Thursday, March 12, 2020

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കുറവു് ജനസംഖ്യാപെരുപ്പം ഉണ്ടായിട്ടുള്ളതു് കേരളത്തിലാണു്. ( 4.9 %) ആൻഡമാൻ നിക്കോബാർ (6.9%), ഗോവ (8.2%) എന്നിവിടങ്ങളിൽ മാത്രമാണു് ഒറ്റയക്കം ജനസംഖ്യാപെരുപ്പമുള്ളതു്. ഉത്തർ പ്രദേശ്, ബിഹാർ, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഝാർഖണ്ഡ് തുടങ്ങിയ ഇടങ്ങളിലെല്ലാം 20% ത്തിനുമുകളിലായിരുന്നു പതിറ്റാണ്ടുപെരുപ്പം (decadal growth rate) എന്നോർക്കണം. 2011 മുതൽ 2020 വരെ കേരളജനസംഖ്യയിൽ നേരിയ വർദ്ധനവുണ്ടായിട്ടുള്ളതു് തദ്ദേശീയരുടെ പ്രത്യുല്പാദനനിരക്കു് കൂടിയതുകൊണ്ടല്ല, അന്യദേശത്തൊഴിലാളികളുടെ കടന്നുവരവു മൂലമാണു്.


ഇതിനർത്ഥം, നമ്മുടെ തദ്ദേശീയജനത ഇപ്പോൾ യൂറോപ്പ്, ജപ്പാൻ ഒക്കെപ്പോലുള്ള പ്രായാനുപാതങ്ങളിലേക്കു് മാറിക്കഴിഞ്ഞു എന്നാണു്. 2015-ലെ കണക്കനുസരിച്ച് അറുപതുവയസ്സുകഴിഞ്ഞവരുടെ ജനസംഖ്യാനുപാതം കേരളത്തിലാണു് ഏറ്റവും കൂടുതലുള്ളതു്. (13.1%). ബിമാരു (ബിഹാർ, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയവ) പ്രദേശങ്ങളിൽ ഇതു് ഏതാണ്ടു് നേർപ്പകുതിയാണെന്നോർക്കണം. വർദ്ധിച്ച ആയുർദൈർഘ്യം, ഒന്നാം തലമുറ, രണ്ടാം തലമുറ പ്രവാസികളുടെ മടങ്ങിവരവു് തുടങ്ങിയ കാരണങ്ങളാൽ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ഈ അനുപാതം പിന്നെയും രണ്ടോ മൂന്നോ ശതമാനബിന്ദുക്കൾ (percentage points) കൂടിയിട്ടുണ്ടാവാം. അതായതു് കേരളത്തിൽ ഇപ്പോൾ ആറിലൊന്നു പേരെങ്കിലും മുതിർന്ന പൗരരാണു്!


ഇതിനൊപ്പം തീരെ പ്രായം കുറഞ്ഞ കുട്ടികളുടെ അനുപാതവും നോക്കാം. കേരളത്തിലെ തദ്ദേശീയജനതയുടെ 100ൽ പത്തുപേരും നാലുവയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളാണു്. താരതമ്യേന ഇവർ വീടിനുപുറത്തിറങ്ങുന്നതു് വളരെ കുറവായിരിക്കും.
സ്കൂളുകൾ ഇപ്പോൾ അടച്ചിട്ടിരിക്കുന്നതു് ഒരു നല്ല കാര്യമാണു്. പക്ഷേ ആ കുട്ടികൾ ഇതൊരവസരമായിക്കണ്ടു് കൂട്ടുകൂടാനും വിരുന്നുപോവാനും പുറത്തിറങ്ങിക്കളിക്കാനും ഫ്രീക്കു ചെയ്യാൻ തൽക്കാലം അനുവദിച്ചുകൂടാ.

4 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികളുടെ അനുപാതം 15% വരും.
ചുരുക്കത്തിൽ, ശിശുക്കൾ, കുട്ടികൾ, പ്രായമായവർ ഈ മൂന്നു വിഭാഗങ്ങളിലുമായി കഷ്ടി 40 ശതമാനം ജനങ്ങളാണു് കേരളത്തിലെ തദ്ദേശീയർക്കുള്ളിൽ വീടിനുള്ളിൽ കൂടുതൽ സമയം ചെലവഴിക്കുന്നവരായി ഉള്ളതെന്നർത്ഥം. (വിദ്യാലയങ്ങൾ അടച്ചുപൂട്ടിയ അവസ്ഥയിലാണു് ഈ കണക്കു്)

