Wednesday, November 01, 2006

ചൊല്ലും കേള്‍വിയും

എഴുതിപ്പെയ്തിറങ്ങാന്‍ ഒരാകാശം മുഴുവന്‍ മേഘങ്ങളുണ്ടെന്റെ കയ്യില്‍...
പക്ഷേ വായിച്ചുകോരിയെടുക്കാന്‍ ഒരു തുടം കടല്‍ നീട്ടുമോ നീ?


വളരെ നാളുകള്‍ക്കുശേഷമാണ് ബൂലോഗത്തുവന്ന് ഒരു പോസ്റ്റും അതിലെ മുഴുവന്‍ കമന്റുകളും ഇരുത്തിവായിക്കാന്‍ സമയവും സന്നദ്ധതയും ഒത്തുകിട്ടിയത്. കറുത്തു മാറാലപിടിച്ച ഈ വിശ്വബൂലോഗത്തെക്കുറിച്ച് പലപ്പോഴും പറയണമെന്നു വിചാരിച്ച കുറേ ജല്‍പ്പനങ്ങള്‍ ഒടുവില്‍ ഇവിടെത്തന്നെ ചേര്‍ക്കാമെന്നു കരുതുന്നു:


ബ്ലോഗുകള്‍ എന്നതിന് ഞാന്‍ വിചാരിക്കുന്ന ഏറ്റവും അടിസ്ഥാനപരമായ അര്‍ത്ഥം എന്റെ തന്നെ മനോവ്യാപാരങ്ങള്‍ പുറത്തേക്കൊഴുക്കുവാനുള്ള ഒരുപാധി എന്നോ ഉപകരണം എന്നോ ആണ്. ആ നിലയ്ക്ക് ‘എന്റെ സ്വന്തം ബ്ലോഗ് ’എന്റെ സാടോപപ്രലാപങ്ങള്‍ക്കും ആത്മാവിഷ്കാരങ്ങള്‍ക്കും വേണ്ടിത്തന്നെയാണ് നിലകൊള്ളേണ്ടത്. അങ്ങനെയുള്ളൊരു ബ്ലോഗ് ആയി ആണ് ‘വിശ്വബൂലോഗം’ ഞാന്‍ മാറ്റിവെച്ചിരിക്കുന്നത്. അതിലെഴുതിയിരിക്കുന്ന ഓരോ വാക്കും ആശയവും എന്റെ തന്നെ സ്വന്തം ചിന്തയെത്തന്നെയാണു കൊണ്ടുവന്നുകോരിയിടുന്നത്. വാസ്തവത്തില്‍ അവിടെവരുന്ന കമന്റുകള്‍ പോലും എന്റെ മനോഭൂപ്രകൃതിയില്‍ കടന്നുകയറരുതെന്ന് എനിക്ക് നിര്‍ബന്ധം പോലുമുണ്ട്. അത്രമാത്രം മൌലികമായാണ് അതിലെ മിക്ക പോസ്റ്റുകളും ഞാന്‍ കാത്തുസൂക്ഷിക്കുക. എനിക്കു സ്വയം വായിക്കുമ്പോള്‍ അവ വിശ്വോത്തരങ്ങളായ കവിതയോ കഥയോ മറ്റെന്തൊക്കെയോ ആണ്!

ഇങ്ങനെ പറയുമ്പോള്‍ വിശ്വപ്രഭ അത്രയ്ക്കും ഒരഹങ്കാരിയാണെന്നു പക്ഷേ ദയവുചെയ്തു വിചാരിക്കരുത്. അയാള്‍ കൊണ്ടുനടക്കുന്ന ‘ആ ഒരു ബ്ലോഗ്’ ഞാന്‍, അതായത്, വിശ്വം എന്ന സാധനത്തിന്റെ മാത്രം വ്യക്തിത്വത്തിനെ പ്രതിനിധീകരിക്കുന്നു, ആ വ്യക്തിത്വത്തിന്റെ കൊച്ചുസങ്കല്‍പ്പങ്ങള്‍ക്ക് ഇങ്കു കുറുക്കിക്കൊടുക്കുന്നു എന്നു മാത്രം കരുതുക. നോട്ടുപുസ്തകങ്ങള്‍ക്കിടയിലും കൂട്ടുകാര്‍ക്കെഴുതുന്ന കത്തുകള്‍ക്കുള്ളിലും ഒളിച്ചുചെന്നിടം തേടാറുണ്ടായിരുന്ന വിശ്വത്തിന്റെ മതിഭ്രമങ്ങള്‍ക്ക് അയാളിപ്പോള്‍ സ്വന്തമായി ഒരു കുടില്‍ കെട്ടിക്കൊടുത്തിരിക്കുന്നു എന്നു മാത്രം അനുവദിച്ചുതരിക. തീനിനും കുടിയ്ക്കും കിടപ്പിനും കെട്ടിപ്പൂട്ടാനാവാതെ സ്വയം ഓടിരക്ഷപ്പെട്ട് സ്വച്ഛമായി പറന്നുകളിക്കാന്‍ മനസ്സിന് ഭാഗ്യം കിട്ടുന്ന ചില നാളുകളിലെ, യാമങ്ങളിലെ ആത്മരതിയാണ് അവിടത്തെ താമസക്കാര്‍. ഭാഷ പോലും പറന്നെത്താത്ത നിമ്നോന്നതങ്ങളിലും വിദൂരതകളിലുമാണ് അവയുടെ അഭിനിഷ്പതനങ്ങള്‍. കേള്‍ക്കുവാനുള്ള ചെവികളും കാണുവാനുള്ള കണ്ണുകളും ഉണ്ടായിക്കൊള്ളാണമെന്നില്ല എന്ന ഉത്തമമായ അറിവോടെ തന്നെ, എങ്കിലും ‘ചെവിയുള്ളവര്‍ കേള്‍ക്കട്ടെ’ എന്ന ആത്മഗതത്തോടെ, ‘എന്നിട്ടെന്തേ നീയതൊന്നും ഒരിക്കലും പറയാഞ്ഞൂ’ എന്നാരുമൊരിക്കലും കുറ്റപ്പെടുത്താതിരിക്കാന്‍ വേണ്ടി മാത്രം അവിടെ വിശ്വം എന്ന പല്ലി ഉത്തരവും താങ്ങി വല്ലപ്പോഴും ചിലച്ചുകൊണ്ടിരിക്കും. പണ്ടൊരിക്കല്‍ ആര്‍ക്കൊക്കെയോ കൊടുത്തിട്ടിറങ്ങിപ്പോന്ന വാക്കുകളാണയാള്‍ക്കിപ്പോള്‍ പാലിക്കേണ്ടിവരുന്നത്.

പക്ഷേ, മലയാളത്തമ്മയോടുള്ള അതിരുകടന്ന ഇമ്പം എന്നെ കൊണ്ടെത്തിക്കുന്ന മറ്റൊരു സമതലമാണ് ബൂലോഗം. അവിടെ ഞാന്‍ എന്നത്തേയും പോലെ പലപല വേഷങ്ങള്‍ കെട്ടാന്‍ പഠിക്കുന്നു. നിതാന്തമായ എന്റെ ഏകാന്തതയ്ക്ക് പുറത്തു ചാടി ഞാന്‍ മറ്റൊരു ഉരുളന്‍‌കല്ലായോ ഇഷ്ടികക്കട്ടയായോ മാറേണ്ടിവരുന്നു പലപ്പോഴും. ഞാന്‍ ആയിരിക്കുമ്പോഴത്തെ എന്റെ മാത്രം മുനകളും ചീളുകളും പോടുകളും നഷ്ടപ്പെട്ട് വൃത്തമോ സമചതുരമോ ആയി ഞാന്‍ മതിലിന്റെ അംശമായി മാറുന്നു. സ്വയം കല്‍പ്പിച്ചെടുക്കുന്ന എന്റെ തന്നെ സ്വത്വത്തിന്റെ ശില്പഭംഗിയില്‍നിന്നും എനിക്കുറയൂരേണ്ടിവരുന്നു.

