായനശാല മുഴുവൻ തിന്നുതീർത്തു.

അതിൽ ആരൊക്കെയുണ്ടായിരുന്നു?
പി. നരേന്ദ്രനാഥ്, സിസ്റ്റർ മേരി ബനീഞ്ജ, കേശവദേവ്, കാനം, മുട്ടത്തു വർക്കി, വല്ലച്ചിറ മാധവൻ, കോട്ടയം പുഷ്പനാഥ്, ടി. എൻ. ഗോപിനാഥൻ നായർ, ദുർഗാപ്രസാദ് ഖത്രി, കൈനിക്കര കുമാരപ്പിള്ള, ഉറൂബ്, മോപ്പസാങ്ങ്, മോഹനചന്ദ്രൻ, പമ്മൻ, എം.പി. പോൾ, ചങ്ങമ്പുഴ, ടാഗോർ, തകഴി, ആൻഡേഴ്സൺ, പൊറ്റേക്കാടു്, മേതിൽ രാധാകൃഷ്ണൻ, എഡ്ഗാർ അലൻ പോ, സി.വി. രാമൻ പിള്ള, മിഖായേൽ ഷോളഖോവ്, യൂഗോ, കാര്യങ്ങൾ എത്ര സിമ്പിളാണെന്നു് വാട്സണെ തിരിച്ചറിയിച്ചിരുന്ന ഒരു നിഷേധി, ഒരു നീർമാതളപ്പെണ്ണിന്റെ സ്വന്തം കഥ, ദസ്തയോവ്സ്കി, ജോൺ ഗ്ലെൻ, ദുഷ്പ്രഭുപ്പുലയാടിയായ ഒരു വല്യച്ഛൻ, ഹക്കിളിന്റേയും ടോമിന്റേയും തലതൊട്ടപ്പൻ, നീലകണ്ഠൻ പരമാര, കിറുക്കുപിടിച്ച തിരക്കിൽനിന്നും ഓടിയകലുന്ന ഒരു ഹാർഡി, മരുഭൂമിയിലൂടെ നിധി തേടി അലയുന്ന ഒരു റൈഡർ ഹഗാർഡ്, ആറാറുമാസം കാട്ടുജീവിയായി അലയുന്ന ഹംഫ്രി ഡേവിഡ് തോറാ, വീഞ്ഞുകോപ്പയും പിടിച്ചിരിക്കുന്ന ഒരു ലെബനോണി, നിങ്ങൾ പേരു പറഞ്ഞോളൂ, അവരൊക്കെ, ആ ലിസ്റ്റിലുണ്ടായിരുന്നു.
തീരെ കുട്ടിക്കാലത്തു്, ഹോർമോണുകൾ ദിനപര്യന്തങ്ങളായി പൂത്തുവിരിയാഞ്ഞൊരു കാലത്തു്, പ്രേമലേഖനങ്ങളെക്കുറിച്ചു്, മാനവമഹാതതിയുടെ ഉദ്വേഗങ്ങളെക്കുറിച്ചു്, ചോരയുടേയും നിലാവിന്റേയും നിറങ്ങളിലെ മാസ്മരികതകളെക്കുറിച്ചു് അറിയേണ്ടതുപോലെ അറിയാതെ, ഒറ്റവരവിന്റെ മലവെള്ളപ്പാച്ചിലിൽ മട്ടും മാലുമറിയാതെ, വായിച്ചുതള്ളിയ ഒരു കുട്ടിക്കാലത്തെക്കുറിച്ചാണിന്നെന്റെ ഖിന്നത.

മീശ മുളച്ചിരുന്നില്ല. അപ്പോഴേക്കും, വായിക്കാൻ ഇനിയൊരു പുസ്തകവും ബാക്കിയില്ലാതെ ആ വായനശാലപ്പെണ്ണു് എന്നെ നോക്കി വിഷണ്ണയായി നിന്നു.

എന്നിട്ടെന്തുണ്ടായി? ഒരു നാൾ, ആ വായന മുഴുവൻ മരിച്ചുപോയി... !

ഇന്നു് ഏതു പുസ്തകമാണു് എന്നെ ബാധയായിപ്പടർന്നതെന്നു് ആരെങ്കിലും ചോദിക്കുമ്പോൾ, എനിക്കറിയുന്നില്ല ആരാരെ, ഏതേതിനെ ഒരു പേരായിപ്പറയണമെന്നു്....

(ഫേസ്ബുക്ക് 24 ഒൿറ്റോബർ 2014)

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...