കൊറോണാവൈറസ് നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങാത്ത ഒരു മഹാമാരിയായി പടർന്നാൽ കുടുംബാംഗങ്ങളിൽനിന്നുതന്നെ അതിന്റെ ഇരകളാവാൻ കൂടുതൽ സാദ്ധ്യതയുള്ളവരുടെ എണ്ണവും അനുപാതവും കേരളത്തിൽ വളരെ കൂടുതലാണു്.
(അന്യസംസ്ഥാനപൗരന്മാരെ ഈ കണക്കിൽ കൂട്ടുന്നില്ല. കാരണം അവരുടെ സാമൂഹികസമ്പർക്കഘടന തുലോം വ്യത്യസ്തമാണു്. അതുകൊണ്ടുതന്നെ അവർക്കിടയിൽ രോഗവ്യാപനം തടയുന്നതു് മറ്റൊരു ദുഷ്കരമായ ദൗത്യമാകാനും സാദ്ധ്യതയുണ്ടു്. നാം സുവ്യക്തം എന്നു കരുതുന്ന പല ആശയവിനിമയമാദ്ധ്യമങ്ങളും നേരിട്ടു കടന്നുചെല്ലാത്ത മറ്റൊരു ലോകമാണു് നമുക്കിടയിൽ പാർക്കുമ്പോൾ തന്നെ അവർക്കുള്ളതു്!)


 2. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ജനസംഖ്യാനുപാതികമായി തൊഴിൽക്ഷമതയുള്ള ഏറ്റവും കൂടുതൽ ആളുകൾ മറുനാട്ടിൽ ജീവിക്കുന്നതു് മലയാളികളുടെ വിഭാഗത്തിലാണു്. സ്വാഭാവികമായും സ്വദേശവാസികൾക്കിടയിൽ പ്രായമായവരും മറ്റു ദുർബ്ബലവിഭാഗങ്ങളുമാണു് കൂടുതലുള്ളതു്.


3. പൊതുവേ ഇന്ത്യയിലുള്ളതുപോലെത്തന്നെയോ അതിൽ കൂടിയ അളവിലോ വീടിനകത്തുള്ള നമ്മുടെ പെരുമാറ്റങ്ങൾ ശാരീരികമായും പ്രതലീയമായും (fomite) കുടുംബാംഗങ്ങൾ പരസ്പരം വലിയ അളവിൽ തന്നെ നിരന്തരം സമ്പർക്കത്തിൽ വരുന്ന രീതിയിലാണു്. യൂറോപ്പിലും അമേരിക്കയിലും മറ്റും വീടുകൾക്കുള്ളിൽ തന്നെ അംഗങ്ങൾക്കു് നിശ്ചിതമായ മേഖലാധികാരബോധം (privileges on territory of privacy) കൂടുതലായി കാണാം. പ്രത്യേകിച്ച് അടുക്കള, കുളിമുറി, കക്കൂസ് തുടങ്ങിയ സൗകര്യങ്ങളിൽ).

ഇതൊക്കെ എന്തിനാണു് ഇപ്പോൾ ചർച്ചചെയ്യുന്നതെന്നു തോന്നാം.

ആദ്യതലത്തിൽ അണുബാധ ഉണ്ടായിട്ടുള്ളതു് വിദേശങ്ങളിൽനിന്നു തിരിച്ചുവരുന്നവർക്കാണെങ്കിൽ അടുത്ത തലത്തിൽ ആ വ്യാപനം ഏറ്റെടുക്കാൻ പോവുന്നതു് നാട്ടിൽ തന്നെ മൊബിലിറ്റി കൂടുതലുള്ള ആളുകളാണു്. അതിൽ ജോലിയ്ക്കുപോവുന്ന ഉദ്യോഗസ്ഥർ മുതൽ പലചരക്കുകടക്കാരും ഓട്ടോറിക്ഷാതൊഴിലാളികളും വസ്ത്രക്കടയിലെ സെയിൽസ്ഗേൾസും വരെ ഉൾപ്പെടാം.

അത്തരക്കാരിൽ രോഗാണുബാധ സംശയിക്കുന്നവരെ കണ്ടെത്തി സ്വന്തം വീടുകളിൽ തന്നെ രോഗനിരീക്ഷണത്തിനു കീഴിൽ പാർപ്പിക്കുന്നതുകൊണ്ടു് എന്തെങ്കിലും പ്രശ്നമുണ്ടോ എന്നാലോചിക്കാം.

നല്ലൊരു പക്ഷം കുടുംബങ്ങളിലും താരതമ്യേന ആരോഗ്യവും ദേഹശേഷിയുമുള്ളവരാണു് ദൈനംദിനകാര്യങ്ങൾക്കുവേണ്ടി പുറത്തിറങ്ങുക. വിദ്യാർത്ഥികളും ചെറുപ്പക്കാരും മദ്ധ്യവയസ്കരും തൊഴിൽ ചെയ്യാനോ പഠിയ്ക്കാനോ കളിയ്ക്കാനോ വീടിനു പുറത്തിറങ്ങുമ്പോൾ രോഗാണുവാഹകരായി തിരിച്ചുവരാൻ സാദ്ധ്യത കൂടുതലാണു്. അതേ സമയം പ്രായാധിക്യം കൊണ്ടോ മറ്റു പ്രശ്നങ്ങളെക്കൊണ്ടോ വീടിനകത്തുതന്നെ മിക്കവാറും സമയം ചെലവഴിയ്ക്കുന്ന കുടുംബാംഗങ്ങൾ ആ സമയം വരെയും രോഗാണുവിൽനിന്നു് സംരക്ഷിതരുമാണു്.
ഇങ്ങനെ പുറത്തിറങ്ങിവരുന്ന ആളുകൾക്കാണു് അണുബാധ / ലക്ഷണം/ രോഗാഘാതം ഉണ്ടായതെങ്കിൽ,

