ബുധനാഴ്‌ച, നവംബർ 01, 2006

ചൊല്ലും കേള്‍വിയും

എഴുതിപ്പെയ്തിറങ്ങാന്‍ ഒരാകാശം മുഴുവന്‍ മേഘങ്ങളുണ്ടെന്റെ കയ്യില്‍...
പക്ഷേ വായിച്ചുകോരിയെടുക്കാന്‍ ഒരു തുടം കടല്‍ നീട്ടുമോ നീ?


വളരെ നാളുകള്‍ക്കുശേഷമാണ് ബൂലോഗത്തുവന്ന് ഒരു പോസ്റ്റും അതിലെ മുഴുവന്‍ കമന്റുകളും ഇരുത്തിവായിക്കാന്‍ സമയവും സന്നദ്ധതയും ഒത്തുകിട്ടിയത്. കറുത്തു മാറാലപിടിച്ച ഈ വിശ്വബൂലോഗത്തെക്കുറിച്ച് പലപ്പോഴും പറയണമെന്നു വിചാരിച്ച കുറേ ജല്‍പ്പനങ്ങള്‍ ഒടുവില്‍ ഇവിടെത്തന്നെ ചേര്‍ക്കാമെന്നു കരുതുന്നു:


ബ്ലോഗുകള്‍ എന്നതിന് ഞാന്‍ വിചാരിക്കുന്ന ഏറ്റവും അടിസ്ഥാനപരമായ അര്‍ത്ഥം എന്റെ തന്നെ മനോവ്യാപാരങ്ങള്‍ പുറത്തേക്കൊഴുക്കുവാനുള്ള ഒരുപാധി എന്നോ ഉപകരണം എന്നോ ആണ്. ആ നിലയ്ക്ക് ‘എന്റെ സ്വന്തം ബ്ലോഗ് ’എന്റെ സാടോപപ്രലാപങ്ങള്‍ക്കും ആത്മാവിഷ്കാരങ്ങള്‍ക്കും വേണ്ടിത്തന്നെയാണ് നിലകൊള്ളേണ്ടത്. അങ്ങനെയുള്ളൊരു ബ്ലോഗ് ആയി ആണ് ‘വിശ്വബൂലോഗം’ ഞാന്‍ മാറ്റിവെച്ചിരിക്കുന്നത്. അതിലെഴുതിയിരിക്കുന്ന ഓരോ വാക്കും ആശയവും എന്റെ തന്നെ സ്വന്തം ചിന്തയെത്തന്നെയാണു കൊണ്ടുവന്നുകോരിയിടുന്നത്. വാസ്തവത്തില്‍ അവിടെവരുന്ന കമന്റുകള്‍ പോലും എന്റെ മനോഭൂപ്രകൃതിയില്‍ കടന്നുകയറരുതെന്ന് എനിക്ക് നിര്‍ബന്ധം പോലുമുണ്ട്. അത്രമാത്രം മൌലികമായാണ് അതിലെ മിക്ക പോസ്റ്റുകളും ഞാന്‍ കാത്തുസൂക്ഷിക്കുക. എനിക്കു സ്വയം വായിക്കുമ്പോള്‍ അവ വിശ്വോത്തരങ്ങളായ കവിതയോ കഥയോ മറ്റെന്തൊക്കെയോ ആണ്!

ഇങ്ങനെ പറയുമ്പോള്‍ വിശ്വപ്രഭ അത്രയ്ക്കും ഒരഹങ്കാരിയാണെന്നു പക്ഷേ ദയവുചെയ്തു വിചാരിക്കരുത്. അയാള്‍ കൊണ്ടുനടക്കുന്ന ‘ആ ഒരു ബ്ലോഗ്’ ഞാന്‍, അതായത്, വിശ്വം എന്ന സാധനത്തിന്റെ മാത്രം വ്യക്തിത്വത്തിനെ പ്രതിനിധീകരിക്കുന്നു, ആ വ്യക്തിത്വത്തിന്റെ കൊച്ചുസങ്കല്‍പ്പങ്ങള്‍ക്ക് ഇങ്കു കുറുക്കിക്കൊടുക്കുന്നു എന്നു മാത്രം കരുതുക. നോട്ടുപുസ്തകങ്ങള്‍ക്കിടയിലും കൂട്ടുകാര്‍ക്കെഴുതുന്ന കത്തുകള്‍ക്കുള്ളിലും ഒളിച്ചുചെന്നിടം തേടാറുണ്ടായിരുന്ന വിശ്വത്തിന്റെ മതിഭ്രമങ്ങള്‍ക്ക് അയാളിപ്പോള്‍ സ്വന്തമായി ഒരു കുടില്‍ കെട്ടിക്കൊടുത്തിരിക്കുന്നു എന്നു മാത്രം അനുവദിച്ചുതരിക. തീനിനും കുടിയ്ക്കും കിടപ്പിനും കെട്ടിപ്പൂട്ടാനാവാതെ സ്വയം ഓടിരക്ഷപ്പെട്ട് സ്വച്ഛമായി പറന്നുകളിക്കാന്‍ മനസ്സിന് ഭാഗ്യം കിട്ടുന്ന ചില നാളുകളിലെ, യാമങ്ങളിലെ ആത്മരതിയാണ് അവിടത്തെ താമസക്കാര്‍. ഭാഷ പോലും പറന്നെത്താത്ത നിമ്നോന്നതങ്ങളിലും വിദൂരതകളിലുമാണ് അവയുടെ അഭിനിഷ്പതനങ്ങള്‍. കേള്‍ക്കുവാനുള്ള ചെവികളും കാണുവാനുള്ള കണ്ണുകളും ഉണ്ടായിക്കൊള്ളാണമെന്നില്ല എന്ന ഉത്തമമായ അറിവോടെ തന്നെ, എങ്കിലും ‘ചെവിയുള്ളവര്‍ കേള്‍ക്കട്ടെ’ എന്ന ആത്മഗതത്തോടെ, ‘എന്നിട്ടെന്തേ നീയതൊന്നും ഒരിക്കലും പറയാഞ്ഞൂ’ എന്നാരുമൊരിക്കലും കുറ്റപ്പെടുത്താതിരിക്കാന്‍ വേണ്ടി മാത്രം അവിടെ വിശ്വം എന്ന പല്ലി ഉത്തരവും താങ്ങി വല്ലപ്പോഴും ചിലച്ചുകൊണ്ടിരിക്കും. പണ്ടൊരിക്കല്‍ ആര്‍ക്കൊക്കെയോ കൊടുത്തിട്ടിറങ്ങിപ്പോന്ന വാക്കുകളാണയാള്‍ക്കിപ്പോള്‍ പാലിക്കേണ്ടിവരുന്നത്.

