പെരിങ്ങോടാ, സഫലമീ യാത്ര ഒരു കവിതയായിരുന്നില്ല...
സ്വന്തം ജീവചരിത്രം മുഴുവന്‍ ആറ്റിക്കുറുക്കി ഇനി ഒന്നും കുറച്ചോ കൂട്ടിയോ ബാക്കിവെക്കാഞ്ഞുപോയ ഒരാത്മാവിന്റെ വിടപറയലായിരുന്നു അത്...
*****
അക്കാലം നല്ല കവിതകളുടേതായിരുന്നു...
കവിതയില്‍ മുങ്ങിനീന്തിയിരുന്നു ഞാന്‍ അപ്പോള്‍. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിനോട് ഇന്നും ബാക്കിനില്‍ക്കുന്ന ഇത്തിരിയിമ്പം ഉറപൊട്ടിയത് ആ ആതിരരാവുകളിലായിരുന്നു.
ഉള്ളിലെ രാഗവും അനുരാഗവും ഹൃദയമാം പുല്ലാങ്കുഴലിലൂടെ ക്ഷീരപഥത്തോളം പറന്നുപൊങ്ങുമായിരുന്നു ആയിടയ്ക്കൊക്കെ..
ഉഷസ്സ്, കുറത്തി, ഭൂമിക്കൊരു ചരമഗീതം, കാടെവിടെ മക്കളേ, ആരോടു യാത്ര പറയേണ്ടൂ തുടങ്ങിയതൊക്കെ സ്വന്തം ഈണത്തില്‍ ഇടറിപ്പാടി കൂട്ടുകാരുടെ കണ്‍നിറയ്ക്കലായിരുന്നു വിനോദം. മുളച്ചുപടര്‍ന്ന മണ്ണില്‍നിന്നും പിഴുതെടുക്കാന്‍ പോവുന്ന ചെടിയുടെ നോവ് പന്തീരടിപ്പാട്ടുകളിലൂടെ വിതുമ്പി.
അന്നൊരിക്കല്‍ വൃശ്ചികക്കാറ്റ് കടന്നുവന്നു...
അവളുടെ മദാലസ്യം നിലം തൊടാതെ ആകാശം പരക്കേ പാറിനടന്നു. തുളുമ്പിച്ചിരിക്കുമ്പോള്‍ അവളുടെ ചൊടികളില്‍ നിന്നും ചോപ്പുകണങ്ങള്‍ ഊര്‍ന്നുവീണു.
ആ ചോപ്പുതുള്ളികളില്‍ താംബൂലമല്ല, അങ്ങുവടക്കൊരിടത്ത് ഞെരിഞ്ഞുതീരുന്ന ഒരു ഗന്ധര്‍വ്വവീണയുടെ ഹൃദയരക്തമാണെന്നു പക്ഷേ എന്നിലെ പുള്ളോന്‍ തിരിച്ചറിഞ്ഞു..
അവളാണൊരു മാതൃഭൂമി ആഴച്ചപ്പതിപ്പിനകത്ത് നിഗൂഢമായി ചേര്‍ത്തുവെച്ച് ആ വില്‍പ്പത്രം കൊണ്ടത്തന്നത്...
നെഞ്ചിടറിപ്പാടുവാന്‍ ഒരു പുതുപ്പാണന്‍പാട്ടു തന്നവള്‍.
സഫലമീ യാത്ര പോലും...
നെരിപ്പോട്ടിലെ തീ പോലെ ഇന്നും എന്നും നീറുകയാണ് ആ അന്ത്യവിധി!
****
കക്കാടു പോയ നാള്‍ ഓര്‍മ്മയുണ്ടാവണം. അന്നു വായന വിശപ്പായിരുന്ന ഓരോ മലയാളിയും തേങ്ങി:“ സഫലമീ യാത്ര പോലും”!
87 ജനുവരി ആറാംതീയതിയായിരുന്നു യാത്ര....
ധനുമാസക്കുളിര്‍ മാനത്തും മനസ്സിലും കവിത വരച്ചിട്ടുകൊണ്ടിരുന്നു...
പകുതി മാത്രം തിരിനീട്ടിയ ആതിരയുടെ പൊന്‍വിളക്ക് പാതിരാവില്‍ തന്നെ പോയ്മറഞ്ഞിരുന്നു... ഇനിയുമൊരേഴുനാള്‍ കഴിയണം സഖിതിരുവാതിരക്കവള്‍ പൌര്‍ണ്ണമിയായി കൂട്ടുവരാന്‍...
