Monday, July 24, 2006

അരൂപിയായ ഒരു ജ്വാല

ദേവാ,

കുളിക്കുമ്പോള്‍ അരൂപിയായ ഒരു ജ്വാല നമ്മില്‍ ബാധ കൂടിയിരിക്കുന്നു...

“നീ ഞങ്ങളെ പൂണ്ടിരിക്കുന്നത് എന്തിനു?” നീ ‍ ചോദിച്ചു.

“ജ്ഞാനവിധിയുള്ളവനെ ഞാന്‍ മുക്കുവനാക്കും, കടലായ കടലൊക്കെയും കരയായ കരയൊക്കെയും നമുക്കു വല വിരിക്കാം...
നമുക്കൊത്തുചേര്‍ന്ന് മനുഷ്യരെപ്പിടിക്കാം!” -നിസ്സങ്കോചം അതു നിന്നെ കൂടുതല്‍ ഒട്ടിച്ചേര്‍ന്നിരുന്നു.

“മലയടിവാരത്തിലെ‍ കൂടാരത്തില്‍ എന്റെ ഇണയുണ്ട്. കൊരുത്തിട്ട വിത്തുകളില്‍ ഒരു പുതിയ സുവിശേഷം തളിരെടുക്കുണ്ണുണ്ട്. എനിക്കവരോടൊപ്പം അന്തിയുറങ്ങണം. പ്രപിതാക്കളുടെവെളിപാടുകള്‍ സത്യമായ് വരാന്‍, തലമുറകളോടുള്ള കടം വീട്ടാന്‍ എനിക്കാ സുവിശേഷം തുന്നിക്കെട്ടണം. നക്ഷത്രങ്ങളുടെ വംശവഴിയില്‍ എനിക്കെന്റെയും തിരി തെളിക്കണം!”

“പൊയ്ക്കോളൂ, പക്ഷേ നിന്റെ ഉറക്കത്തിലും ഞാന്‍ സ്വപ്നമായി കത്തിയെരിയും. തിരിച്ചുവരുവോളവും നിന്നെ ഞാന്‍ ചുട്ടുനീറ്റിക്കും...
നിനക്കു വിശക്കും. ദാഹിക്കും. കല്‍ക്കഷണങ്ങള്‍ അപ്പമാക്കാനറിയാതെ നിന്റെ വിദ്യകളും വരങ്ങളും നിന്നില്‍നിന്നും മാറിനില്‍ക്കും...”

നിന്റെ അപ്പം തിരഞ്ഞ് നിനക്കിവിടെ വന്നേ തീരൂ...

**** **** ****
ഇല്ല, ദേവാ, നമുക്കൊന്നുമൊക്കില്ല പോവാന്‍!

കുളിക്കുമ്പോള്‍ അരൂപിയായ ഒരു ജ്വാല നമ്മില്‍ ബാധ കൂടിയിരിക്കുന്നു...

(ഒരു പിന്മൊഴി സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇതൊരു പോസ്റ്റ് ആക്കുന്നു. ദാരിദ്ര്യം പിടിച്ച് വരണ്ടുകിടക്കുന്ന ഈ ബ്ലോഗിന് ‍ ഒരു തുള്ളിയെങ്കിലും നനവായിട്ട്..)

Wednesday, May 10, 2006

കലേഷിനും റീമയ്ക്കും

ഇന്നു നിങ്ങള്‍ നിറഞ്ഞ മേഘങ്ങളായ് പെയ്തിറങ്ങുക..
നവാര്‍ദ്രമായ മണ്‍‌തുരുത്തുകളില്‍ കനവിന്റെ തേന്‍ പുരട്ടുക...
കനിവിന്റെ വര്‍ഷമൊരുക്കുക...
ആനന്ദനടനമാടി, കഴല്‍പ്പാടുചേര്‍ത്തൊരു കളമെഴുതുക...


ഹ്രീഹ്ലാദരാഗങ്ങള്‍ ചാലിച്ചുചേര്‍ത്തിറ്റു
ജലമായ്,
ജലപൂരജാലമായ്,
ചിരിച്ചാര്‍ത്തും മുത്തുകോര്‍ത്തും ഇടയ്ക്കൊക്കെപ്പിരിഞ്ഞോര്‍ത്തും
പ്രപാതങ്ങളിലൂടെ
ഒഴുകിയിറങ്ങുക....
ജടയിലെ ഗംഗയായ് പടരുക...
ശിലാപടലങ്ങളില്‍ സ്വേദഗണ്ഢകിയായലയുക...
പ്രദ്യുമ്‌നചക്രാങ്കിതസാളഗ്രാമങ്ങള്‍ തീര്‍ക്കുക...

***

ഇനി യാത്ര തുടരുക!
വഴിയിലുടനീളം നിങ്ങള്‍ പരസ്പരം അത്താണിയായി മാറുക!

