Tuesday, March 20, 2007

ഈ ദിവസത്തിനു നന്ദിയോടെ...

വല്ലപ്പോഴും ചിലപ്പോള്‍, വളരെ അപൂര്‍വ്വമായിത്തന്നെയെന്നുപറയാം, ചില ദിവസങ്ങളില്‍ നമുക്ക് ആനന്ദക്കണ്ണീര്‍ വരും.
ഇന്ന് എനിക്ക് അങ്ങനെയൊരു ദിവസമാണ്!


കുറച്ചുനാളായി നമ്മുടെ കൂടെയുള്ള ഒരു ബ്ലോഗര്‍ അദ്ദേഹത്തിന്റെ തന്നെ അനുഭവങ്ങളിലൂടെയുണ്ടായ ചില തെറ്റിദ്ധാരണകള്‍ മൂലം വേറിട്ട സ്വന്തമായ ഒരു വഴിയിലൂടെ നടക്കുകയായിരുന്നു. മറ്റെല്ലാ ബ്ലോഗര്‍മാരെയും അനിഷ്ടപ്പെടുത്തുന്ന ദൂരം വരെ അദ്ദേഹം ഒറ്റയ്ക്കു നടന്നുപോയ്ക്കൊണ്ടിരുന്നു...

ഇന്ന് അദ്ദേഹത്തിന്റെ ഉള്ളിലെ നന്മയെ നമുക്ക്, ബൂലോഗര്‍ക്ക്, തിരിച്ചുകിട്ടിയിരിക്കുന്നു!

:-)

ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് ചിത്രകാരന്‍ എന്ന ബ്ലോഗര്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ആരോ അദ്ദേഹത്തിനെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി എന്ന്‌ അതില്‍ പരാമര്‍ശിച്ചിരുന്നു. ഒട്ടും ആശാസ്യമല്ലാത്ത വിധത്തില്‍ ഇത്തരമൊരു സംഭവമുണ്ടായതില്‍ ഞാനും ഉള്‍പ്പെട്ടിരിക്കാം എന്ന് പരോക്ഷമായ സൂചനയുമുണ്ടായിരുന്നു അതില്‍. അതുകൊണ്ടു തന്നെ എന്റെ ഒരു മറുപടിയും ആ പോസ്റ്റിനു കീഴില്‍ കമന്റായി ഇട്ടിരുന്നു.

പല കഴിവുകളുമുള്ള ഒരു മലയാളം എഴുത്തുകാരന്‍ എന്ന നിലയില്‍ ചിത്രകാരന്‍ എന്ന ഈ ബ്ലോഗറെ നമുക്ക് സാവധാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതില്‍ വളരെ വേദന തോന്നിയിരുന്നു എനിക്കിത്രയും നാള്‍. ബ്ലോഗ് എന്ന വ്യത്യസ്തപ്രപഞ്ചത്തിന്റെ ഊടും പാവും അറിയാഞ്ഞതായിരി‍ക്കാം, അദ്ദേഹത്തിന്റെ ഭാഷ പലപ്പോഴും സാധാരണ ബ്ലോഗുവായനക്കാര്‍ക്ക് രസിക്കത്തക്കതായിരുന്നില്ല. അതുകൊണ്ടു തന്നെ തീര്‍ത്തും ദുഷ്ക്രമമായ ഒരു വിനിമയബന്ധം അദ്ദേഹത്തിനും ഞാനടക്കമുള്ള മറ്റു മിക്ക ബ്ലോഗേര്‍സിനും തമ്മില്‍ ഉടലെടുത്തുപോയി.

എന്തായാലും ഇന്നത്തെ ആ പോസ്റ്റിനുശേഷം അദ്ദേഹവുമായി നേരിട്ട് ആശയബന്ധം സ്ഥാപിക്കാന്‍ ഞാന്‍ ശ്രമിച്ചു. ഒട്ടൊരു ആശങ്കയോടെയാണ് ഞങ്ങള്‍ പരസ്പരം തുടങ്ങിവെച്ചതെങ്കിലും ഏതാനും നിമിഷങ്ങള്‍ക്കകം ഞങ്ങളുടെ ഇടയില്‍ രൂപം കൊണ്ടിരുന്ന വലിയ മഞ്ഞുമലകളൊക്കെ ഒരു പൊടിപോലും ബാക്കിയില്ലാതെ അലിഞ്ഞുപോയി!

ചിത്രകാരന്‍ എന്ന കൂട്ടുകാരന്‍ ഇനി മുതല്‍ നമുക്കിടയില്‍ നമ്മെയൊക്കെ അര്‍ഹിക്കുന്ന വിധത്തില്‍ മാനിച്ചുകൊണ്ടു തന്നെ സഹവര്‍ത്തിക്കാമെന്ന് ഉറപ്പു തന്നിട്ടുണ്ട്. അതുപോലെ അദ്ദേഹത്തിന്റെ വികാരവിചാരങ്ങളില്‍‍ അവയ്ക്കൊത്തനിലയില്‍ മറ്റുള്ളവരും പങ്കെടുക്കുമെന്ന് ഞാനും പ്രത്യാശ നല്‍കിയിട്ടുണ്ട്.

