വെള്ളിയാഴ്‌ച, ഒക്‌ടോബർ 09, 1998

ഹരിശ്രീ അവളുടെ അച്ഛന്റെ നാടു കാണാൻ പോകുന്നു...

പ്രതീക്ഷയുടെ ഏഴുമലകൾ‍ക്കും ഏഴു കടലുകൾ‍ക്കും അക്കരെ ഒരു മണ്ടിക്കാക്ക വിരുന്നു വിളിക്കുന്നു.

ചിച്ചിലം പാടിപ്പാടിത്തളർ‍ന്നു പോയ കുറേ അണ്ണാരക്കണ്ണന്മാർ ഉടലും വാലും തുടച്ചുമിനുക്കി പുതിയൊരു പദം ചൊല്ലിയാടാൻ തയ്യാറെടുക്കുന്നു.

നൂറ്റാണ്ടിന്റെ മുക്കാലും മുക്കുറ്റിപ്പൂക്കൾക്കും ഞാലിക്കുരുവികൾക്കും തണൽ വിരിച്ചുപിടിച്ച ഒരു വടവൃക്ഷം കാറ്റിനപ്പുറം ഒരു കൊഞ്ചലിനു കാതോർക്കുന്നു.

ഹരിശ്രീ അവളുടെ നാടു കാണാൻ പോവുകയാണ്‌ നാളെ. കൂടെ അമ്മയും.
അച്ഛനും അമ്മക്കും തേനും വയമ്പും ചാലിച്ച അതേ കയ്യുകൾ കൊണ്ടുതന്നെ ഇപ്പുതിയ തങ്കക്കുടത്തിനും പൊന്നരച്ചുകൊടുക്കാനെത്തിയ മുത്തശ്ശിയും അവരുടെ കൂടെ മടങ്ങിപ്പോവുകയാണ്‌.

വന്നുവീണ ചതുപ്പുനിലങ്ങളിൽ കൊണ്ടുവന്നാക്കിയ കടൽവെള്ളം വേലിയിറങ്ങിപ്പോകുമ്പോൾ നിസ്സഹായമായി നോക്കിയിരിക്കുന്ന മുത്തുച്ചിപ്പിയെന്നോണം ഞാനിവിടെ ഖിന്നനായിരിക്കുന്നു.

ഉടലിൽ പാതിയും ഉയിരും പടി ചാരിയിറങ്ങുമ്പോൾ പിൻവിളി വിളിക്കാനാവാതെ എനിയ്ക്കുള്ളിലെന്റെ വർത്തമാനം തേങ്ങുന്നു.

*** *** *** *** ***


ഹരിശ്രീ പോകുന്നത്‌ അവളുടെ അച്ഛൻ വിട്ടുപേക്ഷിച്ചുപോന്ന നാട്ടിലേക്കാണ്‌.

വീടിറയത്ത്‌ ഞാറ്റുവേല അർഘ്യാഭിഷേകം ചെയ്യുമ്പോൾ തിരുവാതിരക്കളിയാടിയിരുന്ന വർഷബിന്ദുക്കളുടെ നാട്ടിലേക്ക്‌.

ഷഢ്ജപഞ്ചമനിഷാദങ്ങളുടെ ഹരിശ്രീയോതിത്തന്ന ഞാറ്റടിപ്പാട്ടുകളുടെ ഗ്രാമത്തിലേക്ക്‌.

വൃശ്ചികത്തകരക്കുട്ടൻ കയ്യിലടി കളിച്ചുനടന്ന ഇടവഴികളിലേക്കും കുന്നിഞ്ചെരുവുകളിലേക്കുമാണ്‌ അവളുടെ യാത്ര.

മേടച്ചൂടിൽ ആറാട്ടുപുഴയിലേക്ക്‌ അമ്മയെക്കാണാൻ ധൃതിവെച്ചോടിപ്പോകുന്ന ചെകുത്താൻ‌കാറ്റുകളുടേയും ഭൂതത്താന്മാരുടേയും വിഹാരഭൂമിയിലേക്ക്.

കർക്കിടകത്തിൽ സമയം തെറ്റി നേരത്തേ വിരിഞ്ഞ കാശിത്തുമ്പകൾ സ്വയം ഉണ്ടാക്കിത്തീർക്കുന്ന ആരണ്യരമ്യാങ്കണങ്ങളിലേക്ക്‌.