ആ സ്ഥാനാന്തരണഭ്രമണത്തിനിടയിലാണ് വിശ്വവും വിശ്വപ്രഭയും നിങ്ങള്‍ക്കിടയില്‍ ഉദിച്ചസ്തമിക്കാറ്‌.

വിനിമയം തന്നെയാണ് ജീവന്റെ ഏറ്റവും വലിയ പ്രശ്നം. അത് ആദിയിലെ വചനം മുതല്‍ ഒടുവിലെ തിരുവെഴുത്തുനാള്‍ വരെ നമ്മുടെയുടലിലും ആത്മാവിലും പുണര്‍ന്നുകൂടും. കാര്‍ബോണിക് ചങ്ങലകളും ‘സാമാന്യബുദ്ധി‘യില്ലാത്ത വൈറസുകളും ഇരപിടിക്കാന്‍ പോകുന്ന അമീബയും ലോകത്തെ സംസ്കരിക്കാനിറങ്ങുന്ന ബുഷും ഒസാമയും അതിവേഗഫോറിയര്‍ രൂപാന്തരങ്ങളി ലൂടെ ലോകാന്തരജീവിതങ്ങളെ കയ്യെത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന ബെര്‍ക്കിലി യൂണിവേഴ്‌സിറ്റി പോലും ശ്രമിക്കുന്നത് ആ സമസ്യയുടെ ചുരുളുകളഴിക്കാനാണ്. ഒട്ടുമിക്കവാറും ഈ ശ്രമങ്ങളിലാണ് നമ്മുടെ അന്ത്യവിധികളും നമ്മെത്തേടിയെത്തുകയും ചെയ്യുക എന്നാണെനിക്കു തോന്നാറ്. പറഞ്ഞവനും കേട്ടവനും ഇടയില്‍ ഒളിച്ചോടിപ്പോവുന്ന ശിഥിലാര്‍ത്ഥങ്ങള്‍ ഒട്ടൊന്നുമല്ല ഈ പ്രപഞ്ചത്തിന്റെ ജീവഗാഥയെ എന്നുമെന്നും ഗതിമാറ്റിവിട്ടിട്ടുള്ളത്. അതുകൊണ്ടായിരിക്കാം പലപ്പോഴും തോന്നാറുണ്ട് കൂട്ടായ ജീവന്റെ ഏറ്റവും വലിയ പോരായ്മ ഇന്നും എന്നും വിനിമയത്തിനുള്ള അതിന്റെ കഴിവുകേടുതന്നെയാണെന്ന്.

ആ വിനിമയത്തിന്റെ പല മൂര്‍ത്തരൂപങ്ങളില്‍ ഒന്നാണ് ഭാഷ. മനുഷ്യന്‍ ഉപയോഗിക്കുന്ന ഭാഷയുടെ സംസ്കൃതരൂപങ്ങളെയാണ് നാം ‘മലയാളം’ ‘ഇംഗ്ലീഷ്’, ‘ബ്രഹൂയി’, ‘ബ്രെയ്‌ലി’ എന്നൊക്കെ വിളിക്കുന്നതും. ഓരോരുത്തരും അവരവരുടെ സൌകര്യത്തിനു വേണ്ടി അവര്‍ക്കിഷ്ടപ്പെട്ടപോലെ അങ്ങനെയൊക്കെ ആക്കിയെന്നു മാത്രം.

ആ ഭാഷകളിലൊന്നില്‍ തന്നെ പിന്നെയും തരംതിരിവുകള്‍ ഉണ്ടായെന്നു വരാം. അതുകൊണ്ടാണ് ‘ദുരൂഹ‘മായും ‘പൈങ്കിളി‘യായും നമ്മുടെ തന്നെ കുഞ്ഞുമൊഴിപ്പാടുകള്‍ പരസ്പരം സംവാദം നടത്തുന്നതും.

ഇതൊരു കഴിവുകേടാണോ? അഹങ്കാരത്തിന്റെ ആളിക്കത്തലാണോ? അല്ലെന്നാണെനിക്കു വിനീതമായി തോന്നുന്നത്.

ഒരിക്കല്‍, വര്‍ഷങ്ങളായി കോമയില്‍ കിടന്നിരുന്ന അച്ഛനില്‍നിന്നും പുറത്തുവരാനാവാതെ ഉള്ളില്‍തന്നെ തേങ്ങിക്കിടന്ന ഞരക്കങ്ങളും വേദനകളുമായി ഞാന്‍ പ്രതിവദിച്ചിട്ടുണ്ട്. ഭ്രാന്തമെന്നോണമെന്നുള്ള എന്റെ ചേഷ്ടകള്‍ കണ്ടു് സഹികെട്ടുനിന്ന വീട്ടുകാര്‍ക്ക് ഞാന്‍ അച്ഛന്റെ ചിന്തകള്‍ മുഴുവന്‍ പുറത്തെടുത്ത് കോരിക്കൊടുത്തിട്ടുണ്ട്.
പിന്നെ ഈയടുത്തൊരിക്കല്‍, ശ്രീക്കുട്ടിയോട് (വായനശാല സുനിലിന്റേയും സോയയുടേയും മകള്‍) ഞാന്‍ കൊഞ്ചിക്കളിച്ചിട്ടുണ്ട്. അഞ്ചുവയസ്സിന്റെ ഇത്തിരിപ്പോന്ന ഭാഷയില്‍ എനിക്കെയ്തുവീഴ്ത്താന്‍ അഞ്ഞൂറുവാക്കുപോലുമില്ലായിരുന്നു അമ്പുകളാക്കാന്‍. എന്നിട്ടും എന്നെ വിട്ടുപോവുമ്പോള്‍ ശ്രീക്കുട്ടി നല്ല ഇളം‌മലയാളത്തില്‍ തേങ്ങിത്തേങ്ങിക്കരഞ്ഞു! ഇല്ലേ സുനിലേ?
ഈ രണ്ട് അനുഭവങ്ങള്‍ക്കുമിടയിലേ മനുഷ്യനും മനുഷ്യനും തമ്മില്‍ സംവദിക്കേണ്ട മറ്റേതൊരു പ്രഹേളികയും വന്നിരിക്കൂയെന്ന് എനിക്കു നല്ല ഉറപ്പുമുണ്ട്.

ചൊല്ലിനും കേള്‍വിക്കുമിടയില്‍ പരസ്പരം കുരുങ്ങിയിരിക്കേണ്ട ഈ ചങ്ങലക്കൊളുത്തുകളെപ്പറ്റിയുള്ള ബോധം നന്നായി ഉള്ളില്‍കരുതിക്കൊണ്ടു തന്നെയാണ് ഞാന്‍ ബൂലോഗങ്ങളില്‍ ഇടപെടാറുള്ളത്. അതുകൊണ്ടായിരിക്കാം ചില കാര്യങ്ങള്‍ നല്ല വെടിപ്പായും മറ്റു ചിലവ തീരെ ദുര്‍ഗ്രാഹ്യമായും എഴുതിപ്പോവുന്നത്.