പക്ഷേ, മലയാളത്തമ്മയോടുള്ള അതിരുകടന്ന ഇമ്പം എന്നെ കൊണ്ടെത്തിക്കുന്ന മറ്റൊരു സമതലമാണ് ബൂലോഗം. അവിടെ ഞാന്‍ എന്നത്തേയും പോലെ പലപല വേഷങ്ങള്‍ കെട്ടാന്‍ പഠിക്കുന്നു. നിതാന്തമായ എന്റെ ഏകാന്തതയ്ക്ക് പുറത്തു ചാടി ഞാന്‍ മറ്റൊരു ഉരുളന്‍‌കല്ലായോ ഇഷ്ടികക്കട്ടയായോ മാറേണ്ടിവരുന്നു പലപ്പോഴും. ഞാന്‍ ആയിരിക്കുമ്പോഴത്തെ എന്റെ മാത്രം മുനകളും ചീളുകളും പോടുകളും നഷ്ടപ്പെട്ട് വൃത്തമോ സമചതുരമോ ആയി ഞാന്‍ മതിലിന്റെ അംശമായി മാറുന്നു. സ്വയം കല്‍പ്പിച്ചെടുക്കുന്ന എന്റെ തന്നെ സ്വത്വത്തിന്റെ ശില്പഭംഗിയില്‍നിന്നും എനിക്കുറയൂരേണ്ടിവരുന്നു.

ആ സ്ഥാനാന്തരണഭ്രമണത്തിനിടയിലാണ് വിശ്വവും വിശ്വപ്രഭയും നിങ്ങള്‍ക്കിടയില്‍ ഉദിച്ചസ്തമിക്കാറ്‌.

വിനിമയം തന്നെയാണ് ജീവന്റെ ഏറ്റവും വലിയ പ്രശ്നം. അത് ആദിയിലെ വചനം മുതല്‍ ഒടുവിലെ തിരുവെഴുത്തുനാള്‍ വരെ നമ്മുടെയുടലിലും ആത്മാവിലും പുണര്‍ന്നുകൂടും. കാര്‍ബോണിക് ചങ്ങലകളും ‘സാമാന്യബുദ്ധി‘യില്ലാത്ത വൈറസുകളും ഇരപിടിക്കാന്‍ പോകുന്ന അമീബയും ലോകത്തെ സംസ്കരിക്കാനിറങ്ങുന്ന ബുഷും ഒസാമയും അതിവേഗഫോറിയര്‍ രൂപാന്തരങ്ങളി ലൂടെ ലോകാന്തരജീവിതങ്ങളെ കയ്യെത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന ബെര്‍ക്കിലി യൂണിവേഴ്‌സിറ്റി പോലും ശ്രമിക്കുന്നത് ആ സമസ്യയുടെ ചുരുളുകളഴിക്കാനാണ്. ഒട്ടുമിക്കവാറും ഈ ശ്രമങ്ങളിലാണ് നമ്മുടെ അന്ത്യവിധികളും നമ്മെത്തേടിയെത്തുകയും ചെയ്യുക എന്നാണെനിക്കു തോന്നാറ്. പറഞ്ഞവനും കേട്ടവനും ഇടയില്‍ ഒളിച്ചോടിപ്പോവുന്ന ശിഥിലാര്‍ത്ഥങ്ങള്‍ ഒട്ടൊന്നുമല്ല ഈ പ്രപഞ്ചത്തിന്റെ ജീവഗാഥയെ എന്നുമെന്നും ഗതിമാറ്റിവിട്ടിട്ടുള്ളത്. അതുകൊണ്ടായിരിക്കാം പലപ്പോഴും തോന്നാറുണ്ട് കൂട്ടായ ജീവന്റെ ഏറ്റവും വലിയ പോരായ്മ ഇന്നും എന്നും വിനിമയത്തിനുള്ള അതിന്റെ കഴിവുകേടുതന്നെയാണെന്ന്.