അവരെ സ്വന്തം വീടുകളിൽ അതിശ്രദ്ധയോടെ മറ്റു കുടുംബാംഗങ്ങളിൽനിന്നുപോലും സമ്പർക്കത്തിനു് അവസരം നൽകാതെ പാർപ്പിക്കേണ്ടിവരികയാണെങ്കിൽ,
കുടുംബം നോക്കിനടത്തുന്ന, ഏപ്പും ശേഷിയുമുള്ള ആളുകളാണു് അണുബാധ മൂലം ഒരു മുറിയിൽ അടച്ചുപൂട്ടി തടവുപുള്ളികളെപ്പോലെ ജീവിക്കേണ്ടിവരുന്നതെങ്കിൽ,

വീട്ടിലെ കാര്യങ്ങൾ (അങ്ങാടിയിൽ പോവുന്നതു മുതൽ പാചകം, അടിച്ചുതളി വരെ ) ആരു നോക്കും? ശയ്യാവലംബികളോ വാതരോഗികളൊ ആയ അപ്പൂപ്പനമ്മൂമ്മമാരോ? അതോ പിഞ്ചുകുഞ്ഞുങ്ങളോ?

അവരെല്ലാം തമ്മിൽ പരസ്പരം തൊടുകയോ അടുത്തുവന്നിരിക്കുകയോ പാത്രങ്ങളും വാട്ടർ ടാപ്പുകളും ഇരിപ്പിടങ്ങളും വാതിൽപ്പിടികളും ടീവിയുടെ റിമോട്ട് കണ്ട്രോൾ അടക്കമുള്ള മറ്റു സാമഗ്രികളും സഹസ്പർശനം നടത്തുകയോ ഇല്ല എന്നു് അവർക്കു തന്നെ 100% ഉറപ്പിക്കാനോ പാലിക്കാനോ കഴിയുമോ?


ഒരിക്കൽകൂടി പറയാം: കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങളിൽ പ്രായാധിക്യമുള്ളവർക്കുണ്ടാകാവുന്ന രോഗഭീഷണി പുറത്തുനിന്നല്ല, സ്വന്തം കുടുംബാംഗങ്ങളിൽ നിന്നു തന്നെയാണുണ്ടാവുക!

This brings a different perspective on large scale infection control and massive isolation strategies!

കുടുംബാംഗങ്ങളിൽനിന്നും ഒഴിച്ചുമാറ്റി വെള്ളപ്പൊക്കസമയത്തുണ്ടായതുപോലെ താരതമ്യേന ദുർബ്ബലഗാത്രരായ ആളുകളെ കൂട്ടത്തോടെ ക്യാമ്പുകളിൽ പാർപ്പിക്കേണ്ടിവരുന്ന മഹാദുഷ്കരമായ ഒരു സാദ്ധ്യത നിങ്ങൾക്കു സങ്കൽപ്പിക്കാനാവുന്നുണ്ടോ?
വിവേകപൂർവ്വം മുൻകൂട്ടി അത്തരമൊരു വഴിയേ ചിന്തിച്ചാൽ പോലും, അതുകൊണ്ടുണ്ടാകാവുന്ന സാമ്പത്തിക-മാനവശക്തി-വിഭവബാദ്ധ്യതകൾ അതിഭീമമായിരിക്കും.
ഉന്നതതലങ്ങളിലുള്ളവർ അടിയന്തിരമായി ചർച്ച ചെയ്യേണ്ട ഒരു ഗുരുതരമായ വിഷയമാണിതു്.
ഇപ്പോൾ ഒരവസ്ഥയെപ്പറ്റിയും പറയാനാവില്ല.

We are on a tipping point!

മലയാളത്തിൽ പറഞ്ഞാൽ കിണ്ണത്തിന്റെ വക്കത്തെ കടുകുമണി. അതല്ലെങ്കിൽ ICUവിൽനിന്നു കേൾകാറുള്ളതുപോലെ, “ഒന്നും പറയാറായിട്ടില്ല. 333 മണിക്കൂർ കഴിഞ്ഞാൽ പറയാം!“
നമുക്കെല്ലാവർക്കും കൂട്ടായി, ഒരു കുഞ്ഞുകുട്ടിയെപ്പോലും ഒഴിവാക്കാതെ, ഏറ്റവും ശ്രദ്ധയോടെ അണുബാധ ഒഴിവാക്കാനുള്ള എല്ലാ മുൻകരുതലുകളും പാലിക്കുക എന്ന ഒരൊറ്റക്കാര്യമാണു്. അതു ചെയ്യേണ്ടതു് നാമെല്ലാവരും ഒരുമിച്ചാണു്. മന്ത്രിമാർക്കോ ഉദ്യോഗസ്ഥന്മാർക്കോ പട്ടാളക്കാർക്കോ മാത്രമായി ഇതിൽ ഒന്നും ചെയ്യാനില്ല.