എന്നിരുന്നാലും,
കിട്ടുന്ന ഓരോ അവസരങ്ങളിലും മേല്‍ക്കാലത്തേക്കു ഗതി കിട്ടാവുന്ന ഒരു വിവരശകലമെങ്കിലും ഓരോ സംവേദനത്തിനുമിടയിലും പരസ്പരം ചെലുത്തണമെന്ന് എനിക്കൊരു സ്വാര്‍ത്ഥമോഹമുണ്ട്. ആരാലുമോര്‍ക്കാതെ ഭാഷയുടെ പിന്നിടങ്ങളില്‍ കുഴിച്ചുമൂടിപ്പോകാവുന്ന ഒരു വാക്കെങ്കിലും ഞാന്‍ ഈ കാറ്റില്‍ ഊതിപ്പറത്തിവിടും. അത്തരം കൊച്ചുശകലങ്ങളിലൂടെയേ എന്റെയീ വിശ്വം ഒരുനാള്‍ പ്രവാചകന്മാര്‍ വാഗ്ദാനം ചെയ്ത സമഞ്ജസസ്വര്‍ഗ്ഗലോകമാവൂ എന്ന് ഉള്ളിലെ കിളി എന്നും കുറുകിക്കൊണ്ടിരിക്കുന്നു.

അതുകൊണ്ടാണ് മൊഴിത്താരകളുടെ പിന്നില്‍ ഇങ്ങേത്തലയ്ക്ക് പച്ചയും ചുവപ്പുമുള്ള ഓരോ കൊടികളും ഒരു കമ്പിറാന്തലും മാത്രം പിടിച്ച് , പിന്നിട്ടുപോകുന്ന പാതകളേയും ഇരുട്ടിനേയും മാത്രം നോക്കിക്കൊണ്ട് എന്റെയാ കുടുസ്സുമുറിവണ്ടിയില്‍ ഞാനിരിക്കുന്നത്. കൊളുത്തുവിട്ടിളകിപ്പോകാതെ എനിക്കുമുന്നില്‍ യാത്രചെയ്യുന്ന ഈ ബൂലോഗനിര എന്റെ സായൂജ്യമാവുന്നതും അതുകൊണ്ടാണ്.
അതുതന്നെയായിരിക്കണം ഉമേഷും സിബുവും കൈപ്പള്ളിയും ഇന്ത്യാഹെറിറ്റേജും ഷിജുവും ഡാലിയും സീയെസ്സും ചന്ദ്രശേഖരന്‍‌നായരും ജ്യോതിയും അതുപോലെ മറ്റുപല ഗാര്‍ഡുകളും അവരവരുടെ കോച്ചുകളിലിരുന്നു ചെയ്തുകൊണ്ടിരിക്കുന്നത്.

ഇത്രയുമൊക്കെ പറഞ്ഞത് വളരെ ദുരൂഹമായിത്തോന്നുണ്ടായിരിക്കാം അല്ലേ? ഇതുതന്നെയും വായിച്ചെത്തിയെങ്കില്‍ കൊള്ളാം! നല്ല ക്ഷമയുള്ള ആള്‍ എന്നു ഞാന്‍ നിങ്ങളെ ഒന്നു പുറത്തു തട്ടിക്കോണ്ടു പറഞ്ഞോട്ടെ! ഇനി ഒന്നു ലളിതവല്‍ക്കരിച്ചു് , കരിക്കാതെ ചുടാന്‍ പറ്റുമോ എന്നു നോക്കട്ടെ:

ചുരുക്കത്തില്‍ ഇത്ര്യേയുള്ളൂ: എനിക്കെന്റേതായൊരു ഭാഷയുണ്ട്. എന്റെ ലോകത്ത് എനിക്കതേ ആവൂ. പക്ഷേ നിങ്ങളുമായി ഇടപെടുമ്പോള്‍ കുറേയൊക്കെ മാറുവാന്‍ ഞാന്‍ ശ്രമിക്കാം. എന്റെ നിലപാടുകളെപ്പറ്റി ഞാന്‍ പരത്താന്‍ ആഗ്രഹിക്കുന്ന ധാരണകള്‍ക്ക് തെറ്റു വരാത്തിടത്തോളം ഞാന്‍ അങ്ങനെ ചെയ്യാം. എന്റെ വാക്കിന്റെ അര്‍ത്ഥബോധത്തിനു കുറവില്ലാത്തവണ്ണം കൃത്യമായ വാക്കുകള്‍ തെരഞ്ഞെടുക്കേണ്ടിവരുമ്പോള്‍ പക്ഷേ ആ സ്വാതന്ത്ര്യം എനിക്കു തന്നേ തീരൂ. (ഇതുപോലെയൊക്കെയാണ് വക്കീല്‍ നോട്ടീസുകളും എന്‍ഡ് യൂസര്‍ ലൈസന്‍സ് അഗ്രിമെന്റുകളും ഇത്ര ദുരൂഹമായിപ്പോകാറ്‌!)

Monday, September 11, 2006

നേതി...നേതി...

ജ്യോതീ, ഡാലീ,


തമോഗര്‍ത്തം അവസാനമല്ല, ഇല്ലായ്മയല്ല!

അതു കാണുന്ന നമുക്കല്ലേ അപ്പുറം ഇരുട്ടായും ഉണ്മയുടെ മുങ്ങിപ്പോവലായും തോന്നുന്നത്?

അതിനക്കരെ പ്രപഞ്ചങ്ങളുണ്ടായിരിക്കാം. അവിടെ നിന്നും, ആ കൊച്ചുപൊത്തിനപ്പുറത്തുനിന്നും നമ്മെപ്പോലെത്തന്നെയുള്ള പിഞ്ചുകുഞ്ഞുങ്ങള്‍ ഇപ്പുറത്തേക്ക്, നമുക്കെതിരെ, ഇരുളിലേക്കു സാകൂതം നോക്കിക്കൊണ്ടു നില്‍ക്കുന്നുണ്ടാവാം. ഒരു പക്ഷേ നമുക്കു കേള്‍ക്കില്ലെങ്കിലും, അവര്‍ പറയുന്നുണ്ടാവാം:

“നോക്കൂ, ഇരുട്ട്! വെളിച്ചം പായചുരുട്ടി വെക്കുന്ന പൊത്ത്! കണ്ടില്ലേ, നമ്മുടെ വാക്കു പോലും ഒരു പ്രതിദ്ധ്വനിപോലുമില്ലാതെ ഈ അന്ധകൂപത്തിലേക്കു മുങ്ങിപ്പോകുന്നത്! തൊടണ്ട, അറിയുക പോലും ചെയ്യണ്ട! നമ്മെക്കൂടി നമുക്കു നഷ്ടപ്പെടണ്ട!”

ഇരുട്ടു ചുരത്തുന്ന ദ്വാരങ്ങള്‍ക്കപ്പുറവുമിപ്പുറവും നിന്ന്,

കേള്‍ക്കുന്ന ചെവിയേയും തേടി വാക്കു തെണ്ടുന്നു...
കാണുന്ന കണ്ണുകളും തിരഞ്ഞ് വെളിച്ചം അലയുന്നു...


*** *** ***


"The opposite of a correct statement is a false statement. But the
opposite of a profound truth may well be another profound truth."
—Niels Bohr


ഒരു ദിവസം ഞാന്‍ ആ കിണറ്റില്‍ വീണു. നേരങ്ങളും അകലങ്ങളും എന്നില്‍നിന്നും വഴുതിക്കയറിപ്പോയി. വെളിച്ചം എനിക്കു പിന്നില്‍ എന്നെ ഉപേക്ഷിച്ചു പിന്‍‌വാങ്ങി.

തലക്കുമുകളില്‍ വൃത്താകാരത്തില്‍ ഇരുട്ട് അങ്ങുയരെ എനിക്കൊരു‍ കൂടാരം പണിഞ്ഞു. പ്രപഞ്ചം മുഴുവന്‍ ആ കൂടാരത്തിന്റെ ഉച്ചിയില്‍ ഒറ്റയൊരു ചെറുവട്ടമായി, വെളിച്ചത്തിന്റെ ഒരു ദ്വാരമായി മാറി. ദ്വാരകേന്ദ്രത്തിനുചുറ്റും ഫോട്ടോണുകള്‍ ഭീഷണമായ വേഗത്തില്‍ ഭ്രമണം ചെയ്തുചുരുങ്ങിക്കൊണ്ടിരുന്നു. അവയുടെ അപകേന്ദ്രബലം കൂടിക്കൂടിവന്ന് ഒടുവില്‍ സമസ്തലോകങ്ങളും ഒരു ത്രുടിക്കുള്ളില്‍ പൊട്ടിച്ചുരുങ്ങി!