അദ്ദേഹത്തിന് നമ്മോടും നമ്മുടെ സമൂഹത്തിനോടും ധാരാളം തുറന്നു സംസാരിക്കാനുണ്ട്. അതെല്ലാം ക്ഷമാപൂര്‍വ്വം കേള്‍ക്കാനും സ്വതന്ത്രമായി പരസ്പരം ചര്‍ച്ച ചെയ്യാനും ഇനി നമുക്ക് ശ്രമിക്കാം. അതേ സമയം ബ്ലോഗില്‍ തന്നെയുള്ള ഏതെങ്കിലും പ്രത്യേകവ്യക്തികളിലും വ്യക്തിബന്ധങ്ങളിലും ഊന്നിയുള്ള വേദനാജനകമായ പരാമര്‍ശങ്ങള്‍ അദ്ദേഹം സ്വന്തം ലേഖനങ്ങളിലും കമന്റുകളിലും ഉള്‍പ്പെടുത്തില്ലെന്ന് നമുക്ക് പ്രതീക്ഷിക്കുകയും ചെയ്യാം!

ഭാവിയിലെ ബ്ലോഗുകളുടെ സാമൂഹ്യ ഉപയുക്തതയെക്കുറിച്ച് ചിത്രകാരന് നല്ല അവബോധമുണ്ടെന്നു് കുറഞ്ഞ സമയത്തെ ഞങ്ങളുടെ സംഭാഷണത്തിലൂടെ മനസ്സിലായി. ഉദാഹരണത്തിന് കേരളത്തിലെ എല്ലാ ഇന്റെര്‍നെറ്റ് കഫേകളിലുംമലയാളം യുണികോഡ് ഫോണ്ടുകളും ഉപകരണങ്ങളും ശീലമാക്കാന്‍ നാം ഉത്സാഹിക്കണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു!

ആ കൂട്ടുകാരന്റെ മനസ്സിനെ വിഷമിക്കുന്ന തരത്തില്‍ ഞാനായിട്ടോ എന്റെ സുഹൃത്തുക്കളായ മറ്റു മലയാളം ബ്ലോഗര്‍മാര്‍ ആയിട്ടോ എന്തെങ്കിലും തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെല്ലാം വേണ്ടി മാപ്പുചോദിക്കാനുള്ള സ്വാതന്ത്ര്യം ഞാന്‍ ഇവിടെ എടുത്തോട്ടെ?

ഞങ്ങളുടെ സംസാരം കഴിയുന്നതിനിടയില്‍ തന്നെ അദ്ദേഹം നേരത്തെ സൂചിപ്പിച്ച ബ്ലോഗ് പോസ്റ്റും ഡീലിറ്റു ചെയ്തു കളഞ്ഞു!! അതിന് ചിത്രകാരനോട് പ്രത്യേക നന്ദി!

കൃത്യമായി തിരിച്ചറിയാതെ പരസ്പരം വഴിപിരിഞ്ഞു പോയ ഒരു നല്ല സഹജീവിയെ നമുക്കു തിരിച്ചു തന്നതിന് ഈ ദിവസത്തിനോട് എനിക്കു വളരെ നന്ദിയുണ്ട്....!

Thursday, March 01, 2007

കടന്നല്‍കൂട്ടത്തില്‍ കല്ലെറിയരുതേ...

ഇങ്ങനെയൊരു പോസ്റ്റ് ഇവിടെ എഴുതേണ്ട ഗതികേട്‌ വരാതിരിക്കാന്‍ കഴിഞ്ഞ ഒരു മാസമായി ഏറെ ശ്രമിച്ചതായിരുന്നു ഞാന്‍. എല്ലാ കോര്‍പ്പറേറ്റു മിഷനുകളിലും ചരിത്രത്തിലൊരിക്കല്‍ സംഭവിക്കാവുന്ന ഒരബദ്ധം പോലെ യാഹൂമലയാളത്തിലും സംഭവിച്ചത് ആരുടെ തെറ്റുമായിക്കൊള്ളട്ടെ, മൊത്തത്തില്‍ വലിയ ബഹളമൊന്നുമുണ്ടാകാതെ സ്വയം തേഞ്ഞുമാഞ്ഞുപൊയ്ക്കോട്ടെ എന്നായിരുന്നു ഞാനും ആദ്യം വിചാരിച്ചിരുന്നത്. അസാമാന്യമായ ജോലിത്തിരക്കിന്റെയും മറ്റു കുടുംബപ്രശ്നങ്ങളുടേയും ബാദ്ധ്യതക്കിടയില്‍ പെട്ടുപോയതിനാല്‍ ഇങ്ങനെയൊരു വിഷയത്തില്‍ അര്‍ഹമായ സമയം കൊടുത്ത് വ്യക്തിപരമായി പങ്കെടുക്കുകയും വേണ്ടെന്നു വെച്ചിരിക്കുകയായിരുന്നു. പക്ഷേ മിണ്ടാതിരുന്നാലും അപകടം എന്ന വിഷമം പിടിച്ച അവസ്ഥയാണ് ഇപ്പോള്‍ എന്നെക്കൊണ്ട് ഇതെഴുതിക്കുന്നത്.

ഇടയ്ക്കുവെച്ച് ഒന്നോ രണ്ടോ വട്ടം പ്രത്യാശ തോന്നിയെങ്കിലും യാഹൂ എന്ന ശങ്കരന്‍ പിന്നെയും പിന്നെയും തെങ്ങിലേക്കു തന്നെ വലിഞ്ഞുകയറുന്നതു കണ്ട് ഇപ്പോള്‍ നിരാശ തോന്നുന്നു. സ്വന്തം ബിസിനസ്സ് താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ആരെ കുരുതി കൊടുത്താലും ചേതമില്ല എന്നതാണ് അവരുടെ മനോഗതി എന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു ഇപ്പോള്‍. അത് ഏതെങ്കിലും ബ്ലോഗറായാലും ബ്ലോഗര്‍മാരുടെ ഈ കൂട്ടായ്മയായാലും യാഹുവുമായി ബിസിനസ്സ് പങ്കാളിത്തമുള്ള ഏതെങ്കിലും ഇന്ത്യന്‍ പ്രാദേശികകമ്പനിയായാലും അതിലെ തൊഴിലാളികളായാലും മൊത്തത്തില്‍ നാമൊക്കെത്തന്നെയായാലും യാഹു ഗൌനിക്കാന്‍ പോകുന്നില്ല എന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞു അവര്‍.

