Monday, September 11, 2006

നേതി...നേതി...

ജ്യോതീ, ഡാലീ

തമോഗര്‍ത്തം അവസാനമല്ല, ഇല്ലായ്മയല്ല! അതു കാണുന്ന നമുക്കല്ലേ അപ്പുറം ഇരുട്ടായും ഉണ്മയുടെ മുങ്ങിപ്പോവലായും തോന്നുന്നത്?

അതിനക്കരെ പ്രപഞ്ചങ്ങളുണ്ടായിരിക്കാം. അവിടെ നിന്നും, ആ കൊച്ചുപൊത്തിനപ്പുറത്തുനിന്നും നമ്മെപ്പോലെത്തന്നെയുള്ള പിഞ്ചുകുഞ്ഞുങ്ങള്‍ ഇപ്പുറത്തേക്ക്, നമുക്കെതിരെ, ഇരുളിലേക്കു സാകൂതം നോക്കിക്കൊണ്ടു നില്‍ക്കുന്നുണ്ടാവാം. ഒരു പക്ഷേ നമുക്കു കേള്‍ക്കില്ലെങ്കിലും, അവര്‍ നമ്മെ നോക്കി, നമ്മുടെ ഇതികർത്തവ്യതാമൗഢ്യങ്ങളെ നോക്കി,  പറയുന്നുണ്ടാവാം:

“നോക്കൂ, ഇരുട്ട്! ഉറങ്ങിയെണീൽക്കുന്ന വെളിച്ചം നിത്യവും പായചുരുട്ടി വെക്കുന്ന പൊത്ത്! കണ്ടില്ലേ, നമ്മുടെ വാക്കു പോലും ഒരു പ്രതിദ്ധ്വനിപോലുമില്ലാതെ ഈ അന്ധകൂപത്തിലേക്കു മുങ്ങിപ്പോകുന്നത്! തൊടണ്ട, അറിയുക പോലും ചെയ്യണ്ട! നമ്മെക്കൂടി നമുക്കു നഷ്ടപ്പെടണ്ട!”

ഇരുട്ടു ചുരത്തുന്ന ദ്വാരങ്ങള്‍ക്കപ്പുറവുമിപ്പുറവും നിന്ന്, കേള്‍ക്കുന്ന ചെവിയേയും തേടി വാക്കു തെണ്ടുന്നു... കാണുന്ന കണ്ണുകളും തിരഞ്ഞ് വെളിച്ചം അലയുന്നു...

*** *** ***


"The opposite of a correct statement is a false statement. But the opposite of a profound truth may well be another profound truth." —Niels Bohr


ഒരു ദിവസം ഞാന്‍ ആ കിണറ്റില്‍ വീണു.

നേരങ്ങളും അകലങ്ങളും എന്നില്‍നിന്നും വഴുതിക്കയറിപ്പോയി. വെളിച്ചം എനിക്കു പിന്നില്‍ എന്നെ ഉപേക്ഷിച്ചു പിന്‍‌വാങ്ങി.

തലക്കുമുകളില്‍ വൃത്താകാരത്തില്‍ ഇരുട്ട് അങ്ങുയരെ എനിക്കൊരു‍ കൂടാരം പണിഞ്ഞു.
പ്രപഞ്ചം മുഴുവന്‍ ആ കൂടാരത്തിന്റെ ഉച്ചിയില്‍ ഒറ്റയൊരു ചെറുവട്ടമായി, വെളിച്ചത്തിന്റെ ഒരു ദ്വാരമായി മാറി.

ദ്വാരകേന്ദ്രത്തിനുചുറ്റും ഫോട്ടോണുകള്‍ ഭീഷണമായ വേഗത്തില്‍ ഭ്രമണം ചെയ്തുചുരുങ്ങിക്കൊണ്ടിരുന്നു. അവയുടെ അപകേന്ദ്രബലം കൂടിക്കൂടിവന്ന് ഒടുവില്‍ സമസ്തലോകങ്ങളും ഒരു ത്രുടിക്കുള്ളില്‍ പൊട്ടിച്ചുരുങ്ങി! ....

മറ്റൊരു ത്രുടിപോലുമായില്ല, വീണ്ടും ഭ്രമം!

വിഭ്രമം!

ഇപ്പോള്‍ ശ്രീകോവിലിലാണ്‌! വിഗ്രഹത്തിനുള്ളില്‍...
 

സംപൂജ്യം! നിര്‍ഗുണം!നിരാമയം!

അഖിലവുമുള്ളിലേക്കു വലിച്ചെടുക്കുന്ന ഒരൊറ്റ വിലയബിന്ദു! ഞാന്‍ അതിലാണ്.

അതുതന്നെയാണ് ഞാന്‍!

 

അഹം തദ് സത്! അന്യതയുള്ള ഒന്നുമില്ല ഇപ്പോള്‍... 

ഉള്ളതു ഞാന്‍ മാത്രം! 

മറ്റൊന്നില്ലാത്തപ്പോള്‍ ഞാനെവിടെ?

