Tuesday, May 29, 2007

കാറ്ററിയാതെ..., കാടുണരാതെ...

(പിന്മൊഴിയല്ല;

എനിക്കു മുന്‍പേ കാലം കയ്യിലൊരു പൂക്കുലക്കൂട് വ്യര്‍ത്ഥതൃഷ്ണകള്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നു.
എന്നെ കബളിപ്പിച്ചുകൊണ്ടേ ഇരിക്കാന്‍, ഞാന്‍ എന്നെന്നും പിന്‍പറ്റിക്കൊണ്ടേ ചെന്നുകൂടാന്‍, പാതയെമ്പാടും....

അതാണ്, ആ മുന്മൊഴിയാണിത്.
അതുകൊണ്ട് ഒരു പുതിയ പോസ്റ്റായിത്തന്നെ കിടക്കട്ടെ എന്നു കരുതി...)

**************


വെറുതെ നടക്കുകയായിരുന്നു...

പിന്നില്‍ ജന്മജന്മാന്തരങ്ങളുടെ ഭാണ്ഡങ്ങള്‍ ....

ഒരു പൂ വിളിച്ചു: “ഓര്‍മ്മയില്ലേ?”

തികട്ടിവന്ന ഓര്‍മ്മകളില്‍ തിരഞ്ഞുകൊണ്ടിരുന്നു....

ഉവ്വ്....

നിന്നെ...,
വ്യാഴവട്ടങ്ങള്‍ക്കുമുന്‍പേ കണ്ടുകണ്മറഞ്ഞ ബിംബങ്ങളില്‍ നിന്നൊരു ശലാക എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നു...

“നീയതായിരുന്നോ? പിന്നെന്തേ നമുക്കിത്ര വൈകി?”

“നാം എഴുതിവെയ്ക്കപ്പെട്ട സ്വന്തം ഭ്രമണപഥങ്ങളില്‍ കുടുങ്ങിയിരിക്കുന്നു....
വ്യാഴവട്ടങ്ങളിലേ നമുക്കൊത്തുചേരാനാവൂ...“

“നമ്മുടെ സമയം പക്ഷേ വിധിയെടുത്തുകഴിഞ്ഞിരിക്കുന്നു...!“

“എങ്കിലും നിനക്കോര്‍മ്മയുണ്ടാവണം...ഞാനിപ്പോഴും നിന്നെക്കുറിച്ചു ഭ്രമിച്ചുകൊണ്ടേയിരിക്കുന്നു....“

*** *** ***

നീണ്ട കൈകള്‍ക്കറ്റത്ത് ചിതയില്‍ നിന്നൊരു പെണ്‍കുട്ടി പിടി മുറുക്കി.

ഗുരുത്വത്തിന്നെതിരെ ഞാനെന്റെ ഹൃദയത്തെ എന്നോടുതന്നെ ചേര്‍ത്ത് വലിച്ചടുപ്പിക്കാന്‍ ശ്രമിച്ചു....

മഴ വീണ ഊടുവഴികളില്‍ പോയ വേനലിന്റെ പായല്‍ വഴുക്കുകള്‍....

ആത്മഹത്യാമുനമ്പുകളില്‍ തിരിച്ചലയടിക്കുന്ന എന്റെ സ്വന്തം പ്രതിബിംബങ്ങള്‍...

ദേവീ, വരൂ... ഉയിര്‍ത്തെഴുന്നേല്‍ക്കൂ‍....

കോടമഞ്ഞുപോലെ ഒരു തേങ്ങല്‍ മനസ്സിനെ കടന്നുപോയി....

*** *** ***

ഹുതാശനശ്ചന്ദനപങ്കശീതളമായിരുന്നു മനസ്സ്.
എവിടെനിന്നാണിപ്പോള്‍ ഈ ഉഷ്ണമേഘങ്ങള്‍ പാറിവരുന്നത്?
തുടുത്ത പ്രഭാതത്തിനുമീതെ അവ അഗ്നിയായി തപിച്ചു...തപിപ്പിച്ചു...
വയ്യ.
ഇവയ്ക്കപ്പുറം എന്റെ പതിവുള്ള ദിവസങ്ങളിലേക്കു കയറിപ്പോകാനാവുന്നില്ല...

ഉഷസ്സെണീല്‍ക്കുന്നതിനുമുന്നേ അവ ആകാശം മുഴുവന്‍ മൂടിനില്‍ക്കുന്നു....

പെയ്തൊഴിയുകയെങ്കിലും ചെയ്തിരുന്നെങ്കില്‍...

അഥവാ ഇവ വെറും ഉഷ്ണമേഘങ്ങള്‍ തന്നെയോ?

*** *** ***

ഗുരുത്വം വഴുതലിനു കീഴടങ്ങി...

ദേശത്തിലും കാലത്തിലും പിടിച്ചുനില്‍ക്കാനാവാതെ നീലക്കുറിഞ്ഞിപ്പൂക്കള്‍ കീഴെ അഗാധതയിലേക്കു പടിയിറങ്ങിപ്പോയി പിന്നെയും...