പണ്ട് നാലഞ്ചുനൂറ്റാണ്ടുമുന്‍പ് നാട്ടുരാജാക്കന്മാരെ തമ്മില്‍ തല്ലിച്ച് ഇവിടന്ന് ചുളുവില്‍ കുരുമുളകും കരുവാപ്പട്ടയും ഏലയ്ക്കയും കപ്പല്‍ നിറച്ച് കൊണ്ടുപോയിരുന്ന സായിപ്പന്മാരും ഇവരും തമ്മില്‍ വല്യ വ്യത്യാസമൊന്നും വന്നിട്ടില്ല. അതേ ഓപ്പറേറ്റിങ്ങ് സിസ്റ്റം, അതേ സോഫ്റ്റ്വെയര്‍!

അതുകൊണ്ടാണീ തൊലിപൊളിക്കല്‍:

സൂചി കൊണ്ടെടുക്കാവുന്നത് തൂമ്പാ കൊണ്ടെടുക്കുക എന്നൊരു ചൊല്ലുണ്ട് നമ്മുടെ ഭാഷയില്‍. അതാണിപ്പോള്‍ ഏതാണ്ട് ഒരു മാസമായി യാഹുവിന്റെ ഇന്ത്യന്‍ പോര്‍ട്ടലില്‍ നടന്നുകൊണ്ടിരിക്കുന്നത്.
ഏറ്റവും ഒടുവില്‍ കിട്ടിയതനുസരിച്ച് തൂമ്പയ്ക്കു പകരം ഒരു ബുള്‍ഡോസര്‍ തന്നെ വേണ്ടിവരും!

ആദ്യമാദ്യം ഇതിത്ര വലിയ ഒരു പ്രശ്നമാക്കണമെന്ന് ആര്‍ക്കും താല്‍പ്പര്യമുണ്ടായിരുന്നില്ല. യാഹു മലയാളം (മറ്റു ഇന്ത്യന്‍ ഭാഷകളിലും) യുണികോഡില്‍ ഇങ്ങനെയൊരു സൈറ്റ് തുടങ്ങിയത് എല്ലാ ഇന്റെര്‍നെറ്റ് മലയാളികളും, വിശേഷാല്‍ മലയാളം ബ്ലോഗര്‍മാരും തുടക്കത്തില്‍ ആവേശത്തോടെയാണ് വരവേറ്റത്. സൈറ്റിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുവാനും അവ യുക്തമായ സ്ഥലങ്ങളിലേക്ക് എത്തിച്ചുകൊടുക്കാനും പോലും പല പരിചയസമ്പന്നരായ ബ്ലോഗര്‍മാരും തയ്യാറായി.

എന്തായാലും ഏതാനും പേജുകള്‍ വായിച്ചുകഴിയുമ്പോഴേക്കും യാഹു മലയാളം ബീറ്റാ സൈറ്റിലെ ഉള്ളടക്കത്തില്‍ എന്തൊക്കെയോ ആ‍വര്‍ത്തനവിരസത തോന്നിത്തുടങ്ങി പലര്‍ക്കും. പുഴ.കോം എന്ന പ്രസിദ്ധ മലയാളം പോര്‍ട്ടലാണ് ആദ്യം ഇതേക്കുറിച്ച് ഒരു പോസ്റ്റിട്ടത്. ഒറ്റയടിക്ക് ആര്‍ക്കും അതില്‍ വലിയ സാംഗത്യമൊന്നും തോന്നിക്കാണില്ല. പുഴ.കോം തന്നെ ഈയടുത്ത് ഇത്തരമൊരു പ്രശ്നത്തില്‍ വേണ്ടാത്ത പുലിവാല്‍ പിടിച്ചതാണ്. അത്യാവശ്യത്തിന് ആട്രിബ്യൂഷനും മറ്റും കൊടുത്തിരുന്നുവെങ്കിലും പുഴയുടെ പ്രവൃത്തി ചൂടുള്ള ഒരു ഉശിരന്‍ ചര്‍ച്ചയ്ക്കു വഴിവെച്ചിരുന്നു (അതിന് അവര്‍ തക്കതായ സമയത്ത് വിനീതമായി ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.)

പുഴയുടെ പോസ്റ്റു വായിച്ചാണ് പല മലയാളം ബ്ലോഗേര്‍സും യാഹൂ സൈറ്റില്‍ ചെല്ലുന്നത്. മഹാത്ഭുതം എന്നേ പറയേണ്ടൂ, അവരുടെ കൃതികളും ചിലയിടത്തൊക്കെ ചെറിയ വ്യത്യാസങ്ങളോടെ, മറ്റു ചിലയിടത്ത് പിറന്ന പടി, യാഹു വിളമ്പി വെച്ചിട്ടുണ്ട്. ചിന്ത.കോം, നളപാചകം, മൂന്നാമിടം, കറിവേപ്പില തുടങ്ങി പല ബ്ലോഗുകളുടെയും സൈറ്റുകളുടേയും ഉടമസ്ഥര്‍ ഈ déjà vu കണ്ട് കണ്ണുമിഴിച്ചുപോയി. കയ്യിലിരുന്നതു വെറുതേ പോയെന്നതുമാത്രമല്ല, അവയുടെയൊക്കെ പകര്‍പ്പവകാശം യാഹുവിനു മാത്രം എന്നു പടച്ചുവിട്ടിട്ടുമുണ്ടായിരുന്നു അവിടെ!