ദശാബ്ദങ്ങളിലൂടെ ചിതൽ പിടിച്ച പുസ്തകത്താളുകൾക്കിടയിൽ ഇന്നും പ്രസൂതി കാത്ത്‌ ആലസ്യത്തോടെ ഉറങ്ങിക്കിടക്കുന്ന കുഞ്ഞുമയിൽപ്പീലിത്തണ്ടുകളുടെ അന്തഃപുരങ്ങളിലേക്ക്‌.

മുളയിലേ ഞെട്ടറ്റുപോയ കൌമാരപ്രണയങ്ങൾ ആർത്തമായി തലതല്ലിച്ചത്ത വിഷാദവനികകളിലേക്ക്‌.


പിന്നെ, മുങ്ങാങ്കുഴിയിടുംതോറും നാസാദ്വാരങ്ങളിലൂടെ ഹൃദയത്തിലേക്കൊഴുകിയിറങ്ങുന്ന നദിയെ കോരിയെടുത്തു പുതപ്പിക്കുന്ന മണൽത്തിട്ടകൾ മകരക്കുളിരിനോട്‌ കയർത്തു പല്ലു ഞെറുമ്മുന്ന ഇല്ലിക്കുഴിക്കരയിലേക്ക്‌.

ഇത്തിരിപ്പോന്ന തൃക്കാക്കരെയപ്പന്മാരെ അസൂയയോടെ നോക്കിനിന്ന്‌ വായിലൊരു കടൽ കൊതിയുമായി മാറിനിൽക്കുന്ന മലമുത്തച്ഛന്മാരുടെ മടിശ്ശീലഗുഹകളിലെ ഒളിയിടങ്ങളിലേക്ക്‌.

ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കാണവളുടെ യാത്ര.

-------<=========*%%%%%%%%%%%%*===========>-------

ഹരിശ്രീ പോകുന്നത്‌ അവളുടെ അച്ഛൻ വിട്ടുപേക്ഷിച്ചുപോന്ന നാട്ടിലേക്കല്ല.

കോൺക്രീറ്റുകൂടുകൾക്കു മുകളിൽ തിരുവാതിരയുടെ ഇത്തിരിക്കണ്ണീർമുത്തുകൾ പുതിയൊരു ചോർച്ചപ്പാടു കണ്ടെത്തിയിട്ടുണ്ട്‌. അവയിനി അതിലൂടെ ഊർന്നിറങ്ങി ആണ്ടു മുഴുവൻ അലങ്കാരമാവാൻ അകായിലെ ഭിത്തികളിൽ ചെളിയുടെ ഒരു പുതിയ മാല കോർക്കും.

ഞാറ്റടിപ്പാട്ടുകളൊക്കെ കരളുണങ്ങി കൂമ്പു വാടി നാവു വറ്റി മരിച്ചുപോയിരിക്കുന്നു. റബ്ബർകാടുകളുടേയും നേന്ത്രവാഴവൃക്ഷങ്ങളുടേയും സീൽക്കാരങ്ങൾ ഒരു വിലാപഗാനത്തിന്റെ ഗദ്ഗദം പോലും അവർക്കു കൊടുത്തില്ല.

വൃശ്ചികക്കാറ്റ്‌ വാളയാർ ചുങ്കപ്പടിയിൽ കൈമടക്കു കൊടുക്കാനില്ലാതെ തമിഴിന്റെ തട്ടകത്തിലേക്ക്‌ പുതിയ സിനിമാപ്പാട്ടുകളും മൂളി പ്രഭുദേവ്‌ സ്റ്റൈലിൽ നട്ടെല്ലില്ലാത്ത നൃത്തവുമാടി തിരിച്ചുപോയിരിക്കുന്നു.

ചെകുത്താൻ‌കാറ്റുകളും ഭൂതത്താന്മാരും ദാഹാർത്തരായി ദിക്കും തെറ്റി അശ്വത്ഥാമാക്കളായിക്കറങ്ങിത്തിരിഞ്ഞ്‌ വഴിയിലൊരു സത്രം പോലും, ജന്മഭാരങ്ങളിറക്കിവെക്കാൻ ഒരത്താണി പോലും കണ്ടെത്താനാവാതെ ഉയർന്നു വരുന്ന പുതുപുതിയ വിദ്യുദ്ഗോപുരങ്ങളിൽ തട്ടി എവിടൊക്കെയോ വീണുടഞ്ഞിരിക്കുന്നു.