ആ ദിവസങ്ങളില്‍ സംസ്ഥാനസ്കൂള്‍ യുവജനോത്സവത്തിന്റെ ആര്‍പ്പുവിളികള്‍ കോഴിക്കോട് മാനാഞ്ചിറ കവിഞ്ഞൊഴുകുകയായിരുന്നു... കാലത്ത് കാരപ്പറമ്പ് ആകാശവാണി ക്വാര്‍ടേഴ്സില്‍ പരമുവിന്റെ മുറിയില്‍ ഉറക്കമുണര്‍ന്നു കിടക്കുമ്പോളായിരുന്നു പരമൂന്റച്ഛന്‍ (യശശ്ശരീരനായ ശ്രീ വെണ്മണി വിഷ്ണു) റേഡിയോവിലൂടെ ആ യാത്രയുടെ കഥ ഗദ്ഗദത്തോടെയെന്നോണം പറഞ്ഞറിയിച്ചത്..
മുന്നേ പറഞ്ഞുവെച്ച ഒരു വിടവാങ്ങല്‍....
“സഫലമീ യാത്ര പോലും....”
മരണം വിളിച്ചോതുന്ന ഈ തരംഗങ്ങളില്‍ ഒരു നാള്‍ കക്കാടുണ്ടായിരുന്നു. മലയാളി ഒരിക്കലും മുഴുവനായറിയാതെ പോയ, ഇന്നു വ്രണിതമായ, ആ കണ്ഠം ഈ വീചികളിലൂടെ ഒരു നാള്‍ മലയാളത്തിനെ അക്ഷരപ്പൈമ്പാലൂട്ടിയിരുന്നു...
കാലമെത്രയോ പിന്നെയുമുരുണ്ടിട്ടും എത്ര വിഷു വന്നിട്ടും വര്‍ഷരാജികള്‍ മാഞ്ഞിട്ടും കോഴിക്കോടന്‍ ഓര്‍മ്മകളില്‍ ഇനിയും ഒരു നീറ്റല്‍ ബാക്കിയാവുന്നു...
****
പത്തോളമാണ്ടുപോയി...
വീണ്ടുമൊരാതിര വരാറായി...
നവഗ്രഹങ്ങള്‍ക്കും ഭുവനേശ്വരിക്കും മുന്നില്‍ അണിഞ്ഞൊരുങ്ങി അവള്‍, സഖി വന്നു.
പുളയുന്ന കുരുത്തോലകള്‍ക്കും കര്‍പ്പൂരത്തിനും അപ്പുറത്ത്, എന്തിനെന്നറിയില്ല, അവളുടെ കണ്ണിണകളില്‍ ഓരോ നീര്‍മുത്തുകള്‍ തങ്ങിനിന്നു...
കൈ പിടിക്കാന്‍ നേരം ചൊല്ലിക്കേട്ടുപറഞ്ഞ മംഗളമന്ത്രങ്ങള്‍ക്കിടയില്‍ പഴയൊരു പുള്ളുവന്‍പാട്ടു തികട്ടിവന്നു:
‘മിഴിനീര്‍ച്ചവര്‍പ്പുപെടാതെയീ മധുപാത്രമടിയോളം മോന്തുക..
നേര്‍ത്ത നിലാവിന്റെയടിയില്‍ തെളിയുമിരുള്‍നോക്കുകിരുളിന്റെ-
യറകളില്‍.....‘
“ഈശ്വരാ, ഈ യാത്ര സഫലമാകണേ, ഇനിയെല്ലാ നാളും ഞങ്ങളന്യോന്യമൂന്നുവടികളാകണേ! നൊന്തും എന്നിട്ടും നോവിക്കാതെയും നുണയുവാന്‍ ചവര്‍പ്പിനടിയിലൊരിത്തിരി നിലാവിന്റെ ശര്‍ക്കര ബാക്കിയുണ്ടാവണേ...”
തുറന്നുവിട്ട നീരാഞ്ജലിയില്‍നിന്നും പ്രാര്‍ത്ഥന വരംകൊടുക്കുന്ന ദേവകളെ തേടി ചിറകടിച്ചു പൊങ്ങി..
പൂക്കൈതമണം ചാര്‍ത്തിവന്ന വൃശ്ചികപ്പെണ്ണ് മെല്ലെ കാതില്‍ മൊഴിഞ്ഞു..:“സൌഭാഗ്യം!സൌമാംഗല്യം! സൌരസ്യം!”