 ജാതിയും മതവും പാർട്ടിയും ജില്ലയും ഭാഷയും നിറവും ഒന്നും വ്യത്യാസമുണ്ടാക്കാത്ത മറ്റൊരു ദുരന്തകാലമാണു് ഇതു്.

2018, 2019, 2020...


നമുക്കു് ഒന്നടങ്കം ഒരൊറ്റ ജനതയായി തുടരാനുള്ള അവസരങ്ങളും ഓപ്ഷനുകളും പ്രകൃതി നിരന്തരമായി തന്നുകൊണ്ടിരിക്കയാണു്.

 അത്തരം ഓരോ പരീക്ഷണങ്ങളിലും നമുക്കു് റാങ്കും A+ ഡിസ്റ്റിങ്ഷനും നേടേണ്ടതുണ്ടു്.
കൊറോണാവൈറസിനെ ഏറ്റവും പെട്ടെന്നു നിയന്ത്രിക്കുന്നതിൽ നമുക്കെന്തെങ്കിലും താളപ്പിഴ വന്നു് തീരെ കൈവിട്ടുപോയാൽ 3000 മുതൽ 5000 വരെ മരണങ്ങൾ കേരളത്തിലും 50000 മുതൽ ഒരു ലക്ഷം വരെ മരണങ്ങൾ ഭാരതത്തിലുമാണു് എന്റെ മോസ്റ്റ് പെസ്സിമിസ്റ്റിൿ വൈൽഡ് ഗസ്റ്റിമേറ്റു്!

അതിൽ ഒരു പക്ഷേ നിങ്ങളുടെ കുടുംബാംഗങ്ങളും ഉൾപ്പെടാം!

Friday, March 02, 2018

കാർബൺ ഡൈ ഓക്സൈഡ് ഒരു പാവമാണു്!