ആ വിനിമയത്തിന്റെ പല മൂര്‍ത്തരൂപങ്ങളില്‍ ഒന്നാണ് ഭാഷ. മനുഷ്യന്‍ ഉപയോഗിക്കുന്ന ഭാഷയുടെ സംസ്കൃതരൂപങ്ങളെയാണ് നാം ‘മലയാളം’ ‘ഇംഗ്ലീഷ്’, ‘ബ്രഹൂയി’, ‘ബ്രെയ്‌ലി’ എന്നൊക്കെ വിളിക്കുന്നതും. ഓരോരുത്തരും അവരവരുടെ സൌകര്യത്തിനു വേണ്ടി അവര്‍ക്കിഷ്ടപ്പെട്ടപോലെ അങ്ങനെയൊക്കെ ആക്കിയെന്നു മാത്രം.

ആ ഭാഷകളിലൊന്നില്‍ തന്നെ പിന്നെയും തരംതിരിവുകള്‍ ഉണ്ടായെന്നു വരാം. അതുകൊണ്ടാണ് ‘ദുരൂഹ‘മായും ‘പൈങ്കിളി‘യായും നമ്മുടെ തന്നെ കുഞ്ഞുമൊഴിപ്പാടുകള്‍ പരസ്പരം സംവാദം നടത്തുന്നതും.

ഇതൊരു കഴിവുകേടാണോ? അഹങ്കാരത്തിന്റെ ആളിക്കത്തലാണോ? അല്ലെന്നാണെനിക്കു വിനീതമായി തോന്നുന്നത്.

ഒരിക്കല്‍, വര്‍ഷങ്ങളായി കോമയില്‍ കിടന്നിരുന്ന അച്ഛനില്‍നിന്നും പുറത്തുവരാനാവാതെ ഉള്ളില്‍തന്നെ തേങ്ങിക്കിടന്ന ഞരക്കങ്ങളും വേദനകളുമായി ഞാന്‍ പ്രതിവദിച്ചിട്ടുണ്ട്. ഭ്രാന്തമെന്നോണമെന്നുള്ള എന്റെ ചേഷ്ടകള്‍ കണ്ടു് സഹികെട്ടുനിന്ന വീട്ടുകാര്‍ക്ക് ഞാന്‍ അച്ഛന്റെ ചിന്തകള്‍ മുഴുവന്‍ പുറത്തെടുത്ത് കോരിക്കൊടുത്തിട്ടുണ്ട്.
പിന്നെ ഈയടുത്തൊരിക്കല്‍, ശ്രീക്കുട്ടിയോട് (വായനശാല സുനിലിന്റേയും സോയയുടേയും മകള്‍) ഞാന്‍ കൊഞ്ചിക്കളിച്ചിട്ടുണ്ട്. അഞ്ചുവയസ്സിന്റെ ഇത്തിരിപ്പോന്ന ഭാഷയില്‍ എനിക്കെയ്തുവീഴ്ത്താന്‍ അഞ്ഞൂറുവാക്കുപോലുമില്ലായിരുന്നു അമ്പുകളാക്കാന്‍. എന്നിട്ടും എന്നെ വിട്ടുപോവുമ്പോള്‍ ശ്രീക്കുട്ടി നല്ല ഇളം‌മലയാളത്തില്‍ തേങ്ങിത്തേങ്ങിക്കരഞ്ഞു! ഇല്ലേ സുനിലേ?
ഈ രണ്ട് അനുഭവങ്ങള്‍ക്കുമിടയിലേ മനുഷ്യനും മനുഷ്യനും തമ്മില്‍ സംവദിക്കേണ്ട മറ്റേതൊരു പ്രഹേളികയും വന്നിരിക്കൂയെന്ന് എനിക്കു നല്ല ഉറപ്പുമുണ്ട്.

ചൊല്ലിനും കേള്‍വിക്കുമിടയില്‍ പരസ്പരം കുരുങ്ങിയിരിക്കേണ്ട ഈ ചങ്ങലക്കൊളുത്തുകളെപ്പറ്റിയുള്ള ബോധം നന്നായി ഉള്ളില്‍കരുതിക്കൊണ്ടു തന്നെയാണ് ഞാന്‍ ബൂലോഗങ്ങളില്‍ ഇടപെടാറുള്ളത്. അതുകൊണ്ടായിരിക്കാം ചില കാര്യങ്ങള്‍ നല്ല വെടിപ്പായും മറ്റു ചിലവ തീരെ ദുര്‍ഗ്രാഹ്യമായും എഴുതിപ്പോവുന്നത്.

എന്നിരുന്നാലും,
കിട്ടുന്ന ഓരോ അവസരങ്ങളിലും മേല്‍ക്കാലത്തേക്കു ഗതി കിട്ടാവുന്ന ഒരു വിവരശകലമെങ്കിലും ഓരോ സംവേദനത്തിനുമിടയിലും പരസ്പരം ചെലുത്തണമെന്ന് എനിക്കൊരു സ്വാര്‍ത്ഥമോഹമുണ്ട്. ആരാലുമോര്‍ക്കാതെ ഭാഷയുടെ പിന്നിടങ്ങളില്‍ കുഴിച്ചുമൂടിപ്പോകാവുന്ന ഒരു വാക്കെങ്കിലും ഞാന്‍ ഈ കാറ്റില്‍ ഊതിപ്പറത്തിവിടും. അത്തരം കൊച്ചുശകലങ്ങളിലൂടെയേ എന്റെയീ വിശ്വം ഒരുനാള്‍ പ്രവാചകന്മാര്‍ വാഗ്ദാനം ചെയ്ത സമഞ്ജസസ്വര്‍ഗ്ഗലോകമാവൂ എന്ന് ഉള്ളിലെ കിളി എന്നും കുറുകിക്കൊണ്ടിരിക്കുന്നു.