തുടച്ചുമിനുക്കിയ അവളുടെ ചുണ്ടുകള്‍ക്കിടയില്‍ ഞാന്‍ പഴയ ചോരപ്പാടിന്റെ കറ തപ്പി...
ആതിരനിലാവിന്റെ ഊഞ്ഞാല്‍പ്പാട്ടുകള്‍ വിരിഞ്ഞുണരുന്നതിനുമുന്‍പേ അണിയത്ത് അവളെക്കൂടാതെ തന്നെ, പോക്കുവെയിലിനുള്ളിലൂടെ എനിക്കു പറന്നുപോരേണ്ടിവന്നു..
‘ഇല്ല, കരയരുത്, ഇനിയൊരു നാള്‍ ആതിരകളും കടന്ന് നാം യാത്രയാവും... അതുവരേയ്ക്കും
നേര്‍ത്ത നിലാവിന്റെയടിയില്‍
തെളിയുമിരുള്‍നോക്കുക നീ,
അവിടെ ഇരുളിന്റെ-
യറകളിലെയോര്‍മ്മകളെടുക്കുക.. ’
*******
ആര്‍ദ്ര പിന്നെയും വന്നുകൊണ്ടേയിരുന്നു...
ഇരുപതാണ്ടായി ഇപ്പോള്‍... എഴുതിയവനും വായിച്ചവനും ഇടയ്ക്ക് വഴിയുടെ പകുതി താണ്ടിയിരിക്കുന്നു... ( അറുപത് ആതിരകളേ കക്കാടിനെ ഊഞ്ഞാലാട്ടിയുള്ളൂ).
‘സഫലമീ യാത്ര’ ഒരു കവിതയായിരുന്നില്ല...
ആറ്റിക്കുറുക്കിയെടുത്ത ജീവിതം; മന്ദമായി, നിസ്തന്ദ്രമായി, മരണത്തെ വെല്ലുവിളിച്ചുകൊണ്ട് ജീവിച്ചുകൊണ്ടേയിരിക്കുന്ന പ്രത്യാശ...
പലനിറം കാച്ചിയ വളകളണിഞ്ഞും അണിയിച്ചും പതിതമായ കാലത്തിലൂടെ, അറിയാത്ത വഴികളിലൂടെ ഞങ്ങള്‍ നടന്നുപോവുകയാണിപ്പൊഴും...
ജനലഴികളും പിടിച്ച് അന്യോന്യമണിയത്തു ചേര്‍ന്നുനിന്ന് ഓര്‍മ്മച്ചെപ്പുകളില്‍ ഇരുട്ടിന്റെ ചവര്‍പ്പും ഉള്ളിലൊരിത്തിരി ശര്‍ക്കരപ്പൂളും നിറക്കുകയാണിപ്പൊഴും...
ആര്‍ദ്രയെയെതിരേല്‍ക്കാന്‍...
ഒരൊറ്റ മിഴിനീര്‍ പതിക്കാതെ ഓര്‍മ്മപ്പൂക്കളം കൊണ്ടൊരു താലമൊരുക്കി, അവള്‍ വരുന്നതും കാത്തുകാത്ത്...
****
‘സഫലമീയാത്ര‘ ഇന്നു വായിച്ചും കേട്ടുമറിയുന്ന ഒരു പുത്തന്‍ബാല്യക്കാരന് അതെന്തു വികാരം എത്ര മാത്രമാണു തോന്നിക്കുക എന്നറിയില്ല. ആതിരയുടെ പൂനിലാവും താണ്ടി അണിയത്തേക്കൊഴുകിവരാവുന്ന യക്ഷകാമുകിമാരെയും കാത്ത് ജനലഴിപിടിച്ചു സ്വപ്നത്തില്‍ പൂണ്ടുനിന്നിരുന്ന ആ നാളുകളില്‍ ഞങ്ങളെപ്പോലുള്ളോര്‍ക്കു പക്ഷേ അതൊരു കവിതയായിരുന്നില്ല; അക്ഷരങ്ങള്‍ കുറുക്കി വാക്കുകള്‍കൊണ്ട് അടയണിഞ്ഞ് തേങ്ങലുകള്‍ പിഴിഞ്ഞുചാലിച്ചൊരു പഞ്ചാമൃതമായിരുന്നു....അല്ല, ഇരുള്‍ ഉറയൊഴിച്ചുചേര്‍ത്ത് അടിയിലൊരു തുണ്ട് നിലാവും സ്വപ്നവും ശര്‍ക്കരയും പാകി ആണ്ടുകളോളം തപസ്സുചെയ്യിപ്പിച്ചെടുത്ത കയ്പ്പുനിറഞ്ഞ മദിരയായിരുന്നു...