മലയാളത്തില്‍ മാത്രമല്ല, യാഹു തുടങ്ങിവെച്ച മറ്റു ഇന്‍ഡിക് ഭാഷാ പോര്‍ട്ടലുകളിലും ഈ ‘ആകസ്മിക’ സംഭവം നടന്നുവത്രേ. എന്തായാലും അവിടങ്ങളിലൊന്നുമില്ലാത്തത്ര സഹവര്‍ത്തിത്ത്വവും സിന്‍ഡിക്കേഷനും ഉള്ളതുകൊണ്ടായിരിക്കാം മലയാളം സൈറ്റിലെ എച്ചിലിലകളാണ് ഏറ്റവും ആദ്യമായും കൂടുതലായും എല്ലാവരുടേയും ശ്രദ്ധയാകര്‍ഷിച്ചത്.

പുഴ.കോം അവരുടെ സൈറ്റിനു വേണ്ടി പ്രതിഫലം കൊടുത്തുപോലും വാങ്ങി പ്രസിദ്ധീകരിച്ച ഭാഗങ്ങളാണ് യാഹുവില്‍ വന്നതെന്നു പറയുന്നു. എങ്കിലും ഒരു വ്യത്യാസമുണ്ട്. പുഴ സൈറ്റ് തയ്യാറാക്കിയിരിക്കുന്നത് യുണികോഡിലല്ല; ASCII ഫോണ്ടുകളാണ് അവര്‍ ഉപയോഗിക്കുന്നത്. അറിയാതെ സ്വന്തം സൈറ്റില്‍ ചേര്‍ക്കുമ്പോള്‍ ഈ ആസ്കിയൊക്കെ എങ്ങനെയോ യുണികോഡായി മാറുകയും ചെയ്തു!

ഉദ്യോഗ-വ്യാപാരബന്ധങ്ങളെ ഓര്‍ത്തായിരിക്കണം, പുഴ.കോം നടത്തുന്നവര്‍ എന്തായാലും ഈ കേസ് ഒരു ബ്ലോഗ്‌പോസ്റ്റിനുപരി കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകേണ്ടെന്നു തീരുമാനിച്ചു. ഈ കോപ്പിയടിക്കേസില്‍ ഇരകളായ പലരും തല്‍ക്കാലം വലിയ ബഹളമൊന്നുമുണ്ടാക്കിയില്ല. യാഹൂ എന്ന ഇന്റെര്‍നെറ്റ് ഭീമനെ നേരിടാന്‍ സമയമോ സാഹചര്യമോ മനോബലമോ ഇല്ലാത്തവരാണ് മിക്കവാറും എല്ലാ ഇന്ത്യന്‍ ബ്ലോഗേര്‍സും. കോപ്പിറൈറ്റിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പലര്‍ക്കും വേണ്ടത്ര ധാരണയില്ലാഞ്ഞതും യാഹുവിന്റെ ഈ ഉച്ഛിഷ്ടസദ്യയ്ക്ക് കുറച്ചൊക്കെ തുണയായി. യാഹൂവിന്റെ പോര്‍ട്ടലില്‍ സ്വന്തം കൃതി പ്രദര്‍ശിപ്പിച്ചുകാണുക എന്ന (പിന്നീടു വന്ന) ഗംഭീര ക്രെഡിറ്റും ചിലര്‍ക്കൊക്കെ ഇഷ്ടമായിക്കാണണം. വീണിടത്തുകിടന്ന് ഉരുളുന്നതിന്റെ ഭാഗമായി ചില എഴുത്തുകാരോടെങ്കിലും സ്വകാര്യമായി ചില നീക്കുപോക്കുകളും നടത്തിയിരിക്കാം. മാത്രമല്ല, കാര്യം പന്തിയല്ലെന്നുകണ്ട ഉടനെ ഈവക വിഭവങ്ങളൊക്കെ ഉടനടി യാഹൂ സദ്യയില്‍നിന്നെടുത്തുമാറ്റുകയും ചെയ്തു.


എന്നാല്‍ സ്വന്തം കൃതികളുടെ അന്യാദേശം ഒരു സ്ഥിരം ശല്യമായിതുടര്‍ന്നുവരുന്നതു കണ്ട് ഗതികെട്ട ഒരു പറ്റം ബ്ലോഗര്‍മാര്‍ അങ്ങനെ ഒഴിഞ്ഞുപോവാന്‍ തയ്യാറായില്ല. കറിവേപ്പില, ഇഞ്ചിമാങ്ങ തുടങ്ങിയ ബ്ലോഗുകളാണ് ഇപ്രാവശ്യം സ്വന്തം നിലയ്ക്ക് മുന്‍പോട്ടു വന്നത്. അതിനെത്തുടര്‍ന്നുള്ള അങ്കങ്ങളെല്ലാം എല്ലാവരും കണ്ടിട്ടുള്ളതാണല്ലോ.


