Tuesday, March 20, 2007

ഈ ദിവസത്തിനു നന്ദിയോടെ...

വല്ലപ്പോഴും ചിലപ്പോള്‍, വളരെ അപൂര്‍വ്വമായിത്തന്നെയെന്നുപറയാം, ചില ദിവസങ്ങളില്‍ നമുക്ക് ആനന്ദക്കണ്ണീര്‍ വരും.
ഇന്ന് എനിക്ക് അങ്ങനെയൊരു ദിവസമാണ്!


കുറച്ചുനാളായി നമ്മുടെ കൂടെയുള്ള ഒരു ബ്ലോഗര്‍ അദ്ദേഹത്തിന്റെ തന്നെ അനുഭവങ്ങളിലൂടെയുണ്ടായ ചില തെറ്റിദ്ധാരണകള്‍ മൂലം വേറിട്ട സ്വന്തമായ ഒരു വഴിയിലൂടെ നടക്കുകയായിരുന്നു. മറ്റെല്ലാ ബ്ലോഗര്‍മാരെയും അനിഷ്ടപ്പെടുത്തുന്ന ദൂരം വരെ അദ്ദേഹം ഒറ്റയ്ക്കു നടന്നുപോയ്ക്കൊണ്ടിരുന്നു...

ഇന്ന് അദ്ദേഹത്തിന്റെ ഉള്ളിലെ നന്മയെ നമുക്ക്, ബൂലോഗര്‍ക്ക്, തിരിച്ചുകിട്ടിയിരിക്കുന്നു!

:-)

ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് ചിത്രകാരന്‍ എന്ന ബ്ലോഗര്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ആരോ അദ്ദേഹത്തിനെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി എന്ന്‌ അതില്‍ പരാമര്‍ശിച്ചിരുന്നു. ഒട്ടും ആശാസ്യമല്ലാത്ത വിധത്തില്‍ ഇത്തരമൊരു സംഭവമുണ്ടായതില്‍ ഞാനും ഉള്‍പ്പെട്ടിരിക്കാം എന്ന് പരോക്ഷമായ സൂചനയുമുണ്ടായിരുന്നു അതില്‍. അതുകൊണ്ടു തന്നെ എന്റെ ഒരു മറുപടിയും ആ പോസ്റ്റിനു കീഴില്‍ കമന്റായി ഇട്ടിരുന്നു.

പല കഴിവുകളുമുള്ള ഒരു മലയാളം എഴുത്തുകാരന്‍ എന്ന നിലയില്‍ ചിത്രകാരന്‍ എന്ന ഈ ബ്ലോഗറെ നമുക്ക് സാവധാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതില്‍ വളരെ വേദന തോന്നിയിരുന്നു എനിക്കിത്രയും നാള്‍. ബ്ലോഗ് എന്ന വ്യത്യസ്തപ്രപഞ്ചത്തിന്റെ ഊടും പാവും അറിയാഞ്ഞതായിരി‍ക്കാം, അദ്ദേഹത്തിന്റെ ഭാഷ പലപ്പോഴും സാധാരണ ബ്ലോഗുവായനക്കാര്‍ക്ക് രസിക്കത്തക്കതായിരുന്നില്ല. അതുകൊണ്ടു തന്നെ തീര്‍ത്തും ദുഷ്ക്രമമായ ഒരു വിനിമയബന്ധം അദ്ദേഹത്തിനും ഞാനടക്കമുള്ള മറ്റു മിക്ക ബ്ലോഗേര്‍സിനും തമ്മില്‍ ഉടലെടുത്തുപോയി.

എന്തായാലും ഇന്നത്തെ ആ പോസ്റ്റിനുശേഷം അദ്ദേഹവുമായി നേരിട്ട് ആശയബന്ധം സ്ഥാപിക്കാന്‍ ഞാന്‍ ശ്രമിച്ചു. ഒട്ടൊരു ആശങ്കയോടെയാണ് ഞങ്ങള്‍ പരസ്പരം തുടങ്ങിവെച്ചതെങ്കിലും ഏതാനും നിമിഷങ്ങള്‍ക്കകം ഞങ്ങളുടെ ഇടയില്‍ രൂപം കൊണ്ടിരുന്ന വലിയ മഞ്ഞുമലകളൊക്കെ ഒരു പൊടിപോലും ബാക്കിയില്ലാതെ അലിഞ്ഞുപോയി!