****
എവിടെയോ വാക്കുകളിടറുന്നു..
ഇതിവിടെ നിറുത്തട്ടെ...
(ഇന്നലെ പെരിങ്ങോടന്റെ പോസ്റ്റു കണ്ടപ്പോള്‍ എഴുതിത്തുടങ്ങിയതാണ്. വാക്കുകള്‍ ഇടറിവീണുവീണുപോയി...
അടങ്ങിക്കിടന്നുറങ്ങി സ്വയം മറന്നുപോയ ഏതോ മസ്തിഷ്കശാഖകളെ വെറുതെ ആരോ തട്ടിയുണര്‍ത്തി!
തര്‍പ്പണം പൂര്‍ണ്ണമാവാതെ ഗതികിട്ടാതെ പോയ ഓര്‍മ്മകള്‍ ....
ഉറക്കത്തിനും ഊണിനും പോലും സ്വസ്തി തരാതെ ഓര്‍മ്മകളുടെ പിന്നാമ്പുറങ്ങളില്‍ ശ്വാനരോദനങ്ങള്‍.....
ജീവിതങ്ങളിലുടക്കി ഏറെ എഴുതാനുണ്ടായിരുന്നു. പക്ഷേ, ഇതിവിടെ നിറുത്തട്ടെ...)
(അത്ഭുതം തോന്നി! ഉമേഷും അന്നേ പറഞ്ഞു വെച്ചിരിക്കുന്നു യാത്രയുടെ സാഫല്യമില്ലായ്മയെക്കുറിച്ച്! പിന്നീട് നാടറുതി വന്ന് വടക്കോട്ട് കെട്ടുകെട്ടുന്നതുവരേയ്ക്കും ഞാന്‍ പാടിനടന്ന പാണന്‍പാട്ടുകളില്‍ മുഴുവന്‍ ഇതേ തേങ്ങലുകള്‍ തുടികൊട്ടിയിരുന്നു...
എല്ലാം തുരുമ്പിച്ചുപോയിരിക്കുന്നു... ഒന്നുപോലും ബാക്കി വരാതെ...
ഓര്‍മ്മയുടെ കാതലുകളില്‍ പോലും ചിതലുകള്‍ ....!
പുളിമഴവീണ ബോധിവൃക്ഷത്തില്‍ നിന്നും കീഴിടം തേടി അവ വന്നുകൊണ്ടേയിരിക്കുന്നു....)
സഫലമീ യാത്ര
ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍ ആതിര വരും പോകുമല്ലേ സഖീ...
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ നീയെന്നണിയത്തു തന്നെ നില്‍ക്കൂ..
ഇപ്പഴങ്കൂടൊരു ചുമയ്ക്കടിയിടറിവീഴാം
വ്രണിതമാം കണ്ഠത്തിലിന്നു നോവിത്തിരി കുറവുണ്ട്.
വളരെ നാള്‍ കൂടിഞാന്‍ നേരിയ നിലാവിന്റെ
പിന്നിലെയനന്തതയിലലിയുന്നിരുള്‍നീലിമയില്‍
എന്നോ പഴകിയൊരോര്‍മ്മ മാതിരി നിന്നു വിറക്കുമീ-
യേകാന്തതാരകളെ നിന്നൊട്ടുകാണട്ടെ നീ തൊട്ടു നില്‍ക്കൂ!
ആതിരവരുംനേരമൊരുമിച്ചുകൈകള്‍-
കോര്‍ത്തെതിരേല്‍ക്കണം നമുക്കിക്കുറി!
വരുംകൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം...?
എന്തു, നിന്‍ മിഴിയിണ തുളുമ്പുന്നുവോ-
യെന്‍ സഖീ ചന്തം നിറക്കുകീ ശിഷ്ടദിനങ്ങളില്‍...
മിഴിനീര്‍ച്ചവര്‍പ്പുപെടാതെയീ
മധുപാത്രമടിയോളം മോന്തുക..
നേര്‍ത്ത നിലാവിന്റെയടിയില്‍
തെളിയുമിരുള്‍നോക്കുകിരുളിന്റെ-
യറകളിലെയോര്‍മ്മകളെടുക്കുക..
എവിടെയെന്തോര്‍മ്മകളെന്നോ....
നെറുകയിലിരുട്ടേന്തി പാറാവുനില്‍ക്കുമീ
തെരുവുവിളക്കുകള്‍ക്കപ്പുറം
പതിതമാം ബോധത്തിനപ്പുറം
ഓര്‍മ്മകളൊന്നുമില്ലെന്നോ....