അതുകൊണ്ടാണ് മൊഴിത്താരകളുടെ പിന്നില്‍ ഇങ്ങേത്തലയ്ക്ക് പച്ചയും ചുവപ്പുമുള്ള ഓരോ കൊടികളും ഒരു കമ്പിറാന്തലും മാത്രം പിടിച്ച് , പിന്നിട്ടുപോകുന്ന പാതകളേയും ഇരുട്ടിനേയും മാത്രം നോക്കിക്കൊണ്ട് എന്റെയാ കുടുസ്സുമുറിവണ്ടിയില്‍ ഞാനിരിക്കുന്നത്. കൊളുത്തുവിട്ടിളകിപ്പോകാതെ എനിക്കുമുന്നില്‍ യാത്രചെയ്യുന്ന ഈ ബൂലോഗനിര എന്റെ സായൂജ്യമാവുന്നതും അതുകൊണ്ടാണ്.
അതുതന്നെയായിരിക്കണം ഉമേഷും സിബുവും കൈപ്പള്ളിയും ഇന്ത്യാഹെറിറ്റേജും ഷിജുവും ഡാലിയും സീയെസ്സും ചന്ദ്രശേഖരന്‍‌നായരും ജ്യോതിയും അതുപോലെ മറ്റുപല ഗാര്‍ഡുകളും അവരവരുടെ കോച്ചുകളിലിരുന്നു ചെയ്തുകൊണ്ടിരിക്കുന്നത്.

ഇത്രയുമൊക്കെ പറഞ്ഞത് വളരെ ദുരൂഹമായിത്തോന്നുണ്ടായിരിക്കാം അല്ലേ? ഇതുതന്നെയും വായിച്ചെത്തിയെങ്കില്‍ കൊള്ളാം! നല്ല ക്ഷമയുള്ള ആള്‍ എന്നു ഞാന്‍ നിങ്ങളെ ഒന്നു പുറത്തു തട്ടിക്കോണ്ടു പറഞ്ഞോട്ടെ! ഇനി ഒന്നു ലളിതവല്‍ക്കരിച്ചു് , കരിക്കാതെ ചുടാന്‍ പറ്റുമോ എന്നു നോക്കട്ടെ:

ചുരുക്കത്തില്‍ ഇത്ര്യേയുള്ളൂ: എനിക്കെന്റേതായൊരു ഭാഷയുണ്ട്. എന്റെ ലോകത്ത് എനിക്കതേ ആവൂ. പക്ഷേ നിങ്ങളുമായി ഇടപെടുമ്പോള്‍ കുറേയൊക്കെ മാറുവാന്‍ ഞാന്‍ ശ്രമിക്കാം. എന്റെ നിലപാടുകളെപ്പറ്റി ഞാന്‍ പരത്താന്‍ ആഗ്രഹിക്കുന്ന ധാരണകള്‍ക്ക് തെറ്റു വരാത്തിടത്തോളം ഞാന്‍ അങ്ങനെ ചെയ്യാം. എന്റെ വാക്കിന്റെ അര്‍ത്ഥബോധത്തിനു കുറവില്ലാത്തവണ്ണം കൃത്യമായ വാക്കുകള്‍ തെരഞ്ഞെടുക്കേണ്ടിവരുമ്പോള്‍ പക്ഷേ ആ സ്വാതന്ത്ര്യം എനിക്കു തന്നേ തീരൂ. (ഇതുപോലെയൊക്കെയാണ് വക്കീല്‍ നോട്ടീസുകളും എന്‍ഡ് യൂസര്‍ ലൈസന്‍സ് അഗ്രിമെന്റുകളും ഇത്ര ദുരൂഹമായിപ്പോകാറ്‌!)

20 അഭിപ്രായങ്ങൾ:

കുറുമാന്‍ പറഞ്ഞു...

മൊഴിത്താരകളുടെ പിന്നില്‍ ഇങ്ങേത്തലയ്ക്ക് പച്ചയും ചുവപ്പുമുള്ള ഓരോ കൊടികളും ഒരു കമ്പിറാന്തലും മാത്രം പിടിച്ച് , പിന്നിട്ടുപോകുന്ന പാതകളേയും ഇരുട്ടിനേയും മാത്രം നോക്കിക്കൊണ്ട് എന്റെയാ കുടുസ്സുമുറിവണ്ടിയില്‍ ഞാനിരിക്കുന്നത്. കൊളുത്തുവിട്ടിളകിപ്പോകാതെ എനിക്കുമുന്നില്‍ യാത്രചെയ്യുന്ന ഈ ബൂലോഗനിര എന്റെ സായൂജ്യമാവുന്നതും അതുകൊണ്ടാണ്.

- വിശ്വേട്ടാ - ഞാന്‍ നമിച്ചു.

സുനില്‍ പറഞ്ഞു...