ഒരു പുതിയ കാർ എഞ്ചിനായിരിക്കും അതേ ദൂരം അത്രതന്നെ വേഗത്തിൽ പോവുന്ന ഒരു പഴയ കാർ എഞ്ചിനേക്കാൾ കൂടുതൽ കാർബൺ ഡയോക്സൈഡ് സൃഷ്ടിക്കുക !
അഥവാ,
കാർബൺ ഡയോക്സൈഡ് ഒരു പാവമാണു്!
=================================
ധാരാളമായി കാർബൺ ഡയോക്സൈഡ് ഉണ്ടാവുന്നതു് പരിസരമലിനീകരണമാണെന്ന ഒരു ധാരണ പലർക്കുമുണ്ടു്. അതു ശരിയല്ല. കാർബൺ ഡയോക്സൈഡ് നിങ്ങളുടെ അയല്പക്കത്തെ ഒരു ശത്രുവൊന്നുമല്ല!
ഇതെങ്ങനെയെന്നു മൂന്നു വാക്യത്തിൽ പറയാം:
ഒന്നാം വാക്യം:
===========
"വായുമലിനീകരണവും കാർബൺ ഡയോക്സൈഡ് വമനവും ഒന്നല്ല".
വിറകു്, കൽക്കരി, ഡീസൽ, പെട്രോൾ, LPG തുടങ്ങിയ ഇന്ധനങ്ങൾ കത്തിക്കുമ്പോൾ ധാരാളമായി CO2 ഉണ്ടാകുന്നതിനെ നാമിപ്പോൾ ഉദ്ദേശിക്കുന്ന അർത്ഥത്തിൽ പരിസരമലിനീകരണം ആയി കണക്കാക്കാൻ പാടില്ല.
നിലവിലുള്ള അന്തരീക്ഷഗാഢതയിൽ CO2 ഒരു വിഷപദാർത്ഥമല്ല. അന്തരീക്ഷത്തിലെ CO2 അളവു് ഇനിയെങ്ങാനും അഞ്ചോ പത്തോ മടങ്ങുതന്നെ കൂടിയാലും ഒരു രാസവസ്തു എന്ന നിലയിൽ നമ്മുടെ ആരോഗ്യത്തെ ഉടൻ തന്നെ ബാധിക്കത്തക്ക ഗുരുതരമാവുന്ന സാഹചര്യം ഇപ്പോൾ ഇല്ല. അതിനാൽ പരിസരമലിനീകരണത്തെ സംബന്ധിച്ചു് CO2 ഒരു 'അടിയന്തിര'പ്രശ്നമേയല്ല. ഇതേ നിരക്കിൽ പോയാൽ ഇനിയും ഒരു പതിനായിരം കൊല്ലത്തേക്കെങ്കിലും!
എന്നാൽ, CO2വിന്റെ വർദ്ധിച്ച ഉല്പാദനം ഏറെത്താമസിയാതെ ഭൂമിയുടെ കാലാവസ്ഥയെ വിനാശകരമായി ബാധിച്ചേക്കും എന്നാണു് ചില ശാസ്ത്രജ്ഞന്മാർ പറയുന്നതു്.
കാര്യം ശരിയാണു്. കഴിഞ്ഞ 50 വർഷങ്ങൾക്കുള്ളിൽ മനുഷ്യപ്രേരിതമായ CO2 വ്യാപനം അഭൂതപൂർവ്വമായി വർദ്ധിച്ചിട്ടുണ്ടു്. ഏതാണ്ട് ഒരു നൂറുകൊല്ലം മുമ്പുവരെ അഗ്നിപർവ്വതങ്ങളും ജന്തുക്കളുടെ ജീവനപ്രക്രിയകളും പ്രകൃത്യാ ഉണ്ടാകുന്ന കാട്ടുതീയും മറ്റും വഴി അന്തരീക്ഷത്തിലുണ്ടായ മൊത്തം CO2 ആകെ 300ppm മാത്രമായിരുന്നു. പക്ഷേ മനുഷ്യന്റെ വ്യവസായവൃത്തികളും വണ്ടിയോട്ടവും തുടങ്ങിയതോടെ അതു് വെറും നൂറുകൊല്ലത്തിനുള്ളിൽ 400 ppm ആയി മാറി. അതായതു് മുമ്പുണ്ടായിരുന്നതിന്റെ മൂന്നിലൊന്നും കൂടിയായി വർദ്ധിച്ചു!
പക്ഷേ, 400 ppm എന്നാൽ അത്ര വലിയൊരു അളവൊന്നുമല്ല.പത്തുലക്ഷം വായു കണികകളുണ്ടെങ്കിൽ അതിൽ 400 എണ്ണം CO2 എന്നർത്ഥം. അല്ലെങ്കിൽ, ഒരു ലിറ്റർ വെള്ളത്തിൽ ഒരു നുള്ള് (അര മില്ലി) പാൽ ചേർത്തതിനു സമം. അതേ സമയം അത്രതന്നെ വായുവിൽ 210 മില്ലി (അഞ്ചിലൊന്നു്) ഓക്സിജൻ ഉണ്ടെന്നോർക്കണം.
നാം ശ്വസിച്ചു പുറംതള്ളുന്ന വായുവിൽ കാർബൺ ഡയോക്സൈഡ് ഉണ്ടു്. അതിലെ അളവു് അത്ര മോശമൊന്നുമല്ല താനും. ശരാശരി 4% ( 40,000ppm) വരും നമ്മുടെ ഉച്ഛ്വാസവായുവിലെ കാർബൺ ഡയോക്സൈഡിന്റെ അളവ്. അതായതു് വായുവിലുള്ളതിന്റെ നൂറിരട്ടി. അത്രയും CO2 നമ്മുടെ ശ്വാസകോശത്തിൽ ഉല്പാദിപ്പിച്ചിട്ടും നമുക്കു് അപകടമൊന്നും വരുന്നില്ലല്ലോ. അതുകൊണ്ട് CO2 ഒരു വിഷവാതകമൊന്നുമല്ല. പ്രത്യേകിച്ച് വെറും 400ppm. ശ്ശെ. അതൊരു ഇശ്യൂ പോലും ആക്കാനില്ല!
രണ്ടാം വാക്യം:
==========
“കാർബൺ കത്തിക്കുന്നുണ്ടോ, ഊർജ്ജം വേണോ, CO2 നിശ്ചയമാവും ഉണ്ടാവുക തന്നെ ചെയ്യും”
ഹൈഡ്രോകാർബണുകളോ കാർബോഹൈഡ്രേകളോ കത്തിച്ച് നാം പാചകം ചെയ്യുകയോ വണ്ടിയോടിക്കുകയോ ചെയ്യുന്നിടത്തോളം കാലം CO2 ഉണ്ടാവുകതന്നെ ചെയ്യും.
യാതൊരു എഞ്ചിൻ പ്രശ്നങ്ങളോ കര്യും പുകയുമോ ഇല്ലാതെ 100% ഫലപ്രദമായി കത്തിത്തീരുന്ന പെട്രോൾ (അല്ലെങ്കിൽ ഡീസൽ, LPG, കൽക്കരി) എന്നാൽ അതിലെ ഓരോ കാർബൺ തന്മാത്രയും കാർബൺ ഡയോക്സൈഡ് തന്മാത്ര ആയി മാറുക എന്നാണർത്ഥം.
പെട്രോൾ ഒരു ഹൈഡ്രോകാർബൺ സംയുക്തമാണു്. അതായതു് ഹൈഡ്രജനും കാർബണും കൂടി ഒട്ടിനിൽക്കുന്ന തന്മാത്രകളാണു് ശുദ്ധമായ പെട്രോൾ. നാം പെട്രോൾ കത്തിക്കുമ്പോൾ അതിലെ ഓരോ കാർബൺ ആറ്റവും അതുവരെയുണ്ടായിരുന്ന ഹൈഡ്രജൻ-കാർബൺ ബന്ധനങ്ങൾ ഉപേക്ഷിച്ചു് വായുവിൽ നിന്നും കടമെടുത്ത ഈരണ്ടു് ഓക്സിജൻ ആറ്റങ്ങളുമായി പുതിയ ചങ്ങാത്തമുണ്ടാക്കുകയാണു് ചെയ്യുന്നതു്. അങ്ങനെ പുതിയൊരു സംബന്ധം നടന്നു് CO2 ആവുമ്പോൾ കുറേ ചൂട് ബാക്കിവരും.ആ ചൂട് - ഊർജ്ജം- ആണു് നാം ഓരോരോ കാര്യങ്ങൾക്കു് ഉപയോഗിക്കുന്നതു്.
