Friday, February 11, 2005

സ്വയം പ്രകാശം (Self-Introduction)

കത്തിയെരിഞ്ഞുണങ്ങിപ്പോയിട്ടും സ്വയം പ്രകാശിക്കാന്‍ വൃഥാ പെടാപ്പാടു പെടുന്നൊരു തമോഗര്‍ത്തം പോലെ,
വീണ്ടും വിശ്വം ഉത്തരത്തിലിരുന്നു ചിലക്കുകയാണ്‌:


ഞാന്‍ വിശ്വം. കുലം മുച്ചൂടും മുടിഞ്ഞ അശ്വത്ഥാമാവിനെപ്പോലെ മരുഭൂമിയിലെ കാറ്റായി ഇങ്ങനെ ഉഴറി നടക്കുകയാണിപ്പോള്‍.
ഉത്തരത്തിനു കീഴില്‍ ഒട്ടിപിടിച്ചിരിക്കുന്ന പല്ലിയെപ്പോലെയാണു വിശ്വം. ഈ ലോകം മുഴുവന്‍ തന്റെ തോളിലാണിരിക്കുന്നതെന്നാണു ധാരണ. വാസ്തവത്തില്‍ മറിച്ചൊന്നു തോന്നാന്‍ തക്ക ഇതുവരെ ലോകത്തിലൊന്നും കണ്ടുമില്ല.

ഒരു നാടുണ്ടായിരുന്നു. ആരോ അതു ദൈവത്തിനു പണയം കൊടുത്തു പെരുംവായ്പ വാങ്ങി. ഒത്തുപിടിച്ചാല്‍ മലയും പോക്കാവുന്ന വലിയൊരു കൂട്ടുകുടുംബത്തിലെ അമ്മാവന്മാരും മരുമക്കളും ചിറ്റമ്മമാരും കൂടി കടം വാങ്ങിയ പണമെല്ലാം പുളിശ്ശേരി വെച്ചുതീര്‍ത്തു. എന്നിട്ടും പോരാഞ്ഞ്‌ അവര്‍ തമ്മിലടിച്ച്‌, അടിയാന്മാര്‍ ആണ്ടറുതിയില്‍ കാണിക്ക വെക്കുന്ന സെന്റും വാസനസോപ്പും പാട്ടുപെട്ടികളും എല്ലാം തകര്‍ത്തെറിഞ്ഞു.

ഇപ്പോള്‍ എന്റെ ബന്ധുക്കളെല്ലാം കൂടി കൂട്ടംകൂട്ടമായി മാനവും പിന്നെ ജീവനും ത്യജിക്കയാണ്‌.
ഇറക്കിയ തുകയ്ക്കുപകരം ജപ്തി ചെയ്തെടുക്കാന്‍ ദൈവത്തിനുപോലും താല്‍പര്യമില്ലാതെ എന്റെ നാടുറങ്ങുകയാണിപ്പോള്‍.

കുറുനരികളും നരിച്ചീറുകളും ഞങ്ങളുടെ പുരയിടങ്ങള്‍ മോഹവിലക്കു തീറെഴുതുകയാണിപ്പോള്‍. ഇത്രയും നാള്‍ കണ്ണുകെട്ടി നടന്നിരുന്ന അമ്മമാര്‍ ശീല അഴിച്ച്‌ തങ്ങളുടെ നൂറ്റഞ്ചു മക്കളേയും കണ്ണുതുറന്നു കാണുകയാണിപ്പോള്‍.

ഓടുകളിളകുന്നു.
കൊടുംകാറ്റത്ത്‌ കഴുക്കോലുകള്‍ തങ്ങളുടെ മെലിഞ്ഞ കൈകള്‍ കൂട്ടിപ്പിണച്ച്‌ പരസ്പരം സഹിക്കുന്നുവെന്നേയുള്ളൂ.
അവിടവിടെ അമ്‌ളമഴ കിനിഞ്ഞിറങ്ങുന്നു. അമ്‌ളം വീണ്‌ ചുവരിലെ അരക്കെല്ലാം ഉരുകിപ്പുകഞ്ഞുപൊങ്ങുന്നു.