നമോവാകം, വിശ്വം.
താങ്കള്‍ പറഞത്‌ അക്ഷരം പ്രതി ശരിതന്നെ. ശ്രീകുട്ടി ഇപ്പോഴും എന്റെ കമ്പ്യൂട്ടരിലെ ഫോട്ടോകള്‍ കണ്ടാല്‍ പറയും!.
ബ്ലോഗ് എന്താണെന്ന്‌ ഇപ്പോഴും ശരിയായ ധാരണയില്ലാതെയാണ് ആളുകള്‍ എഴുതുന്നത്‌. ബ്ലോഗാഭിമാനി അതിന്റെ ഒരു തുടര്‍ച്ച മാത്രമാണ്. അല്ലെങ്കില്‍ എഴുത്തുതന്നെ അങ്ങനെയല്ലേ? ഞാനിപ്പോള്‍ വിമര്‍ശിക്കാറില്ല, മനസ്സിലായില്ലെങ്കില്‍ ശ്രമിക്കും, വിട്ടുകളയും. സര്‍വ്വഞ്ജപീഠം കയറാമെന്നോന്നും ആര്‍ക്കും വാക്കു കൊടുത്തിട്ടില്ലല്ലൊ.
ഇപ്രാവശ്യം നാട്ടിലേക്ക്‌ പോയതില്പിന്നെ കുറെ സ്വയം വിമര്‍ശിക്കാനും മനസ്സിലാക്കാനും പഠിച്ചു. അതിന് കുറച്ച്‌ നല്ല ആളുകളോടുള്ള സംസര്‍ഗ്ഗത്തിനുള്ള അവസരം കിട്ടിയതുതന്നെ കാരണം. സുജന സംഗമം എന്നത് പുണ്യനദിയില്‍ കുളിക്കുന്നതിനുതുല്യമാണ് എന്ന്‌ പണ്ട്‌ പറഞതതുകൊണ്ടായിരിക്കുമല്ലോ. ഇതിനെല്ലാം ഒരു കാരണം ബ്ലോഗ് ആണെന്നതുമാത്രം ആണ് എന്റെ കണ്ടെത്തല്‍. അങ്ങനെയാണ് ഞാന്‍ ബൂലോകത്തെ കാണുന്നതും.
“അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികള്‍”
ആ അര്‍ഥ്ത്തില്‍ കമന്റുകളുടെ ആവശ്യം പോലുമില്ല. വിമര്‍ശനവും പുകഴ്ത്തലുകളും കുറ്റപ്പെടുത്തലുകളും ഒന്നും തന്നെ നമ്മെ ബാധിക്കുന്നില്ല.
പിന്നെ പണ്ട്‌ പറഞ ഫോട്ടോകള്‍ എവിടെ, വിശ്വം? പറ്റുമെങ്കില് അയച്ചുതരൂ -സു-

അതുല്യ പറഞ്ഞു...

വിശ്വംജിയ്കു,

വിശ്വംജീയുടെ ഭാഷാ ദുരൂഹതയ്ക്‌ പിന്നിലുള്ള കാര്യങ്ങളേ കുറിച്ച്‌ അല്ലെങ്കില്‍ വിശ്വത്തിന്റെത്‌ മാത്രമായിട്ടുള്ള ഭാഷയേ കുറിച്ച്‌ ബ്ലോഗ്ഗ്‌ വായനക്കാരോട്‌ കടപ്പെട്ടിട്ടുണ്ടോ? ബ്ലോഗഭിമാനി/മറ്റ്‌ ബ്ലോഗേഴ്സിനു വിശ്വത്തിന്റെ ബ്ലോഗിലുള്ള വരികളിലെ സംശയം മാറ്റി കൊടുക്കാന്‍ വിശ്വജിയ്ക്‌ ശ്രയിയ്കാം, പക്ഷെ ഭാഷ വിശ്വത്തിന്റെ സ്വന്തമല്ലേ? മലയാളം അക്ഷരം വശമുള്ള ഒരാള്‍ക്കും ഏത്‌ വിധേനയും ആശയ വിനിമയം നടത്താം. അവന്റെ സ്വന്തം ഇഷ്ടമാണത്‌. അവന്റെ അറിവാണത്‌. എനിക്കില്ലാത്തതും, നിങ്ങള്‍ക്കുള്ളതും എന്ന വിത്യാസം മാത്രം.

ഈ ഒരു കുമ്പസാരം വേണ്ടായിരുന്നു എന്ന് എനിക്ക്‌ തോന്നുന്നു വിശ്വംജി. അതിനിടയ്ക്‌ ഒരു പാവം സുനിലും.. ഇല്ലേ സുനില്ലേ ന്ന്! പാവം സുനില്‍ എന്ത്‌ പറയും പിന്നെ? അതോണ്ട്‌ സുനിലും വന്നു, അതെ അതെന്നും പറഞ്ഞ്‌...

ഏറ്റവും ദുരൂഹതയുള്ള ഭാഷ ഞാന്‍ 4ആമത്‌ കേന്ദ്ര ഗവണന്‍മന്റ്‌ ശംബള കമ്മീഷന്‍ റിപ്പോര്‍ട്ടിലാണു കണ്ടത്‌ കേട്ടോ.

NO NO Office Blogging NO NO!!

Siju | സിജു പറഞ്ഞു...

ചില വാചകങ്ങള്‍ വായിച്ചു മനസ്സിലാക്കാന്‍ രണ്ടും മൂന്നും പ്രാവശ്യം ഇരുത്തിവായിക്കേണ്ടി വന്നു, വീണ്ടും ബ്ലോഗാഭിമാനി വായിച്ചു. അങ്ങിനെയാണ് മൊത്തം മനസ്സിലായത്.
എഴുതുക.. വീണ്ടും വീണ്ടും എഴുതുക..
ആവശ്യമുള്ളവര്‍ വായിച്ചോളും
qw_er_ty

അതുല്യ പറഞ്ഞു...

വിശ്വം ഒന്ന് മെയില്‍ ചെക്ക്‌ ചെയ്യുമോ?