 

ബോധചക്രവാളത്തിനുമപ്പുറത്തെത്തിയപ്പോള്‍ ആ അഹംകാരവുമില്ലാതായി. 

ഇരുട്ടില്ല! വെളിച്ചം മാത്രം! അതെനിക്കുചുറ്റും അലകളുയര്‍ത്തിക്കൊണ്ടു നാലുപാടുനിന്നും വീശി! അവയ്ക്കുള്ളിലൂടെ ഞാന്‍ കണ്ടു, സ്വര്‍ഗ്ഗലോകങ്ങള്‍... ഒന്നിനുള്ളിലൊന്നായി ഈരേഴുപതിനാലോ? 

അല്ല.. കണ്ണെത്താത്തിടത്തോളം പ്രകാശവലയങ്ങള്‍...

സ്വര്‍ഗ്ഗകൂപങ്ങള്‍... സമയസോപാനങ്ങള്‍... 

ആറെണ്ണമോ? അല്ല, ജഠരകാരാഗൃഹങ്ങള്‍..ഗര്‍ഭപാത്രത്തിനുള്ളില്‍ ഗര്‍ഭപാത്രങ്ങളായി ഓര്‍മ്മയെത്താത്തിടത്തോളം നീളെ ജന്മജന്മാന്തരങ്ങള്‍... 

അവയ്ക്കെല്ലാം മുകളിലൂടെ സദ്ചിദാനന്ദമായ നീലനീലംതുടുത്ത ആകാശത്തിലൂടെ വാക്കുകള്‍, ജ്ഞാനസ്നാനം കഴിഞ്ഞ ഹംസങ്ങള്‍ ബീജാക്ഷരങ്ങളുരുക്കഴിച്ച്, നിരനിരയായി ശാന്തമായി പറന്നുനീങ്ങി...

അവയുടെ ഉച്ഛ്വാസനിശ്വാസങ്ങള്‍ പിന്നെയും ചുറ്റുപാടും ജീവസ്വരങ്ങളായി, കര്‍മ്മസംഗീതമായി പടര്‍ന്നിറങ്ങി... 

“സോഹം...”

 

"...ആയിരത്താണ്ടുകളായി ഹൂഹു എന്റ്റെ കാലില്‍ കടിച്ചുപിടിച്ചിരിക്കുന്നു, അമ്മേ ഒരു വാക്ക്, ഒരൊറ്റ വാക്കു തരൂ, എനിക്കിന്ദ്രദ്യുമ്നനാകാം..."

 "...മയക്കത്തിലാണ്, ഉണര്‍ത്തേണ്ട..”

"...in search of the great universal single equation..."

"...മോനേ, എന്റെ പൊന്നുമോനേ, എന്റെ പുന്നാരമുത്തേ....”

"...everything attrraacts....."

"...oh my gosh! arrhythmia... again!..."

"...നേതി, നേതി!..."

"അയ്യോ...എന്റെ കുട്ടി...”

"...സ്വര്‍ഗ്ഗസ്ഥനായ അങ്ങയുടെ രാജ്യം വരേണമേ...”

 “I told you! gravity is just geometry!"

"പരമകാരുണികനും സര്‍വ്വശക്തനും...”

".... .... ...." "..."

".."

""

 

ഈ കുഴിയില്‍ വീണുകിടന്ന് ഉയരത്തില്‍ നിന്നും ഞാനിപ്പോളൊരു രഹസ്യം പറയാം:

എനിക്കീ സുവിശേഷം നിങ്ങളെ അറിയിക്കാന്‍ പറ്റില്ലയിനി. വാക്ക്, നമുക്കിടയിലെ പൊക്കിള്‍ക്കൊടി, അറ്റുപോയിരിക്കുന്നു ഇപ്പോള്‍! ഇവിടെനിന്നും പുറത്തേക്ക് സന്ദേശങ്ങള്‍ പോവില്ല!

 

Saturday, August 26, 2006

അറിയരുതായിരുന്നു...

അച്ചന്റീം അമ്മേടീം കണ്ണും വെട്ടിച്ച് പഠിക്കണോട്‌ത്ത്‌ന്ന് ഒരു സെക്കന്ദ് മിറ്റത്തെറങ്ങി അപ്പു.
പയറുംചെട്യോള്‍ക്ക്‌ട്ട പന്തലില്‍ അപ്പടി പൂക്കള്‍!

അവനു നല്ല രസം തോന്നി.
പൂക്കളുടെ അടുത്തക്കു ചെന്നു.

അപ്പോ പെട്ടെന്ന്,...
‘അല്ലാ, ഇതാരാ!?’
ഒരു ചുന്ദ്‌രിപ്പൂത്തുമ്പി!

‘ഓണം കൂടാന്‍ വന്നതേരിക്കുമ്‌ ലേ?’
തുമ്പി അതേ എന്ന പോലെ അവനു ചുറ്റും പാറിക്കളിച്ചു.

തുമ്പീടെ വീടെവിട്യാ?
തുമ്പി മിണ്ടീല്യ.