ഉത്തരം ചുറ്റി ചിതലുകള്‍ പുതിയ ചോദ്യങ്ങളുമായി നനവൊഴിഞ്ഞ കീഴിടങ്ങള്‍ തേടി വരുന്നു.
മുന്നില്‍ വന്നടിയുന്ന ചോദ്യങ്ങള്‍ക്കുമുന്നില്‍ പകച്ചങ്ങനെ
വിറങ്ങലിച്ചിരിക്കയാണു വിശ്വം.
പുളിയിറങ്ങാതെ ബാക്കിവന്ന തന്റെ ഒരംഗുലം ത്രിശങ്കു സ്വര്‍ഗത്തില്‍.
ഇപ്പോഴും ഭൂമി താനാണു ചുമക്കുന്നതെന്ന വിശ്വാസവും കൊണ്ടങ്ങിനെ ആ ഒരൊറ്റ ഉത്തരത്തില്‍ ചത്തിരിക്കുകയാണു വിശ്വം.


വാലവിടെ മുറിച്ചിട്ടിട്ട്‌ അവന്റെ ആത്മാവ്‌ ഗാന്ധാരദേശങ്ങളില്‍ അലഞ്ഞു നടക്കുകയാണിപ്പോള്‍.
കുലം മുച്ചൂടും മുടിഞ്ഞ അശ്വത്ഥാമാവിനെപ്പോലെ മരുഭൂമിയിലെ പൊടിക്കാറ്റായി ഉഴറിനടക്കുകയാണു വിശ്വമിപ്പോള്‍.

Wednesday, September 15, 1999

പാവം റോഡ്‌


വാസ്തവത്തില്‍ റോഡുപയോഗിക്കുന്നവരില്‍ മിക്കവരും കുറ്റക്കാരാണ്‌.

കാല്‍നടക്കാര്‍ കണ്ണും ചെവിയും എന്തോ അനാവശ്യമായ വസ്തുക്കള്‍ എന്ന നാട്യത്തില്‍ നേരേ വഴിനടുവിലൂടെ നടന്നോളും.

സൈക്കിളില്‍ പോകുന്നവന്‌ ഒരു കൈയ്യുണ്ടായാലും കാര്യം നടക്കും. ചിലപ്പോള്‍ അതും വേണമെന്നില്ല. ഡബ്ബിള്‍ വെച്ചാലേ യാത്രക്കു സുഖം തോന്നൂ. മൂന്നു പേരുണ്ടെങ്കില്‍ ഒരു ശക്തിയായി.

മോട്ടോര്‍ സൈക്കിളോ സ്കൂട്ടറോ മോപ്പെഡോ ഓട്ടുന്നവ(ന്‍/ള്‍) വായുഗുളിക അഡ്വാന്‍സ്‌ വാങ്ങി സ്റ്റോക്കു വെക്കാന്‍ പോകയാണെന്നു തോന്നും.

ഓട്ടോറിക്ഷക്ക്‌ മിഗ്‌-16 ന്റേതു പോലെ അതിവേഗത്തില്‍ എങ്ങനെയെങ്കിലും നുഴഞ്ഞുകയറിപ്പോകണമെന്നാണാഗ്രഹം.

കാറിന്നു ചുറ്റും ചില്ലു മുഴുവന്‍ (മുന്‍പിലേതടക്കം) കറുകറുത്ത സ്റ്റിക്കറോ പെയിന്റോ അടിച്ചിരിക്കും. എങ്ങാനും പാഞ്ഞുവരുന്ന തമിഴന്‍ ലോറിയെ മുന്‍കൂട്ടി കണ്ടാലോ!

ലോറിക്ക്‌ എത്ര ട്രിപ്‌ അടിക്കാമോ അത്രയും പൈസ കൂടുതല്‍ കിട്ടും.

ബസ്സുതൊഴിലാളിക്ക്‌ പണി പോകാതിരിക്കണമെങ്കില്‍ മിനിമം കളക്ഷന്‍ സംഘടിപ്പിച്ചിരിക്കണം. അല്ലേല്‍ മുതലാളി പിരിച്ചുവിടും! പോരാത്തതിന്‌ സ്കൂള്‍ തുറന്നാല്‍ കേറുന്നതൊക്കെ പത്തുപൈസകള്‍!


എന്തായാലും ട്രാഫിക്ക്‌ അങ്ങത്തയെ പേടിക്കണ്ട. അയാള്‍ക്കുള്ള ആഴ്ച്ചവരി കിളിവശം പതുക്കെ പോട്ടിരിക്കും. (പൈസ ആര്‍സി ബൂക്കിനകത്തു വെച്ചുവേണം കൊടുക്കാന്‍. കസ്റ്റംസുകാര്‍ പാസ്സ്പോര്‍ട്ടിനകത്തുവെച്ചു ലൂട്ടി വാങ്ങുന്നതുപോലെ.)