സു | Su പറഞ്ഞു...

പറയാനുള്ളത്, അറിയുന്നപോലെ പറയുക. അറിയുന്നതുപോലെ മനസ്സിലാക്കുക. എല്ലാത്തിനുമുപരി, എന്തോ പറയുന്നുണ്ടെന്നും, കേള്‍ക്കണമെന്നും ബോധം ഉണ്ടാവുക.

തീവണ്ടിയുടെ, മുറികള്‍ ബന്ധിക്കുന്ന, ചങ്ങലയറ്റതും, നോക്കി, ഇരുട്ടിലാണ് ഇപ്പോള്‍ എന്റെ ഇരുപ്പ്. നിങ്ങളൊക്കെ എവിടെയോ ആണ്. ഒരുപക്ഷെ ഒരുപാട് മുന്നില്‍. എങ്കിലും നിരാശയാവുന്നില്ല. ബൂലോഗത്തീവണ്ടിയില്‍ വീണ്ടും എപ്പോഴെങ്കിലും കൂട്ടിച്ചേര്‍ക്കപ്പെടുമെന്നും, നിങ്ങളൊക്കെ എന്റെ ഒച്ചയ്ക്ക് കാതോര്‍ക്കുമെന്നും എന്റെ ഒരു വിശ്വാസമുണ്ടല്ലോ. ആ വിശ്വാസത്തിന്റെ ശക്തിയാണ് ഈ ഇരുട്ടിലും എനിക്ക് വെളിച്ചം കാട്ടുന്നത്. പറയുന്ന വാക്കുകള്‍, കാറ്റിലലിഞ്ഞ് നിങ്ങളുടെ അടുത്തെത്തുമെന്നും, പറയാത്ത വാക്കുകള്‍, നിര്‍ജ്ജീവമാക്കാതെ കാത്തുസൂക്ഷിക്കണമെന്നും, ഒരുനാളില്‍ നിങ്ങള്‍ കേള്‍ക്കുമെന്നും, ഒരു തോന്നല്‍ വരുന്നതും അതാണ്.


:(

qw_er_ty

കേരളഫാർമർ/keralafarmer പറഞ്ഞു...

വിശ്വത്തെ എന്റെ ഗുരുവായംഗീകരിക്കുന്നു.

കലേഷ്‌ കുമാര്‍ പറഞ്ഞു...

വിശ്വം മുഴുവനും പ്രഭ പരത്തുന്നവന്‍ - വിശ്വപ്രഭ!

എന്തിന് കുമ്പസരിക്കണം?
കലേഷിനൊരിക്കലും വിശാലനോ അല്ലേല്‍ കുറുമാനോ അല്ലേല്‍ വിശ്വപ്രഭയോ ആ‍കാന്‍ കഴിയില്ല. കലേഷിനെന്നും കലേഷിന്റെ ഭാഷയില്‍ സംസാരിക്കാനും എഴുതാനുമേ കഴിയു..

വിശ്വപ്രഭയ്ക്കും ഒരിക്കലും മറ്റാരുമാകാന്‍ കഴിയില്ല. കഴിയുമോ?

മറ്റുള്ളവരും അങ്ങനെതന്നെയല്ലേ? ഓരോരുത്തര്‍ക്കും അവരവരുടെ ശൈലി, അവരവരുടെ ഭാഷ, അവരവരുടെ സ്റ്റൈല്‍...

അങ്ങനെയല്ലേ? അത് മനസ്സിലാകാത്തവര്‍ മനസ്സിലാക്കണ്ട. അവരോടെന്തിന് കുമ്പസരിക്കണം?

സിമി പറഞ്ഞു...

വിശ്വേട്ടാ, ഞാനും ഒരു ബ്ലോഗ് തുടങ്ങി..
http://simynazareth.blogspot.com

chithrakaranചിത്രകാരന്‍ പറഞ്ഞു...

പ്രിയ വിശ്വം,
താങ്കളുടെ മൌലീകമായ ഭാഷയില്‍ തീര്‍ച്ചയായും അഭിമാനിക്കാം. ഒരു ചിത്രം വരച്ചോ,ശില്‍പ്പം ചെയ്തോ കലാകാരന്‍ സൃഷ്ട്റ്റിക്കു ചുറ്റും നടന്ന്‌ ആത്മനിര്‍വൃതികൊള്ളുന്നതുപോലെ താങ്കളും അക്ഷരശില്‍പ്പത്തിന്റെ സൌന്ദര്യം നുകരുകയാണെന്നു തോന്നുന്നു. അതില്‍ തങ്കള്‍ വിജയിച്ചെന്നും ചിത്രകാരന്‌ അഭിപ്രായമുണ്ട്‌... താങ്കളുടെ ബുദ്ധിമണ്ടലത്തിനകത്തുകൂടി ഒരു യാത്രചെയ്ത പ്രതീതി !!! പക്ഷെ,ആശയവിനിമയക്കര്യത്തില്‍ വേണ്ടത്ര വിജയിക്കുന്നില്ല.

draupathivarma പറഞ്ഞു...

gud
iniyum ezhutuka

Siji പറഞ്ഞു...