പലനിറം കാച്ചിയ വളകളണിഞ്ഞുമഴിച്ചും
പലമുഖം കൊണ്ടുനാം തമ്മിലെതിരേറ്റും
നൊന്തും പരസ്പരം നോവിച്ചു മൂപതിറ്റാണ്ടുകള്‍
നീണ്ടൊരീയറിയാത്ത വഴികളില്‍
എത്രകൊഴുത്തചവര്‍പ്പു കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍...
ഓര്‍മകളുണ്ടായിരിക്കണം
ഒക്കെയും വഴിയോരക്കാഴ്ചകളായ്
പിറകിലേയ്ക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെക്കടന്നുവല്ലോ വഴി!
ഏതോ പുഴയുടെ കളകളത്തില്‍
ഏതോ മലമുടിപോക്കുവെയിലില്‍
ഏതോ നിശീഥത്തിന്‍ തേക്കുപാട്ടില്‍
ഏതോ വിജനമാം വഴിവക്കേ നിഴലുകള്‍
നീങ്ങുമൊരുള്‍ത്താന്തമാമന്തിയില്‍
പടവുകളായ് കിഴക്കേറെയുയര്‍ന്നുപോയ്
കടുനീലവിണ്ണില്‍ അലിഞ്ഞുപോം മലകളില്‍
പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍
നിന്നണയുന്ന നീളങ്ങളുറയുന്ന രാവുകളില്‍
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ സഖീ
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ?
ഒന്നുമില്ലെന്നോ...!
ഒന്നുമില്ലെന്നോ...!
ഓര്‍മ്മകള്‍ തിളങ്ങാതെ മധുരങ്ങള്‍ പാടാതെ
പാതിരകളിളകാതെ അറിയാതെ
ആര്‍ദ്രയാമാര്‍ദ്ര വരുമെന്നോ സഖീ?
ആര്‍ദ്രയാമാര്‍ദ്ര വരുമെന്നോ സഖീ?
ഏതാണ്ടൊരോര്‍മ്മ വരുന്നുവോ..?
ഓര്‍ത്താലുമോര്‍ക്കാതിരുന്നാലും
ആതിരയെത്തും കടന്നുപോമീ വഴി!
നാമീ ജനലിലൂടെരിരേല്‍ക്കും....
ഇപ്പഴയൊരോര്‍മ്മകളൊഴിഞ്ഞ താലം
തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി
അതിലൊറ്റ മിഴിനീര്‍ പതിക്കാതെ, മനമിടറാതെ...
കാലമിനിയുമുരുളും വിഷുവരും
വര്‍ഷംവരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂവരും കായ്‌വരും
അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?
നമുക്കിപ്പൊഴീയാര്‍ദ്രയെ ശാന്തരായ് സൌമ്യരായെതിരേല്‍ക്കാം...
വരിക സഖീയരികത്തു ചേര്‍ന്നു നില്ക്കൂ.....
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യമൂന്നു വടികളായ് നില്‍ക്കാം...
ഹാ സഫലമീ യാത്ര...
ഹാ സഫലമീ യാത്ര...
******
Saturday, March 04, 2006
Subscribe to:
Posts (Atom)
1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...
-
ഇങ്ങനെയൊരു പോസ്റ്റ് ഇവിടെ എഴുതേണ്ട ഗതികേട് വരാതിരിക്കാന്‍ കഴിഞ്ഞ ഒരു മാസമായി ഏറെ ശ്രമിച്ചതായിരുന്നു ഞാന്‍. എല്ലാ കോര്‍പ്പറേറ്റു മിഷനുകളിലും...
-
ജ്യോതീ , ഡാലീ , തമോഗര്‍ത്തം അവസാനമല്ല, ഇല്ലായ്മയല്ല! അതു കാണുന്ന നമുക്കല്ലേ അപ്പുറം ഇരുട്ടായും ഉണ്മയുടെ മുങ്ങിപ്പോവലായും തോന്നുന്നത്? അതിന...
-
വല്ലപ്പോഴും ചിലപ്പോള്‍, വളരെ അപൂര്‍വ്വമായിത്തന്നെയെന്നുപറയാം, ചില ദിവസങ്ങളില്‍ നമുക്ക് ആനന്ദക്കണ്ണീര് വരും. ഇന്ന് എനിക്ക് അങ്ങനെയൊരു ദിവസമാ...