പെട്രോളായാലും ഡീസലായാലും വിറകായാലും, 100% ഊർജ്ജപരിവർത്തനം നടക്കുന്നുണ്ടെങ്കിൽ, ആ ഊർജ്ജം മുഴുവനും ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിൽ, അതിൽ നിന്നെല്ലാമുണ്ടാവുന്ന കാർബൺ ഡയോക്സൈഡിന്റെ അളവ് ഒന്നിനൊന്നു തുല്യമാണു്.
അതായതു്, നിങ്ങൾക്കു് ഫോസിൽ ഇന്ധനങ്ങളിൽനിന്നു് ഊർജ്ജം വേണോ? എങ്കിൽ നിശ്ചയമായും അതേ അളവിൽ CO2 ഉല്പാദിപ്പിച്ചേ പറ്റൂ.
CO2 കൂടുതൽ ഉല്പാദിപ്പിക്കപ്പെടുന്നതു് പെട്രോളിലാണോ ഡീസലിലാണോ എന്നതും ഒരു പ്രസക്തമായ ചോദ്യമല്ല. ഫോസിൽ ഫ്യൂവലാണോ, അതു CO2 ഉണ്ടാക്കിയിരിക്കും. കൂടുതൽ CO2 ഉണ്ടാക്കുന്നുണ്ടെങ്കിൽ, കൂടുതൽ ഊർജ്ജവും ഉല്പാദിപ്പിക്കുന്നുണ്ടു്.
എന്നാൽ, ആ ഊർജ്ജം മുഴുവൻ നമുക്കു് ഊറ്റിയെടുത്തു് ഉപയോഗിക്കാൻ പറ്റുന്നുണ്ടോ എന്നതു് വേറൊരു ചോദ്യമാണു്. വിറകു കത്തിക്കുമ്പോൾ കിട്ടുന്ന ഊർജ്ജത്തേക്കാൾ കൂടുതലാണ് അതേ തൂക്കം LPG കത്തിക്കുമ്പോൾ. കൽക്കരിയേക്കാൾ കൂടുതലാണു് ഡീസലിന്റെ ഊർജ്ജക്ഷമത. പക്ഷേ, അതിലെല്ലാം, ആകെ ലഭിക്കുന്ന ഊർജ്ജവും ഉല്പാദിപ്പിക്കുന്ന CO2വും ഒന്നിനൊന്നു സമമായിരിക്കും.
ഒരേ ദൂരം ഒരേ വേഗത്തിൽ പോവുന്ന ഒരു പഴയ കാർ എഞ്ചിനേക്കാൾ കൂടുതൽ CO2 സൃഷ്ടിക്കുക പുതിയ കാർ എഞ്ചിനായിരിക്കും!
അതെങ്ങനെയാണെന്നു് മൂന്നാം വാക്യത്തിൽ പറയാം:
മൂന്നാം വാക്യം:
===========
“ഇന്ധനത്തിലെ കാർബൺ മുഴുവൻ CO2 ആയി മാറാതിരിക്കുന്ന അവസ്ഥയിലാണു് പരിസരമലിനീകരണം ഉണ്ടാവുന്നതു്!“
നന്നായി പ്രവർത്തിക്കുന്ന ഒരു പുതിയ എഞ്ചിൻ, വിശേഷമായി മറ്റു കുഴപ്പങ്ങളൊന്നുമില്ലെങ്കിൽ, പരമാവധി ഭംഗിയായി പെട്രോൾ ഏറെക്കുറെ പൂർണ്ണമായും ജ്വലിപ്പിക്കും. നേരേ മറിച്ച് ശരിയായി ട്യൂൺ ചെയ്യാത്ത ഒരു പഴയ എഞ്ചിനിൽ പെട്രോൾ എന്ന ഹൈഡ്രോകാർബൺ മുഴുവനായി കത്തിക്കഴിയുന്നതിനുപകരം അതിലെ ഒരു ഭാഗം പുകയോ പൊടിയോ ദ്രാവകമോ അപൂരിതവാതകമോ ആയി മാറും.
അങ്ങനെ, CO2 ആവുന്നതിനു പകരം പകുതിമാത്രം കത്തി പുറത്തുവരുന്ന കാർബൺ മോണോക്സൈഡും മറ്റ് മാലിന്യവസ്തുക്കളുമാണു് വായുമലിനീകരണം അഥവാ പരിസരമലിനീകരണം ഉണ്ടാക്കുന്നതു്.
അല്ലാതെ, CO2 അല്ല!
ഇപ്പോൾ ജീവിച്ചിരിക്കുന്ന നമ്മുടെ ആരോഗ്യപ്രശ്നമാണു് പരിസരമലിനീകരണം.
എന്നാൽ CO2 വമനം, ഇനി വരുന്നൊരു തലമുറയ്ക്കിനിയിവിടെ വാസം സാദ്ധ്യമോ എന്ന ചോദ്യമാണുയർത്തുന്നതു്.
CO2 ഉദ്ഗമനം കൂടുന്നതു് നമ്മുടെ അതിലോലവും കൃത്യവുമായ കാലാവസ്ഥയേയും ജൈവാന്തരീക്ഷത്തേയും തകിടം മറിക്കും എന്ന അനുമാനമാണു് CO2 വ്യാപനത്തിനെതിരെ ശാസ്ത്രജ്ഞർ ഇപ്പോൾ മുറവിളി കൂട്ടുന്നതിന്റെ കാരണം. ആ മുറവിളി ഉടൻ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിസരമലിനീകരണത്തിനെതിരെയല്ല, ഇനി, മുപ്പതോ അമ്പതോ കൊല്ലംകഴിഞ്ഞ്, ഒന്നോ രണ്ടോ തലമുറയ്ക്കുള്ളിൽ വരാൻ പോകുന്ന 'അതിഭയങ്കരമായ', ലോകനാശകമായ കാലാവസ്ഥാമാറ്റത്തെക്കുറിച്ചാണു്.
അതിനാൽ വായുമലിനീകരണത്തിന്റെ ആ ഒരു കാര്യത്തിൽ, അതായതു്, CO2 എമിഷനെക്കുറിച്ചു്, തൽക്കാലം നമുക്കു് പരിഭ്രമിക്കേണ്ടതില്ല.
ഏതാണു ഭേദം?
നമുക്കു സുഖമായി ജീവിക്കണോ അതോ നമ്മുടെ കൊച്ചുമക്കൾ സുഖമായി ജീവിക്കണോ?
നാലും അഞ്ചും പിൻ‌തലമുറകൾക്കു വേണ്ടി സ്വത്തും പണവും സമ്പാദിച്ചുകൂട്ടുന്നതിൽ തിരക്കിലായ നിങ്ങൾ തന്നെ തീരുമാനിക്കുക, ഏതാണു് കൂടുതൽ നല്ല ചോയ്സ് എന്നു്.
നിങ്ങളുടെ ചോയ്സ് എന്താണു്?
[ഈ ലേഖനത്തിനു് തീർച്ചയായും ഒരു അനുബന്ധമുണ്ടാവും. അപ്പോൾ അതിന്റെ ലിങ്ക് ഇവിടെ ചേർക്കാം. അതുകൂടി വായിക്കാൻ മറക്കരുതു്. അതിനുമുമ്പ്, നിങ്ങളുടെ ചോയ്സ് എന്താണെന്നു് ഞാനും ഒന്നറിയട്ടെ].