വിശ്വപ്രഭേട്ട (അങ്ങിനെ വിളിക്കുന്നതില്‍ തെറ്റില്ലെന്നു കരുതുന്നു,ഞങ്ങളുടെ നാട്ടില്‍ വയസ്സിനു മൂപ്പുള്ളവരെ അങ്ങിനെയാ വിളിക്കുക.എനിക്കു 29 വസ്സാണ്‌ ചേട്ടന്‌ അതില്‍ കൂടുതലാണെന്നു ഗസ്സ്‌ ചെയ്യുന്നു.)
എന്താണ്‌ എഴുതിയതെന്ന് എനിക്ക്‌ പിടികിട്ടിയില്ല.പിന്നെ രണ്ട്‌ മൂന്ന് പ്രാവശ്യം വായിച്ചുനോക്കി.എന്റെ അഭിപ്രായം പറയുകയാണെങ്കില്‍ എല്ലാവര്‍ക്കും അവരുടെതായ ഭാഷയും പെരുമാറ്റവും ഇടപെടലുകളും ഉണ്ട്‌.അത്‌ ജന്മസിദ്ധമാണ്‌,നമ്മുടെ ബ്ലോഗില്‍ നമ്മളാണ്‌ എല്ലാം കൈകാര്യം ചെയ്യുന്നത്‌.അത്‌ ചിലര്‍ വായിക്കുന്നു,ചിലര്‍ വായിക്കാതിരിക്കുന്നു,ചിലര്‍ നല്ല അഭിപ്രായം എഴുതുന്നു,ചിലര്‍ നമ്മളെ പിണക്കണ്ടാന്നുകരുതി പൊക്കിവിടുന്നു ഇതെല്ലാം നമ്മള്‍ക്കറിയാം ഒരു എഴുത്തുകാരന്‍ ഒരിക്കലും ഇങ്ങനെ കുമ്പസാരിക്കരുത്‌,അപ്പോള്‍ എഴുത്തുകാരനല്ല വായനക്കാരനാണ്‌ അവിടെ ജയിക്കുക.ഇവിടെ ആരും ഇലക്ഷന്‌ നിന്ന് ജയിക്കാനല്ലല്ലോ സ്വന്തം ബ്ലോഗ്‌ തുടങ്ങിയിരിക്കുന്നത്‌. എല്ലാവര്‍ക്കും സ്വന്തമായ ചില ശബ്ദങ്ങളുണ്ട്‌ അത്ചിലപ്പോള്‍ സ്വരമാധുരിയുള്ളതാകാം,അപസ്വരമാകാം....പക്ഷെ സ്വന്തം സ്വരം ആര്‍ക്കും പൊട്ട്യാവില്ലല്ലോ..
ഞാന്‍ ഒരു ബ്ലോഗ്‌ തുടങ്ങിയിട്ട്‌ കുറച്ചുനാളായിട്ടുള്ളു.ഇപ്പോ പണ്ടെഴുതിയ കഥകളൊക്കെ തപ്പിപ്പിടിച്ചെടുക്കാനും,പുതിയത്‌ എന്തെങ്കിലും ഒക്കെ എഴുതാനുമൊക്കെ ഒരു ഉത്സാഹമുണ്ട്‌.രചനകളൊക്കെ അടുക്കും ചിട്ടയുമായി സമാഹരിച്ചുവെക്കാനായൊരു വേദിയാണെനിക്കിത്‌.എത്രയോ കഥകള്‍ എഴുതിയത്‌ ഗാര്‍ബേജു കാനിലിട്ടും,കുട്ടികള്‍ ചീന്തിക്കളഞ്ഞും പോയി,പിന്നീട്‌ അതുപോലൊന്ന് എഴുതാനും എനിക്കു പറ്റില്ല.മുമ്പ്‌ എല്ലാവരും പറഞ്ഞപോലെ പിന്മൊഴി ട്രാപ്പിലു പെടാന്‍ നല്ല രസമുണ്ട്‌..
ജീവിതത്തിലെ കൊച്ചുകൊച്ച്‌ രസങ്ങള്‍ ഇങ്ങനെ ആസ്വദിക്കുന്നു.വിശ്വേട്ടന്‍ അടക്കമുള്ള എല്ലാ ബ്ലോഗര്‍മ്മാര്‍ക്കും(ഗിനി) കള്‍ക്കും നന്ദിയും പറയുന്നു.

വിശ്വപ്രഭ viswaprabha പറഞ്ഞു...

പ്രിയപ്പെട്ട കൂട്ടുകാരേ,
കമന്റുകള്‍ക്ക് തിരിച്ച് വീണ്ടും പ്രതികരണങ്ങള്‍, വിശദീകരണങ്ങള്‍ അല്ലെങ്കില്‍ നന്ദി ഒക്കെയെഴുതുക എന്ന പൊതുവേയുള്ള നാട്ടുനടപ്പ് ഒട്ടും അനുസരിക്കാതെ, നെറികെട്ട ഒരുത്തനായി, നിശ്ചേതനമായി ഇരിക്കുക എന്നതാണെന്റെ ശീലം എന്നറിയാമല്ലോ. അതിനൊരു ഒഴിവുകൊടുത്തുകൊണ്ട് ഇതു പറയേണ്ടി വരുന്നു:

‘പെസഹാ കുമ്പസാരം’ എന്ന പ്രയോഗം അതുദ്ദേശിച്ച അര്‍ത്ഥത്തിലല്ല പലരും മനസ്സിലാക്കിയത് എന്നിപ്പോളറിയുന്നു. വേണ്ടിയില്ലാതിരുന്നിട്ടും ചെയ്തുപോകേണ്ടിയിരുന്ന കര്‍മ്മാനുഷ്ടാനങ്ങളായിരുന്നു പെസഹായിലെ അത്താഴമേശയ്ക്കുചുറ്റും. അതുകൊണ്ടാണ് 'പെസഹാകുമ്പസാരം' മക്കളെ മുഴുവന്‍ പിന്നെന്നും കുറ്റബോധത്തില്‍ ചുട്ടുനീറ്റിയത്.