മരം കോച്ചുന്ന മഞ്ഞിന്മേടുകളെത്തുമ്പോള്‍ പരസ്പരം ചൂടേറ്റുക...
മനം പൊരിയ്ക്കുന്ന മണല്‍ക്കാടുകളില്‍ തനുവിനു തനു കുളിരായി വീശുക...
പേമാരിയിലൊരു കീറോലച്ചിന്തായി നിങ്ങള്‍ മെയ്യും മെയ്യും ചാഞ്ഞുനില്‍ക്കുക...
കണ്ണീര്‍പ്പാടങ്ങളില്‍ ‍ കാലിടറുമ്പോള്‍ ചവിട്ടിനില്‍ക്കാന്‍ അന്യോന്യം പത്മശിലകളായി മാറുക...

***



പകലുദിക്കുമ്പോള്‍,
കറുകപ്പീലിത്തുമ്പുകളില്‍ നിങ്ങള്‍ തുഷാരഗോളങ്ങളായുണരുക...
പരസ്പരം കണ്ണാടിയാവുക...
കണ്ണുകളില്‍ മഴവില്‍ പടര്‍ത്തുക...

സൂര്യസോപാനസീമകളോളം വെളിച്ചം വിതറുക....


സന്ധ്യയില്‍,
ചോപ്പുതുടുത്ത മാനത്തിനും കടലിനുമിടയില്‍,
ചേക്കേറാന്‍ ചുംബനപ്പൂക്കള്‍ കൊണ്ടൊരു പ്രണയക്കൂടു തീര്‍ക്കുക..
നീലിമ പിഴിഞ്ഞ ഇരുളിലേക്ക് ഒന്നായി ഊളിയിടുക...
അഗാധതയിലെ നിധിച്ചെപ്പുകളില്‍ പരസ്പരം പത്മരാഗം തിരയുക...
രാവുറങ്ങുമ്പോള്‍ നിശാഗന്ധികളില്‍ ശലഭങ്ങളായ് ചെല്ലുക...
മധുവുണ്ണുക...
വിധു തീര്‍ത്ത മെത്തമേല്‍ സുപ്തിയില്‍ മറയുക...

******

യാത്ര തുടരുക...
അകലെ മഹാപഥം കാണുവോളം....
വഴിയ്ക്കിടയില്‍ ഇടറിവീഴുന്ന തേങ്ങലുകള്‍ക്കൊക്കെയും ഋതുശാന്തി നേരുക...
തളരുമ്പോള്‍,
ദൂരെ മുകളില്‍ ചക്രവാളങ്ങള്‍ക്കുമുയരെ, ധ്രുവനെ നോക്കുക...
തുടരുക..

ഒടുവിലവിടെയെത്തുമ്പോള്‍,
ഉടലും ഉയിരും ചേര്‍ക്കുക,
അര്‍ദ്ധനാരീശ്വരമായി, അദ്വൈതമായി,
അന്യോന്യം പൂണ്ടുറങ്ങുക...
*******

സുഖദമായൊരു ദീര്‍ഘയാത്ര നേരുന്നു....

-വിശ്വം, ഗീത, ഹരിശ്രീ

Wednesday, April 12, 2006

വിഷുവത്പ്രഭ

അയോദ്ധ്യയില്‍ വീണ്ടും വിഷു വരുന്നു....
ഇനിയുമെന്നൊടുങ്ങുമെന്നറിയാത്ത നീണ്ട ആരണ്യവാസത്തിനിടയ്ക്ക് ഗ്രീഷ്മം മാത്രം തുടരുന്നു...

വിഷുവിന്റെ മഞ്ഞപ്പട്ട് അകലെയെവിടെയോ...

കിനാവിലോ ഓര്‍മ്മയിലോ അതിന്റെ ഞൊറികള്‍ അലയടിക്കുന്ന ഒരു പതുപതുപ്പു മാത്രം ബാക്കിയുണ്ട്.....



(മുന്‍പെന്നോ ഒരു വിഷുപ്പുലരിയില്‍ അകക്കണ്ണുതുറപ്പിക്കാന്‍ കുളിച്ച് ഈറന്‍ മാറാതൊരുങ്ങിവന്ന ഒരു കണിപ്പെണ്ണ്)



ബൂലോഗത്തിലെ എല്ലാ കൂട്ടുകാര്‍ക്കും ബൂലോഗങ്ങളില്‍ വല്ലപ്പോഴുമെങ്കിലും പറന്നിറങ്ങി കൊത്തിയും കൊറിച്ചും പോകുന്ന കിളിക്കൂട്ടങ്ങള്‍ക്കും ഹരിശ്രീയുടേയും അച്ഛനമ്മമാരുടേയും
ഹൃദയംഗമമായ നബിദിന,വിഷു , ഈസ്റ്റര്‍ ആശംസകള്‍!

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...