ഏതോ ബ്ലോഗറും വലിയൊരു ഇന്റെര്‍നെറ്റ് ഭീമന്‍ കമ്പനിയുമായുള്ള ഒരിടപാടില്‍ പ്രത്യക്ഷത്തില്‍ അവര്‍ക്കൊരു ബന്ധവുമില്ലാത്ത മൂന്നാം കക്ഷിക്കും നാലാം കക്ഷിക്കും ഒക്കെ എന്തു പ്രാധാന്യം? ഇപ്പോള്‍ കരുക്കള്‍ നീങ്ങിവരുന്നത് അത്തരം കക്ഷികളിലൂടെയാണ്. വെബ്ദുനിയ എന്നൊരു ഇന്ത്യന്‍ ഇന്റെര്‍നെറ്റ് കമ്പനി ഈ പ്രശ്നത്തേക്കുറിച്ച് ഏതോ ചില മലയാളം ബ്ലോഗര്‍മാരുടെ മുന്നില്‍ ഒരു സ്വയം വിചാരണ നേരിടാന്‍ തയ്യാറായി മുന്നിട്ടിറങ്ങുന്നു! അതിനുവേണ്ടി മാര്‍ച്ച് രണ്ടാം തീയതി അവര്‍ തെരഞ്ഞെടുക്കപ്പെട്ട ചില ബ്ലോഗര്‍മാരെ ക്ഷണിച്ചുകൊണ്ട് അവര്‍ക്കൊക്കെ ഒരു ഈ-മെയില്‍ സന്ദേശവും അയച്ചിട്ടുണ്ട്!‍ (എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് യാതൊരു ഊഹവുമില്ല!).

രസകരമായ ഒരു വസ്തുതയുണ്ട് ഇതില്‍: ഈ വെബ്‌ദുനിയക്കാര്‍ പോലും വേര്‍ഡ്പ്രെസ്സില്‍ സൌജന്യമായി ആര്‍ക്കും കിട്ടാവുന്ന ഒരു പുതിയ പേജ് തുടങ്ങി, അവിടെയാണ് ഈ പരിണാമഗുസ്തി ചെയ്യാന്‍ പോകുന്നത്. അല്ലാതെ അവര്‍ക്കു സ്വന്തമായുള്ള വിശാലമായ അവരുടെ പോര്‍ട്ടല്‍ സാമ്രാജ്യത്തിലോ അല്ലെങ്കില്‍ ബ്ല്ലോഗര്‍മാര്‍ ഭൂരിഭാഗവും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഗൂഗിളിന്റെ ബ്ലോഗര്‍.കോം എന്ന സൈറ്റിലോ അല്ല ഈ കൈകൊട്ടിക്കളി നടക്കുക.

അതിലൊരു സാങ്കേതികത്തമാശയുമുണ്ട്. കേക്കു തിന്നുകയും എന്നിട്ടും ഫ്രിഡ്ജില്‍ കേറ്റിവെക്കുകയും ചെയ്യാന്‍ പറ്റിയാലോ എന്നായിരിക്കണം ഒരു പക്ഷേ അവരുടെ വ്യാമോഹം! ഔദ്യോഗികമായി എപ്പോള്‍ വേണമെങ്കിലും സ്വന്തം വാക്കുകള്‍ തന്നെ നിരസിക്കാനാവുന്ന, അങ്ങനെയുള്ള പ്രസ്താവനകളിറക്കി പിന്നീട് വിഴുങ്ങാവുന്ന, ഇതിലും നല്ലൊരു വഴി വേറെയില്ല. മുന്‍പും ഈ പ്രശ്നത്തില്‍ തന്നെ ഇതേ ഉത്തരേന്ത്യന്‍ ബിസിനസ്സ് അടവ് പയറ്റിക്കാണിച്ചിട്ടുള്ളതിനാല്‍ ഇതില്‍ വീണ ബ്ലോഗുപൂച്ചകള്‍ക്കൊക്കെ ആ വെള്ളത്തിന്റെ ചൂട് ഇപ്പോള്‍ നന്നായറിയാം!

എന്തായാലും ഇങ്ങനെ ഒരു കുമ്പസാരക്കുര്‍ബ്ബാനക്കാര്യം ഇപ്പോള്‍ പെട്ടെന്ന് ഉണ്ടാവാന്‍ ഒരു കാരണം വേണം. അതെന്തായിരിക്കും?

2007 മാര്‍ച്ച് അഞ്ചാം തീയതി വ്യാപകമായി യാഹുവിന്റെ പ്ലാഗിയാരിസത്തിനെതിരെ ബ്ലോഗര്‍മാര്‍, പ്രത്യേകിച്ച് ഇന്ത്യന്‍ ബ്ലോഗര്‍മാര്‍ അണിനിരന്ന് ഒരു പ്രചരണസമരം നടത്തുവാന്‍ പോകുന്നുണ്ട്. യാഹുവിനെ സംബന്ധിച്ചിടത്തോളം ഇതത്ര സുഖകരമായ ഒരനുഭവമാകണമെന്നില്ല. ഇപ്പോള്‍ തന്നെ yahoo, Malayalam, Webduniya, copyright, Plagiarism തുടങ്ങിയ വാക്കുകളില്‍ ഏതെങ്കിലും രണ്ടെണ്ണം മാത്രം ഒരുമിച്ചെടുത്ത് ഇന്റെര്‍നെറ്റില്‍ സെര്‍ച്ച് ചെയ്താല്‍ പോലും ഈ പോരാട്ടത്തിന്റെ പേജുകളിലാണ് വായനക്കാര്‍ എത്തിച്ചേരുക. മലയാളം യുണികോഡിലാണ് അന്വേഷിക്കുന്നതെങ്കില്‍ വെറുതെ യാഹു എന്നോ വെബ്‌ദുനിയ എന്നോ ഒരൊറ്റ വാക്കായാലും മതി!