യോഹന്നാന്‍ 13

അതിനാല്‍ “ഒരു പെസഹാ കുമ്പസാരം” എന്ന തലക്കെട്ടു് മാറ്റിയെഴുതിയിട്ടുണ്ട്.

Satheesh :: സതീഷ് പറഞ്ഞു...

വിശ്വത്തിന്റെ മൌലികമായ ഈ ചിന്താഗതിയോട് യോജിക്കുന്നു.

എനിക്കു സ്വയം വായിക്കുമ്പോള്‍ അവ വിശ്വോത്തരങ്ങളായ കവിതയോ കഥയോ മറ്റെന്തൊക്കെയോ ആണ്!


ഇതേ കാരണം കൊണ്ടു തന്നെ ഇവ വിമര്‍ശനങ്ങള്‍ക്കതീതമാണെന്ന നിലപാടിനോട് യോജിപ്പില്ല. എന്റെ ആശയങ്ങള്‍ എനിക്കു തോന്നുന്നതു പോലെ എഴുതി എന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്ന അതേ ലാഘവത്തോടെ എന്റെ ആശയങ്ങളെ വിമര്‍ശിക്കുന്ന മറ്റുള്ളവരുടെ ബ്ലോഗുകളും വായിക്കാന്‍ കഴിയണം എന്ന കാഴ്ചപ്പാടുകാരനാണ് ഞാന്‍.
ഞാന്‍ ആദ്യം ബൂലോഗത്ത് വരുമ്പോള്‍ വളരെ കുറച്ചുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇവിടെ. വളരെ പ്രസന്നമായ ഒരു കൂട്ടം. പിന്നീടങ്ങോട്ട് സ്ഥിതി ആകെ മാറി. വിമര്‍ശനങ്ങള്‍ ഒരു തരം തെറിവിളിയിലേക്ക് മാറിയത് പെട്ടെന്നായിരുന്നു! ഇന്നിപ്പോള്‍ സ്വന്തം വിവരം കൊട്ടിഘോഷിക്കാന്‍ ഉള്ള സ്ഥലമാണ് മറ്റുള്ളവന്റെ ബ്ലോഗ് എന്ന നിലയിലായി കാര്യങ്ങള്‍!
ഓടോ: വിശ്വത്തിന്റെ ഇമെയില്‍ വിലാസം മുന്‍പ് അചിന്ത്യാമ്മയോട് ചോദിച്ച് വാങ്ങിയിരുന്നു. സിസ്റ്റം ഫോര്‍മാറ്റ് ചെയ്യേണ്ടിവന്നതു വഴി അതു പോയി! വിരോധമില്ലെങ്കില്‍ reachsatheeshഅറ്റ്ജിമെയില്‍.കോമിലേക്കൊരു മെയില്‍?! :)

സു | Su പറഞ്ഞു...

പേര് മാറ്റിയത് എന്താണന്ന് പറഞ്ഞത് എനിക്കു മനസ്സിലായില്ല. വിശ്വം പറയുന്നതൊക്കെ എനിക്കെന്ന് മനസ്സിലാവുമോ എന്തോ :(

qw_er_ty

neermathalam പറഞ്ഞു...

:)evide adyam ayitta...
enikku muzhuvan manasilayi nu parangal..ahangaram anennu thonaruthu..
vayanakkaranu manasilavunnathu..ayalude..arivinthe parimithi..vachu kondanu.enthe aa parimithikalkku agathu vachu..vishwettan ezhutiyatu enikku poornamaya arthathil ulkollan kazhingathil santhosam undu
pinne vayanakkaranu manasilavathatinu orikkalum ezhuttu karane..kuttam parayaruthu..
Enikku Kafka vayichu onnu manasilayilengil..randu vazhiyanu..enikku ullathu...
onnukil..mansirutti pinnidu vayikkuka..alengil..ozhivakkuka..
ee blog njan enthe lsitil cherkkunnu...ozhivakkunilla...
Bcse...this is expression at its best..words directly from heart..echukettalukal ellata..oru pravaham...
nandi..for posting this..and letting me read this.....

കുറുമാന്‍ പറഞ്ഞു...

വിശ്വേട്ടനും, ചേച്ചിക്കും, ആച്ചിക്കും ,മറ്റുള്ളവര്‍ക്കും പുതുവത്സരാശംസകള്‍

വേണു venu പറഞ്ഞു...

ശ്രീ.വിശ്വപ്രഭയ്ക്കും കുടുംബത്തിനും നന്‍മകളും ഐശ്വര്യങ്ങളും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

Omni പറഞ്ഞു...

Hello from the USA!! :-)

Omni

ഇടങ്ങള്‍|idangal പറഞ്ഞു...

വിശ്വേട്ടാ,

ബ്ലോഗിന്റെ ബാക്ക്ഗ്രൌണ്ട് കളറും ഫോണ്ടിന്റെ നിറവും ഇരുണ്ടതായതിനാല്‍ വായിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു, ടെക്സ്റ്റ് സെലക്റ്റ് ചെയ്താണ് ഞാനിത് വായിച്ചത്,

രണ്ടിലൊന്ന് മാറ്റിക്കൂടേ