....

മറ്റൊരു ത്രുടിപോലുമായില്ല, വീണ്ടും ഭ്രമം! വിഭ്രമം!

ഇപ്പോള്‍ ശ്രീകോവിലിലാണ്‌! വിഗ്രഹത്തിനുള്ളില്‍...
സംപൂജ്യം!
നിര്‍ഗുണം!നിരാമയം!

അഖിലവുമുള്ളിലേക്കു വലിച്ചെടുക്കുന്ന ഒരൊറ്റ വിലയബിന്ദു! ഞാന്‍ അതിലാണ്. അതുതന്നെയാണ് ഞാന്‍! അഹം തദ് സത്!
അന്യതയുള്ള ഒന്നുമില്ല ഇപ്പോള്‍... ഉള്ളതു ഞാന്‍ മാത്രം! മറ്റൊന്നില്ലാത്തപ്പോള്‍ ഞാനെവിടെ? ബോധചക്രവാളത്തിനുമപ്പുറത്തെത്തിയപ്പോള്‍ ആ അഹംകാരവുമില്ലാതായി.

ഇരുട്ടില്ല! വെളിച്ചം മാത്രം! അതെനിക്കുചുറ്റും അലകളുയര്‍ത്തിക്കൊണ്ടു നാലുപാടുനിന്നും വീശി!

അവയ്ക്കുള്ളിലൂടെ ഞാന്‍ കണ്ടു, സ്വര്‍ഗ്ഗലോകങ്ങള്‍... ഒന്നിനുള്ളിലൊന്നായി ഈരേഴുപതിനാലോ? അല്ല.. കണ്ണെത്താത്തിടത്തോളം പ്രകാശവലയങ്ങള്‍... സ്വര്‍ഗ്ഗകൂപങ്ങള്‍...

സമയസോപാനങ്ങള്‍... ആറെണ്ണമോ? അല്ല, ജഠരകാരാഗൃഹങ്ങള്‍..ഗര്‍ഭപാത്രത്തിനുള്ളില്‍ ഗര്‍ഭപാത്രങ്ങളായി ഓര്‍മ്മയെത്താത്തിടത്തോളം നീളെ ജന്മജന്മാന്തരങ്ങള്‍...

അവയ്ക്കെല്ലാം മുകളിലൂടെ സദ്ചിദാനന്ദമായ നീലനീലംതുടുത്ത ആകാശത്തിലൂടെ വാക്കുകള്‍, ജ്ഞാനസ്നാനം കഴിഞ്ഞ ഹംസങ്ങള്‍ ബീജാക്ഷരങ്ങളുരുക്കഴിച്ച്, നിരനിരയായി ശാന്തമായി പറന്നുനീങ്ങി...അവയുടെ ഉച്ഛ്വാസനിശ്വാസങ്ങള്‍ പിന്നെയും ചുറ്റുപാടും ജീവസ്വരങ്ങളായി, കര്‍മ്മസംഗീതമായി പടര്‍ന്നിറങ്ങി...
“സോഹം...”


"...ആയിരത്താണ്ടുകളായി ഹൂഹു എന്റ്റെ കാലില്‍ കടിച്ചുപിടിച്ചിരിക്കുന്നു, അമ്മേ ഒരു വാക്ക്, ഒരൊറ്റ വാക്കു തരൂ, എനിക്കിന്ദ്രദ്യുമ്നനാകാം..."

"...മയക്കത്തിലാണ്, ഉണര്‍ത്തേണ്ട..”

"...in search of the great universal single equation..."

"...മോനേ, എന്റെ പൊന്നുമോനേ, എന്റെ പുന്നാരമുത്തേ....”

"...everything attrraacts....."

"...oh my gosh! arrhythmia... again!..."

"...നേതി, നേതി!..."

"അയ്യോ...എന്റെ കുട്ടി...”

"...സ്വര്‍ഗ്ഗസ്ഥനായ അങ്ങയുടെ രാജ്യം വരേണമേ...”

“I told you! gravity is just geometry!"

"പരമകാരുണികനും സര്‍വ്വശക്തനും...”
".... .... ...."

"..."

".."

""


ഈ കുഴിയില്‍ വീണുകിടന്ന് ഉയരത്തില്‍ നിന്നും ഞാനിപ്പോളൊരു രഹസ്യം പറയാം: എനിക്കീ സുവിശേഷം നിങ്ങളെ അറിയിക്കാന്‍ പറ്റില്ലയിനി. വാക്ക്, നമുക്കിടയിലെ പൊക്കിള്‍ക്കൊടി, അറ്റുപോയിരിക്കുന്നു ഇപ്പോള്‍!

ഇവിടെനിന്നും പുറത്തേക്ക് സന്ദേശങ്ങള്‍ പോവില്ല!

Saturday, August 26, 2006

അറിയരുതായിരുന്നു...

അച്ചന്റീം അമ്മേടീം കണ്ണും വെട്ടിച്ച് പഠിക്കണോട്‌ത്ത്‌ന്ന് ഒരു സെക്കന്ദ് മിറ്റത്തെറങ്ങി അപ്പു.
പയറുംചെട്യോള്‍ക്ക്‌ട്ട പന്തലില്‍ അപ്പടി പൂക്കള്‍!

അവനു നല്ല രസം തോന്നി.
പൂക്കളുടെ അടുത്തക്കു ചെന്നു.

അപ്പോ പെട്ടെന്ന്,...
‘അല്ലാ, ഇതാരാ!?’
ഒരു ചുന്ദ്‌രിപ്പൂത്തുമ്പി!

‘ഓണം കൂടാന്‍ വന്നതേരിക്കുമ്‌ ലേ?’
തുമ്പി അതേ എന്ന പോലെ അവനു ചുറ്റും പാറിക്കളിച്ചു.

തുമ്പീടെ വീടെവിട്യാ?
തുമ്പി മിണ്ടീല്യ.

തുമ്പീടെ കൂട്ടുകാരൊക്യോ?
‘അതൊക്ക്യേണ്ട്!’ തുമ്പി പിന്നെയും ചാഞ്ചാടി. ഇടയ്ക്ക് ഓരോരോ പൂവിലും ചെന്ന് ഇത്തിരീശ തേന്‍ കുടിച്ചു് അങ്ങനെ പറന്നു നടന്നു.
അപ്പൂനു ഭയങ്കര സന്തോഷം തോന്നി. നല്ലൊരു ഫ്രന്ദിനെ കിട്ടി ഇപ്പോ!

‘തുമ്പീടെ കുട്ട്യോളെവ്‌ട്യാ?‘
പൂത്തുമ്പിപ്പെണ്ണ് പെട്ടെന്ന് പറത്തം നിര്‍ത്തി. ഒണങ്ങിപ്പോയ ഒരു പയര്‍മൊട്ടിന്മെ ചെന്ന്‌രുന്നു.
പിന്നെ ഒരൊറ്റ പറന്നുപോവല്‍‍...!
പറന്നു പറന്നു പറന്നു പോയി അകലേക്ക്...! കാണാനുംകുടി പറ്റാണ്ടായി...
‘ചോക്ക്യണ്ടീര്ന്നില്ല്യ. അത്‌ന് സങ്കടം വന്ന്‌ണ്ടാവും! പാവം!’

അപ്പൂനും ഭയങ്കര സങ്കടം വന്നു. കണ്ണ്‌‌ലൊക്കെ ആകെ വെള്ളായി.
അവന്‍ പതുക്കെ മുറ്റോം മുറിച്ച് വീട്ട്‌‌ലക്കു നടന്നു...