ച്ഛെ,ച്ഛെ! എത്ര ലജ്ജാകരം,അല്ലേ!

ഇനിയുള്ള കാലത്തെ ഏറ്റവും വലിയ ഇന്റെര്‍നെറ്റ് കമ്പോളം എന്ന് വിശ്വസിക്കപ്പെടുന്ന ഇന്ത്യയിലെ അവരുടെ അരങ്ങേറ്റത്തിന് ഇതെത്ര മാത്രം ദോഷമായിരിക്കുമെന്ന് ഊഹിക്കാമല്ലോ.

സ്വയം അവകാശപ്പെടുന്നതനുസരിച്ച് വെബ്ദുനിയ എന്ന ഇന്ത്യന്‍ കമ്പനിയാണ് യാഹുവിന്റെ ഇന്ത്യന്‍ ഭാഷാമുഖങ്ങള്‍ തയ്യാറാക്കുന്നത്. യാഹൂ തുടക്കത്തിലെങ്കിലും ഇങ്ങനെയൊന്നും എവിടെയും ആര്‍ക്കും സര്‍ട്ടിഫിക്കറ്റു കൊടുത്തിട്ടില്ല. (ഇപ്പോള്‍ യാഹൂ പോര്‍ട്ടലില്‍ ഈ കമ്പനിയുടെ പേര്‍ (ഉറവിടം- വെബ്‌ദുനിയ) എന്ന പേരില്‍ ചേര്‍ക്കുന്നുണ്ട്. എന്നാല്‍ ഈ ചോരണമാരണം നടന്ന സമയത്ത് ഇങ്ങനെ ഒരു പേരു തന്നെ ഉണ്ടായിരുന്നില്ല അവിടൊന്നും.).

ഇതിനകം തന്നെ ഈ പ്രശ്നത്തില്‍നിന്നും വിദഗ്ദമായി സ്വന്തം തലയൂരുവാന്‍ യാഹു പലതരത്തിലും പലകുറിയും ശ്രമിച്ചുകഴിഞ്ഞു. എങ്കിലും ഏറ്റവും മാന്യമായി, ഭംഗിയായി ചെയ്യാവുന്ന, അവരെ സംബന്ധിച്ച് വലിയ ചെലവില്ലാത്ത ഒരു ക്ഷമാപണത്തിണോ ഇടപെടലിനോ യാഹു ഇതുവരെയും മുതിര്‍ന്നിട്ടില്ല. പ്രസക്തമല്ലാത്തതും വാദം നിലനില്‍ക്കാത്തതുമായ ചില ഉരുണ്ടുകളി മറുപടികള്‍ മാത്രമാണ് യാഹുവിന്റേതായി പലരും ഉദ്ധരിച്ചുകാണുന്നത്. പ്രശസ്ത ഇന്ത്യന്‍ ബ്ലോഗറായ അമിത് അഗര്‍വാള്‍ക്കു കിട്ടിയിട്ടുള്ള ഒരു വിശദീകരണം അനുസരിച്ച് യാഹുവിന് ഇതില്‍ ഒരു പങ്കുമില്ലത്രേ! അതു കൊള്ളാം. ശിങ്കിടികളാണ് കുറ്റം ചെയ്തത് എന്നു പറഞ്ഞ് തടിയൂരുന്ന മൊയലാളിയെപ്പോലെ തോന്നുന്നു യാഹു അമ്മാവന്റെ പറച്ചില്‍ കേള്‍ക്കുമ്പോള്‍! സബ് കോണ്ട്രാക്റ്റ് വ്യവസ്ഥകള്‍ അനുസരിച്ച് അമ്മാവന് ഇത്തരം കൊലപാതകങ്ങളിലൊന്നും ഒരു പങ്കുമുണ്ടാവില്ലത്രേ! പാവം പിണങ്ങള്‍! അവര്‍ അവരെ കൊന്ന ഗുണ്ടകളെ തേടി വേണമെങ്കില്‍ നാടുനിരങ്ങിക്കോട്ടെ!