********* *********

(മുന്‍പൊരിക്കല്‍ ഈ വരികള്‍ കത്തിയമര്‍ന്നുകൊണ്ടിരുന്ന ഏതോ മഴക്കാടുകളില്‍ കോറിവരച്ചിട്ടിരുന്നു എന്നിട്ടും ഒരായിരത്തിയൊന്നാമതുതവണയും ചിതപ്പക്ഷികളായി ഉയിര്‍ത്തെഴുന്നേറ്റ് ഈ നീലക്കുറിഞ്ഞിപ്പൂക്കള്‍ എന്നെ വേട്ടയാടിക്കൊണ്ടേ ഇരിക്കുന്നു... ഒട്ടും ആവര്‍ത്തനവിരസത തോന്നാതെ Conspiracy of Silence-ലെ കുഞ്ഞുവേദനത്തുണ്ടിനുകൂടി പിന്മൊഴിയാക്കി ഇവിടെ ചേര്‍ക്കട്ടെ.)

*****************

എന്തിനെന്നറിയില്ല, ബൂലോഗത്ത് അവളെക്കുറിച്ച് ഒരു പോസ്റ്റ് വന്നിട്ടുണ്ടെന്ന് അറിയാതെത്തന്നെ, ഇന്നലെമുതല്‍ ആ ഗാനം ലാസ്യനിലാവായി എനിക്കു മേലെ പെയ്തുകൊണ്ടിരുന്നു. ആരോ ചാരത്തുവരുമല്ലോ എന്ന ആശ, ആരും വന്നില്ലല്ലോ എന്ന നിരാശ...
ഇന്നു പകല്‍ മുഴുവന്‍ നഗരമാകെ അലഞ്ഞുനടന്നു, ശ്രുതിയുടെ പഴമ്പാട്ടിന്‍ ഭാണ്ഡങ്ങള്‍ക്കുള്ളിലെവിടെയോ നഷ്ടപ്പെട്ടുപോയ ഈ കുറിഞ്ഞിപ്പൂക്കളും തിരഞ്ഞുകൊണ്ട്।


ഇല്ല, ആരും ഒന്ന് ഓര്‍ക്കുകപോലും ചെയ്യാതെ ഒരു വരിപോലുമില്ലാതെ എന്റെ പൂക്കുലക്കൂടപ്പാടെ കരിഞ്ഞുണങ്ങിപ്പോയിരിക്കുന്നു...

നിരാശയോടെ രാത്രി തിരിച്ചുവന്നുകയറിയപ്പോള്‍, അപ്പോളാണ് നിശ്ശബ്ദതയുടെ ഗൂഢാലോചനക്കൂടാരത്തില്‍ അവള്‍ വീണ്ടും...! ഇന്നീ അന്തിവരേയ്ക്കും അങ്ങിനെയൊരുവള്‍ എന്നെയും കാത്തിവിടെ ഇരിപ്പുണ്ടെന്നു് ഒരിക്കലും അറിഞ്ഞിരുന്നില്ല.

കളിയാക്കുകയാവണം...
കുണുങ്ങിച്ചിരിക്കുന്നു...
പിന്നെ തേങ്ങിത്തേങ്ങി...


പരതിത്തിരഞ്ഞ കൈവിരലുകള്‍ ഒടുവില്‍ അവളെ കണ്ടുപിടിച്ചു...
കാറ്ററിയാതെ, കാടുണരാതെ, ഇവിടെ എന്റെ തൊട്ടുചാരത്ത് തന്നെ അവള്‍ ചേര്‍ന്നിരിക്കുന്നു...
പച്ചാളക്കുട്ടന്‍ പണ്ടെന്നോ അയച്ചുതന്ന തേരിനുള്ളില്‍, എന്റെ, എന്റെ മാത്രം, പാട്ട്:

ഈ തിരിച്ചുകിട്ടലിന്റെ സൌഭാഗ്യം ഓര്‍മ്മിക്കാന്‍, ബൈജുവിനും കൂട്ടുകാര്‍ക്കും വേണ്ടി ഇവിടെ ഒരു പോഡ്‌കാസ്റ്റായിട്ട് , അല്ലെങ്കില്‍ ഇവിടെ നിന്നും നേരെ ഡൌണ്‍ലോഡ് ചെയ്യാം.


എന്റെ ആത്മാവിനെ എന്നെന്നേക്കുമായി തൊട്ടുചാരിയിരിക്കുന്ന ആ ഗാനത്തിന്റെ വരികള്‍:

നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍ നിന്നെ പ്രതീക്ഷിച്ചു നിന്നൂ
ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാനിന്നും പ്രതീക്ഷിച്ചു നിന്നൂ
നീയിതുകാണാതെ പോകയോ? നീയിതു ചൂടാതെ പോകയോ?
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍...

ആഷാഢമാസ നിശീഥിനി തന്‍ വനസീമയിലൂടെ നീ
ആരും കാണാതെ.. ആരും കേള്‍ക്കാതെ..
എന്നിലേക്കെന്നും വരുന്നൂ എന്‍മണ്‍കുടില്‍ തേടി വരുന്നൂ
നീയിതുകാണാതെ പോകയോ? നീയിതു ചൂടാതെ പോകയോ?
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍...

ലാസ്യനിലാവിന്റെ ലാളനമേറ്റു ഞാന്നൊന്നുമയങ്ങീ
കാറ്റും കാണാതെ.. കാടും ഉണരാതെ..
എന്റെ ചാരത്തുവന്നൂ എന്‍ പ്രേമനൈവേദ്യമണിഞ്ഞൂ
നീയിതുകാണാതെ പോകയോ? നീയിതു ചൂടാതെ പോകയോ?
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍ നിന്നെ പ്രതീക്ഷിച്ചു നിന്നൂ
നീയിതുകാണാതെ പോകയോ? നീയിതു ചൂടാതെ പോകയോ?
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍...

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...