Monday, July 24, 2006

അരൂപിയായ ഒരു ജ്വാല

ദേവാ,

കുളിക്കുമ്പോള്‍ അരൂപിയായ ഒരു ജ്വാല നമ്മില്‍ ബാധ കൂടിയിരിക്കുന്നു...

“നീ ഞങ്ങളെ പൂണ്ടിരിക്കുന്നത് എന്തിനു?” നീ ‍ ചോദിച്ചു.

“ജ്ഞാനവിധിയുള്ളവനെ ഞാന്‍ മുക്കുവനാക്കും, കടലായ കടലൊക്കെയും കരയായ കരയൊക്കെയും നമുക്കു വല വിരിക്കാം...
നമുക്കൊത്തുചേര്‍ന്ന് മനുഷ്യരെപ്പിടിക്കാം!” -നിസ്സങ്കോചം അതു നിന്നെ കൂടുതല്‍ ഒട്ടിച്ചേര്‍ന്നിരുന്നു.

“മലയടിവാരത്തിലെ‍ കൂടാരത്തില്‍ എന്റെ ഇണയുണ്ട്. കൊരുത്തിട്ട വിത്തുകളില്‍ ഒരു പുതിയ സുവിശേഷം തളിരെടുക്കുണ്ണുണ്ട്. എനിക്കവരോടൊപ്പം അന്തിയുറങ്ങണം. പ്രപിതാക്കളുടെവെളിപാടുകള്‍ സത്യമായ് വരാന്‍, തലമുറകളോടുള്ള കടം വീട്ടാന്‍ എനിക്കാ സുവിശേഷം തുന്നിക്കെട്ടണം. നക്ഷത്രങ്ങളുടെ വംശവഴിയില്‍ എനിക്കെന്റെയും തിരി തെളിക്കണം!”

“പൊയ്ക്കോളൂ, പക്ഷേ നിന്റെ ഉറക്കത്തിലും ഞാന്‍ സ്വപ്നമായി കത്തിയെരിയും. തിരിച്ചുവരുവോളവും നിന്നെ ഞാന്‍ ചുട്ടുനീറ്റിക്കും...
നിനക്കു വിശക്കും. ദാഹിക്കും. കല്‍ക്കഷണങ്ങള്‍ അപ്പമാക്കാനറിയാതെ നിന്റെ വിദ്യകളും വരങ്ങളും നിന്നില്‍നിന്നും മാറിനില്‍ക്കും...”

നിന്റെ അപ്പം തിരഞ്ഞ് നിനക്കിവിടെ വന്നേ തീരൂ...

**** **** ****
ഇല്ല, ദേവാ, നമുക്കൊന്നുമൊക്കില്ല പോവാന്‍!

കുളിക്കുമ്പോള്‍ അരൂപിയായ ഒരു ജ്വാല നമ്മില്‍ ബാധ കൂടിയിരിക്കുന്നു...

(ഒരു പിന്മൊഴി സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇതൊരു പോസ്റ്റ് ആക്കുന്നു. ദാരിദ്ര്യം പിടിച്ച് വരണ്ടുകിടക്കുന്ന ഈ ബ്ലോഗിന് ‍ ഒരു തുള്ളിയെങ്കിലും നനവായിട്ട്..)

Wednesday, May 10, 2006

കലേഷിനും റീമയ്ക്കും

ഇന്നു നിങ്ങള്‍ നിറഞ്ഞ മേഘങ്ങളായ് പെയ്തിറങ്ങുക..
നവാര്‍ദ്രമായ മണ്‍‌തുരുത്തുകളില്‍ കനവിന്റെ തേന്‍ പുരട്ടുക...
കനിവിന്റെ വര്‍ഷമൊരുക്കുക...
ആനന്ദനടനമാടി, കഴല്‍പ്പാടുചേര്‍ത്തൊരു കളമെഴുതുക...


ഹ്രീഹ്ലാദരാഗങ്ങള്‍ ചാലിച്ചുചേര്‍ത്തിറ്റു
ജലമായ്,
ജലപൂരജാലമായ്,
ചിരിച്ചാര്‍ത്തും മുത്തുകോര്‍ത്തും ഇടയ്ക്കൊക്കെപ്പിരിഞ്ഞോര്‍ത്തും
പ്രപാതങ്ങളിലൂടെ
ഒഴുകിയിറങ്ങുക....
ജടയിലെ ഗംഗയായ് പടരുക...
ശിലാപടലങ്ങളില്‍ സ്വേദഗണ്ഢകിയായലയുക...
പ്രദ്യുമ്‌നചക്രാങ്കിതസാളഗ്രാമങ്ങള്‍ തീര്‍ക്കുക...

***

ഇനി യാത്ര തുടരുക!
വഴിയിലുടനീളം നിങ്ങള്‍ പരസ്പരം അത്താണിയായി മാറുക!

മരം കോച്ചുന്ന മഞ്ഞിന്മേടുകളെത്തുമ്പോള്‍ പരസ്പരം ചൂടേറ്റുക...
മനം പൊരിയ്ക്കുന്ന മണല്‍ക്കാടുകളില്‍ തനുവിനു തനു കുളിരായി വീശുക...
പേമാരിയിലൊരു കീറോലച്ചിന്തായി നിങ്ങള്‍ മെയ്യും മെയ്യും ചാഞ്ഞുനില്‍ക്കുക...
കണ്ണീര്‍പ്പാടങ്ങളില്‍ ‍ കാലിടറുമ്പോള്‍ ചവിട്ടിനില്‍ക്കാന്‍ അന്യോന്യം പത്മശിലകളായി മാറുക...

***പകലുദിക്കുമ്പോള്‍,
കറുകപ്പീലിത്തുമ്പുകളില്‍ നിങ്ങള്‍ തുഷാരഗോളങ്ങളായുണരുക...
പരസ്പരം കണ്ണാടിയാവുക...
കണ്ണുകളില്‍ മഴവില്‍ പടര്‍ത്തുക...

സൂര്യസോപാനസീമകളോളം വെളിച്ചം വിതറുക....


സന്ധ്യയില്‍,
ചോപ്പുതുടുത്ത മാനത്തിനും കടലിനുമിടയില്‍,
ചേക്കേറാന്‍ ചുംബനപ്പൂക്കള്‍ കൊണ്ടൊരു പ്രണയക്കൂടു തീര്‍ക്കുക..
നീലിമ പിഴിഞ്ഞ ഇരുളിലേക്ക് ഒന്നായി ഊളിയിടുക...
അഗാധതയിലെ നിധിച്ചെപ്പുകളില്‍ പരസ്പരം പത്മരാഗം തിരയുക...
രാവുറങ്ങുമ്പോള്‍ നിശാഗന്ധികളില്‍ ശലഭങ്ങളായ് ചെല്ലുക...
മധുവുണ്ണുക...
വിധു തീര്‍ത്ത മെത്തമേല്‍ സുപ്തിയില്‍ മറയുക...

******

യാത്ര തുടരുക...
അകലെ മഹാപഥം കാണുവോളം....
വഴിയ്ക്കിടയില്‍ ഇടറിവീഴുന്ന തേങ്ങലുകള്‍ക്കൊക്കെയും ഋതുശാന്തി നേരുക...
തളരുമ്പോള്‍,
ദൂരെ മുകളില്‍ ചക്രവാളങ്ങള്‍ക്കുമുയരെ, ധ്രുവനെ നോക്കുക...
തുടരുക..

ഒടുവിലവിടെയെത്തുമ്പോള്‍,
ഉടലും ഉയിരും ചേര്‍ക്കുക,
അര്‍ദ്ധനാരീശ്വരമായി, അദ്വൈതമായി,
അന്യോന്യം പൂണ്ടുറങ്ങുക...
*******

സുഖദമായൊരു ദീര്‍ഘയാത്ര നേരുന്നു....