തുമ്പീടെ കൂട്ടുകാരൊക്യോ?
‘അതൊക്ക്യേണ്ട്!’ തുമ്പി പിന്നെയും ചാഞ്ചാടി. ഇടയ്ക്ക് ഓരോരോ പൂവിലും ചെന്ന് ഇത്തിരീശ തേന്‍ കുടിച്ചു് അങ്ങനെ പറന്നു നടന്നു.
അപ്പൂനു ഭയങ്കര സന്തോഷം തോന്നി. നല്ലൊരു ഫ്രന്ദിനെ കിട്ടി ഇപ്പോ!

‘തുമ്പീടെ കുട്ട്യോളെവ്‌ട്യാ?‘
പൂത്തുമ്പിപ്പെണ്ണ് പെട്ടെന്ന് പറത്തം നിര്‍ത്തി. ഒണങ്ങിപ്പോയ ഒരു പയര്‍മൊട്ടിന്മെ ചെന്ന്‌രുന്നു.
പിന്നെ ഒരൊറ്റ പറന്നുപോവല്‍‍...!
പറന്നു പറന്നു പറന്നു പോയി അകലേക്ക്...! കാണാനുംകുടി പറ്റാണ്ടായി...
‘ചോക്ക്യണ്ടീര്ന്നില്ല്യ. അത്‌ന് സങ്കടം വന്ന്‌ണ്ടാവും! പാവം!’

അപ്പൂനും ഭയങ്കര സങ്കടം വന്നു. കണ്ണ്‌‌ലൊക്കെ ആകെ വെള്ളായി.
അവന്‍ പതുക്കെ മുറ്റോം മുറിച്ച് വീട്ട്‌‌ലക്കു നടന്നു...

Monday, July 24, 2006

അരൂപിയായ ഒരു ജ്വാല

ദേവാ,

കുളിക്കുമ്പോള്‍ അരൂപിയായ ഒരു ജ്വാല നമ്മില്‍ ബാധ കൂടിയിരിക്കുന്നു...

“നീ ഞങ്ങളെ പൂണ്ടിരിക്കുന്നത് എന്തിനു?” നീ ‍ ചോദിച്ചു.

“ജ്ഞാനവിധിയുള്ളവനെ ഞാന്‍ മുക്കുവനാക്കും, കടലായ കടലൊക്കെയും കരയായ കരയൊക്കെയും നമുക്കു വല വിരിക്കാം...
നമുക്കൊത്തുചേര്‍ന്ന് മനുഷ്യരെപ്പിടിക്കാം!” -നിസ്സങ്കോചം അതു നിന്നെ കൂടുതല്‍ ഒട്ടിച്ചേര്‍ന്നിരുന്നു.

“മലയടിവാരത്തിലെ‍ കൂടാരത്തില്‍ എന്റെ ഇണയുണ്ട്. കൊരുത്തിട്ട വിത്തുകളില്‍ ഒരു പുതിയ സുവിശേഷം തളിരെടുക്കുണ്ണുണ്ട്. എനിക്കവരോടൊപ്പം അന്തിയുറങ്ങണം. പ്രപിതാക്കളുടെവെളിപാടുകള്‍ സത്യമായ് വരാന്‍, തലമുറകളോടുള്ള കടം വീട്ടാന്‍ എനിക്കാ സുവിശേഷം തുന്നിക്കെട്ടണം. നക്ഷത്രങ്ങളുടെ വംശവഴിയില്‍ എനിക്കെന്റെയും തിരി തെളിക്കണം!”

“പൊയ്ക്കോളൂ, പക്ഷേ നിന്റെ ഉറക്കത്തിലും ഞാന്‍ സ്വപ്നമായി കത്തിയെരിയും. തിരിച്ചുവരുവോളവും നിന്നെ ഞാന്‍ ചുട്ടുനീറ്റിക്കും...
നിനക്കു വിശക്കും. ദാഹിക്കും. കല്‍ക്കഷണങ്ങള്‍ അപ്പമാക്കാനറിയാതെ നിന്റെ വിദ്യകളും വരങ്ങളും നിന്നില്‍നിന്നും മാറിനില്‍ക്കും...”

നിന്റെ അപ്പം തിരഞ്ഞ് നിനക്കിവിടെ വന്നേ തീരൂ...

**** **** ****
ഇല്ല, ദേവാ, നമുക്കൊന്നുമൊക്കില്ല പോവാന്‍!

കുളിക്കുമ്പോള്‍ അരൂപിയായ ഒരു ജ്വാല നമ്മില്‍ ബാധ കൂടിയിരിക്കുന്നു...

(ഒരു പിന്മൊഴി സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇതൊരു പോസ്റ്റ് ആക്കുന്നു. ദാരിദ്ര്യം പിടിച്ച് വരണ്ടുകിടക്കുന്ന ഈ ബ്ലോഗിന് ‍ ഒരു തുള്ളിയെങ്കിലും നനവായിട്ട്..)

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...