ചിത്രകാരന്‍ എന്ന കൂട്ടുകാരന്‍ ഇനി മുതല്‍ നമുക്കിടയില്‍ നമ്മെയൊക്കെ അര്‍ഹിക്കുന്ന വിധത്തില്‍ മാനിച്ചുകൊണ്ടു തന്നെ സഹവര്‍ത്തിക്കാമെന്ന് ഉറപ്പു തന്നിട്ടുണ്ട്. അതുപോലെ അദ്ദേഹത്തിന്റെ വികാരവിചാരങ്ങളില്‍‍ അവയ്ക്കൊത്തനിലയില്‍ മറ്റുള്ളവരും പങ്കെടുക്കുമെന്ന് ഞാനും പ്രത്യാശ നല്‍കിയിട്ടുണ്ട്.

അദ്ദേഹത്തിന് നമ്മോടും നമ്മുടെ സമൂഹത്തിനോടും ധാരാളം തുറന്നു സംസാരിക്കാനുണ്ട്. അതെല്ലാം ക്ഷമാപൂര്‍വ്വം കേള്‍ക്കാനും സ്വതന്ത്രമായി പരസ്പരം ചര്‍ച്ച ചെയ്യാനും ഇനി നമുക്ക് ശ്രമിക്കാം. അതേ സമയം ബ്ലോഗില്‍ തന്നെയുള്ള ഏതെങ്കിലും പ്രത്യേകവ്യക്തികളിലും വ്യക്തിബന്ധങ്ങളിലും ഊന്നിയുള്ള വേദനാജനകമായ പരാമര്‍ശങ്ങള്‍ അദ്ദേഹം സ്വന്തം ലേഖനങ്ങളിലും കമന്റുകളിലും ഉള്‍പ്പെടുത്തില്ലെന്ന് നമുക്ക് പ്രതീക്ഷിക്കുകയും ചെയ്യാം!

ഭാവിയിലെ ബ്ലോഗുകളുടെ സാമൂഹ്യ ഉപയുക്തതയെക്കുറിച്ച് ചിത്രകാരന് നല്ല അവബോധമുണ്ടെന്നു് കുറഞ്ഞ സമയത്തെ ഞങ്ങളുടെ സംഭാഷണത്തിലൂടെ മനസ്സിലായി. ഉദാഹരണത്തിന് കേരളത്തിലെ എല്ലാ ഇന്റെര്‍നെറ്റ് കഫേകളിലുംമലയാളം യുണികോഡ് ഫോണ്ടുകളും ഉപകരണങ്ങളും ശീലമാക്കാന്‍ നാം ഉത്സാഹിക്കണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു!

ആ കൂട്ടുകാരന്റെ മനസ്സിനെ വിഷമിക്കുന്ന തരത്തില്‍ ഞാനായിട്ടോ എന്റെ സുഹൃത്തുക്കളായ മറ്റു മലയാളം ബ്ലോഗര്‍മാര്‍ ആയിട്ടോ എന്തെങ്കിലും തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെല്ലാം വേണ്ടി മാപ്പുചോദിക്കാനുള്ള സ്വാതന്ത്ര്യം ഞാന്‍ ഇവിടെ എടുത്തോട്ടെ?

ഞങ്ങളുടെ സംസാരം കഴിയുന്നതിനിടയില്‍ തന്നെ അദ്ദേഹം നേരത്തെ സൂചിപ്പിച്ച ബ്ലോഗ് പോസ്റ്റും ഡീലിറ്റു ചെയ്തു കളഞ്ഞു!! അതിന് ചിത്രകാരനോട് പ്രത്യേക നന്ദി!

കൃത്യമായി തിരിച്ചറിയാതെ പരസ്പരം വഴിപിരിഞ്ഞു പോയ ഒരു നല്ല സഹജീവിയെ നമുക്കു തിരിച്ചു തന്നതിന് ഈ ദിവസത്തിനോട് എനിക്കു വളരെ നന്ദിയുണ്ട്....!

കാർബൺ ഡൈ ഓക്സൈഡ് ഒരു പാവമാണു്!

ഒരു പുതിയ കാർ എഞ്ചിനായിരിക്കും അതേ ദൂരം അത്രതന്നെ വേഗത്തിൽ പോവുന്ന ഒരു പഴയ കാർ എഞ്ചിനേക്കാൾ കൂടുതൽ കാർബൺ ഡയോക്സൈഡ് സൃഷ്ടിക്കുക ! അഥവാ, ക...