-വിശ്വം, ഗീത, ഹരിശ്രീ

Wednesday, April 12, 2006

വിഷുവത്പ്രഭ

അയോദ്ധ്യയില്‍ വീണ്ടും വിഷു വരുന്നു....
ഇനിയുമെന്നൊടുങ്ങുമെന്നറിയാത്ത നീണ്ട ആരണ്യവാസത്തിനിടയ്ക്ക് ഗ്രീഷ്മം മാത്രം തുടരുന്നു...

വിഷുവിന്റെ മഞ്ഞപ്പട്ട് അകലെയെവിടെയോ...

കിനാവിലോ ഓര്‍മ്മയിലോ അതിന്റെ ഞൊറികള്‍ അലയടിക്കുന്ന ഒരു പതുപതുപ്പു മാത്രം ബാക്കിയുണ്ട്.....(മുന്‍പെന്നോ ഒരു വിഷുപ്പുലരിയില്‍ അകക്കണ്ണുതുറപ്പിക്കാന്‍ കുളിച്ച് ഈറന്‍ മാറാതൊരുങ്ങിവന്ന ഒരു കണിപ്പെണ്ണ്)ബൂലോഗത്തിലെ എല്ലാ കൂട്ടുകാര്‍ക്കും ബൂലോഗങ്ങളില്‍ വല്ലപ്പോഴുമെങ്കിലും പറന്നിറങ്ങി കൊത്തിയും കൊറിച്ചും പോകുന്ന കിളിക്കൂട്ടങ്ങള്‍ക്കും ഹരിശ്രീയുടേയും അച്ഛനമ്മമാരുടേയും
ഹൃദയംഗമമായ നബിദിന,വിഷു , ഈസ്റ്റര്‍ ആശംസകള്‍!

Saturday, March 04, 2006

നോവിന്റെ മധുപാത്രം

പെരിങ്ങോടാ, സഫലമീ യാത്ര ഒരു കവിതയായിരുന്നില്ല...
സ്വന്തം ജീവചരിത്രം മുഴുവന്‍ ആറ്റിക്കുറുക്കി ഇനി ഒന്നും കുറച്ചോ കൂട്ടിയോ ബാക്കിവെക്കാഞ്ഞുപോയ ഒരാത്മാവിന്റെ വിടപറയലായിരുന്നു അത്...

*****

അക്കാലം നല്ല കവിതകളുടേതായിരുന്നു...

കവിതയില്‍ മുങ്ങിനീന്തിയിരുന്നു ഞാന്‍ അപ്പോള്‍. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിനോട് ഇന്നും ബാക്കിനില്‍ക്കുന്ന ഇത്തിരിയിമ്പം ഉറപൊട്ടിയത് ആ ആതിരരാവുകളിലായിരുന്നു.

ഉള്ളിലെ രാഗവും അനുരാഗവും ഹൃദയമാം പുല്ലാങ്കുഴലിലൂടെ ക്ഷീരപഥത്തോളം പറന്നുപൊങ്ങുമായിരുന്നു ആയിടയ്ക്കൊക്കെ..

ഉഷസ്സ്, കുറത്തി, ഭൂമിക്കൊരു ചരമഗീതം, കാടെവിടെ മക്കളേ, ആരോടു യാത്ര പറയേണ്ടൂ തുടങ്ങിയതൊക്കെ സ്വന്തം ഈണത്തില്‍ ഇടറിപ്പാടി കൂട്ടുകാരുടെ കണ്‍നിറയ്ക്കലായിരുന്നു വിനോദം. മുളച്ചുപടര്‍ന്ന മണ്ണില്‍നിന്നും പിഴുതെടുക്കാന്‍ പോവുന്ന ചെടിയുടെ നോവ് പന്തീരടിപ്പാട്ടുകളിലൂടെ വിതുമ്പി.


അന്നൊരിക്കല്‍ വൃശ്ചികക്കാറ്റ് കടന്നുവന്നു...

അവളുടെ മദാലസ്യം നിലം തൊടാതെ ആകാശം പരക്കേ പാറിനടന്നു. തുളുമ്പിച്ചിരിക്കുമ്പോള്‍ അവളുടെ ചൊടികളില്‍ നിന്നും ചോപ്പുകണങ്ങള്‍ ഊര്‍ന്നുവീണു.
ആ ചോപ്പുതുള്ളികളില്‍ താംബൂലമല്ല, അങ്ങുവടക്കൊരിടത്ത് ഞെരിഞ്ഞുതീരുന്ന ഒരു ഗന്ധര്‍വ്വവീണയുടെ ഹൃദയരക്തമാണെന്നു പക്ഷേ എന്നിലെ പുള്ളോന്‍ തിരിച്ചറിഞ്ഞു..
അവളാണൊരു മാതൃഭൂമി ആഴച്ചപ്പതിപ്പിനകത്ത് നിഗൂഢമായി ചേര്‍ത്തുവെച്ച് ആ വില്‍പ്പത്രം കൊണ്ടത്തന്നത്...
നെഞ്ചിടറിപ്പാടുവാന്‍ ഒരു പുതുപ്പാണന്‍പാട്ടു തന്നവള്‍.

സഫലമീ യാത്ര പോലും...
നെരിപ്പോട്ടിലെ തീ പോലെ ഇന്നും എന്നും നീറുകയാണ് ആ അന്ത്യവിധി!
****

വിശ്വം വിശ്വപ്രഭ മുത്ത്യമ്മപ്പാല


കക്കാടു പോയ നാള്‍ ഓര്‍മ്മയുണ്ടാവണം. അന്നു വായന വിശപ്പായിരുന്ന ഓരോ മലയാളിയും തേങ്ങി:“ സഫലമീ യാത്ര പോലും”!
87 ജനുവരി ആറാംതീയതിയായിരുന്നു യാത്ര....

ധനുമാസക്കുളിര്‍ മാനത്തും മനസ്സിലും കവിത വരച്ചിട്ടുകൊണ്ടിരുന്നു...
പകുതി മാത്രം തിരിനീട്ടിയ ആതിരയുടെ പൊന്‍‌വിളക്ക് പാതിരാവില്‍ തന്നെ പോയ്മറഞ്ഞിരുന്നു... ഇനിയുമൊരേഴുനാള്‍ കഴിയണം സഖിതിരുവാതിരക്കവള്‍ പൌര്‍ണ്ണമിയായി കൂട്ടുവരാന്‍...

ആ ദിവസങ്ങളില്‍ സംസ്ഥാനസ്കൂള്‍ യുവജനോത്സവത്തിന്റെ ആര്‍പ്പുവിളികള്‍ കോഴിക്കോട് മാനാഞ്ചിറ കവിഞ്ഞൊഴുകുകയായിരുന്നു... കാലത്ത് കാരപ്പറമ്പ് ആകാശവാണി ക്വാര്‍ടേഴ്സില്‍ പരമുവിന്റെ മുറിയില്‍ ഉറക്കമുണര്‍ന്നു കിടക്കുമ്പോളായിരുന്നു പരമൂന്റച്ഛന്‍‍ (യശശ്ശരീരനായ ശ്രീ വെണ്മണി വിഷ്ണു) റേഡിയോവിലൂടെ ആ യാത്രയുടെ കഥ ഗദ്ഗദത്തോടെയെന്നോണം പറഞ്ഞറിയിച്ചത്..


മുന്നേ പറഞ്ഞുവെച്ച ഒരു വിടവാങ്ങല്‍....

“സഫലമീ യാത്ര പോലും....”

മരണം വിളിച്ചോതുന്ന ഈ തരംഗങ്ങളില്‍ ഒരു നാള്‍ കക്കാടുണ്ടായിരുന്നു. മലയാളി ഒരിക്കലും മുഴുവനായറിയാതെ പോയ, ഇന്നു വ്രണിതമായ, ആ കണ്ഠം ഈ വീചികളിലൂടെ ഒരു നാള്‍ മലയാളത്തിനെ അക്ഷരപ്പൈമ്പാലൂട്ടിയിരുന്നു...