#
FTScienceWeek
#VP14

Facebook Link: https://www.facebook.com/groups/ftkerala7/permalink/1484051591700101/

Thursday, March 01, 2018

ആദ്യം വാമൊഴി, പിന്നെ വരമൊഴി

തീരെ ചെറിയ ക്ലാസ്സുകളിൽ ആദ്യം വാമൊഴിയാണു കുട്ടികളെ പഠിപ്പിക്കേണ്ടതു്. ആദ്യമൊന്നും വരമൊഴിയെപ്പറ്റി മിണ്ടുകയേ വേണ്ട.
പകരം കുട്ടികൾ അവർക്കിഷ്ടമുള്ള പോലെ ലളിതമായ, അവർക്കു പരിചിതമായ വസ്തുക്കളുടെ പടങ്ങളും പാറ്റേണുകളും യാതൊരു നിയന്ത്രണങ്ങളും ചുമത്തപ്പെടാതെ കോറിവരയ്ക്കട്ടെ. വട്ടം, ചതുരം, വര, വീൺ‌വര, നില്പുവര, ചെരിവുവര, വളവുവര, തരംഗം തുടങ്ങിയ രൂപങ്ങളൊക്കെ സരസമായിത്തന്നെ ഈ പ്രായത്തിൽ പറഞ്ഞുകൊടുക്കാം.
എന്റെ അഭിപ്രായത്തിൽ ഒന്നാംക്ലാസ്സ് കഴിയുന്നതുവരെ, കുട്ടികളുടെ വരമൊഴിപരിശീലനം ഇതു മാത്രം മതി.



എന്നാൽ അതേ സമയത്തുതന്നെ, വാമൊഴി പഠനത്തിന്റെ ഭാഗമായി പാട്ട്, കവിത, കഥകൾ, ഉച്ചാരണം, കൊച്ചുകൊച്ചു ഗദ്യവരികൾ, പിന്നീട് അവയിലെ വാക്കുകൾ, അവയുടെ അർത്ഥവും സമാനമായ അർത്ഥത്തിലുള്ള മറ്റു വാക്കുകൾ, അവ ചേരുന്ന വിധം, അടിസ്ഥാനവാചകഘടന ഒക്കെ പരിചയപ്പെടുത്താം.


