തിങ്കളാഴ്‌ച, മാർച്ച് 22, 2010

കടിഞ്ഞൂലോർമ്മ

ഇളകിയാടിയുയരുന്നൊരോർമ്മയുണ്ടു്.

സടകുടഞ്ഞൊരു സിംഹത്തേപ്പോൽ വയറിനെ ഭൂമിയിൽനിന്നും വിടർത്തിമാറ്റി-
സ്വർഗ്ഗത്തോളം ഉയരത്തിലേക്കു് കൈകാലുകൾ ഊന്നിയുണർന്നെഴുന്നേറ്റയൊരോർമ്മയുണ്ടു്.

ഗർഭഗൃഹങ്ങൾ താണ്ടി ഇറയവും കടന്നു് ചവിട്ടുപടിയിലേക്കു് , കുന്നിറങ്ങുന്ന ആനയെപ്പോലെ വേച്ചൊരു കൈ നീട്ടിയിഴഞ്ഞതോർമ്മയുണ്ടു്.
മുറ്റത്തൊരു കിണറെന്തേ അടപ്പില്ലാത്ത ചെപ്പുപോലെ മാനവും നോക്കി മലർന്നുകിടപ്പൂ എന്നു സാകൂതം നോക്കിയതോർമ്മയുണ്ടു്.
ആരോ പടികടന്നോടിവന്നതും അമ്മ വന്നു കോരിയെടുത്തതും ഓർമ്മയുണ്ട്.
അന്നാണെനിക്കെന്റെ പേരു് എന്റെ പേരാണെന്നു മനസ്സിലായതു്.
രണ്ടുകാലിലെഴുന്നേറ്റുനിന്നു് നാടുകാണാൻ പുറപ്പെട്ടുപോവേണ്ട, മാനം നോക്കി മലർന്നു നടക്കേണ്ട, അടപ്പില്ലാത്തൊരു ചെപ്പാണു ഞാനെന്നു മനസ്സിലായതു്.
പിന്നെ,
പഴുത്തു പാൽ‌പ്പായസം പോലെയായ പപ്പായയുടെ മണമുള്ള ഒരോർമ്മ.
ഉണങ്ങിയൊടിഞ്ഞുതൂങ്ങുന്ന വാഴക്കൈ പോലെ തെളിഞ്ഞും മാഞ്ഞും ബോധക്കാറ്റിലാടുന്നൊരോർമ്മ.
കന്നിവരമ്പത്തെ ചെളിയിലാണ്ടുപോയ കുഞ്ഞുപാദങ്ങൾ പോലെ കുളുർന്നൊരോർമ്മ.
ഞാറ്റുപെണ്ണുങ്ങളുടെ പാട്ടൊലിപോലെ കാതുകളെ ഇക്കിളി പൂശുന്നൊരോർമ്മ.
തുലാക്കോളിൽ മൂടിക്കെട്ടി, വെള്ളെഴുത്തിൽ പാടകെട്ടി
നേർത്തുനേർത്തെരിഞ്ഞടങ്ങുന്നൊരു തിരി ഓർമ്മ....

3 അഭിപ്രായങ്ങൾ:

പാഞ്ചാലി :: Panchali പറഞ്ഞു...

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം...!
തുടര്‍ന്നും കാണുമല്ലോ? അതോ വീണ്ടും മുങ്ങിക്കളയുമോ?
:)

Helper | സഹായി പറഞ്ഞു...

വിശ്വേട്ടന്റെ മെയിൽ ഐഡി എവിടെയും കണ്ടില്ല.

എനിക്കൊരു മെയിൽ അയക്കുമോ പ്ലീസ്‌.

സഹായിക്ക്‌ ഒരു സഹായം വേണമല്ലോ?. സഹായിക്കുമോ?.

helpinblog@gmail.com

Echmukutty പറഞ്ഞു...

ഒരുപാട് വൈകിയാണ് ഞാനീ ഓര്‍മ്മയില്‍ വന്നത്..എങ്കിലും. ഇത്തരം കടിഞ്ഞൂലോര്‍മ്മകള്‍ ഇല്ലാത്ത ഒരാള്‍ക്ക്...... എന്തു പറയണമെന്നറിയില്ല.