കാലമെത്രയോ പിന്നെയുമുരുണ്ടിട്ടും എത്ര വിഷു വന്നിട്ടും വര്‍ഷരാജികള്‍ മാഞ്ഞിട്ടും കോഴിക്കോടന്‍ ഓര്‍മ്മകളില്‍ ഇനിയും ഒരു നീറ്റല്‍ ബാക്കിയാവുന്നു...


****

പത്തോളമാണ്ടുപോയി...
വീണ്ടുമൊരാതിര വരാറായി...

നവഗ്രഹങ്ങള്‍ക്കും ഭുവനേശ്വരിക്കും മുന്നില്‍ അണിഞ്ഞൊരുങ്ങി അവള്‍, സഖി വന്നു.

പുളയുന്ന കുരുത്തോലകള്‍ക്കും കര്‍പ്പൂരത്തിനും അപ്പുറത്ത്, എന്തിനെന്നറിയില്ല, അവളുടെ കണ്ണിണകളില്‍‍ ഓരോ നീര്‍മുത്തുകള്‍ തങ്ങിനിന്നു...
കൈ പിടിക്കാന്‍ നേരം ചൊല്ലിക്കേട്ടുപറഞ്ഞ മംഗളമന്ത്രങ്ങള്‍ക്കിടയില്‍ പഴയൊരു പുള്ളുവന്‍പാട്ടു തികട്ടിവന്നു:
‘മിഴിനീര്‍ച്ചവര്‍പ്പുപെടാതെയീ മധുപാത്രമടിയോളം മോന്തുക..
നേര്‍ത്ത നിലാവിന്റെയടിയില്‍ തെളിയുമിരുള്‍നോക്കുകിരുളിന്റെ-
യറകളില്‍.....‘

“ഈശ്വരാ, ഈ യാത്ര സഫലമാകണേ, ഇനിയെല്ലാ നാളും ഞങ്ങളന്യോന്യമൂന്നുവടികളാകണേ! നൊന്തും എന്നിട്ടും നോവിക്കാതെയും നുണയുവാന്‍ ചവര്‍പ്പിനടിയിലൊരിത്തിരി നിലാവിന്റെ ശര്‍ക്കര ബാക്കിയുണ്ടാവണേ...”

തുറന്നുവിട്ട നീരാഞ്ജലിയില്‍നിന്നും പ്രാര്‍ത്ഥന വരംകൊടുക്കുന്ന ദേവകളെ തേടി ചിറകടിച്ചു പൊങ്ങി..

പൂക്കൈതമണം ചാര്‍ത്തിവന്ന വൃശ്ചികപ്പെണ്ണ് മെല്ലെ കാതില്‍ മൊഴിഞ്ഞു..:“സൌഭാഗ്യം!സൌമാംഗല്യം! സൌരസ്യം!”
തുടച്ചുമിനുക്കിയ അവളുടെ ചുണ്ടുകള്‍ക്കിടയില്‍ ഞാന്‍ പഴയ ചോരപ്പാടിന്റെ കറ തപ്പി...ആതിരനിലാവിന്റെ ഊഞ്ഞാല്‍പ്പാട്ടുകള്‍ വിരിഞ്ഞുണരുന്നതിനുമുന്‍പേ അണിയത്ത് അവളെക്കൂടാതെ തന്നെ, പോക്കുവെയിലിനുള്ളിലൂടെ എനിക്കു പറന്നുപോരേണ്ടിവന്നു..

‘ഇല്ല, കരയരുത്‌, ഇനിയൊരു നാള്‍ ആതിരകളും കടന്ന് നാം യാത്രയാവും... അതുവരേയ്ക്കും
നേര്‍ത്ത നിലാവിന്റെയടിയില്‍
തെളിയുമിരുള്‍നോക്കുക നീ,
അവിടെ ഇരുളിന്റെ-
യറകളിലെയോര്‍മ്മകളെടുക്കുക.. ’

*******


ആര്‍ദ്ര പിന്നെയും വന്നുകൊണ്ടേയിരുന്നു...
ഇരുപതാണ്ടായി ഇപ്പോള്‍... എഴുതിയവനും വായിച്ചവനും ഇടയ്ക്ക് വഴിയുടെ പകുതി താണ്ടിയിരിക്കുന്നു... ( അറുപത് ആതിരകളേ ‍ കക്കാടിനെ ഊഞ്ഞാലാട്ടിയുള്ളൂ).


‘സഫലമീ യാത്ര’ ഒരു കവിതയായിരുന്നില്ല...

ആറ്റിക്കുറുക്കിയെടുത്ത ജീവിതം; മന്ദമായി, നിസ്തന്ദ്രമായി, മരണത്തെ വെല്ലുവിളിച്ചുകൊണ്ട് ജീവിച്ചുകൊണ്ടേയിരിക്കുന്ന പ്രത്യാശ...

പലനിറം കാച്ചിയ വളകളണിഞ്ഞും അണിയിച്ചും പതിതമായ കാലത്തിലൂടെ, അറിയാത്ത വഴികളിലൂടെ ഞങ്ങള്‍ നടന്നുപോവുകയാണിപ്പൊഴും...

ജനലഴികളും പിടിച്ച് അന്യോന്യമണിയത്തു ചേര്‍ന്നുനിന്ന് ഓര്‍മ്മച്ചെപ്പുകളില്‍ ഇരുട്ടിന്റെ ചവര്‍പ്പും ഉള്ളിലൊരിത്തിരി ശര്‍ക്കരപ്പൂളും നിറക്കുകയാണിപ്പൊഴും...

ആര്‍ദ്രയെയെതിരേല്‍ക്കാന്‍...
ഒരൊറ്റ മിഴിനീര്‍ പതിക്കാതെ ഓര്‍മ്മപ്പൂക്കളം കൊണ്ടൊരു താലമൊരുക്കി, അവള്‍ വരുന്നതും കാത്തുകാത്ത്...


****

‘സഫലമീയാത്ര‘ ഇന്നു വായിച്ചും കേട്ടുമറിയുന്ന ഒരു പുത്തന്‍ബാല്യക്കാരന് അതെന്തു വികാരം എത്ര മാത്രമാണു തോന്നിക്കുക എന്നറിയില്ല. ആതിരയുടെ പൂനിലാവും താണ്ടി അണിയത്തേക്കൊഴുകിവരാവുന്ന യക്ഷകാമുകിമാരെയും കാത്ത് ജനലഴിപിടിച്ചു സ്വപ്നത്തില്‍ പൂണ്ടുനിന്നിരുന്ന ആ നാളുകളില്‍ ഞങ്ങളെപ്പോലുള്ളോര്‍ക്കു പക്ഷേ അതൊരു കവിതയായിരുന്നില്ല; അക്ഷരങ്ങള്‍ കുറുക്കി വാക്കുകള്‍കൊണ്ട് അടയണിഞ്ഞ് തേങ്ങലുകള്‍ പിഴിഞ്ഞുചാലിച്ചൊരു പഞ്ചാമൃതമായിരുന്നു....അല്ല, ഇരുള്‍ ഉറയൊഴിച്ചുചേര്‍ത്ത് അടിയിലൊരു തുണ്ട് നിലാവും സ്വപ്നവും ശര്‍ക്കരയും പാകി ആണ്ടുകളോളം തപസ്സുചെയ്യിപ്പിച്ചെടുത്ത കയ്പ്പുനിറഞ്ഞ മദിരയായിരുന്നു...

****

എവിടെയോ വാക്കുകളിടറുന്നു..
ഇതിവിടെ നിറുത്തട്ടെ...