യാഹുവാണോ അവരുടെ കരാറുകാര്‍ എന്ന് ഇപ്പോള്‍ സ്വയം പ്രഖ്യാപിച്ചിരിക്കുന്ന വെബ്‌ദുനിയയാണോ കൂടുതല്‍ സമര്‍ത്ഥര്‍ എന്നറിയില്ല. പക്ഷേ വെബ്‌ദുനിയയുടെ ഉന്നത മാനേജ്‌മെന്റും മോശമില്ല. സംഭവം നടന്നതുമുതല്‍ ഇതു തേച്ചുമാച്ചുകളയാന്‍ അവരും രംഗത്തുണ്ട്. പല വിദ്യകളും പയറ്റിയതില്‍ ഏറ്റവും വൃത്തികെട്ടതായി തോന്നിയത് അവരുടെ തന്നെ തൊഴിലാളികളെ ഇതില്‍ വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചതാണ്. പഴക്കം ചെന്ന ബ്ലോഗര്‍മാരെയും മലയാ‍ളം ഇന്റര്‍നെറ്റില്‍ പരിചിതമായ വ്യക്തിത്വമുള്ള മറ്റു പലരേയും അവര്‍ ഇതിനായി ഉപയോഗിക്കാന്‍ ശ്രമിച്ചു. ഇങ്ങനെയൊരു സംഭവം നടന്നതും അതിങ്ങനെ ഉരുള്‍പൊട്ടി വലിയൊരു അങ്കമായതും പോലും കുറേ ദിവസത്തേക്ക് അറിയാതിരുന്ന ഇതെഴുതുന്ന ആളെയും അവര്‍ ഫോണ്‍ വഴി നേരിട്ടു ബന്ധപ്പെടുകയുണ്ടായി. കോപ്പിയടിക്കിരയായ വ്യക്തികളെ നേരിട്ടു ബന്ധപ്പെട്ട് പ്രശ്നം രമ്യമായി ചര്‍ച്ച ചെയ്ത് എല്ലാവര്‍ക്കും ഏറ്റവും കുറഞ്ഞ നഷ്ടങ്ങളോടെ ഒരു ബഹളവുമില്ലാതെ പരിഹരിച്ചെടുക്കുവാന്‍ സാഹചര്യം ഒരുക്കിക്കൊടുത്തിട്ടും അതു ഫലപ്രദമായി അവര്‍ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞതുമില്ല. അനുരഞ്ജനവ്യവസ്ഥകളില്‍ ഇഷ്ടം‌പോലെ വെള്ളം പമ്പു ചെയ്ത് ഉപായത്തില്‍ കാര്യം നേടാനായിരുന്നു അവരപ്പോള്‍ ശ്രമിച്ചത്. (എന്തായാലും മദ്ധ്യസ്ഥന്‍ എന്ന നിലയില്‍ നിന്നും തക്ക സമയത്ത് എന്നെ തൂക്കിയെറിഞ്ഞുകാണണം, പിന്നീട് അത്തരം ഭാരിച്ച ഉത്തരവാദിത്തങ്ങളിലേക്കൊന്നും എന്നെ ക്ഷണിച്ചുകണ്ടില്ല. നന്നായി! മദ്ധ്യസ്ഥന്‍ എന്ന നിലയ്ക്ക് എനിക്കു ചെലവായ സമയത്തിനും മറ്റും കൃത്യമായി ലഭിക്കേണ്ടുന്ന പ്രതിഫലങ്ങള്‍ അനോണിയായും അജ്ഞാതനാമാവായും പല തരത്തിലുമുള്ള പ്രചരണങ്ങളിലൂടെ അവര്‍ എനിക്കു കണക്കുപറഞ്ഞു തീര്‍ത്തുതന്നു എന്നും ഞാന്‍ വിശ്വസിക്കുന്നു.)

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാളം ബ്ലോഗ് രംഗത്തു കണ്ടുവരുന്ന അടുക്കളത്തല്ലുകള്‍ക്കും ആള്‍മാറാട്ടങ്ങള്‍ക്കും ഈ വിഷയവുമായി നേരിട്ട് ബന്ധമുണ്ടെന്നു ഇപ്പോള്‍ സാവകാശം മനസ്സിലായി വരുന്നു. കൊത്തിക്കൊത്തി മുറത്തില്‍ കേറിയാണ് ഇപ്പോള്‍ കളി. അതു ശരിയാവില്ല. അതും കണ്ട് ഇനിയും നിശ്ശബ്ദമായി ഇരിക്കാന്‍ വയ്യ.

ഇത്രമേല്‍ ശക്തമാണ് ഒരു പറ്റം സാദാ മലയാളം ബ്ലോഗര്‍മാരുടെ ഐക്യം എന്നു മനസ്സിലാക്കാന്‍ കഴിഞ്ഞ ആ ബിസിനസ്സ് ബുദ്ധി ഇപ്പോള്‍ സ്വാഭാവികമായും പ്രവര്‍ത്തിക്കുന്നത് ഈ കൂട്ടായ്മ തകര്‍ക്കാന്‍ വേണ്ടിയാണ്. അച്ചടി-ദൃശ്യശ്രാവ്യമാദ്ധ്യമങ്ങളെയൊക്കെ സൌകര്യമായി അടക്കിനിര്‍ത്താനുള്ള വിദ്യ അവര്‍ക്കറിയാം. ഒരു ഫുള്‍പേജ് പരസ്യം കളയാന്‍ ധൈര്യമുള്ള എത്ര പത്രങ്ങള്‍, എത്ര ചാനലുകള്‍ ഉണ്ട് നമ്മുടെ നാട്ടില്‍? പക്ഷേ പത്തുപൈസക്ക് വകുപ്പില്ലാത്ത, നേരിട്ട് സ്വാധീനിക്കാന്‍ കഴിയാത്ത ഈ ബ്ലോഗുശല്യങ്ങളെ ഇല്ലാതാക്കാന്‍ ആ വഴിയൊന്നും നടക്കില്ല. അതുകൊണ്ട് പല പേരുകളിലും മുഖങ്ങളിലും ഏജന്റുകള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നു ഇപ്പോള്‍. അതില്‍ പെട്ട് അറിഞ്ഞും അറിയാതെയും നമ്മുടെതന്നെ പല കൂട്ടുകാരും ആശയക്കുഴപ്പത്തിലുമായിരിക്കുന്നു.