റോഡ്‌ പാവം.
ദാരിദ്ര്യം മറന്ന്‌ ടാറു കണ്ടിട്ട്‌ കാലം കുറേയായി. ഇടക്കു വന്നു കുഴിതോണ്ടുന്ന (മലിന)ജല അതോറിട്ടിയേയും ചിലഫോണ്‍കാരേയും (ചില ഫോണുകളേ ടെലഫോണുകളാവൂ.) കാണുമ്പോഴേ റോഡിന്‌ സ്വന്തം അസ്തിത്വം തന്നെ ഓര്‍മ്മ വരാറുള്ളൂ.

14 സെപ്റ്റംബര്‍ 1999
കേരള.കോം ഗസ്റ്റുബുക്ക്‌

Wednesday, May 26, 1999

ദില്ലി സുന്ദരിയായിരുന്നു...

അതേ. ദില്ലി സുന്ദരിയായിരുന്നു!!

സഗരന്മാരുടെ തീപ്പെട്ടിക്കൂടുകള്‍ ഫരീദാബാദ്‌ സ്റ്റേഷനും കഴിഞ്ഞ്‌ തെക്കോട്ട്‌ ഇഴഞ്ഞുനീങ്ങുമ്പോളൊക്കെയും പിറകില്‍നിന്നുമൊരരിപ്രാവു തേങ്ങും:

"ദില്ലിയുടെ കൂട്ടുകാരാ, നീ പോകയാണോ?"

ധൂളീസമുദ്രങ്ങള്‍ക്കകത്ത്‌ സമയത്തിനു പിന്നാലെ ഡി.ടി.സി. ബസ്‌ നമ്പറുകളുടെ മനക്കണക്കുകളുമായി ഓടുമ്പോഴൊക്കെയും -
അരാവലിയുടെ നെഞ്ചിലെ ഇത്തിരിചൂടുപോലും തണുത്തുറക്കുന്ന രാത്രികളില്‍ രജായിക്കൂമ്പാരങ്ങള്‍ക്കുള്ളില്‍ ഒളിച്ചുകിടന്ന്‌ തന്റെ നാഴിയിടങ്ങഴിമണ്ണിനെക്കുറിച്ചോര്‍ത്ത്‌ നെടുവീര്‍പ്പിടുമ്പോഴൊക്കെയും-
ഈ നിമിഷങ്ങള്‍ക്കുവേണ്ടി പ്രതീക്ഷയുടെ ഒരു ചെരാത്‌ മൂകമായി നിതാന്തമായി ജ്വലിച്ചിരിക്കാറുണ്ടായിരുന്നു.

നീണ്ടുനീണ്ടു പോകുന്ന ആരണ്യവാസത്തിനും അജ്ഞാതവാസത്തിനും ഒടുവില്‍ മുരടിച്ചുണങ്ങിപ്പോയ ഗൃഹാതുരത്വത്തിന്റെ പച്ചത്തുരുപ്പുകള്‍ക്ക്‌ വീണ്ടും മൂള വരികയാണിപ്പോള്‍.

എന്നിട്ടിപ്പോള്‍, പിറകില്‍നിന്നുമൊരരിപ്രാവു തേങ്ങുന്നു:

"യമുനയുടെ തോഴാ, നീ പോകയാണോ?"

സുന്ദരിയായ ദില്ലി എന്നുമൊരു പ്രഹേളികയായിരുന്നു. അകന്നിരിക്കും തോറും അവള്‍ക്കഴകേകുമായിരുന്നു. പ്രാപിക്കുമ്പോഴൊക്കെയും അവള്‍ക്കെവിടെനിന്നോ കൈവരുന്ന പൈശാചികഭാവം നീന്നെ ഭയവിഹ്വലനാക്കുമായിരുന്നു.

ദില്ലിയെയോര്‍ത്തു വിരഹിക്കാന്‍ വര്‍ഷങ്ങളോ മാസങ്ങളോ വേണ്ട, ഒഴിഞ്ഞുപോകുന്ന അതേ നിമിഷാംശങ്ങള്‍ക്കുള്ളില്‍ അവള്‍ നിനക്കുള്ളില്‍ ഒരു മയില്‍പ്പീലിത്തണ്ടായി കുടിയിരിക്കും. വീട്ടിത്തീരാനാവാഞ്ഞ ചില്ലറക്കണക്കുകളും ചൊല്ലി പിന്നെ എന്നെന്നും അവള്‍ നിന്റെ ഹൃദയത്തില്‍ കുത്തിവലിക്കും.

അതേ, ദില്ലി ഒരു യക്ഷിയെപ്പോലെ സുന്ദരിയായിരുന്നു.!!!
(1999 മേയ്‌ 26 - കേരള.കോം ഗസ്റ്റുബുക്ക്‌)

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...