ഈ പരമ്പരയുടെ ഒടുവിൽ അ,ആ,ഇ,ഈ, ക്രമത്തിൽ തന്നെ ഉച്ചാരണവും പഠിപ്പിക്കാം. ഇതിനുശേഷം മാത്രം, വരമൊഴി പരിശീലനം തുടങ്ങുമ്പോൾ ഇതേ അക്ഷരമാലാക്രമം വേണ്ടതില്ല. അവിടെ ലിഖിതാക്ഷരങ്ങളുടെ ജ്യാമിതീയരൂപമാണു് പരിഗണിക്കേണ്ടതു്. അതിനാൽ റ മുതൽ ര, ത, ന, ഠ, ധ, പ, വ, എ തുടങ്ങിയ ക്രമത്തിൽ ക്ഷ്ണ വരെയും രണ്ടുമൂന്നുകൊല്ലത്തിനുള്ളിൽ ധൃഷ്ടദ്യുമ്നൻ വരെയും പഠിപ്പിക്കാവുന്നതാണു്.


ഇങ്ങനെ ഒന്നു രണ്ടുകൊല്ലം വായ്ത്താരി മാത്രം പഠിപ്പിച്ചുവിട്ടാൽ കുട്ടികൾ എഴുത്തുപഠിക്കാൻ വൈകില്ലേ? അതും കഴിഞ്ഞു് പിന്നെ ഒരു കുന്നോളം പഠിക്കാനുള്ളതല്ലേ? ഇത്രയൊക്കെ സമയം കുട്ടിക്കാലത്തു് ഇങ്ങനെ ഉഴപ്പിക്കളയാൻ നമുക്കുണ്ടോ എന്നാണു് ഇത്തരമൊരു വാദം കേൾക്കുമ്പോൾ പലരും ചോദിക്കുക. മൗലികഭാഷയുടെ അടിസ്ഥാനം പരമാവധി ഉറപ്പിച്ചുകൊടുക്കുക എന്ന ഒരൊറ്റക്കാര്യമാണു് വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ നമുക്കു് കുട്ടികളോടു ചെയ്യാവുന്ന ഏറ്റവും നല്ല ഉപകാരം. അതു നന്നായിക്കഴിഞ്ഞാൽ ബാക്കിയുള്ളതെല്ലാം (സയൻസും കണക്കും സാമൂഹ്യശാസ്ത്രവും എല്ലാമെല്ലാം) നന്നായിത്തന്നെ പഠിക്കാനും മനസ്സിലുറപ്പിക്കാനും ഇപ്പോൾ ആവശ്യമുള്ളതിന്റെ പകുതി സമയം പോലും വേണ്ടി വരില്ല.




പാതിരികൾ വന്നപ്പോൾ ബാലപാഠപദ്ധതിയിലെ അക്ഷരമാലാക്രമം പരിഷ്കരിച്ചു എന്നതിന്റെ മുഖ്യകാരണം, അവർക്കു പരിചയമുള്ള പാശ്ചാത്യഭാഷാപഠനം മുഖ്യമായും വരമൊഴിയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു എന്നതാണു്. എഴുത്തു് വലിയൊരു കാര്യമേ അല്ല, ഉച്ചാരണവും ശബ്ദസ്മൃതിയുമാണു് ഭാഷാജ്ഞാനം എന്നും ആദ്യകാലത്തെങ്കിലും സിദ്ധാന്തമായി കരുതിയിരുന്ന ഭാരതീയർ അത്തരമൊരു സരളലേഖനക്രമം ആവശ്യമാണെന്നു കരുതിയിരുന്നില്ല.



PS. എനിക്കു് കുട്ടിക്കാലത്തു് എഴുതിപ്പഠിക്കാൻ ഏറ്റവും ബുദ്ധിമുട്ടുണ്ടായിരുന്നതു്, ഏറ്റവും ഒടുവിൽ മാത്രം ആത്മവിശ്വാസം തോന്നിയതു് കൂട്ടക്ഷരങ്ങളിലൊന്നുമായിരുന്നില്ല. പകരം, ഉ, ഒ, ജ, യ,ഴ, ള എന്നീ അക്ഷരങ്ങളാണു്. അക്കങ്ങളിൽ 4 എന്ന ഭീകരനും. :(
ഴ എഴുതുന്നതും 4 എഴുതുന്നതും അവയിൽ അന്തർലീനമായ സൗന്ദര്യശാസ്ത്രംകൊണ്ടു് ഒരുപോലെത്തന്നെ എന്നു മനസ്സിലായപ്പോൾ ഫാനിന്റെ ടെൿനോളജി പഠിച്ചറിഞ്ഞാലുള്ളത്ര സന്തോഷം തോന്നി. അതു മൂന്നും ഒരൊറ്റ വിദ്യയാണു്.


Facebook link: https://www.facebook.com/viswaprabha/posts/10157160196783135

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...