കൂട്ടായി വിലപേശേണ്ടുന്ന ഒരു ഘട്ടത്തില്‍, അതിനുപകരം പരസ്പരം തല്ലിച്ച് കാര്യം നേടുക എന്ന കൌടില്യബുദ്ധിയാണ് മാര്‍ച്ച് രണ്ടാംതീയതി വേര്‍ഡ്പ്രെസ്സിന്റെ ചക്കാത്ത് സൈറ്റില്‍ ഒരു ബ്ലോഗ്‌രൂപത്തില്‍ നടക്കാന്‍ പോകുന്നത് എന്ന് എന്റെ നല്ല ബുദ്ധി ഉറക്കെ വിളിച്ചുപറയുന്നു ഇപ്പോള്‍.
മാര്‍ച്ച് അഞ്ചാംതീയതി ലക്‌ഷ്യമാക്കിവെച്ചിട്ടുള്ള പ്രചരണപ്രവര്‍ത്തനങ്ങള്‍ എന്തു വിലയും കൊടുത്ത് യാഹുവിന് തടഞ്ഞേ തീരൂ. ആ സമരത്തില്‍ ബ്ലോഗര്‍മാര്‍ വിജയിച്ചാല്‍ യാഹുവിനുണ്ടാവുന്ന ദീര്‍ഘകാലനഷ്ടം ചില്ലറയൊന്നുമാവില്ല. അതുകൊണ്ടു തന്നെ അവരുടെ കണ്ടെന്റ് പ്രൊവൈഡറിനെയും അവര്‍ ശക്തമായി താക്കീത് ചെയ്തിരിക്കും. കരാര്‍ വ്യവസ്ഥകളിലെ കുഞ്ഞക്ഷരങ്ങളില്‍ മുന്‍പുതന്നെ ബുദ്ധിപൂര്‍വ്വമായി എഴുതിവെച്ചിട്ടുള്ള ചില വരികള്‍ മതി വെബ്‌ദുനിയയെ വെള്ളം കുടിപ്പിക്കാന്‍. ഇത്രയധികം പണം ഒരൊറ്റയടിക്ക് നഷ്ടപ്പെടുക എന്നു പറഞ്ഞാല്‍, ദൈവത്താനാണേ, ആര്‍ക്കും സഹിക്കില്ല.

രണ്ടാംതീയതി നടക്കുന്ന കുമ്പസാരക്കുര്‍ബ്ബാനയില്‍ എന്തൊക്കെ കുന്തിരിക്കം പുകയുമെന്ന് സാമാന്യവിവേകമുള്ള ആര്‍ക്കും ഇപ്പോള്‍ ‍തന്നെ മനസ്സില്‍ കാണാം. തങ്ങള്‍ക്കിഷ്ടപ്പെട്ട വാദഗതികള്‍ ഉയര്‍ത്തിവെച്ചും അതല്ലാത്തവയെ മുക്കിക്കളഞ്ഞും കഴിയുമെങ്കില്‍ പങ്കെടുക്കുന്നവരെയൊക്കെ പരസ്പരം വിഘടിപ്പിച്ചും അഞ്ചാംതീയതിയാകുമ്പോഴേക്കും നമുക്കൊക്കെയിടയില്‍ നല്ലൊരു കുളം കുഴിക്കാനുള്ള കുടുക്കുവിദ്യയായി മാത്രമേ ഈ വേര്‍ഡ്പ്രസ്സ് കൂടോത്രത്തെ എനിക്കിപ്പോള്‍ കാണാന്‍ കഴിയുന്നുള്ളൂ.

മലയാളം ബ്ലോഗര്‍മാര്‍ക്കിടയില്‍ സാധാരണ പതിവില്ലാത്ത തരത്തിലുള്ള ഒരു സഹവര്‍ത്തനബോധം ഉണ്ടെന്ന് കുറേക്കാലം മുന്‍പ് ഞാന്‍ ധരിച്ചുവെച്ചിരുന്നു. മലയാളം എന്ന ഭാഷയുടെ നിലനില്‍പ്പിനും വികാസത്തിനും ഏറെ മുതല്‍ക്കൂട്ടാവുമെന്ന വിശ്വാസം മൂലം, ആ ഉന്മേഷത്തില്‍ വളരെ വളരെ സമയവും മറ്റ് ആസ്തികളും ഞാന്‍ ചെലവിട്ടുമിരുന്നു. ഇപ്പോഴും ആ സഹവര്‍ത്തനബോധം ഉണ്ടെന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അഥവാ അതൊക്കെ നഷ്ടപ്പെട്ടുപോയി എന്നു വരികിലും ഇപ്പോള്‍ അത്ഭുതമൊന്നും തോന്നുകയുമില്ല.ഇത്രനാളത്തെ അനുഭവം വെച്ച് ഒരു ഭാഷയെന്നനിലയില്‍ മലയാളത്തിനോടുള്ള പ്രതിബദ്ധത ഇതുകൊണ്ട് എനിക്കവസാനിപ്പിക്കേണ്ടിവരികയുമില്ല.


ഈ വിഷയവുമായി ബന്ധപ്പെട്ട ചില ലിങ്കുകള്‍:

1. ബ്ലോഗ് കോപ്പിയടിവിരുദ്ധദിനം
2. ലാബ്‌നോള്‍ - അമിത് അഗര്‍വാള്‍
3. കറിവേപ്പില - സൂര്യഗായത്രി
4. ഇഞ്ചിമാങ്ങ - ഇഞ്ചിപ്പെണ്ണ്
5. If it were... - സിബു
6. ശേഷം ചിന്ത്യം- സന്തോഷ്
7. Against Plagiarism
8. Global Voice On Line
9. കര്‍ഷകന്‍ ചന്ദ്രേട്ടന്‍ - Chandrasekharan Nair
10.BongCookBook - Sandeepa
11. Indian bloggers Mad at Yahoo
12.Indian Bloggers Enraged at Yahoo! India’s Plagiarism
13.Indian bloggers Mad at Yahoo
14.Malayalam Bloggers Don't Agree with Yahoo India
15.Yahoo back upsetting people
16.Wat Blog
17.Tamil News
18.Yahoo India accused of plagiarism by Malayalam blogger
19.Yahoo India Denies Stealing Recipes
20. മനോരമ ഓണ്‍ലൈന്‍
21.Content theft by Yahoo India
22.Lawyers' Opinion

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...