പോയ കന്നിയിൽ കാശിത്തുമ്പയുടെ ബീജങ്ങളെയെല്ലാം പരാമറും ഫ്യൂറഡാനും കൂടി എരിച്ചുകളഞ്ഞിരുന്നു. ശുഷ്കമായ അവയുടെ അസ്ഥികൂടങ്ങൾക്കുള്ളിലിരുന്ന നിറങ്ങൾ തേങ്ങി. ഓർക്കിഡുകളും ബോഗൻവില്ലകളും തങ്ങളുടെ പ്ലാസ്റ്റിക്ക്‌ കുപ്പായങ്ങളിലിരുന്ന്‌ അവയെ പരിഹസിച്ചു.

കൊച്ചുകണ്ണിണകൾ തങ്ങളെ വായിച്ചറിയാൻ ആർത്തിയോടെ തേടിവരാറുണ്ടായിരുന്ന പഴയ കാലം ഓർത്ത് ഏടുകൾക്കുള്ളിലിരുന്ന്‌ അക്ഷരങ്ങൾ ദീർഘനിശ്വാസം പൊഴിച്ചു. വിഢ്ഡിപ്പെട്ടിയുടെ ചില്ലുമേടകളിൽ നിന്നും കല്ലേറുകൊണ്ടു കാഴ്ച നശിക്കുന്നതിനേക്കുറിച്ച്‌ കണ്ണുകൾ പേക്കിനാവുകൾ കണ്ടു ഞെട്ടിയുണർന്നു. ക്ഷമ നശിച്ച്‌ അക്ഷരങ്ങൾ വിശപ്പാറ്റാൻ മയിൽ‌പ്പീലിത്തണ്ടുകളൊക്കെ തിന്നു തീർത്തു.

പശയും ചവച്ചുകൊണ്ട്‌ കൌമാരങ്ങൾ തുടുത്ത മാംസം മൊത്തക്കച്ചവടം നടത്തുന്ന വണിക്കുകളോടൊപ്പം രാത്രിയുടെ ഇരുട്ടിലേക്കും അതുവഴി ഹോട്ടൽ‌മുറിയിലെ നീലവെളിച്ചത്തിലേക്കും പടിയിറങ്ങിപ്പോയി.

പുതപ്പിനുള്ളിൽ നദിയെക്കാണാതെ മണൽ തന്റെ കണ്ണീർഗ്രന്ഥികളൊക്കെയും ഊറ്റി ഉഷ്ണജലത്തിന്റെ കൊച്ചുകൊച്ചുനീരുറവുകൾ വിതച്ച്‌ അതൊക്കെ തളിർത്തു പൂത്തു കായ്ച് ഫലമായി മഹാപ്രളയമായി വരുന്നതും കാത്ത്‌ വൃഥാ തപസ്സിരുന്നു.

ഇഷ്ടികച്ചൂളയിൽ മണ്ണുതികയാഞ്ഞ്‌ തൃക്കാക്കരെയപ്പന്മാർ മുണ്ടു മുറുക്കിയുടുത്തു. അരപ്പട്ടിണികിടന്നു മെലിഞ്ഞ ദൈവങ്ങളെ കണ്ട്‌ വശങ്ങൾ ദ്രവിച്ചുപോയ മലമുത്തച്ഛന്മാർ അവരുടെ നീണ്ടു പരന്ന കഷണ്ടിത്തലകൾ തലോടി. മുറിച്ചുമാറ്റപ്പെട്ട മലയുടെ അവയവങ്ങൾ നഗരത്തിലേക്കുള്ള ലോറികളിൽ കിടന്ന്‌ കരിങ്കല്ലുകളുടേതു മാത്രമായ വിപ്ലവഗാനങ്ങൾ പാടിയാർത്തു.

ദൈവത്തിന്റെ സ്വന്തം നാട്ടിൽ കശാപ്പുകത്തികൾക്കു മാത്രമായി സംവരണം ചെയ്ത ആലകളുയരുന്നു.

സ്വർണ്ണം പൂശിയ തൂണുകൾക്കുള്ളിൽ പെട്ടുപോയ ദൈവമാകട്ടെ, തന്നെ വരിഞ്ഞുമുറുക്കുന്ന പൂണൂലുകൾക്കിടയിലൂടെ ഭയപ്പാടോടെ ഹിരണ്യകശിപുമാരെ നോക്കി, സ്വന്തം ജാതിയും മതവും ഏതായിരുന്നുവെന്നോർക്കാൻ ശ്രമിക്കുകയാണിപ്പോൾ.

അഹോ ദൈവമേ! എന്തൊരു ഭീകരമായ ഭൂമിയിലേക്കാണെന്റെ പിതൃത്വം നിന്നെ തള്ളിവിടുന്നത്‌?