(ഇന്നലെ പെരിങ്ങോടന്റെ പോസ്റ്റു കണ്ടപ്പോള്‍ എഴുതിത്തുടങ്ങിയതാണ്. വാക്കുകള്‍ ഇടറിവീണുവീണുപോയി...
അടങ്ങിക്കിടന്നുറങ്ങി സ്വയം മറന്നുപോയ ഏതോ മസ്തിഷ്കശാഖകളെ വെറുതെ ആരോ തട്ടിയുണര്‍ത്തി!
തര്‍പ്പണം പൂര്‍ണ്ണമാവാതെ ഗതികിട്ടാതെ പോയ ഓര്‍മ്മകള്‍ ....
ഉറക്കത്തിനും ഊണിനും പോലും സ്വസ്തി തരാതെ ഓര്‍മ്മകളുടെ പിന്നാമ്പുറങ്ങളില്‍ ശ്വാനരോദനങ്ങള്‍.....
ജീവിതങ്ങളിലുടക്കി ഏറെ എഴുതാനുണ്ടായിരുന്നു. പക്ഷേ, ഇതിവിടെ നിറുത്തട്ടെ...)

(അത്ഭുതം തോന്നി! ഉമേഷും അന്നേ പറഞ്ഞു വെച്ചിരിക്കുന്നു യാത്രയുടെ സാഫല്യമില്ലായ്മയെക്കുറിച്ച്! പിന്നീട് നാടറുതി വന്ന് വടക്കോട്ട് കെട്ടുകെട്ടുന്നതുവരേയ്ക്കും ഞാന്‍ പാടിനടന്ന പാണന്‍പാട്ടുകളില്‍ മുഴുവന്‍ ഇതേ തേങ്ങലുകള്‍ തുടികൊട്ടിയിരുന്നു...
എല്ലാം തുരുമ്പിച്ചുപോയിരിക്കുന്നു... ഒന്നുപോലും ബാക്കി വരാതെ...
ഓര്‍മ്മയുടെ കാതലുകളില്‍ പോലും ചിതലുകള്‍ ....!
പുളിമഴവീണ ബോധിവൃക്ഷത്തില്‍ നിന്നും കീഴിടം തേടി അവ വന്നുകൊണ്ടേയിരിക്കുന്നു....)


സഫലമീ യാത്ര


ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍ ആതിര വരും പോകുമല്ലേ സഖീ...
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ നീയെന്നണിയത്തു തന്നെ നില്‍ക്കൂ..
ഇപ്പഴങ്കൂടൊരു ചുമയ്ക്കടിയിടറിവീഴാം
വ്രണിതമാം കണ്ഠത്തിലിന്നു നോവിത്തിരി കുറവുണ്ട്.

വളരെ നാള്‍ കൂടിഞാന്‍ നേരിയ നിലാവിന്റെ
പിന്നിലെയനന്തതയിലലിയുന്നിരുള്‍നീലിമയില്‍
എന്നോ പഴകിയൊരോര്‍മ്മ മാതിരി നിന്നു വിറക്കുമീ-
യേകാന്തതാരകളെ നിന്നൊട്ടുകാണട്ടെ നീ തൊട്ടു നില്‍ക്കൂ!


ആതിരവരുംനേരമൊരുമിച്ചുകൈകള്‍-
കോര്‍ത്തെതിരേല്‍‍ക്കണം നമുക്കിക്കുറി!
വരുംകൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം...?

എന്തു, നിന്‍ മിഴിയിണ തുളുമ്പുന്നുവോ-
യെന്‍ സഖീ ചന്തം നിറക്കുകീ ശിഷ്ടദിനങ്ങളില്‍...

മിഴിനീര്‍ച്ചവര്‍പ്പുപെടാതെയീ
മധുപാത്രമടിയോളം മോന്തുക..
നേര്‍ത്ത നിലാവിന്റെയടിയില്‍
തെളിയുമിരുള്‍നോക്കുകിരുളിന്റെ-
യറകളിലെയോര്‍മ്മകളെടുക്കുക..

എവിടെയെന്തോര്‍മ്മകളെന്നോ....

നെറുകയിലിരുട്ടേന്തി പാറാവുനില്‍ക്കുമീ
തെരുവുവിളക്കുകള്‍ക്കപ്പുറം
പതിതമാം ബോധത്തിനപ്പുറം
ഓര്‍മ്മകളൊന്നുമില്ലെന്നോ....

പലനിറം കാച്ചിയ വളകളണിഞ്ഞുമഴിച്ചും
പലമുഖം കൊണ്ടുനാം തമ്മിലെതിരേറ്റും
നൊന്തും പരസ്പരം നോവിച്ചു മൂപതിറ്റാണ്ടുകള്‍
നീണ്ടൊരീയറിയാത്ത വഴികളില്‍
എത്രകൊഴുത്തചവര്‍പ്പു കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍...

ഓര്‍മകളുണ്ടായിരിക്കണം
ഒക്കെയും വഴിയോരക്കാഴ്ചകളായ്
പിറകിലേയ്ക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെക്കടന്നുവല്ലോ വഴി!

ഏതോ പുഴയുടെ കളകളത്തില്‍
ഏതോ മലമുടിപോക്കുവെയിലില്‍
ഏതോ നിശീഥത്തിന്‍ തേക്കുപാട്ടില്‍
ഏതോ വിജനമാം വഴിവക്കേ നിഴലുകള്‍
നീങ്ങുമൊരുള്‍ത്താന്തമാമന്തിയില്‍
പടവുകളായ് കിഴക്കേറെയുയര്‍ന്നുപോയ്
കടുനീലവിണ്ണില്‍ അലിഞ്ഞുപോം മലകളില്‍
പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍‍
നിന്നണയുന്ന നീളങ്ങളുറയുന്ന രാവുകളില്‍‍
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ സഖീ
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ?
ഒന്നുമില്ലെന്നോ...!
ഒന്നുമില്ലെന്നോ...!

ഓര്‍മ്മകള്‍ തിളങ്ങാതെ മധുരങ്ങള്‍ പാടാതെ
പാതിരകളിളകാതെ അറിയാതെ
ആര്‍ദ്രയാമാര്‍ദ്ര വരുമെന്നോ സഖീ?
ആര്‍ദ്രയാമാര്‍ദ്ര വരുമെന്നോ സഖീ?

ഏതാണ്ടൊരോര്‍മ്മ വരുന്നുവോ..?
ഓര്‍ത്താലുമോര്‍ക്കാതിരുന്നാലും
ആതിരയെത്തും കടന്നുപോമീ വഴി!
നാമീ ജനലിലൂടെരിരേല്‍ക്കും....
ഇപ്പഴയൊരോര്‍മ്മകളൊഴിഞ്ഞ താലം
തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി
അതിലൊറ്റ മിഴിനീര്‍ പതിക്കാതെ, മനമിടറാതെ...

കാലമിനിയുമുരുളും വിഷുവരും
വര്‍ഷംവരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂവരും കായ്‌വരും
അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?

നമുക്കിപ്പൊഴീയാര്‍ദ്രയെ ശാന്തരായ് സൌമ്യരായെതിരേല്‍ക്കാം...
വരിക സഖീയരികത്തു ചേര്‍ന്നു നില്ക്കൂ.....
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യമൂന്നു വടികളായ് നില്‍ക്കാം...
ഹാ സഫലമീ യാത്ര...
ഹാ സഫലമീ യാത്ര...

******

കാർബൺ ഡൈ ഓക്സൈഡ് ഒരു പാവമാണു്!

ഒരു പുതിയ കാർ എഞ്ചിനായിരിക്കും അതേ ദൂരം അത്രതന്നെ വേഗത്തിൽ പോവുന്ന ഒരു പഴയ കാർ എഞ്ചിനേക്കാൾ കൂടുതൽ കാർബൺ ഡയോക്സൈഡ് സൃഷ്ടിക്കുക ! അഥവാ, ക...